ഹിമാചൽ പ്രദേശിലെ ഏതെങ്കിലും പ്രധാന സ്ഥലം, പ്രത്യേകിച്ച് ഷിംല എങ്കിലും സന്ദർശിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചുരം കയറിയത്. ലേയിൽനിന്നും റോഹ്തഗ് പാസ് വഴിയുള്ള റോഡ് തുറന്നിരിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ മണാലിയും ഷിംലയും കണ്ട് തിരിച്ച് ഇറങ്ങാമായിരുന്നു. ഇതിപ്പോൾ ഷിംല കാണാൻ വേണ്ടി ചുറ്റിക്കറങ്ങി വന്നിരിക്കയാണ്. മണാലിയിലെ മഞ്ഞിലേക്ക് തൽകാലം ഇനി ഇപ്പോൾ യാത്രയില്ല.
ഷിംലയുടെ ഹൃദയഭാഗത്തുനിന്നും 10 കിലോ മീറ്റർ അകലെയാണ് താമസിക്കുന്ന മുറി. വളരെയധികം ചുറ്റിക്കറങ്ങിയുള്ള വഴിയാണ് ഇങ്ങോട്ട് കടന്നുവരാനുള്ളതെങ്കിലും ഇവിടെ നിന്നും പ്രകൃതിയിലേക്ക് തുറക്കുന്ന കാഴ്ച ആ പ്രയാസങ്ങളെയെല്ലാം ലഘൂകരിച്ചു. റൂമിൽനിന്നും ഷിംല നഗരത്തിലേക്ക് ഇറങ്ങുേമ്പാൾ തന്നെ മഴക്കാറ് ഉണ്ടായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ നന്നായങ്ങ് പെയ്തെങ്കിലും മഴ മാറിയിട്ട് പോകാമെന്നു കരുതി ഒരു ബസ് സ്റ്റോപ്പിലേക്ക് കയറിനിന്നു. ക്യാമറ മഴ നനയാതിരിക്കാൻ വാട്ടർ പ്രൂഫ് ബാഗിൽ പൊതിഞ്ഞു ബാഗിലിട്ടു.
്പ്രതീക്ഷിച്ച പോലെ മഴ അൽപസമയത്തിനു ശേഷം നിന്നു. ഷിംലയിലെ വഴികളെല്ലാം വളരെ ഇടുങ്ങിയതാണ്. മലമുകളിൽ ഇങ്ങനെയൊരു നഗരം കെട്ടിപ്പൊക്കാൻ നന്നേ പണിപ്പെട്ടിരിക്കണം. അതും എയർപോർട്ടും റെയിൽവേ സ്റ്റേഷനും ഷോപ്പിങ് സെൻററുകളും തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു നഗരം. റോഡിെൻറ വലിപ്പക്കുറവ് കാരണം എവിടെയും ബ്ലോക്കകളാണ്. ബൈക്ക് ആയതിനാൽ കുഞ്ഞു പഴുതുകളിലൂടെ വരെ തള്ളി നീക്കി ഞാൻ മുന്നിലെത്തി. ബൈക്ക് താഴെ ഒരുഭാഗത്ത് ഒതുക്കി നിർത്തി ഞാൻ ‘റിഡ്ജ്’ എന്നു പറയുന്ന തുറസ്സായ ഒരു സ്ഥലത്തെത്തി. ഷിംലയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇൗ സ്ഥലം. റിഡ്ജിെൻറ അടുത്തായി ഒരു ക്രിസ്ത്യൻ ചർച്ചും ലൈബ്രറി കെട്ടിടവും ഗാന്ധിജിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പ്രതിമകളും കാണാം. അതിെൻറ അടുത്തുള്ള സ്ഥലങ്ങളിൽ വിവിധ തരത്തിലുള്ള കച്ചവടവും ഭക്ഷണശാലകളും നിരന്നു നിൽക്കുന്നു.
മഴ ചാറിക്കൊണ്ടിരുന്നതിനാൽ മിക്കവരും കുടയ്ക്കു കീഴിൽ അഭയം തേടിയിരിക്കുന്നു. പലഹാരക്കടകളും തുണിക്കടകളും ചച്ചക്കറി കടകളും നിറഞ്ഞ ചന്തയിലൂടെ ഞാൻ നടന്നു. ഷിംലെയിലെ പ്രധാന മാർക്കറ്റിൽ പച്ചക്കറി കച്ചവടം പൊടിപൊടിക്കുകയാണ്. സവാളയും ഉരുളക്കിഴങ്ങും മാത്രമായി വിൽക്കുന്ന കച്ചവടക്കാർ വരെയുണ്ട്. ഇടുങ്ങിയ മാർക്കറ്റിൽ ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലാതെ സാധനങ്ങൾ വാരിക്കൂട്ടി ഇട്ടിരിക്കുകയാണ്. ചില കടകളിൽ കച്ചവടക്കാരുെട തല മാത്രമേ പുറത്തു കാണുന്നുള്ളു. ക്യാമറയും തൂക്കി ആ തിരക്കിലൂടെ പോവുക ബുദ്ധിമുട്ടായതിനാൽ ഏതാനും േഫാേട്ടാകൾ എടുത്ത് വേഗം ക്യാമറ ബാഗിലാക്കി.
കാറുമായി ഷിംലയിൽ എത്തുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി പാർക്കിങ് തന്നെയാണ്. പാർക്കിങ്ങിനു വേണ്ടി മാത്രം റോഡരികിൽ ഏതാനും നിലകളിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു കാണാം. മണിക്കൂർ കണക്കാക്കിയാണ് പാർക്കിങ് ഫീ. റോഡിെൻറ ഒരരികിൽ ബൈക്ക് ഒതുക്കി കുറേനേരം താഴെ കാണുന്ന മലഞ്ചെരുവുകളിൽ കാണുന്ന കെട്ടിടങ്ങളെയും നോക്കി നിന്നു. ഉയരങ്ങളിൽനിന്ന് താഴെ മരങ്ങൾക്കിടയിൽ നിൽക്കുന്ന കെട്ടിടങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. മഴ നിന്ന് ചിണുങ്ങുകയാണ്. ഇടയ്ക്ക് വീണ്ടും വരും. ഇടിയുടെ ശബ്ദം കനക്കാൻ തുടങ്ങിയപ്പോൾ റൂമിലേക്ക് വെച്ചുപിടിച്ചാലോ എന്നു തോന്നി. അങ്ങനെ പെയ്യാൻ പോകുന്ന മഴക്ക് മുേമ്പ ഞാൻ റൂമിലെത്തി. 40 രൂപയ്ക്ക് വാങ്ങിയ ഒരു പെട്ടി സ്ട്രോബറി പഴം നന്നായി കഴുകി കഴിക്കാൻ തുടങ്ങി. ഷിംലയിലെ മാർക്കറ്റിൽനിന്ന് 40 രൂപയ്ക്ക് വാങ്ങിക്കഴിഞ്ഞപ്പോഴാണ് 30 രൂപ എന്ന് വിളിച്ചുപറഞ്ഞ് നടക്കുന്ന മറ്റൊരു കച്ചവടക്കാരനെ കണ്ടത്.
റൂമിലെ ജനാലക്കരികെ വന്ന് ഇയർ ഫോണിൽ പാട്ടുകേട്ട് സ്ട്രോബറിയും കഴിച്ചുകൊണ്ട് അങ്ങകലെയുള്ള മലയിലേക്ക് നോട്ടമെറിഞ്ഞ് അൽപനേരം അങ്ങിനിരുന്നു. വലിയ യാത്രാ ക്ഷീണമൊന്നുമില്ലാതെ പതിവിലും നേരത്തെ മുറിയിലെത്തി ഇളം തണുപ്പിൽ ഷിംലയുടെ മടിത്തട്ടിൽ അങ്ങനെയിരിക്കുേമ്പാൾ എന്തെന്നില്ലാത്ത ആശ്വാസം േതാന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.