താമസിക്കുന്ന മുറിയിൽനിന്ന് കോംപ്ലിമെൻററി ബ്രേക്ഫാസ്റ്റും കഴിച്ച് കാഠ്മണ്ഡുവിലെ പുതിയ കാഴ്ചകൾ തേടിയിറങ്ങി. ആദ്യം ചെന്നെത്തിയത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന സ്വയംഭൂനാഥ് എന്ന ബുദ്ധ തീർത്ഥാടന േകന്ദ്രത്തിലാണ്. നേപ്പാൾ യാത്രയിൽ സഞ്ചാരികൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല ബുദ്ധ വിഹാരങ്ങളും മൊണാസ്ട്രികളും. കുന്നിൻമുകളിലെ സ്തൂപത്തിൽ ബുദ്ധെൻറ കണ്ണുകൾ പ്രതീകാത്മകമായി വരച്ചുവെച്ചിട്ടുണ്ട്. അവിടെ നിന്ന് നോക്കിയാൽ താഴെ വിശാലമായി കിടക്കുന്ന കാഠ്മണ്ഡു നഗരത്തെ കാണാം. കണ്ണെത്താ ദൂരത്തോളം നഗരമങ്ങനെ പരന്നു കിടക്കുന്നു. ബുദ്ധ കേന്ദ്രങ്ങളിലെ പതിവു കാഴ്ചയായ മന്ത്രമെഴുതിയ വർണതോരണങ്ങൾ കാറ്റിൽ നിറഞ്ഞാടുന്നു.
സ്വയംഭൂനാഥിലേക്കുള്ള പ്രധാന കവാടം കടന്നയുടൻ കാണുന്ന കുളത്തിനു നടുവിൽ ബുദ്ധൻറെ പ്രതിമയുണ്ട്. അതിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കുടുക്കയിലേക്ക് കുളത്തിനു മീതെ നാണയത്തുട്ടുകൾ എറിയുകയാണ് വിശ്വാസികൾ. പലതും കുടുക്കയിൽ വീഴാതെ കുളത്തിലേക്കാണ് പതിക്കുന്നത്. കൈയിൽ നാണയത്തുട്ടുകൾ ഇല്ലാത്തവർക്ക് കറൻസി നോട്ടുകൾക്കു പകരം നാണയങ്ങൾ മാറ്റി നൽകാനായി ഒരാൾ താഴെ വിരിച്ച പരവതാനിയിൽ നാണയക്കച്ചവടം നടത്തുന്നുണ്ട്. അവിടെനിന്നും പടികൾ കയറി വേണം മുകളിലെ ബുദ്ധസ്തൂപത്തിനരികിൽ എത്താൻ. പടികളുടെ വശത്ത് ബുദ്ധപ്രതിമകളും ഗൂർഖാ കത്തികളും ആഭരണങ്ങളുമായി കച്ചവടക്കാർ നിരന്നുനിൽക്കുന്നുണ്ട്. സ്തൂപത്തിെൻറ അടുത്തെത്തിയാൽ വിശ്വാസികൾ വിളക്കുകൾ കത്തിച്ച് ഭക്തിസാന്ദ്രമായി പ്രാർത്ഥിക്കുന്നതും പ്രാർത്ഥനാ ചക്രങ്ങൾ കറക്കി നീക്കുന്നതും കാണാം. ചിലർ പൂജാരിമാരുടെ കാർമികത്വത്തിൽ പ്രത്യേകം പ്രാർത്ഥനയും നടത്തുന്നുണ്ട്.
സ്വയംഭൂനാഥിെൻറ പടിക്കെട്ടുകൾ ഇറങ്ങി അടുത്ത സ്ഥലം ലക്ഷ്യമാക്കി പുറപ്പെടും മുമ്പ് ഒരു ഗൂർഖാ കത്തി വാങ്ങിച്ചു. കുറച്ചു സമയത്തെ വിലപേശലിനു ശേഷം വാങ്ങിക്കുന്നില്ലെന്ന് പറഞ്ഞു പോയ എന്നെ തിരികെ വിളിച്ച് ഞാൻ പറഞ്ഞ വിലയ്ക്ക് സാധനം തന്നു. നേപ്പാളിൽ വന്നിട്ട് ഒാർമയ്ക്കായി ഒരു ഗൂർഖാ കത്തിയെങ്കിലും വാങ്ങിയില്ലെങ്കിൽ മോശമല്ലേ എന്ന് ഞാനും കരുതി. നേപ്പാളിെൻറ തനത് പട്ടാള വിഭാഗമായ ഗൂർഖകൾ ഉപയോഗിക്കുന്ന ഇൗ കത്തി വളരെ പ്രശസ്തമാണ്. പാരമ്പര്യം ഒട്ടും ചോരാതെയാണ് കത്തിയും ഉറയും നിർമിച്ചിരിക്കുന്നത്. എന്തായാലും ധീരരായ ഗൂർഖകളുടെ ഒാർമയ്ക്കായി ഒരു കത്തി എെൻറ കൈയിലും ഇരിക്കെട്ട.
കാഠ്മണ്ഡുവിലെ തന്നെ ദർബാർ സ്ക്വയറിലേക്കായിരുന്നു അടുത്ത സന്ദർശനം. വളരെയധികം പഴക്കം ചെന്ന, ഒാടുമേഞ്ഞ കെട്ടിടങ്ങളായിരുന്നു ഇവിടുത്തെ ആകർഷണം. കാഠ്മണ്ഡുവിലെ പഴയ രാജവംശത്തിെൻറ പ്രധാന ഭരണസിരാ കേന്ദ്രമായിരുന്നു ഇവിടം. പരമ്പരാഗത നേപ്പാളീസ് വാസ്തുകലയിൽ തീർത്ത ക്ഷേത്ര മന്ദിരങ്ങളും ഇൗ പരിസരത്തായി കാണാം. ധർബാർ സ്ക്വയറിെൻറ അകത്തുതന്നെയാണ് ഹനുമാൻ ധോക്ക എന്ന മന്ദിരങ്ങളുടെ സമുച്ചയവും സ്ഥിതി ചെയ്യുന്നത്. അതിനടുത്ത് പ്രസാദമായി ഭക്ഷണം നൽകുന്നുണ്ട്. ഞാനതിന് സമീപത്തുകൂടെ പോയപ്പോൾ ‘ഇന്ത്യക്കാരനാണോ..?’ എന്ന് ചോദിച്ച് അരികിൽ വന്നയാൾ ‘നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്. ഇത് കഴിച്ചിേട്ട പോകാവൂ...’ എന്നും നിർബന്ധിച്ചു. അയാൾ രാജസ്ഥാനിൽനിന്നും നേപ്പാളിലേക്ക് കുടിയേറിയ മാർവാഡി കുടുംബത്തിലെ അംഗമായിരുന്നു. അങ്ങനെ എനിക്കു മുന്നിലേക്ക് ഗോതമ്പു കൊണ്ടുണ്ടാക്കിയ ചെറിയ തരം അപ്പവും കടലയും ഉരുളക്കിഴങ്ങും ചേർത്തുണ്ടാക്കിയ കറിയും എത്തി. കൂടാതെ ഹൽവ എന്ന് പറയുന്ന ഉപ്പുമാവ് പോലത്തെ മധുരമുള്ള വിഭവവും കൊണ്ടുതന്നു.
ഞാൻ അടുത്തുള്ള ഒരു മന്ദിരത്തിെൻറ കൽഭിത്തിയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. എനിക്കു മുന്നിൽ ദേഹം മുഴുവൻ ചുവപ്പു ഭസ്മം പൂശിയ ജഡപിടിച്ച താടിയും മുടിയുമുള്ള പുരുഷോത്തമൻ സംഗീത് എന്ന ഒരാളും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണായിരുന്നു. ഒരു മുണ്ടു മാത്രം ധരിച്ച് കഴുത്തിലും കൈയിലും രുദ്രാക്ഷം അണിഞ്ഞ അദ്ദേഹത്തെ എല്ലാവരും ഗുരു എന്നാണ്വിളിച്ചിരുന്നത്. അയാൾ കടലക്കറി മസാലയിൽ വെള്ളം ചേർത്ത് പാത്രം മുഴുവൻ നിറച്ചിരിക്കുന്നു. അതിൽ അപ്പം മുറിച്ചിട്ട് സ്പൂൺ കൊണ്ടാണ് കഴിക്കുന്നത്. ഇടയ്ക്ക് പച്ചമുളക് കടിച്ച് ചവയ്ക്കുന്നുമുണ്ട്.
പുരാതനമായ ഏതോ കാലത്തിെൻറ നടുവിലാണ് നിൽക്കുന്നതെന്ന പ്രതീതിയാണ് ദർബാർ സ്ക്വയറിൽ നിൽക്കുേമ്പാൾ അനുഭവപ്പെടുക. ചുവന്ന നിറത്തിലുള്ള കെട്ടിടങ്ങളും കരിങ്കൽ ശിൽപങ്ങളും നിർമിതികളിലെ കലാചാരുതയും ദർബാർ സ്ക്വയറിലെ കാഴ്ചകളെ വേറിട്ടതാക്കി. പതിവിലും നേരത്തെയാണ് റൂമിൽ എത്തിയത്. ഇന്നും രാത്രിഭക്ഷണം തമേലിൽ നിന്നാക്കാമെന്നു തീരുമാനിച്ചു. ഇന്നലത്തെ പോലെ പോലീസുകാരുടെ ശല്യമുണ്ടാകാതിരിക്കാൻ എല്ലാ രേഖകളും മിനി ബാഗിലാക്കിയാണ് ഇറങ്ങിയത്. രാവിലെ കാഠ്മണ്ഡുവും നേപ്പാൾ രാജ്യവും വിട്ട് ഇന്ത്യയിലേക്ക് തന്നെ പ്രവേശിക്കുവാനുള്ളതിനാൽ നേരത്തെ ഉറങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.