ദില്ലി-ജമ്മു- ഉദ്ദംപൂര്‍ : മഞ്ഞിന്‍ താഴ് വരയിലേക്ക് ഒരു റെയില്‍ യാത്ര....

ദില്ലി-ഉദ്ദംപൂർ എ.സി. എക്സ്പ്രസ്സിലാണ് യാത്ര. ചില്ലുജാലകത്തിനരികിൽ ഇരുപ്പുറപ്പിച്ചു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാന 'അധ്യായങ്ങളിൽ' ഒന്നായ ഹരിയാനയിലെ പാനിപറ്റിലൂടെ, പഞ്ചാബിലെ ലുധിയാനയിലൂടെ വണ്ടി കുതിച്ചു പായുകയാണ്. പുറത്ത് രാത്രിയുടെ മങ്ങിയവെളിച്ചത്തിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ. രാവിലെ ഏഴരയോടെ ജമ്മുകശ്മീർ സംസ്ഥാനത്തിലെ ജമ്മുവിൽ യാത്രക്കാരെല്ലാം ഇറങ്ങി. ഇനി ഉദ്ദംപൂരിലേക്കുള്ള യാത്രയിൽ കമ്പാർട്ടുമെന്റിൽ ഞാനും എന്റെ കുടുംബവും മാത്രം.

ജമ്മുവിനെ കശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേയുടെ ഭാഗമായി നിർമിച്ചതാണ് കട്ര വരെയുള്ള ട്രാക്ക്. കശ്മീർ താഴ്വരയിൽ ബാനിഹാൾ മുതൽ ശ്രീനഗർ- ബാരാമുള്ള വരേയുള്ള ട്രാക്കും പൂർത്തിയായിട്ടുണ്ട്. ഞങ്ങളുടെ യാത്രാസമയത്ത് ഉദ്ദംപൂർ വരേയുള്ള ട്രാക്കും ബാനിഹാൾ മുതൽ ബാരാമുള്ള വരേയുള്ള ട്രാക്കും മാത്രമേ പൂർത്തിയായിട്ടുള്ളൂ. അതിനിടക്കുള്ള പീർ പാഞ്ചാൽ മലനിരകളെ തുളച്ചുകൊണ്ടാണ് ഇന്ത്യൻ റെയിൽ എഞ്ചിനീയറിംഗ് ചരിത്രത്തിലെ അത്ഭുതമായേക്കാവുന്ന ബാനിഹാൾ തുരങ്കം പണിയുന്നത്.11കി.മി. നീളം വരുന്ന ഈ തുരങ്കം ലോകത്തിലെ ഏറ്റവും വലിയ റെയിൽ തുരങ്കങ്ങളിൽ ഒന്നായിരിക്കും. ചെനാബ് നദിക്കു കുറുകെ റയിൽവേ നിർമിക്കുന്ന ഒരു കിലോമീറ്ററിലധികം നീളവും 359 മീറ്റർ ഉയരവുമുള്ള പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലവുമായിരിക്കും. ഇതു പൂർത്തിയായാൽ ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും തീവണ്ടിയിൽ കാശ്മീരിലേക്കുവരാം.

ജമ്മുവിൽ നിന്നും ഉദ്ദംപൂരിലേക്കുള്ള 53 കി.മി പാത മനോഹരമാണ്. കൊങ്കൺ റെയിൽവേയെ പോലെ നിരവധി തുരങ്കങ്ങളും പാലങ്ങളും നിറഞ്ഞതാണ് ഈ പാതയും. ചെറിയ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പുഴകൾ... പ്രകൃതിരമണീയമായ ദൃശ്യങ്ങളാണ് ഇരുവശത്തും. ഉദ്ദംപൂർ എത്താറായപ്പോഴേക്കും കാലാവസ്ഥക്കും പ്രകൃതിക്കും മാറ്റം വന്നപോലെ. പൈൻ മരക്കാടുകൾ കാണാൻ തുടങ്ങി. രാവിലെ ഒമ്പത് മണിയോടെ വണ്ടി ഉദ്ദംപൂർ സ്റ്റേഷനിൽ എത്തി . വഴിയിൽ എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കാം എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഒരു ടാക്സിയിൽ  ജമ്മു- ശ്രീനഗർ NH1A ഹൈവേയിലൂടെ ശ്രീനഗറിലേക്ക് തിരിച്ചു....

ജമ്മു- ശ്രീനഗര്‍ നാഷണല്‍ ഹൈവേ
 

ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്ക്
വഴിയരികിലെ ഒരു ധാബയിൽ നിന്നും ഭക്ഷണം കഴിച്ചു. പലയിടങ്ങളിലും മണ്ണിടിഞ്ഞു വീണ് ഭാഗികമായെ ഗതാഗതമുള്ളൂ.  പെരുമ്പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് നീങ്ങുന്ന മലമ്പാത. താഴെ ചെനാബ് നദി പതഞ്ഞൊഴുകുന്നു. ഒരുവശം ചെങ്കുത്തായ മലനിരകള്, മറുവശം അഗാധഗര്ത്തങ്ങള്. ഇടക്കിടെ പട്ടാളവണ്ടികള് അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്നു. വഴിയിലെമ്പാടും പടുകൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളും പണിക്കാരും. റോഡ് മുഴുവൻ പൊടിപടലം. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള സമാന്തര പാതയുടെയും പുതിയ റെയിൽവേ ലൈനിന്റെയും പണി നടക്കുകയാണ്. രാജ്യത്തെ ഏറ്റവും നീളമേറിയ ടണല് റോഡ് നിര്മ്മാണം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. 9.2 കിലോമീറ്റര് നീളമുള്ള ടണല് ജമ്മു-ശ്രീനഗര് ദൂരം 30 കിലോമീറ്ററോളം കുറക്കും.

ജവഹർ തുരങ്കം കടന്ന് കശ്മീർ താഴ്വരയിലേക്ക്
ബാനിഹാൾ ചുരത്തിലൂടെയുള്ള യാത്രയിൽ ഞങ്ങളുടെ വാഹനം കാശ്മീർ താഴ്വരയുടെ കവാടമായ ജവഹർ തുരങ്കത്തിലേക്ക് പ്രവേശിച്ചു . 2.85 കിലോമീറ്റർ നീളം വരുന്ന ഈ തുരങ്കമാണ് നിലവിൽ രാജ്യത്തെ എറ്റവും നീളം കൂടിയ റോഡ് തുരങ്കം. പുതിയ ജമ്മു-ശ്രിനഗർ ഹൈവേ പ്രൊജക്റ്റിന്റെ ഭാഗമായി ക്വാസിഗുണ്ടിനും ബാനിഹാളിനുമിടയിൽ 9 കിലോമീറ്ററോളം നീളത്തിൽ   നിർമിക്കുന്ന പുതിയ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം അതായിമാറും. 1956 ൽ ആണ് ജവഹർ തുരങ്കം രാജ്യത്തിനു വേണ്ടി തുറന്നു കൊടുത്തത് . പൂർണമായും സൈനിക നിയന്ത്രണത്തിലാണ് തുരങ്കം.

ബെക്കർവാളുകൾ
വഴിയിൽ നൂറുകണക്കിന് ആടുകളുമായി മേച്ചിൽ പുറം തേടി പോകുന്ന ബെക്കർവാളുകളെ കാണാം. ആടു മേയ്ക്കലിനായി ഹിമാലയ താഴ്വരയിൽ എത്തിയ ഗുജ്ജർ സമുദായക്കാരാണിവർ. പുൽമേടുകൾ തേടി വേനൽ കാലത്ത് തങ്ങളുടെ ആടുകളുമായി ഇവർ ഹിമാലയത്തിലെയും പീർപാഞ്ചാൽ മലനിരകളുടെയും മുകളിലേക്ക് കയറും. ഒരു പുൽമേടിൽ നിന്നും മറ്റൊരു പുൽ മേട്ടിലേക്കം ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കുമായി മാസങ്ങളോളം നീളുന്ന ആടുമേയ്ക്കലും മലകയറ്റവും. കാവല്കാരനായി ഒരു നായയും കൂടെയുണ്ടാകും. ചിലപ്പോൾ ഭാര്യയേയും മക്കളേയും കൂട്ടിയായിരിക്കും യാത്ര. മല മുകളിൽ മഞ്ഞു വീണു തുടങ്ങുമ്പോൾ ആടുകളുമായി മലയിറങ്ങി ഇവർ താഴ്വാരങ്ങളിലെ  മേച്ചിൽ പുറങ്ങളിൽ എത്തും.

ബെക്കര്‍വാള്‍
 

ബസുമതി പാടങ്ങൾക്കിടയിലൂടെ
ബാനിഹാൾ ചുരമിറങ്ങി കശ്മീർ താഴ്വരയോട് അടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ വാഹനം. ബസുമതി പാടങ്ങളുടേയും കടുക് പാടങ്ങളുടേയും ഇടയിലൂടെയാണ് യാത്ര. കൃഷിയിടങ്ങളിൽ കർഷകർ ജോലിത്തിരക്കിലാണ്. ചിലർ നിലം ഉഴുന്നുണ്ട്. കശ്മീരികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും അരുവികളുടേയും കരയിൽ നെൽപ്പാടങ്ങൾ കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കി കൃഷി നടത്തുന്നു.

ഝലം നദിയും മരപ്പാലങ്ങളും
ശ്രീനഗറിലെ ഝലം നദിക്കു കുറുകെ പൂർണമായും മരത്തടിയിൽ നിർമിച്ച പഴയ പാലങ്ങൾ കാണാം. അടുത്തുതന്നെ പുതിയ പാലം വന്നതുകൊണ്ട് പഴയത് ഉപയോഗശൂന്യമായി കിടക്കുന്നു. 'സീറോ ബ്രിഡ്ജ്' എന്നാണിവ അറിയപ്പെടുന്നത്. ബധിരനായിരുന്ന ഒരു കരാറുകാരനായിരുന്നു ഇത് നിർമിച്ചിരുന്നതെന്നും ബധിരൻ എന്നർഥം വരുന്ന 'സോർ' എന്ന കശ്മീരി ഭാഷയിൽ നിന്നാണ് പാലത്തിന് ഈ പേര് വന്നതെന്നും പറയപ്പെടുന്നു. 1950 കളിൽ ബക്ഷി ഗുലാം മുഹമ്മദിന്റെ ഭരണ കാലഘട്ടങ്ങളിൽ നിർമിച്ചതാണ് ഈ മരപ്പാലങ്ങൾ. മരത്തടികൾ ദ്രവിച്ചു തുടങ്ങിയതോടെ 1980 കളിൽ ഈ പാലങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു.

സിന്ധു നദിയുടെ പോഷകനദികളിൽ ഒന്നാണ് ഝലം. ഏകദേശം എഴുനൂറോളം കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ 400 കിലോമീറ്ററോളം ഇന്ത്യയിലൂടേയും ബാക്കി പാക്കിസ്ഥാനിലൂടെയുമാണ് ഒഴുകുന്നത്. കശ്മീരിലെ വെരിനാഗാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. പഞ്ചാബിന്റെ പേരിനുകാരണമായ അഞ്ചു നദികളിൽ ഏറ്റവും വലിയ നദിയാണ് ഝലം.

മരപ്പാലം
 

ദാൽ തടാകവും ഹൗസ് ബോട്ടുകളും
ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം. 18ചതുരശ്രകിലോമീറ്ററോളം ശ്രീനഗറിനു ചുറ്റും പരന്നു കിടക്കുന്ന ഈ തടാകം മുഴുവൻ പലപ്പോഴും മഞ്ഞുകാലത്ത് മരവിച്ച് ഉറഞ്ഞുപോകാറുണ്ട്. കാശ്മീരിന്റെ കിരീടത്തിലെ രത്നം എന്നും ശ്രീനഗറിന്റെ രത്നം എന്നും ദാൽ അറിയപ്പെടുന്നു. താഴ്വരയിലെ നിരവധി ചെറുതും വലുതുമായ തടാകങ്ങളുമായി ദാൽ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ശ്രീ നഗറിനു ചുറ്റും പരന്നു കിടക്കുകയാണ് ദാല്.  വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൗസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ് ഈ തടാകം.

തടാകത്തിൽ നിരവധി ഹൗസ് ബോട്ടുകളുണ്ട്. കേരളത്തിലെ ഹൗസ് ബോട്ട് പോലെയല്ല, തടാകത്തിന്റെ കരയോടുചേർന്ന് വെള്ളത്തിൽ ചലിക്കാൻ പറ്റാത്ത രൂപത്തിലാണ് ഇവയുടെ നിർമാണം. പ്രദേശവാസികൾ താമസിക്കാനും  ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകാനും ആണ് ഇവയിപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. ചെറിയ ശിക്കാര വള്ളങ്ങളാണ് വെള്ളത്തിലൂടെയുള്ള യാത്രക്ക് ഉപയോഗിക്കുന്നത്.

ക്രിക്കറ്റ് ബാറ്റുകളുടെ താഴ്വര

ശ്രീനഗറിൽ നിന്നും പഹൽഗാമിലേക്കുള്ള യാത്രക്കിടയിൽ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുമ്പോൾ വഴിയരികില് വില്ലോ തടിക്കഷണങ്ങള്  മനോഹരമായി അടുക്കിവെച്ചിരിക്കുന്നത് കണ്ടു. ക്രിക്കറ്റ് ബാറ്റ് നിർമാണത്തിനു പേരു കേട്ട കശ്മീരി ഗ്രാമമാണിത്. വില്ലോ മരം മുറിച്ച് ഒമ്പത് മാസത്തോളം തടി ഉണങ്ങാനിട്ടതിനു ശേഷമാണ് ബാറ്റ് നിര്മ്മിക്കുന്നത്. ഞങ്ങളൊരു കേന്ദ്രത്തിലിറങ്ങി ക്രിക്കറ്റ് ബാറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ കണ്ടു. ലോകത്തിലെ വലിയ ക്രിക്കറ്റ് ബാറ്റ് നിർമാണ കേന്ദ്രങ്ങളിൽ ഒന്നാണ് കശ്മീരിലേത്. ബാറ്റ് നിര്മ്മാണം ഇവിടെ കുടില് വ്യവസായമാണ്. ലോകത്തുള്ള എല്ലാ ബ്രാന്ഡുകള്ക്കും വേണ്ടിയുള്ള ബാറ്റുകളും ഇവിടെ നിര്മ്മിക്കുന്നുണ്ട്. 
 
നിഷാത് ബാഗ്

പൂന്തോപ്പുകളിലൂടെ
ശ്രീനഗറിലെ 'സന്തോഷത്തിന്റെ ഉദ്യാന'മായ നിഷാത് ബാഗിലാണിപ്പോൾ. സബര്വാന് മലനിരകളുടെ പശ്ചാത്തലത്തിൽ ദാല് തടാകത്തോടു ചേര്ന്ന് തട്ടുകളായി കിടക്കുന്ന മുഗൾ ഉദ്യാനമാണ് നിഷാത് ബാഗ്. മലനിരകളിൽ നിന്നും വരുന്ന തെളിനീരുറവ ഉദ്യാനത്തിന്റെ മധ്യത്തിലൂടെ പൂച്ചെടികൾക്കും മരങ്ങൾക്കുമിടയിലൂടെ ദാൽ തടാകത്തിലേക്കൊഴുകുന്ന കാഴ്ച മനോഹരമാണ്. അപൂർവ ഇനം പുഷ്പങ്ങള്, വൃക്ഷങ്ങള് എന്നിവ ഈ ഉദ്യാനത്തിലുണ്ട്. മനോഹരമായ ജലധാര, വിശാലമായ പുല്ത്തകിടി, പൂന്തോട്ടം എന്നിവയാല് ആകര്ഷണീയമാണ് ഈ ഉദ്യാനം. മുംതാസ് മഹലിന്റെ പിതാവും നൂര്ജഹാന്റെ സഹോദരനുമായ അബ്ദുള് ഹസന് അസഫ് ഖാന് 1633 ല് പണികഴിപ്പിച്ചതാണ് ദാല് തടാകത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നിഷാത് ബാഗ്.

നിഷാത് ബാഗ് ഗാർഡന്റെ സമീപത്ത് ദാൽ തടാകക്കരയിൽ തന്നെയാണ് മറ്റൊരു മുഗൾ ഉദ്യാനമായ ഷാലിമാർ ഗാർഡൻ. മുഗൾ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഗാർഡൻ ആണിത്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂർജഹാന്റെ സ്മരണയ്ക്ക് 1619ൽ  ഈ പൂന്തോട്ടം നിർമ്മിച്ചത്. പേർഷ്യൻ വാസ്തു വിദ്യ ശൈലിയിലാണ് ഈ ഉദ്യാനങ്ങളുടെയെല്ലാം നിർമാണം. ശ്രീനഗറിലെ ഷാലിമാർ ഗാർഡന്റെ മാതൃകയിലാണ് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ നിർമിച്ചത്.

സബർവൻ മലമുകളിൽ രാജ്ഭവന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മുഗൾ ഉദ്യാനമാണ് ചെഷ്മഷായ്. 1632ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഗവർണറായിരുന്ന അലി മർദാൻ ഖാനാണ് ഈ ഉദ്യാനം നിർമിച്ചത്. സബർവൻ മലമുകളിൽ തന്നെ സ്ഥിതി ചെയ്യുന്ന പാരിമഹൽ ഗാർഡനും മനോഹരമാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ പുത്രനായ ദാര ഷികോ 1650ൽ ആണ് ഇത് നിർമിച്ചത്.  ഇവിടെനിന്നും നോക്കിയാൽ ദൂരെ ശ്രീനഗർ പട്ടണത്തിന്റേയും പരന്നുകിടക്കുന്ന ദാൽ തടാകത്തിന്റെയും മനോഹര ദൃശ്യം കാണാം. ഷാലിമാര്, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള് ഗാര്ഡന്സ്. ഈ ഉദ്യാനങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ് ഒരു ദിവസം പോയതറിഞ്ഞില്ല.

ഹസ്രത്ത് ബാൽ പള്ളിയിൽ
ശ്രീനഗറിലെ ദാൽ തടാകക്കരയിലെ ഹസ്രത്ത് ബാൽ പള്ളിയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. പ്രവാചകൻ മുഹമ്മദ് നബിയുടെ കേശം സൂക്ഷിക്കപ്പെട്ട പള്ളിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഹസ്രത്ത്ബാല് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്. പേര്ഷ്യന്-അറേബ്യന് വാസ്തുശില്പ മാതൃകയില് 1634 ൽ ഷാജഹാനാണ് ഇവിടെ പള്ളി നിർമിച്ചത്. തുടർന്ന്, 1699 ൽ ഔറംഗസീബിന്റെ കാലത്താണ് ഇവിടെ പ്രവാചക കേശം എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് പല ഘട്ടങ്ങളിലായി പള്ളി പുതുക്കിപണിതു. 1979 ൽ ആണ് ഇപ്പോൾ കാണുന്ന രൂപത്തിൽ നിർമാണം പൂർത്തിയായത്.

1963 ഡിസംബർ 26 ന് ഇവിടെ സൂക്ഷിച്ചിരുന്ന പ്രവാചക കേശം കാണാതായതുമായി ബന്ധപ്പെട്ട് കശ്മീർ മുഴുവൻ വൻ പ്രക്ഷോഭങ്ങൾ നടന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന് വരെ ഈ പ്രശ്നത്തിൽ നേരിട്ട് ഇടപെടേണ്ടി വന്നു. തുടർന്ന് 1964 ജനുവരി 4 ന് കേശം തിരിച്ചുകിട്ടിയതിനെ തുടർന്നാണ് സമരങ്ങൾ അവസാനിച്ചത്. ഇപ്പോൾ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കേശ പ്രദർശനം ഉള്ളത്.  പള്ളിയിലേക്ക് ആർക്കും പ്രവേശിക്കാൻ അനുവാദമുണ്ട്. ഒന്ന് ചുറ്റിക്കറങ്ങിയ ശേഷം സമീപത്തെ ഉദ്യാനത്തിൽ   ഞങ്ങളൽപ്പനേരം വിശ്രമിച്ചു. മുന്നിൽ ദാൽ തടാകത്തിന്റെ മനോഹര കാഴ്ച്ച.

താഴ്വരയിലെ നെയ്ത്തുകാരൻ
ശ്രീനഗറിലെ ഒരു കരകൗശല-നെയ്ത്തുശാലയിൽ പ്രായംചെന്ന നെയ്ത്തുകാരൻ പരവതാനി തയ്ച്ചുകൊണ്ടിരിക്കുകയാണ്. മ്യൂസിക് നോട്സിൽ കണ്ണോടിച്ചും പിയാനോകട്ടകളിലൂടെ വിരലോടിച്ചും സംഗീതത്തിന്റെ മാസ്മരിക ലഹരിയിലങ്ങനെ ഇരിക്കുന്ന കലാകാരനെപോലെ ഈ നെയ്ത്തുകാരൻ വേറൊരു ലോകത്താണെന്ന് തോന്നി. കൂടി നിൽക്കുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല. നൂലുകൾക്കിടയിൽ ഒരു പേപ്പറിൽ കുറിച്ചുവെച്ചിരിക്കുന്ന പാറ്റേൺ കോഡുകൾ നോക്കിയാണ് നെയ്ത്തുകാരൻ അതിസൂക്ഷമതയോടെ, വിവിധവര്ണ്ണങ്ങളുള്ള പരവതാനി നെയ്യുന്നത്. കമ്പിളിവ്യവസായം, പരവതാനി നിര്മാണം, കൈത്തറി തുടങ്ങിയവയാണ് കശ്മീരിലെ പ്രധാന വ്യാവസായിക രംഗങ്ങള്. പുതപ്പുകൾ, പരവതാനികൾ തുടങ്ങിയവ ശ്രീനഗറിലെ നിർമ്മാണശാലകളിലും, കുടിൽ വ്യവസായമായി ചുറ്റുവട്ടങ്ങളിലും നിർമ്മിക്കുന്നുണ്ട്.
 
ക്രിക്കറ്റ് ബാറ്റ് നിര്‍മാണ ശാല
കുങ്കുമപൂവിന്റെ നാട്ടിൽ
കശ്മീരിലെ കുങ്കുമപ്പൂക്കളുടെ നാടായ, 'സഫ്രോണ് സിറ്റി' എന്നറിയപ്പെടുന്ന പാമ്പൂരിലൂടെയാണ് യാത്ര. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കുങ്കുമ പാടങ്ങൾ. കുങ്കുമത്തിന്റെ വിളവെടുപ്പ് സീസണല്ലാത്തതിനാൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയൊന്നും കണ്ടില്ല. കുങ്കുമ കിഴങ്ങുകൾ നടാനുള്ള നിലമൊരുക്കുന്ന തിരക്കിലാണ് കർഷകർ. പലയിടത്തും കുടുംബാംഗങ്ങൾ ഒരുമിച്ച് കൃഷിപ്പണി ചെയ്യുന്ന കാഴ്ചകൾ. കശ്മീരിൽ എവിടേയും പട്ടാള സാന്നിധ്യമുള്ളപോലെ കുങ്കുമ പാടങ്ങളിലും തോക്കേന്തിയ പട്ടാളക്കാരെ കാണാം.

മണ്ണ് നന്നായി ഉഴുത് സൂര്യ പ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്ത് വേണം കുങ്കുമ കിഴങ്ങ് നടാൻ. ഓഗസ്റ്റ് - സെപ്തംബർ മാസത്തിൽ കിഴങ്ങുകൾ പാകും. നവംബർ - ഡിസംബർ മാസത്തിൽ പൂക്കാൻ തുടങ്ങും. ആദ്യം മണ്ണിൽ നിന്നും പുറത്തേക്ക് വരുക പൂക്കളാണ്. വൈകുന്നേരം പുഷ്പിച്ചാൽ പിറ്റേ ദിവസം തന്നെ പൂക്കൾ വാടിപ്പോകുന്നത് കൊണ്ട് പ്രഭാതത്തിൽ തന്നെ പൂക്കൾ വിളവെടുക്കും. വയലറ്റ് നിറമുള്ള പൂക്കളിൽ 6 കേസരങ്ങൾ ഉണ്ടാകും. മൂന്നെണ്ണം മഞ്ഞയും മൂന്നെണ്ണം ചുവപ്പും. ചുവപ്പ് നിറമുള്ള കേസരങ്ങൾ ഉണങ്ങിയതാണ് യഥാർത്ഥ കുങ്കുമ നാര്.

ഹരിത തുരങ്കത്തിലൂടെ
ശ്രീനഗറിൽ നിന്നും കശ്മീരിന്റെ വ്യവസായ തലസ്ഥാനമായ അനന്ത്നാഗിലേക്കുള്ള പാതയിൽ ബിജ്ബെഹാര പട്ടണത്തിനു സമീപം ഞങ്ങളുടെ വാഹനം ഒരു 'ഹരിത തുരങ്കത്തിൽ' പ്രവേശിച്ചു. രണ്ട് കിലോമീറ്ററോളം റോഡിന് ഇരുവശത്തും ഉയരം കൂടിയ പോപ്ലാർ മരങ്ങൾ കൊണ്ട് പ്രകൃതി ഒരുക്കിയ ഒരു 'പച്ച ടണൽ'. ഇതാണ് കശ്മീരിലെ പ്രശസ്തമായ 'ഗ്രീൻ ടണൽ'. വലുതല്ലെങ്കിലും ഇതുപോലുള്ള 'ഗ്രീൻ ടണലുകൾ' കശ്മീരിന്റെ മറ്റുപല ഭാഗങ്ങളിലും ഉണ്ട്. പക്ഷെ അവിടെയെല്ലാം മരങ്ങൾ നശിച്ചതുമൂലം അതിന്റെ സൗന്ദര്യം ഇല്ലാതായി. മുമ്പ് ഇവിടെ പത്ത് കിലോമീറ്ററോളം നീളത്തിൽ റോഡിനിരുവശത്തും പോപ്ലാർ മരങ്ങൾ വളർന്നുനിന്നിരുന്നുവത്രെ. പിന്നീട് റോഡ് വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റി ഇപ്പോൾ രണ്ട് കിലോമീറ്ററായി ചുരുങ്ങി.
 

ഹരിത തുരങ്കം
 
'ഒഴുകുന്ന നീലാകാശം'
കശ്മീരിലെ പഹൽഗാമിലേക്ക് ... തെളിഞ്ഞ നീല ജലമുള്ള ഒരു നദിയുടെ ഓരത്തു കൂടിയാണ് യാത്ര....  നീലാകാശം ഉരുളൻ കല്ലുകൾക്കിടയിലൂടെ കുതിച്ചൊഴുകുകയാണെന്ന് തോന്നും. പ്രശസ്തമായ ലിഡ്ഡര് നദിയാണിത്. ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന 'നീലം നദി'യിലെ വെള്ളം പോലെ ലിഡർ നദിയിലെ വെള്ളത്തിനും പ്രത്യേക നീല നിറമാണ്.  ഈ നദീതീരത്താണ് കശ്മീര് താഴ്വരയുടെ മുഴുവന് മനോഹാരിതയും നിറഞ്ഞിരിക്കുന്ന പഹല്ഗാം. അമര്നാഥിലേക്കുള്ള യാത്രാ വഴിയും ഈ നദീതീരത്തിലൂടെ ആണ്. അപൂർവ ഇനം ശുദ്ധജല മത്സ്യങ്ങളുടെ ആവാസ കേന്ദ്രംകൂടിയാണ് ഈ നദി.

ഹിമഗിരിനിരകളിലൂടെ
ഗുൽമാർഗിലെ അഫർവത് കൊടുമുടിയിൽ നിന്നും നംഗപർവതം കാണാൻ സാധിക്കുമെന്ന് കേട്ടിരുന്നു. മഞ്ഞുകാലമല്ലാത്തതിനാൽ മലമുകളിലേക്കുള്ള കേബിൾകാർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഞങ്ങൾ മലമുകളിലേക്ക് നടന്നുകയറാൻ തീരുമാനിച്ചു. പൈൻമരക്കാടുകൾക്കിടയിലൂടെ ചെറിയ കുടിലുകൾ പിന്നിട്ട് കയറ്റം കയറിത്തുടങ്ങി. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പുൽമേടുകളിലൂടെയാണ് നടത്തം. കുത്തനെയുള്ള കയറ്റം. ഏതുസമയവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മണ്ണും കല്ലും നിറഞ്ഞ വഴികൾ. മലമുകളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നല്ല ക്ഷീണമുണ്ട്. ദൂരെ നിന്നും ഞങ്ങളുടെ നേരെ നാല് പട്ടാളക്കാർ നടന്നുവരുന്നതായിക്കണ്ടു.  അവർ അടുത്തേക്കെത്തി ഞങ്ങൾക്കിനി മുകളിലേക്ക് യാത്ര തുടരാനനുവാദമില്ലെന്ന് പറഞ്ഞു. ഇതുവരെ മലമുകൾ ലക്ഷ്യം വെച്ചായിരുന്നു നടത്തം. വന്ന വഴിയിലേക്കൊന്ന് നോക്കി. കയറിവരുമ്പോൾ ദുർഘടം പിടിച്ചിരുന്ന പാതകൾ കാണാൻ ഇപ്പോഴെന്ത് ഭംഗി!  ദൂരെ ആകാശനീലിമയിലേക്ക് നോക്കിയങ്ങനെ കുറേനേരമിരുന്നു... മേഘക്കീറുകൾക്കിടയിലൂടെ അങ്ങ് ദൂരെ ഒരു മഞ്ഞു മല..! നംഗപർവതം..!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം. പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് 8,114 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗപർവതം ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പർവതാരോഹകർക്ക് ഏറെ ദുർഘടം നിറഞ്ഞ ഈ ഹിമാലയ ശൃംഗത്തെ 'കൊലയാളി പർവതം' (കില്ലർ മൗണ്ടെയിൻ) എന്ന് വിളിക്കാറുണ്ട്.

ആപ്പിൾ തോട്ടങ്ങളിലൂടെ
പഹൽഗാമിലേക്കുള്ള വഴി. റോഡരികിലെ ഒഴിഞ്ഞൊരിടത്ത് വലിയൊരു ആപ്പിൾതോട്ടത്തിനരികിൽ വാഹനം നിർത്തി. ചെറിയൊരു അരുവിയിൽ നിന്നും ആപ്പിളുകൾ കഴുകിയെടുക്കുന്ന ഒരു കശ്മീരി ബാലനെ കണ്ടു. പറിച്ചെടുത്ത ആപ്പിളുകൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ടി വാഹനത്തിൽ കയറ്റുന്ന തിരക്കിലാണ് തോട്ടമുടമകൾ. തോട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലെന്ന് ഡ്രൈവർ പറഞ്ഞ ഉടനെ ഞങ്ങൾ ഓടിക്കയറി. വലിയൊരു കമ്പിൽ പ്ലാസ്റ്റിക് കപ്പുകൾ കെട്ടി ശബ്ദമുണ്ടാക്കി പറവകളെ ആട്ടിയകറ്റുകയാണ് ഒരാൾ. ആപ്പിളുകളുടെ ഭാരം മൂലം മരക്കൊമ്പുകൾ പൊട്ടിവീഴാതിരിക്കാൻ താങ്ങുകൾ കൊടുത്തിട്ടുണ്ട്. പറിക്കാൻ തോട്ടമുടമയോട് അനുവാദം ചോദിച്ചു. ചെറുചിരിയോടെ അദ്ദേഹം സമ്മതിച്ചു.  വിവിധ നിറങ്ങളിൽ ... വിവിധ രുചികളിലുള്ള ആപ്പിളുകൾ... ചെറുതും വലുതുമായ മരങ്ങളിൽ നിന്നും ഞങ്ങൾ മതിയാവോളം പറിച്ചുതിന്നു....
 

കശ്മീരിന്റെ ജീവിതങ്ങളിലൂടെ
കശ്മീരിന്റെ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ്... മുഖങ്ങൾ... ഭാവങ്ങൾ... സങ്കടങ്ങൾ... സന്തോഷങ്ങൾ... ഒറ്റപ്പെടലുകൾ... സ്വപ്നങ്ങൾ... അനുഭവങ്ങൾ... തെരുവിന്റെ തിരക്കുകളിലും നദികളുടെ തീരങ്ങളിലും പർവതങ്ങളുടെ മുകളിലും കശ്മീരിന്റെ ജീവിത കാഴ്ചകൾ തേടുകയായിരുന്നു എന്റെ ക്യാമറ... ആരേയും നേരിട്ട് പ്രയാസപ്പെടുത്താതെ പരമാവധി ദൃശ്യങ്ങൾ ഫ്രെയിമിലാക്കി... പ്രയാസമാകും എന്ന് തോന്നിയവ ഹൃദയത്തിന്റെ ഫ്രെയിമിലാക്കി അടച്ചു...

ഗുൽമാർഗിലെ പ്രഭാതത്തിലെ ഇളം വെയിലിൽ കുടിവെള്ളം തേടിപ്പോകുന്ന പെൺകുട്ടി, പഹൽഗാമിലെ മലമുകളിൽ മുയലുകളേയും കൂട്ടിയിരിക്കുന്ന ഗ്രാമീണർ, കളിമണ്ണിൽ വീടുണ്ടാക്കിക്കളിക്കുന്ന കുഞ്ഞുങ്ങൾ, മഞ്ഞുകാലത്തേക്കുള്ള മരക്കരിയുമായി മലയിറങ്ങിവരുന്ന സ്ത്രീകൾ, റോഡരികിലെ പഴക്കച്ചവടക്കാർ, രാവിലെ ധൃതിയിൽ സ്കൂളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർഥി-വിദ്യാർഥിനികൾ, ഹസ്രത്ബാൽ പള്ളിയിൽ പ്രാവുകൾക്ക് തീറ്റകൊടുക്കുന്ന സ്ത്രീ, പള്ളിക്കു മുമ്പിലിരിക്കുന്ന വികലാംഗനും ഭാര്യയും മക്കളും, ആട്ടിടയന്മാരായ ബാലന്മാർ, മലമുകളിൽ പുല്ലെരിയുന്ന കുട്ടി, കൃഷിയിടങ്ങളിൽ തൊഴിലിലേർപ്പെട്ടവർ, തലച്ചുമടായി പുല്ലുകൊണ്ടു പോകുന്നവർ, റോഡരികിലെ സൗഹൃദ സംഭാഷണങ്ങൾ, കൃഷിയിടങ്ങളിലെ വിശ്രമ വേളകൾ, പ്രഭാതത്തിലെ പത്രവായന, പൂന്തോപ്പുകളിലെ ഒഴിഞ്ഞയിടങ്ങളിലിരുന്നുള്ള ഹുക്കവലി, രാവിലെ സ്കൂൾ തുറക്കാൻ കാത്തുനിൽക്കുന്ന കുട്ടികൾ, കശ്മീർ യൂണിവേഴ്സിറ്റിക്കു മുമ്പിലെ വിദ്യാർഥി-വിദ്യാർഥിനികൾ, വൈകുന്നേരങ്ങളിൽ വാഹനങ്ങളിൽ തൂങ്ങിപ്പിടിച്ച് വീട്ടിലേക്ക് മടങ്ങുന്നവർ, താഴ്വരയിലെ പ്രായം ചെന്നവർ, യുവതി-യുവാക്കൾ, അമ്മമാരും മക്കളും...  അങ്ങനെ അനേകം ദൃശ്യങ്ങൾ എന്റെ ക്യാമറ ലെൻസിൽ പതിഞ്ഞു... അതിലേറെ ഹൃദയത്തിലും...   നന്ദി കശ്മീർ ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT