സുഗന്ധ വ്യജ്ഞനങ്ങളുടെ രാജപാത

1924 ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ ഈ പാതയെ കുറിച്ച് കേട്ടുകേള്‍വി മാത്രമാണ് കഴിഞ്ഞ മാര്‍ച്ച് വരെ എനി്ക്കും ഞാന്‍ അനുഗമിച്ച യാത്രയില്‍ പങ്കെടുത്ത ഒട്ടുമിക്കവര്‍ക്കും ഉണ്ടായിരുന്നത്. പരിസ്ഥിതി സംഘനയായ ഗ്രീന്‍ പീപ്പിള്‍ വഴി തെളിയിച്ച ഈ യാത്രയില്‍ ഗ്രീന്‍ പീപ്പിള്‍സ് അംഗങ്ങളും MBL സ്റ്റുഡന്‍സായ പത്തുപേരും ഉള്‍പ്പെടെ 21 പേര്‍ ഈ യാത്രയില്‍ പങ്കെടുത്തു. മുന്ന് ദിവസം കൊണ്ട് മൂന്നാറില്‍ നിന്നും പൂയ്യംകുട്ടി വരെയുള്ള ഘോരവനത്തിലൂടെ ആ പഴയ രാജപാത തേടിയുള്ള നടപ്പ് യാത്രയാണ് തിരുമാനിച്ചിരുന്നത്. പൊടുന്നനെയുള്ള കാലവസ്ഥ വ്യതിയാനങ്ങള്‍പോലെ എത്താറുള്ള നമ്മുടെ സ്വന്തം ഹര്‍ത്താല്‍ ഇടിവെട്ടുപ്പോലെ എത്തി ആദ്യദിനം കളഞ്ഞു കുളിച്ചു. മൂന്നാറില്‍ എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് ശനിയാഴ്ച തുടങ്ങേണ്ട യാത്ര ഞായറാഴ്ചയാണ് ആരംഭിക്കാന്‍ കഴിഞ്ഞത്.

മൂന്നാറില്‍ നിന്നും പ്രാതലും കഴിച്ച് രണ്ട് ജീപ്പുകളിലായി നല്ലതണ്ണിയിലുള്ള പഴയ രാജപാതയോരത്ത് എത്തിച്ചേര്‍ന്നു. അവിടെ വച്ച് എല്ലാവരും പരസ്പരം പരിചയപ്പെടുകയും യാത്രയില്‍ പാലിക്കേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും, ഉച്ച ഭക്ഷണത്തിനുള്ള പൊതികള്‍ വിതരണം ചെയ്യുകയും ചെയ്തു. 30 പേരെ പ്രതീക്ഷിച്ച് കൊണ്ടുവന്ന ഭക്ഷണ പൊതികളില്‍ ബാക്കി വന്നവ, ആ ഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കി. ആ നിഷ്കളങ്ക മുഖങ്ങളിലെ സന്തോഷവും കണ്ട് ഞങ്ങളുടെ നടപ്പു യാത്ര അവിടത്തെ തേയിലത്തോട്ടത്തിലൂടെ കടന്നുപോകുന്ന രാജപാത വഴി പതിന്നൊന്ന് മണിയോടെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഷെമീര്‍ പെരുമറ്റത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.


സഹായാത്രികരായ തലത്തോട്ടപ്പന്‍മാരില്‍ നാലു പേര്‍ ഒരു വട്ടം ഈ കാട്ടുപാത കീഴടക്കിയവരായിരുന്നു. അവരുടെ അനുഭവ സമ്പത്ത് ഈ യാത്രയില്‍ വളരെ ഉപകാര പ്രദമായി. ഇതു പോലെ കാടിനെ അടുത്തറിഞ്ഞ ഒരു അറുപത്തഞ്ചുകാരന്‍ ഇക്കായും, പാമ്പുകളുടെ തോഴന്‍ ഷാജി അടിമാലി, തന്‍റെ ക്യാമറയിലൂടെ മുഴുവനായി ഇന്ത്യയെ കണ്ടിട്ടുള്ള ലൈജു ജോസഫ്, ഇവരെല്ലാം ഈ യാത്രയില്‍ അവരവരുടെ ദൗത്യം ഭംഗിയാക്കി. 

രണ്ടായിരത്തിലേറെ വര്‍ഷംമുമ്പ് മുതല്‍ പാശ്ചാത്യ ലോകത്തു വലിയ പ്രചാരം നേടിയ പല സുഗന്ധ വ്യജ്ഞനങ്ങളുടെയും ഏക ¤്രസാതസ് നമ്മുടെ ഈ കൊച്ചു കേരളമായിരുന്നു . ചന്ദനം, കുരുമുളക്, ഇലങ്ങവം, കരയാമ്പു അങ്ങനെ പല വന വിഭവങ്ങളുടേയും ഏറ്റവും മികച്ച ഇനങ്ങള്‍ ഇവിടെ ചിന്നാര്‍, മൂന്നാര്‍ ഭാഗങ്ങളിലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവ കടത്തിക്കൊണ്ടു പോകുവാന്‍ മൂന്നാറില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വനാന്തരങ്ങളിലൂടെ നീളുന്ന ഈ പാതയായിരുന്നു അന്നുള്ളവര്‍ ഉപയോഗിച്ചിരുന്നത്. മുസിരിസ് ആയിരിന്നു അന്നത്തെ പ്രധാന വാണിജ്യകേന്ദ്രവും ഏക തുറമുഖനഗരവും. ആനത്താരകള്‍ വഴികാട്ടുന്ന മലമടക്കുകളിലൂടെ ഈ കാനനപാത വികസിക്കുന്നതു ചേര കാലഘട്ടത്തിലാണ്.

14-ാം നൂറ്റാണ്ടിലുണ്ടായ അതിഭീകരമായ പ്രകൃതിക്ഷോഭത്തില്‍ മുസിരിസ് തുറമുഖം നാമാവശേഷമായി. വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും കേരളത്തിന്‍റെ ഭൂമിശാസ്ത്രംതന്നെ മാറ്റി മറച്ചു. പ്രളയ ജലത്തിന്‍റെ അനിയന്ത്രിത പ്രവാഹത്തില്‍ പെരിയാര്‍ വഴിമാറിയൊഴുകി. ആ കാലങ്ങളില്‍ നശിച്ച വാണിജ്യവും പാതയും വീണ്ടും പുനര്‍ജനിക്കുന്നത്  17-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ടിപ്പുവിന്‍റെ ആക്രമണം പ്രതീക്ഷിച്ചു മലകയറി മൂന്നാറിലത്തെിയ ബ്രിട്ടീഷുകാരുടെ വരവോടെയാണ്. അവര്‍ ഈ പാത വിണ്ടും മൂന്നാറില്‍ നിന്നും ആലുവ വരെ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഘോരവനത്തിലൂടെ, വന്‍മലനിരകള്‍ക്കിടയിലൂടെ മറ്റൊരു പാത അസാധ്യമായിരുന്നെന്നും പറയാം. പെരിയാറിനു സമാന്തരമായി വലിയ കയറ്റിറക്കങ്ങളില്ലാതെ, മലയിടുക്കുകളിലൂടെ കടന്നുപോകുന്നു ഈ പാത, പ്രകൃതിയുടെ എഞ്ചിനീയറിംഗ് സാധ്യതകള്‍ തിരിച്ചറിഞ്ഞു സഞ്ചരിച്ച ആദിമ നിവാസികളുടെ കൈയൊപ്പു പതിഞ്ഞ വഴി കൂടിയായിരുന്നു.1924-ല്‍ കേരളത്തെ നടുക്കിയ പ്രളയത്തില്‍ സമുദ്ര നിരപ്പില്‍നിന്നും ആറായിരം അടി ഉയരെ മൂന്നാര്‍ പട്ടണം പോലും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. പ്രളയത്തില്‍ മലയിടിഞ്ഞ് പഴയ രാജപാതയേയും, പാതയില്‍ നിര്‍മ്മിച്ചിരുന്ന പാലങ്ങളെയും വീണ്ടെടുപ്പ് സാധ്യമല്ലാത്ത രീതിയില്‍ തകര്‍ത്തുകളഞ്ഞു. വെള്ളപ്പൊക്കത്തിന്‍റെ ഏറ്റവും ഭീകരമായ സ്മാരകം കൂടിയാണിത്. പ്രളയത്തിനുശേഷം ബ്രിട്ടീഷുകാര്‍ പലതവണ പുനര്‍നിര്‍മാണത്തിനു തുനിഞ്ഞ ഈ പാതയുടെ ചരിത്രം ഇങ്ങനെ....

തേയില തോട്ടങ്ങളിലൂടെ ഒരു കിലോമിറ്റര്‍ നടന്ന് എത്തിച്ചേരുന്നത് വനം വകുപ്പിന്‍റെ ഓഫിസിലാണ്. അവിടെ നിന്നും ഇടതൂര്‍ന്ന വനം ആരംഭിക്കുന്നു. തുടര്‍ന്നങ്ങോട്ട് കുത്തനെയുള്ള ഇറക്കമാണ് ഒരു വശത്ത് ഉയരമുള്ള മലകള്‍ മറുവശത്ത് കീഴ്ക്കാം തൂക്കായ ഗര്‍ത്തങ്ങളും. ഈ പാതയിലൂടെ ഏഴോളം കിലോമീറ്റര്‍ താണ്ടി ഞങ്ങള്‍ അമ്പതാം മൈലില്‍ എത്തിച്ചേര്‍ന്നു. അവിടെ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മൈല്‍കുറ്റി ഇപ്പോഴും നിലനില്‍ക്കുന്നു. പഴയ ആലുവ-മൂന്നാര്‍ റോഡിലെ ആലുവയില്‍ നിന്നുള്ള അമ്പതാമത്തെ മൈല്‍ സൂചിപ്പിക്കുന്ന കല്ലാണിത്. അവിടെ കുറച്ച് ചിത്രങ്ങളുമെടുത്ത്, ആ മലയെ ചുറ്റിവരവ് ഒഴിവാക്കാന്‍ ഞങ്ങള്‍ നേരെ മലയിലെ വനത്തിലൂടെ കുത്തനെ താഴേയ്ക്ക് നാനൂറോളം മീറ്റര്‍ ഇറങ്ങി വീണ്ടും പാതയില്‍ എത്തി. ഇവിടെ നിന്നും ഈറ്റ കാടുകളിലൂടെ സഞ്ചരിച്ച് ഒരു ചെറിയ അരുവിയിലത്തെി കുളിയും ഊണുകഴിക്കലും വിശ്രമവും. മഴക്കാലത്ത് അരുവി മുറിച്ച് കടക്കാന്‍ മരക്കമ്പുകള്‍ കൊണ്ടും മറ്റും ഉണ്ടാക്കിയ ഒരു ചെറിയ തൂക്കുപാലം ജീര്‍ണാവസ്ഥയില്‍ ഇവിടെയുണ്ട്. കുളിര്‍മ്മ തന്ന് ആശ്വസിപ്പിച്ച ആ അരുവിയോട് നന്ദി പറഞ്ഞ് വീണ്ടും  ഞങ്ങള്‍ യാത്ര തുടര്‍ന്നു ...

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT