ചെറിയൊരു ഫ്ലാഷ്ബാക്കോടെയാണ് ഇൗ യാത്രയുടെ തുടക്കം. 2006 ഡിസംബറിലെ പെരുന്നാൾ കാലം. 18 വയസ് സ് തികഞ്ഞ് ഡ്രൈവിങ് ലൈസൻസ് കിട്ടിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. അന്നെല്ലാം യാത്രയില്ലാതെ പെരുന്നാൾ ആഘ ോഷം പൂർണമാവാറില്ല. അങ്ങനെയാണ് സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക്, ആദ്യമായി സ്വയം ഡ്രൈവ് ചെയ്ത് സുഹൃ ത്തുക്കൾക്കൊപ്പം പോകുന്നത്. മാരുതി 800 ആണ് കൂട്ടിന്.
സ്മാർട്ട്ഫോണും ഗൂഗിൾ മാപ്പുമൊന്നും കണ്ടിട്ടുപോ ലുമില്ലാത്ത കാലം. വണ്ടിയെക്കുറിച്ചും വഴികളെക്കുറിച്ചും വലിയ ധാരണയൊന്നുമില്ല. യാത്രക്കിടയിൽ മൂന്നാറിലെ മരം കോച്ചുന്ന തണുപ്പിൽ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ എൻജിൻ ചൂടായി വണ്ടിനിന്നതും തേക്കടിയിലേക്കുള്ള വഴിയിൽ ടയർ പഞ്ചറായി കുടുങ്ങിയതുമെല്ലാം ഇന്നും ഒാർമയിലുണ്ട്. പിന്നീടങ്ങോട്ട് എന്നും യാത്രകളുടെ വലിയപെരുന്നാളുകളായി രുന്നു. 13 വർഷം മുമ്പത്തെ ഇടുക്കി യാത്ര മുതൽ ലഭിച്ച ഉൗർജവും ആത്മവിശ്വാസവും തന്നെയാണ് 2016ൽ അതേ സുഹൃത്തുക്കൾക്കൊ പ്പം മലപ്പുറത്തുനിന്ന് വണ്ടിയോടിച്ച് ജമ്മു കശ്മീരിലെ ലഡാക് വരെ എത്തിച്ചത്.
ഇൗ ഫ്ലാഷ്ബാക്ക് ഇപ്പോൾ പറയുന്നതിൽ ചെറിയൊരു കാര്യമ ുണ്ട്. അന്നത്തെ ഇടുക്കി യാത്രയിൽ കൂടെ വരാൻ ഒരുപാട് ആഗ്രഹിക്കുകയും എന്നാൽ സാധിക്കാതെ വരികയും ചെയ്ത ഒരു സുഹ ൃത്തുണ്ട്. ജീവിതത്തിലെ 'സാഹചര്യങ്ങളുടെ സമ്മർദങ്ങൾ കാരണം' ഇന്നവൻ ദേശാന്തരങ്ങൾ ചുറ്റുകയാണെങ്കിലും മൂന്നാറും തേക്കടിയുമെല്ലാം സ്വപ്നമായി അവശേഷിച്ചു. അതുകൊണ്ടുതന്നെ ഇത്തവണത്ത യാത്ര അവന് വേണ്ടിയുള്ളതാണ്. കാന്തല് ലൂർ, മൂന്നാർ, തേനി, കാൽവരി മൗണ്ട് എന്നിവയാണ് ലക്ഷ്യസ്ഥാനങ്ങൾ. സുഹൃത്ത് ഹിബത്തുല്ലയും ഭാര്യയും എെൻറ കുട ുംബവുമാണ് കൂടെയുള്ളത്.
അതിരാവിലെ മ ലപ്പുറത്തുനിന്ന് പുറപ്പെടുേമ്പാൾ സൂര്യൻ ഭൂമിയെ തൊട്ടുതുടങ്ങിയിട്ടില്ല. റോഡിൽ വലിയ തിരക്കൊന്നുമില്ല. വണ്ടി ആഞ്ഞുചവിട്ടി വിട്ടു. എട്ട് മണിയോടെ പാലക്കാെട്ടത്തി പ്രഭാത ഭക്ഷണത്തിനായിറങ്ങി. ഇഷ്ട വിഭവമായ ഇഡ്ഡലിയും സാംബാറും ചൂടോടെ അകത്താക്കി വീണ്ടും യാത്ര തുടർന്നു. മറഞ്ഞുകൊണ്ടിരിക്കുന്ന പാലക്കാടൻ കരിമ്പനകളെ പിന്നിലാക്കി അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. റോഡിൽ തണൽ വിരിച്ച് പുളിയും ആൽമരങ്ങളും നിറഞ്ഞുനിൽക്കുന്നു. ഇരുവശത്തും കണ്ണെത്താദൂരത്തോളം കൃഷിയിടങ്ങൾ. ഇടക്കിടക്ക് കൊച്ചുഗ്രാമങ്ങൾ പ്രത്യക്ഷപ്പെടുന്നു. കൃഷിയുടെയും കന്നുകാലികളുടെയും ഗന്ധമാണ് ഗ്രാമങ്ങൾക്ക്. പൊള്ളാച്ചി കഴിഞ്ഞതോടെ കൃഷി ഭൂമികളിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ നിരനിരയായി നിൽക്കുന്നത് കാണാൻ തുടങ്ങി. അങ്ങകലെ മലമുകളിൽനിന്ന് വീശിയടിക്കുന്ന കാറ്റിൽ അതിെൻറ പങ്കകൾ പതിയെ ഇളകുന്നു.
പത്ത് മണിയോടെ ഉദുമൽപേട്ടയിലെത്തി. നഗരം രാവിലെത്തന്നെ തിരിക്കിെൻറ പിടിയിലമർന്നിട്ടുണ്ട്. ഗൂഗിൾ മാപ്പിെൻറ നിർദേശാനുസരണം പ്രധാന ജംഗ്ഷനിൽനിന്ന് മൂന്നാർ ലക്ഷ്യമാക്കി വണ്ടി വലത്തോട്ട് തിരിച്ചു. കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമില്ല. വിവിധതരം കർഷിക വിളകൾ. മണ്ണിനോട് പൊരുതി പൊന്നുവിളയിക്കുന്ന കർഷകരുടെ വീടുകൾ. കാറ്റാടിപ്പാടങ്ങൾ. മുന്നിൽ തലയുയർത്തി സഹ്യപർവതം. കാഴ്ചകൾ അവസാനിക്കുന്നില്ല. തമിഴ് മണ്ണിലെ ചൂടേറ്റ് ക്ഷീണിക്കാൻ തുടങ്ങിയിട്ടുണ്ട്. വഴിയോരത്ത് കണ്ട കടയിൽ കയറി ഇളനീർ കുടിച്ച് ക്ഷീണവും ദാഹവുമകറ്റി. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതോടെ ഫോറസ്റ്റ് ചെക്പോസ്റ്റെത്തി. അവിടെ യാത്രക്കാരുടെ വിവരങ്ങളെല്ലാം നൽകി.
ഇനി അമരാവതി സംരക്ഷിത വനമേഖലയിലൂടെയാണ് യാത്ര. മറ്റു കാടുകളെ അപേക്ഷിച്ച് മരങ്ങളും മൃഗങ്ങളുമൊക്കെ കുറവുള്ളതുപോലെ തോന്നി. പച്ചപിടിച്ചുനിൽക്കുന്നതിന് പകരം െമാത്തത്തിൽ ഒരു വരണ്ടുണങ്ങിനിൽക്കുന്ന ഭാവം. എന്നാലും വല്ല മൃഗങ്ങളെയും കാണുമെന്ന പ്രതീക്ഷയിൽ ജനൽച്ചില്ലിലൂടെ കണ്ണുകളെല്ലാം പുറത്തേക്കിട്ടു. ഇൗ പരിശ്രമത്തിന് ഫലമുണ്ടായി. കുറച്ചുദൂരം കഴിഞ്ഞപ്പോൾ വണ്ടികളെല്ലാം നിർത്തിയിട്ടിരിക്കുന്നത് കാണാനായി. സൂക്ഷിച്ച് നോക്കിയപ്പോഴാണ് കണ്ടത്, മരക്കൂട്ടങ്ങൾക്കിടയിൽ കാട്ടാന ഒളിഞ്ഞുനിൽക്കുന്നു. ദേഹത്തെല്ലാം പൊടിപുരണ്ടിട്ടുണ്ട്. വഴിയാത്രക്കാർക്കെല്ലാം കുറച്ചുനേരം ദർശനം തന്നശേഷം കരിവീരൻ മെല്ല കാടിനകത്തേക്ക് ഉൾവലിഞ്ഞു. അതോടെ നിർത്തിയിട്ട വാഹനങ്ങൾക്കെല്ലാം വീണ്ടും ജീവൻവെച്ചു.
കാടിന് ഇടക്കുവെച്ച് തമിഴ്നാട് അതിർത്തി പിന്നിട്ട് വീണ്ടും മലയാള മണ്ണിലേക്ക് കടന്നു. ഇനി ചിന്നാർ വന്യജീവി സേങ്കതമാണ്. കേളമെത്തിയതോടെ ഭൂപ്രകൃതിയും മാറാൻ തുടങ്ങി. കാടിെൻറ പച്ചപ്പ് തിരിച്ചുവന്നു. ഒപ്പം മല കയറാനും തുടങ്ങി. ഒരു വശത്ത് കൂറ്റൻ പാറകളാണെങ്കിൽ താഴെ അഘാധമായ കൊക്കകൾ. കാടിന് നടുവിലൂടെ ചെറിയ അരുവിയായി പാമ്പാർ ഒഴുകുന്നുണ്ട്. അതിനിടയിൽ തൂവാനം വെള്ളച്ചാട്ടം കണ്ണിന് കുളിർമയേകി വിസ്മയിപ്പിക്കുന്നു.
മറയൂരിലെത്തുേമ്പാൾ 12 മണിയായി. നട്ടുച്ചനേരമാണെങ്കിലും മൂന്നാറിലെ മലനിരകളെ തഴുകി വരുന്ന കാറ്റ് കുളിര് പകരുന്നുണ്ട്. ഉച്ചഭക്ഷണ ശേഷം കാന്തല്ലൂർ ലക്ഷ്യമാക്കി വണ്ടി തിരിച്ചു. കരിമ്പ് പാടങ്ങൾക്ക് നടുവിലൂടെയാണ് യാത്ര. ഇടക്കൊന്ന് പുറത്തിറങ്ങി കരിമ്പിെൻറയും അതിൽനിന്ന് തയാറാക്കുന്ന ശർക്കരയുടെയും സ്വാദ് നുകർന്നു. വീണ്ടും മുന്നോട്ടുപോയേപ്പാൾ ശിലായുഗ സംസ്കാരത്തിെൻറ ശേഷിപ്പുകളായ മുനിയറകൾ നിലകൊള്ളുന്ന മലയെത്തി. ഇവ അക്കാലത്തുള്ളവരെ സംസ്കരിച്ച ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സ് ചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക് നിൽക്കാനും കിടക്കാനും കഴിയുന്ന രീതിയിൽ ഉയരവും നീളവുമുണ്ട് ഓരോ മുനിയറക്കും. മതിയായ സംരക്ഷണമില്ലാത്തതിനാൽ പലതും പൊട്ടിയും അടർന്നും തുടങ്ങിയിട്ടുണ്ട്.
മുനിയറകൾ നിലകൊള്ളുന്ന മലകൾ താണ്ടി ഒടുവിൽ ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമെത്തി, കാന്തല്ലൂർ. കേരളത്തിെൻറ കശ്മീർ എന്ന് തന്നെ ഇൗ മലനാടിെന വിശേഷിപ്പിക്കാം. ആപ്പിൾ, ഒാറഞ്ച്, മാതള നാരങ്ങ തുടങ്ങി വിവിധയിനം പഴങ്ങൾ വിളയുന്ന നാട്. ഒപ്പം കാരറ്റ്, ബീൻസ്, കോളിഫ്ലവർ, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികളും സുലഭമായ മണ്ണ്. കേരളത്തിൽ ആപ്പിൾ കൃഷിയുള്ള ഏക പ്രദേശമാണിവിടം.
കാന്തല്ലൂർ സേക്രഡ് ഹേർട്ട് സ്കൂളിന് മുന്നിലെ സ്വകാര്യ ഫാമിന് മുമ്പിൽ വണ്ടി നിർത്തി. ഫാമിനകത്ത് കയറണമെങ്കിൽ നിശ്ചിത ഫീസുണ്ട്. മാത്രമല്ല താമസിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കിത്തരുന്നു. കാന്തല്ലൂരിൽ ഫാം ടൂറിസവും തഴച്ചുവളരുകയാണ്. ആപ്പിളും ഒാറഞ്ചുമെല്ലാം പറിച്ചുതിന്ന് ഇൗ മനോഹരമായ ഫാമുകളിൽ അന്തിയുറങ്ങാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. ഫാമിലെ തൊഴിലാളി മുനിയപ്പൻ ഞങ്ങൾക്ക് വഴികാട്ടിയായിട്ടുണ്ട്. ഒാരോ സസ്യങ്ങളെക്കുറിച്ചും അദ്ദേഹം തമിഴ് ചുവയിൽ വിവരിച്ചുതന്നു. പക്ഷികൾ കൊത്താതിരിക്കാൻ പഴങ്ങൾ വലയിട്ട് സംരക്ഷിച്ചിട്ടുണ്ട്. മലഞ്ചെരുവിൽ തട്ടുതട്ടായി ഒരുക്കിയ ഫാമിൽ ആപ്പിളും പേരക്കയുമെല്ലാം പറിച്ചുതിന്ന് ഒരു മണിക്കൂറോളം ചെലവഴിച്ചു.
അന്നവിടെ തങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇനിയും ഒരുപാട് ദൂരം താണ്ടാനുള്ളതിനാൽ വീണ്ടുമൊരിക്കൽ വരാമെന്നുറപ്പിച്ച് യാത്ര തുടർന്നു. മറയൂരിലെ കരിമ്പിൻ പാടങ്ങളും ചന്ദനക്കാടും പിന്നിലാക്കി. മൂന്നാർ അടുക്കുന്തോറും റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ വിരുന്നൂട്ടാൻ തുടങ്ങി. കൂട്ടിന് ചാറ്റൽ മഴയുമെത്തിയതോടെ യത്രയുടെ ആസ്വാദനം പരകോടിയിലെത്തി. മൂന്നാറിൽനിന്ന് 20 കിലോമീറ്റർ അകലെ ബൈസൺ വാലിയിലാണ് ഒാൺലൈൻ വഴി ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത്. ഗൂഗിൾ മാപ്പിെൻറ സഹായത്തോടെ അവിടെയെത്തുേമ്പാൾ പ്രദേശമാകെ ഇരുട്ട് പരന്നിട്ടുണ്ട്. കാറിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ശരീരത്തിൽ കുളിരിെൻറ മുകുളങ്ങൾ പൊട്ടിവിരിയാൻ തുടങ്ങി. 300 കിലോമീറ്ററിനടുത്ത് ദൂരം സഞ്ചരിച്ചതിെൻറ ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ട്. ഒപ്പം മേലാസകലം അരിച്ചിറങ്ങുന്ന തണുപ്പും. ഇതിൽനിന്നെല്ലാം രക്ഷ നേടാനായി പെെട്ടന്ന് തന്നെ പുതപ്പിനുള്ളിലേക്ക് ഉൗളിയിട്ടു.
മരങ്ങളിൽ കൂടുകെട്ടി കലപില ശബ്ദമുണ്ടാക്കുന്ന പക്ഷികളാണ് രാവിലെ വിളിച്ചുണർത്തിയത്. ചുറ്റും മരങ്ങൾ പൊതിഞ്ഞുനിന്ന കോേട്ടജിലായിരുന്നു ഞങ്ങളുടെ താമസമെന്ന് വെളിച്ചം പരന്നപ്പോഴാണ് മനസ്സിലായത്. അന്നും കാഴ്ചകളേറെ കാണാനുള്ളതിനാൽ അതിരാവിലെ വിളിച്ചുണർത്തിയ പക്ഷികളെ സ്മരിച്ച് പരിസരമൊന്ന് ചുറ്റിക്കറങ്ങി. റിസോർട്ടിെൻറ മൂന്ന് ഭാഗവും കാടാണ്. ഒരു ഭാഗത്ത് വലിയ കുളവുമുണ്ട്. അതിൽ ചാടിക്കുളിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും െഎസ് പോലെയുള്ള വെള്ളത്തിെൻറ തണുപ്പ് ആ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിച്ചു.
റിസോർട്ടിനകത്തെ റസ്റ്ററൻഡിൽ പ്രഭാത ഭക്ഷണം തയാറായിട്ടുണ്ട്്. ഒരേസമയം നാടൻ വിഭവങ്ങളും വിദേശ വിഭവങ്ങളും അടങ്ങുന്നതായിരുന്നു അന്നത്തെ മെനു. വയർ നിറച്ചുണ്ട് വീണ്ടും യാത്രക്കായി ഒരുങ്ങി. ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ മൂന്നാറിലെ സ്ഥലങ്ങൾ ഒന്നും ഇടംപിടിച്ചിട്ടില്ല. അടുത്ത ലക്ഷ്യം മുന്തിരിപ്പാടങ്ങളുടെ നാടായ കമ്പമാണ്. താമസസ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഗൂഗിൾ മാപ്പ് ഒാണാക്കി വണ്ടി സ്റ്റാർട്ടാക്കി. റോഡിലെ കോടമഞ്ഞ് നീങ്ങിയിട്ടില്ല. ഇടുക്കിയിലെ ഗ്രാമീണ പാതകളിലൂടെയാണ് യാത്ര. തേയിലയും കാപ്പിയും ഏലവും കുരുമുളകുമെല്ലാം വിളഞ്ഞുനിൽക്കുന്ന എസ്റ്റേറ്റുകൾ. ആരോഹണാവരോഹണം പോലെ മലകളും കുന്നുകളും കയറിയിറങ്ങിപ്പോകുന്ന റോഡുകൾ. മനസ്സിന് കുളിരേകുന്ന വല്ലാത്തൊരു അനുഭൂതി നൽകുന്നു ഇൗ റോഡുകളും മലകളും.
ഉടുമ്പൻചോല കഴിഞ്ഞ് കൂട്ടാർ എന്ന സ്ഥലത്തുനിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. മരങ്ങൾ തിങ്ങിനിറഞ്ഞ ചുരത്തിൽനിന്ന് കാർഷിക ഗ്രാമങ്ങൾ ദൂരെനിന്ന് ദൃശ്യമാകുന്നുണ്ട്. രാവിലെ പത്ത് മണിയോടെ തേനി ജില്ലയിലെ കമ്പമെത്തുേമ്പാൾ ഇടുക്കിയിലെ തണുപ്പെല്ലാം മാറി അന്തരീക്ഷത്തിൽ ഉഷ്ണം സാന്നിധ്യമറിയിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡിെൻറ ഇരുഭാഗത്തും മുന്തിരിത്തോപ്പുകളാണ്. ആദ്യം കണ്ട ഫാമിന് സമീപം തന്നെ വണ്ടി നിർത്തി. കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഫാമിനകത്തേക്ക് കയറാൻ പണമൊന്നും നൽകേണ്ട. എന്നാൽ, സഞ്ചാരികളെ വലയിൽ വീഴ്ത്താനായി ഫാമിന് പുറത്ത് നിരവധി കടകളുണ്ട്.
പ്രധാന ഗേറ്റിലൂടെ മുന്തിരിത്തോപ്പിനകത്തേക്ക് കയറി. വൈരവനാറിന് തീരത്ത് ഹെക്ടർ കണക്കിന് സ്ഥലത്തായി പരന്നുകടക്കുകയാണീ ഫാം. കൂടുതൽ വിളവ് ലഭിക്കാൻ ഉയരം കുറഞ്ഞ പന്തൽ കെട്ടിയാണ് മുന്തിരി വള്ളികൾ വളർത്തുന്നത്. അതുകൊണ്ടുതന്നെ തലകുനിച്ചിട്ട് വേണം തോട്ടത്തിലൂടെ നടക്കാൻ. മേഘങ്ങളൊഴിഞ്ഞ ആകാശത്ത് സൂര്യൻ കത്തിയാളുന്നുണ്ടെങ്കിലും മുന്തിരിവള്ളികൾ തണുപ്പേകുന്നു. ഫാമിൽ കയറിച്ചെല്ലുന്ന ഭാഗത്ത് വിളവെടുപ്പ് കഴിഞ്ഞ മുന്തിരിവള്ളികളുടെ ഇലകളെല്ലാം പിഴുതുമാറ്റിയിട്ടുണ്ട്. വീണ്ടും തളിർത്തുവരാനാണ് ഇങ്ങനെ ചെയ്യുന്നത്. കുറച്ചുദൂരം നടന്നപ്പോൾ പച്ചനിറത്തിലെ മുന്തിരി കാണാൻ തുടങ്ങി. പാകമാകുന്നതിന് മുമ്പത്തെ അവസ്ഥയാണിത്. വീണ്ടും മുന്നോട്ടുപോയപ്പോൾ മനസ്സിൽ കണ്ട ആ സ്വപ്നം അടുത്തെത്തിയിരിക്കുന്നു. പഴുത്തുനിൽക്കുന്ന ചുവന്ന മുന്തിരിക്കുലകൾ എങ്ങും നിറഞ്ഞുനിൽക്കുന്നു. ചെറിയ കുട്ടികളുടേതുപോെല ഞങ്ങളുടെ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി.
തോട്ടത്തിലെ സ്ത്രീ തൊഴിലാളികൾ പാകമായ മുന്തിരികൾ പറിച്ച് കുട്ടയിലിടുന്ന തിരക്കിലായിരുന്നു. ആ കുട്ടകളിൽനിന്ന് ഞങ്ങൾക്കും കുറച്ച് തരാൻ അവർ സന്മനസ്സ് കാണിച്ചു. ഇത്ര സ്വാദിഷ്ടമായ മുന്തിരി ജീവിതത്തിൽ അന്നേവരെ കഴിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ ആ സ്നേഹത്തിന് നന്ദി പറഞ്ഞ് തോട്ടത്തിൽനിന്ന് പുറത്തേക്കിറങ്ങി. നല്ല ദാഹമുള്ളതിനാൽ സമീപത്തെ കടയിൽ കയറി മുന്തിരി ജ്യൂസ് തന്നെ കുടിച്ചു. ഒപ്പം വീട്ടിലേക്ക് അഞ്ച് കിലോ മുന്തിരിയും വാങ്ങി.
നേർരേഖ പോലെ കിടക്കുന്ന കൊല്ലം^തേനി ഹൈവേയിലൂടെ വണ്ടി വീണ്ടും കുതിക്കാൻ തുടങ്ങി. രാവിലെ വന്ന വഴിയല്ലിത്. കൃഷിയിടങ്ങൾക്ക് വിരാമമിട്ട് ചുരം കയറാൻ തുടങ്ങി. തമിഴ്നാടിനോട് വിടചൊല്ലി കേരള അതിർത്തിയിലെ കുമളിയിലെത്തി. ടൗണിൽ തേക്കടിയിലേക്ക് വന്ന സഞ്ചാരികൾ നിറഞ്ഞിട്ടുണ്ട്. ആ തിരക്കിൽനിന്ന് രക്ഷപ്പെട്ട് ടൗണിന് പുറത്തെ നാടൻ ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. ഇനി ലക്ഷ്യം ഇടുക്കി ഡാമിനോട് ചേർന്ന കാൽവരി മൗണ്ടാണ്. ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്. വഴികൾ വ്യതസ്തമാണെങ്കിലും കാഴ്ചകൾ രാവിലത്തേതിന് സമാനം. രാത്രിയിലെ മഞ്ഞുകണങ്ങൾ ബാക്കിവെച്ച കുളിരും യാത്രക്ക് അകമ്പടിയായുണ്ട്. അതുകൊണ്ടുതന്നെ ഇടുക്കിയിലെ മലഞ്ചെരുവുകളിലൂടെയുള്ള ഒാരോ യാത്രയും നമ്മെ മടുപ്പിക്കില്ല.
പ്രധാന റോഡിൽനിന്ന് തിരിഞ്ഞ് കാൽവരി മൗണ്ടിലേക്കുള്ള പാതയിലൂടെ പതിയെ കയറാൻ തുടങ്ങി. പ്രവേശന ഫീസെടുത്ത് വേണം അകത്തേക്ക് കടക്കാൻ. വാഹനം നിർത്തി മലമുകളിലൂടെ നടക്കുേമ്പാൾ കോടമഞ്ഞ് വന്ന് ശരീരം പൊതിയുന്നുണ്ട്. കൂടെയുള്ളവർ ആദ്യമായിട്ടാണ് കാൽവരി മൗണ്ടിെനക്കുറിച്ച് കേൾക്കുന്നത്. എന്താണ് അവിടത്തെ കാഴ്ചയെന്ന് പോലും അവർക്കറിയില്ല. മറ്റു മലമുകളിലേതുപോലെയുള്ള പതിവ് കാര്യങ്ങൾ തന്നെയാകുമെന്ന് വിചാരിച്ച് ആലസ്യത്തോടെ സംസാരിച്ച് നടക്കുകയാണ് അവർ. പെെട്ടന്ന് ആ കഴ്ച കണ്ട് അവർ സ്തംഭിച്ച് നിന്നുപോയി. രണ്ട് മലകൾക്കിടയിൽ പെരിയാർ നിറഞ്ഞുനിൽക്കുന്നു. മലഞ്ചെരുവിൽ കോടമഞ്ഞും കാറ്റും പ്രണയിക്കുന്നു. നീല നിറത്തിലെ വെള്ളവും പച്ചപ്പുല്ലുകളും കൊണ്ട് പ്രകൃതിയൊരുക്കിയ അനശ്വര ദൃശ്യം. സ്വർഗം താഴെയിറങ്ങി വന്നതാണോ എന്ന് അവർ പരസ്പരം ചോദിച്ചു.
ഇടുക്കി ഡാമിെൻറ വൃഷ്ടിപ്രദേശമാണ് മുന്നിൽ കാണുന്നത്. എത്ര കണ്ടാലും മതിവരാത്ത മനം കവരുന്ന കാഴ്ച. എന്നാൽ, ആ കാഴ്ചക്ക് അര മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രദേശമാകെ കോട വന്ന് നിറഞ്ഞു. സമീപത്തെ മലകളും കാടും ആകാശവും വെള്ളവുമെല്ലാം കോടമഞ്ഞ് കവർന്നു. പരസ്പരം ആളുകളെ പോലും കാണാനാവത്ത അവസ്ഥ. എന്നാലും ആ സ്വർഗത്തിൽനിന്ന് മടങ്ങുവാൻ മനസ്സ് വന്നില്ല. കാറ്റിനോടും മലകളോടും കിന്നാരം പറഞ്ഞ് നടക്കുേമ്പാൾ സമയം പോയതറിഞ്ഞില്ല. മലമുകളിൽ ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ച് നാടുപിടിക്കണമെന്ന ഒാർമ പോലും വന്നത്. ഒരിക്കൽ കൂടി സ്വർഗവാതിൽ തുറന്ന് ഇൗ മായാസൗന്ദര്യം നുകരാൻ വരുമെന്നുറപ്പിച്ച്, പച്ചപ്പുല്ലുകൾക്ക് നടുവിലെ ചെമ്മണ്ണ് പാതയിലൂടെ കോടമഞ്ഞിനെ വകഞ്ഞുമാറ്റി വാഹനത്തിനടുത്തേക്ക് നടന്നുനീങ്ങി.
ടിപ്സ്:
യാത്ര തുടങ്ങിയ മലപ്പുറത്തുനിന്ന് പാലക്കാട്, പൊള്ളാച്ചി, ഉദുമൽപേട്ട്, മറയൂർ വഴിയാണ് കാന്തല്ലൂരിലെത്തിയത്. തിരിച്ച് മറയൂരിലെത്തി മൂന്നാറിലേക്ക് പോയി. അടുത്തദിവസം മൂന്നാറിൽനിന്ന് ഉടുമ്പൻചോല, കൂട്ടാർ വഴി മുന്തിരിത്തോപ്പുകളുടെ നാടായ കമ്പമെത്തി. അവിടെനിന്ന് കുമളി, കട്ടപ്പന വഴിയാണ് കാൽവരി മൗണ്ടിലേക്ക് പോയത്. മലപ്പുറത്തേക്കുള്ള മടക്ക യാത്ര ഇടുക്കി, കോതമംഗലം, അങ്കമാലി, തൃശൂർ വഴിയായിരുന്നു. ഏകദേശം 650 കിലോമീറ്റർ ദൂരമാണ് രണ്ട് ദിവസം കൊണ്ട് സഞ്ചരിച്ചത്. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ഉണ്ടെങ്കിൽ ഇൗ റൂട്ടിലുള്ള മറ്റു മനോഹരമായ സ്ഥലങ്ങൾ കൂടി സന്ദർശിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.