നേപ്പാൾ ദിനങ്ങൾക്കിടെ അധികം കൂടിയാലോചനകൾ ഒന്നുമില്ലാതെയാണ് മറ്റൊരു യാത്രക്ക് ഞങ്ങളൊരുങ്ങിയത്. മുക്തി തേടി ആയിരങ്ങളെത്തുന്ന ഒരു സ്ഥലത്തേക്ക്. ഹിമാലയത്തിലെ അന്നപൂർണ പർവ്വത മേഖലയിലേക്ക്. തോറാങ് ലാ ഹിമാലയൻ പർവത താഴ്വരയിൽ സമുദ്ര നിരപ്പിൽ നിന്നും 3710 മീറ്റർ ഉയരത്തിൽ ഉള്ള മുക്തിനാഥ് എന്ന പുണ്യ സ്ഥലത്തേക്ക്. മർഫയിൽ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. ആദ്യം ജോംസമിലേക്കാണ് വണ്ടി പിടിക്കേണ്ടിയിരുന്നത്. കുറെ നേരത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഒരു വണ്ടി വന്നു.
മൂന്നു കിലോമീറ്റർ ഇത്രയും ദൂരമുണ്ടോ എന്ന് തോന്നിപ്പിച്ച യാത്രയായി അത്. ഉയർന്ന നിൽക്കുന്ന പർവത ഭീമന്മാർക്ക് ഇടയിലൂടെ ഉള്ള യാത്ര ആയതു കൊണ്ടാവാം അങ്ങനെ തോന്നിയത്. ഞങ്ങൾ ജോംസം ബസ് സ്റ്റാൻഡിൽ ഇറങ്ങി. മുക്തിനാഥ് പോവാനുള്ള ബസ് കയറണമെങ്കിൽ കാളി ഗന്ധകി നദിക്ക് മുകളിലൂടെ ഒരു പാലം മുറിച്ചു കടക്കണം. അഞ്ചു മിനുട്ട് നടന്നു ബസ് നിലയത്തിൽ എത്തി. ആദ്യം തന്നെ ടിക്കറ്റ് എടുത്തു. നേപ്പാളുകാർക്ക് ഒരു തുക, സാർക് രാജ്യങ്ങൾക്ക് വേറൊരു തുക, ബാക്കിയുള്ള രാജ്യക്കാർക്ക് വേറൊരു നിരക്ക്.. ഇങ്ങനെയാണ് ബസ് ചാർജ്. ബസിന്റെ നിരക്ക് ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്ന സമയത്ത് നൽകുന്ന ബസ് നമ്പർ വന്നു കഴിയുമ്പോൾ നമുക്ക് കയറാം. കിട്ടുന്ന ബസിൽ ഇടിച്ചു കേറാൻ പാടില്ല എന്നർഥം.
ബസ് വരാൻ പിന്നെയും സമയമുണ്ടായിരുന്നു. അതുവരെ ഒന്ന് ചുറ്റിയടിക്കാമെന്ന് തീരുമാനിച്ചു. ബസ് സ്റ്റാൻഡിനു തൊട്ടടുത്ത് തന്നെ വലിയ പഴക്കം ഇല്ലാത്ത ഒരു ബുദ്ധ സന്യാസി മഠം ഉണ്ട്. ഇടക്കിടെ ബസ് വന്നോ എന്ന് വന്നു നോക്കും, ഇല്ലെന്ന് ഉറപ്പാവുമ്പോൾ വീണ്ടും ഒന്ന് കറങ്ങും. ബസ് സ്റ്റാൻഡിൽ സാലി ഗ്രാം എന്ന വളരെ സവിശേഷമായ കറുത്ത നിറത്തിൽ കാണപ്പെടുന്ന കല്ല് വിൽക്കാൻ വെച്ചിട്ടുണ്ട് . ഹിന്ദു ഐതീഹ്യങ്ങളിൽ വളരെയധികം പരാമർശിക്കപ്പെടുന്ന കല്ലാണ് സാലിഗ്രാം. ഏത് തണുപ്പിലും ഈ കല്ലിൽ ചൂട് നിൽ നിൽക്കും എന്നൊരു അത്ഭുത പ്രതിഭാസവും അതിന് ഉണ്ടെന്നു വിൽപനക്കാരിയായ സ്ത്രീ പറഞ്ഞു. നാരായണ ദേവൻെറ പ്രകൃതിയിൽ കാണുന്ന രൂപമാണത്രെ സാലിഗ്രാം എന്നത്. ഈ കറുത്ത കല്ല് ഇത്ര പവിത്രമാവാൻ കാരണവും ഇതാണ്.
ബസ് വന്നു. മൺ പാതയിലൂടെ അത് നീങ്ങി. ഫോട്ടോയെടുക്കാൻ കാമറ ലെൻസ് തുറന്നാൽ ഉള്ളിലേക്ക് പൊടി കയറുമോ എന്നായിരുന്നു ഭയം. ഉയരങ്ങളിലേക്ക് ബസ് വലിഞ്ഞു കേറിക്കൊണ്ടിരുന്നു. മുകളിലേക്ക് പോവും തോറും സ്ഥലത്തിന്റെ മിഴിവ് അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. താഴെ കാളിഗണ്ഡകി നദി പിളർന്ന് ഒഴുകുന്നത് കാണാം. മുക്തിനാഥ് എത്തുന്നതിന് മുൻപായി ജാർഖോട്ട് എന്ന മനോഹരമായ ഒരു ഗ്രാമത്തിൽ എത്തി. കുറച്ചു വീടുകളും വിരലിൽ എണ്ണാവുന്ന ഹോട്ടലുകളും മാത്രം. പൊതുവെ ഇവിടെയുള്ള സാധാരണ ഭൂപ്രകൃതിയിൽ നിന്നും അൽപം വ്യത്യസ്തമായി കുറെയധികം മരങ്ങൾ കാണപ്പെട്ടു. ഇലകൾക്കെല്ലാം മഞ്ഞ നിറം. പിന്നെയും രണ്ടു മണിക്കൂർ യാത്രചെയ്താണ് മുക്തിനാഥ് താഴ്വാരത്ത് എത്തിയത്.
റാണിപോവ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ബസ് ഇറങ്ങുന്നത് കാരണം ഈ ഭാഗങ്ങൾ എല്ലാം മുക്തിനാഥ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട് പലരും. ഒരു ബോർഡ് കാണുന്ന വരെ ഞങ്ങളുടെ ധാരണയും അങ്ങനെയായിരുന്നു. മുക്തിനാഥ് ക്ഷേത്ര ഭാഗത്തേക്ക് നടന്നു കയറണം. പ്രായമായവർക്ക് നടന്നു കയറാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ക്ഷേത്രത്തിന്റെ അടുത്ത് വരെ കുതിര സവാരി ഉണ്ട്. വരുന്ന സഞ്ചാരികൾക്കും തീർത്ഥാടകർക്കും താമസിക്കാനായി കുറച്ചു ഹോട്ടലുകളും ഭക്ഷണ ശാലകളും പിന്നെ തെരുവ് കച്ചവടക്കാരും ഉണ്ട്. റാണിപോവയിലൂടെ അൽപ ദൂരത്തെ മൺപാത കഴിഞ്ഞാൽ പടവുകൾ ആണ് ക്ഷേത്ര പാതയിൽ മുഴുവൻ.
പോവുന്ന വഴിയിൽ ഇടയ്ക്കിടെ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന യോഗികളെ കാണാം. ക്ഷേത ഭാഗത്തേക്ക് അടുക്കുമ്പോൾ പ്രകൃതി ഭംഗി തന്നെ മാറുകയായിരുന്നു . പച്ചപ്പ് ഒട്ടും തന്നെയില്ലാത്ത പ്രദേശങ്ങൾ ആണ് വന്ന വഴിയിൽ ഭൂരിഭാഗവും. ഇവിടെ ഒരുപാട് മരങ്ങളും നല്ല തണലും. ഇലകൾക്ക് എല്ലാം പച്ചയും മഞ്ഞയും ഇടകലർന്ന ഒരുതരം നിറം. ക്ഷേത്ര സന്നിധിയിലേക്കുള്ള അവസാന പടവുകൾ കയറുന്നതിന് വലത് ഭാഗത്തായി ബുദ്ധ മതക്കാരുടെ വലിയൊരു പ്രാർത്ഥനാ മണി കാണാം. പ്രാർത്ഥന മണിയിൽ നോക്കി പടവ് കയറുന്നത് മുക്തിനാഥ് ക്ഷേത്രത്തിലേക്ക്.
വലിയൊരു ക്ഷേത്രംമല്ല മുക്തിനാഥ്. വളരെ ചെറുത് എന്ന് തന്നെ പറയാം. ഈ ക്ഷേത്രം ഹിന്ദുക്കൾക്കും ബുദ്ധ മതക്കാർക്കും ഒരു പോലെ പ്രാധാന്യമുള്ളതാണ്. ഹിന്ദുമത വിശ്വാസ പ്രകാരം 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നാണ് മുക്തിനാഥ് ക്ഷേത്രം എന്ന ഈ പുണ്യദേവാലയം. 108 ൽ 105 ദിവ്യ ദേശങ്ങളും ഇന്ത്യയിൽ ആണ്. രണ്ടെണ്ണം ഭൂമിക്ക് പുറത്തും എന്നാണ് വിശ്വാസം. കൂടാതെ പരിശുദ്ധമായ 8 വൈഷ്ണവദേവാലയങ്ങളിൽ ഒന്നാണ് മുക്തിനാഥ് ക്ഷേത്രം. വൈഷ്ണവ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ഇവിടെ സ്വർണത്തിൽ ഉള്ള ഒരു ഭഗവാൻ വിഷ്ണുവിന്റെ പ്രതിഷ്ഠയാണുള്ളത്.
രണ്ടു ആചാരങ്ങൾ ഇവിടെ കണ്ടു. ഒന്ന് ക്ഷേത്രത്തിന് മുന്നിൽ തന്നെയായിരുന്നു. രണ്ടു ചതുര ആകൃതിയിലുള്ള കുളങ്ങൾ, സ്വരസ്വതിയെന്നും ലക്ഷ്മിയെന്നുമാണ് നാമങ്ങൾ. ജീവിതത്തിൽ ഇത് വരെ ചെയ്ത മോശം കർമങ്ങളെല്ലാം ആദ്യത്തെ കുളത്തിൽ ഇറങ്ങി മുങ്ങി കുളിച്ചാൽ ശുദ്ധീകരിക്കപ്പെടും. രണ്ടാമത്തെ കുളത്തിൽ ഇറങ്ങുന്നതോടെ പരിശുദ്ധിയോടെ പുറത്തു വരുകയും ചെയ്യാം. ആ തണുപ്പിലും വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ആ കുളങ്ങളിൽ മോക്ഷം തേടി മുങ്ങി പൊങ്ങുന്നുണ്ട്. മറ്റൊന്ന് ക്ഷേത്രത്തിന് ചുറ്റുമുള്ള 108 പൈപ്പുകളാണ്. ഒറ്റ നോട്ടത്തിൽ സാധാരണ ഒരു പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നതായി തോന്നുമെങ്കിലും ഒരു കാളയുടെ വാ തുറന്നിട്ടുള്ള മുഖമാണത്. അതിലൂടെയാണ് വെള്ളം ഒഴുകി വരുന്നത്. പുണ്യനദിയായ കാളിഗന്ധകിയിൽ നിന്നുമുള്ള ശ്രേഷ്ഠ ജലമാണ് ഈ പൈപ്പുകളിലൂടെ വരുന്നത്.
ആളുകൾ പൈപ്പിന് ചുവടെ നടന്ന് ശരീരത്തിൽ വെള്ളം നനക്കുകയും കുപ്പികളിൽ ആ വെള്ളം നിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യമായാണ് ഇത് പോലെയുള്ള ആചാരങ്ങൾ കാണുന്നത്. അല്ലെങ്കിലും ഓരോ കാഴ്ചയും പുതിയതാണല്ലോ. ബുദ്ധമത വിശ്വാസികൾക്ക് മറ്റൊരു ഐതീഹ്യമാണ് പറയാനുള്ളത്. ടിബറ്റൻ ബുദ്ധിസത്തിന്റെ ഉപജ്ഞാതാവായ ഗുരു റിംപോച്ചെ പന്ത്രണ്ടാം നൂറ്റാണ്ടിൽ ടിബറ്റിലേക്ക് പോവുന്ന യാത്രയിൽ ഇവിടെ തപസ്സിരിക്കുകയുണ്ടായി, ഈ തപസ്സിനിടയിലാണ് അദ്ദേഹം ജീവിത മുഴുവനും വേണ്ട ആത്മീയ ജ്ഞാനം നേടിയെടുക്കുന്നത്. ഈ നടത്തത്തിനിടയിൽ എന്റെ സഹ യാത്രികൻ നിദാലിനെ കാണാതെയായി. എന്തായാലും ബസ് സ്റ്റാൻഡിൽ വെച്ച് കാണാമല്ലോ. അവനും ഇതെല്ലാം കണ്ട് എവിടെയെങ്കിലും നടക്കുന്നുണ്ടാവും എന്നെനിക്കുറപ്പാണ്. അതു കൊണ്ട് അധികം നേരം അവനെ തിരയാൻ ശ്രമിച്ചില്ല. ക്ഷേത സന്നിധിയിൽ അൽപ നേരം ചിലവഴിച്ച ശേഷം താഴേക്ക് നടന്നു.
ഇടത് ഭാഗത്തേക്ക് ദ്വലാമാബാർ ഗോമ്പ എന്നാരു ബോർഡ് കണ്ടപ്പോൾ അങ്ങോട്ടേക്ക് നടന്നു. ഒരു വലിയ ബുദ്ധ പ്രതിമയാണ് അവിടെ. എത്തുമ്പോൾ ബുദ്ധ പ്രതിമക്ക് മുന്നിൽ നിന്നും ഫോട്ടോ എടുക്കാൻ കാത്ത് നിൽക്കുന്ന കുറെ ആളുകളെയാണ് കണ്ടത്.ആരെയും ബുദ്ധ മത വിശ്വാസികളായി തോന്നിയില്ല. ബുദ്ധനെ മാത്രമായി എനിക്കൊന്നു കാണാൻ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. അൽപ സമയം കഴിഞ്ഞു പുതിയ വഴികളിലൂടെ താഴേക്ക്. എത്തിപ്പെട്ടത് ഒരു ചെറിയ ബുദ്ധ ക്ഷേത്രത്തിൽ. പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഒരു വൃദ്ധയായ ബുദ്ധ സന്യാസിനിയെയാണ് അവിടെ കണ്ടത്.
താഴേക്കുള്ള നടത്തിത്തിൽ വിശാലമായ അന്നപൂർണ ഹിമാലയൻ പർവത നിരകൾ കാണാം. എനിക്ക് എല്ലാം കാണണമായിരുന്നു. ഒന്നും തന്നെ ഒഴിവാക്കാതെ നടന്നു. കുതിരപ്പുറത്തു നടന്നു പോവുന്ന കുറെ ആളുകൾ ഉണ്ടായിരുന്നു. നിരപ്പായ ഭാഗത്ത് എത്തിയപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരെ കണ്ടു. ഈ തണുപ്പിലും ഹവായ് ചെരുപ്പിട്ട് നടന്നു കയറുകയാണ് വൃദ്ധരായ ആ വലിയ സംഘം. അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ചു. ഞാൻ മലയാളി ആണെന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സന്തോഷം. കൂടെയുള്ള മറ്റ് കുറച്ചു തീർത്ഥാടകരെയും എനിക്ക് പരിചയപ്പെടുത്തി. അവർക്ക് ക്ഷേത്രത്തിന്റെ വകയുള്ള സത്രം എവിടെയെന്ന് അറിയണം. എനിക്കാണെങ്കിൽ അത് അറിയില്ലതാനും.
നടന്നു അവസാനം ബസ് കയറാനുള്ള ഭാഗത്തു എത്തിയപ്പോൾ നിദാൽ അവിടെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുത്ത ശേഷം ചൂടോടെ ഓരോ ചായയും കുടിച്ച് ബസിനായുള്ള കാത്തു നിൽപ്പ് തുടങ്ങി. 6.30 ആയപ്പോൾ ബസു വന്നു. 7.40 ആയപ്പോഴേക്കും ജോംസോം ബസ് സ്റ്റാൻഡിൽ എത്തി. താമസം അങ്ങ് മർഫ വില്ലേജിൽ ആയത് ഒരു വലിയ വിഡ്ഢിത്തം ആയി അപ്പോഴാണ് തോന്നിയത്. ഇനി ഒരു വണ്ടിയും കിട്ടാൻ വഴിയില്ല. "ജാങ്കോ ഞങ്ങൾ പെട്ടു" എന്ന അവസ്ഥ !!! കുറെ നടന്നതിനാൽ നല്ല ക്ഷീണം ഉണ്ട്. എന്ത് കാര്യം, ആരോട് വിഷമം പറയാൻ.
ഏകദേശം ഒന്നര മണിക്കൂർ വിജനമായ വഴികളിലൂടെ ഞങ്ങൾ നടന്നു, വല്ലാതെ തളർന്നു തുടങ്ങിയപ്പോൾ റോഡിൻെറ വശത്തു കണ്ട കല്ലിൽ കയറിയിരുന്ന് വിശ്രമിക്കുമ്പോൾ അതാ ഒരു ലോറി.. കൈ കാണിക്കാൻ തീരുമാനിച്ചു. ഡ്രൈവർ നിർത്തി തന്നാൽ ഒരു ഫ്രീ യാത്ര കിട്ടുമല്ലോ. ഭാഗ്യം ഞങ്ങളെ തുണച്ചു. അയാൾ വണ്ടി നിർത്തി. മുപ്പര് താഴെ പൊഖ്റ വരെ പോവുകയാണ്. തിരിച്ചു വരുമ്പോൾ ഈ നാട്ടുകാർക്ക് വേണ്ട സാധനങ്ങളുമായി വരും.
റോഡിനെ പൊടിയിൽ പുതപ്പിച്ച് മർഫയുടെ വാതിൽക്കൽ വണ്ടി നിർത്തി. ഇറങ്ങാൻ നേരം ഒരാൾക്ക് 100 നേപ്പാളി റുപ്പീസ് വീതം ചോദിച്ചു. ലോറിയിൽ ഫ്രീ യാത്ര കിട്ടാൻ ഇത് ഇന്ത്യയല്ലല്ലോ എന്ന് ഓർത്തു ചാടിയിറങ്ങി !! മുക്തി തേടി പോയ യാത്രക്ക് ശേഷം വീണ്ടും സുന്ദരിയായ മർഫയിലേക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.