ബ്രഹ്മഗിരിക്കാട്ടിലെ തിരുനെല്ലിക്കഥകൾ

കോട്ടകെട്ടിയപോലെ നിൽക്കുന്ന ബ്രഹ്മഗിരി മലനിരകൾക്ക് നടുവിൽ ചെറിയ കുന്ന്. ആ കുന്നിൻ മുകളിലാണ് ചരിത്രം രേഖപ്പെടുത്തുന്നതിനും മുമ്പേ ഉത്ഭവം കൊണ്ട തിരുനെല്ലി ക്ഷേത്രം. വയനാട് വന്യജീവി സങ്കേതത്തിലെ ഘോരവനത്തോളം പോന്ന നിഗൂഢതകൾ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്.
തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്ര വനത്തിലേക്കും കഥകളുടെ മായാലോകത്തേക്കുമുള്ള യാത്രകൂടിയാണ്. കാട്ടിക്കുളത്ത് നിന്നും വനത്തിലൂടെ വളഞ്ഞ്പുളഞ്ഞ് പോകുന്ന വഴി ഏതൊരു യാത്രികനേയും വശീകരിക്കും. വഴിയരികിൽ കൂറ്റൻ മരങ്ങൾ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്നുണ്ടാകും.

കൂട്ടംകൂട്ടമായി മാനുകൾ റോഡരികിലെ പച്ചപ്പിൽ മേയുന്നത് കാണാം. വാഹനം കടന്ന് പോകുമ്പോൾ ചിലത് തല ഉയർത്തിനോക്കും. പിന്നെയും തീറ്റ തുടരും. മുളങ്കാടുകൾക്കിടയിൽ നിൽക്കുന്ന ഗജവീരൻമാരേയും കണ്ടെന്ന് വരാം. അധികം തിരക്കില്ലാത്തതും വലിയ കുഴികൾ ഇല്ലാത്തതുമായ റോഡ് യാത്രക്കാരനെ ഒരിക്കലും മടുപ്പിക്കില്ല. അതിരാവിലെ ഈ വഴിപോയാൽ റോഡരികിൽ നിറയെ വന്യജീവികളെ കാണാം. കൂടെ നല്ല തണുപ്പും മഞ്ഞും അനുഭവിക്കാം. മാനന്തവാടി- മൈസൂർ റൂട്ടിലാണ് കാട്ടിക്കുളം. അവിടെ നിന്നും തിരുനെല്ലിയിലേക്ക് തിരിഞ്ഞ് പോണം. വഴിയരികിലങ്ങിങ്ങായി ചെറിയ ആദിവാസി കുടിലുകൾ. ഒരു കൈയിൽ വടിയും മറുകൈയിൽ മുറുക്കാൻ പൊതിയുമായി റോഡരികിൽ ആദിവാസികൾ കാലികളെ മേയ്ക്കുന്നു. ചിലർ വനത്തിൽ നിന്നും വിറകുമായി കുടിലുകളിലേക്ക് പോകുന്നു. കനത്തു പെയ്ത മഴയുടെ ബാക്കിയെന്നോണം റോഡിൽ ചിലയിടങ്ങളിൽ മണ്ണ് ഇടിഞ്ഞു കിടക്കുന്നുണ്ട്.

തിരുനെല്ലിയിലേക്കുള്ള വഴി

വയനാട് വന്യജീവി സങ്കേതത്തിൽ പെടുന്നതാണ് ബ്രഹ്മഗിരി മലനിരകൾ. ബ്രഹ്മാവി​​​​െൻറ സാന്നിധ്യമുള്ളതിനാലാണ് ഈ മലകൾക്ക് ബ്രഹ്മഗിരിയെന്ന് പേരുവന്നതെന്ന് പറയപ്പെടുന്നു. വിശ്വാസവും ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കുഴഞ്ഞ് കിടക്കുന്ന ദേശമാണ് തിരുനെല്ലി. ദക്ഷിണകാശി, ദക്ഷിണ ഗയ എന്നൊക്കെ അറിയപ്പെടുന്ന തിരുനെല്ലി വലിയൊരു പട്ടണമായിരുന്നു. പട്ടണത്തോട് ചേർന്ന് നിരവധി ഗ്രാമങ്ങളും ഇവിടെയുണ്ടായിരുന്നു. അജ്ഞാതമായ എന്തൊക്കെയോ കാരണത്താൽ ഇവിടയുണ്ടായിരുന്ന പട്ടണം തകർന്നു. ഗ്രാമങ്ങൾ ഉപേക്ഷിക്കപ്പെട്ടു. പിന്നീടെപ്പോളോ തീർഥാടകരായ സന്യാസിമാർ വഴിതെറ്റി ഇവിടെ എത്തുകയും ഇവിടെയുള്ള നെല്ലിമരത്തിൽ നിന്നും നെല്ലിക്ക പറിച്ച് തിന്ന് വിശപ്പകറ്റുകയും ചെയ്തു. ഈ സമയത്ത് ഇവിടെ ത്രിമൂർത്തികളുടെ സാന്നിധ്യമുള്ളതായി അശരീരി കേട്ടുവത്രെ. ധാരാളം നെല്ലികളുള്ള ഈ സ്ഥലം അങ്ങനെ തിരുനെല്ലി എന്ന് അറിയപ്പെടാൻ തുടങ്ങി.

ഏതോ കാലത്ത് തിരുനെല്ലിയിൽ ബ്രഹ്മാവ് ക്ഷേത്രം നിർമിച്ച് ശിവനെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. പ്രതാപകാലം നഷ്ടപ്പെട്ട് കാട് പിടിച്ചുകിടന്ന ക്ഷേത്രം പിന്നീട് പുനരുദ്ധരിച്ചതാണ്​. കേരളത്തിലേയും കർണാടകത്തിലേയും പല രാജാക്കൻമാരുടേയും നിത്യസന്ദർശനകേന്ദ്രമായിരുന്നു തിരുനെല്ലി. ക്ഷേത്രത്തിലെ പ്രധാന ആകർഷണമായ വിളക്കുമാടത്തി​​​​െൻറ നിർമാണം കുടകിലെ രാജാവാണ് ആരംഭിച്ചതെന്ന് കരുതുന്നു. ആറടിയിലധികം നീളമുള്ള കരിങ്കൽ പലകകൾ ഉപയോഗിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്. ചാന്തോ മറ്റെന്തെങ്കിലും മിശ്രിതമോ കൂടാതെ കല്ലുകൾ ഓരോന്നായി അടുക്കിവെച്ചാണ് നിർമാണം. എന്നാൽ കോട്ടയം രാജവംശത്തി​​​​െൻറ കീഴിലുള്ള ക്ഷേത്രത്തിൽ കുടക് രാജാവ് നിർമാണം നടത്തിയത് കോട്ടയം രാജാവിെന ചൊടിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് കോട്ടയം രാജാവ് ഉത്തരവിറക്കി. ഇതോടെ വിളക്കുമാടത്തി​​​​െൻറ നിർമാണം ഉപേക്ഷിക്കപ്പെട്ടു. വിളക്കുമാടത്തി​​​​െൻറ നിർമാണത്തിനുപയോഗിച്ചിരിക്കുന്ന ഓരോ കല്ലും ഓരോ ശിൽപ്പങ്ങളായി തന്നെ പരിഗണിക്കേണ്ടി വരും. അത്രമാത്രം വൈദഗ്​ധ്യത്തോടെയാണ് കൊത്തുപണികൾ ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിലേക്ക് വെള്ളമെത്തിക്കുന്ന കൽപ്പാത്തി

കിണറില്ലാത്ത ക്ഷേത്രത്തിൽ പൂജക്കും മറ്റും ഉപയോഗിക്കുന്നതിന് ആവശ്യത്തിന് ജലം ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിൽ തൊഴാൻ വന്ന ഉന്നതകുലജാതയായ സ്ത്രീ ദാഹിച്ചപ്പോൾ അവിടെയുണ്ടായിരുന്ന പൂജാരിയോട് അൽപ്പം െവള്ളം ചോദിച്ചു. അവർക്ക് കുടിക്കാൻ വെള്ളം നൽകാൻ സാധിക്കാതെ വന്ന പൂജാരി ത​​​​െൻറ നിസ്സഹായാവസ്ഥ ആ സ്ത്രീയോട് പറഞ്ഞു. ഉടൻ തന്നെ ക്ഷേത്രത്തിൽ വെള്ളമെത്തിക്കാനുള്ള സംവിധാനം ചെയ്യാൻ അവർ കൽപ്പിച്ചു. തുടർന്ന് മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ കൽപ്പാത്തി നിർമിച്ച് വനത്തിനുള്ളിൽ നിന്നും വെള്ളം ക്ഷേത്രത്തിലേക്കെത്തിച്ചു. കൽത്തൂണുകൾ നാട്ടി അതിന് മുകളിലാണ് കൽപ്പാത്തികൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്നും ഏത് കൊടിയ വേനലിലും ഈ കൽപ്പാത്തിയിലൂടെ ക്ഷേത്രത്തിലേക്ക് വെള്ളമെത്തുന്നു.
ക്ഷേത്രത്തി​​​​െൻറ പുറക് വശത്തായുള്ള പടവുകളിറങ്ങിയാൽ തീർഥക്കുളത്തിന് സമീപമാണ് ചെന്നെത്തുക. തീര്‍ത്ഥക്കുളത്തിന് മധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടികൾ വിഷ്ണുവി​​​​െൻറ തൃപ്പാദങ്ങളെ പ്രതീകാത്മകമായി കൊത്തിവെച്ചിരിക്കുന്നു. ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. വിസ്തൃതമായ തടാകത്തില്‍ അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ വെവ്വേറെ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കുളം മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളു.

വിളക്കുമാടം

പിതൃമോക്ഷപ്രാപ്തിക്കായി ബലിയിടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരുനെല്ലി. കർക്കിടക വാവിന് തിരുനെല്ലി ജനനിബിഡമാകും. ക്ഷേത്രത്തോട് ചേർന്നൊഴുകുന്ന പാപനാശിനിയിലാണ് പിതൃകർമം ചെയ്യാറ്. സകല പാപങ്ങളേയും മോചിക്കാൻ പാപനാശിനിയിലെ ജലത്തിന് സാധിക്കുമെന്നാണ് വിശ്വാസം. മഴക്കാലത്ത് മാത്രം സജീവമാകുന്ന, വേനലാകുന്നതോടെ നീരൊഴുക്ക് ഏറെക്കുറെ നിലക്കുന്ന അരുവിയാണ് പാപനാശിനി. വനത്തിനുള്ളിലെവിടെ നിന്നോ ഉത്ഭവിക്കുന്ന അരുവിലെ വെള്ളത്തിന് നല്ല തണുപ്പ്​. ഉരുളൻ കല്ലുകൾ നിറഞ്ഞുകിടക്കുന്ന വഴിയിലൂടെ വേണം പാപനാശിനിയുടെ അടുത്തെത്താൻ. കല്ലുകൾക്ക് മുകളിൽ കുറേ കുരങ്ങൻമാർ പേൻ നോക്കിയിരിക്കുന്നു. മരത്തിൽ നിന്ന് ചാഞ്ഞുകിടക്കുന്ന കൊമ്പുകളിലൂടെ കുട്ടിക്കരണം മറിയുന്നു. ആളുകൾ വരുന്നതും പോകുന്നതുമൊന്നും വാനരക്കൂട്ടം തെല്ലും വകവെക്കുന്നതുമില്ല.

പത്മതീർഥക്കുളം

പാപനാശിനിക്ക് സമീപത്തായാണ് ഗുണ്ഡിക ക്ഷേത്രം. ഇവിടെയുള്ള ചെറിയ ഗുഹയിൽ പരമേശ്വരൻ വസിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. കൽവിളക്കും വിഗ്രഹങ്ങളും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചിരിക്കുന്ന കല്ലുകളും കാണാം. ഗുഹയുടെ അടുത്തായുള്ള ചെറിയ കുഴിയിൽ കണ്ണീർ പോലുള്ള വെള്ളം. വനത്തി​​​​െൻറ വന്യതയും ശാന്തതയും അവിടെയെങ്ങും പരിലസിക്കുന്നുണ്ട്. ഇടക്കിടക്ക് വരുന്ന കാറ്റ് വള്ളികളിലും ഇലത്തലപ്പുകളിലും ഊഞ്ഞാലാടി പോകുന്നു. കാടി​​​​െൻറ വന്യമായ ശാന്തതയിൽ ഇരിക്കുമ്പോൾ സമയം പോകുന്നത് അറിഞ്ഞതേയില്ല. എല്ലാ വ്യാകുലതകളെയും മറന്ന് ബ്രഹ്മത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ഇരിക്കാൻ പറ്റിയ അപൂർവ ഇടമാണ് തിരുെനല്ലി. പാപനാശിനിയുെട കളകളാരവവും കാറ്റും വൻമരങ്ങളുടെ തണലും വാനരസംഘത്തി​​​​െൻറ ലീലാവിലാസങ്ങളും ആ അന്തരീക്ഷത്തിന് മാറ്റ് കൂട്ടുന്നു.

പാപനാശിനിയിലേക്കുള്ള വഴി

തിരുനെല്ലിയിലെ ഓരോ കല്ലുകൾക്കും മരങ്ങൾക്കും പുൽക്കൊടിത്തുമ്പിനും ഓരോ കഥ പറയാനുണ്ടാകും. പാപനാശിനിയിലേക്ക് ഇറങ്ങിപ്പോകുന്ന പടിക്കെട്ടുകളിൽ വ്യക്തികളുടെ പേരുകൾ എഴുതി വെച്ചിരിക്കുന്നു. ആ ആളുടെ സ്മരണാർഥം കുടുംബക്കാർ നൽകിയതാകാം പടിക്കെട്ടുകൾ. ഓരോ പടിയും ചവിട്ടുമ്പോൾ ഓരോ ജൻമങ്ങളും അവരുടെ കഥകളും താണ്ടുകയാണ്. വിശ്വാസവും ചരിത്രവും കൂടിക്കുഴഞ്ഞ കഥകളിൽ ഏറിയ പങ്കും കാലഹരണപ്പെട്ടുപോയി. മറ്റ് പല ഉപക്ഷേത്രങ്ങളുമായും തിരുനെല്ലിയിലെ കഥകൾ കെട്ടുപിണഞ്ഞ് കിടക്കുന്നു. കൊട്ടിയൂർ ഉത്സവത്തിന് മുന്നോടിയായി തിരുനെല്ലിയിൽ നിന്നും ഭൂതത്തെ പറഞ്ഞയക്കൽ എന്നൊരു ചടങ്ങ് നടത്തി വരുന്നു. തിരുനെല്ലി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകൾ തേടിപ്പോയാൽ ബ്രഹ്മഗിരിമലനിരകളിലെ കൊടുങ്കാട്ടിൽ വഴി തെറ്റിപ്പോകുന്ന സ്ഥിതിയാകും. എത്ര സഞ്ചരിച്ചാലും പിന്നെയും ദൂരം കൂടിക്കൂടി വരും. ശാന്തതയും വന്യതയും പ്രകൃതി ഭംഗിയും പരിലസിക്കുന്ന ഇവിടം അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടെന്ന് തോന്നിയാൽ തെല്ലും അതിശയോക്തിയില്ല.

പാപനാശിനി

തിരുനെല്ലി കുന്നിറങ്ങി വലത്തേക്കുള്ള വഴിക്ക് തിരിച്ചു. കാളിന്ദി പുഴയായിരുന്നു ലക്ഷ്യം. ചെറിയ ടാറിട്ട റോഡിൽ നിന്നും കല്ലുകൾ നിറഞ്ഞ മൺപാതയിലേക്കിറങ്ങി. കുത്തനെയുള്ള ഇറക്കത്തിലൂടെ നന്നെ ബുദ്ധിമുട്ടിയാണ് ബൈക്ക് ഓടിച്ചത്. പുഴയുടെ തീരത്തായി വഴി അവസാനിച്ചു. പുഴയുടെ സമീപത്ത് ജലവകുപ്പി​​​​െൻറ ഓഫീസ് പ്രവർത്തിക്കുന്നു. ശാന്തമായി ഒഴുകി വരുന്ന കാളിന്ദിയെ ചെറിയൊരു തടയണ കെട്ടി തടഞ്ഞ് നിർത്തിയിട്ടുണ്ട്. ലാസ്യഭാവത്തിൽ ഒഴുകിയെത്തുന്ന കാളിന്ദി തടയണ മുകളിലൂടെ കുത്തിയൊഴുകുന്നു.

ഗൂണ്ഡിക ക്ഷേത്രം

സ്ഫടികം പോലുള്ള വെള്ളത്തിനടിയിൽ സ്വർണ നിറമുള്ള ഉരുളൻ കല്ലുകൾ പാകിവെച്ചിരിക്കുന്നു. കല്ലുകൾക്ക് മുകളിലൂടെ പല നിറത്തിലുള്ള ചെറുമീനുകൾ പുളച്ചു നടക്കുന്നു. പുഴയുടെ ഓരത്തുള്ള കല്ലുകൾക്ക് വെളുത്ത നിറമാണ്. പുഴയുടെ മറുകര കാടാണ്. വൻമരങ്ങളും വള്ളിത്തലപ്പുകളും കാണ്ണാടിവെള്ളത്തിൽ മുഖംനോക്കി നിൽക്കുന്നു. മഹാഭാരതത്തിൽ യമുന നദിയാണ് കാളിന്ദി എന്ന് വിളിക്കപ്പെടുന്നത്. യമുന നദി ഒഴുകുന്നത് ഉത്തരേന്ത്യയിലാണ്. പിന്നെങ്ങനെയാണ് തിരുനെല്ലിയിലും കാളിന്ദി വന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല.

കാളിന്ദി

മഹാഭാരതത്തിലേയും രാമായണത്തിലേയും പല സ്ഥലങ്ങളും വയനാട്ടിലുണ്ട്. പൊൻ കുഴിയിലെ കണ്ണീർ തടകവും ശിശുമലയും പുൽപ്പള്ളിയുമെല്ലാം ഇങ്ങനെ പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. അങ്ങനെയുള്ള വയനാട്ടിൽ കാളിന്ദി വന്നുവെങ്കിൽ അതിൽ അതിശയിക്കാനുമില്ല. മനസ്സിനെപ്പോലും തണുപ്പിക്കാൻ പോന്ന വെള്ളത്തിൽ കാലും മുഖവും കഴുകിയ അൽപ്പനേരം പുഴയോരത്തിരുന്ന ശേഷം മടങ്ങാൻ തീരുമാനിച്ചു. വളഞ്ഞ വഴികളിലൂടെ മടക്കയാത്ര തുടങ്ങുമ്പോൾ പിന്നിൽ കേട്ടാലും കേട്ടാലും മതിവരാത്തത്രയും കഥകളുമായി തിരുനെല്ലി ധ്യാനാത്മകമായി നിൽക്കുന്നുണ്ടായിരുന്നു.

കാളിന്ദി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.