അയാൾക്കൊപ്പമാണ് ആ മഞ്ഞുകാലത്ത് ഇസബെല്‍ മേയുടെ ഓർമകള്‍ പൂത്തു നിൽക്കുന്ന മലനിരകളിലേക്ക് യാത്രപോവുന്നത്. ഏറെ വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ദൂര യാത്ര. എത്രയോ നാടുകള്‍ കടന്നു പോയിട്ടുണ്ടെങ്കിലും അത്രയുംകാലത്തെ യാത്രകള്‍പോലെ ആയിരുന്നില്ലത്. പ്രണയ മന്ദാരങ്ങള്‍ പൂത്തുനിൽക്കുന്ന വിശ്വാസങ്ങളുടെ ചൂടന്‍ കുപ്പായം അയാള്‍ എനിക്കുമീതെ പുതപ്പിച്ചിരുന്നു.
സ്നേഹരാഹിത്യങ്ങള്‍ തരിശാക്കി തീർത്ത ജീവിതത്തിലേക്ക് ഭദ്രമായ സ്നേഹത്തിെൻറ ഇലയുടുപ്പുകളും കരുതലിെൻറ പുരുഷ ഗന്ധവുമായ് അയാള്‍ കടന്നു വരുമ്പോള്‍ ഇയാള്‍ എക്കാലത്തേക്കും എെൻറ ആത്മാവിെൻറ നിശ്വാസങ്ങളെ മുറിപ്പെടുത്താതെ കാത്തുസൂക്ഷിക്കുമെന്ന വിശ്വാസം ജീവിതത്തെ അതിെൻറ ഉന്മാദങ്ങളുടെ വിഭിന്ന നിറമുള്ള ആകാശങ്ങളിലേക്ക് എടുത്തുയർത്തിയിരുന്നു.
പുലർകാലം ഞങ്ങൾക്കുമീതെ കുങ്കുമം പൊഴിച്ചിരുന്നു. ചാറ്റൽമഴത്തുള്ളികള്‍ പുൽനാമ്പുകളില് സ്ഫടിക ഭാരമായി നിഴലിച്ചിരുന്നു. കുളവാഴകൾക്കിടയില്നിന്നും കുളക്കോഴികള്‍ തലനീട്ടി തുടങ്ങിയിരുന്നു. തോണികളുടെ കെട്ടഴിച്ച് വെള്ളത്തിലേക്ക് നിരക്കിയിറക്കി തുടങ്ങിയിരുന്നു. പായല്‍ പച്ചകളെ വകഞ്ഞു മാറ്റിക്കൊണ്ട് ടൂറിസ്റ്റ് ബോട്ടുകള്‍ നീങ്ങിത്തുടങ്ങിയിരുന്നു. പ്രകൃതിക്ക്, ഈ പുഴക്ക്, കായലിന് ഭൂതകാല വിഷാദങ്ങളെ മുഴുവന്‍ ഒറ്റചിറകില്‍ എടുത്തുയർത്തി മേഘങ്ങളിലേക്ക് കുടഞ്ഞെറിയാന്‍ മാത്രമുള്ള വിസ്മയിപ്പിക്കുന്ന സൗന്ദര്യമുണ്ടെന്നു തോന്നി. കായലുകൾക്കും പുഴകൾക്കും അഭിമുഖമായി നിലകൊള്ളുന്ന താമസസ്ഥലത്തെ കണ്ണാടിവീട്ടിലെ ജാലകവിരികള്‍ നീക്കി ഞാന്‍ പുറത്തേക്കുനോക്കി.
എന്നെ കാത്തുനിൽക്കുന്നതെന്ന പോലെ തലയാട്ടി വരവേൽക്കുന്ന മരങ്ങള്‍, പല നിറങ്ങളില്‍ പൂക്കളുടെ താലമേന്തി പച്ചിലക്കാടുകള്‍, ദൂരെ കടലിരമ്പം. കാലാവസ്ഥ മാറിയതു കൊണ്ടാവണം ചെറുചൂട് വന്നുതുടങ്ങി നെറ്റിയില്‍ അവന് കോട്ടന്‍ നനച്ചിട്ടു. മുറിയിലെ കെറ്റലില്‍ ഉണ്ടാക്കിയ ചൂടുവെള്ളത്തില്‍ കാപ്പി ഉണ്ടാക്കിത്തന്നു. അവനെെൻറ അഴിഞ്ഞു കിടക്കുന്ന മുടിയില്‍ തലോടി.
"നീയുള്ളപ്പോള്‍ എല്ലാം സുന്ദരമാണ്... സന്തോഷമല്ലാതെ മറ്റൊന്നും ബാക്കിയാവുന്നില്ല." എനിക്കെന്തോ കണ്ണുകള്‍ നിറഞ്ഞു വന്നു. ചൂട് കാപ്പിയുടെ ആവി വീണെന്ന പോലെ എെൻറ കണ്ണുകള്‍ നീറി. ഭൂതകാലം ഒരു മുള്ളൻപന്നിയെ പോലെ എനിക്ക് മീതെ മുള്ളുകള്‍ തെറിപ്പിച്ചു, കുത്തി നോവിച്ചു. അനാഥമായി പനിച്ചുകിടന്ന രാത്രികള്‍. ആരും ചേർത്തു പിടിക്കാനില്ലാത്ത ഹോസ്റ്റൽ മുറികൾ, നഗര ജീവിതങ്ങള്‍. എല്ലാവരും ഉണ്ടെന്ന് ലോകം മൊത്തം ആണയിട്ടു പറയുമ്പോഴും ആരുമില്ലെന്ന് തീർച്ചപ്പെടുത്തിയ ആശുപത്രി ദിവസങ്ങള്‍. മരണത്തെ മുഖാമുഖം കണ്ട എത്രയോ ദിവസങ്ങള്‍. ചുമച്ചും കരഞ്ഞും പനി ശരീരത്തെ പൊള്ളിക്കുമ്പോള്‍ അമ്മയെ ഓർത്തു കരഞ്ഞ ഗൃഹാതുരതകള്‍.
"വയ്യെങ്കില്‍ കടല്‍ കാണാന്‍ ഇന്നു പോേകണ്ട ''. അവന് നെറ്റിയില്‍ തലോടി അഴിഞ്ഞു കിടന്ന മുടി ഒതുക്കിവെച്ചു.
"പോണം", പാതി കുടിച്ച കാപ്പിയുടെ കപ്പു ഞാനവനുനേരെ നീട്ടി. മറുത്തൊന്നും പറയാതെ പാതി കുടിച്ച കാപ്പി കോപ്പ അവന് ചുണ്ടോടുചേർത്തു. കടലിനോട്, മലകളോട്, മഴയോട്, നിറങ്ങളോട് എനിക്കുള്ള ഭ്രമങ്ങള്‍ അവനോളം ആരറിഞ്ഞു. പുറത്തിറങ്ങും മുേമ്പ വീണ്ടും അവന് പ്രണയത്തിെൻറ ഗന്ധമുള്ള ആ ചൂടുകുപ്പായം എനിക്കു മീതേക്ക് വിരിച്ചിട്ടു. നെറുകയില്‍ ഉമ്മവെച്ചു. നെറുകയില്‍ അവന് തരുന്ന ചുംബനത്തോളം മറ്റൊന്നും ഈ ലോകത്തെന്നെ സുരക്ഷിതയാക്കിയിരുന്നില്ല. സുരക്ഷിതമായ അഭയകേന്ദ്രം ഒരുകാലത്തും എനിക്ക് സ്വന്തമായിരുന്നില്ല എന്നതുകൊണ്ടാവും ജീവിതത്തിെൻറ ഏറ്റത്തിലും ഇറക്കത്തിലും കരുതലിെൻറ തണുപ്പുള്ള ആ വിരലുകളെ മുറുകെ പിടിച്ചത്.
"ഇവനോ''? എന്ന സംശയത്തിെൻറ സൂചിമുനകള്‍ നീണ്ടു വരുമ്പോള്‍ " അതെ ഇവന് തന്നെ '' എന്ന് നിസ്സംശയം ആ ചോദ്യങ്ങളുടെ കൊക്ക് പിളർത്തിക്കളഞ്ഞത്. പുറത്ത് സജി ചേട്ടന് കാത്തു നിന്നിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇരുള് വീണുതുടങ്ങിയ മണല്‍പരപ്പുകളിലൂടെ കടൽക്കരയിലേക്ക് നടന്നു. ചുറ്റും കടല്‍ കാണാന്‍ വന്നവരുടെ ഇരമ്പല്‍ ദൂരെ നിന്നും ചീറി അടുക്കുന്ന തിരകളെക്കാള്‍ ഉയർന്നു കേൾക്കാമായിരുന്നു. ചുറ്റും മിഠായി വിൽപനക്കാരുടെ, ചായ വിൽപനക്കാരുടെ കൈനീട്ടലുകള്. സന്ധ്യ മുറുകി തുടങ്ങിയിരുന്നു. മണൽപരപ്പിൽ സന്ധ്യ പെയ്തു തുടങ്ങിയ കടൽനിറങ്ങളിലേക്ക് കണ്ണുപായിച്ച് ഞങ്ങള്‍ ഇരുന്നു.
എത്രയെത്ര അപരിചിത മുഖങ്ങളാണ് ചുറ്റിലും... ഇവരിലൊക്കെ എത്രയെത്ര ജീവിതങ്ങള്‍... എത്രയെത്ര സന്തോഷങ്ങള്‍... സന്താപങ്ങള്‍... ഓരോ മുഖങ്ങൾക്കു പിന്നിലും നമ്മളറിയാത്ത എത്രയെത്ര കഥകള്‍... അടുത്തുള്ള തട്ടുകടക്കാരന് ഞങ്ങളെ ചുറ്റിപ്പറ്റി കുറേവട്ടം നടന്നു. വറുത്ത കല്ലുമ്മക്കായ ഇട്ടുണ്ടാക്കിയ കപ്പയുടെ രുചി പറഞ്ഞു കൊതിപ്പിച്ചു. വാഴയിലയില്‍ പൊതിഞ്ഞ പല പല വിഭവങ്ങള്‍ വാങ്ങി കടല്‍ കാറ്റിെൻറ തണുപ്പ് അറിഞ്ഞുകൊണ്ട് മത്സരിച്ചു കഴിച്ചു തീർത്തു. കടയിലെ പ്രായമായ മനുഷ്യനൊപ്പം ചേർന്നുനിന്ന് ഫോട്ടോ എടുത്തു. "ഇനിയും വരണം". അയാളുടെ ചിരിയില്‍ ഗ്രാമത്തിെൻറ നിഷ്കളങ്കത തൂവി വീഴുന്ന നിലാവുപോലെ കാണാമായിരുന്നു.
മടക്കയാത്രയില്‍ കണ്ടു അടുത്തുള്ള അമ്പലത്തിലേക്കുള്ള ഘോഷയാത്ര. അവെൻറ കൈയില്‍ അനുവാദത്തിനെന്നപോലെ ഞാന്‍ മുറുകെ പിടിച്ചു. മുഖത്തേക്ക് ഒരു നിമിഷം തന്നെ നോക്കിനിന്ന് കഴുത്തിനു കീഴേക്ക് വീണുകിടന്ന മഫ്ലര്കൊണ്ട് ചെവി മൂടിക്കെട്ടിത്തന്ന് ചേർത്തു പിടിച്ചുകൊണ്ട് ആൾക്കൂട്ടങ്ങൾക്കു നടുവിലൂടെ.
ചുറ്റും വളക്കച്ചവടക്കാര്‍... പൂ വിൽപനക്കാര്... മലരും മധുരവും വിൽക്കുന്നവർ. ചുറ്റും നിറയുന്ന നെയ്യിെൻറയും കർപ്പൂരത്തിെൻറയും ചന്ദനത്തിരിയുടെയും ഗന്ധം. അമ്പലത്തോടു ചേർന്നുള്ള ഹാളില്‍നിന്നും ഭരതനാട്യ സംഗീതത്തിെൻറ നാദം. ആവിയില്‍ പുഴുങ്ങിയ ചോളം കഴിച്ചുകൊണ്ട് ബഹളങ്ങൾക്കിടയിലൂടെ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ അവിടെനിന്ന് പുറത്തുകടന്നു.
തൊട്ടടുത്തുള്ള പള്ളിക്കുമുന്നിൽ പുൽക്കൂട് കെട്ടുന്ന യുവാക്കള്‍, കുട്ടികള്‍. പള്ളിക്കുചുറ്റം നിറയെ സ്വർണപ്രഭ. പള്ളിയില്‍നിന്നും ഇറങ്ങി അര മണിക്കൂറിനകം എെൻറ ദേഹത്തെ ചൂട് ക്രമാതീതമായി ഉയർന്നു ഞാന്‍ വിറച്ചു തുടങ്ങി. നെറ്റി പഴുത്തപോലെ തലവേദന. ചെവിയില്‍ മണിയനീച്ചകള്‍ മൂളുംപോലെ... മുറിയില്‍ എത്തുമ്പോള്‍ തണുപ്പടിച്ച് തൊണ്ട അടഞ്ഞിരുന്നു. ഉമിനീരുപോലും ഇറക്കാന്‍ പറ്റാത്തപോലെ. ആ രാത്രി എനിക്കു കഠിനമായി പനിച്ചു. പുതപ്പിനും മീതെ ദേഹത്തിെൻറ ചൂട് ഉയർന്നു. ഭ്രാന്തു പിടിച്ചവളെ പോലെ ഞാന്‍ പിച്ചുംപേയും പുലമ്പി. മുറിയിലേക്ക് വന്നുവീഴുന്ന നിലാവിെൻറ വെട്ടത്തെപോലും കാണാത്ത വിധം എെൻറ കാഴ്ചയുടെ ഇരുപുറങ്ങളിലും തലയിണകള്‍ കൊണ്ട് ചേർത്തടച്ചു. ആ രാവ് പുലരുവോളം ഉറങ്ങാതെ എനിക്കവന് കാവല്‍ ഇരുന്നു. നനഞ്ഞ തുണി നെറ്റിയില്‍ മാറിമാറി ഇട്ടും ടൈഗര്‍ ബാം നെറ്റിയില്‍ തടവിയും കരുതലിെൻറ ഈർപ്പം പിഴിഞ്ഞിട്ടു.
"സാരമില്ല... രാവിലെ തന്നെ ഹോസ്പിറ്റലില്‍ പോകാം" എന്ന് കവിളത്ത് തട്ടി.
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍ ഇൻജക്ഷന് ഭയന്നിരിക്കുന്ന എെൻറ കൈയില്‍ മുറുകെ പിടിച്ച് ഡോക്ടറോട് പറഞ്ഞു.
"അവൾക്ക് ഇൻജക്ഷന് വേണ്ട. മരുന്ന് മതി." ഡോക്ടര്‍ അവനെ നോക്കി ചിരിച്ചു.
കാപ്പിത്തോട്ടങ്ങൾക്കും ഏലം പൂത്ത വഴികൾക്കുമിടയിലൂടെ വീണ്ടും യാത്ര. ക്ഷീണിച്ചു തുടങ്ങിയ എന്നെ മടിയിലേക്കു നീക്കിക്കിടത്തി. മയക്കം കണ്ണുകളില്‍ ഈയല് ചിറകുവീശി അടുക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വാചകം എെൻറ ചെവിയിലേക്ക് സംഗീതം പോലെ വന്നുവീണു. അതെെൻറ കാതിലൂടെ ഹൃദയത്തെ തൊട്ടു. ഞാനതില്‍ മതിവരാതെ ചുംബിച്ചുകൊണ്ടേയിരുന്നു.
വൈകീട്ട് വരയാടുകള്‍ മേയാന്‍ ഇറങ്ങുന്ന കൂറ്റന്‍ മലകൾക്കുമീതേക്ക് ഞങ്ങള്‍ യാത്ര തുടർന്നു . എെൻറ ശരീരത്തിലെ വേനലപ്പോള് പാതി ശമിച്ചിരുന്നു. അവെൻറ ഫ്രെയിമുകളിലേക്ക് പലവട്ടം ഞാന്‍ കടന്നുചെന്നു. കൂട്ടംകൂട്ടമായി മേഞ്ഞു നീങ്ങുന്ന വരയാടുകള്‍... കീഴ്ക്കാം തൂക്കായ പാറകള്‍... പാറകൾക്കുമീതെ ചിത്രത്തുന്നലുകള്‍ പോലെ പായല്‍ പച്ചകള്‍... പുൽമേടുകൾക്കിടയിൽ പല നിറങ്ങളില്‍ പേരറിയാത്ത പൂക്കള്‍ തല കുമ്പിട്ടു നൃത്തം ചെയ്യുന്നു... ചിലത് ഇളംവെയിലില്‍ സൂര്യന് നേർക്ക് മുഖം നിവർത്തുന്നു. ചിലത് ഇളംകാറ്റില്‍ ചുമല് കുലുക്കുന്നു. ജീവനുള്ള പൂക്കള്‍. സന്തോഷം വരുമ്പോള്‍ ഹൃദയം നൃത്തം ചെയ്യാറില്ലേ...? കണ്ണെത്താത്ത ഉയരത്തില്‍ നിന്നുള്ള പാറക്കെട്ടുകളില്‍നിന്നും കീഴേക്ക് മണ്ണിെൻറ വയറുകീറി ഒഴുകുന്ന ഉറവകള്‍... ഭൂമി മണ്ണിനടിയില്‍ ഒളിപ്പിച്ചു വെച്ച മഴനനവുകളുടെ വിത്തുകള്‍ പൊട്ടിച്ച് മലയടിവാരങ്ങളിലേക്ക് കല്ലുകളില്‍ തട്ടിവീണ് കുളിര് തെറിപ്പിച്ചും പതഞ്ഞു വീണും പിന്നെയും പിന്നെയും... അതില്‍ മുഖം കഴുകുന്ന സഞ്ചാരികള്‍... കൊടും തണുപ്പുള്ള ജലനാരുകള്‍... മലയിലേക്കു മഞ്ഞു പെയ്തു തുടങ്ങി... കാഴ്ചകൾക്കു നിറം മങ്ങിത്തുടങ്ങി. മഴ പെയ്യുംപോലെ വീണ്ടും മഞ്ഞു വീഴ്ച.
ബാഗിലെ കൂമന്തൊപ്പി ധരിപ്പിച്ച് ഷാള്‍ കഴുത്തിനുചുറ്റും പുതപ്പിച്ചു എെൻറ കൈകളില്‍ പിടിച്ച് അവന് താഴേക്കിറങ്ങി ഓരോ കല്ലുകള്‍ കവച്ചു വെക്കുമ്പോഴും കരുതലിെൻറ കാർക്കശ്യ ശബ്ദത്തോടെ " ശ്രദ്ധിച്ച് ശ്രദ്ധിച്ച് '' എന്ന് ശകാരിച്ചു. വെള്ളമന്ദാരങ്ങൾ പോലെ ചുറ്റിലും മഞ്ഞു പൂത്തുനിൽക്കുന്നു... ഓക്കു മരങ്ങളിലേക്ക് പറന്നിറങ്ങുന്ന വെള്ളി മേഘങ്ങൾ... ബുദ്ധസന്യാസികളെ പോലെ മലയിറങ്ങുന്ന മഴക്കാറ്റ്... പ്രണയത്തിെൻറ ഊഷ്മള ഗന്ധങ്ങളില്‍ ചിലത്.
മലയടിവാരത്ത് തെളിഞ്ഞൊഴുകുന്ന പുഴ. അതിനു സമീപം ചെറു കെട്ടുകളായി ക്യാരറ്റ് വിൽക്കുന്നവർ. നാലായി കീറിയ കക്കിരിക്കയില്‍, മാങ്ങയില്‍, കൈതച്ചക്കയില്‍, പേരക്കയില് ഉപ്പും മുളകും തേച്ചു വിൽക്കുന്നവര്. ഓരോ കെട്ടു വാങ്ങി അവിടുന്ന് വീണ്ടും ഇറങ്ങി. പ്രകൃതിയുടെ ആ അഭൗമസൗന്ദര്യത്തിനു മേലെ നനുത്തൊരു കറുത്ത പുതപ്പ് മെല്ലെ നീങ്ങിത്തുടങ്ങുമ്പോഴാണ് '' എലേനർ ഇസബെല്‍ മേ'' ഉറങ്ങുന്ന പള്ളിമേടയിലേക്ക് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്.
ഇരുട്ട് തേയിലക്കാടുകൾക്കു മീതെയപ്പോള് കറുത്ത ചായംപൂശിയിരുന്നു. കാറ്റിന് അപരിചിതമായ പൂക്കളുടെ വാസന. മരങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷികള്‍. ജീവെൻറ അപരിചിത ശബ്ദങ്ങൾ... തൊട്ടടുത്തെത്തിയ ക്രിസ്മസിെൻറ പ്രഭയേറ്റെന്നോണം നക്ഷത്ര വിളക്കുകളിൽ നൂറ്റാണ്ടുകളുടെ പഴക്കമേറുന്ന, കുന്നിൻപുറത്തെ ആ പള്ളി വല്ലാതെ നിറങ്ങളിൽ തിളങ്ങി. പ്രണയം തുളുമ്പുന്ന കണ്ണുകളോടെ അവൻ പറഞ്ഞുതന്ന കഥകളിലെ, ഇസബെൽ മേ എന്ന പ്രണയിനി എന്തോ എെൻറയുള്ളിൽ ഒരു ചിത്രത്തുന്നല്‍ തുടങ്ങിയിരുന്നു.
പള്ളിക്കുള്ളിലേക്കുള്ള ഓരോ ചുവടിലും ഞാൻ ഇസബെലിനെ ശ്വസിച്ചു. ഇസയെ അടക്കിയ കുന്നുംപുറത്ത് പിന്നീടാണ് ആ പള്ളി വന്നതെന്നും, അതു കൊണ്ടുതന്നെ അവളാ പള്ളി കണ്ടിട്ടില്ലെന്നും അറിയാഞ്ഞിട്ടല്ല. ആഗ്രഹങ്ങൾ തീരാതെ മരിച്ച ആത്മാക്കൾ ഭൂമിയിലേറ്റവും ഇഷ്ടമുള്ള ഇടങ്ങളിൽ ആരും കാണാതെ ജീവിക്കുന്നുണ്ടാവുമെന്നു പറഞ്ഞ് ചേർത്തുപിടിക്കുമ്പോ, അവനെന്നേക്കാൾ കൂടുതൽ ഇസബെലിനെ പ്രണയിക്കുന്നെന്ന് എനിക്കുതോന്നി. പള്ളിക്കുള്ളിലെ നൂറ്റാണ്ട് പഴക്കമുള്ള പിയാനോയിൽ ഓർമകൾ തുരുമ്പുപിടിച്ചു തുടങ്ങിയിരുന്നു.'' സൈലൻറ് നൈറ്റ്...ഹോളി നൈറ്റ് ''... അൾത്താരയുടെ ഒരു വശത്ത് ഗായകസംഘം കരോൾ ഗാനങ്ങൾ പാടുന്നു. പള്ളി നിറയെ പലനിറത്തിൽ നക്ഷത്ര വിളക്കുകൾ. ബലൂണുകൾ... മഞ്ഞ്... എനിക്ക് വല്ലാതെ സങ്കടംവന്നു. ഇസബെലും ഹെൻറിയും ആരും കാണാതെ അവിടെയുണ്ടെന്ന് ഞാൻ വിശ്വസിച്ചു. മഞ്ഞു പോലെ വിശുദ്ധമായൊരു പ്രണയം നൂറ്റാണ്ടുകൾക്കിപ്പുറത്തു നിന്ന് ഞാൻ ശ്വസിച്ചു. വിറക്കുന്ന എന്നെ ചേർത്തു പിടിച്ച അവനിൽ ഞാൻ ഹെൻറിയെ കണ്ടു... എെൻറ കണ്ണുനിറഞ്ഞു...
ഇസബെൽ, നീ തൊട്ടുപോയ വഴികൾ... നിന്നെ ശ്വസിച്ച കാറ്റ്... !
ഹെൻറി നൈറ്റ്, ഈ ദേവാലയത്തിലിരുന്ന് നീയവളുടെ വിരലുകളെ കോർത്തുപിടിച്ചിട്ടുണ്ടാവണം... ദേവാലയമണികളപ്പോൾ പ്രണയത്തിെൻറ സങ്കീർത്തനം മുഴക്കിയിരിക്കണം... കൽഭിത്തികളോട് ചേർന്നു മയങ്ങുന്ന പൊടിപിടിച്ച പിയാനോയിൽ, ഒരു ദിവ്യബലിക്കപ്പുറം അൾത്താരയിലെ വീഞ്ഞുപാത്രത്തിലപ്പോൾ സോളമെൻറ പ്രണയവീഞ്ഞ് ഉൻമാദത്താൽ പതഞ്ഞൊഴുകിയിട്ടുണ്ടാവണം...
ഇന്ന്, കുന്തിരിക്കപ്പുകയിൽ കാസയും പീലാസയും തൂവിപ്പോയ ആ നിലാവിെൻറ നക്ഷത്രക്കണ്ണുകൾ തിരയുന്നുണ്ടാവണം... മരങ്ങൾ പെയ്യുമ്പോൾ വെള്ളാരംകല്ലുകൾ ചുറ്റിലും വിതറിയ പാതിയടർന്ന കൽക്കുരിശിനിടയിലൂടെ നൂറ്റാണ്ടുകൾക്കിപ്പുറവും നിെൻറ പിൻവിളികേട്ട് മഞ്ഞുകണങ്ങൾ ചുംബിച്ചു കിടക്കുന്ന കല്ലറക്കുമീതെ വീണ കരിയിലകൾ പിടഞ്ഞിട്ടുണ്ടാവണം...
ഇസബെൽ... ഏതോ ഡിസംബറിൽ, താഴ്വാരമാകെ തണുത്തുറഞ്ഞ് നിൽക്കുമ്പോൾ നിെൻറ പ്രണയത്തിെൻറ ജലനാരുകൾ ഊർന്നിറങ്ങിയ ആ വഴികളിലൂടെയുള്ള എെൻറ യാത്രകളുടെ ദുരൂഹ സഞ്ചാരങ്ങള്‍. ഞങ്ങൾ നിങ്ങളെ ശ്വസിക്കുകയാണ് ഇവിടെ... ഈ രാത്രി മഞ്ഞിൽ...
പള്ളിക്കു പിന്നിലെ പൂക്കൾക്കിടയിലാണ് ഇസബെല്‍ മേ ഉറങ്ങുന്നത്. ചുറ്റും നിറഞ്ഞു കൂടി നിൽക്കുന്ന ചെടികള്‍, പൂവുകൾ. അതിനു മീതെ മഞ്ഞനിറത്തിൽപൂപൊഴിക്കുന്ന ഏതോ മരം. പുല്ലുമേല് പടർന്നുകയറുന്ന മുല്ലവള്ളികള്‍.
" പകല്‍ വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ സാധിക്കും. അവരുമായി ബന്ധപ്പെട്ട കുറേ കാഴ്ചകളും കാണാം. രാത്രിയത് സാധ്യമല്ല. അങ്ങോട്ട് കയറാൻ വിലക്കുണ്ട്." സെക്യൂരിറ്റി ഓർമപ്പെടുത്തി.ദൂരെ നിന്നൊരു കൊമ്പെൻറ ചിന്നംവിളി മുഴങ്ങി.
" അവന് എല്ലാദിവസവും ഇതേവഴി വരുന്നതാണ്. ആരെയും ഉപദ്രവിക്കാതെ ഈ പള്ളിമുറ്റത്തൂടെ ഇറങ്ങിപ്പോകും. '' എനിക്കതിശയം തോന്നി. " എന്തായാലും ഇനിയിവിടെ നിൽക്ക ണ്ട. ആനയാണ്, വിശ്വസിക്കാന്‍ കൊള്ളില്ല." സജി ചേട്ടന് ഓർമപ്പെടുത്തി.
ആ രാത്രി, ആനകളുടെ ചിന്നംവിളികള്‍ കേട്ടുകൊണ്ട് കാടിെൻറ മധ്യത്തില്‍, തേയിലക്കാടുകളുടെയും സിൽവർ ഓക്ക് മരങ്ങളുടെയും ഇടയിൽ അസ്ഥി തുളക്കുന്ന കൊടും തണുപ്പില്‍. പിറ്റേന്ന് പല മ്യൂസിയങ്ങളിലേക്കുള്ള യാത്ര. ചരിത്രാന്വേഷണം. കോളനി കാലത്തെ ഭരണത്തിെൻറ പാടുകള്വീണ എത്രയെത്ര കെട്ടിടങ്ങള്‍. മൂന്നാറിലെ ഓരോ മൺതരിക്കും കാലങ്ങളുടെ കഥകൾ പറയാനുണ്ടാവും.
വൈകീട്ട് മൂന്നാറിനോട് തൽക്കാലം വിടപറഞ്ഞ് കാടിനും പുഴകൾക്കും മധ്യത്തിലൂടെയുള്ള യാത്ര. പെരിയാറിെൻറ മധ്യത്തിലൂടെ വഞ്ചിയില്‍. തല പോയ മരങ്ങളില്‍ കൂടുകൂട്ടുന്ന പക്ഷികള്‍... ദാഹം മാറ്റാന്‍ പുഴയുടെ തീരത്തടുക്കുന്ന ആനക്കൂട്ടങ്ങള്‍. തടാകത്തിെൻറ വശത്ത് കാടിനുള്ളിൽ രാജാവിെൻറ വേനൽക്കാല വസതി. മനോഹരമായ ആ പടുകൂറ്റൻ വസതിയുടെ പടവുകൾ തടാകത്തിലേക്കിറങ്ങിനിൽക്കുമ്പോലെതന്നെ, പഴയൊരു കാലത്തിെൻറ ഓർമകൾ തെല്ലും മങ്ങലില്ലാതെ ഇന്നിെൻറ കാഴ്ചകളിലേക്ക് ഇറങ്ങി വരുന്നു... മനുഷ്യര്‍ എറിഞ്ഞു കൊടുക്കുന്ന കടല കൊറിച്ചുകൊണ്ട് കുട്ടിക്കരണം മറിയുന്ന കുരങ്ങന്മാര്... ചിലയിടങ്ങളിൽ കാടിെൻറ ചാരനിറത്തിനൊപ്പം തിരിച്ചറിയാനാവാതെ ചേർന്നു നിൽക്കുന്ന ഒറ്റയാൻ... കൂട്ടംകൂട്ടമായി മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍, മ്ലാവുകള്‍. തൂവെള്ള മേഘങ്ങൾക്കൊപ്പം ഒട്ടും ഭാരമില്ലാതെ ജീവിതം പറന്നു നടക്കുകയാണെന്നെനിക്കു തോന്നി.
സന്ധ്യയോടെ ഇടുങ്ങിയ വഴിക്കപ്പുറം, മനോഹരിയായി ഒരുങ്ങി തലയുയർത്തി നിൽക്കുന്ന താമസസ്ഥലത്തേക്ക്. കുന്നിൻ പുറത്തുള്ള ആ കണ്ണാടി വീട്ടില്രാത്രി ഞങ്ങൾ കഴിക്കാനായി റിസോർട്ടിന് താഴത്തെ റസ്റ്റോറൻറിലേക്ക് നീ ങ്ങി. പുറത്ത് ദീപങ്ങളിൽ കുളിച്ചുനിൽക്കുന്ന മനോഹരമായ വലിയ പൂന്തോട്ടം. ചുറ്റുമുള്ള മരങ്ങളിലെല്ലാം പല തരംനക്ഷത്ര വിളക്കുകൾ... ക്രിസ്മസ് ട്രീ... ബലൂണുകൾ... ഇടക്കിടെ ചെറിയ കുടിലുകൾപോലെ പുല്ലുമേഞ്ഞ് ഒരുക്കിയ ഭിത്തികള്‍ ഇല്ലാത്ത മനോഹരമായ മുളവീടുകള്‍. മുളയില്‍ തീർത്ത ചാരു ബഞ്ചുകള്‍. മൺകൂജകളില്‍ നിറച്ചു വെച്ചിരിക്കുന്ന ഇളം വാസനയുള്ള പൂക്കള്‍.മഞ്ഞ് മായുംപോലെ അവെൻറ കണ്ണുകളിൽ പുഞ്ചിരിയുടെ വെയിൽ തെളിയുന്നത് ഞാൻ കണ്ടു... ശേഷം മഞ്ഞും തണുപ്പും അവനും ഞാനും മാത്രമായി.പശ്ചാത്തലത്തിൽ ഒരു പ്രണയ ഗാനം മുഴങ്ങി.
ശേഷം അവരൊരുക്കിയ ക്യാമ്പ് ഫയർ... പ്രണയഗന്ധം കത്തിയുയർന്ന് അവിടെങ്ങും പടർന്നു. പിറ്റേന്ന് യാത്രകഴിഞ്ഞ് അവനൊപ്പം മടങ്ങുമ്പോള്‍ മൊബൈല്‍ സ്ക്രീനില്‍ ഞാന്‍ കുറിച്ചിട്ടു. ഈ മരത്തിൽനിന്ന് അവസാനത്തെ ഇലയും പൊഴിയുംമുമ്പേ വേനൽ വറുതിയിലേക്കൊരു പുതുമഴ പെയ്യും. വരണ്ട നിലങ്ങളിൽനിന്നും ചിതലുകൾ സ്വപ്നങ്ങളെ വഹിച്ചുകൊണ്ടുപോകും. വേരുകൾക്കിടയിലൂടൊരു ഉറവയുടെ പൊക്കിൾച്ചുഴി വലിഞ്ഞു പൊട്ടും. മരണഗാനത്തിന് ഒരുനിമിഷം മുമ്പേ മണ്ണിെൻറനാഭിയിൽനിന്നും വെളിച്ചത്തിലേക്കൊരു വിത്തുപൊട്ടിയടരും. ജ്വരം പിടിച്ച ദിനങ്ങൾക്ക് മംഗളം നേർന്നുകൊണ്ട് വർഷകാലത്തിെൻറ കാലൊച്ച കരിയിലകൾ പറത്തി കടന്നു വരും. ശവഘോഷയാത്ര വൈകുമ്പോൾ പരുന്തുകൾ മാത്രം ചിറകു കുഴഞ്ഞുവീഴും. ജന്മാന്തരങ്ങൾക്കപ്പുറത്തേക്കും പ്രണയത്തിെൻറയും രതിയുടെയും സുവിശേഷംപാടാൻ ഒരു ചില്ല ആകാശത്തിലേക്ക് മിഴികൾ നീർത്തി നിൽക്കും. വെയിലിൻ അഴികളിൽ പറ്റിപ്പിടിച്ച കണ്ണീരിെൻറ കറയിലേക്ക് മഞ്ഞും മഴയും മാറിമാറി പെയ്യും. വടുക്കളോരോന്നും മാഞ്ഞുമാഞ്ഞു പോവും. ജീവിതത്തെ കാലം എഴുതി വെക്കുന്നതെപ്പോഴും അങ്ങനെയാണ്!
"നമ്മുടെ പ്രണയം പിറന്നത്
ചുമരുകൾക്ക് പുറത്തായിരുന്നു
ഇരുട്ടത്തും കാറ്റത്തുമായിരുന്നു
വെറും മണ്ണിലായിരുന്നു
അതുകൊണ്ടല്ലേ,
വേരിനും പൂവിനും ചേറിനും
നിെൻറ പേരറിയാമെന്നായതും."
– (പാബ്ലോ നെരൂദ). l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.