ജയ്സൽമിറിലെ ഇന്ത്യ- പാക് അതിർത്തിയിലെ
അവസാന ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണ് ഹിംഗോ റ കീ ഡാനി.
കിലോമീറ്ററുകൾ അകലെ മറ്റൊരു രാജ്യമാണ്. അതിർത്തിക്ക്
അപ്പുറവുമിപ്പുറവുമായി ചിന്നിച്ചിതറിക്കിടക്കുന്ന ഹിംഗോറകളുടെ
ഗ്രാമത്തിലേക്ക് നടത്തിയ യാത്ര...
ഇരു ഭാഗത്തും കണ്ണെത്താ ദൂരം മരുഭൂമിയാണ്. തലങ്ങും വിലങ്ങും അതിവേഗത്തിൽ പോകുന്ന സൈനിക വാഹനങ്ങൾ. ഞങ്ങൾക്ക് എതിരെയോ പിറകിലോ മറ്റു വാഹനങ്ങളൊന്നും കണ്ടില്ല. അതിർത്തിയോടടുത്ത ഭാഗമായതിനാലാകണം ജനവാസം ഒട്ടുമില്ല. മരുയാത്രയിൽ സ്ഥിരമായി കണ്ട ആട്ടിൻപറ്റമോ ഒട്ടകക്കൂട്ടങ്ങളോ കണ്ടില്ല. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ ഇന്ത്യ-പാക് അതിർത്തി പോയൻറ് ആയ താനോട്ടിൽനിന്ന് മറ്റൊരു അതിർത്തി പ്രദേശമായ ലോംഗേവാലയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ.
വെറും അതിർത്തി പ്രദേശങ്ങളല്ല, യുദ്ധമുഖങ്ങളാണ് ഇരു സ്ഥലങ്ങളും. 1965ലെ ഇന്ത്യ-പാക് യുദ്ധം നടന്ന പ്രദേശങ്ങളിലൊന്നാണ് താനോട്ട് എങ്കിൽ 1971ലെ പ്രധാന യുദ്ധമേഖലയായിരുന്നു ലോംഗേവാല. ജയ്സൽമിർ നഗരത്തിൽനിന്ന് 75 കിലോമീറ്റർ ദൂരമുണ്ട് താനോട്ടിലേക്ക്.
അതിർത്തിക്ക് സമാന്തരമായാണ് റോഡ്. അതിസുരക്ഷ പ്രദേശമായതിനാൽ വാഹനങ്ങൾ നിർത്താൻ വിലക്കുണ്ട്. മാത്രമല്ല, സദാസമയം സൈനിക വാഹനങ്ങളുടെ നിരീക്ഷണവും. കിലോമീറ്ററുകൾ പിന്നിട്ടപ്പോഴാണ് റോഡിെൻറ ഇടതുഭാഗത്ത്, കുറച്ചു ദൂരെയായി ഒരു ചെറുഗ്രാമം കണ്ടത്. കൗതുകമായിരുന്നു ആ കാഴ്ച. വൃത്താകൃതിയിലുള്ള മേൽക്കൂരയുള്ള ചെറു പുൽകൂടുകൾ. വണ്ടി നിർത്താൻ പറഞ്ഞു ഞങ്ങൾ.
'ഗാഡി രോക് നഹീ സക്തേ ഇദർ...'
ഞങ്ങളുടെ ഡ്രൈവർ സമീർ ഭായ് ദേഷ്യത്തോടെ പറഞ്ഞു. ഇവിടെ നിർത്തിയില്ലെങ്കിൽ പിന്നെ എവിടെ നിർത്താനാണ് ഭായ്? ഞങ്ങൾ അരിശം കൊണ്ടു. ഞങ്ങളെ കടന്നുപോയ ഒാരോ സൈനിക വാഹനങ്ങളുടെയും ഡ്രൈവിങ് സീറ്റിലേക്ക് അയാൾ ആശങ്കയോടെ നോക്കുന്നുണ്ട്. ഞങ്ങളുടെ വാശിക്ക് മുന്നിൽ ഒടുവിലയാൾ കുറച്ചകലെ ബ്രേക്ക് ചവിട്ടി.
'ഭായ്, ജൽദീ വാപസ് ആഒാ..'
ആയിക്കോെട്ട എന്ന് ഞങ്ങളും.
ഥാറിലെ 'എസ്കിമോ'കൾ
ജയ്സൽമീറിലെ ഇന്ത്യ- പാക് അതിർത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണിത്. ഏതാനും കിലോമീറ്ററുകൾ അകലെ മറ്റൊരു രാജ്യമാണ്. പച്ച നിറത്തിലുള്ള ബോർഡിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ഹിംഗോറ കീ ഡാനി എന്ന് എഴുതിയിട്ടുണ്ട്. ഗ്രാമത്തിെൻറ പേരാണത്. ബോർഡർ റോഡ്സ് അസോസിയേഷേൻറതാണ് ബോർഡ്.
ജയ്സൽമിറിലേക്കുള്ള യാത്രയിൽ ഇങ്ങനെ കുറേ 'ഡാനി' കൾ കണ്ടിരുന്നു. ഡാനി എന്നാൽ കുടിലുകളുടെ കൂട്ടം. മരുഭൂമിയിലെ ഒരു അധിവാസ ക്രമമാണത്. നിശ്ചിത അതിർത്തിക്കകത്ത് പത്തോ ഇരുപതോ കുടിലുകളിലായി താമസിക്കുന്ന ഒരു സമുദായമാകും അവർ. മിക്ക ഡാനികളിലെയും ജനങ്ങളുടെ പ്രധാന തൊഴിൽ കന്നുകാലികളെ മേയ്ക്കലാകും.
ചിലയിടത്തെല്ലാം കൽഭിത്തിയുള്ള വീടുകളുമുണ്ട്. ജയ്സൽമിറിൽമാത്രം കാണുന്ന സ്വർണനിറമുള്ള കല്ലുകൾക്കൊണ്ടുണ്ടാക്കിയതാണ് മിക്കവാറും വീടുകൾ. ജൈസാൽമീർ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ മരുഭൂമിയിലെ കൊച്ചുകുടിലുകൾ വരെ സ്വർണ നിറത്തിലാണ്. ജയ്സൽമിറിന് സ്വർണനഗരി (Golden city) എന്ന പേര് വരാൻ കാരണവുമതാണ്. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഹിംഗോറകളുടെ വീട്.
റോഡരികിൽനിന്ന് മണൽപരപ്പിലൂടെ കുറച്ച് നടക്കാനുണ്ട് കുടിൽക്കൂട്ടങ്ങളിലേക്ക്. ഡ്രൈവർ സമീർ ഭായ് പിന്നെയും ഞങ്ങളെ തടയാൻ നോക്കി. ''അവർക്ക് ഹിന്ദിയോ ഉർദുവോ അറിയില്ല. അവർ പറയുന്നതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ല, പിന്നെ എന്തിനാണ് അങ്ങോട്ട് പോകുന്നത്? ''അയാളോട് മറുപടി പറയാൻ നിൽക്കാതെ ഞങ്ങൾ ഇറങ്ങി നടന്നു. വെയിലും ചൂടും അതിെൻറ പാരമ്യത്തിലാണ്. വെയിലിെൻറ മൂർച്ചയിൽ ചുട്ടുപഴുത്ത മണൽപരപ്പുകളിലൂടെയുള്ള നടത്തം വലിയ സാഹസമാണ്. ഗ്രാമത്തിലേക്കുള്ള നടവഴിയിൽ ആദ്യം കണ്ടത്, നിലത്തിരുന്ന് തുണിയലക്കുന്ന ഒരു സ്ത്രീയെ ആണ്. അരികെ ചെറു പാത്രത്തിൽ വെള്ളവുമുണ്ട്.
സംശയത്തോടെയാണ് അവർ ഞങ്ങളെ നോക്കുന്നത്. അങ്ങോട്ട് പൊയ്ക്കൂടേയെന്ന് ചോദിച്ചു ഞങ്ങൾ. ആദ്യം ഒന്നും മിണ്ടാതിരുന്ന അവർ പൊയ്ക്കോളാൻ കൈകൊണ്ട് ആംഗ്യം കാട്ടി. പിന്നെ കണ്ടത് ചതുരത്തിൽ കമ്പിവേലി കെട്ടിയ ഒരു കൂടാണ്. നടുവിൽ പുല്ല് കൂട്ടിയിട്ടിരിക്കുന്നു. ആടുകൾക്കുള്ളതാണത്. പച്ചപ്പുള്ള ഏതോ ഭാഗത്തുനിന്ന് കൊണ്ട് വരുന്ന പുല്ലുകൾ ഇൗ കമ്പിവേലിക്കൂട്ടിൽ കൂട്ടിയിട്ടിട്ടുണ്ട്. പകൽ നേരത്ത് മേച്ചിൽ കഴിഞ്ഞ് വരുന്ന ആട്ടിൻപറ്റം പിന്നെ ഇവിടെയാണ് കഴിയുക. മേയാൻ പോകാത്ത ഒന്നോ രണ്ടോ ആടുകളും കുറച്ച് പശുക്കളും അവിടവിടെയായി ബാക്കിയുണ്ട്.
തൊട്ടടുത്തുതന്നെ ഒരു കിണറുണ്ട്. മുകൾ ഭാഗം മൂടിയതാണ്. വെള്ളം മുക്കിയെടുക്കാൻ പാകത്തിൽ ചതുരാകൃതിയിൽ ഒരു വിടവ് മാത്രമാണുള്ളത്. കിണർ തന്നെയാണോ അതോ വെള്ളം സംഭരിക്കുന്ന സ്ഥലമാണോ എന്ന് വ്യക്തതയില്ല. ചെറിയ കയറ്റം പോലുള്ള സ്ഥലം കടന്ന് വേണം ഗ്രാമത്തിലെത്താൻ. പതിനഞ്ചോളം കുടിലുകളുണ്ട് ഇവിടെ. എല്ലാം ഒരേ പോലുള്ളവ. മുകൾ ഭാഗം പുല്ല് മേഞ്ഞത്. ചുവരുകൾക്ക് മരു മണലിെൻറ നിറം. കല്ലിൽ പടുത്ത്, മണ്ണ് തേച്ച് പിടിപ്പിച്ചതാണ്. ഒാരോ കുടിലും അതിർത്തി കെട്ടി തിരിച്ചിരിക്കുന്നു.
സാമാന്യം വിശാലമായ മുറ്റമുണ്ട് ഒരോ കുടിലുകൾക്ക് മുന്നിലും. മുറ്റം മണ്ണ് കൊണ്ട് തേച്ചിട്ടുണ്ട്. ചാണകം മെഴുകിയ പഴയ മലയാളി വീട്ടുമുറ്റങ്ങൾ പോലെ തന്നെ. പാചകപ്പുരകൾ പുറത്താണ്. ഉറങ്ങാൻ മാത്രമാണ് ഇൗ കുടിലുകൾ. വിശ്രമിക്കാൻ ചെറു ചായ്പ് പോലുള്ള ഇടങ്ങൾ വേറെയും. ഇവിടെതന്നെ ചില 'ആഡംബര' വീടുകൾ കണ്ടു. പുറം ഭാഗം സിമൻറ് കൊണ്ട് തേച്ചിട്ടുണ്ട്. പക്ഷേ, മേൽക്കൂരയില്ല. ജയ്സൽമിർ നഗരം മുതൽ ഇങ്ങോട്ടുള്ള യാത്രയിൽ കണ്ട മിക്കവാറും വീടുകൾ ഇങ്ങനെയാണ്. മഴ ഒരു ഭീഷണി അല്ലാത്തതിനാലാകാം വീടുകൾക്ക് മേൽക്കൂര നിർമിക്കാത്തത്. ചില സ്ഥലത്ത് മേൽക്കൂരക്ക് പകരം തുണി വിരിച്ചിരിക്കുന്നു. ചില കുടിലുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
എല്ലാ മരുഭൂമികളെയും പോലെ പകൽ ഭീകര ചൂടും രാത്രി ശക്തമായ തണുപ്പും ആണ് ഥാറിലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുക കൂടി ചെയ്യുന്നു ഇൗ പുൽവീടുകൾ. അവക്കുള്ളിൽ പകൽ നേരത്ത് നല്ല തണുപ്പും രാത്രി ചൂടും ആണ് അനുഭവപ്പെടുകയത്രെ.
ധ്രുവ പ്രദേശങ്ങളിൽ താമസിക്കുന്ന എസ്കിമോ വർഗക്കാർ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിർമിക്കുന്ന ഇഗ്ലൂ(Igloo)കളുടെ മരുഭൂമി പതിപ്പായി തോന്നി ഇൗ പുൽക്കൂടുകൾ. ഇൗ വിവരങ്ങളൊക്കെ പറഞ്ഞുതന്നത് ഞങ്ങളുടെ ഡ്രൈവർ സമീർ തന്നെയാണ്. അദ്ദേഹത്തിെൻറ വീട് ഇവിടെനിന്ന് നാൽപത് കിലോമീറ്റർ അകലെ സാമിലാണ്. സാം മണൽപരപ്പുകൾ (sam dunes) ജയ്സൽമിറിലെ മറ്റൊരു മനോഹരകാഴ്ചയാണ്.
തുരുതുരാ ഫോേട്ടായെടുക്കുകയായിരുന്നു ഞങ്ങൾ. പെെട്ടന്നാണ് ഒരു സ്ത്രീ കുടിലിെൻറ ഉള്ളിൽനിന്ന് ഇറങ്ങി വന്ന് എന്തൊക്കെയോ പറഞ്ഞത്. അവരുടെ ഫോേട്ടാ എടുക്കരുത് എന്നാണ് അപ്പറഞ്ഞതിനർഥം എന്ന് ഞങ്ങൾ മനസ്സിലാക്കി. കുടിലുകൾക്ക് പുറത്ത് ശുദ്ധജലം സംഭരിച്ച് വെക്കുന്ന ചെറിയ കിണറുകൾ ഉണ്ട്. പ്രത്യേക ആകൃതിയാണ് അവക്ക്. അവിടെനിന്ന് ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നുണ്ട് രണ്ട് വൃദ്ധ സ്ത്രീകൾ.
അവരോട് സംസാരിക്കാനായി ഞങ്ങളുടെ ശ്രമം. ഒട്ടും പരിചയമില്ലാത്ത ഏതോ ഭാഷ. ഞങ്ങളുടെ ഡ്രൈവർ പറഞ്ഞതുപോലെ ഇത് ഹിന്ദിയോ ഉർദുവോ അല്ല. പിന്നീടുള്ള അന്വേഷണത്തിലാണ് സിന്ധിയും കച്ചിയും ചേർന്ന മിശ്രഭാഷയാണ് അതെന്ന് മനസ്സിലായത്. ഹിന്ദിയിൽ ചോദിച്ച ചിലതെല്ലാം അവർക്ക് മനസ്സിലാകുന്നുണ്ട്. മറുപടി പക്ഷേ, അവരുടെ ഭാഷയിൽ. പേര് മാത്രമാണ് അതിൽനിന്ന് ഞങ്ങൾക്ക് മനസ്സിലായത്^ ജന്നത്ത്, ഖദീമ. വസ്ത്രധാരണവും വ്യത്യസ്തം തന്നെ. ഒരു സ്ത്രീയുടെ ഇരു കൈയിലും വലിയ ചുറ്റുണ്ട്. വെള്ളികൊണ്ടുള്ളതാണെന്ന് തോന്നുന്നു.
മരുഭൂമിയാണേലും ചെറിയ മരങ്ങൾ അവിടവിടെയായുണ്ട്. ഒരു ചെറു മരത്തണലിൽ രണ്ട് മൂന്ന് കുട്ടികൾ കളിക്കുന്നതു കണ്ടു. രണ്ടു മൂന്ന് ആട്ടിൻകുട്ടികളുമുണ്ട് അവർക്കൊപ്പം. ഒരുത്തിയുടെ പേരും പറഞ്ഞു തന്നു^സുമ്രി. നിങ്ങൾ സ്കൂളിൽ പോകുന്നില്ലേ എന്ന് ചോദിച്ചെങ്കിലും അവർക്ക് മനസ്സിലായില്ല. മനസ്സിലായാലും അവർക്ക് അതിന് ഉത്തരമുണ്ടാവില്ല. വിജനമായ ഇൗ മരുപ്പറമ്പിൽ എന്ത് അക്ഷരമാണ് അവർ പഠിക്കുക?
ഗുജറാത്തിലെ കച്ചാണ് ഹിംഗോറ ഗോത്ര സമുദായത്തിെൻറ ഉത്ഭവ കേന്ദ്രം. കച്ചി ആണ് അവരുടെ മാതൃഭാഷ. കച്ച്, പാകിസ്താനിലെ സിന്ധ് പ്രവിശ്യ, രാജസ്ഥാൻ മരുഭൂമിയിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഹിഗോറ എന്ന ഗോത്രസമുദായം ഇപ്പോൾ ജീവിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കുടിയേറ്റമാണ് അവരുടേത്. ഹിംഗോറകളിൽതന്നെ വിവിധ ഉപ ഗോത്രങ്ങളുമുണ്ട്. മുസ്ലിംകളാണ് ഹിംഗോറകൾ. സുന്നി ആചാരങ്ങളാണ് അവർ പിന്തുടരുന്നത്. ഗോത്രങ്ങൾക്കുള്ളിൽ മാത്രമാണ് ഇവരുടെ വിവാഹബന്ധങ്ങൾ.
ഒരു കാൽനട ദൂരമകലെ...
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള, വലുപ്പത്തിൽ ലോകത്തിൽ 18ാം സ്ഥാനത്തുള്ള മരുഭൂമിയാണ് ഇന്ത്യയിലും പാകിസ്താനിലുമായി പാരാവാരം പോലെ കിടക്കുന്ന ഥാർ മരുഭൂമി. ഇന്ത്യക്കും പാകിസ്താനുമിടയിലെ വലിയ അതിർത്തികളിൽ ഒന്ന്. ഥാർ മരുഭൂമിയുടെ 60 ശതമാനവും രാജസ്ഥാനിലാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിെൻറ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു.
അതിർത്തി പ്രദേശമായതിനാൽ സൈനിക റഡാറുകളുടെ മുഴുസമയ നിരീക്ഷണത്തിലാണ് ഹിംഗോറകളുടെ ജീവിതം. റോഡിെൻറ മറുവശത്ത് മൂന്നോ നാലോ കിലോമീറ്റർ അകലമേ കാണൂ അതിർത്തിയിലേക്ക്. ആടുകളെ മേച്ചാണ് അവരിൽ മിക്കവരും ഉപജീവനം നയിക്കുന്നത്. മരുഭൂമിയിലെ ഒറ്റപ്പച്ചകൾ തേടി, ആടുകൾക്ക് പിന്നാലെ സന്ധ്യയോളം അവർ നടക്കും. ഇടക്ക് കാണുന്ന ചെറുമരങ്ങളുടെ ചോട്ടിൽ വിശ്രമിക്കും. അപൂർവമായി കാണുന്ന ജലത്തുരുത്തുകളിൽ ആശ്വാസം കണ്ടെത്തും. ആട്ടിൻപറ്റവുമൊത്തുള്ള യാത്രയിൽ അതിർത്തിപ്രദേശത്ത് എത്തുന്നതൊന്നും ഇവർ അറിയാറില്ല. ഇൗ ഘട്ടങ്ങളിൽ സൈന്യം തിരിച്ചയക്കും -സമീർഭായ് പറഞ്ഞു.
വിഭജനത്തിെൻറ മുറിവുകൾ പേറുന്ന ജനവിഭാഗം കൂടിയാണ് ഹിംഗോറകൾ. അതിർത്തിക്കപ്പുറം പാകിസ്താനിലെ സിന്ധ് പ്രവിശ്യയാണ്. ഗോട്കി, സുഗർ ജില്ലകളും. രാജ്യങ്ങൾ രണ്ടാണെങ്കിലും ഭൂപ്രകൃതി ഒന്നു തന്നെ. ഇരു രാജ്യത്തെയും അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ഹിംഗോറകളുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും ഉപജീവന മാർഗങ്ങളുമെല്ലാം ഒന്നുതന്നെ. കച്ച് കഴിഞ്ഞാൽ ഇൗ ഗോത്രവിഭാഗം കൂടുതലുള്ളത് സിന്ധിലാണ്.
ഇന്ത്യ അതിർത്തിയോട് ചേർന്നാണ് പാകിസ്താനിലും ഹിംഗോറകളുടെ വാസം. ഉറ്റവരും ഉടയവരുമായ അനേകം മനുഷ്യർ ഒരതിർത്തിക്ക് അപ്പുറവുമിപ്പുറവുമായി ചിന്നിച്ചിതറിക്കഴിയുന്നു. അവർ തമ്മിലെ അകലം ഒരു കാൽനട ദൂരം മാത്രമാണ്. പക്ഷേ, ഒരു നൂറ്റാണ്ട് സഞ്ചരിച്ചാലും തമ്മിൽ കാണാൻ കഴിയാത്ത അത്രമേൽ അകലം ഇന്നവർക്കിടയിലുണ്ട്. അവരുടെ രാക്കിനാവുകളെേപ്പാലും നിരന്തരം തടഞ്ഞുനിർത്തുന്നുണ്ടാകാം, അതിർത്തിയിലെ കൂറ്റൻ കമ്പിവേലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.