ഉദയപ്പുരും റാണാ പ്രതാപി​െൻറ കുതിരയും

രണ്ടാം ദിവസ രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര ആരംഭിച്ചു. ആദ്യ ദിവസം തന്നെ വിസ്മയങ്ങൾ നിറഞ്ഞ ദില്‍വാര ജെയിന്‍ ടെമ്പിള്‍ കണ്ട ആവേശത്തിലായിരുന്നു രാവി​െല ഞങ്ങൾ പുറപ്പെട്ടത്​. 170 കിലോമീറ്റര്‍ ദുരം ബസ്സില്‍ യാത്രചെയ്താലേ ലോകത്തിലെ  ചരിത്രപശ്ചാത്തലത്തി​​​​െൻറ ഉറവിടമായ ഉദയപ്പുരില്‍ എത്തിച്ചേരുകയുള്ളു. ഈ കുന്നുകളുടെയും മലകളുടെയും നാടായ അബു റോഡിൽ നിന്നും ഉദയപൂരിലേക്കുള്ള യാത്ര ഉന്മേഷം പകരുന്നതാണ്. യാത്രാവഴിയില്‍ ഉടനീളം   മനുഷ്യവാസമില്ലാത്ത കുന്നുകളും മലകളും നിറഞ്ഞ മനോഹരമായ പ്രദേശങ്ങൾ.  അതുവഴി ഒഴുകിയ തോടുകളും അരുവികളും വറ്റി വരണ്ടു കിടക്കുന്നു.  അടുത്തെങ്ങും വെള്ളത്തി​​​​െൻറ സാന്നിധ്യം പോലുമില്ലാത്ത ഇവിടെ എങ്ങനെ മനുഷ്യവാസം സാധ്യമാകുമെന്ന് ഒരുനിമിഷം ചിന്തിച്ചുപോയി.
 
വാഹന യാത്രക്കാരെ മാത്രം കാത്തിരിക്കുന്ന ഒരു ചെറിയ ഹോട്ടലിനു സമീപം ഞങ്ങളുടെ  വണ്ടി നിർത്തി ഞങ്ങൾ ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു. ഗ്രൂപ്പ് യാത്രയുടെ ഗുണം ഇപ്പോഴാണറിയുന്നത്. നല്ല ഭക്ഷണവും താമസവും തരപ്പെടുത്തണമെങ്കിൽ തനിച്ചുള്ള യാത്ര കൊണ്ട് മിക്കപ്പോഴും കഴിയാതെവരും. പ്രധാനമായും നമ്മൾ കാണേണ്ട സ്ഥലങ്ങളെല്ലാം തന്നെ കിലോമീറ്റർ കണക്കിന് ദൂരത്തിൽ ചിന്നി ചിതറി കിടക്കുകയാണ്​. അത്തരം സ്ഥലത്തെപ്പറ്റിയും അവിടെ എത്താനനുള്ള വാഹന സൗകര്യവും മറ്റും ഒരുക്കുന്നതിന് വ്യക്തിഗത യാത്രയിൽ പ്രയാസമേറും. കുടാതെ, നമ്മുടെ   ചെലവുകള്‍ നിയന്ത്രിക്കാനും സാധ്യമല്ല. മറ്റു കാര്യങ്ങൾ തേടി അലയേണ്ടെന്ന ഗുണമുണ്ട്​ ഗ്രൂപ്പ്​ യാത്രയിൽ.  ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാന്‍ ചെറുപ്പക്കരനായ ടൂര്‍ മാനേജര്‍ ഉള്ളത്​ എല്ലാവർക്കും ആശ്വാസമായി. സമയനിഷ്ട പാലിച്ചുള്ള യാത്ര മടുപ്പിച്ചില്ല.

ഉദയ്​പൂർ കൊട്ടാരം
 

ഞങ്ങളുടെ യാത്രാ സംഘത്തിൽ ഏറെയ​ും വയോജനങ്ങളായിരുന്നു. വിശ്രമ ജീവിതത്തിൽ വിനോദയാത്രക്കിറങ്ങിയവർ. ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം ഒരു പരിധിവരെ നിറവേറ്റിയ ശേഷം നടക്കുന്ന ഓരോ  യാത്രയായും അവര്‍ക്ക് പുതിയ അനുഭവവും ഉന്മേഷവും അറിവും  പകരുന്നതായി അവരുടെ വാക്കുകളില്‍ നിന്ന്​ വ്യക്തം.

മുന്‍ നിശ്ചയിച്ചതില്‍ നിന്നും രണ്ടു മണിക്കൂര്‍ നേരത്തെയാണ് സംഘം ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക് അനുവദിച്ചു    കി​േട്ടണ്ട മുറികള്‍ വൈകിമാത്രമേ ലഭിക്കുകയുള്ളൂ എന്നറിയിച്ചതിനാല്‍ ഏറെ സമയം ഹോട്ടലി​​​​െൻറ സ്വീകരണ മുറിയിൽ ചെലവഴിക്കേണ്ടി വന്നു. ഉച്ചഭക്ഷണം ഒരു മണിക്കുതന്നെ തയാറായിരുന്നു. സാമ്പാറും കൂട്ടുകറിയും എല്ലാം തനി നാടന്‍ ശൈലിയി ല്‍ തന്നെ. ജയ്പ്പൂർ പോലുള്ള  സ്ഥലങ്ങളിൽ കേരളാ ഭക്ഷണം കിട്ടുന്നതു വളരെ ആശ്വാസമായി.

ഉദയപ്പുര്‍ സിറ്റി പാലസ്
ഉദയപൂരിൽ ഉച്ചയ്​ക്ക്​ എത്തിയെങ്കിലും യാത്ര തുടർന്നത് ഒന്നര മണിയോടെയായിരുന്നു. കാണാൻ പോകുന്നത് ലോകത്തിലെ ഏറ്റവും  പഴക്കം ചെന്നതും ഏറെ പ്രശസ്തി നേടിയതും നിരവധി രാജകുടുംബങ്ങള്‍ക്ക് വേദിയൊരുക്കിയതുമായ രാജസ്ഥാനിലെ ഉദയയപ്പുര്‍ സിറ്റി പാലസ് ആണ്. ഉദയപുരിനെ കുറിച്ച് കുടുതലറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ടീമിലുള്ള പ്രൊഫസര്‍ സുധാകരന്‍ എന്നെ അദ്ദേഹത്തി​​​​െൻറ അടുക്കലേക്ക് വിളിച്ചു. പാല സ്വദേശിയായ  അദ്ദേഹം മാവേലിക്കരയിലുള്ള  ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ അധ്യാപകനായിരുന്നു. അദ്ദേഹത്തില്‍ നിന്നും കിട്ടിയ വിലപ്പെട്ട വിവരങ്ങളാണ്​ സിറ്റി പാലസിനെക്കുറിച്ചും ഉദയപൂരിനെ കുറിച്ചും  അറിയാന്‍ കഴിഞ്ഞത്.

ഉദയ്​പൂർ കൊട്ടാരത്തി​​​െൻറ ഉൾവശം
 

മേവാർ സാമ്രാജ്യം
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സത്യമാണ് ചരിത്രം. അത്തരം പ്രദേശങ്ങളിളുടെ കടന്നുപോകുന്നത്​ അപൂർവ ഭാഗ്യം. അത്രയും പ്രാധാന്യമുണ്ട്​ ഉദയപ്പൂരിന്​. ലോകത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സാമ്രാജ്യങ്ങളിലൊന്നായിരുന്നു മേവാർ സാമ്രാജ്യം. ആറാം നൂറ്റാണ്ടിൽ കശ്​മീരിൽ നിന്നും ഗുജറാത്തിലേക്ക് കുടിയേറിയവർ മേവാറിലേക്ക് എത്തിപ്പെട്ടവരാണ് ഈ വംശജർ.

ഗോത്ര രീതിയിൽ ആധിപത്യം സ്വീകരിച്ചവരായിരുന്നു ഇക്കൂട്ടർ. എ.ഡി 550 മുതൽ 716 വരെ ഇവരിലെ ഗോത്രത്തലവന്മാരാണ് രാജ്യം ഭരിച്ചത്. ബപ്പ റാവൽ എന്ന ശക്തനായ ഭരണാധികാരി എത്തിയതോടെ ഇതൊരു രാജവംശമായി മാറുകയും ഭരണം കൈയാളുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടി​​​​െൻറ മധ്യത്തോടെ ഗുഹില സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. അതിൽ മുതിർന്ന വിഭാഗം രാജസ്ഥാനിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായ ചിത്തോർഗഡ് ആസ്ഥാനമായി ഭരണം നടത്തി. ഈ പരമ്പരയിലെ അവസാനത്തെ രാജാവായിരുന്നു പ്രസിദ്ധയായ റാണി പത്മിനിയുടെ ഭർത്താവും ധീര യോദ്ധാവുമായ      രാജസ്ഥാനിലെ റാവൽ രത്തൻ സിങ്ങ്.  എന്നാൽ, 1303 ൽ ഖിൽജി വംശജനായ അലാവുദ്ദീ​ൻ ഘോര യുദ്ധത്തിൽ രത്തൻ സിങ്ങിനെ പരാജയപ്പെടുത്തി ചിത്തോർഗഡ് പിടിച്ചടക്കി. ഗുഹില വംശത്തിലെ രണ്ടാമത്തെ വിഭാഗം പർവതപ്രദേശമായ സിസോദ കേന്ദ്രമാക്കി ഭരണം നടത്തുകയും സിസോദിയ എന്ന രാജവംശം രൂപീകരിക്കുകയും ചെയ്തു.

ഉദയ്​പൂർ കൊട്ടാരത്തിലെ ഭക്ഷണ ഹാൾ
 

1303 ൽ നടന്ന യുദ്ധത്തില്‍  രത്തൻ സിങ്ങ് രാജാവ് കൊല്ലപ്പെട്ടതോടെ റാവൽ രാജവംശം നാമാവശേഷമാവുകയായിരുന്നു. 1303 മുതൽ 1326 വരെ സിസോദിയ വംശത്തിലെ രാജാവും  അലാവുദ്ദീ​​​​െൻറ ആശ്രിതനുമായ ഝലോർ രാജാവാണ് ചിത്തോർ ഭരിച്ചത്. കൂടുതൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്ന ഉപായത്തോടെ വിധവയായ മകളെ കൊല്ലപ്പെട്ട രത്തൻ സിങ്ങി​​​​െൻറ പൗത്രനായ ഹമീർ സിങ്ങിന് വിവാഹം ചെയ്ത് കൊടുത്ത് തന്ത്രപരമായി ആദ്യത്തെ മതേതര മുഖം നൽകി ഭരണം സുഗമമാക്കാനുള്ള നീക്കവും നടത്തി. എന്നാൽ, മറ്റൊരു ഗൂഢ നീക്കത്തോടെ ഭാര്യാപിതാവിൽ നിന്നും 1326 ൽ ഹമീർ സിങ്ങ് രാജ്യം കൈക്കലാക്കി. ത​​​​െൻറ ജന്മസ്ഥലമായ സിസോദയുടെ പേരിൽ സിസോദിയ രാജ വംശമെന്ന് നാമകരണവും  ചെയ്തു.

ഉദയപൂർ സിറ്റി പാലസ്
ഉദയപ്പൂർ നഗരം സ്ഥാപിച്ചത് സിസോദിയ രജപുത്ര വംശത്തിൽ പെട്ട മഹാറാണ ഉദയസിങ്ങ് രണ്ടാമനാണ്. മേവാറിന്‍റെ മുൻ തലസ്ഥാനമായ ചിത്തോർഗഡിനു നേരെ മുഗളന്മാർ നിരന്തരം അക്രമം അഴിച്ചുവിട്ടു. ഇക്കാരണത്താൽ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് തലസ്ഥാനം പണിയാൻ ലക്ഷ്യമിട്ടു. അങ്ങിനെയാണ്  ഉദയപൂർ തലസ്​ഥാനത്തിനായി തിരഞ്ഞെടുത്തത്. അരാവലി പർവതനിരകളാലും വനത്താലും ചുറ്റപ്പെട്ട ഈ സ്ഥലം ശത്രുക്കളെ പ്രതിരോധിക്കാൻ കൂടുതൽ സൗകര്യപ്രദമായിരുന്നു. 1559 ൽ മനോഹരമായ പിച്ചോള  തടാകത്തി​​​​െൻറ കിഴക്കെക്കരയിൽ നിർമാണമാരംഭിച്ച സിറ്റി പാലസ് രാജസ്ഥാനിലെ ഏറ്റവും വലിയ കൊട്ടാരമായി മാറി. തുടർന്നുവന്ന സിസോദിയ രാജാക്കന്മാർ ഘട്ടം ഘട്ടമായി ഇത് വിപുലപ്പെടുത്തുകയും ലോകോത്തരമാക്കി തീർക്കുകയും ചെയ്തു.  ഉദയസിങ്ങിനു ശേഷം  400 വർഷക്കാലം ഈ കൊട്ടാരം കേന്ദ്രമാക്കി നിരവധി പിൻഗാമികൾ മേവാറിനെ ഭരിച്ചു.  

കൊട്ടാര മഹിമ
രാജാക്കന്മാർ നാടുഭരിച്ചപ്പോൾ പ്രജകളുടെ താല്‍പര്യങ്ങളൊന്നും പരിഗണിക്കാതെ കൊട്ടാര സമുച്ചയങ്ങളും  അവരുടെ പ്രതാപങ്ങളും ഉയര്‍ത്തി ക്കാട്ടുന്നതിനായി കോടികള്‍ ധൂർത്തടിച്ചതായാണ്​ ചരിത്രം പറയുന്നത്. എന്നാല്‍, പ്രജകള്‍ക്ക്  കൊട്ടാരത്തി​​​​െൻറ മഹിമയും മനോഹാരിതയും ദുരെ നിന്നു നോക്കി  കാണാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാജാധികാരം പടിയിറങ്ങിയപ്പോഴാണ്​ കൊട്ടാരത്തി​​​​െൻറ അകത്തളങ്ങളുടെ ഭംഗിയും മനോഹാരിതയും കാണാൻ പൊതു സമുഹത്തിന് അവസരം ലഭിച്ചത്.

കൊട്ടാരത്തിലെ പ്രധാന ഹാൾ
 

'സിറ്റി പാലസ്' എന്ന കൊട്ടാരത്തി​​​​െൻറ അകത്തളങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ രാജാക്കന്മാരുടെ പ്രതാപകാലം നമ്മൾ തിരിച്ചറിയും. ഏതോ ഒരു മായാ ലോകത്തെത്തിയതുപോലെ തോന്നും. വേനലോ ശൈത്യമോ വർഷകാലമോ ഏതുമാവ​െട്ട അതെല്ലാം ചെറുക്കാൻ പോന്ന നിലവാരത്തിലാണ് കൊട്ടാരം രൂപകൽപന ചെയ്തത്. സ്വീകരണമുറികളുടെയും കിടപ്പുമുറികളുടെയും ചാരുത അവർണ്ണനീയം. ചുമരുകൾ രത്ന കല്ലുകളാലും പല നിറത്തിലുള്ള കണ്ണാടികളാലും കമനീയമായി അലങ്കാരിച്ചിരിക്കുന്നു. കൂടാതെ, ഭിത്തികളിൽ ലോകോത്തരമായ വിവിധ നിറത്തിലുള്ള ആയിരക്കണക്കിന് കണ്ണാടികൾ കൊണ്ട് അതി മനോഹരവും സുഷ്മവുമായ എണ്ണിയാല്‍ ഒടുങ്ങാത്ത   ചിത്രപ്പണികളാൽ നിർമിച്ച ഈ കൊട്ടാരം  മിറർ പാലസായാണ് അറിയപ്പെടുന്നത്.

മൂന്ന്​ നൂറ്റാണ്ട്​ മുമ്പ്​ പ്രകൃതിദത്ത വർണ്ണങ്ങളിൽ രചിച്ച ചുമർ ചിത്രങ്ങൾ ഇപ്പോഴും ഒളിമങ്ങാതെ കൊട്ടാരത്തനികത്തെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്നു
 

1773 ൽ ചുമരുകളിൽ പ്രകൃതിദത്ത നിറങ്ങളാൽ വരച്ച ചിത്രങ്ങളുടെ ചേതോഹരമായ കാഴ്ച  ഇന്നും മങ്ങലേൽക്കാതെ നിലനിൽക്കുന്നത്​ ഏവരെയും അത്ഭുതപ്പെടുത്തുന്നു. റാണാ കരൺസിങ്ങ് ജി 1620 മുതൽ 1628 വരെയുള്ള കാലഘട്ടത്തിലാണ് ഈ ചിത്രപ്പണിക ള്‍ ആരംഭിച്ചത്. അതിനുശേഷം 1778 മുതൽ 1828 വരെ മഹാറാണ ഭീംസിങ്ങ് ചിത്രകലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. ആനക്കൊമ്പുകൾ കൊണ്ട് തീർത്ത വാതിലുകൾ വരെ ഈ കൊട്ടാരത്തിനകത്തുണ്ട്. നുറുകണക്കിനു കലാകാരന്മാര്‍ നുറുകണക്കിനു വര്‍ഷം കൊണ്ട് യാതൊരു യന്ത്ര സഹായവും കുടാതെ  കൈകളാല്‍ തിര്‍ത്ത ചിത്ര കലകള്‍ വിസ്മയകരമാണ്.

കൊട്ടാരത്തിനകത്തെ സൂര്യബിംബം
 

സൂര്യവംശികളായ രാജാക്കന്മാരുടെ കൊട്ടാരമായതിനാൽ സൂര്യഭഗവാ​​​​െൻറ ഭീമാകാരമായ പ്രതിമ അകത്തളത്തിലെ ഭിത്തിയില്‍ ഭംഗിയായി നിര്‍മിച്ചു ആരാധിച്ചു വന്നിരുന്നു. പിച്ചളയിൽ പണികഴിപ്പിച്ച് സ്വർണ്ണം പൂശിയ രമണീയമായ പ്രതിമ ഏവരെയും  ആകർഷിക്കുന്നതാണ്. മഹാരാജാവ് ഭക്ഷണം കഴിക്കുന്ന മുറിയും ലോകോത്തര കണ്ണാടികളാൽ മികച്ച നിലവാരത്തിൽ നിര്‍മിച്ചത്താണ്​. രാജാവി​​​​െൻറ ഇരിപ്പിടത്തിലെ ചാരുപടി സ്വണ്ണനൂലിനാൽ തുന്നിച്ചേർത്തവയാണ്.  ഇവിടെ കാണുന്ന കണ്ണാടി ചില്ലുകളും മറ്റ്​ കൗതുക വസ്തുക്കളും ചൈനയിൽ നിന്നും ഹോളണ്ടിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്താണ് പണികഴിപ്പിച്ചത്​.  16-17 നൂറ്റാണ്ടുകാലത്ത്  ജഗ് മന്ദിർ പണി കഴിക്കപ്പെട്ടു. 18ാം നുറ്റാണ്ടില്‍ ലേക്​ പാലസും 19ാം നുറ്റാണ്ടിൽ കുന്നിൻ മുകളിൽ മൺസൂൺ പാലസും  പണിതീർത്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ലേക്​ പാലസ്​ ഇന്ന് താജ് ഗ്രൂപ്പിന്റെ കൈയിലാണ്.  അവിടെ താമസിക്കാനെത്തുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ. 40,000 രൂപ മുതൽ രണ്ട്​ ലക്ഷം രൂപ വരെയാണ് അവിടെ ദിവസവാടക.
 
ചേതക്ക് മെമ്മേറിയൽ
സിസോദിയ രജപുത്ര വംശത്തിലെ ഏറ്റവും വിഖ്യാതനായ രാജാവായിരുന്നു 1572 ൽ സ്ഥാനമേറ്റ  മഹാറാണാ ഉദയ സിങ്ങി​​​​െൻറ മകനായ റാണാ പ്രതാപ്.  രാജസ്ഥാനിലെ രജപുത്ര വീരചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്​ മഹാറാണാ പ്രതാപി​​​​െൻറ കാലം. അക്ബർ ചക്രവർത്തി നൽകിയ പദവികളൊന്നും  അഭിമാനിയായ പ്രതാപനെ ആകർഷിച്ചില്ല. അക്ബറുടെ സാമന്ത പദവി സ്വീകരിച്ച മാൻസിങ്ങ് മുഖേനയുള്ള പ്രലോഭനങ്ങളെയും പ്രതാപൻ പുച്ചിച്ചു തള്ളി. ഫലം 1576 ജൂൺ 18ന് മാന്‍സിങ്ങിന്‍റെ നേതൃത്വത്തിൽ  അക്ബർ അയച്ച സൈന്യവുമായുള്ള ഘോരയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ആ യുദ്ധത്തിൽ പ്രതാപ​​​​െൻറ ഒട്ടുമിക്ക സൈന്യങ്ങളും കുതിരകളും  കൊല്ലപ്പെട്ടു.

ഉദയ്​പൂരിലെ ലേക്​പാലസ്​
 

യുദ്ധത്തി​​​​െൻറ നീതിയും മുറയും തെറ്റിച്ചുള്ള അക്​ബറി​​​​െൻറ മുന്നേറ്റം പ്രതാപനെ പരാജയത്തിലാക്കുമെന്നു കരുതി. യുദ്ധഭൂമിയിൽ നിരവധി മുറിവുകളേറ്റ  പ്രതാപ​​​​െൻറ ജീവൻ അപകടാവസ്ഥയിലായി. ത​​​​െൻറ യജമാന​​​​െൻറ ജീവൻ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്ന ശ്രമവുമായി തന്‍റെ പ്രിയപ്പെട്ട കുതിരയായ ചേതക് കുതിരപ്പുറത്ത് വീണ​ു കിടന്ന തന്‍റെ യജമാനനെയും കൊണ്ട് യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്തു. രാജാവിനെയും വഹിച്ച്  പായുന്ന ചേതകിന​ു നേരെ എതിരാളികള്‍ കടുത്ത അക്രമണം നടത്തി. ദേഹമാസകലം പരിക്കേറ്റിട്ടും ജീവൻമരണ പോരാട്ടം നടത്തിയ കുതിര തന്‍റെ  യജമാനനെ യുദ്ധക്കളത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം നിലംപതിച്ചു, വീരചരമം പ്രാപിച്ചു.

യുദ്ധഭുമിയില്‍ തന്‍റെ പ്രിയപ്പെട്ട കുതിരയുടെ ആത്​മാർത്ഥത കണ്ട്​ പ്രതാപന്‍ ദുഖം താങ്ങാനാവാതെ വിലപിച്ചു. തന്‍റെ ജീവന്‍ രക്ഷിച്ച ചേതക്കി​​​​െൻറ ഓര്‍മ നിലനിർത്താൻ ആഗ്രഹിച്ച പ്രതാപന്‍    ചേതക്കിനോടൊപ്പം നില്‍ക്കുന്ന സ്മാരകം ഈ ലോകത്തിനു തന്നെ സംഭാവന ചെയ്തു. ചേതക്കിനൊപ്പം നിൽക്കുന്ന പ്രതാപ​​​​െൻറ സ്​മാരകത്തിനു മുന്നിൽ നിൽക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ഘോര യുദ്ധത്തി​​​​െൻറ കുളമ്പടിയൊച്ച കേൾക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.