ഉബൂദ് ഒരു കാര്‍ഷികഗ്രാമമാണ്, അല്ലെങ്കില്‍ കൃഷിയെ എങ്ങനെ ടൂറിസത്തിന് പ്രയോജനപെടുത്താം എന്ന് ഉബൂദ് കാണിച്ചു തരുന്നു. വഴിയില്‍ സൂചനാ ബോര്‍ഡുകള്‍ ധാരാളമുണ്ട്. അര്‍ഥം മനസിലായില്ലെങ്കിലും നമുക്കത് വായിക്കാന്‍ സാധിക്കും. ഇന്‍ഡോനേഷ്യനും ബാലനീസുമാണ് ബാലിയിലെ ഭാഷ. എഴുത്തിനുള്ള ലിപി ലാറ്റിന്‍ ആണെങ്കിലും ബോര്‍ഡുകള്‍ ഇഗ്ലീഷിലാണ്. അതായത് നമ്മള് മംഗ്ലീഷ് എഴുതുന്ന പോലെ. അപൂര്‍വമായി മാത്രം ചിലയിടങ്ങളില്‍ ബാലനീസ് കാണുകയും ചെയ്തു. ഉബൂദ് എത്തുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കാന്‍ വേണ്ടി ചെറിയ ഒരു കടയില്‍ നിര്‍ത്തി. ഇത്തരം ചെറിയ കടകള്‍ വാറുംഗ് എന്നാണ് അറിയപെടുന്നത്. ചിരപരിതനെപോലെയാണ് വയാൺ കടയില്‍ ഇടപെട്ടിരുന്നത്. ഈ കടയും സ്ത്രീകള്‍ തന്നെയാണ് നടത്തുന്നത്. ഇതിനിടയില്‍ വയാൻ തന്റെ സുഹൃത്തിനു ഞങ്ങളെ പരിചയപെടുത്തി. മഡെ എന്നാണു അദേഹത്തിന്റെ പേര്. വയാണിന്റെ കുഞ്ഞിന്റെ പേരും അത് തന്നെ ആയിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് റബി ബാലീനീസ് പേരുകളുടെ പ്രത്യേകത പറഞ്ഞു തരുന്നത്. ഇവിടെയും ജാതീയത നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇന്ത്യയിലെ പോലെ ഭീകരമല്ല. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശ്രൂദര്‍ എന്നിങ്ങനെ ജാതി തിരിച്ചാണ് പേരുകള്‍. സംസ്കൃതത്തില്‍ നിന്നാണ്പേരുകള് സ്വീകരിക്കുക. ജാതീയതയെ കുറിക്കുന്ന എന്തെങ്കിലും പേരിനു മുന്പില് കാണും. വയാണ് ജാതിയില്‍ ഉയര്‍ന്നു നില്ക്കുന്ന കുടുംബത്തിലെ അംഗമാണ്. മൂത്ത മകന് പുട്ടു, അടുത്തയാള്‍ക്കു മഡെ, വയാണ്, കടൂട്ട്, അഞ്ചാമനു വീണ്ടും പുട്ടു. താഴ്ന്ന ജാതിയില്‍ ഉള്ളവര്‍ക്ക് ആദ്യത്തെ മകന് വയാങ്ങ്, അടുത്തത് നെങ്ങാ, ഞ്യോമന് ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
അപ്പോൾ സ്ത്രീകള്‍ക്കോ ?
അങ്ങനെയൊരു ചോദ്യം റബി പ്രതീക്ഷിച്ചുകാണില്ല. റബി സഹായത്തിനു വയാണിനെ നോക്കി.
പുരുഷന്മാര് പേരിനു മുന്പില് ഐ എന്നും സ്ത്രീകളുടെ മുന്പില് നി എന്നും ചേര്‍ക്കും എന്നാണ്. ജാതീയമായ വിത്യാസം കൊണ്ട് പേരിലും ചെറിയ മാറ്റങ്ങള്‍ വരും. വയാണിന്റെ അമ്മയുടെ പേരും ഭാര്യയുടെ പേരും മകളുടെ പേരും ഒന്നാണ്. "റ്റിജോക്കോഡഇസ്ട്രി ".
എന്ത് രസകരമാണ് പേരുകള്‍. പേരുകള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഒരേ പേരുകള്‍ തന്നെ ആവര്‍ത്തിച്ചു വരുന്നു. കോഴിക്കോട്ടെ കോയപോലെ, റഷ്യയിലെ വ്ലാഡിമിര്‍ പോലെ, ഒരു പേര് വിളിച്ചാല്‍ ഒരു കൂട്ടം ആളുകള്‍ വരുന്ന അവസ്ഥ.
ബാലിക്കാര്‍ എന്തും കഴിക്കുന്നവരാണ്. അരി ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് എന്ത് വിഭവത്തിന്റെ കൂടെയും കുറച്ചു ചോറും ലഭിക്കും. റബിയും വയാണും ഊണ് തന്നെയാണ് കഴിച്ചത്. സാമ്പാറുംഅച്ചാറും തേങ്ങയിട്ട മീന്‍ കറിയൊക്കെ ചേര്‍ത്ത്. ഞാന്‍ കഴിച്ച ഗ്രില്‍ഡ് ചിക്കന്റെ കൂടെയും ഉണ്ടായിരുന്നു കുറച്ചു ചോറ്. ഒരു ചിരട്ടയില്‍ കൊള്ളാവുന്നത്ര. ഭക്ഷണം കഴിച്ചു കഴിഞ്ഞു റബി കുടുകുടെ വെള്ളം കുടിച്ചിരുന്നു. കറിയിലെ എരിവു തന്നെ കാരണം. നാസി ചംബൂര് എന്നാണ് ചോറും കറിയും അടങ്ങുന്ന വിഭവത്തിനു ബാലിക്കാര്‍ വിളിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരിചയപെട്ട പ്രദേശവാസിക്ക് ഇന്ത്യയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം..ഹിന്ദുവാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. റബിയുടെ ശരീരഭാഷ സിക്കാണെന്ന് ഏതിരുട്ടിലും വിളിച്ചു പറയുമായിരുന്നു. ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യക്കാരന് ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം ബാലിയില്‍ കിട്ടുന്നുണ്ട്. അതിനു പക്ഷേ വിശ്വാസപരമായ കാരണങ്ങള്‍ ഉണ്ടെന്നു മാത്രം.
ഉബൂദിലേക്കുള്ള വഴിയില്‍ വെച്ചാണ് ഒരു വീടിനു മുന്പില് ആഘോഷ സമാനമായ ആള്‍കൂട്ടം കണ്ടത്. ഒരു ശവസംസ്കാര ചടങ്ങിന്റെ ഭാഗമായ ആള്‍കൂട്ടമായിരുന്നു അത്. ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമോ എന്ന റബിയുടെ ചോദ്യത്തിന് ഒരു വേള ആലോചിച്ചിട്ടാണ് വയാണ് മറുപടി പറഞ്ഞത്,
സര് ഞാന്‍ ആദ്യം പോയി നോക്കട്ടെ. കാര്‍ കുറച്ചുമാറി പാര്‍ക്ക് ചെയ്തതിന് ശേഷം വയാണ് ആ വീടിന്റെ അടുത്തുണ്ടായിരുന്ന യുവാക്കളോട് എന്തോ ചോദിച്ചതിനു ശേഷം അകത്തേക്ക് കയറിപോയി. ഏകദേശം പത്തുമിനിറ്റു കഴിഞ്ഞതിനു ശേഷമാണ് അവന് തിരിച്ചു വന്നത്. സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. അവരോടു സമ്മതം ചോദിക്കാനും ഏതു ജാതിയില്‍പെട്ടവരുടെ മരണമാണ് എന്നൊക്കെ അറിയാനുമാണ് വയാണ് പോയത്. കാരണം പലര്‍ക്കും സംസ്കാര ചടങ്ങുകള്‍ വ്യത്യസ്തമാണ്. ഗ്രാമങ്ങള്‍ തോറും ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.
കലാകാരന്മാര് ദുഃഖാര്‍ത്തമായ താളത്തില്‍ വാദ്യോപകരണങ്ങളില്‍ നിന്നും സംഗീതം പൊഴിക്കുന്നുണ്ട്. അലങ്കരിച്ച ശവപ്പെട്ടിയുടെ അടുത്തിരുന്ന പുരോഹിതന് മന്ത്രങ്ങള്‍ ജപിച്ചു കൊണ്ട് അടുത്തിരിക്കുന്നുണ്ട്. അദേഹം അടക്കം എല്ലാവരും ശുഭ്രവസ്ത്രധാരികളാണ്. വീടിന്റെ മറ്റൊരു ഭാഗത്ത് കുറെ സ്ത്രീകള്‍ പാചകത്തിലാണ്. മരണവീട്ടില്‍ പാചകം ഞാന്‍ ആദ്യമായി കാണുകയാണ്. കേരളത്തില്‍ ഇങ്ങനെയൊരു സമ്പ്രദായം ഇല്ലല്ലോ. അടുത്ത വീടുകളില്‍ കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്.
ദീര്‍ഘ നേരത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ മുഷിപ്പുണ്ടാക്കിയപ്പോള് ഞാന്‍ പതിയെ ഒരു ഭാഗത്തേക്ക് നീങ്ങി. മരണവീട്ടില്‍ പാലിക്കേണ്ട മര്യാദകള്‍ ആര്‍ക്കും ആരും പഠിപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നു. കുറച്ചു സമയത്തിനു ശേഷം പുരോഹിതന് ഭക്ഷണം കഴിക്കാന്‍ ഇരുന്നു. അവിടെ കൂടിയ എല്ലാവര്ക്കും ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും കിട്ടി ഓരോ പ്ലേറ്റ്.
മൃതദേഹം ഒരു പുരുഷന്റെതായിരുന്നു. ഉയര്‍ത്തിവെച്ച ശവപ്പെട്ടിയിലേക്ക് പതുക്കെ മൃതദേഹം വെക്കുമ്പോള്‍ പെട്ടിക്കുമുകളില്‍ ഒരു മറവു പോലെ തുണി പിടിച്ചിരുന്നു. പിന്നീട് മുളകൊണ്ടു നിർമിച്ച ശവമഞ്ചത്തില്ലേക്ക് മാറ്റി.
സാമ്പത്തികമായി ഉയര്‍ന്നവരും, മേല്‍ജാതിക്കാരും വിലാപയാത്രക്ക് തേര് പോലുള്ള വാഹനമാണ് ശവമഞ്ചമായി ഉപയോഗിക്കുക. എന്നാലും ഇത് തള്ളികൊണ്ട് പോകാന്‍ കുറച്ചു പേര് വേണം. മുന്പില് ചെണ്ടയും മറ്റു വാദ്യോപകരണങ്ങളുമായി ഒരു സംഘം. പിറകില്‍ ശവമഞ്ചം ചുമക്കുന്നവര്‍, അതിനു പിറകില്‍ അവിടെ കൂടിയിരുന്നവര്‍ ഇങ്ങനെയാണ് പോകുന്നത്. ശവമഞ്ചത്തില്‍ മരണപെട്ടയാളുടെ അടുത്ത ബന്ധു കയറിയിട്ടുണ്ട്. മുറിഞ്ഞുപോയ ഗോപുരത്തിന്റെ പോലെയുള്ള ഒരു ഭാഗവും ശവമഞ്ചത്തിന്റെ മുന്പില് ഉണ്ട്. ദുരാത്മാക്കളെ അകറ്റാന്‍ ആണിത്. കുറച്ചു സമയം നടന്നതിനു ശേഷമാണു ശ്മശാനത്തില്‍ എത്തിയത്. കേരളത്തിലെ മുസ് ലിം വിശ്വാസപ്രകാരമുള്ള സംസ്കാരത്തോട് സാമ്യമുള്ളതായിരുന്നു ബാലിനീസ് ശവസംസ്കാരവും. ചെറിയ കുഴിയിലേക്ക് ശവപെട്ടി കയറില്‍ ഇറക്കി, പൂക്കള്‍ വിതറി. വന്നവരെല്ലാം ഒരു പിടി മണ്ണ് വാരിയിട്ടു. അതിനു ശേഷം പൂര്‍ണമായും മണ്ണിട്ട് മൂടി മുകളില്‍ ഒരു വിരിയില്‍ കൂടയില്‍ നിറച്ച പൂക്കളും പഴങ്ങളും പൂജാദ്രവ്യങ്ങളും വെച്ചു.
അടുത്ത രണ്ടാഴ്ച ആ കുടുംബത്തില്‍ ദുഃഖാചരണം ആയിരിക്കും. അതിനു ശേഷം വീണ്ടും മൃതദേഹം ദഹിപ്പിക്കും. ചിലഗ്രാമങ്ങളില്‍ ഈ ശരീരം പെട്ടിയില്‍ നിന്നും മാറ്റി നേരെ മണ്ണിലേക്കാണ് വെക്കുക എന്നാണ് വയാണ് പറയുന്നത്. അത്തരം ചടങ്ങില്‍ ദഹനപ്രക്രിയ ഉണ്ടാവില്ല. ഒരാളുടെ മുഖത്തും പ്രകടമായ ദുഃഖം കണ്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സന്തോഷത്തോടു കൂടി ജീവിച്ച ഒരാളുടെ മരണത്തില്‍ എന്തിനാണ് ദുഖിക്കുന്നത് എന്നാണ് വയാണ് ചോദിക്കുന്നത്. മരണത്തില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.
പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇന്തോനേഷ്യയെന്ന രാജ്യം. ലോകത്തുള്ള മറ്റെല്ലാ ദ്വീപുകളും രൂപപെട്ട അതെ അവസ്ഥകളില്‍കൂടി കടന്നുപോയി തന്നെയാകണം ഇന്തോനേഷ്യയും രൂപപെട്ടിരിക്കുക. ദ്വീപുകളെ കുറിച്ച് വലിയ രീതിയില്‍ പഠനമൊന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപുകളിലും എങ്ങനെയാണ് ജനവാസം തുടങ്ങിയത് എന്നതിനൊക്കെ വ്യത്യസ്ത ചരിത്രങ്ങളാണ് ഉള്ളത്. പതിനെട്ടായിരത്തിലധികം ദ്വീപുകള്‍ ഉള്ള ഇന്തോനേഷ്യയില്‍ ജനവാസമുള്ള ദ്വീപുകള്‍ പക്ഷേ എഴായിരത്തില്‍ താഴെയാണ്. അതില്‍ തന്നെ ജാവാ ദ്വീപിലാണ് മൊത്തം ജനസംഖ്യയുടെ പകുതിയും വാസമുറപ്പിച്ചിരിക്കുന്നതു.
ഇന്ത്യക്കാരുടെ ദ്വീപ് എന്നര്‍ത്ഥത്തില്‍ ഗ്രീക്കുകാരാണ് ജാവയെ ഇന്തോനേഷ്യ എന്ന് വിളിക്കുന്നത്. പുതിയ ലോകങ്ങള്‍ കണ്ടെത്താനുള്ള നാവികരുടെ അടങ്ങാത്ത ആഗ്രഹമാണല്ലോ ഇന്നത്തെ ലോകത്തിന്റെ ചരിത്രം എഴുതപെട്ടത്. വടക്ക് കിഴക്കന്‍ ഏഷ്യയില്‍ ഉണ്ടായിരുന്ന ബുദ്ധമതം തന്നെയാണ് ഇന്തോനേഷ്യയിലും ഉണ്ടായിരുന്നത്. ക്രിസ്തുവിനും ഇരുന്നൂറു വര്‍ഷം മുന്‍പേ ഇന്തോനേഷ്യയില്‍ ഹിന്ദുമതം ഉണ്ടായിരുന്നു എന്ന് ചില ഗവേഷകര്‍ നിഗമനത്തില്‍ എത്താറുണ്ടെങ്കിലും അതിനു കൃത്യമായ ചരിത്രപിന്തുണ ലഭിച്ചിട്ടില്ല.
ഇന്ത്യയുമായുള്ള വ്യാപാരബന്ധമാണ് ഇന്തോനേഷ്യയില്‍ ഹിന്ദു മതം പ്രചരിക്കാനുള്ള കാരണമെന്നു കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അറബി കച്ചവടക്കാര്‍ വഴി ഇസ് ലാം മതവും ദ്വീപില്‍ എത്തി. ഇന്ന് വളരെ ചെറിയ ന്യൂനപക്ഷമാണ് ഹൈന്ദവര്‍. അതും ബാലിയില്‍ മാത്രമാണ് ഉള്ളത്. ബഹുഭൂരിപക്ഷം ജനങ്ങളും ഇസ് ലാമിലേക്ക് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നു.
വര്‍ഷങ്ങളോളം രാജഭരണത്തില്‍ ആയിരുന്നെങ്കിലും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇന്തോനേഷ്യയെ കോളനിയാക്കി കൈവശം വെച്ചിരുന്നു. ലോകത്തിലെ മറ്റെല്ലായിടത്തുമെന്ന പോലെ ഇന്തോനേഷ്യയിലും കോളനിവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. ദേശീയവാദിയയായ അഹമ്മദ് സുകര്‍ണോയുടെ നേത്ര്യതത്തിലായിരുന്നു സമരങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എന്നാരോപിച്ച് സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തവരെ ജനറല്‍ സുഹാര്‍ത്തോ കൂട്ടക്കൊല ചെയ്തു. അമേരിക്ക-ബ്രിട്ടന് സഹായത്തോടെയാണ് ഇത് ചെയ്തത്. തുടര്‍ച്ചയായ മുപ്പതു വര്‍ഷമാണ് സുഹാര്‍ത്തോ ഇന്തോനേഷ്യന്‍ പ്രസിടന്റ്റ് പദവിയില്‍ ഇരുന്നത്. തൊണ്ണൂറുകളുടെ അവസാനം ഏഷ്യയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്തോനേഷ്യക്കും രക്ഷപെടാന്‍ സാധിച്ചില്ല. കൂട്ടത്തില്‍ വിഘടനവാദവും തീവ്രവാദവും കൂടി ചേര്‍ന്നപ്പോള്‍ ജനജീവിതം ദുസ്സഹമായി.
വിദ്യാര്‍ഥികള്‍ പാര്‍ലിമെന്റ് വളഞ്ഞു അധികാരകൈമാറ്റം ആവിശ്യപെടുന്നത് വരെയെത്തി കാര്യങ്ങള്‍. ഇന്ന് ഇന്തോനേഷ്യ ശാന്തമാണ്. ടൂറിസം ഈ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. 33പ്രവിശ്യകളായി തിരിച്ചാണ് ഭരണം നിര്‍വഹിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ക്ക് പ്രതേകം നിയമങ്ങള്‍ ഉണ്ട്. ബാലിക്ക് ബാലിയുടെതായ നിയമങ്ങളും.
ഉബൂദിലെ ഒരു ഹോംസ്റ്റേയിലായിരുന്നു ഞങ്ങളുടെ താമസം. വയലുകള്‍ക്ക് നടുവില്‍. ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തതിനാല്‍ ഉബൂദിലേ കാഴ്ചകളിലേക്ക് നാളെ ഇറങ്ങാം എന്നാണ് കരുതിയിരുന്നത്. ഹോംസ്റ്റേ നടത്തിപ്പുകാരന് കോഴിപോര് കാണാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചെങ്കിലും വയാണ് ഇടപെട്ടു അത് വേണ്ടെന്നു പറഞ്ഞു. ബാലിയില്‍ കോഴിപോര് നിയമം മൂലം നിരോധിച്ചിരിക്കുന്നതാണ്. എങ്കിലും നിയമവിരുദ്ധമായി നടക്കുന്നുണ്ട്. പത്തുലക്ഷം ബാലിനീസ് രൂപയും അഞ്ചു വര്‍ഷം തടവുമാണ് കോഴിപ്പോര് നടത്തുവര്‍ക്ക് നല്കുന്ന ശിക്ഷ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.