മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ്​ ഗോകർണ (ചിത്രം: സുധീഷ്​ മുരളീധരൻ)

ഗോകർണ മാത്രമല്ല, ഇവിടെ കുംതയും യാനയുമുണ്ട്​

ബീച്ച് എന്ന് കേട്ടാൽ ശരാശരി മലയാളികളുടെ മനസ്സിൽ ആദ്യം തിരയടിച്ചെത്തുക ഗോവയായിരിക്കും. ബാഗയും കല്ലൻഗുട്ട് ബീച്ചുമെല്ലാം ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്നതാണ്​. അവയോട്​ കിടപിടിക്കുന്ന അതിസുന്ദരമായ മറ്റൊരു സ്ഥലമുണ്ട്. അതാണ്​ ഗോകർണ. ഇൗ പേര് കേൾക്കുമ്പോൾ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുടെ സംസാരങ്ങളിൽ കടന്നുവരാറുള്ള വാക്കുകളാണ്​​ ഒാർമ വരിക, 'നിനക്ക് വല്ല ഗോകർണത്തേക്കും പൊയ്ക്കൂടേ'? സത്യത്തിൽ ഈ പറയുന്ന പലർക്കും അറിയില്ല, ഗോകർണ ഏറെ സുന്ദരമായ സ്ഥലവും മനോഹരമായ ബീച്ചുകളാൽ സമ്പന്നവുമാണെന്ന്​.

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഗംഗാവലി, ആഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നുകിടക്കുന്ന ഗോകർണ കാണാനും അറിയാനും ആസ്വദിക്കാനും ഒത്തിരി സഞ്ചാരികൾ വരുന്നുണ്ട്. മു​െമ്പല്ലാം വിദേശ സഞ്ചാരികളാണ് കൂടുതലെത്തിയിരുന്നത്​​. ഇപ്പോൾ ഇന്ത്യയിലെ നാനാഭാഗത്തുനിന്നും സഞ്ചാരികളുടെ ഒഴുക്ക് അവിടെ കാണാൻ കഴിയും.

അത്രയേറെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു ഗോകർണ. കേരളത്തിൽനിന്ന്​ പ്രധാനമായി റോഡ്, ട്രെയിൻ മാർഗം ഇവിടെ എത്താം. തിരുവനന്തപുരത്തുനിന്ന്​ രാവിലെ 9.30ന്​​ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും എറണാകുളം സൗത്ത് സ്​റ്റേഷനിൽനിന്ന്​ എല്ലാ ദിവസവും ഉച്ചക്ക് 1.15ന്​ പുറപ്പെടുന്ന മംഗള - ലക്ഷദ്വീപ് എക്സ്പ്രസുമാണ് ഗോകർണയിലേക്ക് പോകാനുള്ള പ്രധാന ട്രെയിനുകൾ. അതിൽ കയറി കുംത റെയിൽവേ സ്​റ്റേഷനിലിറങ്ങിയാൽ മതി.

കുംത കഴിഞ്ഞുള്ള സ്​റ്റോപ്പാണ് ഗോകർണ റോഡ്. പക്ഷെ, അവിടെ ലോക്കൽ ട്രെയിനുകൾ മാത്രമേ നിർത്തൂ. നേത്രാവതി എക്സ്പ്രസിൽ ഗോകർണയിലേക്ക് പോകുന്നതാണ് ഏറ്റവും ഉചിതം. കാരണം മംഗള എക്സ്പ്രസ് കുംത സ്​റ്റേഷനിൽ എത്തുന്നത് രാത്രി ഒന്നരക്കാണ്​. നേത്രാവതി പുലർച്ച മൂന്നരക്കേ എത്തൂ. രാവിലെ ആറ് മുതൽ ഗോകർണത്തേക്ക് ബസ്​ ലഭിക്കും. നേത്രാവതിയിൽ വന്നിറങ്ങി അവിടന്ന് ബസ്​സ്​റ്റാൻഡിൽ പോയി ഒരു കാപ്പി കുടിച്ച്​ കഴിയുമ്പോഴേക്ക്​ ബസുകൾ വരാൻ തുടങ്ങും. ആദ്യത്തെ ബസിൽ കയറി തന്നെ ഗോകർണയിലെത്താം. കേട്ടറിഞ്ഞ ഇൗ വിവരങ്ങളുമായാണ്​ ഗോകർണ ലക്ഷ്യമാക്കി ഞാനും ട്രെയിൻ കയറുന്നത്​.

അന്ന് ട്രെയിൻ കുറച്ചുവൈകി. പുലർച്ചെ നാല് മണി കഴിഞ്ഞിട്ടാണ് കുംതയിലെത്തുന്നത്​. എന്നെ സംബന്ധിച്ച്​ അ​െതാരു അനുഗ്രഹമായി. അത്രയുംനേരം സ്​റ്റേഷനിൽ കുത്തിയിരിക്കേണ്ടല്ലോ. അത്യാവശ്യം വൃത്തിയുള്ള റെയിൽവേ സ്​റ്റേഷനാണിത്​. നേരം പുലരുന്നതേയുള്ളൂ. ആറ്​ മണിയാകാൻ ഇനിയും സമയം ബാക്കി. കുറച്ചുനേരം വെയ്റ്റിംഗ് റൂമിൽ ഇരുന്നു. എന്നാൽ, കൊതുകുകൾ വന്ന്​ ആക്രമിക്കാൻ തുടങ്ങിയതോടെ പുറത്തേക്കിറങ്ങി. സ്​റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ബസ്​സ്​റ്റാൻഡിലേക്ക്​. ഒാ​േട്ടാറിക്ഷയിൽ കയറിയാൽ അവർ തോന്നിയ പൈസ ഇൗടാക്കും. അതുകൊണ്ട്​ നടക്കാൻ തീരുമാനിച്ചു.

സ്​റ്റാൻഡിലെത്തി ഒരു ചായ കുടിച്ചു. സമയം 5.30. പുറത്ത്​ എവിടെയോ 'ഗോകർണ, ഗോകർണ' എന്ന് വിളിക്കുന്നത് പോലെ. ആ വിളിക്ക്​ കാതോർത്ത്​ റോഡിലേക്ക് ഇറങ്ങിച്ചെന്നു. ഒരു ടെമ്പോ ട്രാവലർ അവിടെ കിടക്കുന്നു. അതിൽ ഒരു സീറ്റ് കൂടി ബാക്കിയുണ്ട്​. ബസി​ലെ ടിക്കറ്റ് നിരക്ക്​ തന്നെയാണെന്ന്​ അറിഞ്ഞതോടെ അതിലേക്ക് ചാടിക്കയറി.

ഉപ്പുപാടം

കുംതയിൽനിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട്​ ഗോകർണത്തേക്ക്​. ആ യാത്രക്ക്​ ബസാണ്​ ഏറെ അനുയോജ്യം. ടാക്​സിക്കെല്ലാം മുടിഞ്ഞ പൈസയാണ്​​. സീറ്റുകൾ നിറഞ്ഞതോടെ ട്രാവലറി​​െൻറ ചക്രങ്ങൾ ചലിക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക്​ വഴുതിവീണിരുന്നു. ഇടക്കെപ്പോഴേ കണ്ണ്​ തുറന്ന്​ പുറത്തേക്കുനോക്കി. സൂര്യ​െൻറ നേരിയ വെളിച്ചം ഭൂമിയിലേക്ക് വീഴുന്നതേയുള്ളൂ. റോഡി​െൻറ ഇരുവശങ്ങളിലും നിറയെ ഉപ്പുപാടങ്ങൾ. അതി​െൻറ നടുവിലൂടെയാണ്​ യാത്ര. ഉപ്പുണ്ടാക്കാൻ വേണ്ടി കടൽ ജലം ബണ്ടുകളായിവേർതിരിച്ചു പാടങ്ങളിൽ കെട്ടിനിർത്തിയിരിക്കുന്നു.

അങ്ങിങ്ങായി മൺകൂനകൾ പോലെ കൂട്ടിയിട്ട ഉപ്പുകൂനകൾ കാണാം. ആറ്​ മണിയായപ്പോഴേക്കും​ ഗോകർണ എത്തി. സ്​റ്റാൻഡിലിറങ്ങി ഹോട്ടൽ റൂം അന്വേഷിച്ച്​ നടപ്പായി. വഴിയിൽ നിറയെ കച്ചവടക്കാർ​. പിന്നെ തലങ്ങും വിലങ്ങും ഓടുന്ന കാലികൾ. കൂടുതലും പൂ കച്ചവടക്കാരാണ്​​. സ്​റ്റാൻഡിനോട്​ അടുത്ത് തന്നെയാണ് ഗോകർണ ക്ഷേത്രം. അവിടേക്ക്​ വരുന്നവർ ചെണ്ടുമല്ലിപ്പൂവും വാങ്ങിയാണ്​ പോകുന്നത്​.  

ഗോകർണയിലെ ആൻറിക്​ വസ്​തുക്കൾ വിൽക്കുന്ന കട

500 രൂപക്ക് അത്യാവശ്യം വൃത്തിയുളള ഡബിൾ റൂം കിട്ടി. ഒന്നുറങ്ങിയശേഷം ഫ്രഷായി പ്രഭാത ഭക്ഷണവും കഴിച്ച്​ തെരുവിലൂടെ നടന്നുതുടങ്ങി. വന്നിറങ്ങിയപ്പോൾ കണ്ട മുഖമല്ലായിരുന്നു ഗോകർണക്ക് അപ്പോൾ. തെരുവുകളിൽ നല്ല തിരക്ക്. റോഡിൽ ഇരുവശവും നിറയെ കച്ചവടക്കാർ. പൂക്കൾ മാത്രമല്ല ഇപ്പോഴുള്ളത്​. ഓറഞ്ച്, ആപ്പിൾ, പപ്പായ, സപ്പോട്ട, ക്യാരറ്റ്... അങ്ങനെ നിരവധി വസ്​തുക്കൾ നിറഞ്ഞിരിക്കുന്നു. കച്ചവടക്കാരിൽ അധികവും ഗോത്ര വർഗ്ഗത്തിൽപെട്ട സ്ത്രീകൾ തന്നെ. എല്ലാവർക്കും അമ്പതിന്​ മുകളിൽ പ്രായമുണ്ട്​. പ്രത്യേക ശൈലിയിലാണ്​ അവരുടെ വസ്ത്രധാരണം. കൈയിൽ നിറയെ സ്​റ്റീൽ വളകൾ.​ കാതിൽ കടുക്കനും കല്ല് മാലകളും പരമ്പരാഗത വെള്ളി ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.

കടലോരത്തെ ഒട്ടകം

ഏതൊക്കെയോ ഇടവഴികളിലൂടെ നടക്കുകയാണ്. കച്ചവടക്കാർ എന്നെ മാടിവിളിക്കുന്നു. കൂടുതലും ആൻറിക് കളക്ഷൻ വസ്​തുക്കളാണ്. കുറച്ചു മദാമ്മമാർ കൈയിൽ പച്ചകുത്തുന്ന കാഴ്ച കണ്ടു. നടന്നെത്തിയത് ഗോകർണക്ഷേ​ത്രത്തിന്​ സമീപത്തെ ബീച്ചിലേക്ക്​. ഒട്ടക സവാരിയാണ് അവിടത്തെ പ്രത്യേകത. ഒരാൾക്ക്​ 100 രൂപ. ഞാനും ഒട്ടകത്തിന്​ പുറത്ത്​ കയറി. പുറമെ കാണുന്ന പോലെയല്ല അതി​െൻറ പുറത്തുകയറിയാൽ. താഴേക്ക് ഇപ്പോൾ വീഴുമെന്ന പ്രതീതി. നടക്കുമ്പോൾ രണ്ട്​ വശത്തേക്കും ചരിയുന്നു. ഒട്ടക സവാരി മതിയാക്കി ഓട്ടോയിൽ കയറി ഓം ബീച്ചിലേക്ക് യാത്ര തിരിച്ചു. വെയിലി​െൻറ കാഠിന്യം കൊണ്ടാണ് ഓട്ടോ പിടിച്ചത്. അല്ലെങ്കിൽ കുന്നിൽ ചെരിവുകളിലൂടെ നടന്ന്​ ഗോകർണയുടെ പ്രകൃതിഭംഗി ആസ്വദിക്കാമായിരുന്നു.

ഒാം ബീച്ചി​െൻറ ദൂരക്കാഴ്​ച

ഇവിടെ പ്രധാനമായും അഞ്ച് ബീച്ചുകളാണുള്ളത്. ഗോകർണ, കുഡ്‌ല, ഓം, ഹാഫ് മൂൺ, പാരഡൈസ്​. ഓം ബീച്ചിലേക്ക്​ പോകുന്ന വഴിയിൽ കുന്നുകളും അതിന്​ താഴെ നീലക്കടലും അതി​നരികിലൂടെ ട്രെക്ക്​ ചെയ്യുന്നവരെയെല്ലാം കാണാം. ഒറ്റക്കല്ലായിരുന്നുവെങ്കിൽ എനിക്കും ഇതുപോലെ കഥകൾ പറഞ്ഞ്​ ട്രെക്ക് ചെയ്ത്​ പോകാമായിരുന്നു.

ഓ​ട്ടോറിക്ഷ ബീച്ചി​െൻറ യാതൊരു സൂചനയും തരാത്ത ഒരു സ്ഥലത്ത് നിർത്തി. 150 രൂപയും വാങ്ങി ഡ്രൈവർ കൈചൂണ്ടി താഴേക്ക്​ നടന്നിറങ്ങിയാൽ മതിയെന്ന് പറഞ്ഞു. വഴിസൂചന നൽകി ഓം ബീച്ച് എന്ന ബോർഡും കണ്ടു. ഒരു കുന്നിൻ മുകളിലാണ്​ ഞാൻ നിൽക്കുന്നത്. അടുത്തൊരു ചെറിയ റെസ്​റ്റോറൻറുണ്ട്. അവിടന്ന് ഒരു കുപ്പി വെള്ളവും വാങ്ങി താഴേക്ക്​. കടലി​െൻറ ഇരമ്പൽ ചെറുതായി കേൾക്കാം.

ഒാം ബീച്ചിലേക്കുള്ള വഴി

പടവുകൾ വഴി താഴേക്കിറങ്ങുമ്പോൾ ഓം ആകൃതിയിൽ നീല നിറത്തിൽ കടൽ തിളങ്ങുന്നു. ഇതിന്​ ഓം ബീച്ച് എന്ന പേര് വരാനുള്ള കാര്യം പ്രത്യേകം ഇനി പറയേണ്ടതില്ലല്ലോ. ബീച്ചിൽ രാവിലെ തന്നെ നല്ല തിരക്ക്​​. കുറച്ചുപേർ യോഗ ചെയ്യുന്നു. ചിലർ കടലിലേക്ക്​ നോക്കി സ്വപ്​നങ്ങൾ നെയ്​തുകൂട്ടുന്നു. കടലിൽ നീരാടുന്നു മറ്റു ചിലർ. തൊട്ടടുത്തുള്ള മരത്തി​െൻറ തണലിൽ സുന്ദരിയായ മദാമ്മ മണലിൽ ബെഡ്ഷീറ്റും വിരിച്ച് കടലിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ട്​. ഉടനെ എങ്ങും എണീറ്റു പോകുന്ന ലക്ഷണമില്ല. എ​െൻറ പഴ്സും മൊബൈലും അടങ്ങിയ ബാഗ് മദാമ്മയുടെ ബെഡ് ഷീറ്റി​െൻറ അരികിലായി വെച്ചു. കരയിൽ മദാമ്മ ഉണ്ടല്ലോ എന്ന ധൈര്യത്തിൽ ഞാനും കടലിലേക്കിറങ്ങി.

രണ്ട് മണിക്കൂറോളം കടലിൽ കുളിച്ചു. വെയിലി​െൻറ ചൂട് കൂടിയപ്പോൾ കരയിലേക്ക്​ കയറി. വസ്​ത്രം മാറ്റി മൊബൈലും പഴ്​സും അവിടെനിന്ന്​ എടുത്തു. അത്രയും നേരം അതിന്​ കാവൽനിന്ന മദാമ്മക്ക്് ഒരു താങ്ക്സ് പറഞ്ഞു. ആ നന്ദി പറച്ചിൽ എന്തിനാണെന്ന് അവർക്ക് മനസ്സിലായില്ലെന്ന്​ തോന്നുന്നു. അതിനാലാകാം അവർ എന്നെ പകച്ചുനോക്കിയത്.

ഇവിടം സ്വർഗമാണ്

ഇനി ലക്ഷ്യം തൊട്ടടുത്തുള്ള ഹാഫ് മൂൺ ബീച്ചാണ്​. അർധവൃത്താകൃതിയുള്ള ബീച്ചാണിത്​. ഒാമിനെയും ഹാഫ് മൂണിനെയും വേർതിരിക്കുന്നത് കടലിലേക്ക്​ നീണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങളാണ്. അവിടെയും കുറച്ചുനേരം ചുറ്റിപ്പറ്റിനിന്ന ശേഷം മുകളിലേക്ക്​ തിരിച്ചുകയറി. നേരത്തെ കണ്ട റെസ്​റ്റോറൻറിൽനിന്ന്​ ഭക്ഷണം കഴിച്ചു. കേരള സ്​റ്റൈൽ ഭക്ഷണമൊന്നും ഇവിടെയില്ല. ബിരിയാണി, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ മാത്രം. ആഹാരം കഴിച്ചു പുറത്തേക്കിറങ്ങി. ഇനി അടുത്ത ലക്ഷ്യം ഗോകർണയുടെ സ്വർഗം എന്ന് വിളിപ്പേരുള്ള പാരഡൈസ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങാണ്.

കടൽത്തീരവും കഴിഞ്ഞു ഓം ബീച്ചി​െൻറ അറ്റത്തെ പാറകൾ കടന്ന് മുകളിലേക്ക്​ കയറി നടക്കുകയാണ്​. ഒരു മലയുടെ അരികിലൂടെ പാറക്കെട്ടുകൾ നിറഞ്ഞ വഴിയിൽ കഷ്​ടിച്ച് ഒരാൾക്ക്​ മാത്രം നടക്കാവുന്ന വഴിയിലൂടെയാണ് യാത്ര. അത്യധികം സാഹസികവും അതിലേറെ അപകടകരവുമായ സാഹചര്യങ്ങളാണ്​ മുന്നിൽ. കാലൊന്ന്​ തെന്നിയാൽ മലയുടെ താഴെ കടൽത്തിരയടിച്ച്​ നുരയുന്ന പാറക്കെട്ടുകളിലേക്കാകും എത്തുക. പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.

ഗോകർണയിൽനിന്നും പാരഡൈസ്​ ബീച്ചിലേക്കുള്ള വഴിയിൽ

എന്നാൽ, ഇവിടെനിന്നുള്ള കാഴ്​ചകളെല്ലാം ഇൗ ഭയത്തെ ഇല്ലാതാക്കും​. ഒരുഭാഗത്ത്​ പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലും ചേരുന്ന മനോഹരമായ ദൃശ്യം. ഒരു പൊളിഞ്ഞ പഴയ കെട്ടിടത്തിന്​ അടുത്തുള്ള വഴിലൂടെ ബീച്ചിലേക്കിറങ്ങി ചെല്ലാം. ആ കെട്ടിടത്തി​െൻറ ചുമരുകളിൽ ആരോ വരച്ച സുന്ദരമായ ചിത്രങ്ങളുണ്ട്​.

പാറകളാൽ ചുറ്റപ്പെട്ട ശാന്തവും അതിലേറെ മനോഹരമായ ഒരു കടൽതീരം, അതാണ് പാരഡൈസ് ബീച്ച്. ഓം ബീച്ചിലോ ഹാഫ്മൂൺ ബീച്ചിലോ കണ്ട തിരക്കൊന്നും ഇവിടെയില്ല. പേര് പോലെ തന്നെ ഇവിടം സ്വർഗമാണ്. കർമ ബന്ധങ്ങളുടെ നൂലുകളെല്ലാം പൊട്ടിച്ചെറിഞ്ഞു ഏകാന്തതയെ പ്രണയിച്ച് ഒരു ധ്യാനത്തിലെന്നപോലെ മനസ്സെന്ന പറവയെ കൂടുതുറന്ന് പ്രകൃതിയിലേക്ക് പറത്തിവിടുന്നവരുടെ സ്വർഗം. ലോകം ചുറ്റിത്തീർക്കാൻ കൊതിച്ചവർക്കും ഏകാന്ത യാത്രകൾ ഇഷ്​ടപ്പെടുന്നവർക്കും കലാഹൃദയമുള്ളവർക്കും പറ്റിയയിടം. തിരക്കുപിടിച്ച ലൗകിക ജീവിതത്തിൽ എല്ലാ മാനസിക പിരിമുറുക്കങ്ങളും കളഞ്ഞ് ഇവിടെ വന്ന്​ ഒന്നു കണ്ണടച്ച് കടൽ കാറ്റേറ്റും കൊണ്ട് ഇരുന്നുനോക്കൂ. മറ്റേതോ ലോകത്തേക്ക് മനസ്സ്​ നമ്മളെ കൊണ്ടുപോകും. അതെല്ലാം കൊണ്ടാകാം ഇതിന്​ പാരഡൈസ് ബീച്ചെന്ന പേര് വന്നത്​.

പാരഡൈസ്​ ബീച്ചിലെ ടെൻറുകൾ

ഗോകർണയിൽ എത്തുന്ന സഞ്ചാരികൾ മിക്കവരും ഇവിടെയാണ് രാത്രി തമ്പടിക്കുക. ടെൻറുകളോ സ്ലീപ്പിങ് ബാഗോ കൊണ്ടുവന്നാൽ ഓപ്പൺ ബീച്ചിൽ കടൽ കാറ്റേറ്റ് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക്​ ത​ാഴെ അന്തിയുറങ്ങാം. ഭക്ഷണം കഴിക്കാൻ തട്ടുകട പോലെ രണ്ടു ചെറിയ സംവിധാനങ്ങളുണ്ട്. അതേസമയം ബാത്ത്​റൂം, ടോയ്​ലെറ്റ്​ പോലുള്ള സൗകര്യങ്ങൾ കാണാനുമില്ല. സുരക്ഷ മുന്നറിയിപ്പ് ബോർഡുകളോ കുളിക്കുന്നത് നിയന്ത്രിക്കാനുള്ള സെക്യൂരിറ്റി ഗാർഡുകളോ ഇല്ലാത്ത, സുന്ദരമായ കടലോരവും വിദൂരതയിലേക്ക് നോക്കി ഇരിക്കാൻ കൂറ്റൻ പാറകളും കടലി​െൻറ സംഗീതവും കാറ്റി​െൻറ താളവും ചേർന്ന ഒരു മായാലോകം പാരഡൈസ് ബീച്ച് നമുക്ക് നൽകുന്നു.

എത്രനേരം ഇരുന്നാലും തിരികെ പോകാൻ തോന്നാത്ത, ഇനി തിരികെ പോയികഴിഞ്ഞാൽ വീണ്ടും വീണ്ടും മാടിവിളിക്കുന്ന എന്തോ അദൃശ്യശക്തി പാരഡൈസ് ബീച്ചിനുണ്ട്. സമയം രാത്രിയോട് അടുക്കുന്നു. സഞ്ചാരികൾ പലരും ടെൻറടിക്കാനുള്ള തിരക്കിലാണ്. അവിടെ അലഞ്ഞുതിരിഞ്ഞു നടന്ന കാലിക്കൂട്ടങ്ങൾ ഒന്നിന് പുറകെ ഒന്നായി അതി​െൻറ വാസസ്ഥലത്തേക്ക് അണയാൻ ധൃതി പിടിച്ചുപോകുന്നു. അവർക്ക് പിന്നാലെ ഞാനും താമസസ്ഥലത്തേക്ക് തിരിച്ചു.

കുഡ്​ല ബീച്ചിലെ അസ്​തമയക്കാഴ്​ച

റൂമിൽ എത്തിയശേഷം കുറച്ചുനേരം വിശ്രമിച്ചു. ശേഷം രാത്രി കാഴ്ചകൾ കാണാൻ വീണ്ടും​ പുറത്തേക്ക്​. ഗോകർണ ബീച്ചിലേക്ക് തന്നെ നടന്നു. പകലുള്ളതി​െൻറ രണ്ടു മടങ്ങ് ആളുകളുണ്ട്. പകലിലെ ചൂടി​െൻറ കാഠിന്യം കൊണ്ടാകും എല്ലാവരും രാത്രി ഇറങ്ങിയത്. സ്വദേശീയരും വിദേശികളുമൊക്കെ ചേർന്ന്​ ഗോകർണയിലെ രാത്രിയെ പകലാക്കുന്നു. ഗിത്താർ പോലെയുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുറച്ചുപേർ പാടുന്നുണ്ട്​. അതിനനുസരിച്ചു ചിലർ ഡാൻസ് ചെയ്യുന്നു. കുറച്ചുപേർ ബ്ലൂടൂത്ത് വഴി സ്പീക്കറിൽ മൊബൈൽ കണക്ട് ചെയ്തു സംഗീതം ആസ്വദിക്കുന്നു.

ഒരു ന്യൂഇയർ സെലിബ്രേഷന്​ ഫോർട്ട്കൊച്ചി കടൽതീരത്ത് പോയി നിൽക്കുന്ന അവസ്​ഥ. ആകാശത്ത്​ നിറയെ നക്ഷത്രങ്ങൾ. താഴെ അതിനേക്കാൾ സുന്ദരമായി ഗോകർണ ബീച്ച് മിന്നിത്തിളങ്ങുന്നു. ഞാനും ആ കൂട്ടത്തിൽ ചേർന്നു. ഒറ്റക്കയാതി​െൻറ സങ്കടം വിട്ടുമാറിയത് അപ്പോഴാണ്. ഒരു സോളോ ട്രിപ്പിലാണ് ഞാൻ വന്നത് എന്ന ചിന്ത എങ്ങോ പോയിമറഞ്ഞു. ഞാനും അവരിൽ ഒരംഗമായി തീർന്നു. രാത്രി ഏറെയായപ്പോൾ റൂമിലേക്കു പോയി. പകൽ കണ്ട കാഴ്ചകൾ തന്നെയാണ് കണ്ണടക്കുമ്പോഴും തെളിയുന്നത്​.

ബീച്ചിൽ രാത്രി ആഘോഷത്തിന്​ ഒരുങ്ങുന്നവർ

പിറ്റേന്ന് രാവിലെ കുഡ്‌ല ബീച്ചിലേക്കെത്തി. കയാക്കിങ്ങും സർഫിങ്ങുമെല്ലാമാണ് ഇവിടത്തെ പ്രധാന ആകർഷണം. ധാരാളം ഫൈബർ ബോട്ടുകളും എയർ ബോട്ടുകളുമുണ്ടിവിടെ. ഇതിൽ കയറി കടലിലേക്ക്​ പോയാൽ ഡോൾഫിനുകളെ കാണാം. ബോട്ടിന്​ അടുത്ത് വന്ന്​ അവ ഉയർന്നു ചാടുമത്രേ. മുമ്പ്​ ലക്ഷദ്വീപിൽ പോയി ഇതെല്ലാം കണ്ട് അനുഭവിച്ചറിഞ്ഞതിനാൽ തൽക്കാലം അവ വേ​ണ്ടെന്നുവെച്ചു.

കുഡ്‌ല ബീച്ചിലൂടെ ഒന്ന് ചുറ്റിയശേഷം കുംതയിലേക്ക് ബസ് കയറി. ഈ നാട്ടിൽ ഇനിയും കാഴ്​ചകൾ ബാക്കിയുണ്ട്​. മിക്കവരും ഗോകർണയിലെ ബീച്ചുകൾ മാത്രം കണ്ട്​ മടങ്ങാറാണ്​ പതിവ്​. കുംതയും യാനയുമെല്ലാം എക്​സ്​​േപ്ലാർ ചെയ്​തി​ട്ടേ മടങ്ങൂവെന്ന്​ തീരുമാനിച്ചാണ്​ നാട്ടിൽനിന്ന്​ ട്രെയിൻ കയറിയിട്ടുള്ളത്​. ആരെയും വിസ്​മയിപ്പിക്കുന്നു മിർജാൻ ഫോർട്ടും യാന ഗുഹകളും തേടി ഞാൻ യാത്ര തുടർന്നു.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT