ദുരിതകാലത്ത്​ കൈമെയ്​ മറന്ന്​ പ്രവാസലോകം

 അജ്മാന്‍: ജിവിതവഴിയിലെ ദുരന്തങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയല്ല, ഇടപെടുകയാണ് പ്രവാസലോകം. പ്രളയം മലയാളക്കരയെ മുക്കിയെടുക്കാന്‍ മിനക്കെട്ടപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതായ സഹജീവികള്‍ക്കായി ഊണും ഉറക്കവും ഒഴിച്ച് തെരുവോരങ്ങള്‍ അലഞ്ഞ് വിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പ്രവാസലോകത്തെ മനുഷ്യര്‍. മലയാള ഭൂമിയില്‍ പേമാരി പെയ്തിറങ്ങിയപ്പോള്‍ സംഭവിച്ച വിലാപങ്ങള്‍ക്ക്‌ കാരുണ്യത്തി​ൻെറ പേമാരിയായി പ്രവാസലോകം നാട്ടിലേക്ക് സഹായഹസ്തം ഒഴുക്കി. ചെറുതും വലുതുമായ കൂട്ടായ്മകള്‍ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ കാര്‍ഗോയില്‍ ആവശ്യസാധനങ്ങള്‍ അയച്ചും കീശയിലെ അവസാന ദിര്‍ഹം പകുത്തുനല്‍കിയും നാട്ടുകാരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. പ്രവാസിയുടെ വിയര്‍പ്പി​ൻെറ ഫലം എത്താത്ത ദുരിതാശ്വാസ ക്യാമ്പുകളോ വെള്ളം കയറിയ വീടകങ്ങളോ ഉണ്ടാകില്ല. പ്രവാസി കൂട്ടായ്മകള്‍ മത്സരിച്ചായിരുന്നു നാട്ടിലേക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചത്.

പ്രളയദുരന്തത്തില്‍ മനുഷ്യരെ കരക്കെത്തിക്കാന്‍ കഴിയാതെ മലയാളി വിറങ്ങലിച്ചുനിന്നപ്പോള്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ്‌വെൽഡ് ഷിപ്​യാര്‍ഡ് കമ്പനി രണ്ടു ബോട്ടുകള്‍ തന്നെ നല്‍കി സഹകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കപ്പലുകളില്‍ ഉപയോഗിക്കുന്ന ലൈഫ് റാഫറ്റ് ബോട്ടുകളാണ് മലയാളക്കരക്ക് യു.എ.ഇ യില്‍ നിന്നും ലഭിച്ചത്. കപ്പലുകള്‍ക്ക് അപകടം പറ്റിയാല്‍ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന 25 പേര്‍ക്ക് കയറാവുന്ന തരത്തിലുള്ള ബോട്ടുകളായിരുന്നു ഇത്. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ വിലവരുന്ന ലൈഫ് റാഫറ്റുകളായിരുന്നു ഇവ ഓരോന്നും. അങ്ങനെ ചെറുതും വലുതുമായ സഹായഹസ്തങ്ങളായി മലയാളിയുടെ കരുതലുകള്‍. കൊറോണ പ്രതിസന്ധിയില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ചപ്പോഴും പ്രവാസ ലോകം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ജന്മ നാട്ടിലെ സര്‍ക്കാറുകള്‍ പ്രവാസികളോട് സാമൂഹിക അകലം പാലിച്ചപ്പോഴും പ്രവാസികള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ പരസ്പര സഹായംകൊണ്ട് സാഹോദര്യബന്ധം ഉയര്‍ത്തിപ്പിടിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്തും നാട്ടിലെത്തുന്നവര്‍ക്ക് ആവശ്യമായ സഹായം ഒരുക്കിയും പരസ്പരം മത്സരിച്ചു. അറിഞ്ഞവരെല്ലാം അന്ധാളിച്ചുപോയ കരിപ്പൂര്‍ വിമാനാപകടത്തിലും പ്രവാസികളുടെ സഹായഹസ്​തമെത്തി. ദുരന്തവാര്‍ത്ത ചെവിയിലെത്തി മരവിപ്പ് മാറുമ്പോഴേക്കും ഇവര്‍ സടകുടഞ്ഞെഴുന്നേറ്റു. ഓണ്‍ലൈനില്‍ തപ്പി യാത്രക്കാരുടെ പട്ടിക എടുത്തു.

ദുബൈയിലെ സ്വകാര്യ വിമാന കമ്പനിയിലെ എയര്‍ക്രാഫ്റ്റ് എൻജിനീയര്‍ കൂടിയായ മമ്പാട് സ്വദേശി ത്വാഹ അബ്​ദുല്ല ദുബൈ, അജ്മാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. അല്‍ ഐനില്‍നിന്നുള്ള ജംഷീര്‍, ദുബൈയില്‍നിന്നുള്ള അമീര്‍, അജ്മാനിലെ അജ്മല്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന ആളുകളുടെ സഹായത്താല്‍ ആളുകളെ വിളിക്കാന്‍ ഏര്‍പ്പാടാക്കി. ഓണ്‍ ലൈനില്‍ നിന്നും ലഭിച്ച യാത്രക്കാരുടെ പട്ടികയിൽ അവരുടെ യു.എ.ഇയിലെ നമ്പറുകള്‍ വീതിച്ചുനല്‍കി. യാത്രക്കാരുടെ ഉറ്റവരുമായി ബന്ധപ്പെട്ട് ഇവിടെയോ നാട്ടിലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. നാട്ടില്‍ അപകടത്തില്‍പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരം, ആവശ്യമെങ്കില്‍ രക്തം എന്നിവ ലഭ്യമാക്കാന്‍ തയാറായി. ഇവിടെയുള്ള ബന്ധുവിന് യാത്രക്കാര​ൻെറ നിലവിലെ അവസ്ഥ, ബന്ധുവിന് നാട്ടിലേക്ക്​ യാത്ര തിരിക്കണമെങ്കില്‍ ആവശ്യമായ സഹായം എന്നിവ ലഭ്യമാക്കി. വിമാനത്തിലെ യാത്രക്കാരായ മുഴുവന്‍ പേരെയും ബന്ധപ്പെട്ട നമ്പറുകളില്‍ വിളിച്ചു. അമ്പതോളം നമ്പറുകള്‍ സ്വിച്ച് ഒഫായിരുന്നു. ബാക്കി വരുന്നവരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കി. ത​ൻെറ ഭാര്യ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് ഏറെ വിഷമത്തിലായിരുന്നു നാസര്‍ എന്ന വ്യക്തി. ഭാര്യക്ക് ചെറിയ പരിക്കേ പറ്റിയിട്ടുള്ളൂ എന്ന വിവരം നല്‍കിയെങ്കിലും അസ്വസ്ഥനായിരുന്നു നാസര്‍. ഇതേസമയം കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മീഡിയവണ്‍ റിപ്പോര്‍ട്ടറുമായി ബന്ധപ്പെട്ട് ഭാര്യയെ ലൈവ് ടെലിക്കാസ്​റ്റില്‍ കാണിക്കുകയും അതുവഴി ഇദ്ദേഹത്തിന് ആശ്വാസം ഉറപ്പുവരുത്തുകയും ചെയ്തു. നിരവധി ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് തിരിക്കുന്നതിന്​ ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും യു.എ.ഇയിലെ ചെറുപ്പക്കാരുടെ ഇടപെടല്‍ വഴിയൊരുക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.