തുഹ്ഫത്തുൽ മുജാഹിദീന്റെ ഇംഗ്ലീഷ് വിവർത്തനത്തെ സംബന്ധിച്ച് ഡോ. അബ്ബാസ് പനക്കൽ ഗുരുതരമായ ആരോപണങ്ങൾ ആഴ്ചപ്പതിപ്പിൽ (ലക്കം: 1261) എഴുതിയിരുന്നു. അതിന് മറുപടിയായി പ്രസാധകനായ ഔസാഫ് അഹ്സൻ (ലക്കം: 1263) ചില വാദങ്ങൾ മുന്നോട്ടുെവച്ചു. പ്രസാധകരുടെ വാദം തെറ്റാണെന്ന് സമർഥിക്കുകയാണ് ലേഖകൻതുഹ്ഫത്തുൽ മുജാഹിദീന്റെ ഇംഗ്ലീഷ് വിവർത്തനത്തെ കുറിച്ച് ആഴ്ചപ്പതിപ്പിൽ ഞാനെഴുതിയ ലേഖനത്തോടുള്ള (ലക്കം: 1261) പ്രസാധകന്റെ പ്രതികരണം എന്റെ വാദങ്ങളെ...
തുഹ്ഫത്തുൽ മുജാഹിദീന്റെ ഇംഗ്ലീഷ് വിവർത്തനത്തെ സംബന്ധിച്ച് ഡോ. അബ്ബാസ് പനക്കൽ ഗുരുതരമായ ആരോപണങ്ങൾ ആഴ്ചപ്പതിപ്പിൽ (ലക്കം: 1261) എഴുതിയിരുന്നു. അതിന് മറുപടിയായി പ്രസാധകനായ ഔസാഫ് അഹ്സൻ (ലക്കം: 1263) ചില വാദങ്ങൾ മുന്നോട്ടുെവച്ചു. പ്രസാധകരുടെ വാദം തെറ്റാണെന്ന് സമർഥിക്കുകയാണ് ലേഖകൻ
തുഹ്ഫത്തുൽ മുജാഹിദീന്റെ ഇംഗ്ലീഷ് വിവർത്തനത്തെ കുറിച്ച് ആഴ്ചപ്പതിപ്പിൽ ഞാനെഴുതിയ ലേഖനത്തോടുള്ള (ലക്കം: 1261) പ്രസാധകന്റെ പ്രതികരണം എന്റെ വാദങ്ങളെ ഒരിക്കൽകൂടി ശരിവെക്കുന്നതോടൊപ്പം വായനക്കാരെയും ഗവേഷകരെയും വീണ്ടും തെറ്റുകൾ ആവർത്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്.
എന്റെ വാദം ഇതായിരുന്നു: ഒന്ന്, ഹുസൈൻ നൈനാരുടെ ഇംഗ്ലീഷ് വിവർത്തനം എന്ന പേരിൽ കോഴിക്കോട് അദർ ബുക്സ്/ ക്വാലാലംപുർ ഇസ്ലാമിക് ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം നൈനാരുടെ യഥാർഥ കൃതിയുടെ ഉള്ളടക്കത്തോടും ഘടനയോടും അവതരണരീതിയോടും, എന്തിനധികം, രീതിശാസ്ത്രത്തോടുപോലും ഒത്തുപോകുന്നതല്ല.
രണ്ട്, സി. ഹംസ എഴുതി, അൽ ഹുദാ പ്രസിദ്ധീകരിച്ച മലയാളത്തിന്റെ ഇംഗ്ലീഷ് വിവർത്തനം എന്ന വിശേഷണമാണ് ആ പുസ്തകത്തിനു കൂടുതൽ ചേരുക.
മൂന്ന്, തുഹ്ഫത്തുൽ മുജാഹിദീന്റെ അറബിയിൽനിന്നും നേരിട്ടുള്ള ഹുസൈൻ നൈനാരുടെ ഇംഗ്ലീഷ് വിവർത്തനം എന്ന പേരിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വായനക്കാരെയും ചരിത്രകാരന്മാരെയും തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം നൈനാരുടെ യഥാർഥ വിവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതൽ ഗവേഷണങ്ങളെ റദ്ദ് ചെയ്യുന്നു.
നാല്, സി. ഹംസയുടെ മലയാളം വിവർത്തനത്തിൽ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുതിയ സൈനുദ്ദീൻ മഖ്ദൂമിനെ പരിചയപ്പെടുത്തുന്ന കുറിപ്പ് കോഴിക്കോട് / ക്വാലാലംപുർ പതിപ്പുകളിൽ ഡോ. വിലായത്തുല്ലയുടെ പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മേൽപറഞ്ഞ വാദങ്ങളിൽ ഒന്നിനെയും പ്രസാധകൻ ഖണ്ഡിക്കുന്നില്ല. പകരം, എന്റെ വാദത്തിന് ഉപോൽബലകമായ കൂടുതൽ വസ്തുതകളെ അവതരിപ്പിക്കുകയാണ്. അതാകട്ടെ, ഒരു പ്രസാധകർ എന്ന നിലയിൽ മറുപടിയായി എഴുതിയ ലേഖനം വിശ്വാസ്യതയെ കൂടുതൽ പരുങ്ങലിൽ ആക്കുകയും ഈ 'വിവർത്തന കല'ക്കു പിന്നിലെ കൂടുതൽ കള്ളത്തരങ്ങളെ പുറത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നുണ്ട്.
ഹുസൈൻ നൈനാരുടെ പരിഭാഷയിൽ ഒരു മാറ്റവുമില്ലാതെ പുറത്തിറക്കിയ വാല്യമല്ല തങ്ങളുടേത് എന്ന കാര്യം പുസ്തകത്തിന്റെ പ്രസാധനക്കുറിപ്പിൽ വ്യക്തമായും വിശദമായും രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അക്കാര്യം മനഃപൂർവം വായനക്കാരിൽനിന്ന് മറച്ചുപിടിച്ചിട്ടില്ല എന്നുമാണ് പ്രസാധകന്റെ വാദം. എന്നാൽ, ഇതേക്കുറിച്ച് പ്രസാധകൻ തന്നെ മറ്റൊരിടത്ത് പറയുന്നത്, സി. ഹംസയുടെ മലയാള പരിഭാഷയുടെ ഇംഗ്ലീഷ് പരിഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അധ്യാപകനായ ഡോ. എ.ഐ. വിലായത്തുല്ല പൂർത്തീകരിച്ച ഒരു പുസ്തകമാണ് ഇതെന്നും പ്രസിദ്ധീകരണത്തിനു ഒരുങ്ങുന്നതിനിടയിൽ ഹുസൈൻ നൈനാരുടെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ വായനായോഗ്യമല്ലാത്തതും താളുകൾ നഷ്ടപ്പെട്ടതുമായ ഒരു അപൂർണ ഫോട്ടോകോപ്പി അപ്രതീക്ഷിതമായി കൈയിലെത്തി എന്നുമാണ്. ഇതു കണ്ടപ്പോൾ ആണ് സി. ഹംസയുടെ മലയാള വിവർത്തനത്തിനു ഡോ. വിലായത്തുല്ല തയാറാക്കിയ ഇംഗ്ലീഷ് ട്രാൻസ് ലേഷൻ പ്രാഥമിക സോഴ്സുമായി ചേർന്നുനിൽക്കുന്നില്ല എന്ന സംശയം പ്രസാധകർക്ക് ഉണ്ടാകുന്നത്. അതു പരിഹരിക്കാൻ എന്നമട്ടിൽ ആണ് ഹുസൈൻ നൈനാരുടെ (വ്യക്തതയില്ലാത്ത) ഇംഗ്ലീഷ് വിവർത്തനവുമായി പ്രസാധകർ കൂടുതൽ ഇടപഴകുന്നതും അതിൽനിന്നുള്ള ചില വിശദീകരണങ്ങൾ നൈനാരുടെ പേരു പരാമർശിച്ചുകൊണ്ട് വിലായത്തുല്ലയുടെ വിവർത്തനത്തിൽ ഉൾപ്പെടുത്തുന്നതും.
ഇവിടെയാണ് പ്രസാധകർ ചെയ്ത മറ്റൊരു നിരുത്തരവാദ സമീപനം കൂടുതൽ വ്യക്തമാകുന്നത്. ദ്വിതീയ വിവർത്തനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസാധകർ ആശ്രയിച്ചതായി അവകാശപ്പെടുന്നത് പ്രാഥമിക സോഴ്സിനെയല്ല, മറ്റൊരു വിവർത്തനത്തെയാണ്. അതും അപൂർണവും വായനയോഗ്യമല്ലാത്തതുമായ ഒരു ഫോട്ടോ കോപ്പിയെ. തുഹ്ഫത്തുൽ മുജാഹിദീന്റെ നിരവധി അറബി കൈയെഴുത്തു പ്രതികൾ കേരളത്തിലെ ഒട്ടനവധി മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുലഭമായി ലഭ്യമാണെന്നിരിക്കെയാണ് പ്രസാധകർ ഇതു ചെയ്തത് എന്നോർക്കണം. ഇതുപോലെ തന്നെ ലഭ്യമായിരുന്നു ഹുസൈൻ നൈനാരുടെ ഇംഗ്ലീഷ് വിവർത്തനത്തിന്റെ പൂർണവും വ്യക്തതയുമുള്ള കോപ്പികളും. 2006ൽ അദർ -ഇസ്ലാമിക് (കോഴിക്കോട് / ക്വാലാലംപുർ) ബുക്സിന്റെ എഡിഷൻ വരുന്നതിനു മുമ്പ് എഴുതപ്പെട്ട നിരവധി അക്കാദമിക് പഠനങ്ങളിൽ ഈ കോപ്പികൾ ഗവേഷകർ റഫറൻസിനു വേണ്ടി ഉപയോഗിച്ചതായി കാണാം. ഇതെല്ലാം കഴിഞ്ഞു പുസ്തകം പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും തുഹ്ഫത്തുൽ മുജാഹിദീന്റെ ഹുസൈൻ നൈനാരുടെ പരിഭാഷ എന്ന പേരിലും. 2006നു മുമ്പുവരെ വ്യാപകമായി ഉപയോഗിച്ചിരുന്ന നൈനാരുടെ പരിഭാഷയിൽനിന്ന് ഗവേഷകരെ വഴിതെറ്റിക്കാനാണ് ഈ ശ്രമം വഴിയൊരുക്കിയത്. ഇംഗ്ലീഷ് വിവർത്തനത്തിന്, മൂലകൃതി ഉപയോഗിക്കുന്നതിനു പകരം, മലയാളം ഉപയോഗിച്ചതിന് പ്രസാധകൻ നൽകുന്ന മറുപടിയാണ് വിചിത്രം. തുഹ്ഫത്തുൽ മുജാഹിദീനിൽ പ്രതിപാദിച്ചിട്ടുള്ള പോർചുഗീസ് അതിക്രമങ്ങൾ എല്ലാം സംഭവിച്ച മലബാറിലെ ഭാഷ ആയതുകൊണ്ടാണത്രെ സി. ഹംസയുടെ മലയാളം വിവർത്തനം തെരഞ്ഞെടുത്തത്! പോർചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൈനുദ്ദീൻ മഖ്ദൂമിന് മലയാളത്തിൽ എഴുതാമായിരുന്നു എന്ന് പ്രസാധകന് തോന്നാത്തത് ഭാഗ്യം.
രണ്ട് എന്ന് അക്കമിട്ട് മറുപടിയെന്നോണം പ്രസാധകർ എഴുതിയത് അവർ ആ പുസ്തകത്തിനെ 'മലേഷ്യൻ-കോഴിക്കോട് എഡിഷൻ' എന്ന് വിശേഷിപ്പിക്കുന്നു. അതുകൊണ്ട് അത് പിന്തുടരണം എന്ന ഒരു വാദമാണ്. സാധാരണ രാജ്യങ്ങളുടെ പേരുവെച്ച് ആരും ഒരു പ്രസാധകനെ പരിചയപ്പെടുത്താറില്ല. മറിച്ച് അവരുടെ പ്രസിദ്ധീകരണാലയം സ്ഥിതിചെയ്യുന്ന പട്ടണത്തിന്റെ പേരിനാണല്ലോ പ്രാധാന്യം കൊടുക്കേണ്ടത്. ഒരേസമയം ക്വാലാലംപുരിൽനിന്നും കോഴിക്കോട്ടുനിന്നും നൈനാരുടെ പേരിൽ പ്രസിദ്ധീകരിച്ചത് എന്ന് എന്റെ ലേഖനത്തിന്റെ ആദ്യ പാരഗ്രാഫിൽ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രസാധകൻ അക്കമിട്ടു പറഞ്ഞ രണ്ടാമത്തെ വിഷയവും അപ്രസക്തവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
ഈ പുസ്തകത്തിന്റെ പ്രസാധനചരിത്രം പരിശോധിക്കുമ്പോൾ ദുരൂഹതകൾ ഏറിവരുകയാണ്. അദർ ബുക്സും ഇസ്ലാമിക് ബുക്ക് ട്രസ്റ്റും ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പി.കെ. കോയക്കുട്ടി എഴുതി എന്നവകാശപ്പെടുന്ന പ്രസാധക കുറിപ്പ് വിശദീകരിക്കുകയാണ് യഥാർഥത്തിൽ എന്റെ ലേഖനത്തിനു മറുപടിയെന്നോണം ചെയ്തിരിക്കുന്നത്. അപ്പോഴും അതിൽനിന്ന് പ്രസാധകക്കുറിപ്പിലെ അവസാന ഭാഗം ഒഴിവാക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ആ ഒഴിവാക്കിയ ഭാഗമാകട്ടെ, അവർ നടത്തിയ മറ്റൊരു കബളിപ്പിക്കലിലേക്കുള്ള സൂചനകൾ നൽകുന്നുണ്ട്. പുസ്തകത്തിൽ ചേർത്ത തുഹ്ഫയുടെ രചയിതാവിന്റെ ബയോഗ്രഫി ഡോ. എ.ഐ. വിലായതുല്ല എഴുതിയതാണ് എന്നവകാശപ്പെടുന്ന ഭാഗവും ആമുഖം എഴുതിയതിനു കെ. കെ.എൻ. കുറുപ്പിന് നന്ദി പറയുന്ന ഭാഗവുമാണത്. അൽഹുദാ പ്രസിദ്ധീകരിച്ച സി. ഹംസയുടെ മലയാള പരിഭാഷയിൽ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുതിയ ജീവചരിത്രക്കുറിപ്പിന്റെ നേർ പരിഭാഷയാണ് അതെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും. ഇതിനുപുറമെ, പുസ്തകത്തിന്റെ വിവിധ എഡിഷനുകളിൽ തരാതരംപോലെ ആളുകളെ കുടിയിരുത്തുന്നതും പുറത്താക്കുന്നതും കാണാം. കെ.എൻ. ഗണേഷ്, കെ.കെ.എൻ. കുറുപ്പ്, എ.ഐ. വിലായത്തുല്ല, പി.കെ. കോയക്കുട്ടി എന്നിവർ വിവിധ എഡിഷനുകളിൽ വരുന്നതും പോകുന്നതും അങ്ങനെയാണ്.
പ്രസാധകൻ ഉന്നയിക്കുന്ന മറ്റു പരാമർശങ്ങൾ (സയ്യിദ് ഹുസൈൻ നൈനാരുടെ 'അറബ് ജ്യോഗ്രഫേസ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പ്രസാധനാവകാശം അദർ ബുക്സിനു ലഭിച്ചു എന്ന കാര്യവും, കോയക്കുട്ടിക്കയുടെ കർമകുശലതയും) എന്റെ പ്രധാന വാദത്തെ ഏതെങ്കിലും തരത്തിൽ ഖണ്ഡിക്കുന്നതോ ദുർബലപ്പെടുത്തുന്നതോ അല്ല. ഒരു ചരിത്രകൃതിയോട് ഉത്തരവാദബോധമുള്ള പ്രസാധകർ പുലർത്തേണ്ട സ്വാഭാവികമായ സത്യസന്ധതയും സുതാര്യതയും തുഹ്ഫത്തുൽ മുജാഹിദീന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ പുലർത്തിയില്ല എന്നതാണ് എന്റെ പരാതി. നൈനാരുടെ പുസ്തകം നൈനാരുടെ പുസ്തകമായും, സി. ഹംസയുടേത് അദ്ദേഹത്തിന്റേതായും കെ.കെ. അബ്ദുൽ കരീമിന്റെ ലേഖനം അദ്ദേഹത്തിന്റേതായും പ്രസിദ്ധീകരിക്കുക എന്നതാണ് ഒരു പ്രസാധകർ ചെയ്യേണ്ട മിനിമം മര്യാദ. പോർചുഗീസ് അധിനിവേശത്തെയും, ഇസ്ലാമിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ആഗമന ചരിത്രവും പതിനാറാം നൂറ്റാണ്ടിലെ ഹിന്ദു ആചാര ക്രമങ്ങളും സംസ്കാരവും എല്ലാം വിശദീകരിക്കുന്ന വളരെ സുപ്രധാനമായ പൗരസ്ത്യ സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗ്രന്ഥത്തോട് പുലർത്തേണ്ട സമീപനം പ്രസാധകരിൽനിന്ന് ഉണ്ടായിട്ടില്ല.
ചരിത്രപുസ്തകം അർഹിക്കുന്ന പരിഗണന അതിനു നൽകുക എന്നത് ചരിത്രവിദ്യാർഥികളുടെ ചുമതലയാണ്. ആ ചുമതലയിൽ വരുത്തുന്ന ചെറിയ വീഴ്ചകൾപോലും ചരിത്രത്തോട് ചെയ്യുന്ന വലിയ അപരാധമാണ്. ആ അപരാധം തിരുത്താൻ ഈ പുസ്തകത്തിന്റെ പ്രസാധക ചരിത്രത്തിൽ പലതരത്തിൽ പങ്കാളികളായ ചരിത്രകാരന്മാർ, വിവർത്തകർ, പ്രസാധന വിഭാഗത്തിലെ ചുമതലക്കാർ എന്നിവർക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്. പ്രസാധകർ വീണ്ടും തെറ്റുകൾ ആവർത്തിച്ച് ന്യായീകരിക്കുമ്പോൾ എന്താണ് സംഭവിച്ചത് എന്ന കാര്യം ഡോ. കെ.എൻ. ഗണേഷ്, സി. ഹംസ, ഡോ. വിലായത്തുല്ല, ഡോ. കെ.കെ.എൻ. കുറുപ്പ് എന്നിവർ വിശദീകരിക്കേണ്ടതുണ്ട്. അതിനവർ മുന്നോട്ടു വരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.