പൊയ്കയിൽ അപ്പച്ചൻ (ചിത്രകാരന്റെ ഭാവനയിൽ)

പൊയ്കയിൽ അപ്പച്ചന്റെ അടിമത്താഖ്യാനവും സമൂഹരൂപീകരണവും

"അടിമയ്ക്ക് അപമാനിതൻ ആവാൻ സാധിക്കുമോ?", "അടിമയ്ക്ക് അപമാനം മനസ്സിലാവുമോ?". അടിമത്താഖ്യാനങ്ങൾ പ്രധാനമായും അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ചോദ്യങ്ങളുടെ അകക്കാമ്പെന്ന് പറയാവുന്ന ചിന്ത ഇവയാണ്. ഇന്ത്യയുടെ മുഖ്യധാര ചരിത്രവഴികളിലും, സവർണ ചരിത്ര നിർമാണങ്ങളിലും, കൊളോണിയൽ-മിഷനറി-മാർക്സിയൻ പുരാരേഖകളിലും നിശബ്ദമായിരുന്ന ചില ശബ്ദങ്ങളെ മുൻനിർത്തി ഇന്ത്യയിലെ ചരിത്രമണ്ഡലത്തിൽ ചർച്ചകൾ വികസിച്ചതിന്റെ ഭാഗമായാണ് അടിമത്താഖ്യാനം ചരിത്രധാരകളുടെ ഭാഗമാവുന്നത്. ഇന്ത്യൻ ചരിത്രത്തെ പുരാതനം, മധ്യകാലം, ആധുനികകാലമെന്ന നിലയിൽ രീതിശാസ്ത്രപരമായി വായന നടത്തുകയും അതൊരു സാമൂഹികാവബോധത്തെ സൃഷ്ടിക്കുകയും ചെയ്തു. ഈ സാമൂഹികാവബോധം കൊളോണിയൽ ഭരണശക്തികൾക്ക് തങ്ങളുടെ അധീശത്വം ദൃഢമാക്കുന്നതിന് സഹായകമായ നിലയിൽ വികസിപ്പിച്ചതാണെങ്കിലും, പിന്തുടർന്ന് ഇന്ത്യയിലെ മർദ്ദകജാതി വിഭാഗങ്ങൾ വരമൊഴികൾ ബൈനറികൾക്കുള്ളിൽ രേഖപ്പെടുത്തുകയും മർദ്ദിത വിഭാഗങ്ങളുടെ കർത്തൃത്വങ്ങളെ റദ്ദ് ചെയ്യുകയും ചെയ്തു. സാമൂഹ്യാധികാര ഘടനയ്ക്കുള്ളിൽ ഒരേസമയം പ്രബലതയും, കർത്തൃത്വവും ഇത് അവർക്ക് നേടിക്കൊടുക്കുകയും, സാംസ്കാരികമായ ഒരു സ്വത്വത്തെ അവർക്കനുകൂലമായി നിർമിതമാക്കി. പുരാരേഖകൾക്കുള്ളിൽ ജൈവികമായ ശരീരമായോ, വരമൊഴി പരാമർശങ്ങളായോ ഒരു ജനതയുടെ ചരിത്രത്തെ അടയാളപ്പെടുത്തപെടാതെ അവരെ വസ്തുതുല്യമായ അപരമായി അവതരിപ്പിച്ചു.

ഇന്ത്യൻ സമൂഹത്തിൽ അടിമത്തം ഉണ്ടായിരുന്നെങ്കിലും ഉൽപാദനവ്യവസ്ഥയിൽ അതത്ര കണ്ട് അതേ നിലയിൽ പ്രവർത്തിച്ചിരുന്നില്ല എന്നായിരുന്നു മാർക്സിസ്റ്റ്‌ ചരിത്രകാരന്മാരുടെ നിലപാട്. വിദേശ രാജ്യങ്ങൾക്ക് സമാനമായ ഒരു അടിമത്തം ഇവിടെ ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ കേവലം അടിയായ്മ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ചരിത്രകാരന്മാർ വാദിച്ചു. ഇന്ത്യയുടെ സവിശേഷമായ ജാതിവ്യവസ്ഥയുടെ പ്രവർത്തനത്തെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു മേൽത്തട്ട് കാഴ്ച്ചയുടെ അപര്യാപ്തത ഈ നിരീക്ഷണങ്ങളിൽ നിഴലിച്ചു നിൽക്കുന്നുണ്ട്. ഇത്തരത്തിൽ മുഖ്യധാരയിൽ സവർണ്ണ- ഹിന്ദുത്വ- മാർക്സിസ്റ്റ്‌ ചരിത്രകാരന്മാരുടെ ആഖ്യാനങ്ങളോട് വിയോജിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിലാണ് അക്കാദമിക വ്യവഹാരങ്ങൾക്കുള്ളിൽ ചരിത്രപരമായും , സാമൂഹികശാസ്ത്രപരമായും ഒരു അടിത്തട്ട് വായന തുടക്കം കുറിക്കുന്നത് . ഇത്തരമൊരു ചരിത്രപദ്ധതി മുഖ്യധാര ചർച്ചകളിൽ ഇടപെടുത്തുന്നത് ഇപ്പോഴാണെങ്കിലും പ്രത്യക്ഷ രക്ഷാദൈവ സഭയുടെയും പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെയും ചരിത്രം ഇതിനും എത്രയോ മുൻപ് തന്നെ കാണപ്പെടാത്ത അക്ഷരങ്ങളെ തിരക്കിയുള്ള 'ചരിത്രയാത്ര' തുടങ്ങുന്നതായി പറയുന്നുണ്ട്. അദൃശ്യമാക്കപ്പെട്ട ചരിത്രങ്ങളെ, ഓർമകളെ , മനുഷ്യരെ , സ്വത്വത്തെ തിരക്കുന്ന കണ്ണുകൾക്ക് വ്യക്തമായും തീഷ്ണമായുമുള്ള ദിശാബോധം അപ്പച്ചൻ മുന്നോട്ട് വയ്ക്കുന്ന ഈ ജ്ഞാനധാരയിൽ ദൃശ്യമാണ്.

"കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി,

കാണുന്നുണ്ടനേക വംശത്തിൻ

ചരിത്രങ്ങൾ.

എന്റെ വംശത്തിൻ കഥ എഴുതിവെച്ചീടാൻ

പണ്ടീ ഊർവ്വിയിലൊരുവരുമില്ലാതെ പോയല്ലോ..."

പൊയ്കയിൽ അപ്പച്ചന്റെ വളരെ പ്രസിദ്ധമായ ഈ വരികളിലെ തീവ്രമായ ഓർമപെടുത്തൽ നോക്കു.

തന്റെ വംശത്തിന്റെ ചരിത്രം കാണപ്പെടാതെ ഇരിക്കുന്നതിനെ പ്രശ്നവൽക്കരിക്കുന്നതായിട്ടാണ് പ്രാഥമികമായി നമുക്ക് മനസിലാവുന്നതെങ്കിലും, അതോടൊപ്പം സാമൂഹികമായ പ്രബലത നേടിയ സമൂഹങ്ങളുടെ പ്രതിബിംബങ്ങളായി കൂടി മാറ്റപ്പെട്ട ഈ ജനതകളുടെ സാംസ്കാരിക അന്യവൽക്കരണത്തെ കൂടി ഇതിൽ പ്രശ്നവൽക്കരിക്കുന്നുണ്ട്. ചരിത്രപരമായ അപരവൽക്കരണത്തെ ചോദ്യം ചെയ്യാനുള്ള ഒരു ഉദ്ബോധനവും അതിനായുള്ള ബൗദ്ധികപ്രവർത്തനത്തിന് കളമൊരുക്കുകയും ചെയ്യുകയാണ് ഈ പാട്ടിലൂടെ അപ്പച്ചൻ. ലിഖിത ചരിത്രത്തിനുള്ളിലെ പ്രയോഗങ്ങളെയും , അതിൽ കാണപ്പെടുന്ന അർത്ഥവിന്യാസങ്ങളെയും, അധീശമനോഭാവങ്ങൾ പുലർത്തുന്നതിനെയും, വ്യാപിപ്പിക്കുന്നതിനെയും കൂടി അപ്പച്ചൻ ഈ പാട്ടിൽ പ്രശ്നവൽക്കരിക്കുന്നുണ്ട്.

തുടർന്നു പാടുന്ന രണ്ട് വരികളിൽ ചരിത്രം എഴുതാൻ സാധിക്കാതിരുന്ന ജീവിതസ്ഥിതിയെയും അപ്പച്ചൻ വിശദമാക്കുന്നുണ്ട്.

"നാണമില്ലെനിക്ക് സ്വന്ത ജാതികൾക്കുള്ള ബലഹീനതകൾ ഓരോന്നും പറഞ്ഞിടുവാനായി.."

ഇങ്ങനെ അപ്പച്ചൻ പറയുന്നതിലൂടെ ഈ ജനതയെ പ്രതികൂട്ടിൽ നിർത്തുകയല്ല ചെയ്യുന്നത് മറിച്ച് അടിമത്തം നിർമിച്ച ബലഹീനതകളാണ് ഇത്തരത്തിൽ തങ്ങളെ പറ്റി എഴുതാൻ ഊർവ്വിയിലാരുമില്ലാതെയാക്കിയത് എന്നും അതുപറയാൻ തനിക്ക് മടിയില്ല എന്നും അപ്പച്ചൻ പറയുകയാണ് . ഇത്തരത്തിൽ ചരിത്രത്തിൽനിന്ന് മൂടപ്പെട്ട, 'ഇല്ലായ്മ'കളായി ചിത്രീകരിക്കപ്പെട്ട ജനതയുടെ വീണ്ടെടുക്കലാണ് അപ്പച്ചന്റെ അടിമത്താഖ്യാനം.

ചരിത്രത്തിലെ വീണ്ടെടുക്കൽ

വർത്തമാനകാലമായി ഇടപെടാനും, ഭാവികാലമായി സംവദിക്കാനും അനിവാര്യമായ 'ഒന്നിനെ' വീണ്ടെടുക്കാനുള്ള മാർഗമന്നോണം കൂടിയായാണ് അപ്പച്ചൻ ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ഇതിനായി അടിമത്തപ്പൂർവ്വകാലം മുതലുള്ള ഒരു ചരിത്രം അപ്പച്ചൻ തന്റെ ജനതയോട് പറയുന്നുണ്ട്.

"കേരളത്തിൽ പണ്ട് പണ്ടേ പാർത്തിരുന്നൊരു ജനം, പാരിടത്തിൽ ഹീനരായി ഭവിച്ചൊരു കഥ.."

സാമൂഹികമായി മാത്രം വിച്ഛേദിക്കപ്പെട്ട ഒന്നായിട്ടല്ല അടിമജനതകളുടെ ചരിത്രത്തെ അപ്പച്ചൻ വിവരിക്കുന്നത്, മറിച്ച് ആത്മീയമായും, സാമ്പത്തികമായും, സാംസ്കാരികവുമായുമുള്ള വിച്ഛേദത്തെയും ഇതിന്റെ ഭാഗമായി അപ്പച്ചൻ വിശദീകരിക്കുന്നുണ്ട് . അതിനാൽ തന്നെ ഈ അപരത്വം ദൈവശാസ്ത്രപരവും അതോടൊപ്പം ഭൗതികപരവുമായിക്കൂടി ഇഴച്ചേർന്ന കിടക്കുന്ന ഒന്നായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോന്നിനെയും പ്രത്യേകമായി എടുത്ത് പിരിച്ചു മാറ്റി വിശകലനം ചെയ്യാൻ സാധിക്കാത്തവണ്ണമാണ് അതിന്റെ ഘടന. അപ്പച്ചന്റെയും സഭയുടെയും ചരിത്രാഖ്യാനം നിലനിൽക്കുന്നത് ഇത്തരത്തിലുള്ള സങ്കീർണതകൾക്ക് ഉള്ളിലാണ് . അടിമത്തപ്പൂർവ്വകാലത്ത് ആ 'ഒന്നിന്റെ' നഷ്ടമാകൽ അടിമത്തത്തിന് വഴി തെളിക്കുകയും അതിലൂടെ ഹീനമായ അവസ്ഥയിലേക്ക് ഈ ജനതയെ കൊണ്ടുപോവുകയും ചെയ്തതായി ചരിത്രവായനയിലൂടെ അപ്പച്ചൻ വിവരിക്കുന്നു. സഭ അതിന്റെ ചരിത്രാഖ്യാനത്തിലൂടെ തിരയുന്നത് ഈ ജനതയ്ക്ക് നഷ്ടപെട്ട ആ വ്യവസ്ഥയെ ആണ്.

Art by Aravind Raju . Source: dalithistorymonth.medium.com

സഭയുടെ പാട്ടുകൾക്ക് അകത്ത് ജനതകളുടെ ദുഃഖത്തിന്റെയും, ഇല്ലായ്മ -വല്ലായ്മകളുടെയും, ശാരീരിക -മാനസിക ദുരവസ്ഥയുടെയും കാരണഭൂതമായ ആ 'ഒന്നിനെ'ക്കുറിച്ച് വ്യത്യസ്ത നിലയിലുള്ള പരാമർശങ്ങൾ കാണാവുന്നതാണ്. അങ്ങനെ പാട്ടുകളിലൂടെയും ചരിത്രാഖ്യാനത്തിലൂടെയും ദൈവശാസ്ത്രപരമായും, ഭൗതികപരമായുമുള്ള വ്യവഹാരങ്ങളെ വിലയിരുത്തി കൊടുത്തുക്കൊണ്ട് ഈ ജനതയോട് നിങ്ങൾക്ക് നഷ്ടമായ ആ 'ഒന്ന്', "രക്ഷയാണ്" എന്ന് സഭയും അപ്പച്ചനും വ്യക്തമാക്കുന്നു. രക്ഷയുടെ വീണ്ടെടുപ്പായിരുന്നു അപ്പച്ചന്റെ വിവിധ ലയറുകളിലെ പ്രവർത്തനങ്ങളുടെ മുഖ്യമിഷനായി പറഞ്ഞിരുന്നത്. അപ്പച്ചന്റെ ആത്മീയ-ആക്ടിവിസ്റ്റ് യോഗങ്ങൾ എല്ലാം തന്നെ ആത്മീയ - പ്രായോഗിക രക്ഷയെ പറ്റിയുള്ള വൈവിധ്യങ്ങളായ ചിന്തകളാൽ നിറഞ്ഞതായിരുന്നു. രക്ഷയുടെ പ്രത്യക്ഷത, രക്ഷയുടെ പൂർണമായ ഉറപ്പ് തുടങ്ങിയവയൊക്കെയും ചരിത്രാഖ്യാനത്തിലൂടെയും ദൈവശാസ്ത്രനിർമാണത്തിലൂടെയും സഞ്ചാരയോഗങ്ങളിലൂടെയും അപ്പച്ചൻ അഭിസംബോധന ചെയ്തിരുന്നു.

തങ്ങൾക്ക് നഷ്ടപെട്ട 'രക്ഷയെ' തേടിയുള്ള ഈ ജനതകളുടെ ഇതുവരെയുള്ള യാത്രകളാണ് അപ്പച്ചൻ പ്രശ്നവൽക്കരിക്കുന്ന മറ്റൊന്ന്. ഇത്തരത്തിൽ ഇവിടെ 'രക്ഷ' എന്നത് ഉപയോഗിക്കുമ്പോൾ ആ വാക്കിനെ അതിന്റെ വിശാലാർത്ഥത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കേവലമായി ആത്മീയരക്ഷ എന്ന് മാത്രമല്ല ഇവിടെ പറയുന്നത് മറിച്ച് ഭൗതികമായ രക്ഷയെക്കൂടി പ്രധാനമായി ഊന്നിക്കൊണ്ടാണ് അപ്പച്ചൻ ഇത് വിശദമാക്കുന്നത്.ആത്മീയ രക്ഷ എന്നത് ദൈവത്തിന്റെ നഷ്ടമാകൽ ആയി ബോധ്യപ്പെടുത്തുകയും അതിലൂടെ ദൈവശാസ്ത്രത്തിന് പുറംവഴി ആവുകയും ചെയ്യുന്നത് ചർച്ചയിലേക്ക് വയ്ക്കുകയും അതിന്റെ എക്സ്റ്റൻഷൻ എന്നോണം അധികാരത്തിൽ നിന്നും, സാംസ്കാരികതയിൽ നിന്നും പുറത്തുപോവുകയും അങ്ങനെ ചെറുത്ത് നിൽപ്പുകൾ ഇല്ലാത്ത, സാമൂഹിക പ്രജനനത്തിന് സാധ്യത ഇല്ലാത്തവണ്ണം ഈ ജനത തന്നെ അധപധിക്കുകയും ചെയ്തതായി പ്രത്യക്ഷ രക്ഷ ദൈവ സഭ വിവരിക്കുന്നു. പ്രയോഗികമായ സാധ്യതകൾ, ഭൗതികമായ അധികാരം, സ്വത്വം, അവകാശം, സ്വാതന്ത്ര്യം എന്നിവ രക്ഷയുടെ ഈ അപ്രത്യക്ഷതയിൽ നഷ്ടപെടുന്നതായി പറഞ്ഞുകൊണ്ടാണ് അടിമത്തത്തിലേക്ക് വീണുപോയ ജനതയുടെ ചരിത്രത്തെ വിശദീകരിക്കുന്നത്.

ഓർമയുടെ ചരിത്രം

ഭൂതകാലത്തിന് സമാന്തരമായി വരയ്ക്കുന്ന ഒരു വരയാണ് ചരിത്രം. അത് എഴുതുന്ന ചരിത്രകാരന്റെ/കാരിയുടെ അവബോധങ്ങൾ, കാഴ്ച്ചപാടുകൾ, ഉദ്ദേശങ്ങൾ ഒക്കെ സാധൂകരിക്കുന്ന, പ്രതിഫലിക്കുന്ന വ്യാഖ്യാനങ്ങൾ ചരിത്രങ്ങളായി മനസ്സിലാക്കപ്പെടുന്നു. ഇത്തരത്തിൽ നിർമിതമായ ലിഖിത ചരിത്രങ്ങൾ പുറംവഴിയാക്കിയ ജനത അടിമത്തത്തിൽ തുടരുന്നതിനെ കുറിച്ചുള്ള ആശങ്കയും അതുണ്ടാക്കുന്ന വേദനയും അപ്പച്ചന്റെ പാട്ടുകളിൽ കാണാവുന്നതാണ്. അടിമത്താനുഭവത്തെ വീണ്ടും അവതരിപ്പിച്ചുകൊണ്ട് ലിഖിത-വരമൊഴി ചരിത്രങ്ങളെയും എഴുത്തുകളെയും ചോദ്യം ചെയ്യുകയും, പൊട്ടിച്ചെറിയുകയും ചെയ്യുന്നതിന് അതിനാൽ തന്നെ അപ്പച്ചൻ ആഹ്വാനം ചെയ്യുന്നുണ്ട്.

"എഴുതപ്പെട്ട എഴുത്തുകൾ എന്റേതെന്ന് ഓർത്തുകൊണ്ട് ഇതുവരെ ജീവിച്ചു ഞാൻ

എഴുതപ്പെട്ട വചനത്താൽ പിടിയ്ക്കപ്പെട്ടവരെല്ലാം വിടുവിൻ വേഗം

എഴുത്ത് നമുക്കുള്ളതല്ലല്ലോ.."

ഇത്തരം ഉദ്ബോധനങ്ങളിലൂടെ അപ്പച്ചൻ അതുവരെയുള്ള ചരിത്രധാരണകളെ റദ്ദ് ചെയ്തുകൊണ്ട് അടിമത്തത്തിന്റെതായ ഒരു ചരിത്രത്തെ അവതരിപ്പിക്കുന്നു. ഈ അടിമത്താഖ്യാനത്തിലൂടെ അധീശശക്തികൾ നിർമിച്ച പ്രതിബിംബങ്ങളെ പ്രശ്നവൽക്കരിക്കുകയും, അതിനെ പൂർണ്ണമായി തിരസ്കരിക്കുകയുമാണ് അപ്പച്ചന്റെ ചെയ്യുന്നത്. ഇതിലൂടെ അന്യവൽക്കരണത്തിന്റെയും, തമസ്കരണത്തിന്റെയും ഒരു ചരിത്രത്തെ അവതരിപ്പിക്കുക എന്നതല്ല അപ്പച്ചൻ ഉദ്ദേശിക്കുന്നത്. മറിച്ച് സാമൂഹിക ചാലനാത്മകതയുള്ള, സംവാഹകത്വമുള്ള ഒരു ജനതയെ നിർമിക്കാനുള്ള ചരിത്രവൽക്കരണമാണ് അപ്പച്ചൻ ലക്ഷ്യം വയ്ക്കുന്നത്.

ഓർമകളെ ചരിത്രവൽക്കരിക്കുകയും അതിനെ രൂപകങ്ങളാക്കിമാറ്റിക്കൊണ്ടുമാണ് ഗുരുദേവന്റെയും സഭയുടെയും അടിമത്താഖ്യാനം വികസിക്കുന്നത്. ഘോരയടിമയുടെ ശാരീരിക-മാനസിക അവസ്ഥകളെയും അനുഭവങ്ങളെയും അപ്പച്ചൻ ഈ മനുഷ്യർക്ക് മുന്നിൽ തുറന്നുകാട്ടുന്നു. അടിമത്തകാലഘട്ടത്തിന്റെ സംഭവങ്ങളുടെ ഒരു തുടർച്ചയെ അല്ല അപ്പച്ചൻ തന്റെ ആഖ്യാനത്തിൽ അവതരിപ്പിക്കുന്നത്. അതായത് ഒരു ഡോഗ്മാറ്റിക് ചരിത്രവായനയല്ല അപ്പച്ചൻ നടത്തുന്നത് മറിച്ച് അടിമാനുഭവത്തിന്റെ തീവ്രമായ വ്യത്യസ്ത അവസ്ഥകളെയും, അനുഭവങ്ങളെയും, ഓർമകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് ഒരു കളക്ടീവ് ഓർമയായാണ് അപ്പച്ചൻ അതിനെ മാറ്റുന്നത്. ഈ കളക്റ്റീവ് ഓർമ അടിമത്തം ഇല്ലായ്മ ചെയ്ത വ്യത്യസ്ത ഘടകങ്ങളെ അഭിസംബോധന ചെയ്യുന്ന നിലയിലാണ് മനുഷ്യർക്ക് അനുഭവഭേദ്യമാവുന്നതും. ഭൂതകാല സാമൂഹികാനുഭവമായിരുന്ന അടിമത്തത്തെ ഇത്തരത്തിൽ സൈദ്ധാന്തികവൽക്കരിക്കുന്നതിലൂടെ വർത്തമാനകാലത്തിൽ സാമൂഹികഘടനയുമായി കൃത്യമായി വിലപേശാനും, എൻഗേജ് ചെയ്യാനും, പ്രതിപക്ഷമായി മാറാനുമുള്ള ഊർജം അപ്പച്ചൻ സാധ്യമാക്കുന്നു.

അപ്പച്ചന്റെ അടിമവിഷയത്തിന്റെ രണ്ട് തലങ്ങൾ വിവരിക്കുന്നതും അടിമാഖ്യാനത്തിനുള്ളിലൂടെ ഓർമകളെ മുൻനിർത്തിക്കൊണ്ട് തന്നെയാണ്. അടിമത്തമെന്നത് അപരത്വമായി വികസിപ്പിച്ചുകൊണ്ട് അപ്പച്ചൻ രൂപകങ്ങളെ വിവിധ ദിശകളിലേക്ക് ചലിപ്പിക്കുന്നു. അനാഥർ , പുറംവഴിയായവർ , പഴിക്കപ്പെട്ടവർ, ഹീനർ തുടങ്ങി അങ്ങനെ ചരിത്രത്തിനുള്ളിൽ മനുഷ്യർ നേരിടുന്ന ആത്മാഭിമാനത്തിന്റെയും, സ്വാതന്ത്ര്യമില്ലായ്മയുടെയും, അപമാനവീകരണത്തിന്റെയും അവസ്ഥകളെ അപ്പച്ചൻ അടിമത്താഖ്യാനത്തിലൂടെ അനുഭവഭേദ്യമാക്കുന്നു. ഇതിലൂടെ ഏത് തരത്തിലുള്ള പ്രശ്നത്തെയാണോ മറികടക്കേണ്ടത്, ആ പ്രശ്നത്തിലൂടെ വീണ്ടും കടന്നു പോവുകയും, അതിനെ പൂർണമായി മനസ്സിലാക്കി ആ ചരിത്രപരതയിലൂന്നി അതിനെ മറികടക്കുന്നതിനുള്ള അതിജീവനതന്ത്രം നേടിയെടുക്കുകയും ചെയ്യുന്നു. അടിമത്താഖ്യാനത്തിന്റെ പ്രത്യയശാസ്ത്രപരമായ ലക്ഷ്യവും ഇത് തന്നെയാണ്. ഇത്തരത്തിൽ ജാതി അടിമത്തത്തോടൊപ്പം, മറ്റെല്ലാ തരത്തിലുമുള്ള അപരത്വങ്ങളെ അപ്പച്ചൻ അഭിസംബോധന ചെയ്യുന്നുണ്ട്.

അപ്പച്ചൻ ഒരു പാട്ടിൽ പറയുന്നത്,

"രാജാക്കന്മാർ വന്നു സിംഹാസനം വിട്ട്

താണിരിപ്പാനുള്ള പന്തിയിത്"

എന്നും, അഞ്ചു വൻകരകളിലെ അടിമസന്തതികൾക്ക് ഓടിവരാനുള്ള പന്തയാണ് ഇതെന്നുമാണ്. തിരുവിതാംകൂറിലെ അടിമത്തത്തിൽ ഊന്നിക്കൊണ്ട് കേൾവിക്കാരുടെ മനസ്സിൽ വികസിതമായ ഒരു 'മെന്റൽ ജോഗ്രഫി' അപ്പച്ചൻ നിർമിക്കുന്നു. അങ്ങനെയാണ് തിരുവിതാംകൂറിലെ ജാതിയെയും, ജാതിഅടിമത്തത്തെയും പ്രശ്നവൽക്കരിക്കുന്നതിന് ഒപ്പം നാനാജാതി-മത-പ്രദേശത്തുള്ളവരെയും, ഇവിടെ നിന്ന് വിറ്റ് വിലവാങ്ങി പോയവരെയും അപ്പച്ചൻ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നത്. ഇങ്ങനെ അടിമാഖ്യാനത്തിലൂടെ വികസിതമായ ഒരു ജ്ഞാനബോധത്തെ ഉൾചേർത്തുകൊണ്ട് അടിമവിഷയത്തെയും അപ്പച്ചൻ പരിണമിപ്പിക്കുന്നു.

അടിമത്താഖ്യാനത്തിന്റെ സ്വത്വനിർമ്മാണം

അടിമത്തം സ്വത്വപരമായ ഒരു കീഴായ്മയെ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് അപ്പച്ചന്റെ ആഖ്യാനത്തിലൂടെ കണ്ടെത്താവുന്ന പ്രധാന പ്രശ്നം. അധീശവിഭാഗങ്ങൾ പ്രത്യയശാസ്ത്ര-ചരിത്ര മേധാവിത്തത്തോടെ ഉല്പത്തിപരമായും, സാംസ്കാരികപരമായും ഒരു ഉടമ സ്വത്വം ഉണ്ടാക്കിയെടുക്കുന്നു. ഇത് 'മരണപ്പെട്ട' അവസ്ഥയിലേക്ക് 'കീഴാള' വിഭാഗങ്ങളെ കൊണ്ടുചെന്നിടുന്നു. ഈ 'മരണം' സാമൂഹികവും സംസ്കാരികവുമായ ഒരു ചലനമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ചരിത്രപരമായി നിർമിക്കപ്പെട്ട വ്യവസ്ഥയിൽ നിലനിൽക്കുന്ന അധീശത്വത്തെ മറികടക്കുക എന്നതിനെ ഉദ്ബോധിപ്പിക്കൽ ആണ് ഇന്നും പ്രത്യക്ഷ രക്ഷ ദൈവസഭയുടെ ആസ്ഥാനത്തുള്ള അടിമ സ്മാരക സ്തംബത്തിന് മുന്നിലുള്ള പ്രാർഥനകളും, അടിമ വ്യാപാര നിരോധനവിളംബര ആഘോഷവും നടത്തുന്നത് വഴി ഉണ്ടാവുന്നത്. സാംസ്കാരികപരമായ ബദൽ നിർമാണതിന് ഇത്തരത്തിൽ ചരിത്രവുമായി നിരന്തരം നടത്തുന്ന വ്യവഹാരങ്ങൾ വളരെ പ്രധാനപ്പെട്ട ഉത്തേജനം ആണ്.

 അപ്പച്ചൻ ജനിച്ച വീട്     Photo: Tharun T

അപ്പച്ചൻ തന്റെ അടിമാഖ്യാനത്തിലൂടെ അടിമപൂർവകാലത്തെ വിശദീകരിക്കുമ്പോൾ നിർമിക്കുന്ന ചിത്രം സ്വത്വനിർമാണത്തിന് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. അടിമത്തം നിർമിച്ച പഴിയും, പുലയും, കുറവും അടങ്ങിയ ക്രൂരതകളെ മറികടക്കുന്നതിന് അപ്പച്ചൻ നിർമിക്കുന്ന സമാന്തര ചരിത്രവും അതിലൂടെ ഉണ്ടാക്കിയെടുക്കുന്ന പ്രതലവും അനിവാര്യതയാകുന്നുണ്ട്. ഈ പ്രതലമാണ് സമൂഹവും, സമൂഹത്തിന്റെ പൊതുബോധവും. ഇത്തരത്തിൽ ജാതിയെയും, ലിംഗവ്യത്യാസങ്ങളെയും മറ്റ് അപരത്വങ്ങളെയും മറികടക്കാൻ സാധിക്കുന്ന പൊതു സമൂഹ മണ്ഡലമാണ് അപ്പച്ചന്റെ ആഖ്യാനത്തിൽ നിറയുന്ന ചരിത്ര-സാംസ്കാരിക മണ്ഡലം. ഈ ആഖ്യാനം മതത്തിന്റെയും, സംസ്കാരികതയുടെയും രാഷ്ട്രീയത്തെ കൃത്യമായി തുറന്നുകാട്ടുന്നുണ്ട്. മതചരിത്രവും മതേതരചരിത്രവും രാഷ്ട്രീയപരമായെങ്കിലും കുഴഞ്ഞുമറിഞ്ഞതാണെന്ന് പറയുന്നതിലൂടെ അധീശത്തങ്ങളുടെ കടന്നുകയറ്റത്തിനും, സ്വത്വപരമായ നിർമാണത്തിനും ഇവയുടെ പരസ്പരസഹായങ്ങൾ അപ്പച്ചൻ വെളിവാക്കുന്നു. അപ്പച്ചന്റെ അടിമത്താഖ്യാനത്തിലൂടെ അപ്പച്ചൻ ഒരു പുനർനിർവചനവും, പുനർനിർമാണവും സാമൂഹികവും, സാംസ്കാരികവും, ആത്മീയവുമായ മേഖലകളിൽ നടത്തുന്നുണ്ട്. ഇത് കൃത്യമായി ഒരു സ്വത്വത്തെ നിർമിക്കുന്നുണ്ട്. ചിതറപെട്ട സ്വത്വമല്ല അത്‌. ജാതി വ്യത്യാസവും, കക്ഷിപിണക്കവും, അപരത്വങ്ങളും മറികടക്കുന്ന സ്വത്വമാണ്. അപ്പച്ചൻ തന്റെ രാഷ്ട്രീയത്തിന്റെ വിഷനായി കാണുന്നതും തന്റെ ജനതയുടെ ഇത്തരത്തിലുള്ള സ്വത്വത്തിലേക്കുള്ള പരിവർത്തനം തന്നെയാണ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT