രാജ്യാന്തര പ്രശസ്തനായ, ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണൻ തിരുത്തുന്നത് ശാസ്ത്രലോകത്തിന്റെ മാമൂൽ ധാരണകളെയാണ്. െഎൻസ്െറ്റെന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.എസ്. ഉണ്ണികൃഷ്ണന്റെ‘New Relativity in the Gravitational Universe’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ശാസ്ത്രലോകം പലതരത്തിൽ പിന്തിരിഞ്ഞു നിൽക്കുന്നതാണ് കാണുന്നത്. അത് എന്തുകൊണ്ടാകും? ദീർഘകാലമായി അവഗണിക്കപ്പെട്ടു കിടക്കുന്ന ഗുരുത്വബലത്തിന് അർഹമായ സ്ഥാനം നൽകി, ഭൗതിക യാഥാർഥ്യത്തിന്റെ വ്യവസ്ഥാപിതവും...
രാജ്യാന്തര പ്രശസ്തനായ, ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും മലയാളിയുമായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണൻ തിരുത്തുന്നത് ശാസ്ത്രലോകത്തിന്റെ മാമൂൽ ധാരണകളെയാണ്. െഎൻസ്െറ്റെന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.എസ്. ഉണ്ണികൃഷ്ണന്റെ‘New Relativity in the Gravitational Universe’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ശാസ്ത്രലോകം പലതരത്തിൽ പിന്തിരിഞ്ഞു നിൽക്കുന്നതാണ് കാണുന്നത്. അത് എന്തുകൊണ്ടാകും? ദീർഘകാലമായി അവഗണിക്കപ്പെട്ടു കിടക്കുന്ന ഗുരുത്വബലത്തിന് അർഹമായ സ്ഥാനം നൽകി, ഭൗതിക യാഥാർഥ്യത്തിന്റെ വ്യവസ്ഥാപിതവും രൂഢമൂലവുമായ സ്റ്റാൻഡേഡ് മാതൃകയെ ഗൗരവതരമായി വെല്ലുവിളിക്കുന്നതാണോ ‘കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം’?
വിശ്വസിച്ചാലും ഇല്ലെങ്കിലും, ശാസ്ത്രവും ഒരു വിശ്വാസമാണ് – അതിന്റെ കർക്കശ യുക്തിപരതയും അനുഭവൈകജ്ഞാനവുമൊക്കെ ഇരിക്കെത്തന്നെ. ഇതര വിശ്വാസ സമ്പ്രദായങ്ങളിൽനിന്ന് പക്ഷേ, അതിനൊരു കാതലായ വ്യത്യാസമുണ്ട്: മൂലാധാരം വരെ ഭേദഗതി ചെയ്യാനും വേണ്ടിവന്നാൽ റദ്ദാക്കാനും വരെ ഈ വിശ്വാസം സന്നദ്ധമാണ്. ഓരോ കാലയളവിലും ചില പ്രത്യേക തത്ത്വവിശ്വാസങ്ങളിലാവും ശാസ്ത്രം പുലരുക. നിശിതവും സൂക്ഷ്മവുമായ പരീക്ഷണ നിരീക്ഷണങ്ങളുടെയും ഗണിത പരിചിന്തനങ്ങളുടെയും ഫലമായി ഉരുത്തിരിച്ചതാവും ആ സത്യവിശ്വാസം. എന്നാൽ, പുതിയ ഗവേഷണ ഫലങ്ങൾ വന്ന് അതിനെ അപ്പാടെ കടപുഴക്കിയെന്നുവരാം. അതോടെ പുതിയ സത്യവിശ്വാസം ശാസ്ത്രത്തിന്റെ മുഖ്യധാരയെ ഭരിച്ചുതുടങ്ങും; തലേന്നുവരെ സത്യമെന്ന് ഉറപ്പിച്ചിരുന്നത് ഗതകാല വിശ്വാസം മാത്രമായി ചരിത്രത്തിന്റെ അക്കൗണ്ടിലേക്ക് പിന്തള്ളപ്പെടും. സൂര്യനെ ചുറ്റിത്തിരിയുന്ന ഒരു ഗോളം മാത്രമാണ് ഭൂമി എന്ന് കോപ്പർ നിക്കസ് ചൂണ്ടിപ്പറഞ്ഞപ്പോൾ ഭൂമിയാണ് കേന്ദ്രം എന്നുറപ്പിച്ച് 1400 കൊല്ലം അരങ്ങുവാണ ടോളമിയുടെ ജ്യോതിശാസ്ത്രം അബദ്ധ പഞ്ചാംഗമായി (പിന്നെയും രണ്ടു നൂറ്റാണ്ട് വേണ്ടിവന്നു കോപ്പർ നിക്കസിന്റെ കണ്ടെത്തൽ ശാസ്ത്രലോകം അംഗീകരിക്കാനെന്നത് വേറെ കാര്യം).
ഐസക് ന്യൂട്ടന്റെ വകയായി അടുത്ത വിപ്ലവാത്മക പരിവർത്തനം, തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളുടെ ഉറച്ച സത്യധാരണയായി അത് ശാസ്ത്രലോകം വാണു. ആൽബർട്ട് ഐൻെസ്റ്റെന്റെ ഐതിഹാസിക ജീനിയസും മഹാശയന്മാരായ ഒരുപറ്റം സമകാലികരുടെ കഠിനയത്നവും വേണ്ടിവന്നു ന്യൂട്ടന്റെ യാഥാർഥ്യമാതൃകയെ അധികരിക്കാൻ. അതോടെ, ഐൻസ്റ്റൈനായി പുതിയ വിഗ്രഹം, ടിയാന്റെ സിദ്ധാന്തങ്ങളായി പുതിയ വിശ്വാസപ്രമാണങ്ങൾ. അന്നേതന്നെ പല ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ഈ നവസിദ്ധാന്തങ്ങളിലെ സംഗതമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ വിശ്വാസം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ചെങ്കോൽ പിടിക്കുന്നു. മുഖ്യകാരണം, ഇപ്പറഞ്ഞ വിമർശകർക്കാർക്കും സമഗ്രവും സക്രിയവുമായ ഒരു ബദൽമാതൃക ആവിഷ്കരിക്കാൻ സാധിച്ചില്ല.
പ്രഫ. സി.എസ്. ഉണ്ണികൃഷ്ണൻ രചിച്ച ‘New Relativity in the Gravitational Universe’ എന്ന പുസ്തകം
ഐൻസ്റ്റൈന്റെ കാലത്തുതന്നെ അങ്കുരിച്ച ക്വാണ്ടം പ്രതിഭാസം ശാസ്ത്രലോകത്ത് വൻ ഭൂകമ്പംതന്നെയുണ്ടാക്കിയെങ്കിലും ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രഭാവത്തിന് കാര്യമായ കോട്ടമൊന്നുമുണ്ടായില്ല. ആധുനിക ഭൗതികശാസ്ത്രത്തിന്റെ മുഖ്യ തൂണുകളായി ആപേക്ഷികതാ ശാസ്ത്രവും ക്വാണ്ടം മെക്കാനിക്സും നിലയുറപ്പിച്ചു. എന്നാൽ, ഇവ തമ്മിൽ കാതലായ പൊരുത്തക്കേടുകളും നിലനിൽക്കുന്നു – പരിഹാരത്തിന് പല തലമുറകൾ കിണഞ്ഞ് പയറ്റിയിട്ടും. രണ്ടും തമ്മിൽ സമരിയാക്കാൻ ഒടുവിലൊരു പുതിയ സിദ്ധാന്തംതന്നെ സൃഷ്ടിച്ചെടുത്തു -സ്ട്രിങ് തിയറി. അതിന് പക്ഷേ, പരീക്ഷണാത്മക തെളിവൊന്നും തരപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പ്രവചനങ്ങൾ നടത്താൻ അതിനു ശേഷിയില്ലെന്നു പറഞ്ഞ് പ്രതിയോഗികൾ അതിനെ അടങ്കം നിരാകരിക്കുന്നു. അങ്ങനെ ഭൗതികശാസ്ത്ര ലോകം രണ്ടുതട്ടിലായി തുടരുന്നു.
ചുരുക്കിയാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടായി ചുമക്കുന്ന ‘വിശ്വാസ’ വ്യവസ്ഥിതി ഭൗതികശാസ്ത്രത്തെക്കൊണ്ട് വലിയ വില കൊടുപ്പിക്കുകയാണ് – മഹത്തായ സിദ്ധാന്തങ്ങളുടെയും അവക്കുമേൽ പടുത്തുയർത്തിയ യാഥാർഥ്യത്തിന്റെ സ്റ്റാൻഡേഡ് മാതൃകയുടെയും നിർണായകമായ സുഷിരങ്ങൾക്ക് നന്ദി. നമ്മുടെ അടിസ്ഥാന ശാസ്ത്രത്തിന്റെ ഈ തുറുങ്കൻനില കുറേക്കാലമായി സമൗനം ആവശ്യപ്പെടുന്നത് ഈ മൗലിക പ്രതിസന്ധിക്കുള്ള പരിഹാരമാണ്. ഈ സവിശേഷ പശ്ചാത്തലത്തിലാണ് പ്രമുഖ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ പ്രഫ. സി.എസ്. ഉണ്ണികൃഷ്ണൻ അടുത്തിടെ ആവിഷ്കരിച്ച കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ ഒരു നവയുഗ സൃഷ്ടിക്ക് നാന്ദിയാകുമോ എന്ന കൗതുകമുയരുന്നത്. കാൽനൂറ്റാണ്ടത്തെ പരീക്ഷണ നിഗമനങ്ങളുടെയും ഗണിതസംബന്ധത്തിന്റെയും ശക്തിയുക്തമായ പിൻബലത്തിൽ അത് ആപേക്ഷികതാ ശാസ്ത്രത്തിന്റെ ആരൂഢംതന്നെ പിഴുതുമാറ്റുകയാണ്.
തന്റെ കണ്ടെത്തലിന്റെ ഉൺമയിലും യുക്തിഭദ്രതയിലും ഈ പുതിയ സൈദ്ധാന്തികന് സന്ദേഹലേശമില്ല. ഈ കാതൽ പ്രമേയത്തിൽ അയാൾ ശാസ്ത്രസമൂഹത്തെ സൗമ്യമായി വെല്ലുവിളിക്കുകയാണ്, നിർദാക്ഷിണ്യമായ ഒരു തുറന്ന സംവാദത്തിന്. വിചിത്രമെന്ന് പറയട്ടെ, വെല്ലുവിളി ഏറ്റെടുക്കാൻ ഭൗതികശാസ്ത്രത്തിലെ ഭൈരവന്മാരൊന്നും മുന്നോട്ടുവരുന്നില്ല. രസമുണ്ട് – ഐൻസ്റ്റൈനെയും കൂട്ടരെയും മാത്രമല്ല, ഈ ഇന്ത്യൻ ശാസ്ത്രജ്ഞൻ പരസ്യമായി പൊളിച്ചിരിക്കുന്നത്, ഐൻെസ്റ്റെന്റെ സിദ്ധാന്ത പരിസരത്തുനിന്ന് കഴിഞ്ഞ നൂറുകൊല്ലത്തിൽ തങ്ങളുടെ ഗവേഷണ സാഫല്യങ്ങൾ പണിതുയർത്തിയിട്ടുള്ള നിരവധി പ്രമുഖരെയുമാണ്. എന്നിട്ടും വെല്ലുവിളി സ്വീകരിക്കാൻ ആളില്ലെന്നോ? അതും കാൾപോപ്പറുടെ ആധുനിക നിലപാടുതറയിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയിൽ? അതായത്, ഒരു പുതിയ സിദ്ധാന്തം ഉടലെടുത്താൽ അതിനെ തകർക്കാൻവേണ്ട സംഘടിതമായ പരിശോധനകൾക്കാണ് തുനിയേണ്ടതെന്നും ടി അഗ്നിപരീക്ഷ പാസാകുന്ന പക്ഷം, മറ്റൊരു സിദ്ധാന്തം വന്ന് മാറ്റിമാറിക്കുവോളം മാത്രം പുതിയ സിദ്ധാന്തത്തെ അംഗീകരിക്കണമെന്നും പറയുന്ന പോപ്പറുടെ പ്രസിദ്ധമായ Falsifiability നയം ശിരസ്സാവഹിക്കുന്ന ഒരു ശാസ്ത്രരംഗത്താണ് ഈ വിചിത്ര നിലപാട്.
ബോധപൂർവമായ ചില വഴിവിഘ്നങ്ങൾ ഈ സിദ്ധാന്തത്തിന്റെ വികാസപ്രക്രിയക്കിടയിൽ ഉണ്ടായതുകൂടി കണക്കിലെടുക്കുമ്പോഴാണ് ഈ അശാസ്ത്രീയ നിലപാട് ഒരു തമസ്കരണയത്നത്തിന്റെ വിത്താണെന്ന് മനസ്സിലാവുക. പ്രഫ. ഉണ്ണികൃഷ്ണന്റെ മാതൃഗവേഷണസ്ഥാപനം മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചാണ്. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് ജർമനിയിലെ വിശ്വോത്തര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച വിശ്രുതനിലയം. മൂന്നര പതിറ്റാണ്ട് അവിടെ സ്തുത്യർഹമായ ഗവേഷണങ്ങൾ പലതും ചെയ്തയാളാണ് ഉണ്ണികൃഷ്ണൻ. ഇന്ത്യയിലാദ്യമായി ‘ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്’ രൂപപ്പെടുത്തി പ്രശസ്തമായത് ഇദ്ദേഹത്തിന്റെ ലാബാണ്. ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ അന്താരാഷ്ട്ര സംഘത്തിൽ പ്രവർത്തിക്കുകയും ഭൗതികശാസ്ത്രത്തിലെ ബ്രേക് ത്രൂ പ്രൈസും ജ്യോതിശാസ്ത്രത്തിലെ ഗ്രൂബർ പ്രൈസും ലഭിക്കുകയുമുണ്ടായി. എന്നിട്ടും ഇത്തരം ഗവേഷണസ്ഥാപനങ്ങളിൽ സാധാരണ നടപ്പായ, പെൻഷൻപ്രായത്തിനും ശേഷമുള്ള സർവിസ് എക്സ്റ്റൻഷൻ നൽകിയില്ല. മാത്രമല്ല, 2008 മുതൽ അർഹമായ സ്ഥാനക്കയറ്റങ്ങൾപോലും നൽകിയില്ല. 200ഓളം ഗവേഷണ പ്രബന്ധങ്ങളും അടിസ്ഥാന ഭൗതികത്തിൽ രണ്ടു മൗലിക ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഗവേഷണ നിലയങ്ങളിൽ ഗവേഷണവും അധ്യാപനവും നടത്തുകയും ചെയ്ത ട്രാക് റെക്കോഡിന്റെ ഉടമക്കാണ് ഈ തമസ്കരണമെന്നോർക്കണം.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്
ഭംഗ്യന്തരേണയുള്ള ഈ ഒഴിവാക്കലിന്റെ യുക്തിസഹ പരിണതിയെന്നോണം അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്കുമേൽ, സാധാരണ നടക്കാറുള്ള അക്കാദമിക് അവലോകനം പോലുമുണ്ടായില്ല. ഇത്തരത്തിൽ തിളക്കമാർന്ന അക്കാദമിക് ചരിത്രമുള്ള ഒരു ശാസ്ത്രജ്ഞനെ ‘പുറത്താക്കി’യെടുക്കുന്നതിന് പിന്നിൽ ഏതെങ്കിലും ചില വ്യക്തികളുടെ സ്വാർഥചിന്തയോ വ്യക്തിസ്പർധയോ ഒന്നുമല്ല പ്രവർത്തിച്ചത്. മറിച്ച്, മുഖ്യധാരാ ഭൗതികശാസ്ത്ര സമൂഹത്തിലെ പ്രമാണിസംഘങ്ങളുടെ സൂക്ഷ്മമായ സംഘടിത തന്ത്രമായിരുന്നു. അതിന്റെ ചേതോവികാരം മനസ്സിലാക്കുമ്പോഴാണ് കഥ കൂടുതൽ ഗൗരവമാളുക.
ടി.ഐ.എഫ്.ആറിന്റെ രണ്ടു മേധാവികൾ അവരവരുടെ ഭരണകാലയളവുകളിൽ കോസ്മിക് റിലേറ്റിവിറ്റി ഗവേഷണത്തിന് പ്രകടമായിത്തന്നെ തടസ്സങ്ങളുണ്ടാക്കി. ആദ്യത്തേയാൾ ഒരുഘട്ടം കഴിഞ്ഞപ്പോൾ പ്രഫ. ഉണ്ണികൃഷ്ണനെ നേരിട്ടുതന്നെ ‘ഉപദേശിച്ചു’, ഈ ഗവേഷണം മതിയാക്കാൻ. സ്ട്രിങ് തിയറി ഗവേഷണത്തിലെ ഇന്ത്യൻ പ്രമുഖനാണ് രണ്ടാമൻ. ആ വിദ്വാന് മുൻഗാമിയുടെ സൗമ്യതന്ത്രമൊന്നുമുണ്ടായിരുന്നില്ല, ഗവേഷണത്തിന്റെ പുരോഗതി പ്രകടമായിത്തന്നെ തടസ്സപ്പെടുത്തുന്ന നയങ്ങളെടുത്തു. രണ്ടാളുടെയും പ്രവൃത്തികൾക്ക് പിന്നിലുള്ള ചേതോവികാരം ഒന്നുതന്നെയായിരുന്നു – ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങളെ ചോദ്യംചെയ്യുന്ന എന്തിനോടുമുള്ള കടുത്ത എതിർപ്പ്. വിഗ്രഹമൂർത്തിയെ ചോദ്യം ചെയ്യുന്നത് മുഖ്യധാരാ ഭൗതികത്തിൽ ഇന്ന് മിക്കവാറും മതനിന്ദയുടെ തലത്തിലുള്ള അപരാധമായിത്തീർന്നിട്ടുണ്ട്.
യാഥാർഥ്യത്തിന്റെ നിലവിലെ സ്റ്റാൻഡേഡ് മാതൃക പ്രാബല്യത്തിലായ ശേഷം ഈ മനോഭാവമാണ് ഭൗതികശാസ്ത്ര സമൂഹത്തിന്റെ മുഖമുദ്രതന്നെ. അതുതന്നെയാണ് പ്രഫ. ഉണ്ണികൃഷ്ണന്റെ ഗവേഷണം തടസ്സപ്പെടുത്താനും പിന്നീട് സിദ്ധാന്തരൂപം പ്രഖ്യാപിക്കപ്പെട്ടതോടെ (നേച്ചർ ഗ്രൂപ് അത് പുസ്തകമാക്കിയതോടെ) തമസ്കരിക്കാനുമുള്ള മൂലകാരണം. അവിടെവെച്ച് പ്രശ്നം ഗുരുതരമായ ഒരു മാനം കൈവരിക്കുന്നു. പ്രാമാണിക യാഥാസ്ഥിതികതയും അതിനോടുള്ള ആചാരനിഷ്ഠയും ശാസ്ത്രത്തിന്റെ ആധാരനാഡിയെത്തന്നെ ഹനിക്കുന്നതാണ് – അന്വേഷണ സ്പിരിറ്റിനെ. ഭൗതികശാസ്ത്രം നേരിടുന്ന പ്രതിസന്ധിക്ക് ഒരാൾ ഒരു പരിഹാരസാധ്യത മുന്നോട്ടുവെക്കുമ്പോഴാണ് ശാസ്ത്രവിരുദ്ധമായ ഈ സമീപനം ശാസ്ത്രീയതയുടെ കുപ്പായമിട്ടവർ തന്നെ അവലംബിക്കുന്നതെന്നോർക്കണം. ‘ഡോഗ് മാറ്റിക്’ രാഷ്ട്രീയത്തിന് ശാസ്ത്രചിന്തയിൽ സ്ഥാനമില്ലെന്ന് ആരുപറഞ്ഞു?
പുതിയ സിദ്ധാന്തത്തെ സ്വയം സംസാരിക്കാൻ വിട്ട്, നിലവിൽ കിരീടംവെച്ച് നിൽക്കുന്ന പ്രമുഖ സിദ്ധാന്തങ്ങളുടെ നിജസ്ഥിതി ഒന്ന് കണ്ടുപോരാം. പോയ നൂറ്റാണ്ടിന്റെ ആദ്യദശയിൽ സ്വരൂപിച്ചതാണ് ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ. അന്ന് ജ്യോതിശാസ്ത്രം അതിന്റെ ബാല്യദശയിലായിരുന്നു. സ്വാഭാവികമായും ഐൻസ്റ്റൈന്റെയും മറ്റും സങ്കൽപനങ്ങളിലെ പ്രപഞ്ചം, നമ്മുടെ സ്വന്തം ഗാലക്സിയായ ക്ഷീരപഥവും സമീപസ്ഥമായ കുറേ നക്ഷത്രങ്ങളും നെബൂലകളും മാത്രം ചേർന്നുള്ളതായിരുന്നു. ബാക്കിയത്രയും ശൂന്യമെന്നും അവർ നിരൂപിച്ചു. വൈകാതെ എഡ്വിൻ ഹബ്ൾ വരുന്നു, നക്ഷത്രപഥങ്ങൾക്കപ്പുറത്തേക്ക് ജ്യോതിശാസ്ത്രം വികസിക്കുന്നു. അതോടെ പ്രപഞ്ചം അതിന്റെ വിരാട് സ്വരൂപം മനുഷ്യനു മുന്നിൽ അനാവരണം ചെയ്യുകയായി.
അതാകട്ടെ, ഐൻസ്റ്റൈന്റെ കാലത്തെ പ്രപഞ്ചഗണനയുടെ ക്ലീൻ ആയിരം മടങ്ങ് വലുപ്പമുള്ള രൂപമായിരുന്നു. മാത്രമല്ല, പ്രപഞ്ചം നിറച്ച് പദാർഥങ്ങളും ഊർജവുമാണെന്ന് കണ്ടു – ശൂന്യതക്ക് കാലുകുത്താനിടമില്ലാത്ത നിബിഡ പ്രപഞ്ചം. ഇത്രക്ക് അതിഭീമമായ പദാർഥ-ഉള്ളടക്കത്തിന് സ്വാഭാവികമായും ഉണ്ടാവുമല്ലോ ഭീമമായ ഗുരുത്വബലം. പ്രകാശകിരണം തൊട്ട് കൊച്ചുഘടികാരം വരെ ഏതു പദാർഥചലനത്തെയും ഗണ്യമായി സ്വാധീനിക്കുന്ന ഈ ശക്തിയെ വിഗണിച്ചുകൊണ്ടാണ് ഐൻസ്റ്റൈന്റെ സിദ്ധാന്തപരിസരം നിർമിച്ചിരിക്കുന്നത്. ബലതന്ത്രവും ആപേക്ഷികതയും പരിഗണിക്കുമ്പോൾ സർവവ്യാപിയായ ഗുരുത്വബലത്തെ കണക്കിലെടുക്കാതെ നിർവാഹമില്ലെന്നറിയാൻ സാമാന്യബുദ്ധി മതി. അഥവാ, ഇപ്പറഞ്ഞ ബ്രഹത്തായ ഗുരുത്വബലത്തെ വിഗണിച്ച് നിർമിച്ചിട്ടുള്ള നിലവിലെ യാഥാർഥ്യ മാതൃക മിതമായി പറഞ്ഞാൽ ബാലിശമാണ്. അതിന്റെ പ്രായോഗിക പ്രത്യാഘാതം ഒരു സ്മാർട്ഫോൺ കൈയിലുള്ള ഏതു സ്കൂൾകുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ജി.പി.എസ് പോലുള്ള ആഗോള നാവിഗേഷനൽ സാറ്റലൈറ്റ് വ്യൂഹങ്ങൾ ഐൻസ്റ്റൈന്റെ സ്പെഷൽ തിയറി ഓഫ് റിലേറ്റിവിറ്റിയെ (STR) അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. ഭൂമിയിലോ അതിന്റെ സമീപത്തോ ഉള്ള ഒരു സ്വീകർത്താവിലെത്താൻ ജി.പി.എസ് സിഗ്നൽ ആശ്രയിക്കുന്നത്, ആറ്റമിക് ക്ലോക്കുകളെയും റേഡിയോ തരംഗങ്ങളെയുമാണല്ലോ. പ്രകാശത്തിന്റെ ആപേക്ഷിക പ്രവേഗം സ്രോതസ്സിനെയോ നിരീക്ഷകനെയോ ആശ്രയിച്ചുള്ളതല്ല എന്നതാണ് ഇവിടെ അടിസ്ഥാനാശയം. നിരീക്ഷകൻ ഒരു നിശ്ചലഭൂമികയിലാണെന്നും ബാക്കി ലോകം ആപേക്ഷികമായി ചലിക്കുന്നെന്നുമാണ് വെപ്പ്. ഈ നിരീക്ഷകനും സ്രോതസ്സിനുമിടയിലെ ദൂരം തിട്ടപ്പെടുത്തുക, സ്ഥിരാങ്കമായി പ്രഖ്യാപിച്ചിട്ടുള്ള പ്രകാശവേഗത്തെ അത് സഞ്ചരിക്കാനെടുത്ത സമയംകൊണ്ട് ഗുണിച്ചിട്ടാണ്. STR പ്രകാരം ഇത് രണ്ടും തുല്യമായിരിക്കണം. എന്നാൽ, യഥാർഥ അനുഭവത്തിൽ അവ തുല്യമല്ല. എന്നുവെച്ചാൽ, വ്യക്തമായ പൊരുത്തക്കേട്. നിർണായകമായ ഈ വ്യത്യാസ പ്രശ്നത്തെ ജി.പി.എസ് എൻജിനീയർമാർ യന്ത്രത്തിൽ ശരിപ്പെടുത്തിവെക്കുന്നുണ്ട്.
അല്ലാത്തപക്ഷം വിമാനങ്ങൾ നിലംപൊത്തും, തെരുവിൽ അപകടങ്ങൾ പെരുകും, ജി.പി.എസ് ഉപയോഗിച്ചുള്ള ഏതിടപാടും അവതാളത്തിലാകും. ഭൗതികശാസ്ത്രം പക്ഷേ, ഈ പൊരുത്തക്കേടിന് ഒരു വിശദീകരണത്തിനും ഇന്നോളം തയാറായിട്ടില്ല. ഒക്കെ STRന്റെ അടിസ്ഥാനത്തിലങ്ങ് നടക്കുന്നു എന്ന് ഒഴുക്കൻ വാചകമടി തുടരുകയുമാണ്. പ്രഫ. ഉണ്ണികൃഷ്ണന്റെ ആദ്യപുസ്തകം (Gravity's Time) ഈ പ്രശ്നത്തിന് ശ്രദ്ധേയമായ ഒരുത്തരം തരുന്നുണ്ട്: അതായത്, പിശകിപ്പോയ ഒരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജി.പി.എസിന് പ്രവർത്തിക്കാനേ കഴിയില്ല! STRന്റെ അടിസ്ഥാനത്തിലല്ല മറിച്ച് കേവലമായ (absolute) ചട്ടക്കൂടുള്ള മറ്റൊരു ഭൂമികയിലാണ് അത് പ്രവർത്തിക്കുന്നത്. ആ ചട്ടക്കൂട് ഈ പ്രപഞ്ചംതന്നെയാണ്, അതിന്റെ ഗുരുത്വബല വ്യാപ്തിയോടെ. ജി.പി.എസ് എൻജിനീയർമാർ യന്ത്രത്തെ ‘അഡ്ജസ്റ്റ്’ ചെയ്ത് ശരിപ്പെടുത്തിയത് ഈ ബൃഹദ് ചട്ടക്കൂടിലേക്കാണ് – ഭൗതികശാസ്ത്രം വിഴുങ്ങിയ യഥാർഥ യാഥാർഥ്യഘടനയിലേക്ക്.
അതുകൊണ്ട് സ്കൂൾകുട്ടിക്ക് നിസ്സാരമായി തന്റെ സന്ദേഹം തീർക്കാനാവുന്നു. ഭൗതികശാസ്ത്ര വിദ്വാന്മാരുടെ അയിത്തവും ധൈഷണികാടിമത്തവുമൊന്നും ബാലമനസ്സിനെ തീണ്ടുന്നില്ലല്ലോ. സമസ്ത പ്രപഞ്ചത്തെയും ഇന്നോളം കണ്ണടച്ചിരുട്ടാക്കിപ്പോന്ന ഇരിപ്പുമുറിയിലെ ഐരാവതത്തെയും (ഗുരുത്വബലം) അടക്കം സ്വാംശീകരിക്കുന്ന പുതിയ സിദ്ധാന്തത്തിന് മുന്നിലെ ബാലിശമായ ‘സിദ്ധാന്തം പിടിക്കൽ’ എത്രകാലം ചെലവാകും എന്നാണിനി കണ്ടറിയേണ്ടത്. കാരണം, പ്രപഞ്ചത്തിന് ഭക്തിരോഗവും മാമൂൽ പേടിയുമില്ല –ഐൻസ്റ്റൈൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.