പൊലീസിന്റെ കസ്റ്റഡി പീഡനങ്ങളും അത് മൂലമുണ്ടായിട്ടുള്ള മരണങ്ങളും കേരളത്തിൽ അനവധിയാണ്. മനോഹരന്റെ കസ്റ്റഡി മരണത്തിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പുതന്നെ കാക്കനാട് തുതിയൂർ സ്വദേശി റെനീഷ് എന്ന യുവാവിനെ എറണാകുളം കസബ പൊലീസ് ക്രൂരമായി മർദിച്ചു. നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നൽകുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായ റെനീഷും സുഹൃത്തും ജോലിക്കാരെ തേടി എറണാകുളം നോർത്ത് പാലത്തിന് സമീപം എത്തിയതായിരുന്നു. കടുത്ത ചൂട് കാരണം പാലത്തിനടിയിൽ...
പൊലീസിന്റെ കസ്റ്റഡി പീഡനങ്ങളും അത് മൂലമുണ്ടായിട്ടുള്ള മരണങ്ങളും കേരളത്തിൽ അനവധിയാണ്. മനോഹരന്റെ കസ്റ്റഡി മരണത്തിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പുതന്നെ കാക്കനാട് തുതിയൂർ സ്വദേശി റെനീഷ് എന്ന യുവാവിനെ എറണാകുളം കസബ പൊലീസ് ക്രൂരമായി മർദിച്ചു. നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നൽകുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായ റെനീഷും സുഹൃത്തും ജോലിക്കാരെ തേടി എറണാകുളം നോർത്ത് പാലത്തിന് സമീപം എത്തിയതായിരുന്നു. കടുത്ത ചൂട് കാരണം പാലത്തിനടിയിൽ വിശ്രമിച്ച റെനീഷിനെ എറണാകുളം കസബ സ്റ്റേഷനിൽനിന്ന് എത്തിയ സി.ഐ പ്രതാപചന്ദ്രനും സംഘവും മർദിക്കുകയായിരുന്നു. അടിയേറ്റ് ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്ത ആ ചെറുപ്പക്കാരനെ പിന്നീട് ആശുപത്രിയിൽ അഡ്മിറ്റാക്കി.
ഏതാണ്ടിതേ ദിവസംതന്നെയാണ് പാലക്കാട് ഹേമാംബിക നഗർ പൊലീസ് ശരത് ധോണി എന്ന പൊതുപ്രവർത്തകനായ യുവാവിനെ സ്റ്റേഷനിൽവെച്ച് ക്രൂരമർദനത്തിന് ഇരയാക്കിയത്. ഇ.എം.ഐ അടക്കാൻ വൈകിയതിന്റെ പേരിൽ ഫിനാൻസ് ഏജൻസി വീട്ടിൽവന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് ആത്മഹത്യചെയ്ത പത്മാവതി എന്ന സ്ത്രീയുടെ മകൻ അരുണിന്റെ ആവശ്യപ്രകാരം എഫ്.ഐ.ആറിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പകർപ്പ് വാങ്ങാൻ ഞായറാഴ്ച രാവിലെ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴായിരുന്നു ശരതിന് പൊലീസ് മർദനം ഏൽക്കേണ്ടിവന്നത്. ഒരു പൊതുപ്രവർത്തകൻ എഫ്.ഐ.ആർ ചോദിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഇവിടെ ഒരു കാര്യം വ്യക്തമാണ്. ഒരു കൂലിത്തൊഴിലാളിയായ ശരത് പൊലീസിനു മുന്നിൽ പ്രകടിപ്പിച്ച ആത്മാഭിമാനമാണ് മർദനത്തിന് കാരണം. ശ്രേണീകൃത ഉച്ചനീചത്വം അടിച്ചേൽപിക്കുന്ന ജാതിഘടനക്കകത്ത് ഒരു ദലിതന്റെ ആത്മാഭിമാനം എപ്രകാരമാണോ ഒരു സവർണ മേധാവിയെ പ്രകോപിപ്പിക്കുന്നത്, അതേ മനോനിലയാണ് ഹേമാംബിക പൊലീസ് സ്റ്റേഷൻ എസ്.ഐ റെനിലിനെയും മർദകനാക്കുന്നത്. നമ്മുടെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം വിധേയത്വപരമാണ്. സാധാരണക്കാരെ ഒരു പൗരനായല്ല തങ്ങൾക്ക് വിധേയപ്പെട്ട് നിൽക്കേണ്ട തൊമ്മികളായാണവർ കാണുന്നത്.
ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ 2013ല്‍ എസ്.ഐ ആയിരുന്ന പി.ആര്. സന്തോഷ് ഐരൂര്‍ സ്വദേശിനി സുനിത ബാബുവെന്ന യുവതിയെ അന്യായമായി കസ്റ്റഡിയിലെടുത്ത് ഭീകരമായി മർദിച്ചിരുന്നു. ഭര്‍ത്താവിനെ അേന്വഷിച്ച് വീട്ടിലെത്തിയ പൊലീസ് ഭാര്യ സുനിതയെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയില്‍ െവച്ച് ഏല്‍ക്കേണ്ടിവന്ന മർദനത്തിലും അത് മൂലമുണ്ടായ അപമാനത്തിലും മനംനൊന്ത സുനിത പിറ്റേന്ന് വീട്ടിലെത്തിയശേഷം ആത്മഹത്യ ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സന്തോഷിനെ മരട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഇതേ ഉദ്യോഗസ്ഥൻ 2016ല്‍ മരടിൽ എസ്.ഐ ആയിരിക്കേ സുഭാഷ് എന്ന യുവാവിനെ രാത്രിയില്‍ റോഡരികില്‍നിന്ന് പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയില്‍വെച്ച് മർദിക്കുകയും പിറ്റേന്ന് വിട്ടയച്ചശേഷം അപമാനിതനായ സുഭാഷ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. സുഹൃത്തിനെ കാത്ത് വഴിയരികില്‍ നിന്നിരുന്ന കാഴ്ചവൈകല്യമുള്ള സുഭാഷ്, അരികില്‍ വന്നത് പൊലീസ് ആണെന്നറിയാതെ തന്റെ സുഹൃത്താണെന്ന് കരുതി ചിരിച്ചുകൊണ്ട് തോളില്‍ കൈെവച്ചു എന്നതായിരുന്നു കുറ്റം. അന്നും ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കാനായി എസ്.ഐയെ അമ്പലമേട് സ്റ്റേഷനിേലക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഒരു കൊലപാതകത്തിന്റെ പേരിൽ സ്ഥലം മാറ്റിയ പൊലീസുകാരൻ മാറിവന്ന സ്റ്റേഷനിൽ വീണ്ടും ഒരു കൊലപാതകം നടത്തുന്നു. വീണ്ടും ഒരു സ്ഥലംമാറ്റമല്ലാതെ മറ്റു നടപടിെയാന്നും ഉണ്ടാകുന്നില്ല എന്നത് എത്രമാത്രം ക്രൂരമാണ്.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ തുടര്‍ച്ചയായും നിരന്തരമായും നടന്നുകൊണ്ടിരിക്കുന്ന അനീതിയുടെ ചില ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. പൊലീസിലെ ക്രിമിനൽവത്കരണം ദിവസംതോറും കൂടുന്നതല്ലാതെ കുറയുന്നില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
നമ്മുടെ പൊലീസ് ഒരിക്കലും ഒരു സിവിക് പൊലീസ് സംവിധാനമായിരുന്നില്ല. ഇന്ത്യൻ ജനതയുടെ താൽപര്യങ്ങളെ മുൻനിർത്തിയല്ല അത് സൃഷ്ടിക്കപ്പെട്ടതും വികസിച്ചതും. മറിച്ച് അതൊരു കൊളോണിയൽ അധിനിവേശത്തിന്റെ ഉൽപന്നമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ മർദന ഉപകരണമായാണ് ഇന്ത്യൻ പൊലീസ് സൃഷ്ടിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷത്തിനുശേഷവും അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പരിശീലനം മുതൽ ജനങ്ങളോടുള്ള മനോഭാവത്തിലും പൊലീസുകാർ പരസ്പരമുള്ള ബന്ധത്തിലുമെല്ലാം അതിന്റെ യഥാർഥ സ്വഭാവം പ്രകടമാണ്. ഇന്നും നിലനിൽക്കുന്ന കൊളോണിയൽ തുടർച്ചയുടെ, അഥവാ പുത്തൻ കൊളോണിയൽ താൽപര്യങ്ങളെ അത് സേവിച്ചുപോരുന്നു. ബ്രിട്ടീഷുകാർ നേരത്തേ അയർലൻഡിൽ രൂപവത്കരിച്ച ഐറിഷ് കോൺസ്റ്റബുലറിയുടെ രൂപത്തിലാണ് ബ്രിട്ടീഷുകാർ ഇന്ത്യൻ പൊലീസ് സംവിധാനത്തെ രൂപപ്പെടുത്തിയത്. ഐറിഷ് കോൺസ്റ്റബുലറിയുടെ അടിയന്തരലക്ഷ്യം അയർലൻഡിലെ സ്വാതന്ത്ര്യസമരത്തെ, സായുധ കലാപങ്ങളെ, കാർഷിക അസ്വസ്ഥതകളെ ഒക്കെ അടിച്ചമർത്തുക എന്നതായിരുന്നു. ജനകീയ മോഹങ്ങളെ ക്രൂരമായി അടിച്ചമർത്തിയാണത് അയർലൻഡിൽ സമാധാനം സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും കൊളോണിയൽ പൊലീസ് നേരിട്ട രീതി നമുക്കറിയാം. കൊളോണിയൽ പൊലീസിന്റെ അതേ സ്വഭാവംതന്നെയാണ് പിന്നീടു വന്ന സ്വാതന്ത്ര്യാനന്തര പൊലീസും തുടർന്നത്. പുന്നപ്രയിൽ വെടിയുതിർത്ത പൊലീസിന്റെ അതേ മനോനിലതന്നെയാണ് ചന്ദനത്തോപ്പ് വെടിവെപ്പിലും മുത്തങ്ങയിലും പാലക്കാടും ബീമാപള്ളിയിലുമൊക്കെ നാം കാണുന്നത്.
ജനകീയ സമരങ്ങളെ നേരിടുന്നതിലും യു.എ.പി.എ മുതൽ 124 A വരെ നീളുന്ന കൊളോണിയൽ തുടർച്ചയുള്ള നിയമങ്ങൾ നിർബാധം എടുത്തു പ്രയോഗിക്കുന്നതിലും പൊലീസിനെ ഉത്സുകമാക്കുന്നത് തങ്ങളുടെതന്നെ ഈ ജനവിരുദ്ധ പാരമ്പര്യമാണ്. അതുകൊണ്ടുതന്നെ ലോക്കപ്പ് കൊലപാതകങ്ങൾ മുതൽ വ്യാജ ഏറ്റുമുട്ടൽ കൊലകൾ വരെ നീളുന്ന പൊലീസ് ആക്രമണങ്ങൾ ഏതെങ്കിലും കുറച്ച് പൊലീസുകാരുടെ ക്രിമിനൽ മനോഘടനയിൽനിന്ന് ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവമായി ചുരുക്കി കാണാനാവില്ല. പൊലീസ് പരിഷ്കാരത്തെ മുൻനിർത്തി എത്രയോ കമീഷനുകളും കോടതികളുടെതന്നെ നിരവധി വിധിന്യായങ്ങളും ഉണ്ടായിട്ടും ഒരു കൂസലുമില്ലാതെ നിയമത്തെ വെല്ലുവിളിക്കാൻ പൊലീസിന് കഴിയുന്നതും വെറുതെയല്ല. ജനങ്ങളിൽനിന്ന് ഏറെ ഒറ്റപ്പെട്ട ഭരണാധികാരികൾക്ക് ജനങ്ങളുടെ ജീവിതസമരങ്ങളെ അടിച്ചമർത്താനും മറ്റുമായി പൊലീസിനെ വേണം. അതുകൊണ്ടാണ് പൊലീസിന്റെ മനോവീര്യം ജനങ്ങളുടെ ജീവനെക്കാൾ പ്രധാനമാവുന്നത്. ജനങ്ങളുടെ ക്ഷേമമല്ല സുരക്ഷയാണ് ഭരണക്കാരുടെ ചുമതലയെന്ന് കരുതുന്ന ഇന്നത്തെ കാലത്ത് കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയലാണ് പ്രധാനം. അതുകൊണ്ട് വഴിയരികിൽ കാണുന്ന സാധാരണ മനുഷ്യരെയെല്ലാം കുറ്റവാളികളായി കണക്കാക്കി ഹൈപ്പർ ദേശീയവാദത്തിന്റെ എല്ലാ മുൻവിധിയോടും കൂടി പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ പൊലീസ് കൈകാര്യംചെയ്യുന്നു. ദലിതരും ആദിവാസികളും മുസ്ലിംകളും ട്രാൻസ് വിഭാഗങ്ങളും സ്ത്രീകളുമടക്കമുള്ളവരാണ് മർദനമേൽക്കുന്നതിൽ ഭൂരിഭാഗവും.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പൊലീസ് അതിക്രമങ്ങൾക്ക് എതിരെ ബൂർഷ്വാ ജനാധിപത്യവാദികൾപോലും വലിയ പ്രക്ഷോഭങ്ങൾ ഉയർത്തുന്നുണ്ട്. പൊലീസിനുവേണ്ടി പണം ചെലവഴിക്കേണ്ട ആവശ്യം നമുക്കില്ല, പൊലീസ് നമുക്കാവശ്യമില്ല, ‘ഡി ഫണ്ട് ദ പൊലീസ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്യുമ്പോഴാണ് പിണറായി വിജയൻ തന്റെ ഭരണകാലയളവിൽ അമ്പതിലധികം സാധാരണ മനുഷ്യരെ കൊലപ്പെടുത്തിയ പൊലീസിനെതിരെ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാതെ അവരുടെ മനോവീര്യം തകരുമെന്ന് വേവലാതികൊള്ളുകയും പോലീസിന് ജുഡീഷ്യൽ പദവി നൽകാൻ ശ്രമിക്കുകയും ചെയ്തത്. . അതുകൊണ്ടുതന്നെയാണ്, അധികാരികളോടും സമ്പന്നരോടും അങ്ങേയറ്റം വിധേയത്വവും മർദിതരോട് കടുത്ത പുച്ഛവും പുലർത്തുന്ന, പണക്കൊതിയിലും അഴിമതിയിലും മുങ്ങിയ പൊലീസിന്റെ മനോവീര്യം ജനങ്ങളുടെ വിഷയമല്ലെന്നും ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്നും ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ മെംബറെ ഓർമിപ്പിക്കേണ്ടി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.