ബാഡ്മിന്റണിലെ തോമസ് കപ്പ് വിജയം വേണ്ടത്ര ആഘോഷിക്കപ്പെേട്ടാ എന്ന് സംശയം. പേക്ഷ, ഇൗ വിജയം പലതരം കളിസൂചനകൾ നൽകുന്നുണ്ട്. വിജയങ്ങളിൽ മറന്നുപോകുന്ന ചിലരുണ്ട്. അത്തരം ഒരാളെ ഒാർമിപ്പിക്കുകയാണ് മുതിർന്ന സ്പോർട്സ് പത്രപ്രവർത്തകനായ ലേഖകൻ. ഒപ്പം ഭാവിയെപ്പറ്റി ചില ആകുലതകളും പങ്കിടുന്നു.1947ലെ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മുഖാമുഖം; പ്രകാശ് നാഥും ദേവീന്ദർ മോഹനും. ഒരു ഇന്ത്യക്കാരൻ...
ബാഡ്മിന്റണിലെ തോമസ് കപ്പ് വിജയം വേണ്ടത്ര ആഘോഷിക്കപ്പെേട്ടാ എന്ന് സംശയം. പേക്ഷ, ഇൗ വിജയം പലതരം കളിസൂചനകൾ നൽകുന്നുണ്ട്. വിജയങ്ങളിൽ മറന്നുപോകുന്ന ചിലരുണ്ട്. അത്തരം ഒരാളെ ഒാർമിപ്പിക്കുകയാണ് മുതിർന്ന സ്പോർട്സ് പത്രപ്രവർത്തകനായ ലേഖകൻ. ഒപ്പം ഭാവിയെപ്പറ്റി ചില ആകുലതകളും പങ്കിടുന്നു.
1947ലെ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മുഖാമുഖം; പ്രകാശ് നാഥും ദേവീന്ദർ മോഹനും. ഒരു ഇന്ത്യക്കാരൻ ചാമ്പ്യൻ ആകണമെന്ന ആഗ്രഹത്തിൽ, ഉൗർജം ചോരാതിരിക്കാൻ ഈ പോരാട്ടം ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചു. രണ്ടിൽ ആർ എന്നതിന് അവർ ടോസ് ഇട്ടു. ടോസ് ജയിച്ചത് പ്രകാശ് നാഥ്. ഒരു രാജ്യത്തിനുവേണ്ടി രണ്ടു കളിക്കാർ കാട്ടിയ ഈ സമർപ്പണം ഇംഗ്ലണ്ടിലെ മാധ്യമങ്ങൾ വലിയ വാർത്തയാക്കി.
നിലവിലെ ചാമ്പ്യൻ ഡെന്മാർക്കിന്റെ താഗെ മാദ്സെനെ നേരത്തേ അട്ടിമറിച്ച പ്രകാശ്നാഥ് സെമിയിൽ ഇംഗ്ലണ്ടിന്റെ റെഡ്ഫോർഡിനെ കീഴടക്കി. ഫൈനലിൽ എതിരാളി ഡെന്മാർക്കിന്റെ കോണി ജെപ്സെൻ. തികഞ്ഞ വിജയപ്രതീക്ഷയോടെ ഫൈനൽ ദിവസം ഉറക്കമുണർന്ന പ്രകാശ് നാഥ് അന്നത്തെ പത്രങ്ങൾ വെറുതെയൊന്നു നോക്കി. ''ലാഹോർ കത്തുന്നു'' എന്ന വാർത്ത വായിച്ച് അദ്ദേഹം ഞെട്ടി.
പ്രകാശ് നാഥിന്റെ ജന്മദേശമാണ് ലാഹോർ. ഇന്ത്യ-പാകിസ്താൻ വിഭജനസമയത്ത് പൊട്ടിപ്പുറപ്പെട്ട വർഗീയലഹള ലാഹോറിനെ കലാപഭൂമിയാക്കി. തന്റെ വീടിനു സമീപത്തെ നെസ്ബിത് റോഡും ഗവൽ മാൻഡിയുമെല്ലാം കലാപത്തിന്റെ നടുവിലാണ്. തീവെപ്പും കൊലയുമെല്ലാം വ്യാപകം. തന്റെ വീടിനും വീട്ടുകാർക്കും എന്തുപറ്റി എന്നറിയാനാവാതെ പ്രകാശ് നാഥ് വിഷമിച്ചു. വിജയതൃഷ്ണ കെട്ടടങ്ങി. മനസ്സ് സംഘർഷഭരിതം. കോർട്ടിലിറങ്ങിയ പ്രകാശ് നാഥ് ഫൈനലിൽ പൊരുതാതെ കീഴടങ്ങി.
അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ താരങ്ങളിലൊരാളായിരുന്നു പ്രകാശ് നാഥ്. മടങ്ങിയെത്തിയപ്പോൾ ലാഹോറിലെ വീട് അഗ്നിയിൽ അമർന്നിരുന്നു. പക്ഷേ, വീട്ടുകാർ രക്ഷപ്പെട്ടു. പലതവണ മരണത്തെ മുഖാമുഖം കണ്ട അദ്ദേഹം ഒടുവിൽ ബോംബെയിൽ (മുംബൈ) അഭയം തേടി. ഇലക്േട്രാണിക് ഉപകരണങ്ങളുടെ കച്ചവടം തുടങ്ങി. ഇരുപത്തേഴാം വയസ്സിൽ ബാഡ്മിന്റൺ റാക്കറ്റ് താഴെെവച്ചു. പിന്നീട് ബാഡ്മിന്റൺ കളി കാണാൻപോലും പോയില്ല. 2009ൽ എൺപത്തൊമ്പതാം വയസ്സിൽ പ്രകാശ്നാഥ് അന്തരിച്ചു.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻമാരായപ്പോൾ ലോക ബാഡ്മിന്റണിലെ ഇന്ത്യക്കാരുടെ വീരഗാഥകൾ ഓർത്തെടുത്തവരെല്ലാം പ്രകാശ് പദുക്കോണിന്റെ 1980ലെ ഓൾ ഇംഗ്ലണ്ട് വിജയത്തിൽ തുടങ്ങി. അതിനു 33 വർഷം മുമ്പ് പ്രകാശ്നാഥ് ഫൈനലിൽ എത്തിയ കഥ മറന്നു. 1965ൽ ദിനേശ് ഖന്ന ഏഷ്യൻ ചാമ്പ്യനായ കഥയും മറക്കരുത്.
എപ്പോഴും വ്യക്തിഗത കിരീടങ്ങളെക്കാൾ ഒരു രാജ്യം ആഘോഷിക്കുക ടീം വിജയങ്ങൾ ആയിരിക്കും. അതുകൊണ്ട് ബാങ്കോക്കിൽ ഇന്ത്യൻ ടീം കൈവരിച്ച തോമസ് കപ്പ് വിജയം രാജ്യത്തെ ലോക ബാഡ്മിന്റണിന്റെ നെറുകയിൽ എത്തിക്കുന്നു. 1979ൽ പ്രകാശ് പദുക്കോണും സയ്യദ് മോദിയുമൊക്കെ ഉൾപ്പെട്ട ടീം സെമിയിൽ കടന്നശേഷം (അന്നു സെമിയിൽ എത്തിയാൽ വെങ്കലമില്ല) ഇന്ത്യ ബാങ്കോക്കിൽ സെമിബർത്ത് കൈവരിച്ച് മെഡൽ ഉറപ്പിച്ചപ്പോൾ തന്നെ രാജ്യം ആവേശത്തിലായിരുന്നു.
ടീം മാനേജർ യു. വിമൽകുമാർ പറഞ്ഞതുപോലെ ''തോമസ് കപ്പ് വിജയം ഒരു ലോക വിജയമാണ്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തോട് താരതമ്യപ്പെടുത്താം.'' ഔദ്യോഗികമായി താൻ ടീം മാനേജർ ആയിരുന്നെങ്കിലും കോച്ചിന്റെ ജോലിയും ചെയ്യേണ്ടിവന്നെന്നു വിമൽകുമാർ പറഞ്ഞു. ശരിക്കും ഡബിൾറോൾ. ആ വിജയത്തിൽ മലയാളികളായ എച്ച്.എസ്. പ്രണോയും എം.ആർ. അർജുനും പങ്കാളിയായി. മാത്രമല്ല, പ്രണോയ് ക്വാർട്ടറിലും സെമിയിലും നിർണായക മത്സരം വിജയിക്കുകയും ചെയ്തും. കേരളത്തിലും ബാഡ്മിന്റൺ കോർട്ടുകളിൽ ഇതൊരു പുത്തൻ ആവേശമാകട്ടെ.
പ്രതീക്ഷകൾക്കപ്പുറം പോരാട്ടം
''ചാമ്പ്യൻമാർക്ക് എപ്പോഴും മാനസിക സംഘർഷമാണ്. ആരാധകർ അവരിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സാധിക്കുമോയെന്ന ആശങ്ക എപ്പോഴും അവരെ അലട്ടും.'' ടെന്നിസ് ഇതിഹാസം ബില്ലിജീൻ കിങ് ഒരിക്കൽ പറഞ്ഞു. ബാങ്കോക്കിൽ തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിൽ ആദ്യമായി വിജയിച്ച ഇന്ത്യൻ ടീമിന് തുടക്കത്തിൽ സംഘർഷങ്ങളൊന്നുമില്ലായിരുന്നു. ''ജയിക്കാൻ നമുക്കൊരു നേരിയ സാധ്യത മാത്രം. പക്ഷേ, ശ്രമിക്കണം'' എന്നാണ് യു. വിമൽകുമാർ കളിക്കാരോട് പറഞ്ഞത്. അവർ അക്ഷീണം യത്നിച്ചു. കിരീടജയം സ്വന്തമാക്കി.
''നഷ്ടപ്പെടാൻ ഒന്നുമില്ല, നേടാൻ ഏറെ'' എന്ന ചിന്തയിൽ കോർട്ടിൽ ഇറങ്ങുമ്പോൾ മനസ്സ് ശാന്തമായിരിക്കും. പക്ഷേ, കരുത്തരായ എതിരാളികളെ ഒന്നൊന്നായി പരാജയപ്പെടുത്തുമ്പോൾ പ്രതീക്ഷ ഉയരും. നേരിയ മാനസിക സംഘർഷം ഉടലെടുക്കും. പ്രത്യേകിച്ച് ഇരുപതുകാരനും ഇന്ത്യൻ സംഘത്തിലെ ഉയർന്ന റാങ്കുകാരനുമായ ലക്ഷ്യ സെൻ (ഒമ്പതാം റാങ്ക്) സമ്മർദമേറെ അനുഭവിച്ചു. യാത്ര തിരിച്ചപ്പോൾ വിമാനത്താവളത്തിൽ കഴിച്ച ഭക്ഷണത്തിൽ ഉണ്ടായ വിഷബാധ ആ യുവാവിനെ തളർത്തി. രണ്ടു മത്സരങ്ങൾ തോൽക്കുകകൂടി ചെയ്താലോ? പക്ഷേ, സെൻ കലാശക്കളിയിൽ നിർണായക മത്സരത്തിൽ ലക്ഷ്യം നേടി. ഒപ്പം മുൻ ലോക ഒന്നാം റാങ്കുകാരൻകൂടിയായ കിഡംബി ശ്രീകാന്ത് തുടർച്ചയായ ആറു വിജയങ്ങളിലൂടെ ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോയി.
തോമസ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം
ഫൈനലിൽ ലോക അഞ്ചാം നമ്പറും ഒളിമ്പിക് വെങ്കലമെഡൽ ജേതാവുമായ ആന്തണി സിനിസുക ജിന്റിങ്ങിനെതിരെ നേടിയ വിജയം നല്ല തുടക്കമായി. സ്വാതിക് സായ് രാജ് റാങ്കി റെഡി-ചിരാഗ് ഷെട്ടി സഖ്യം ജൈത്രയാത്ര തുടർന്നു. ശ്രീകാന്ത് വിജയമുറപ്പിച്ചു. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജൊനാതൻ ക്രിസ്റ്റിയെ ശ്രീകാന്ത് കീഴടക്കിയപ്പോൾ ഇന്ത്യയുടെ ഫൈനൽ വിജയം ഏകപക്ഷീയമായി. പതിനാലു തവണ തോമസ് കപ്പ് ജയിച്ച ടീമിനെതിരെയാണ് ഇന്ത്യ ഏകപക്ഷീയ ജയം സ്വന്തമാക്കിയത്.
കളമശ്ശേരി സ്വദേശിയായ എം.ആർ. അർജുൻ എന്ന ഇരുപത്തഞ്ചുകാരൻ ധ്രുവ് കപിലയുമൊത്ത് നേരത്തേ ജർമനിക്കെതിരെ നേടിയ വിജയവും എണ്ണപ്പെടണം. തിരുവനന്തപുരം ആക്കുളം സ്വദേശി എച്ച്. എസ്. പ്രണോയ് ആണ് ലക്ഷ്യ സെന്നിന് കാലിടറിയ ക്വാർട്ടറിലും സെമിയിലും രക്ഷകനായത്.
ഇന്ത്യൻ ടീമിന്റെയും സെയ്ന നെഹ് വാളിന്റെയുമൊക്കെ പരിശീലകനായി പലതവണ ശോഭിച്ച യു. വിമൽകുമാർ ഇത്തവണ ടീം മാനേജറുടെ വേഷത്തിൽ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പരിശീലകനായുള്ള അനുഭവ സമ്പത്ത് നിർണായകമായി. സിംഗിൾസ് താരങ്ങളുടെ പരിശീലകനായ മുഹമ്മദ് സിയാദത്തുല്ലയുടെ റോൾ പ്രധാനമാണ്. അഞ്ചു തവണ കപ്പ് നേടിയിട്ടുള്ള മലേഷ്യെക്കതിരെ ക്വാർട്ടറിൽ നേടിയ വിജയമാണ് വഴിത്തിരിവായതെന്ന് ഈ നാൽപത്തെട്ടുകാരൻ വിശ്വസിക്കുന്നു. ഒരു പതിറ്റാണ്ടോളം ഇന്ത്യയുടെ സപ്പോർട്ട് ടീമിൽ രണ്ടാം നമ്പർ ആയിരുന്നു ശാന്തനായ ഈ പരിശീലകൻ.
ഒളിമ്പ്യനും േദ്രാണാചാര്യ അവാർഡ് ജേതാവുമായ തിരുവനന്തപുരം സ്വദേശി യു. വിമൽകുമാർ 1981 മുതൽ ഒരു പതിറ്റാണ്ട് തോമസ് കപ്പിലും ഒന്നര പതിറ്റാണ്ട് ഇന്ത്യൻ ടീമിലും സാന്നിധ്യമറിയിച്ച കളിക്കാരനാണ്. 2000 മുതൽ പരിശീലകന്റെ റോളിലാണ് ഈ മിതഭാഷി. ഇടക്കാലത്ത് പരിക്ക് അലട്ടിയ പ്രണോയ് കൂടുതൽ ഉണർവോടെ തിരിച്ചുവന്നതും സമീപകാലത്ത് നേടിയ അട്ടിമറിവിജയങ്ങളുമാണ് അദ്ദേഹത്തെ നിർണായക അഞ്ചാം സിംഗിൾസിൽ പരീക്ഷിക്കാൻ ഇന്ത്യക്ക് വിശ്വാസം പകർന്നത്. പ്രണോയ് പ്രതീക്ഷക്കൊത്തുയരുകയും ചെയ്തു. ഫലം, തോമസ് കപ്പിൽ മുത്തമിട്ട ആറാമത്തെ രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിലെ നാഴികക്കല്ല്.
പ്രകാശ് പദുക്കോൺ തുടങ്ങിയ വിപ്ലവം
പ്രകാശ് പദുക്കോൺ 1980ൽ ഓൾ ഇംഗ്ലണ്ട് കിരീടത്തിനു പുറമെ സ്വീഡിഷ്, ഡാനിഷ് ഓപണുകളും ജയിച്ച് ബാഡ്മിന്റണിലെ ഗ്രാൻ സ്ലാം നേടി. 1983ൽ പ്രകാശ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. പിന്നീട് ഒരു ശൂന്യതയായിരുന്നു. പക്ഷേ, സ്ഥിരമായി കസേര സ്വന്തമാക്കിയിരുന്ന ദേശീയ സംഘടനാ ഭാരവാഹികൾക്കെതിരെ വിപ്ലവ ആഹ്വാനം നടത്തിയ പ്രകാശ് ബംഗളൂരുവിൽ അക്കാദമി തുടങ്ങി, വിമലും ഒപ്പം ചേർന്നു. അപർണ പോപ്പട്ട് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയപ്പോൾ പ്രകാശ് ലക്ഷ്യത്തോടടുക്കുകയായിരുന്നു.
പ്രകാശ് പദുക്കോണിന്റെ പ്രതാപകാലത്ത് ബാഡ്മിന്റൺ ഒളിമ്പിക് ഇനമല്ലായിരുന്നു. ''ഒളിമ്പിക് മെഡൽ നഷ്ടമായെന്നു തോന്നുന്നുണ്ടോ?'' എന്ന് ഈ ലേഖകൻ പ്രകാശ് പദുക്കോണിനോട് അദ്ദേഹത്തിന്റെ അക്കാദമി സന്ദർശിച്ചപ്പോൾ ചോദിച്ചു. ''പിരിഞ്ഞുപോയ പാലിന്റെ പേരിൽ ഞാൻ കരയാറില്ല'' എന്നായിരുന്നു മറുപടി. പുല്ലേല ഗോപീചന്ദ് 2001ൽ ഓൾ ഇംഗ്ലണ്ട് ജയിച്ചപ്പോഴാണ് ഇന്ത്യൻ ബാഡ്മിന്റൺ വീണ്ടും ലോകശ്രദ്ധയാകർഷിച്ചത്. ഗോപീചന്ദ് ഹൈദരാബാദിൽ അക്കാദമി തുടങ്ങിയപ്പോൾ ഇന്ത്യൻ ബാഡ്മിന്റണിൽ രണ്ടാം വിപ്ലവത്തിനു തുടക്കമായി. അതു വിജയങ്ങളുടെ തുടർക്കഥയായിമാറാൻ അധികനാൾ വേണ്ടിവന്നില്ല. 2008ൽ ചേതൻ ആനന്ദ് ജർമനിയിലെ ബിറ്റ്ബർഗർ ചാമ്പ്യൻഷിപ്പ് ജയിച്ചുകൊണ്ട് ബാഡ്മിന്റണിൽ ഗ്രാൻപ്രീ വിജയം കൈവരിച്ച ആദ്യ ഇന്ത്യക്കാരനായി.
വനിതകളുടെ കുതിപ്പും കിതപ്പും
പി.വി. സിന്ധുവിലൂടെ ഒരു ലോകചാമ്പ്യൻ; ഒരു ഒളിമ്പിക് വെള്ളിയും ഒരു വെങ്കലവും. സൈന നെഹ് വാളിലൂടെ ഒരു ഒളിമ്പിക് വെങ്കലം. ലോക ചാമ്പ്യൻഷിപ്പിൽ സിന്ധുവിനും സൈനക്കും പുറമെ ജ്വാല ഗുട്ട -അശ്വനി പൊന്നപ്പ സഖ്യം നേടിയ മെഡലും. എല്ലാറ്റിനുമുപരി 2014ലും 16ലും തോമസ് കപ്പിന്റെ വനിതാ പതിപ്പായ യൂബർ കപ്പിൽ നേടിയ വെങ്കലവും. ലണ്ടൻ ഒളിമ്പിക്സിലെ സൈനയുടെ വെങ്കലമെഡൽ നേട്ടം മുതൽ ബാഡ്മിന്റണിൽ ഇന്ത്യൻ വനിതകൾ പുരുഷന്മാരെക്കാൾ ഒരുപടി മുന്നിലായിരുന്നു. 2021ൽ ലോക ചാമ്പ്യൻഷിപ്പിൽ കെ. ശ്രീകാന്ത് വെള്ളിയും ലക്ഷ്യ സെൻ വെങ്കലവും നേടുംവരെ ഈ സ്ഥിതി തുടർന്നു.
പക്ഷേ, യൂബർ കപ്പിൽ ഇത്തവണയും ഇന്ത്യക്കു ചുവടുപിഴച്ചു. എന്നാൽ അതു പ്രതീക്ഷിച്ചതുതന്നെ. സൈന നെഹ് വാളിനു പുറമെ ഡബിൾസ് ടീമിലെ സിക്കി റെഡ്ഡിയും അശ്വിനി പൊന്നപ്പയും ഗായത്രി ഗോപീബന്ദും ഇന്ത്യൻ ടീമിൽനിന്നു പിൻവാങ്ങി. ലോക ഏഴാം നമ്പർ പി.വി. സിന്ധുവിന്റെ തോളിലായി ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതല. ആകർഷി കാശ്യപും യുന്നാറ്റി ഹൂഡയും ഭാവിവാഗ്ദാനങ്ങളായി എന്നതാണു നേട്ടം. തനിഷ ക്രാസ്റ്റോ, ശ്രുതി മിശ്ര, സിമ്രാൻ സിംഘി, ഋതിക ഠാക്കൂർ, മലയാളിയായ ട്രീസാ ജോളി എന്നിവരുടെ നിരയും പ്രതീക്ഷ ഉയർത്തുന്നു.
വനിതാ വിഭാഗത്തിൽ ഇന്ത്യ തിരിച്ചുവരുമെന്നും പുരുഷന്മാർ വിജയം തുടരുമെന്നും കരുതാം. കോമൺവെൽത്ത് ഗെയിംസാണ് തൊട്ടടുത്ത മത്സരവേദി. ഏഷ്യൻ ഗെയിംസ് അടുത്ത വർഷത്തേക്കുമാറ്റി. ടീമിൽ സൈന നെഹ് വാളിന് വൈൽഡ് കാർഡ് നൽകാതെ ബാഡ്മിന്റൺ അസോസിയേഷൻ അച്ചടക്കത്തിന്റെ വാൾ ഉയർത്തി. നല്ല സൂചനയായിവേണം ഇതിനെ കാണുവാൻ.
പ്രകാശ് പദുക്കോൺ ഉൾപ്പെടെ പലരും ഡെന്മാർക്ക് പരിശീലന കേന്ദ്രമാക്കിയിരുന്നു. ഡെന്മാർക്കും സ്വീഡനും ഒക്കെയൊഴിച്ചാൽ ബാഡ്മിന്റൺ ശക്തികളെല്ലാം തന്നെ ഏഷ്യയിലാണ്. ചൈനയും ചൈനീസ് തായ്പേയും മലേഷ്യയും ജപ്പാനുമെല്ലാം കരുത്തരാണ്. അതുകൊണ്ട് ഒളിമ്പിക്സ്പോലെ തന്നെ ശക്തമാണ് ഏഷ്യൻ ഗെയിംസിലെ പോരാട്ടവും. എന്നാൽ, ഇന്ത്യയുടെ ലക്ഷ്യം അടുത്ത ഏഷ്യൻ ഗെയിംസിനപ്പുറം 2024ലെ പാരിസ് ഒളിമ്പിക്സ് ആയിരിക്കണം. തുടർച്ചയായ മൂന്ന് ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യക്കു മെഡൽ കിട്ടി. പാരിസിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ മെഡൽ നേട്ടം സാധ്യമാകട്ടെ. തോമസ് കപ്പ് വിജയം പ്രചോദനമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.