01
ഗൗരി ലങ്കേഷിെൻറ കൊലപാതകത്തെ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഞാനോര്‍ക്കുന്നു. അതില്‍ ഗൗരിയുടെ ചോരയൊഴുകുന്ന ജഡം നോക്കി ഗാന്ധി പറയുന്നു: ''ഇതു ചെയ്തതാരാണെന്ന് എനിക്കറിയാം.'' അതെ, ഗൗരിയുടെ മാത്രമല്ല, ഒട്ടനവധി ജഡങ്ങളെ നോക്കി, പല കുറി വധശ്രമത്തിനു വിധേയനാക്കപ്പെട്ട അദ്ദേഹത്തിെൻറ ആത്മാവ് അങ്ങനെ മന്ത്രിക്കുന്നുണ്ടാകും: ''അതെ, എനിക്കറിയാം.'' ജർമനിയിലെ നാസി പാര്‍ട്ടിയെ മാതൃകയാക്കി 'ഹിന്ദു മഹാസഭ' പിറവിയെടുത്ത ആ ദിവസം തന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു, ഇവര്‍ ഇന്ത്യയുടെ ശവക്കുഴി തോണ്ടും എന്ന്.
മഹാത്മാ ഗാന്ധിയെ 'സ്വച്ഛ് ഭാരത്' പ്രചാരണപരിപാടിയുടെ പ്രതീകവും ഇന്ത്യയുടെ തൂപ്പുകാരനുമായി വെട്ടിച്ചുരുക്കാനും നാഥുറാം ഗോദ്സെ തൂക്കിക്കൊല്ലപ്പെട്ട ദിവസം 'ബലിദാന്‍ ദിവസ്' ആയി ആചരിച്ച് ആ കൊലപാതകിയെ മഹാത്മാവാക്കാനും ലജ്ജയില്ലാത്ത, ഗാന്ധിയുടെ രൂപത്തെ വീണ്ടും വീണ്ടും വെടിവെച്ചാസ്വദിക്കുന്ന, അദ്ദേഹത്തെ അതിനും മുേമ്പ വധിക്കേണ്ടതായിരുന്നു എന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നേതാക്കളുള്ള, ആ പ്രസ്ഥാനം അധീശത്വം നേടിയ കാലത്തിരുന്നുകൊണ്ടാണ് നാം ഗാന്ധിയുടെ വര്‍ത്തമാനപ്രസക്തി ചര്‍ച്ചചെയ്യുന്നത്. ഇങ്ങനെയൊരു കാലം ഇന്ത്യയെ സ്നേഹിക്കുന്നവരുടെ ഏറ്റവും ഭീകരമായ ദുസ്സ്വപ്നങ്ങളില്പോലും അടുത്ത കാലംവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിംസ നിയമമാകുന്നകാലത്തെ ഗാന്ധിയുടെ ഈ തിരസ്കാരംതന്നെയാണ് അദ്ദേഹത്തെ ഇന്ന് വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്.
അഹിംസാത്മകമായ പ്രതിരോധത്തിെൻറയും പരിസ്ഥിതിനാശം വരുത്താത്ത വിവേകമുള്ള വികസനത്തിെൻറയും അടിസ്ഥാനതല ജനാധിപത്യത്തിെൻറയും സർവമതസഹഭാവത്തില് അടിയുറച്ച മതേതരത്വത്തിെൻറയും, ലോകം വിഴുങ്ങാനുള്ള മൂലധനത്തിെൻറ അത്യാര്‍ത്തികളെ പ്രതിരോധിക്കുന്ന തൃഷ്ണാദമനത്തിെൻറയും വർഗീയതയുടെ സകല അവതാരങ്ങളെയും നിരാകരിക്കുന്ന ആത്മീയതയുടെയും എല്ലാതരം ശ്രേണീകരണങ്ങളെയും സ്വത്വവിനാശകരമായ അധിനിവേശങ്ങളെയും അധികാരഗർവിനെയും ചെറുക്കുന്ന മാനവസമത്വത്തിെൻറയും തിളക്കമുറ്റ പ്രതിനിധിയായി ഗാന്ധി ഇന്ന് ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്നു. മാര്ട്ടിന് ലൂഥര്‍ കിങ്ങിനും ബിഷപ് ടൂട്ടുവിനും മാതൃക കാണിച്ച ഗാന്ധി ഇന്ന് അറബ് വിപ്ലവങ്ങള്‍ക്കും വാള്‍സ്ട്രീറ്റ് മുതല്‍ ഇന്ത്യ ഗേറ്റും ശാഹീന്‍ബാഗും വരെയുള്ള കുത്തിയിരിപ്പുസമരങ്ങള്ക്കും, ഒരു കൂട്ടരുടെ പദ്ധതിനടത്തിപ്പിനായി ഭൂരിപക്ഷത്തിന് ജലം നിഷേധിക്കുന്ന കൂറ്റന്‍ അണക്കെട്ടുകള്‍ക്കും ആണവനിലയങ്ങള്‍ക്കും ആദിവാസികളുടെ ആവാസനഷ്ടത്തിനും സങ്കുചിത ദേശീയതയുടെ യുദ്ധക്കൊതികള്ക്കുമെതിരെ ഉയരുന്ന അഹിംസാത്മകവും സ്നേഹാധിഷ്ഠിതവുമായ പ്രതിഷേധങ്ങള്‍ക്കും പ്രചോദനമായി മാറിയിരിക്കുന്നു. നിത്യമെന്നോണം അദ്ദേഹത്തിെൻറ പുതിയ ജീവചരിത്രങ്ങളും ഗാന്ധിമാതൃകയെക്കുറിച്ചുള്ള പഠനങ്ങളും ലോകമെമ്പാടും പുറത്തുവന്നുകൊണ്ടിരിക്കുന്നു. വലതുപക്ഷത്തിെൻറ ലോകാധീശത്വത്തിനെതിരെ പ്രതിരോധത്തിെൻറ ഒരു ജീവനരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ ഗാന്ധിചിന്തകള്ക്ക് നിസ്സംശയമായ പങ്കുണ്ട്.
02
കഴിഞ്ഞ ദശാബ്ദങ്ങളില്തന്നെ ഇന്ത്യന്‍ ചിന്തകരും വിദേശ പണ്ഡിതരും ഗാന്ധി പഠനത്തിനു പുതിയ ദിശകളും മാനങ്ങളും നല്‍കിയിട്ടുണ്ട്. അഷിസ് നന്ദി സ്തുതിപാഠകരിലും നിന്ദകരിലുംനിന്ന് ഗാന്ധിയുടെ സ്ഥായിയായ സംഭാവനകളെ രക്ഷിക്കാന്‍ സഹായിച്ചുവെങ്കില്‍, ഇര്ഫാന് ഹബീബ് ആധുനികതയുടെ ഭാഗത്തുനിന്ന് ഗാന്ധിയെ പുനര്മൂല്യനിർണയത്തിനു വിധേയനാക്കി മാര്‍ക്സിസ്റ്റുകള്‍ അന്നുവരെ പുലര്‍ത്തിയിരുന്ന 'ബൂര്‍ഷ്വാ ദേശീയ നേതാവ്' എന്ന ലളിതവത്കൃതമായ ലേബലില്‍നിന്ന് ഗാന്ധിയെ മോചിപ്പിച്ചു. ഡി.ആര്. നാഗരാജ്, ഗാന്ധിയെയും അംബേദ്കറെയും രണ്ടു ധ്രുവങ്ങളില്‍ നിര്‍ത്തുന്ന സമീപനത്തിന് അന്ത്യം കുറിച്ച് അവര്‍ തമ്മിലുള്ള ഒരു സംവാദത്തിനു തുടക്കം കുറിച്ചു, ഗോപാല്‍ ഗുരു, ആനന്ദ് തെല്‍ തുംബ്ഡേ, ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ ആ സംഭാഷണം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. ഇന്ന് വരട്ടുതത്ത്വവാദികളും സ്ഥാപിതതാൽപര്യക്കാരുമായ അൽപം ചില ഗാന്ധിയന്മാരും അംബേദ്കര്‍വാദികളും മാത്രമേ ആ വൈരുധ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുള്ളൂ. രണ്ടുപേരെയും കുറിച്ചുള്ള പുതിയ പഠനങ്ങളും വെളിപ്പെടുത്തലുകളും കാണിക്കുന്നത് അവസാന കാലത്ത് ഇരുവരും കൂടുതല്‍ അടുത്ത് വന്നിരുന്നു എന്നുതന്നെയാണ്. സ്വാഭാവികമായും ഗാന്ധിയുടെ ലക്ഷ്യം എല്ലാ ഇന്ത്യക്കാരെയും അധിനിവേശവിരുദ്ധ സമരത്തില്‍ ഒന്നിപ്പിക്കുക എന്നതായിരുന്നു; അംബേദ്കര്‍ ദലിതവിമോചനവും ജാതിനിർമാര്ജനവുമാണ് ലക്ഷ്യമാക്കിയത് -അതുകൊണ്ടുണ്ടാകാവുന്ന അന്തരങ്ങളേ അവരുടെ സമീപനത്തിലുള്ളൂ. ഭരണകൂടത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ ഗാന്ധി ആദ്യം മുതലേ ഏറെ മുന്നിലായിരുന്നുതാനും. അയിത്തവിരോധി മാത്രമായിരുന്ന ഗാന്ധി ഒടുവില്‍ ജാതിവിരുദ്ധനായി മാറിയപോലെതന്നെ അംബേദ്കര്‍ ഭരണഘടനകൊണ്ട് മാത്രം ദലിത് വിമോചനം സാധ്യമല്ല എന്ന കാഴ്ചപ്പാടില്‍ എത്തുകയും ചെയ്തു.
ഇന്ത്യയുടെ ഭരണഘടന നമ്മുടെ രാഷ്ട്രത്തെ നിര്‍വചിക്കുന്നത് ഒരു പരമാധികാര- മതേതര- സമത്വാധിഷ്ഠിത റിപ്പബ്ലിക് എന്നാണല്ലോ. ഈ വിശേഷണങ്ങള്‍ എല്ലാം വെല്ലുവിളിക്കപ്പെട്ട ഒരു കാലത്തിരുന്നാണ് നാം ഗാന്ധിയെ ഓര്‍ക്കുന്നത്. നമ്മുടെ പരമാധികാരം പണ്ടേ വെല്ലുവിളിക്കപ്പെട്ടുകഴിഞ്ഞു. ആഗോളീകരണത്തിെൻറ ഫലമായി മൈക്കേല്‍ ഹാര്‍ട്ട്, അേൻറാണിയോ നെഗ്രി എന്നിവര്‍ 'സാമ്രാജ്യം' (ദി എമ്പയര്‍) എന്ന് വിളിക്കുന്ന ഒരു സാർവദേശീയമൂലധനശക്തി നിലവില്‍ വന്നപ്പോള്‍തന്നെ നമ്മുടേതുപോലുള്ള രാഷ്ട്രങ്ങൾക്ക് സ്വയം നിർണയാവകാശം കുറഞ്ഞു. നാം എന്തു വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെന്ന്, എന്ത് ഉൽപാദിപ്പിക്കണമെന്ന്, എന്ത് കയറ്റുമതി ചെയ്യണമെന്ന്, ഏതു രീതിയില്‍ നമ്മുടെ ഉൽപന്നങ്ങള്ക്കുപോലും വിലയിടണമെന്ന്, തീരുമാനിക്കുന്നത് നാമല്ല എന്നുവന്നിരിക്കുന്നു. പലതരത്തില്‍ സാമ്രാജ്യത്വ മൂലധനവുമായി കൂട്ടിക്കെട്ടപ്പെട്ട കമ്പനികളും കോർപറേറ്റുകളും ആണ് അത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്, അത് ജനങ്ങളില്‍നിന്നു മറച്ചുവെക്കാന്‍ അവര്‍ പലതരം 'സ്വദേശി' മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിക്കുമെങ്കിലും.
03
നമ്മുടെ മതേതരത്വത്തിനുള്ള പ്രധാന വെല്ലുവിളി ഭൂരിപക്ഷ വർഗീയതയാണ്, ന്യൂനപക്ഷ മതമൗലികവാദം അതിെൻറ ഒരു ഇന്ധനം മാത്രം. സ്വന്തം ലാഭവർധനക്കു വേണ്ടി എല്ലാ ജനക്ഷേമപദ്ധതികളെയും തുരങ്കം വെക്കുകയും ചൂഷണം തീവ്രമാക്കുകയും വർഗവ്യത്യാസത്തിനു ആക്കം കൂട്ടുകയും ചെയ്യുന്ന കോർപറേറ്റ് മൂലധനവും അതിെൻറ പിണിയാള്‍ മാത്രമായ ഇന്നത്തെ ഗവൺമെൻറും ചേർന്ന് സമത്വം എന്ന ലക്ഷ്യത്തെത്തന്നെ കൂടുതല്‍ വിദൂരമാക്കിയിരിക്കുന്നു. ഇതു ഞാന്‍ എഴുതുമ്പോള്പോലും കര്‍ഷകരെ വന്മുതലാളിമാരുടെ, അവര്‍ക്ക് ആവശ്യമുള്ളത് ഉൽപാദിപ്പിച്ച്, അവര്‍ പറയുന്ന വിലയ്ക്ക് വില്‍ക്കുന്ന, കൂലിക്കാര് മാത്രമാക്കുന്ന പുതിയ നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുകയാണ്. വിശ്വാസപരവും ആചാരപരവും സാംസ്കാരികവും വംശപരവും വീക്ഷണപരവും ഭാഷാപരവുമായ മഹാവൈവിധ്യത്തില് കെട്ടിപ്പൊക്കിയ, ആ നാനാത്വത്തെ സംരക്ഷിക്കാന്‍ പ്രതിബദ്ധമായ, എല്ലാ മേഖലകളിലും ഫെഡറല്‍ തത്ത്വം പാലിക്കേണ്ട, നമ്മുടെ ജനാധിപത്യം ഇന്ന് ഭൂരിപക്ഷവാദത്തിെൻറ പിടിയിലാണ്, അത് ജനങ്ങള്‍ക്ക് സ്വാധികാരം നിഷേധിക്കുന്നു, അവരെ വോട്ടുയന്ത്രങ്ങള്‍ മാത്രമാക്കുന്നു, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നു, വിമതസ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ കുറ്റവാളികളാക്കുന്നു, തീരുമാനങ്ങള്‍ താഴെനിന്ന് വരുന്നതിനു പകരം മുകളില്‍ എടുത്തു നടപ്പാക്കാന്‍ താഴേക്കയക്കുന്നു, വിദ്യാഭ്യാസംപോലും പ്രാദേശിക പരിഗണനകളില്ലാതെ കേന്ദ്രവരുതിയിലാക്കുന്നു, സമവായത്തിന് കാത്തുനില്‍ക്കാതെ, വിമതാഭിപ്രായങ്ങള്‍ അവഗണിച്ച് ലോക്സഭയില്‍ തങ്ങൾക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ പാസാക്കുന്നു.
'റിപ്പബ്ലിക്' എന്ന സങ്കൽപത്തിെൻറ അടിത്തറതന്നെ ജനങ്ങളാണ് ആത്യന്തികമായി തീരുമാനമെടുക്കേണ്ടവര്‍ എന്നതാണ്. എന്നാല്‍ പലതരം കപടവാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ നാൽപതു ശതമാനത്തില്‍ താഴെ വോട്ടു കിട്ടിയ ഒരു കക്ഷി ഭൂരിപക്ഷത്തിെൻറ പേരില്‍ അധികാരത്തിെൻറ കുത്തക കൈയാളുകയും നോട്ടുനിരോധനം, ജി.എസ്.ടി, വനനിയമത്തിലും പരിസ്ഥിതി അനുമതി നിയമത്തിലുമുള്ള വെള്ളം കൂട്ടല്‍, ജനങ്ങളുടെ പണമെടുത്ത് കുത്തകകളെ രക്ഷിക്കല്‍, ജനവിരുദ്ധ വിദ്യാഭ്യാസനയം, തൊഴിലാളിസമര നിയന്ത്രണനിയമം, പൗരത്വനിയമഭേദഗതി നിയമം തുടങ്ങിയവയിലൂടെ സാമ്പത്തികത്തകര്‍ച്ച വരുത്തിവെക്കുകയും ജനങ്ങളെ വഴിയാധാരമാക്കുകയും ഒപ്പം അനേകം കരിനിയമങ്ങള്‍ നടപ്പാക്കിയും രഹസ്യ ഏജന്‍സികളെ കക്ഷിതാൽപര്യങ്ങൾക്കായി ഉപയോഗിച്ചും മാധ്യമങ്ങളെ വിലയ്ക്കെടുത്തും പ്രലോഭനവും ഭീഷണിയുമുപയോഗിച്ച് സര്‍ക്കാറുകളെ മറിച്ചിട്ടും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ - അവര്‍ ന്യായാധിപന്മാരായാല്പോലും- ശിക്ഷിച്ചും, സ്വപദ്ധതികള്ക്ക് കൂട്ടുനില്‍ക്കുന്നവരെ പ്രീണിപ്പിച്ചും ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭമാണ് ഗാന്ധിയന്‍ സമീപനങ്ങളെ അത്യന്തം പ്രസക്തമാക്കുന്നത്.
04
പരമാധികാരത്തെക്കുറിച്ചുള്ള ഗാന്ധിയുടെ സങ്കൽപം, രാഷ്ട്രത്തിെൻറയോ ആ മറവില്‍ ഭരണകൂടത്തിെൻറയോ - പരമാധികാരമല്ല. മറിച്ച്, അത് 'സ്വരാജ്' ആണ്, സമ്പൂർണമായും ജനങ്ങളുടെ കാര്യങ്ങള്‍ താഴ്ന്ന തലത്തില്‍തന്നെ ജനങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായം. തങ്ങളുടെ വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് അതതു പ്രദേശത്തെ ജനങ്ങള്‍ തീരുമാനിക്കുകയും ഇല്ലാത്ത വിഭവങ്ങള്‍ അന്യോന്യം കൈമാറുകയുംചെയ്യുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ജനജീവിതത്തില്‍ ഭരണകൂടം കടന്നുവരുന്നതേയില്ല. അടിത്തട്ടിലെ ജനകീയാസൂത്രണമാണ് അത്. മാര്‍ക്സ് വിഭാവനം ചെയ്തിരുന്നത് ഭരണകൂടം 'കൊഴിഞ്ഞു പോകു'ന്ന ഒരു കാലമായിരുന്നു. എന്നാല്‍ നമുക്കറിയാം, സോഷ്യലിസ്റ്റ് വിപ്ലവം നടന്ന മിക്ക നാടുകളിലും ഭരണകൂടം സമഗ്രാധിപത്യപരമാവുകയും കൂടുതല്‍ കൂടുതല്‍ അധികാരം കൈയാളുകയും, ജനങ്ങളെ അടിച്ചമര്‍ത്തുകയും വിമതസ്വരങ്ങളെ, ചിലപ്പോള്‍ കൂട്ടക്കൊലകളിലൂടെപോലും, നിശ്ശബ്ദമാക്കുകയുമാണ് ചെയ്തതെന്ന്. ഗ്രാംഷിയും റോസാ ലക്സംബര്ഗുംപോലെ ചില ഇടതുപക്ഷ ചിന്തകര്‍ മാത്രമാണ് ഇതിെൻറ അപകടം തിരിച്ചറിഞ്ഞത്. താൽക്കാലിക സാഹചര്യങ്ങളുടെ പേരില്‍ ലെനിന് റോസയെ അവഗണിച്ചുവെങ്കില്‍, സ്റ്റാലിെൻറ വരവോടെ ആ സാഹചര്യങ്ങള്‍ 'സ്ഥിര'മാക്കപ്പെട്ടു. ചൈന സോഷ്യലിസം തന്നെ ഉപേക്ഷിച്ച് മുതലാളിത്തസമഗ്രാധിപത്യമായി മാറി. പോള്‍ പോട്ട്, ചൗഷെസ്ക്യു, എന്‍വര്‍ ഓജാ തുടങ്ങിയവര്‍ക്കും പല പിന്തുടര്‍ച്ചക്കാരുമുണ്ടായി. സോഷ്യലിസ്റ്റ് ആദര്‍ശവും പ്രയുക്ത സോഷ്യലിസവും മിക്ക നാടുകളിലും നിര്‍ഭാഗ്യവശാല്‍ വഴിപിരിഞ്ഞുപോയി; അത് മാര്ക്സിസത്തിെൻറ വിശകലന രീതികളെ ഒരു തരത്തിലും റദ്ദാക്കുന്നില്ലെങ്കിലും.
ടാഗോറിനെപ്പോലെ ഗാന്ധിയും സർവശക്തമായ ഒരു ദേശരാഷ്ട്രത്തില്‍ വിശ്വസിച്ചിരുന്നില്ല. സർവശക്തമായ രാഷ്ട്രം, സങ്കുചിത ചിന്തയിലേക്കും അത്യാര്‍ത്തിയിലേക്കും യുദ്ധങ്ങളിലേക്കും ജനങ്ങളുമായുള്ള സംവേദനലോപത്തിലേക്കും അഹന്തയിലേക്കും ആഭ്യന്തരഹിംസയിലേക്കും നയിക്കുമെന്ന് ടാഗോര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
ഴാക് റാന്‍സിയെ പറയുംപോലെ ജനാധിപത്യം അദൃശ്യരായ ജനതയെ ദൃശ്യരാക്കുകയാണ് ചെയ്യേണ്ടതെന്ന്, കേട്ടിട്ടില്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടതെന്ന്, വെറും ശബ്ദമായിരുന്നതിനെ മനുഷ്യഭാഷണമായി മാറ്റുകയാണ് വേണ്ടതെന്ന്, ഗാന്ധിയും കരുതി. സമഗ്രാധിപത്യം അതിെൻറ വിപരീതമാണ്. അത് ജനതയെ വെറും ഗുണഭോക്താക്കളാക്കുന്നു, നിഷ്ക്രിയരായ കാണികളും പിന്തുണക്കാരുമാക്കുന്നു. അതിെൻറ ഏകഭാഷണം കേള്‍ക്കാനുള്ളവര്‍ മാത്രമാണ് അവര്‍; അതിെൻറ തീരുമാനങ്ങളുടെ ഇരകള്‍. 'ജനങ്ങള്‍' എന്ന് പറയുമ്പോള്‍ തന്നെ സമഗ്രാധിപതികള്‍ ഉദ്ദേശിക്കുന്നത് തങ്ങളെ പിന്തുണക്കുന്നവര്‍ എന്ന് മാത്രമാണ്. അങ്ങനെ ജനങ്ങളുടെ ഏജന്‍സി അഥവാ, സക്രിയമായ കര്‍തൃത്വം, ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. സ്വരാജ് നേരെ മറിച്ച് ദുർബല ജനങ്ങളുടെ ശക്തിപ്രാപ്തി ലക്ഷ്യമാക്കുന്നു. അവരെ സ്വന്തം ജീവിതത്തിെൻറ ഗതിയും വിധിയും നിശ്ചയിക്കാന്‍ ശേഷിയുള്ളവരാക്കുന്നു. ഭരണകൂടം എന്നൊന്ന് ഇതില്‍ ഇടപെടുന്നെങ്കില്‍ തന്നെ ജനങ്ങളുടെ തീരുമാനം –വിദ്യാഭ്യാസം മുതല്‍ ആരോഗ്യരക്ഷ വരെ- നടപ്പാക്കാന്‍ അവരെ സഹായിക്കാന്‍ മാത്രമായിരിക്കും.
05
ഇനി മതേതരത്വത്തിെൻറ കാര്യമെടുക്കാം. ഗാന്ധി തീര്‍ച്ചയായും മതാടിസ്ഥാനത്തിലുള്ള പൗരത്വത്തിലോ രാഷ്ട്രത്തിലോ വിശ്വസിക്കുന്ന ആളായിരുന്നില്ല. പൗരത്വ ഭേദഗതിനിയമം കൊണ്ടുവരുന്ന ഒരു ഭരണകൂടത്തിനെതിരെ അദ്ദേഹം നിസ്സഹകരണപ്രസ്ഥാനം നയിക്കുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല; എന്നല്ല ന്യൂനപക്ഷസംരക്ഷണത്തിനു വേണ്ടി ഒരിക്കല്‍ കൂടി ആത്മത്യാഗം ചെയ്യാന്‍ അദ്ദേഹം മടിക്കുമായിരുന്നില്ല. കാരണം അദ്ദേഹത്തിെൻറ അടിസ്ഥാനപ്രമാണം സർവധർമസഹഭാവം ആയിരുന്നു. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള പല വഴികള്‍ മാത്രമാണെന്ന് അദ്ദേഹം കരുതി. ഇതാകട്ടെ അദ്ദേഹത്തിെൻറ പുതിയ കണ്ടുപിടിത്തവുമായിരുന്നില്ല. അനേകം ഭക്തി കവികളും സൂഫി കവികളും - തിരുമൂലര്‍ ബസവ, കബീര്‍, ബുള്ളേ ഷാ - ശ്രീരാമകൃഷ്ണനും ശ്രീനാരായണ ഗുരുവും ഉള്‍പ്പെട്ട സന്ന്യാസിവര്യരും അദ്ദേഹത്തിനും മുേമ്പ പറഞ്ഞുവെച്ച ഒരു തത്ത്വം അദ്ദേഹം പിന്തുടരുകയായിരുന്നു. എന്നല്ല, ഇന്ത്യക്ക് മതസൗഹാർദത്തിെൻറ ഒരു ദീര്‍ഘ പാരമ്പര്യംതന്നെയുണ്ട്. അതിെൻറ അനേകം ഉദാഹരണങ്ങള്‍ സയീദ് നക്വി ചൂണ്ടിക്കാണിക്കുന്നുണ്ട്. മുസ്ലിംകള് ആയിരുന്ന കബീര്‍, റഹീം, രസ്ഖാന്, സലബേഗാ തുടങ്ങിയവര്‍ രാമഭക്തരോ കൃഷ്ണഭക്തരോ ആയിരുന്നു. കശ്മീരിലെ ലാല്‍ ദെദ്ദ്, ഹിന്ദുക്കള്‍ക്കിടയില്‍ ശിവഭക്തയായ ലല്ലേശ്വരിയും മുസ്ലിംകള്ക്കിടയില് സൂഫിയായ ലല്ലാ ആരിഫയും ആയി അറിയപ്പെടുന്നു. അവിടത്തെ നൂറുദ്ദീന്‍ വാലി, 'നന്ദ് ഋഷി' എന്നാണറിയപ്പെടുന്നത്. തമിഴ് ശൈവര്ക്കിടയില് ധാരാളം 'പീര്മാ'രുണ്ടായിരുന്നു. മൊയ്നുദ്ദീന് ചിഷ്ത്തിയുടെ അജ്മീര്‍ ദര്‍ഗയും ഔറംഗബാദിലെ ഷാ ഷെരീഫ് ദര്‍ഗയും ഷിർദിയിലെ സായീമന്ദിരവും ശബരിമലയിലെ വാവരുടെ പള്ളിയും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും പുണ്യസ്ഥലങ്ങളാണ്. ഗുജറാത്തിലെ പിറാനയില്‍ ഇമാം ഷാ ബാബാ മസ്ജിദ് നോക്കി നടത്തുന്നത് പട്ടേല്‍മാരാണ്. കച്ചിലെ ജാട്ടുകള്‍ ദുർഗയെ ആരാധിക്കുന്ന മുസ്ലിംകളാണ്. രാജസ്ഥാനിലെ ഗോഗാ മോര്‍ഹി ക്ഷേത്രത്തിനു മുന്നില്‍ ''അള്ളായ്ക്ക് സ്തുതി'' എന്ന് എഴുതിവെച്ചിരിക്കുന്നു. ജൈസല്മേറിലെ 'മങ്ങിണിയാര്' മാര്‍ മീരാ ഭജനുകളും സൂഫിയായിരുന്ന ബുള്ളേ ഷായുടെ കവിതകളും ഒരേസമയം പാടുന്നു. കേരളത്തിലെ ഇരിനിയില് ഒരു മൗലവിത്തെയ്യമുണ്ട്. അമര്‍നാഥ് ക്ഷേത്രം കണ്ടുപിടിച്ചത് പഹല്‍ ഗാവിലെ ആദം മാലിക് ആണ്. ഗുരുനാനാക്കിെൻറ ഗ്രന്ഥസാഹിബില്‍ എല്ലാ പ്രധാന മതഗ്രന്ഥങ്ങളിലെയും ഭാഗങ്ങള്‍ സഞ്ചയിച്ചിരിക്കുന്നു. അക്ബര്‍ തെൻറ 'ദീന്-ഇലാഹി' എന്ന മതത്തിലൂടെ അത്തരം ഒരു സംയുക്തമാണ് വിഭാവനം ചെയ്തിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എല്ലാ മതങ്ങളിലുംപെട്ട ജനങ്ങള്‍ ഒന്നുചേർന്ന് സമരം നയിച്ചിട്ടാണ്. ഇന്ത്യന്‍ ഭാഷകള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത സംഭാവനകള്‍ - നിഘണ്ടുക്കള്‍, വ്യാകരണക്രോഡീകരണം, ഗദ്യനിർമിതി- ഇവ മറക്കാനാവില്ല. ചിത്രകല, സംഗീതം, ശിൽപം, വാസ്തുശിൽപം, തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സൗന്ദര്യമീമാംസ -ഇങ്ങനെ ഏതു മേഖല എടുത്താലും ഇന്ത്യയില്‍ പിറന്നതും വന്നതുമായ എല്ലാ മതങ്ങളും ഗംഭീരമായ സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്ന് കാണാം.
ഗാന്ധി വർഗീയതയെ ആത്മീയതയുടെ നേര്‍വിപരീതമായാണ് കണ്ടത്. തീര്‍ഥാടനകേന്ദ്രങ്ങള്‍ക്ക് വിശുദ്ധി നഷ്ടമായി എന്നദ്ദേഹം പ്രസ്താവിച്ചു. കുംഭമേളയെയും യജ്ഞങ്ങളെയും തള്ളിപ്പറഞ്ഞു. സത്യമല്ലാതെ വേറെ ദൈവമില്ല എന്ന് അന്ത്യകാലത്ത് പ്രസ്താവിച്ചു. തെൻറ പ്രാര്‍ഥനായോഗങ്ങളില്‍ എല്ലാ മതങ്ങളുടെയും സ്തുതികള്‍ ഉള്‍പ്പെടുത്തി. ഹിന്ദുമതം അയിത്തം ആചരിക്കുന്നുവെങ്കില്‍ താന്‍ ആ മതം നിരാകരിക്കും എന്ന് പറഞ്ഞു. പന്തിഭോജനത്തിലൂടെ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു. സ്വജാതി വിവാഹങ്ങളില്‍ പോവുകയില്ലെന്നു നിശ്ചയിച്ചു. ''എനിക്ക് ചാമാറും ബ്രാഹ്മണനും തമ്മില്‍ ഒരു വ്യത്യാസവുമില്ല'' എന്ന് പ്രഖ്യാപിച്ചു. ''പല മതങ്ങളുണ്ട്, പക്ഷേ മതം ഒന്നേയുള്ളൂ'' എന്ന് പ്രസ്താവിച്ചു; ദൈവത്തെ റാം, അല്ലാഹ്, ഖുദാ, ആഹുരാ മസ്ദാ എന്തും വിളിക്കാം എന്ന് പറഞ്ഞു. ആദ്യം അദ്ദേഹം അയിത്തത്തെ മാത്രമേ എതിര്ത്തിരുന്നുള്ളൂ, എന്നാല്‍ പിന്നീട് വർണാശ്രമധർമത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വർണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം തൊഴിലും വർണവും ബന്ധപ്പെട്ടു കിടക്കുമെന്നും അപ്പോള്‍ ജാതിയും നിലനില്ക്കും എന്നും അദ്ദേഹം വിശദീകരിച്ചു. മനുവാദത്തെ അദ്ദേഹം തീര്‍ത്തും നിരാകരിച്ചു. ഇന്ത്യയില്‍ ജാതി, വർണം, മതം, പുരുഷ മേധാവിത്വം ഇവ കെട്ടുപിണഞ്ഞു കിടക്കുന്നത് അദ്ദേഹം കണ്ടു.
06
ഭൂരിപക്ഷ മതദേശീയത ജനങ്ങളുടെ തുല്യത എന്ന ആശയത്തിനെതിരാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഹിന്ദുമഹാസഭയുടെ രൂപവത്കരണകാലം മുതല്‍ അതിനെ അദ്ദേഹം എതിര്‍ത്തത്. അതിെൻറ വില രക്തമായി ഒടുക്കുകയും വേണ്ടിവന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് വർണവിവേചനത്തിെൻറ അപകടങ്ങള്‍ തിരിച്ചറിഞ്ഞ ഗാന്ധി ഇന്ത്യയില്‍ വന്നപ്പോള്‍ ജാതി അതിനേക്കാള്‍ അപകടം പിടിച്ചതാണെന്ന് മനസ്സിലാക്കി, കാരണം അതില്‍ തൊഴില്‍വിഭജനവും സാമ്പത്തിക അസമത്വവും സാമൂഹിക ശ്രേണീകരണവും തൊട്ടുകൂടായ്മയും കെട്ടുപിണഞ്ഞു കിടക്കുന്നത് ഗാന്ധി കണ്ടു. ഇതെല്ലാം ഇന്ത്യയില്‍ ഇന്നും നിലനില്ക്കുന്നു എന്ന് ദലിത് പീഡനങ്ങളും ആദിവാസികളുടെ ആവാസനഷ്ടവും അപരവത്കരണവും ദുരഭിമാനക്കൊലകളും പൗരസമൂഹം മുതല്‍ ഉദ്യോഗസ്ഥശ്രേണിവരെയുള്ള ബ്രാഹ്മണ മേധാവിത്വവും തെളിയിക്കുന്നു. അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രാഥമികലക്ഷ്യം നേടിയ ശേഷം അദ്ദേഹം കുറച്ചു കാലംകൂടി ജീവിച്ചിരുന്നെങ്കില്‍ തെൻറ ശിഷ്ടജീവിതം ജാതിവിരുദ്ധ സമരത്തിനും 'ഹിന്ദുത്വ' വാദികളുടെ സങ്കൽപത്തില്നിന്ന് ഹിന്ദുമതത്തെ മോചിപ്പിക്കുന്നതിനും ഉഴിഞ്ഞുവെക്കുമായിരുന്നു, ശ്രീനാരായണ ഗുരുവിനെപ്പോലെ തനിക്കു ജാതിയും മതവുമില്ല എന്ന് പ്രസ്താവിക്കുകതന്നെ ചെയ്യുമായിരുന്നു - തെൻറ പ്രവര്‍ത്തനങ്ങളിലൂടെ അത് അദ്ദേഹം എന്നും തെളിയിച്ചിരുന്നുവെങ്കിലും.
ജാതി- ലിംഗ വിവേചനങ്ങള്‍ നിയമനിർമാണത്തിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്ന് അംബേദ്കര്‍ക്കു തന്നെ അന്ത്യകാലത്ത് ബോധ്യപ്പെട്ടിരുന്നു. ഗാന്ധി എന്നും വിശ്വാസമര്‍പ്പിച്ചത് സംവാദങ്ങളിലാണ്. സംവാദത്തിെൻറ ആദ്യവ്യവസ്ഥ തുല്യതയാണ്. താന്കേമത്തം, ആചാരവ്യവസ്ഥ, സ്വയംശരിവാദം- ഇതെല്ലാം തുല്യത എന്ന ആശയത്തിന് എതിര്‍നില്‍ക്കുന്നു. നീരാ ചന്ദോക് ചൂണ്ടിക്കാണിക്കുംപോലെ ('നീതിക്കായുള്ള അന്വേഷണം', ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്, സമ്പാ: ആകാശ് സിങ്, സിലികാ മഹാപത്ര ) സത്യഗ്രഹം എന്ന ഗാന്ധിയന്‍ സങ്കൽപത്തില് ഇതിനു കുറെയൊക്കെ മറുപടി കണ്ടെത്താന്‍ കഴിയും. ഗാന്ധി തുടക്കം കുറിച്ചത്, ജീവന് കൈയിലെടുത്തുകൊണ്ട് തന്നെ, ഇത്തരം ഒരു സംവാദത്തിനാണ്. കൊളോണിയല്‍ നയങ്ങള്‍ ആഴം കൂട്ടിയ ഇന്ത്യന്‍ സമൂഹത്തിലെ വിഭജനങ്ങള്‍, ലഹളകളിലേക്ക് നയിക്കുന്നത് അദ്ദേഹം കണ്ടു. കോൺഗ്രസിനെ വരേണ്യരുടെ ഒരു ക്ലബ് എന്ന അവസ്ഥയില്‍നിന്ന് ജനകീയ സംഘടനയായി പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ്. (അത് അധികാരത്തില്‍ വരുന്നത് കണ്ടപ്പോള്‍ അദ്ദേഹം അത് പിരിച്ചുവിടണം എന്ന് പറയുകയും ചെയ്തു- ഗുരു എസ്.എന്‍.ഡി.പി യോഗം പിരിച്ചുവിടണം എന്ന് പറഞ്ഞപോലെ തന്നെ.)
വിഭജനം തടയാന്‍ അന്ത്യനിമിഷം വരെ, താന്‍ ഒറ്റയാവും വരെ, ശ്രമിച്ചിട്ടും അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും സത്യഗ്രഹം, നിരാഹാര സമരം, പൗരനിസ്സഹകരണം തുടങ്ങി ഭാവിയുടെ ആയുധങ്ങളാകാവുന്ന സത്യപ്രയോഗമുറകള് തന്നിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. അവയുടെ അടിസ്ഥാനം ധാർമികധൈര്യമാണ്. സത്യഗ്രഹം സത്യത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത അന്വേഷണവും പൂർണമായ നിര്‍ഭയത്വവും ആവശ്യപ്പെടുന്നു. അത് ഒരു ജ്ഞാനസിദ്ധാന്തവും കർമപദ്ധതിയുമാണെന്ന് തിരിച്ചറിഞ്ഞവരാണ് നെല്‍സണ്‍ മണ്ടേല മുതല്‍ നർമദ, കൂടംകുളം, നിയംഗിരി, നിര്‍ഭയ, എല്‍.ജി.ബി.ടി അവകാശം, പൗരത്വാവകാശം തുടങ്ങിയ സമരങ്ങളുടെ നേതാക്കളും അണികളുംവരെ. ധ്യാനം, നൈതികയുക്തി, സമരം, സംവാദം, പരിവര്ത്തനസന്നദ്ധത, ഹിംസാവർജനം, മാധ്യസ്ഥം, ഒത്തുതീര്‍പ്പ് ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് സത്യഗ്രഹം, ഇന്ന് ലോകമെമ്പാടുമുള്ള ജനകീയപ്രസ്ഥാനങ്ങളുടെ കേന്ദ്ര സങ്കൽപനമാണത്. ഇവിടെ 'ശത്രുക്കള്‍' ഇല്ല, മറ്റൊരു വീക്ഷണം പുലര്ത്തുന്നവരേയുള്ളൂ. അന്യോന്യം നശിപ്പിക്കല്‍ അല്ല ലക്ഷ്യം എന്നതുകൊണ്ടുതന്നെ സഹിഷ്ണുതയോടെയുള്ള സംവാദം സാധ്യവുമാണ്. സത്യം അറിയപ്പെട്ട ഒന്നല്ലെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നുമുള്ള പരിസരത്തുനിന്നാണ് സത്യഗ്രഹം ആരംഭിക്കുന്നത്. അതുകൊണ്ട് ഒരുതരം മൗലികവാദികള്‍ക്കും അത് സാധ്യവുമല്ല. അവര്‍ക്ക് യുദ്ധവും ഹിംസയും മാത്രമാണ് 'നന്മ' സ്ഥാപിക്കാനുള്ള വഴി. അങ്ങനെ 'നന്മ' സ്ഥാപിക്കപ്പെട്ട ചരിത്രവുമില്ല. മലയിലും ഗുഹയിലും മരച്ചുവട്ടിലെ ഏകാന്തതയിലുമല്ല, പൊള്ളുന്ന ജീവിതത്തിെൻറ നാനാത്വത്തിലും ഏകത്വത്തിലുമാണ് സത്യത്തിെൻറ യഥാർഥ സ്ഥാനം. തെൻറ സംവാദങ്ങളില്‍ അവിശ്വാസികളെ വിട്ടുപോകാതിരിക്കാനാണ് ''ദൈവം സത്യമാണ്'' എന്ന തെൻറ ആദ്യ നിലപാടില്‍നിന്ന്, ''സത്യം തന്നെയാണ് ദൈവം'' എന്ന നിലപാടിലേക്ക് ഗാന്ധി മാറുന്നത്.
07
ഉള്ളതിനെ പുനരുൽപാദിപ്പിക്കുന്നതല്ല ജനാധിപത്യ രാഷ്ട്രീയം എന്നു ഗാന്ധി വിശ്വസിച്ചു. പൗരന്മാരെ എന്നെന്നേക്കുമായി കെട്ടിയിടുന്ന ഒരു ഹോബ്സിയന്‍ കരാര്‍ ഇവിടെയില്ലതന്നെ. നീതിയെക്കുറിച്ചുള്ള നിയമങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല, അവ ഒരു വേദപുസ്തകത്തിലും എഴുതപ്പെട്ടിട്ടുമില്ല; മനുഷ്യര്‍ ഓരോ കാലത്തും നീതിയെ വീണ്ടും വീണ്ടും പുതുതായി കണ്ടെത്തി നിര്‍വചിക്കുന്നു, അങ്ങനെ കരാറിെൻറ വ്യവസ്ഥകളും മാറുന്നു. അതുകൊണ്ടാണ് സ്ഥിരമായ നീതി-സത്യ സങ്കൽപങ്ങളുള്ള എല്ലാത്തരം ദര്‍ശനങ്ങളും പച്ചയായ, നിത്യപരിണാമിയായ, ജീവിതത്തിനു മുന്നില്‍ പരാജയപ്പെടുന്നത്. ഗാന്ധിക്ക് അന്വേഷണമാണ് കണ്ടെത്തലിനെക്കാള്‍ പ്രധാനം, യാത്രയാണ് ലക്ഷ്യത്തെക്കാള്‍ മുഖ്യം. ആത്യന്തിക സത്യത്തില്‍ നാം എത്തിച്ചേരുന്നതേയില്ല. (''ഇതാണ് സത്യം, ഇവിടെ മുട്ട് കുത്തുവിന്‍ എന്ന് നാം പറയുന്നില്ല'' –കാള്‍ മാര്‍ക്സ്.) അതുകൊണ്ടുതന്നെ സംവാദം നിത്യമാണ്. സത്യഗ്രഹത്തിെൻറ മൗലികതത്ത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്: സത്യം മുന്‍കൂട്ടി നിലനില്‍ക്കുന്ന ഒന്നല്ല. അത് സംവാദാത്മകമായ പ്രതിപ്രവര്‍ത്തനത്തിലൂടെ നീതിയില്‍ വിശ്വസിക്കുന്നവര്‍ കണ്ടെത്തേണ്ടതാണ്. രണ്ട്: അത് സഹിഷ്ണുത ആവശ്യപ്പെടുന്നു. മതത്തിെൻറ സത്ത ധർമമാണെങ്കില്‍ ഒരു മതവും മറ്റൊന്നിനു മീതെയല്ല. മതങ്ങള്‍ക്ക് പൊതുവായ ഈ നൈതികസത്തയില് അടിയുറച്ചതാണ് ഗാന്ധിയുടെ സർവധർമസഹഭാവ സങ്കൽപം. സത്യം ആര്‍ക്കും അറിയാന്‍ കഴിയില്ലെങ്കില്‍, അന്തിമസത്യം തങ്ങളുടെ കൈയിലാണെന്നോ, മറ്റുള്ളവരുടെ സത്യങ്ങള്‍ തെറ്റാണെന്നോ ആര്‍ക്കും അവകാശപ്പെടാനാവില്ല. നമുക്ക് നമ്മുടെ സത്യം പ്രിയപ്പെട്ടതാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അവരുടെ സത്യവും അങ്ങനെ തന്നെ. വിശ്വാസങ്ങളുടെ- മതവിശ്വാസമായാലും മറ്റു വിശ്വാസങ്ങളായാലും – ബഹുലതയെ അംഗീകരിക്കേണ്ടതിെൻറ അനിവാര്യത ഇവിടെയാണ്.
സാമുദായിക സ്പർധയെയും ഹിംസയെയും ഗാന്ധി എതിര്‍ത്തതിന് ദാര്‍ശനികവും പ്രായോഗികവുമായ കാരണങ്ങളുണ്ടായിരുന്നു. എല്ലാ മതങ്ങളും തുല്യമാണെങ്കില്‍ സംഘര്‍ഷത്തിനു ധാർമികമായ ഒരു ന്യായീകരണവുമില്ല എന്നതാണ് ദാര്ശനികയുക്തി; സംഘര്‍ഷങ്ങള്‍ എല്ലാവരും ഉള്‍പ്പെട്ട ജനകീയപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് തടസ്സമാകുമെന്നതാണ് പ്രായോഗിക യുക്തി. സഹിഷ്ണുത എന്നത് ഗാന്ധിക്ക് ''നീ നിെൻറ സത്യംകൊണ്ടും ഞാന്‍ എെൻറ സത്യംകൊണ്ടും തൃപ്തിപ്പെടാം'' എന്ന ലോക്കിെൻറ നിശ്ചലാശയമായിരുന്നില്ല, മറിച്ച് ക്രിയാത്മകമായിരുന്നു. സത്യത്തെക്കുറിച്ചുള്ള ജ്ഞാനം അനിശ്ചിതമാകയാല്‍ എല്ലാവരും അന്വേഷണത്തില്‍ തുല്യപങ്കാളികള് ആകണം. അറിവ് അറിവിന് വേണ്ടിയല്ല, ധാർമികപ്രവര്ത്തനത്തിനുവേണ്ടിയാണ് എന്ന് ഗാന്ധി വിശ്വസിച്ചു. അതുകൊണ്ട്, അകീല്‍ ബില്‍ഗ്രാമിയുടെ ഭാഷയില്‍, സത്യഗ്രഹി ഒരു 'ധാർമിക മാതൃക' (മോറല്‍ എക്സെമ്പ്ളര്) ആകണം, മറ്റുള്ളവരോട് ബഹുമാനം വേണം. ഇന്ത്യയില്‍ അക്രമാസക്തമായ ഹിന്ദുത്വവർഗീയതയും ലോകത്ത് ഐ.എസിെൻറയും മറ്റും ഹിംസാത്മകമായ ഇസ്ലാമിക മൗലികവാദവും വളരുന്ന ഒരു സന്ദര്‍ഭത്തില്‍ മതസൗഹാർദം എന്ന ഗാന്ധിയന്‍ ആശയത്തിന് പുതിയ പ്രസക്തി കൈവന്നിട്ടുണ്ട്. ഇന്ത്യയില്‍ മതനാനാത്വം എന്നും വലിയ വില കൊടുത്താണ് നിലനിര്ത്തപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിയാം. വിഭജനം, വിഭജനശേഷമുണ്ടായ ലഹളകള്‍, കശ്മീരില്‍ ഹിന്ദു പണ്ഡിറ്റുകള്‍ക്ക് ഓടിപ്പോകേണ്ടി വന്ന ഭീഷണികള്‍, 1989-93 കാലത്തുണ്ടായ വർഗീയ കലാപങ്ങള്‍, 2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യ, 2013ല്‍ കൊക്രാഝറിലും, മുസഫര്‍ നഗറിലും 2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലും ഉണ്ടായ അഥവാ, അഴിച്ചുവിടപ്പെട്ട, ഏറെയും ഏകപക്ഷീയമായ, വര്‍ഗീയകലാപങ്ങള്‍, 1984ല്‍ ന്യൂഡല്‍ഹിയില്‍ സിഖ് സമുദായത്തിനെതിരെയും 2008ല്‍ ഒഡിഷയിലെ കന്ധമാലില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയും നടന്ന അക്രമങ്ങള്‍, സമീപകാലത്ത് കശ്മീരില്‍ മുസ്ലിംകള്‍ക്കെതിരായി ഉണ്ടായ അക്രമങ്ങൾ-ഇവയെല്ലാം ഓര്‍ക്കുമ്പോള്‍ ഗാന്ധിയുടെ സഹിഷ്ണുത, സംവാദം എന്നീ ആശയങ്ങള്‍ ഇന്ത്യ എന്ന ആശയത്തെത്തന്നെ നിലനിര്‍ത്തുന്നതില്‍ എത്ര പ്രധാനമാണെന്ന് കാണാനാകും.
08
ഗാന്ധിയും അംബേദ്കറും 1930-40 കാലത്ത് വലിയ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് നമുക്കറിയാം. ആ തര്‍ക്കങ്ങള്‍ പ്രധാനമായും തത്ത്വചിന്താപരമായിരുന്നു. അംബേദ്കര്‍ ആദ്യമൊക്കെ ജാതിനിർമാര്‍ജനം ഭരണകൂടം വഴി നടത്താന്‍ കഴിയും എന്ന് വിശ്വസിക്കയും ദലിത് ജനത ബുദ്ധമതം സ്വീകരിക്കണം എന്ന് നിർദേശിക്കുകയും ചെയ്തു; ഗാന്ധിക്ക് ഭരണകൂടത്തില്‍ അത്ര വിശ്വാസം ആദ്യം മുതലേ ഇല്ലായിരുന്നു, എന്നല്ല വ്യക്തിതലത്തിലും സാമൂഹികതലത്തിലുമുള്ള തിരുത്തലുകളിലൂടെ ഹിന്ദുമതത്തെ പരിഷ്കരിക്കാന്‍ കഴിയും എന്ന് വിശ്വസിക്കയും ചെയ്തു. പക്ഷേ, ഇവ രണ്ടും അചഞ്ചലമായ നിലപാടുകള്‍ ആയിരുന്നില്ല. ഗാന്ധിതന്നെയാണ് ആദ്യത്തെ ഇന്ത്യന്‍ മന്ത്രിസഭയില്‍ അംബേദ്കര്‍ വേണമെന്നും, ഭരണഘടനാസമിതിയുടെ അധ്യക്ഷന്‍ അദ്ദേഹമാകണമെന്നും നിര്‍ബന്ധിച്ചത്. 1947ഓടെ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്. 47-51 കാലത്ത് ജാതി, ലിംഗം ഇവയുണ്ടാക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കാന്‍ അംബേദ്കര്‍ നടത്തിയ ശ്രമങ്ങള്‍ പ്രസിദ്ധമാണ്. ഗാന്ധി മരിക്കുംവരെ അദ്ദേഹത്തെ അക്കാര്യങ്ങളില്‍ പിന്തുണക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. അതേസമയം തെൻറ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ അംബേദ്കര്‍ ഗാന്ധിക്കു പ്രേരണയാവുകയും ചെയ്തു. ആദ്യം മുതലേ അയിത്തത്തെ എതിര്‍ത്തിരുന്ന ഗാന്ധി വർണ-ജാതി വ്യവസ്ഥയെത്തന്നെ അവസാനകാലത്ത് (ശ്യാം ലാലിനുള്ള കത്ത്, ജൂലൈ, 1945) തള്ളിപ്പറയാന്‍ ഇടവന്നത് അങ്ങനെകൂടിയാണ്. മുകളില്‍നിന്നുള്ള പരിഷ്കാരങ്ങളും നിയമങ്ങളും കൊണ്ടു മാത്രം ജാതി നിർമാർജനം സാധ്യമല്ലെന്ന് രണ്ടു പേരും ഒരേസമയം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന ഗാന്ധിയുടെ നിർദേശവും, മന്ത്രിസഭവിട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപവത്കരിക്കാനുള്ള അംബേദ്കറുടെ തീരുമാനവും കൂട്ടിവായിക്കേണ്ടതാണ്. കാലത്തിെൻറ ദൂരത്തില്‍നിന്ന് നോക്കുമ്പോള്‍ ഗാന്ധിയുടെയും അംബേദ്കറുടെയും പദ്ധതികള്‍ പരസ്പരവിരുദ്ധം എന്നതിനേക്കാള്‍ അന്യോന്യപൂരകമായിരുന്നു എന്ന് മനസ്സിലാക്കാനാകും. ഭരണകൂടം ജാതി ഇല്ലാതാക്കും എന്ന അംബേദ്കറുടെ സ്വപ്നവും ഹിന്ദുമതം ജാതിവ്യവസ്ഥയെ നിരാകരിക്കും എന്ന ഗാന്ധിയുടെ സ്വപ്നവും തകര്‍ന്നുപോയത്, നിയമവ്യവസ്ഥയെയും പരിഷ്കരണത്തെയും ചെറുക്കുന്ന ഹിന്ദുത്വത്തിെൻറ ഉറച്ച ബ്രാഹ്മണയാഥാസ്ഥിതികത്വത്തിെൻറ പാറയില്‍ ഇടിച്ചാണ് എന്ന് ഇന്ന് നമുക്കു മനസ്സിലാകുന്നുണ്ട്.
അംബേദ്കറെ 'കപട ദൈവം' എന്നു വിളിക്കുന്ന അരുണ്‍ ഷൂരിയും ഗാന്ധിയെ പ്രതിലോമകാരിയായി ചിത്രീകരിക്കുന്ന അരുന്ധതി റോയിയും നടത്തുന്നത്, ഇരുവരുടെയും ചലനാത്മകതയെയും പരിണാമങ്ങളെയും കണക്കിലെടുക്കാത്ത വലിയ ലഘൂകരണങ്ങളാണ്. രണ്ടും വലതുപക്ഷത്തിന് സൗകര്യമുള്ള വീക്ഷണങ്ങള്‍തന്നെ. ജനങ്ങളെ കൊളോണിയലിസത്തിനെതിരെ സംഘടിപ്പിക്കുന്നതുപോലുള്ള മറ്റു കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, താന്‍ ജീവിതം മുഴുവന്‍ ജാതിനിർമാർജനത്തിനെതിരെ നീക്കി വെച്ചേനെ എന്ന ഗാന്ധിയുടെ പ്രസ്താവം അതിെൻറ മുഖവിലയ്ക്ക് തന്നെ നാം എടുക്കേണ്ടതുണ്ട്. ഒപ്പം ഗാന്ധി, അംബേദ്കര്‍ എന്നിവരുടെ വ്യത്യസ്ത പശ്ചാത്തലങ്ങളും കണക്കിലെടുക്കണം. ഒരു യാഥാസ്ഥിതിക ഗുജറാത്തി ബനിയാ കുടുംബത്തില്‍ ഗാന്ധി നടത്തിയ ആത്മസമരത്തിെൻറ തീക്ഷ്ണതയും മാഹാര് കുടുംബത്തില്‍ പിറന്ന അംബേദ്കര്‍ നടത്തിയ സാമൂഹികപ്രവര്ത്തനത്തിെൻറ സാഹസികതയും അപ്പോള്‍ നമുക്കു ബോധ്യമാകും. ചരിത്രത്തെ കറുപ്പും വെളുപ്പുമായും അതില്‍ പ്രവര്‍ത്തിക്കുന്നവരെ നായകരും പ്രതിനായകരുമായും കാണുന്നതാണ് അരുണ്‍ ഷൂരിയുടെയും അരുന്ധതിയുടെയും തെറ്റ് എന്ന, അവര്‍ രണ്ടുപേരും നടത്തിയ തിരഞ്ഞെടുപ്പുകളെ അവയുടെ ചരിത്ര സന്ദര്‍ഭത്തില്‍ കാണാന്‍ ഇരുവിമര്ശകരും കൂട്ടാക്കുന്നില്ല എന്ന, രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം (ഗാന്ധി: ദി ഇയേഴ്സ് ദാറ്റ് ചെയ്ഞ്ച്ഡ് ദ വേള്‍ഡ്, രണ്ടാം ഭാഗം, 1914-1948; 2018, പേജ് 912) ശരിയാണ്. ഗാന്ധി എങ്ങനെ ക്രമേണ ക്രമേണ പുനരുത്ഥാനവാദികളുടെ എല്ലാ സ്വാംശീകരണ ശ്രമങ്ങളെയും ചെറുത്തുനിന്ന് ഹിന്ദുത്വശക്തികളുടെ ആദ്യശത്രുവായി മാറി എന്ന് മനസ്സിലാക്കാതെ ഗാന്ധിയെ മനസ്സിലാക്കുക സാധ്യമല്ല. ഇന്ന് ഗാന്ധി, അംബേദ്കര്‍ എന്നിവരുടെ രണ്ടുപേരുടെയും സംഭാവനകള്‍ കണക്കിലെടുക്കാതെ ജാതിവിരുദ്ധ സമരത്തെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു ദലിത് ചിന്തകര്‍ മനസ്സിലാക്കുന്നുണ്ട്.
09
ലിംഗവ്യവസ്ഥയുടെ കാര്യത്തില്‍ ഗാന്ധി അത്ര ശ്രദ്ധ ചെലുത്തിയില്ല എന്നു പറയുമ്പോള്‍ തന്നെ, അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ഇടയിലെ പര്ദാസമ്പ്രദായത്തെ ഒരേ സമയം എതിര്‍ത്തു എന്നും സ്ത്രീവിദ്യാഭ്യാസം കലവറയില്ലാതെ പ്രോത്സാഹിപ്പിച്ചു എന്നും സ്വന്തം ആശ്രമത്തില്‍ സ്ത്രീ-പുരുഷന്മാരുടെ ജോലിവിഭജനം കര്‍ക്കശമായി വിലക്കി എന്നും സ്ത്രീ-പുരുഷ തുല്യതയുള്ള ഒരു ഇന്ത്യയെ വിഭാവനംചെയ്തു എന്നും, ബംഗാളിലെ ഒരു കോണ്‍ഗ്രസ് യോഗത്തില്‍ പുരുഷന്മാരെക്കാള് കുറവ് സ്ത്രീകളെ കണ്ടപ്പോള്‍ 'ആസാദ് ഹിന്ദുസ്ഥാന്‍' പുരുഷന്മാരുടേത് മാത്രമാകുമോ എന്ന് പരസ്യമായി ആശങ്കപ്പെട്ടു എന്നുംകൂടി കാണാതെ വയ്യ. ആദ്യമായി ഇന്ത്യന്‍ സ്ത്രീകളെ മതഭേദമെന്യേ ദേശീയതലത്തില്‍ രാഷ്ട്രീയവത്കരിച്ചയാളും ഗാന്ധിതന്നെയായിരുന്നു.
ഗാന്ധിയുടെ മൂല്യങ്ങളും രീതികളും തമ്മിലുള്ള ബന്ധം യൂഗോ കരൂസോ വിശദമായി പരിശോധിച്ചിട്ടുണ്ട്. (ദി സ്ട്രഗ്ള്‍ ഓഫ് റൈറ്റ് എഗെൻസ്റ്റ് മൈറ്റ്: ബിറ്റ്വീന് എത്തിക്സ് ആന്‍ഡ് പൊളിറ്റിക്സ്: ഗാന്ധി ടുഡേ, എഡിറ്റര്‍: ഈവാ ഫോസ്ലട്ട്, 2014.) ദക്ഷിണാഫ്രിക്കയില്‍നിന്ന് പഠിച്ച പാഠങ്ങള്‍ മുതല്‍ മൂന്നു സത്യഗ്രഹപ്രസ്ഥാനങ്ങള്, റൗലറ്റ് ആക്ടിനെതിരെ നടത്തിയ ഹഡ്താള്, നിസ്സഹകരണം, സ്വദേശി പ്രസ്ഥാനങ്ങള്‍, ഉപ്പുസത്യഗ്രഹം, അയിത്തത്തിനെതിരായ ഉപവാസം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നവഖലി, രക്തസാക്ഷിത്വം- ഇങ്ങനെ അനുക്രമമായ അദ്ദേഹത്തിെൻറ പരിണാമം ഈ ലേഖനം വരച്ചുകാട്ടുന്നു. ഗാന്ധിയുടെ അധികാരം ഹിംസയിലും കാപട്യത്തിലുംനിന്നല്ല, തെൻറ വ്യക്തിത്വം, ആകര്‍ഷണം, സ്വയം ബലിയാടാകാനുള്ള സന്നദ്ധത ഇവയില്‍നിന്ന് വരുന്നതാണ് എന്ന് അതേ പുസ്തകത്തില്‍ ജൂലിയാനോ പൊന്താറ ചൂണ്ടിക്കാട്ടുന്നു; ഗാന്ധിക്ക് രാഷ്ട്രീയം എന്നാല്‍ നിർമാണാത്മകമായ സാമൂഹികപ്രവര്‍ത്തനം ആയിരുന്നു എന്നും. അധികാര രാഷ്ട്രീയത്തെ അദ്ദേഹം 'ഒരു തരം ശല്യം' ആയാണ് കണ്ടത്. ''എന്നിലെ രാഷ്ട്രീയക്കാരന് എെൻറ ഒരൊറ്റ തീരുമാനത്തിലും പ്രധാനമായിരുന്നിട്ടില്ല'' എന്ന് 1920ല്‍ തന്നെ ഗാന്ധി എഴുതി. സ്വന്തം താൽപര്യങ്ങള്ക്കനുകൂലമായി ധാർമികതയെ രൂപപ്പെടുത്തുന്ന ഒരു 'രാഷ്ട്രീയ ധർമവാദി' (പൊളിറ്റിക്കല്‍ മോറലിസ്റ്റ്) ആയിരുന്നില്ല, മറിച്ച്, രാഷ്ട്രീയത്തെ നീതിയുടെ തത്ത്വങ്ങളുമായി യോജിക്കുംവിധം രൂപപ്പെടുത്തുന്ന ഒരു 'ധാർമിക രാഷ്ട്രീയവാദി' (മോറല്‍ പൊളിറ്റീഷ്യന്) അഥവാ പ്രായോഗികനായ ആദര്‍ശവാദി ആയിരുന്നു ഗാന്ധി എന്ന്, കാൻറിെൻറ വിഭജനം ഉപയോഗിച്ച്, പൊന്താറ പറയുന്നു. ഭരണകൂടം ഹിംസയുടെ സാന്ദ്രവും സംഘടിതവും ആയ രൂപമാണെന്നും അത് ആത്മാവില്ലാത്ത ഒരു യന്ത്രമാണെന്നും അതിനു ജന്മം നല്കിയ ഹിംസയില്‍നിന്ന് അത് ഒരിക്കലും മോചനം നേടില്ലെന്നും ഗാന്ധി 'ഹിന്ദുസ്ഥാന്‍ ടൈംസ്' ലേഖനത്തില്‍ (1935 ഒക്ടോബര്‍ 17) പറയുന്നതുദ്ധരിച്ചുകൊണ്ട്, ഗാന്ധി ''പ്രബുദ്ധമായ അരാജകത്വ''മാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കണ്ടെത്തുന്നു. അതേസമയം യഥാർഥ ലോകത്തില്‍ ഗാന്ധിക്ക് ഭരണകൂടത്തെ അംഗീകരിക്കേണ്ടി വന്നു; അപ്പോഴും അത് 'പൊതുനന്മക്കുള്ള സ്ഥാപനങ്ങളുടെ ഒരു സംഘാതം' എന്നനിലക്കാണ് പ്രവര്‍ത്തിക്കേണ്ടത് എന്നദ്ദേഹം പ്രസ്താവിച്ചു. മസീനിയെ പിന്തുടര്ന്നാകാം, അവകാശങ്ങളെക്കാള്‍ ചുമതലകളില്‍ ഊന്നുമ്പോഴും, സ്വാതന്ത്ര്യം സാര്‍വത്രികമായ ജന്മാവകാശമാണെന്ന് ഗാന്ധി വിശ്വസിച്ചു. തിന്മയും ക്രൂരതയും മനുഷ്യെൻറ അടിസ്ഥാന സ്വഭാവങ്ങളില്‍ ഉള്ളതാണെന്ന് ഗാന്ധി കരുതിയില്ല, മറിച്ച് അവ പരിതസ്ഥിതികളുടെ സൃഷ്ടിയാണെന്ന് വിശ്വസിച്ചു. കൂട്ടക്കൊലയുടെ ആയുധങ്ങള്‍ നിറഞ്ഞ ലോകത്തില്‍ അഹിംസ ഒരു മൂല്യം മാത്രമല്ല, അതിജീവനത്തിനു അനിവാര്യമാണെന്നും അദ്ദേഹം കരുതി.
10
ക്രിയാത്മകമായ അഹിംസ എന്ന തത്ത്വത്തെക്കുറിച്ച് ഗാന്ധി ആദ്യമായി ചിന്തിക്കാനാരംഭിക്കുന്നത്, 1909 ജൂലൈ ഒന്നിനു മദന്‍ലാല്‍ ധിൻഗ്ര എന്ന വിദ്യാര്‍ഥി ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന സര് വില്യം എച്ച്. കഴ്സണ് വയ്ലിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ സംഭവത്തോടെയാണെന്ന് നീരാ ചന്ദോക് 'ഹിംസയുടെ നിഷേധം, ഗാന്ധിയുടെ വഴി' എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ഹിംസയെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഗറില യുദ്ധത്തെയും പ്രോത്സാഹിപ്പിച്ചിരുന്ന വി.ഡി. സവര്ക്കറില്നിന്നാണ് ലണ്ടനിലെ ഇന്ത്യ ഹൗസ് വിപ്ലവ സംഘത്തിലെ അംഗമായിരുന്ന ആ യുവാവ് കൊലക്കു പ്രചോദനം നേടിയത്. ദക്ഷിണാഫ്രിക്കന്‍ സത്യഗ്രഹാനുഭവത്തില്നിന്നുതന്നെ ഒരു തന്ത്രം എന്ന നിലക്കുള്ള ഹിംസയുടെ പ്രയോജനശൂന്യതയും അതുണ്ടാക്കുന്ന സ്ഥിരമായ സ്വഭാവച്യുതിയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ലണ്ടനില്‍ സവര്‍ക്കറുടെ ദുസ്സ്വാധീനത്തില്നിന്ന് യുവാക്കളെ മോചിപ്പിക്കാന്‍ അദ്ദേഹം തുടര്‍ച്ചയായി സംവാദങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സവര്‍ക്കറുടെ അനുയായികള്‍ ഹിംസയെ ന്യായീകരിക്കാന്‍ ഭഗവദ്ഗീതയെ ഉപയോഗിച്ചതുകൊണ്ടാണ് ഗാന്ധിക്ക് ഹിന്ദു-ജൈന ഗ്രന്ഥങ്ങള്‍ തന്നെ ഉപയോഗിച്ച് അവരുടെ വാദത്തെ നേരിടേണ്ടി വന്നത്. ഇത്തരം ഹിംസയുടെ പ്രഭവം ബ്രിട്ടീഷുകാരുടെ തെമ്മാടിത്തവും ഹുങ്കും ഇന്ത്യക്കാര്‍ക്ക് മേല്‍ അവര്‍ അടിച്ചേല്‍പ്പിച്ച സഹനവും അവമതിയും -തുറുങ്കില്‍ അടയ്ക്കല്‍, നാട് കടത്തല്‍, തൂക്കിക്കൊല -ആണെന്ന് ഗാന്ധി നന്നായി തിരിച്ചറിഞ്ഞിരുന്നു, എന്നാല്‍ ഒരു തന്ത്രം എന്ന നിലയില്‍പോലും ഹിംസ അവരുടെ ആയുധശക്തിക്കു മുകളില്‍ വിജയിക്കില്ലെന്ന് ഗാന്ധിക്ക് ബോധ്യപ്പെട്ടിരുന്നു.
1897 ജൂണില്‍ പുണെയിലെ പ്ലേഗ് കമീഷണര്‍ ആയിരുന്ന ഡബ്ല്യൂ. സി റാൻഡിനെ ചപേകര്‍ സഹോദരര്‍ വെടിവെച്ചു കൊല്ലുകയും അവര്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തതു മുതലുള്ള കൊളോണിയല്‍ വിരുദ്ധ ഹിംസയുടെ ചരിത്രം നീര വിവരിക്കുന്നുണ്ട്. ഈ സാഹസികരായ ഹിംസാവാദികള്ക്ക് ഇന്ത്യന്‍ ജനതയെ സംഘടിപ്പിക്കുന്നതിലോ രാഷ്ട്രീയവത്കരിക്കുന്നതിലോ ഒരു താൽപര്യവുമില്ലായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തെൻറ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ ഗാന്ധി ഹിംസയെ നിരാകരിക്കുന്നത്. അത് നിരപരാധികളായ ജനങ്ങളുടെ മേല്‍ അക്രമം അഴിച്ചുവിടാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് അവസരം നല്‍കുകയേ ഉള്ളൂ എന്ന്, അവരെ അത് സാധൂകരിക്കുമെന്ന്, അദ്ദേഹം മനസ്സിലാക്കി. ''ഇന്ത്യയെ കൊലപാതകങ്ങളിലൂടെ സ്വതന്ത്രമാക്കാമെന്ന് ആലോചിക്കുമ്പോള്‍ നിങ്ങള്‍ വിറയ്ക്കുന്നില്ലേ?" എന്ന് ഗാന്ധി സവര്‍ക്കരുടെ ശിഷ്യരോട് ചോദിക്കുന്നു. കൊലയിലൂടെ അധികാരത്തില്‍ വരുന്നവര്‍ ദേശത്തെ സന്തോഷിപ്പിക്കുകയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അര നൂറ്റാണ്ടിനുശേഷം ഫ്രാൻറ്സ് ഫാനൻ, എങ്ങനെയാണ് ഹിംസയിലൂടെ അധികാരം നേടുന്നവര്‍ അധിനിവേശാനന്തര ലോകത്തെ പീഡകരായി മാറുന്നത് എന്ന് വിശദീകരിക്കുന്നതും നാം കണ്ടു. (ദി റെച്ചഡ് ഓഫ് ദി എര്‍ത്ത് ). റഷ്യന്‍- ചൈനീസ് വിപ്ലവങ്ങള്‍ നിലവില്‍ വരുത്തിയ ഭരണകൂടങ്ങളും ഗാന്ധിയുടെ സമീപനത്തിലെ ശരി എടുത്തുകാട്ടുന്നു. ഹിംസയുടെ പ്രകീര്‍ത്തനം മിഥ്യയാണെന്ന് ഗാന്ധി സകാരണം പ്രസ്താവിച്ചു. ജനങ്ങള്‍ അവരുടെ സാഹസികതയെ ദൂരെ മാറിനിന്ന് ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യും; പക്ഷേ അവര്‍ കര്‍തൃത്വ രഹിതരായ കാണികള്‍ മാത്രമായിരിക്കും. ജനസംഘാടനം എന്ന കഠിനമായ കര്‍ത്തവ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന എളുപ്പവിദ്യയാണ് സാഹസിക പ്രവര്‍ത്തനം. കാരണം, ജനങ്ങളെ ഒന്നിപ്പിക്കാന്‍ അവരെ ബോധവത്കരിക്കണം, പ്രവര്‍ത്തനസജ്ജരാക്കണം, സത്യം, ധൈര്യം, പൊതു ധാർമികത ഇവ മുറുകെപ്പിടിക്കണം. വിപ്ലവ പരിവര്‍ത്തനത്തിനു മുമ്പുള്ള രാഷ്ട്രീയ സംഘാടനത്തെക്കുറിച്ചുള്ള മാര്‍ക്സിെൻറ ആശയവുമായി അടുത്തു വരുന്നതാണ് സക്രിയമായ കര്‍തൃത്വത്തെക്കുറിച്ചുള്ള ഗാന്ധിയുടെ സങ്കൽപം എന്ന് നീരാ ചന്ദോക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ലെനിനെപ്പോലെ, തെറ്റിനെ വെല്ലുവിളിക്കാനുള്ള ധൈര്യം, അച്ചടക്കം, നിര്‍ഭയത്വം, ലോഭരാഹിത്യം, സ്വന്തം പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനുള്ള മനഃസ്ഥിതി എന്നീ ഗുണങ്ങളുള്ള ഒരു മുന്നണിക്ക് പൊതുബോധത്തെ ജാഗ്രത്താക്കി വിപ്ലവസജ്ജമാക്കാന് കഴിയും എന്ന് ഗാന്ധിയും കരുതിയിരുന്നു; അങ്ങനെ മാറിയ സമൂഹം ഒരിക്കലും പഴയതായിരിക്കില്ലെന്നും. അനീതി മനുഷ്യരുടെ അവകാശങ്ങളുടെ നിഷേധമാണെന്ന് കാണിക്കാന്‍ സത്യഗ്രഹിക്ക് കഴിയണം; അതിനെതിരെ പൊരുതേണ്ടതിെൻറ ആവശ്യകതയും. പൊരുതാനും ശിക്ഷ അനുഭവിക്കാനുമുള്ള ധാർമികധീരതയുമുള്ളവര്ക്കേ ഏതു സമരവും നയിക്കാന്‍ കഴിയൂ. അപ്പോള്‍ ജനങ്ങള്‍ കാണികളാകാതെ പങ്കാളികളാകും. വ്യക്തിയുടെ വിസ്താരമാണ് പ്ലാറ്റോക്ക് എന്നപോലെ ഗാന്ധിക്കും രാഷ്ട്രീയസമൂഹം (ബോഡി പൊളിറ്റിക്). സ്വന്തം അധമവികാരങ്ങളെ കീഴ്പ്പെടുത്തിയ വ്യക്തികള്‍ക്കേ സമൂഹത്തെ സ്വതന്ത്രമാക്കാന്‍ കഴിയൂ. അങ്ങനെ അഹിംസ സ്വരാജുമായി ബന്ധപ്പെടുന്നു; ഹിംസയിലൂടെ നേടുന്ന സ്വാതന്ത്ര്യത്തിനു ഒരു സാധ്യതകളുമില്ല. ഹിംസ മനസ്സിനെ കുഴക്കുകയും പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുകയുമേ ചെയ്യൂ.
ഹിംസക്കെതിരെ ഗാന്ധിക്ക് ജ്ഞാനസിദ്ധാന്തപരമായ ഒരു നിലപാടുമുണ്ടായിരുന്നു. ഹിംസ വരുന്നത്, തങ്ങളാണ് ശരി, തങ്ങള്‍ക്കു സത്യമറിയാം, അതുകൊണ്ട് അതറിയാത്തവര്‍ക്കു മേല്‍ സ്വന്തം സത്യം അക്ഷരാർഥത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ക്കു അധികാരമുണ്ട് എന്ന അന്ധമായ വിശ്വാസത്തില്‍നിന്നാണ്. ഈ തീര്‍ച്ചയുടെ പേരിലാണ് കുരിശുയുദ്ധങ്ങള്‍ മുതല്‍ ഹിറ്റ്ലര്‍, മുസോളിനി, ഫ്രാങ്കോ, സ്റ്റാലിന് തുടങ്ങിയവര്‍ നടത്തിയ കൂട്ടക്കൊലകളും ഐ.എസ് അക്രമങ്ങളും ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ വര്‍ഗീയ അക്രമങ്ങളും വരെ ന്യായീകരിക്കപ്പെടുന്നത്. സത്യമല്ല ഇവിടെ പ്രശ്നം, സത്യം തങ്ങള്‍ കണ്ടുപിടിച്ചതാണെന്നും അതിനാല്‍ തങ്ങള്‍ ബുദ്ധിശാലികളാണെന്നുമുള്ള പൊങ്ങച്ചമാണ്. സോക്രട്ടീസ് ഇക്കാര്യം വിശദീകരിക്കുന്ന പ്ലാറ്റോയുടെ 'അപ്പോളജി' ഗാന്ധി ഗുജറാത്തിയിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ചേരഫോണ് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരമായി ഡല്‍ഫിയിലെ പുരോഹിതന് സോക്രട്ടീസിനെക്കാള്‍ ജ്ഞാനിയായി ആരുമില്ല എന്നു പ്രസ്താവിച്ചപ്പോള്‍ സോക്രട്ടീസ് അമ്പരന്നു പോയി. പക്ഷേ ശിഷ്യരോട് സംസാരിച്ചപ്പോള്‍ അത് ശരിയാണെന്നു അദ്ദേഹത്തിനു ബോധ്യമായി. എങ്ങനെയാണെന്നോ, ''അവര്‍ക്ക് ഒന്നുമറിയില്ല, എന്നിട്ടും അറിവുണ്ടെന്ന് നടിക്കുന്നു, എനിക്കും അറിയില്ല, പക്ഷേ അറിയില്ല എന്ന് എനിക്കറിയാം.'' ഇതാണ് വിവേകത്തിെൻറ അടിസ്ഥാനം. തെൻറ സത്യാന്വേഷണം തെൻറ അജ്ഞാനം തനിക്കു വെളിവാക്കി എന്നും അത് തന്നെ വിനയാന്വിതനാക്കി എന്നുമാണ് ഗാന്ധി പറയുന്നത്; അതിെൻറകൂടി അടിസ്ഥാനത്തിലാണ് വാക്കിലും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഹിംസ തെറ്റാണ് എന്ന നിഗമനത്തില്‍ ഗാന്ധി എത്തുന്നത് -ഹിംസയുടെ പ്രഭവം താന്‍ സത്യം കണ്ടെത്തി, മറ്റുള്ളവര്‍ അതിനു മുന്നില്‍ മുട്ട് കുത്തണം എന്ന അഹങ്കാരമാണ്. ഏതെങ്കിലും ഒരാള്‍ ആത്യന്തികസത്യം കണ്ടെത്തി എന്ന് പറയുന്നതാണ് ആദ്യത്തെ അസത്യം.
ജ്ഞാനസിദ്ധാന്തപരമായ ഈ വാദത്തിനൊപ്പം, സദാത്മകമായ ഒരു കാഴ്ചപ്പാടും ഗാന്ധിക്കുണ്ടായിരുന്നു. അദ്ദേഹം 'അപരത്വ'ത്തില്‍ വിശ്വസിച്ചില്ല. മറ്റെയാളെ നമ്മില്‍ നിന്നും വേര്‍പെടുത്താനാകില്ല എന്നതായിരുന്നു അദ്ദേഹത്തിെൻറ വീക്ഷണം. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ നാം നമ്മുടെ തന്നെ ഒരു ഭാഗത്തെയാണ് ഉപദ്രവിക്കുന്നത് എന്ന് അദ്ദേഹം കരുതി. ഒരാള്‍ക്ക് മാത്രമുള്ള മോക്ഷത്തില്‍ അദ്ദേഹം വിശ്വസിച്ചില്ല, മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത മോക്ഷം തനിക്കു വേണ്ട എന്നദ്ദേഹം തുറന്നു പറഞ്ഞു. ഇത് ബുദ്ധെൻറ വീക്ഷണവുമായി ബന്ധപ്പെടുത്താവുന്നതാണ്. ലോകത്തിലെ അവസാനജീവിക്കും നിര്‍വാണം ലഭിച്ചു കഴിഞ്ഞേ താന്‍ നിര്‍വാണം തേടൂ എന്നതായിരുന്നല്ലോ ബുദ്ധവീക്ഷണം. അദ്വൈതത്തെ സാമൂഹിക സന്ദര്ഭത്തിലേക്ക് ആനയിക്കുകയാണ് കർമയോഗിയായ ഗാന്ധി ചെയ്തത് - ശ്രീനാരായണഗുരുവിനെപ്പോലെ. അവനവനും അപരനുമായുള്ള അകലം അവസാനിപ്പിക്കുന്ന ഒരു ഏകീഭാവവിചാരം. തോമസ് വെബര്‍ പറയുന്നുണ്ട്, ''മറ്റുള്ളവര്‍ നിങ്ങളോട് എന്ത് ചെയ്യണം എന്നാഗ്രഹിക്കുന്നുവോ അത് മറ്റുള്ളവരോട് ചെയ്യൂ'' എന്ന ധൈഷണിക യുക്തിയില്നിന്നല്ല, ''മറ്റുള്ളവരോട് നിങ്ങള്‍ ചെയ്യുന്നത് നിങ്ങളോട് തന്നെയാണ് നിങ്ങള്‍ ചെയ്യുന്നത്'' എന്ന വിശ്വാസപ്രസ്താവത്തില്നിന്നാണ് ഗാന്ധിയുടെ അഹിംസാസിദ്ധാന്തം ഉത്ഭവിക്കുന്നതെന്ന്. അവനവെൻറ സുഖവും അപരെൻറ സുഖവും ഇവിടെ ഒന്നുതന്നെയാകുന്നു, ഒപ്പം അപരെൻറ ദുഃഖം അവനവേൻറതാകുന്നു എന്ന് ചേര്‍ക്കാം. അസ്തിത്വവാദികളെപ്പോലെ (ഉദാ: ഴാങ് പൗള്‍ സാര്‍ത്ര്) ഓരോ വ്യക്തിയുടെയും തെരഞ്ഞെടുപ്പ് മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണെന്ന് ഗാന്ധി കരുതി.
അതേസമയം ഗാന്ധി കാര്യങ്ങളെ കറുപ്പും വെളുപ്പും മാത്രമായി ചുരുക്കിയില്ല. അഹിംസ ഹിംസയെക്കാള്‍ ധാർമികമായി എത്രയോ മീതെയാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ചില സന്ദര്‍ഭങ്ങളില്‍ ഹിംസ ഭീരുത്വത്തെക്കാള്‍ ഭേദമാണെന്ന് അദ്ദേഹം അംഗീകരിച്ചു. ''ഇന്ത്യ ഭീരുവിനെപ്പോലെ സ്വന്തം അപമാനത്തിെൻറ സാക്ഷിയോ ഇരയോ ആകുന്നതിനെക്കാള്‍ അവള് ആയുധമെടുക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുക'' എന്നദ്ദേഹം പ്രസ്താവിച്ചു. (ഇതേ ഉപദേശം ബലാൽക്കാരത്തിനു വിധേയരാകുന്ന സ്ത്രീകള്‍ക്കും അദ്ദേഹം നല്കി എന്നോര്‍ക്കുക). മറ്റൊരാളെ ഹിംസിക്കാന്‍ അഥവാ ഹിംസക്ക് തിരിച്ചടി നൽകാന് കഴിയുമ്പോഴും ഹിംസ ഉപയോഗിക്കാതിരിക്കുന്നതാണ് അഹിംസ എന്നദ്ദേഹം പറയുന്നു. ''ഉപദ്രവിക്കാന്‍ കഴിയുന്നവര്‍ ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് അഹിംസ, അതുകൊണ്ട് അത് ശക്തെൻറ ആനുകൂല്യമാണ്.'' ഈ തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുക്കുന്നയാളെ ഒരു ധർമാചാരി (മോറല്‍ ബീയിങ്) ആക്കുന്നത്. രോഗിയെ സുഖപ്പെടുത്താന്‍ ശസ്ത്രക്രിയയിലൂടെ മുറിപ്പെടുത്തുന്ന ഡോക്ടര്‍, തീയിനടുത്തേക്ക് പോകുന്ന കുഞ്ഞിനെ പിടിച്ചുവലിക്കുന്ന അമ്മ, കണ്ടവരെയൊക്കെ വെടിവെച്ചു വീഴ്ത്തി ഓടിനടക്കുന്ന ഒരാള്‍ക്കെതിരെ ബലം പ്രയോഗിക്കുന്ന ഒരാള്‍ -ഇവര്‍ ചെയ്യുന്നതിനെ ഹിംസയായല്ല, അഹിംസയായാണ് ഗാന്ധി കരുതുക. സ്വാർഥലാഭത്തിനു വേണ്ടിയോ, ഹിംസ ചെയ്യാന്‍ വേണ്ടിത്തന്നെയോ ചെയ്യുന്ന ഹിംസയാണ് ശരിക്കും ഹിംസയാകുന്നത്. നിസ്സംഗവും നിസ്വാർഥവുമായി മറ്റാരുടെയോ സൗഖ്യത്തിനു വേണ്ടി ചെയ്യുന്ന ഹിംസ (നേരത്തേ പറഞ്ഞ സര്ജേൻറതുപോലെ) അഹിംസക്ക് തുല്യമാണ്. ചുരുക്കത്തില്‍ അഹിംസയാണ് ഗാന്ധിയുടെ സ്വാഭാവിക തത്ത്വം; ഏതു ഹിംസക്കും കൃത്യമായ ന്യായീകരണവും ധാർമികമായ ഉത്തരവാദിത്തവും ഉണ്ടാകണം.
ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധി പ്രസക്തനാകുന്നത് അദ്ദേഹം തുടങ്ങിവെച്ച അനേകം സംവാദങ്ങളിലൂടെയാണ്: വര്‍ഗീയതക്കെതിരെ, മതാഹന്തക്കും പരമതനിന്ദക്കുമെതിരെ, ഭൂരിപക്ഷ ദുരാധിപത്യത്തിനെതിരെ, വംശഹത്യക്കെതിരെ, അവകാശ നിഷേധങ്ങള്‍ക്കെതിരെ, ജാതിക്കും അയിത്തത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ, അസമത്വത്തിനും അഴിമതിക്കും അസത്യത്തിെൻറ രാഷ്ട്രീയത്തിനുമെതിരെ, അധികാര ഗർവിനെതിരെ, സത്യം തങ്ങളുടെ കൈയിലാണെന്നും അത് മുഴുവനായി വെളിപ്പെട്ടുകഴിഞ്ഞു എന്നും, അത് നടപ്പാക്കാന്‍ തങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള നിലപാടുകള്‍ക്കെതിരെ, അദ്ദേഹം ആരംഭിച്ച സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാതെ നമുക്ക് അദ്ദേഹത്തിെൻറ കൊലപാതകികളുടെ പ്രത്യയശാസ്ത്രത്തെ സഫലമായി ചെറുക്കാനാവില്ല. ഇത് മറ്റു വിചിന്തന- വിശകലന രീതികളുടെ നിഷേധമല്ല, നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഗാന്ധിയുടെ സവിശേഷ പ്രസക്തി എടുത്തുപറയല്‍ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.