“സാജൻ, അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊേബൽ സമ്മാനം കുടുംബശ്രീക്ക് കിട്ടണം. നമുക്ക് എന്താണ് അതിനുവേണ്ടി ചെയ്യാൻ കഴിയുക?”
ഈ ആശയവുമായി ഫോൺചെയ്തത് ഗവേഷകയായ രശ്മി ഭാസ്കരനാണ്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ആലോചിച്ചപ്പോൾ ഈ വാദത്തിൽ വലിയ സാധ്യതയുെണ്ടന്ന് തന്നെയാണ് തോന്നിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ കുടുംബശ്രീ ആയിരിക്കണം. 25 വർഷത്തിനുള്ളിൽ കേരളത്തിലെ ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും ഇത്രയേറെ സംഭാവന നൽകിയ ഒരു സംഘടന വേറെയുണ്ടാവില്ല. എന്നാൽ, അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന എന്താവും ഈ സാമൂഹിക സംവിധാനത്തിൽ ഉള്ളത്?
ഞാൻ കുടുംബശ്രീയെക്കുറിച്ച് ഗവേഷണമോ പഠനമോ നടത്തിയിട്ടില്ല. എന്നാൽ, കേരളസമൂഹത്തിൽ ജീവിക്കുന്ന ആർക്കും കുടുംബശ്രീയുടെ പ്രസാദാത്മകമായ സ്വാധീനം അനുഭവിക്കാതെ പോകാൻ കഴിയില്ല. എന്റെ ദൂരദർശൻ ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച കാര്യങ്ങളിൽ പ്രധാനമായത് കുടുംബശ്രീ ആയിരുന്നു.
കുടുംബശ്രീക്കു വേണ്ടി ദൂരദർശൻ സംഘടിപ്പിച്ച ‘ഇനി ഞങ്ങൾ പറയാം’ എന്ന സോഷ്യൽ റിയാലിറ്റി ഷോ കേരളത്തിന്റെ വികസന മാധ്യമ ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നാണ്. ഏറ്റവും നല്ല കുടുംബശ്രീ സി.ഡി.എസിനെ തിരഞ്ഞെടുക്കാനുള്ളതായിരുന്നു 100 എപ്പിസോഡുകളിലായി സംപ്രേഷണംചെയ്ത ‘ഇനി ഞങ്ങൾ പറയാം’ എന്ന സോഷ്യൽ റിയാലിറ്റി ഷോ.
ഈ പരിപാടിക്കുവേണ്ടിയുള്ള യാത്രകളിൽ ഒന്നിലാണ് ഷോയുടെ പ്രധാന ജൂറി ആയിരുന്ന ഡോ. കെ.പി. കണ്ണൻ ‘സോളിഡാരിറ്റി ഇക്കോണമി’ എന്ന ആശയം ആദ്യമായി എനിക്ക് വിശദീകരിച്ചുതരുന്നത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ ആഴ്ച ചന്തയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. പച്ചക്കറികളും അച്ചാറുകളും വനവിഭവങ്ങളും പപ്പടവും മൺപാത്രങ്ങളും കരകൗശല സാമഗ്രികളും എന്നുവേണ്ട ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഈ ചന്തയിൽ കിട്ടും. ഓരോ ഗ്രൂപ്പും അവരുൽപാദിപ്പിക്കുന്നത് ഇവിടെ വിൽക്കും. അവർക്കു വേണ്ടത് ഇവിടെനിന്ന് വാങ്ങും. ഒരുതരത്തിൽ പഴയ ബാർട്ടർ സമ്പ്രദായത്തിന്റെ ഒരു പുതിയ രൂപം.
സാമ്പത്തികശാസ്ത്രത്തിൽ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മധുരം ചേർത്താണ് ഇത്തരം ചന്തകൾ നിൽക്കുന്നത്. മനുഷ്യർ തമ്മിൽ ഏകതയുടെ, സോളിഡാരിറ്റിയുടെ ആശയം സാമ്പത്തിക പ്രക്രിയയുടെ ഭാഗമാവുന്നു എന്ന് ഡോ. കണ്ണൻ വിശദീകരിച്ചു.
കാസർകോട് ഒരുൾനാടൻ ഗ്രാമത്തിൽ നടന്ന മറ്റൊരു ഷൂട്ടിങ്. കുടുംബശ്രീ ഘടകങ്ങൾ എല്ലാ ആഴ്ചയും നടത്തുന്ന മീറ്റിങ് ആണ്. ബ്രാഞ്ച് സെക്രട്ടറി ആ ആഴ്ചയിലെ റിപ്പോർട്ട് വായിച്ചാണ് തുടക്കം. തുടങ്ങുന്നത് സ്പെയിനിൽ ഉണ്ടായ ഒരു വിമാന അപകടം, ആസ്ട്രേലിയയിൽ നടന്ന തീപിടിത്തം എന്നിങ്ങനെ വിദേശവാർത്തകളിലാണ്. അവസാനിക്കുന്നത് തൊട്ടടുത്ത ഗ്രാമത്തിലെ കാർഷിക പ്രവർത്തനങ്ങളുടെ വാർത്തയിലാണ്. ആ റിപ്പോർട്ടിന്റെ സമഗ്രത കണ്ട് ജൂറി അംഗങ്ങൾ അടക്കമുള്ളവർ അത്ഭുതപ്പെട്ടുപോയി. റിപ്പോർട്ട് രേഖപ്പെടുത്തുന്ന പുസ്തകം ഞങ്ങൾ ഒന്നോടിച്ചു നോക്കി. കഴിഞ്ഞ വർഷം ലോകമെമ്പാടും നടന്ന എല്ലാ പ്രധാനപ്പെട്ട വാർത്തയും അവർ റിപ്പോർട്ട് ചെയ്യുകയും ചർച്ചചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ റിയാലിറ്റി ഷോപോലെ ഇത്രയേറെ മനുഷ്യരെ സ്പർശിച്ച ഒരനുഭവം ദൂരദർശനിൽ ഉണ്ടായിട്ടില്ല എന്നു പറയാം. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ ദൂരദർശൻ സ്റ്റുഡിയോയിൽ വന്നു അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളുടെ കഥകൾ പറയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട റെക്കോഡിങ്ങിൽ ഈ കഥകൾ കേട്ട് ഞങ്ങളുടെ മൊത്തം പ്രൊഡക്ഷൻ സംഘവും വികാരഭരിതരായി. അത്രയും ഹൃദയസ്പർശിയായ കഥകളായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് നൂറുദിവസം നീണ്ടുനിന്ന ഈ പരിപാടി കാണുകയും തുടർച്ചയായി ഞങ്ങളെ പ്രതികരണം അറിയിക്കുകയും ചെയ്തത്.
ഇതുകൂടാതെ എപ്പോഴൊക്കെ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ജീവിതത്തെക്കുറിച്ച് കടുത്ത ശുഭാപ്തി വിശ്വാസം നമ്മളിൽ നിറയും. എന്റെയൊക്കെ വിരസമായ മധ്യവർഗ ജീവിതത്തിന്റെ നിസ്സാരമായ ആകുലതകൾ എത്രമാത്രം അപ്രസക്തമാണ് എന്നവർ നമ്മളെ പറയാതെ ഓർമിപ്പിക്കും. ഇവരുടെ രീതികൾ കണ്ടാൽ എത്രമാത്രം കഠിനമായ ജീവിതാവസ്ഥകളിൽ കൂടിയാണ് ഇവരൊക്കെ കടന്നുപോകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയണം എന്നില്ല. തീവ്രമായ ജീവിതപ്രശ്നങ്ങളെ മറികടക്കാൻ കഴിയുന്ന എന്തോ ഒരു സൗന്ദര്യം അവർ ആർജിച്ചെടുത്തിട്ടുണ്ട്. “മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം” എന്ന മാക്സിം ഗോർക്കിയുടെ വാക്കുകൾ ഇവർ നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.
ഒരു സാമൂഹിക വികസന സംവിധാനത്തെ ഇത്തരത്തിൽ കാൽപനികമായി കാണുന്നതിൽ പരിമിതിയുെണ്ടന്ന് അറിയാഞ്ഞിട്ടല്ല. സാമ്പ്രദായിക വിശകലനങ്ങൾ ആ രംഗത്തെ വിദഗ്ധർ എഴുതട്ടെ. ഇവിടെ എന്റെ വ്യക്തിപരമായ അനുഭവം കുറിക്കുക മാത്രമാണ്. ഈ അടുത്തകാലത്ത് വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ പല പഞ്ചായത്തുകളിലൂടെയും ഞങ്ങൾ യാത്ര ചെയ്യുകയുണ്ടായി. കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള സാധ്യതകൾ തേടിയുള്ള പരിശീലനമായിരുന്നു ലക്ഷ്യം.
കേരളത്തിന്റെ കടലോര പ്രദേശങ്ങൾ അതികഠിനമായ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാവുകയാണ്. കാലാവസ്ഥ വ്യതിയാനം നമുക്ക് ഒരു ശാസ്ത്രീയ സംജ്ഞ മാത്രമാണ്. എന്നാൽ, എല്ലാദിവസവും ഇതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അങ്ങനെയല്ല. വീടുകളിൽ സ്ഥിരമായി വെള്ളം കയറുന്നു. പണ്ടൊക്കെ വർഷത്തിൽ ഒരിക്കൽ വൃശ്ചിക വേലിയേറ്റം എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു വേലിയേറ്റ വെള്ളപ്പൊക്കം. എന്നാലിപ്പോൾ വർഷത്തിൽ 12 മാസവും വീടുകളിൽ വെള്ളം കേറുന്നു. 23 പഞ്ചായത്തുകളിലായി 20,000 വീടുകളിൽ ഈ പ്രശ്നമുണ്ട് എന്നാണ് ‘ഇക്വിനോക്ട്’ എന്ന സംഘടന തരുന്ന പ്രാഥമികമായ നിഗമനം.
നിർഭാഗ്യവശാൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഈ പ്രശ്നം വേണ്ടരീതിയിൽ ഇടംപിടിച്ചിട്ടില്ല. കൂടുതൽ കൂടുതൽ വാണിജ്യവത്കൃതമാകുന്ന ഒരു മാധ്യമ അന്തരീക്ഷത്തിൽ എങ്ങനെയാണ് ഈ പ്രശ്നത്തെ നാം മറികടക്കുക? പ്രശ്നബാധിത മേഖലകളിലെ ജനങ്ങളെ അതിജീവനത്തിന് സഹായകമാംവിധം വിവിധ മേഖലകളിൽ പരിശീലനം നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. കുടുംബശ്രീ മുഖേനയായിരുന്നു പരിശീലനം. വൈപ്പിൻ ദ്വീപസമൂഹങ്ങളുടെ ഭാഗമായ എടവനക്കാട്, കുഴിപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇവർ ജീവിക്കുന്നത്. ചിലർ വിനോദസഞ്ചാര മേഖലയിൽ പ്രത്യേക മുദ്ര ചാർത്തിയ കുമ്പളങ്ങിയിലും.
മൂന്ന് തരത്തിലുള്ള പരിശീലനമാണ് നൽകിയത്. ഒന്ന് കമ്യൂണിറ്റി മാപ്പിങ്. ഇതിലൂടെ പ്രശ്നബാധിത മേഖലകൾ മാപ്പ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വാർഷിക പദ്ധതി തയാറാക്കുകയും ചെയ്യുന്നു. രണ്ടാമതായി കമ്യൂണിറ്റി വിഡിയോ വളന്റിയേഴ്സിന് മൊബൈൽ വിഡിയോസ് ഉണ്ടാക്കാനുള്ള പരിശീലനം. മൂന്ന് ജനകീയമായി സൃഷ്ടിക്കുന്ന നാടകത്തിന്റെ പരിശീലനം നൽകുന്ന കമ്യൂണിറ്റി തിയറ്റർ.
പ്രാദേശിക മാപ്പുകൾ തയാറാക്കാൻ ഇവരേക്കാൾ ആർക്കാണ് കഴിയുക? അവർ ജീവിക്കുന്ന ഭൂപ്രദേശം അവർക്ക് മനഃപാഠമാണ്. എവിടെയാണ് തോടുകൾ, എവിടെയാണ് കായൽ, ഏതൊക്കെ കൃഷിഭൂമികൾ, റോഡുകൾ, കെട്ടിടങ്ങൾ, എല്ലാം അവർക്കറിയാം. ഈ അറിവ് വെച്ചാണ് വളരെ എളുപ്പത്തിൽ അവർ കമ്യൂണിറ്റി മാപ്പുകൾ തയാറാക്കിയത്. ഈ മാപ്പിൽനിന്നാണ് വിവിധതലത്തിലുള്ള പ്രോജക്ടുകൾക്ക് അവർ രൂപംനൽകിയത്.
ഇവർക്കാർക്കും തന്നെ ദൃശ്യമാധ്യമ രംഗത്ത് മുൻപരിചയമില്ല. അവർ ലോകസിനിമകൾ കണ്ട് ദൃശ്യഭാഷ പഠിച്ചവരല്ല. എന്നാൽ, സ്വന്തം ജീവിതപരിസരങ്ങളിൽനിന്ന് അവർ ചിത്രീകരിച്ച ലഘുചിത്രങ്ങൾ കണ്ടാൽ നമ്മുടെ കണ്ണ് നിറയും. ഒഴിവുസമയങ്ങളിൽ അവർ സ്വന്തം മൊബൈൽ ഫോണുമായി തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ സഞ്ചരിക്കുകയും ചുറ്റുമുള്ള മനുഷ്യരോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു. പ്രത്യേകിച്ച് ദൃശ്യമാധ്യമ പഠനമൊന്നും നടത്താത്ത സാധാരണ സ്ത്രീകൾ അവരുടെ ചുറ്റുപാടുകളെ അവർക്ക് സ്വന്തമായ ഭാഷയിൽ പകർത്തുകയാണ്. ഈ കഥകൾ പറയാൻ അവർ അവരുടേതായ ഒരു സൗന്ദര്യശാസ്ത്രം വികസിപ്പിച്ചിട്ടുണ്ട്. തങ്ങളുടേതായ ശൈലിയിൽ അവർ സംസാരിക്കുകയും ചെയ്യുന്നു.
ഇവരാരുംതന്നെ നടീനടന്മാരല്ല. എന്നാൽ, എത്ര തന്മയത്വത്തോടെയാണ് സ്വന്തം ജീവിതാനുഭവങ്ങളെ അവർ കമ്യൂണിറ്റി തിയറ്റർ പരിശീലനത്തിൽ വേദിയിലേക്ക് പകർത്തുന്നെതന്ന് കണ്ട് താൻ വിസ്മയിച്ചുപോയി എന്നാണ് ഇവരെ പരിശീലിപ്പിച്ച സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ ശ്രീജിത്ത് രമണൻ പറയുന്നത്.
കുടുംബശ്രീ അംഗങ്ങളിൽ പരിശീലനങ്ങളിൽ പങ്കെടുത്ത നൂറോളം സ്ത്രീകളാണ് അവർ നിർമിച്ച വിഡിയോസും തയാറാക്കിയ മാപ്പുകളും കഴിഞ്ഞമാസം നടന്ന സെമിനാറിൽ അവതരിപ്പിച്ചത്.
“നിങ്ങൾ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ കണ്ടിട്ടുണ്ടാവും”, കുടുംബശ്രീ അംഗമായ ധന്യ സന്തോഷ് പറയുന്നു. “കാണാൻ എത്ര ഭംഗിയുള്ള സ്ഥലം എന്നാവും നിങ്ങൾക്ക് തോന്നുക. ശരിയാണ്, നല്ലഭംഗിയുള്ള ധാരാളം സ്ഥലങ്ങൾ ഇവിടെയുണ്ട്. എന്നാൽ, അതേപോലെതന്നെ മനുഷ്യർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത പ്രദേശങ്ങളും ധാരാളം.”
“ഞാൻ കല്യാണം കഴിഞ്ഞ് ഇവിടെ വരുമ്പോഴാണ് ഇത്രയേറെ വെള്ളം നിറഞ്ഞ ഒരു സ്ഥലം കാണുന്നത്. ആദ്യമൊക്കെ നല്ല ഭംഗി തോന്നി. എന്നാൽ, പിന്നീടാണ് വീട്ടിൽപോലും വെള്ളം കേറും എന്ന് മനസ്സിലായത്. അടുപ്പിൽനിന്ന് വെള്ളം കോരിക്കളഞ്ഞ് ഞങ്ങൾ കഞ്ഞിവെച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്നവർക്ക് ഈ പ്രശ്നം എങ്ങനെ മനസ്സിലാകുമെന്ന് എനിക്കറിയില്ല.” ഇത് പറയുമ്പോൾ ധന്യയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. “സ്വന്തം വീട്ടിൽ കക്കൂസിൽ പോകാൻ കഴിയാതെ തൊട്ടടുത്ത് കുമ്പളങ്ങി ആശുപത്രിയിൽ പോയി കക്കൂസ് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. നല്ല റോഡില്ലാത്തതുകൊണ്ടാണ് എന്റെ അമ്മായിയമ്മയെ കോവിഡ് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ പോയത്. അങ്ങനെയാണ് അമ്മ മരിച്ചത്.”
കമ്യൂണിറ്റി മാപ്പിങ് ചെയ്യുന്ന ഷീല ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നാണ്. “നിങ്ങൾ എന്തിനാണ് ഇപ്പോഴും ഈ പാടത്തിന്റെ കരയിൽ താമസിക്കുന്നത് എന്നാണ് ഒരു ഓഫീസിലെ സാർ എന്നോട് ചോദിച്ചത്. സാറേ, ഈ പാടവും വെള്ളവുമാണ് ഞങ്ങളുടെ ഉപജീവന മാർഗം, ഞാൻ അങ്ങേരോട് പറഞ്ഞു. ഇവിടം വിട്ടുപോയാൽ ഞങ്ങൾക്ക് വേറെ പണിയില്ല.”
ഈ പരിശീലനങ്ങൾ അവരെ എങ്ങനെയാണ് സ്വാധീനിച്ചത്?
വിദ്യാഭ്യാസ പ്രക്രിയയിൽ ഏറെ മുന്നോട്ടുപോകാനുള്ള സാഹചര്യം ഉള്ളവരായിരുന്നില്ല ഇവരിൽ പലരും. എന്നാൽ, വിളിക്കപ്പെട്ട വിദഗ്ധ സദസ്സിന് മുന്നിൽ അവർ അവരുണ്ടാക്കിയ മാപ്പുകളെക്കുറിച്ചും വിഡിയോകളെക്കുറിച്ചും ഒരു സങ്കോചവുമില്ലാതെയാണ് സംവദിക്കുന്നത്. സഭാകമ്പമൊന്നും എന്താണെന്നുതന്നെ അവർക്കറിയില്ല.
കൊച്ചിയിലെ വലിയ ഹോട്ടലിൽ നടന്ന സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഷീല എന്നോട് പറഞ്ഞു: “സാറേ, സാർ എന്നെ ഇന്നലെ കാണണാരുന്നു. ഞാൻ ഒരു ഷർട്ടും കൈലിയുമായി റോഡ് ടാർ ചെയ്യുകയായിരുന്നു. ചിലപ്പോൾ തൊഴിലുറപ്പ്. ചിലപ്പോൾ പഞ്ചായത്തിലെ മീറ്റിങ്… സാർ കേട്ടിട്ടില്ലേ, ഒരു സിനിമാപ്പാട്ട്... വേഷങ്ങൾ, ജന്മങ്ങൾ… വേഷം മാറാൻ നിമിഷങ്ങൾ... അതുപോലെയാണ് എന്റെ ജീവിതം.”
ഞങ്ങൾക്കാർക്കും ഇതുപോലെ പൊതുപ്രവർത്തനത്തിന് ഇറങ്ങാനോ ഇങ്ങനെ മീറ്റിങ്ങിന് വരാനോ ഒന്നും പറ്റുന്ന അവസ്ഥയിലല്ല. ഞങ്ങളുടെ എല്ലാവരുടെയും ആരോഗ്യം അത്ര മോശം അവസ്ഥയിലാണ്, ഇവർ പറയുന്നു. എന്നാൽ, ഇനി ഇതല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ മാർഗമില്ല. എന്നാൽ, ഞങ്ങളുടെ ജീവിതം ഇനി ഞങ്ങൾതന്നെ റിപ്പോർട്ട് ചെയ്യും. വലിയ പ്രശ്നങ്ങളെ അതിജീവിക്കാൻ അവിടെ ജീവിക്കുന്നവരെ തന്നെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ ലക്ഷ്യം.
മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡോ. മഞ്ജുള ഭാരതിയാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്. ഈ അനുഭവത്തെക്കുറിച്ച് മഞ്ജുള പറയുന്നു:
“ഇപ്പോൾ വികസനത്തെ അവകാശാധിഷ്ഠിതമായാണ് നിർവചിക്കുന്നത്. പ്രാഥമികമായ അവകാശങ്ങളുടെ നിഷേധമാണ് ദാരിദ്ര്യം എന്നാണ് കുടുംബശ്രീ നിർവചിക്കുന്നത്. അപ്പോൾ സാമ്പത്തികമായ സ്വാതന്ത്ര്യം മാത്രം പോരാ. ജനിച്ചു ജീവിക്കുന്ന ചുറ്റുപാടുകളിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വേണം. അതിജീവനത്തിനായി നടത്തുന്ന ശാക്തീകരണം ഇവിടെയാണ് ഊന്നൽ നൽകേണ്ടത്. ഈ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഈ പരിശീലനം നടത്തിയത്. ഇത്തരം കഴിവുകൾ ആർജിക്കുന്നതിൽ വിസ്മയകരമായ താൽപര്യമാണ് അവർ കാണിച്ചത്. കാലാവസ്ഥാമാറ്റം പോലുള്ള വളരെ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ജനതക്ക് ഇത്തരത്തിൽ എങ്ങനെ അതിജീവനശേഷി കൈവരിക്കാം എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ കുടുംബശ്രീ അംഗങ്ങൾ കാണിച്ചുതരുന്നത്.”
കുടുംബശ്രീയിലൂടെ കൈവരിക്കുന്ന ജെൻഡർ തുല്യത സമൂഹത്തിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?
ഒരു ഷൂട്ടിങ് അനുഭവം ബിന്ദു പറയുന്നു.
കടൽക്കരയിലൂടെ ഷൂട്ട് ചെയ്ത് നടക്കുമ്പോൾ തീരത്തിരുന്ന് ചീട്ടുകളിക്കുന്ന ഒരു ചേട്ടൻ പറയുന്നു: “ഹോ ഇവരൊക്കെ ഇപ്പൊ വലിയ പുള്ളികളായില്ലേ? ചോദിക്കാനും പറയാനും ആരുമില്ല. നേരം വെളുക്കുമ്പോൾ മുതൽ നടക്കും, നാട് നന്നാക്കാനാണ് എന്ന് പറഞ്ഞ്...”
“ചേട്ടന് എവിടെയാണ് പണി?”, ബിന്ദു ചോദിച്ചു,
“എല്ലാ പണീം ഇപ്പൊ ഈ പെണ്ണുങ്ങളല്ലേ ചെയ്യുന്നേ? നമുക്കൊന്നും ഇപ്പൊ വല്യ വിലയില്ല...”
ഈ ചെറിയ സംഭാഷണം ഒരു സാമൂഹികമാറ്റത്തിന്റെ പ്രതിഫലനമാണ്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതോടെ സ്ത്രീയോട് പുരുഷനുണ്ടാവുന്ന മനോഭാവത്തിന്റെ ഒരു ചിത്രം.
മൂന്നുദിവസം ഷൂട്ടിങ്ങിനായി ഇവരുടെ കൂടെ ജീവിച്ച ബിന്ദു പറയുന്നത് വീട്ടിൽ ലഭിക്കാത്ത സ്വാതന്ത്ര്യം അവരുടെ സൗഹൃദ കൂട്ടായ്മയിലൂടെ അവർ നേടിയെടുത്തിട്ടുണ്ട് എന്നാണ്. ഇവർ രാത്രികാല സംഗമങ്ങൾ നടത്തും. ഇവരൊരുമിച്ച് ധാരാളം യാത്രകൾ പോകും. സ്വന്തമായി വരുമാനം ഉണ്ടാകുന്നതിനാൽ ഭർത്താക്കന്മാർക്ക് ഇവരുടെ പുറത്തുള്ള നിയന്ത്രണത്തിന് പരിധിയുണ്ട്.
ജനാധിപത്യ പ്രക്രിയയിൽ ഏറെ മുന്നോട്ടുപോകാൻ കുടുംബശ്രീ അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ സാമൂഹികദൃശ്യത കൂടിയിട്ടുണ്ട്. ഒരു വനിത ഇതേക്കുറിച്ച് പറഞ്ഞത് മഞ്ജുള ഓർക്കുന്നു. “മാഡം, മാഡത്തിനറിയാമോ, ഞാൻ മരിച്ചുകഴിഞ്ഞാൽ റീത്ത് വയ്ക്കാൻ പത്തുപേരെങ്കിലും അധികമായി വരും. എന്റെ ഭർത്താവിന്റെയോ മകന്റെയോ പേരിലുള്ള റീത്തല്ല, എന്റെ സ്വന്തം ജീവിതത്തിന്റെ നേട്ടങ്ങളുടെ തെളിവായിട്ടുള്ള റീത്തുകൾ.” സത്യത്തിൽ പുറത്ത് കാണിക്കാത്ത ധാരാളം സങ്കടങ്ങളാണ് അവരുടെ ജീവിതം. എന്നാൽ, കൂട്ടായ്മയുടെ ബലത്തിൽ അതിനെ നീന്തിക്കടക്കാനുള്ള ത്രാണി അവർക്ക് കൈവന്നിട്ടുണ്ടാവണം.
കുടുംബശ്രീയുടെ വളർച്ചയെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ ധാരാളം ലഭ്യമാണ്. 46 ലക്ഷം അംഗങ്ങളും രണ്ടരലക്ഷം ഗ്രൂപ്പുകളും അമ്പതിനായിരം തൊഴിൽ സംരംഭങ്ങളും. കൃത്യമായി പറഞ്ഞാൽ 45,85,000 അംഗങ്ങൾ; 2,87,723 അയൽക്കൂട്ട ഗ്രൂപ്പുകൾ, 14 ജില്ലാ മിഷനുകൾ; 19,489 എ.ഡി.എസുകൾ, 1064 സി.ഡി.എസുകൾ എന്നിങ്ങനെ മൂന്ന് തലത്തിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ സംഘടനാസംവിധാനം. 49,200 തൊഴിൽ സംരംഭങ്ങളിൽ 31,589 വ്യക്തിഗത സംരംഭങ്ങളും 17,611 ഗ്രൂപ്പ് സംരംഭങ്ങളും. 270 ഫാമുകളിൽനിന്ന് ഉൽപാദിപ്പിച്ച് 94 വിപണന കേന്ദ്രത്തിലൂടെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള കേരള ചിക്കൻ 75 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടാക്കിയത്.
സാമൂഹിക ക്ഷേമ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് എഫ്.സി.ഐ വഴി ഉൽപാദിപ്പിക്കുന്ന 241 അമൃതം ന്യൂട്രിമിക്സ് യൂനിറ്റുകൾ. കുടുംബശ്രീ കൂട്ടായ്മകളുടെ വീട്ടുമുറ്റത്തെ ബാങ്കുകളിലൂടെ വിവിധ ബാങ്കുകളിൽ അയ്യായിരത്തിലേറെ കോടി രൂപയുടെ നിക്ഷേപം. 31,000 ബാലസഭകളിൽ അഞ്ചുലക്ഷത്തിൽ കൂടുതൽ കുട്ടികൾ. ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാനും ക്രൈം മാപ്പിങ്, കൗൺസലിങ് സെന്റർ, മനുഷ്യക്കടത്തു തടയാനുള്ള പദ്ധതികൾ, െജൻഡർ ബോധവത്കരണം എന്നിവക്കായി ജാഗ്രതാ സമിതി, ഇരകൾക്ക് പൊലീസ് -നിയമ സഹായങ്ങൾ നൽകാനും താൽക്കാലികമായി താമസിക്കാൻ അവസരമൊരുക്കാനും സ്നേഹിത, അംഗപരിമിതർക്കും വിധവകൾക്കും വേണ്ടിയുള്ള പ്രത്യാശാ പദ്ധതി, മാനസിക വൈകല്യമുള്ള കുട്ടികൾക്കുവേണ്ടിയുള്ള ബഡ് സ്കൂളുകൾ.
ഈ കഴിഞ്ഞ വർഷങ്ങളിൽ കുടുംബശ്രീയുടെ കാർഷിക ഇടപെടലുകളിലൂടെ 50,000 ഹെക്ടർ തരിശുഭൂമി കൃഷിക്കായി മാറ്റാൻ കഴിഞ്ഞു എന്നാണ് പ്ലാനിങ് ബോർഡിന്റെ കണക്കുകൾ കാണിക്കുന്നത്.
അട്ടപ്പാടി ആദിവാസി മേഖലയിലെ ഉയർന്ന ശിശുമരണ നിരക്കിന്റെയും പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പുന്ന സാമൂഹിക അടുക്കള ആരംഭിച്ചത്. ഇതേതുടർന്ന് ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ പതിനായിരത്തോളം വരുന്ന ഇരുള, മുഡുഗ, കുറുമ്പ സമുദായങ്ങൾക്ക് സമഗ്രവികസനത്തിന് ഉതകുന്ന ബൃഹത്തായ പദ്ധതി കുടുംബശ്രീ ഏറ്റെടുത്തു.
കോവിഡ് മഹാമാരി സമൂഹത്തെ നിശ്ചലമാക്കിയ സമയത്താണ് കുടുംബശ്രീയുടെ സംഘടനാപാടവം സമൂഹത്തിന് ഏറെ സഹായകമായത്.
ബോധവത്കരണം മുതൽ മാസ്ക്, സാനിറ്റൈസർ നിർമാണം, കമ്യൂണിറ്റി കിച്ചനുകളുടെ നടത്തിപ്പ്, അണുമുക്തമാക്കൽ, മുഖ്യമന്ത്രിയുടെ സഹായഹസ്തമായി വായ്പാവിതരണം നടത്തൽ എന്നിവയിലെല്ലാം കുടുംബശ്രീ മുൻപന്തിയിൽ നിന്നു. 1.9 ലക്ഷം വാട്സ്ആപ് ഗ്രൂപ്പുകളാണ് ഇതിനായി ഉണ്ടാക്കിയത്. എഴുപത് ലക്ഷത്തിലേറെ മാസ്കുകളും പതിനായിരത്തോളം ലിറ്റർ സാനിറ്റൈസറും കുടുംബശ്രീ ഗ്രൂപ്പുകൾ ഉണ്ടാക്കി. ഒപ്പം 1144 കമ്യൂണിറ്റി കിച്ചനുകൾ. ഈ കിച്ചനുകളിലേക്ക് വേണ്ട പച്ചക്കറി കുടുംബശ്രീ കാർഷിക സംഘങ്ങളാണ് അടുക്കളകളിൽ എത്തിച്ചത്. 20 രൂപക്ക് ഉച്ചയൂണ് നൽകുന്ന 1187 ജനകീയ ഹോട്ടലുകൾ വിശപ്പുരഹിത കേരളം എന്ന സ്വപ്നത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായിരുന്നു. രണ്ടായിരത്തോളം കോടി രൂപയാണ് പലിശ രഹിത വായ്പയായി ലഭ്യമാക്കിയത്.
2018ലെ മഹാപ്രളയകാലത്ത് അനിതരസാധാരണമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തിയത്. സമൂഹ അടുക്കളകൾ തുറന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യവസ്തുക്കൾ സംഭരിച്ചു നൽകിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടിയിലേറെ സംഭാവന നൽകിയും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും കുടുംബശ്രീ പ്രവർത്തകർ രാപ്പകൽ കൂടെ നിന്നു. ജീവനോപാധികൾ നഷ്ടപ്പെട്ട് ദുരിതത്തിലായ 2 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകി. കൂടാതെ, യു.എൻ.ഡി.പിയുമായി ചേർന്ന് നടപ്പാക്കിയ, ഏറ്റവുമധികം ദുരിതം ബാധിച്ച കുടുംബങ്ങൾക്കായുള്ള ഉപജീവന പദ്ധതിക്ക് 2.4 ദശലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തിയതും കുടുംബശ്രീയാണ്.
എന്തായാലും ഒരു കാര്യം തീർച്ചയാണ്. ചെറിയ വായ്പകൾ കിട്ടുന്ന പരിമിതമായ സാധ്യതകളിൽനിന്ന് സംരംഭകത്വത്തിന്റെ മേഖലയിലേക്ക് വലിയ ചുവടുവെപ്പുകൾ സാധ്യമാക്കിയ ധാരാളം സ്ത്രീകളുടെ കഥകൂടിയാണിത്. എങ്കിലും, ഇപ്പോഴും ഈ സംരംഭങ്ങൾ പരിമിതമായി മാത്രമേ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്നുള്ളൂ എന്ന പ്രശ്നംകൂടിയുണ്ട്. കാർഷിക പ്രവർത്തനങ്ങളിലൂടെ പ്രകൃതിവിഭവങ്ങളെക്കുറിച്ചും പ്രാദേശിക സമ്പദ്ഘടനയിൽ അവക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളിൽ ഉയർന്ന അവബോധം ഉണ്ടായതായി ഡോ. കെ.പി. കണ്ണനും എൻ. ജഗജീവനും നടത്തിയ പഠനത്തിൽ പറയുന്നുണ്ട്.
ഇങ്ങനെ പല കാര്യങ്ങൾ കണക്കിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത് ആശ്രയയും ബഡ്സ് സ്കൂളുമാണ്. പലപ്പോഴും സ്വന്തം താൽപര്യങ്ങൾ മാറ്റിനിർത്തി വയോജനങ്ങളെയും അംഗവൈകല്യമുള്ള കുട്ടികളെയും പരിചരിക്കുന്നതിൽ സവിശേഷമായ താൽപര്യം കുടുംബശ്രീ അംഗങ്ങൾ കാട്ടാറുണ്ട്. ജീവിതത്തെക്കുറിച്ചും പരസ്പര സഹകരണത്തെക്കുറിച്ചും വലിയ പാഠങ്ങളാണ് അവർ ഈ പ്രവർത്തനങ്ങളിലൂടെ സ്വരൂപിക്കുന്നത്. തങ്ങളുടെ കൈവശമുള്ള കുറച്ചു വിഭവങ്ങൾപോലും മറ്റുള്ളവർക്കായി പങ്കുവെക്കാനുള്ള ആഗ്രഹമാണ് ഇവരെ നയിക്കുന്നത്. നമ്മുടെ മധ്യവർഗ പൊതുസമൂഹത്തിന് കുടുംബശ്രീയിൽനിന്ന് ഏറെ പഠിക്കാനുെണ്ടന്നാണ് എന്റെ തോന്നൽ.
കേരള സമൂഹത്തിന്റെ ചരിത്രത്തെ കുടുംബശ്രീക്ക് മുമ്പും പിമ്പും എന്ന് തിരിക്കാം എന്നാണ് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായ മിനി സുകുമാർ പറയുന്നത്. ദൂരദർശൻ റിയാലിറ്റി ഷോയുടെ ജൂറികൂടിയായിരുന്ന മിനി തന്റെ യാത്രകളിൽനിന്നുള്ള നിരീക്ഷണമായി കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ പെൺകുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. ഈ വിദ്യാഭ്യാസം തൊഴിൽനേടാൻ അവരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ ഫലം കേരള സമൂഹത്തിൽ വരും വർഷങ്ങളിലാണ് പ്രതിഫലിക്കുക എന്നും മിനി പറയുന്നു.
കേരളത്തിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച സാമൂഹിക ഊർജം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി പ്രസരിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അംഗീകരിച്ച നാഷനൽ റിസോഴ്സ് ഓർഗനൈസേഷന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ ഇരുപതോളം സംസ്ഥാനങ്ങളിൽ പോവുകയും അവിടെ മാസങ്ങളോളം താമസിച്ച് അവിടെയുള്ള സ്ത്രീകൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സ്ത്രീകളുടെ കൂട്ടായ്മകളും എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കും എന്നതിനുള്ള പരിശീലനമാണ് ഇങ്ങനെ നൽകുന്നത്. ഇന്ത്യക്ക് പുറത്ത് യുഗാണ്ട, തജികിസ്താൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലും കുടുംബശ്രീ അംഗങ്ങൾ പരിശീലനം നൽകിയിട്ടുണ്ട്.
കുടുംബശ്രീയെക്കുറിച്ചുള്ള സമഗ്രമായ ഒരു പുസ്തകം ഈയടുത്ത് സജിത്ത് സുകുമാരൻ എഴുതിയിട്ടുണ്ട്. ‘അയലുറവുകൾ’ എന്ന പേരിൽ. ധാരാളം കുടുംബശ്രീ അനുഭവങ്ങൾ ഈ പുസ്തകത്തിൽ സജിത്ത് ചേർത്തിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലെ വടക്കു കിഴക്കുള്ള ധാരാളം സംസ്ഥാനങ്ങളിൽ ചെന്ന് താമസിച്ച് അവിടെയുള്ള ഗ്രാമീണസ്ത്രീകൾക്ക് പരിശീലനം കൊടുത്ത കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷൻ അംഗങ്ങളുടെ കഥകൾ.
എങ്കിലും ഒരു കാര്യം ശ്രദ്ധിക്കാതെ വയ്യ. കേരളം സാമൂഹിക വികസനരംഗത്ത് കൈവരിച്ച നിരവധി നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ കൂട്ടായ്മ വിജയം കാണുന്നത്. മെച്ചപ്പെട്ട ക്ഷേമപെൻഷനുകളും ഏകദേശം സാർവത്രികമായ റേഷനിങ് സമ്പ്രദായവും പൊതുമേഖലയിലെ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളും ത്രിതല ജനകീയാസൂത്രണ സംവിധാനവുംകൂടി ചേർന്നാണ് കേരളത്തിൽ കുടുംബശ്രീയെ മുന്നോട്ട് നയിച്ചത്. ഈ സാഹചര്യങ്ങളുടെ അഭാവത്തിൽ മറ്റു സമൂഹങ്ങളിൽ ഇത് പുനഃസൃഷ്ടിക്കുക എളുപ്പമാവില്ല.
ധാരാളം ദേശീയ അന്തർദേശീയ അവാർഡുകൾ കുടുംബശ്രീയെ തേടി എത്തിയിട്ടുണ്ട്. 2022ൽ പ്രഖ്യാപിച്ച യു.എൻ ഗ്ലെൻമാർക് ന്യൂട്രീഷൻ അവാർഡ് (UN GLENMARK NUTRITION AWARD) ഇതിൽ ഒടുവിലത്തേതാണ്. ദേശീയ നഗര ഉപജീവന ദൗത്യം രാജ്യത്ത് മികച്ചരീതിയിൽ നടപ്പാക്കിയതിന് സ്പാർക് റാങ്കിങ്ങിൽ ഒന്നാമതാണ് കുടുംബശ്രീ.
ഇത്രയേറെ പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി എന്താണ് കുടുംബശ്രീ എന്ന ചോദ്യത്തിന് ധാരാളം കുടുംബശ്രീ പ്രവർത്തകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഡോ. തോമസ് ഐസക് കണ്ടെത്തുന്ന ഉത്തരം ‘അയൽക്കൂട്ടമാണ് കുടുംബശ്രീ’ എന്നതാണ്.
പങ്കാളിത്ത ജനാധിപത്യത്തിന് അസാധാരണവും അപൂർവവുമായ ഒരു മാതൃകയാണ് കുടുംബശ്രീ സൃഷ്ടിക്കുന്നത്. നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കുടുംബശ്രീയുടെ സംഭാവന പ്രാതിനിധ്യത്തിൽ മാത്രമല്ല ഏറ്റെടുക്കുന്ന പരിപാടികളിലും കാണാം. ഇപ്പോൾ കേരളത്തിലെ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള പ്രതിനിധികളിൽ 50 ശതമാനവും കുടുംബശ്രീയിൽനിന്ന് ഉയർന്നുവന്നവരാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഹരിത കേരള മിഷനും ദുരന്തനിർമാർജന അതോറിറ്റിയുമെല്ലാം പഞ്ചായത്ത് തലത്തിൽ ആശ്രയിക്കുന്നത് കുടുംബശ്രീ അംഗങ്ങളെയാണ്. അഭിമാനത്തോടെയാണ് ഞങ്ങൾ കണ്ട പലരും ഇക്കാര്യം പറയുന്നതും.
സ്വാഭാവികമായും ധാരാളം പ്രശ്നങ്ങളും പരിമിതികളും ചർച്ച ചെയ്യാനുണ്ട്. പ്രത്യേകിച്ച് സാമൂഹിക സമീപനത്തെക്കുറിച്ച്. ഇപ്പോഴും മാലിന്യനിർമാർജനത്തിനുള്ള സ്ത്രീകളുടെ കൂട്ടായ്മ എന്നുമാത്രം കുടുംബശ്രീയെ മനസ്സിലാക്കുന്ന ഒരു വിഭാഗമുണ്ട്. അതിലൂടെ നിലനിൽക്കുന്ന െജൻഡർ ധാരണകൾ ഊട്ടിയുറപ്പിക്കുന്നതിൽ കുടുംബശ്രീക്കുള്ള ദൗർബല്യവും കാണാം. സമൂഹത്തിൽ ചില ജോലികൾ സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണ് എന്ന ധാരണ ഊട്ടിയുറപ്പിക്കുംവിധമാണ് ഹരിത കർമസേന പ്രവർത്തിക്കുന്നത് എന്ന് തോന്നിയാൽ തെറ്റുപറയാനാവില്ല. കുടുംബശ്രീയുടെ പഞ്ചായത്തുതലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെങ്കിലും അതിന് മുകളിലേക്ക് ഇത് വളരാത്തത് കുടുംബശ്രീ സൃഷ്ടിച്ച ശാക്തീകൃത ഇടങ്ങളുടെ പരിമിതിയാണ് കാണിക്കുന്നത്. സ്ത്രീകളുടെ അധ്വാനത്തെ ആശ്രയിച്ചാണ് കുടുംബശ്രീ വളർന്നതെങ്കിലും ഇവരുടെ ഇടയിൽ കാണുന്ന അമിതാധ്വാനം ഒരു പ്രശ്നമായി മിനി സുകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഇവരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. അതേപോലെതന്നെ ആൺകോയ്മയുമായും ജാതിയുമായും ബന്ധപ്പെട്ട് കേരളത്തിലെ കുടുംബങ്ങളുടെ മൂല്യവ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാകാത്തതും പ്രശ്നമാണ്.
കുടുംബശ്രീ പഴയ ലോകബാങ്ക് മാതൃകയുടെ തുടർച്ചയാണ് എന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ മുൻ മാതൃകകൾ ഉപയോഗിച്ചുതന്നെയാണ് കുടുംബശ്രീ വളർന്നത്. ആലപ്പുഴയിലെ പങ്കജാക്ഷക്കുറുപ്പിന്റെ അയൽക്കൂട്ട മാതൃകകളും ആലപ്പുഴയിലെതന്നെ കെട്ടുതെങ്ങിന്റെ മാതൃകയും മലബാറിലുണ്ടായിരുന്ന സദീർ എന്ന പണപ്പയറ്റും കുറിക്കല്യാണത്തിന്റെ രീതികളുമൊക്ക പലതരത്തിൽ കുടുംബശ്രീയുടെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കാണാം.
ഈ പരിമിതികൾക്കപ്പുറത്ത് കേരള സമൂഹത്തിന്റെ ആധുനീകരണ പ്രക്രിയയിൽ കുടുംബശ്രീക്കുള്ള പ്രാധാന്യം കുറച്ചുകാണാനാവില്ല. കുടുംബശ്രീക്ക് സമാധാനത്തിനുള്ള നൊേബൽ സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. സാമൂഹിക പരിവർത്തന പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പുകളിലൊന്നായി ഈ പ്രസ്ഥാനം അംഗീകരിക്കപ്പെടുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.