ഷേക്സ്​പിയർക്ക് തെറ്റി, പേരുമാറ്റവും പെരുമാറ്റവും സുഗന്ധത്തെ ഇല്ലാതാക്കും

പേരിലെന്തിരിക്കുന്നുവെന്ന് റോമിയോ ആൻഡ് ജൂലിയറ്റിൽ ഷേക്സ്പിയർ ചോദിച്ചു. ഏതു പേരിലായാലും റോസിന്റെ മധുരിത സുഗന്ധത്തിന് മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം സമാശ്വസിച്ചു. പുനർനാമകരണത്തിലൂടെ ഇന്ത്യ എന്ന ആശയത്തിന്റെ സുഗന്ധം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ തിരിച്ചറിയുന്നതിന് ഭരണഘടനയിൽ നൽകിയിരിക്കുന്ന വിശേഷണം മാത്രമാണ് ഭാരതം. ഇന്ത്യ അതായത് ഭാരതം എന്ന പ്രയോഗം തിരിച്ചറിവിനുള്ള അടയാളപ്പെടുത്തൽ എന്നതിലുപരി ഇന്ത്യാവിരുദ്ധർക്ക് നൽകിയ സമാശ്വാസമായിരുന്നു. ഒന്നിനു പകരം മറ്റൊന്ന് എന്ന അനുവാദം ഭരണഘടന നൽകിയിട്ടില്ല. ഭരണഘടനയിലുടനീളം ഇന്ത്യ എന്ന പേര് മാത്രമാണ് കാണാൻ കഴിയുക....

പേരിലെന്തിരിക്കുന്നുവെന്ന് റോമിയോ ആൻഡ് ജൂലിയറ്റിൽ ഷേക്സ്പിയർ ചോദിച്ചു. ഏതു പേരിലായാലും റോസിന്റെ മധുരിത സുഗന്ധത്തിന് മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം സമാശ്വസിച്ചു. പുനർനാമകരണത്തിലൂടെ ഇന്ത്യ എന്ന ആശയത്തിന്റെ സുഗന്ധം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ തിരിച്ചറിയുന്നതിന് ഭരണഘടനയിൽ നൽകിയിരിക്കുന്ന വിശേഷണം മാത്രമാണ് ഭാരതം. ഇന്ത്യ അതായത് ഭാരതം എന്ന പ്രയോഗം തിരിച്ചറിവിനുള്ള അടയാളപ്പെടുത്തൽ എന്നതിലുപരി ഇന്ത്യാവിരുദ്ധർക്ക് നൽകിയ സമാശ്വാസമായിരുന്നു. ഒന്നിനു പകരം മറ്റൊന്ന് എന്ന അനുവാദം ഭരണഘടന നൽകിയിട്ടില്ല. ഭരണഘടനയിലുടനീളം ഇന്ത്യ എന്ന പേര് മാത്രമാണ് കാണാൻ കഴിയുക. അതാണ് രാഷ്ട്രത്തിന്റെ ഔദ്യോഗികമായ പേര്. പൗരത്വത്തിന്റെ അടയാളമായ പാസ്

പോർട്ടിൽ ആലേഖനംചെയ്തിരിക്കുന്നത് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ്.ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ രാഷ്ട്രത്തലവന്മാർ തിരിച്ചുപോയത് ഭാരതത്തിൽനിന്നാണ്. പേരിട്ടവർ അറിയാതെയുള്ള പേരുമാറ്റമായിരുന്നു അത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന ഭരണഘടനാപരമായ സമുന്നത പദവി ഭരണഘടനയറിയാതെ രാഷ്ട്രപതിഭവനിലെ കുശിനിയിൽ ഭാരതം എന്നു തിരുത്തി. അങ്ങനെയാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന പേരിൽ അത്താഴത്തിന് വിളിയുണ്ടായത്. ഭരണഘടനാപരമായി അത് നല്ല പെരുമാറ്റമായിരുന്നില്ല.

‘വിഷ്ണുപുരാണ’ത്തിൽ പരാമർശിക്കുന്ന ഭാരതം ഇന്നത്തെ ഇന്ത്യയെ പൂർണമായും ഉൾക്കൊള്ളുന്നതായിരുന്നില്ല. ഭരതൻ എന്ന പേരു

കൊണ്ട് ഉദ്ദേശിക്കുന്നതാരെയെന്ന കാര്യത്തിലും വ്യക്തതയില്ല. ദുഷ്യന്തന്റെ പുത്രനായ ഭരതന്റെ പേരി

ലോ ദശരഥന്റെ പുത്രനായ ഭരതന്റെ പേരിലോ ഭാരതം ഉണ്ടായതെന്നറിയില്ല. മഹാഭാരതത്തോളം പഴക്കമുള്ള ഭാരതവും യവനാഗമനത്തോളം പഴക്കമുള്ള ഇന്ത്യയും നാം മാറിമാറി ഉപയോഗിച്ചു. ഇന്ത്യ എന്ന പേരിൽ പാകിസ്താൻ ചരിത്രപരമായി അവകാശവാദം ഉന്നയിച്ചെങ്കിലും നമ്മൾ അത് സ്വന്തമായി നിലനിർത്തി. സിന്ധുനദി നഷ്ടമായെങ്കിലും ആ നദിയിൽനിന്നുത്ഭവിച്ച ഹിന്ദുവും ഇന്ത്യയും നമ്മുടേതായി. ലോകം നമ്മെ അറിഞ്ഞതും അറിയുന്നതും ഇന്ത്യ എന്ന പേരിലാണ്. ഔദ്യോഗികമായി ഇന്ത്യ എന്ന പേര് സ്വീകരിക്കപ്പെട്ടപ്പോഴും മറ്റ് പേരുകളും നിലനിർത്തി. പൊതുമേഖലയിൽ മൂന്ന് എണ്ണക്കമ്പനികൾ ഉണ്ടായപ്പോൾ ഇന്ത്യൻ, ഭാരത്, ഹിന്ദുസ്ഥാൻ എന്നിങ്ങനെ പേരുകളുണ്ടായത് വ്യത്യസ്തതകളെ സ്വാംശീകരിക്കുന്നതിനുള്ള നൈസർഗികമായ ചോദന നിമിത്തമാണ്. ദേശീയഗാനത്തിൽ ഭാരതമുണ്ട്. ഭാരത ഭാഗ്യവിധാതാ എന്നാണ് ടാഗോർ എഴുതിയത്. രാഷ്ട്രപതി നൽകുന്ന പരമോന്നത ബഹുമതിയുടെ പേര് ഭാരത് രത്ന എന്നാണ്. ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുന്ന ഗസറ്റിന്റെ പേര് ഗസറ്റ് ഓഫ് ഇന്ത്യ ആയിരിക്കുമ്പോൾ ഹിന്ദിയിൽ അത് ഭാരത് കാ രാജ്പത്രയാണ്. ജയ് ഹിന്ദ് എന്ന അഭിവാദ്യത്തിലൂടെ സുഭാഷ് ചന്ദ്ര ബോസ് പ്രശസ്തമാക്കിയ ഹിന്ദ് അറബിയിൽ രൂപപ്പെട്ടതാണെങ്കിലും അതിന്റെ പേരിൽ ആ പദത്തെ തള്ളിപ്പറയാൻ കടുത്ത ദേശീയവാദികൾപോലും തയാറാവില്ല. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം അവസാനിച്ചത് ജയ് ഹിന്ദ്, ജയ് ഭാരത് എന്നീ വാക്കുകളോടെയായിരുന്നു. വന്ദേ ഭാരതിൽ യാത്രചെയ്യുന്നവർക്ക് ഭാരത് അലോസരമുണ്ടാക്കുന്ന പേരല്ല.

 

വ്യക്തികൾക്കെന്നപോലെ രാജ്യങ്ങൾക്കും ഒന്നിലേറെ പേരുകളുണ്ടാകാം. യുനൈറ്റഡ് കിങ്ഡം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഭൂപ്രദേശം ഇംഗ്ലണ്ട്, ബ്രിട്ടൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആതൻസിലൂടെ നടക്കുമ്പോൾ ഹെലീനിക് റിപ്പബ്ലിക് എന്ന പേരാണ് കൂടുതലായി കാണാൻ കഴിയുക. ഗവൺമെന്റ് നിയന്ത്രണത്തിലുള്ള റെയിൽവേയുടെ പേര് ഹെലീനിക് റെയിൽവേസ് ഓർഗനൈസേഷൻ എന്നാണ്. നരേന്ദ്ര മോദി ആതൻസിലെത്തിയപ്പോൾ ഗ്രീക് പ്രധാനമന്ത്രിയുമായി ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ ശീർഷകം ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന എന്നായിരുന്നു. ഭാരത്, ഹെലീനിക് എന്നീ പേരുകൾ ഉപയോഗിക്കപ്പെട്ടില്ല. കൊളോണിയൽ അധിനിവേശത്തിന്റെ ഓർമ നിലനിർത്തുന്ന പേരുകൾ സ്വാതന്ത്ര്യപ്രാപ്തിയോടെ രാജ്യങ്ങൾ ഒഴിവാക്കാറുണ്ട്. ഈസ്റ്റ് പാകിസ്താൻ എന്ന പേര് ബംഗ്ലാദേശ് എന്നായതും സിലോൺ ശ്രീലങ്കയായതും ബർമ മ്യാന്മറായതും അയൽപക്കത്തെ അനുഭവങ്ങളാണ്. അതിനപ്പുറത്ത് സയാം തായ്ലൻഡായി. ഇന്ത്യ അടിച്ചേൽപിക്കപ്പെട്ടതോ അധിനിവേശത്തിന്റെ ഭാഗമായി എത്തിയതോ ആയ പേരല്ല. സിന്ധു എന്ന പേര് പേർഷ്യൻ, ഗ്രീക് ഉച്ചാരണങ്ങളിലൂടെ ഉരുത്തിരിഞ്ഞ് അർഥവത്തും മനോഹരവുമായ പേരായി മാറുകയായിരുന്നു.

ഇംഗ്ലീഷിൽ എഴുതിയ ഭരണഘടനക്കാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗീകാരം നൽകിയത്. കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ എന്നാണ് അതിനു നൽകപ്പെട്ട പേര്. ഹിന്ദിയിൽ അത് ഭാരത് കാ സംവിധാൻ ആയി. അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങളും ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും ഇന്ത്യ എന്ന പേരാണ് ഉപയോഗിക്കുന്നത്. ഭരണഘടനയനുസരിച്ച് അതാണ് ശരി. ഭരണഘടനയിൽ മാറ്റം വരുത്തിയാൽ അന്താരാഷ്ട്ര സമൂഹം പേരുമാറ്റം അംഗീകരിക്കും. ആമുഖത്തിലെ ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’യിൽനിന്നു തുടങ്ങി അനുച്ഛേദം ഒന്നിലെത്തുമ്പോൾ കാണുന്ന ഇന്ത്യ അതായത് ഭാരതം എന്നീ വാക്കുകൾ ഭാരതം അതായത് ഇന്ത്യ എന്നു തിരുത്തി മുന്നേറുന്ന വലിയ പരിവർത്തനമാണ് ഭരണഘടനയിൽ നടത്തേണ്ടിവരിക.

മാറാൻ തുടങ്ങിയാൽ മാറ്റാനേ നേരമുണ്ടാകൂ. ഇന്ത്യയെ ഭാരതമാക്കിയാൽ തലസ്ഥാന നഗരിയുടെ പേരിലും മാറ്റം ആകാം. ഇന്ദ്രപ്രസ്ഥ എന്ന മഹാഭാരതകാലത്തെ പേര് പുരാണവാദികളുടെ മനസ്സിൽ തെളിയാതിരിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പുരാവസ്തുവായ ചെങ്കോൽ പ്രതിഷ്ഠിച്ച് ഭരണം നടത്തുന്ന നരേന്ദ്ര മോദി ഭാരതമെന്നു കേൾക്കു

മ്പോൾ രാജവാഴ്ചയുടെ വിധുരതയാണ് ആസ്വദിക്കുന്നത്. അജണ്ട പരസ്യപ്പെടുത്താതെ ആരംഭിച്ച അഞ്ചു ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ലക്ഷ്യബോധമില്ലാതെ ഒരുദിവസം നേരത്തേ അവസാനിച്ചു. പ്രതിപക്ഷം തടസ്സപ്പെടുത്തുന്നില്ലെങ്കിൽ ഭരണപക്ഷത്തിന് സഭ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന അവസ്ഥയായി. സഭാപ്രവേശത്തിനു മാത്രമായി സമ്മേളനം ആവശ്യമില്ലായിരുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ അർഹതപ്പെട്ട സ്ത്രീസാന്നിധ്യം ഒഴിവാക്കിയെങ്കിലും വനിതകൾക്കുവേണ്ടിയുള്ള നിയമനിർമാണംകൊണ്ട് പ്രത്യേക സമ്മേളനം ചരിത്രത്തിൽ ഇടംപിടിച്ചു. പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിക്ക് പുതുമന്ദിരം കാണാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. സംവരണം നിയമമായെങ്കിലും അത് യാഥാർഥ്യമാകുന്നതിന് കുറേക്കാലം കാത്തിരിക്കണം. കാത്തിരിപ്പ് അനിശ്ചിതമാണ്. സഭകളിലെ അംഗസംഖ്യ വർധിപ്പിക്കുന്നതിനുള്ള വിലക്ക് 2026ൽ അവസാനിച്ചതിനുശേഷം 2031ൽ നടക്കുന്ന കാനേഷുമാരിയുടെ കണക്കിൽ മണ്ഡല പുനർനിർണയം കഴിഞ്ഞതിനുശേഷം മാത്രമാണ് സംവരണം പ്രാബല്യത്തിലാകുന്നത്. കോവിഡ് പ്രമാണിച്ച് നടക്കാതെ പോയ 2021ലെ സെൻസസ് ഇനി എന്നാണ് നടക്കുകയെന്നറിയില്ല. വേകുവോളം കാത്തിരിക്കാമെങ്കിൽ ആറുവോളം കാത്തിരുന്നുകൂടേ എന്നാണ് ചോദ്യമെങ്കിൽ നിയമത്തിന്റെ കാലാവധി 15 വർഷം മാത്രമാണെന്ന കാര്യം ഓർമിപ്പിക്കേണ്ടിവരും. കാലാവധി നീട്ടുന്നില്ലെങ്കിൽ 2038ൽ നാരീശക്തി വന്ദൻ അധിനിയം കാലഹരണപ്പെടും. ആത്മാർഥതയുണ്ടെങ്കിൽ 2024ലെ പൊതു തെരഞ്ഞെടുപ്പിൽ സംവരണം പ്രാവർത്തികമാക്കണമായിരുന്നു. ഭരണഘടന ഭേദഗതി ചെയ്ത് സാധുവാക്കിയ സംവരണം പരണത്ത് വെക്കാനുള്ളതല്ല. കേരളത്തിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങൾ വനിത സംവരണ മണ്ഡലങ്ങളായി പ്രഖ്യാപിക്കുന്നതിന് മണ്ഡല പുനർനിർണയംവരെ കാക്കേണ്ടതില്ല.

ഉദ്ദേശ്യം പരസ്യപ്പെടുത്താതെ നടത്തിയ അപ്രതീക്ഷിത സമ്മേളനത്തിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടന്നില്ലെന്നതാണ് വാസ്തവം. സഭാപ്രവേശന വേളയിൽ അംഗങ്ങൾക്ക് സമ്മാനിച്ച ഭരണഘടനയുടെ പ്രത്യേക പതിപ്പിൽ 1949ലെ ആമുഖമാണ് ചേർത്തിരുന്നത്. 1976ൽ ചേർത്ത വാക്കുകൾ ഒഴിവാക്കുന്നതിനുള്ള താൽപര്യം ബി.ജെ.പി കുറേക്കാലമായി കാണിക്കുന്നുണ്ട്. സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ

ക്കൊപ്പം കൂട്ടിച്ചേർത്ത അഖണ്ഡത എന്ന വാക്കും ഒഴിവാക്കപ്പെടുമോ? തെരഞ്ഞെടുപ്പുകളുടെ ഏകീകരണത്തിനുവേണ്ടിയുള്ള നീക്കവും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായില്ല. ഒരു രാജ്യം, ഒറ്റത്തെരഞ്ഞെടുപ്പ് എന്നത് പാർലമെന്ററി ജനാധിപത്യത്തിൽ അപ്രായോഗികവും ഫെഡറൽ സംവിധാനത്തിൽ ആപത്കരവുമായ നിർദേശമാണ്. അതിന് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി. സമന്വയം സാധ്യമാകുന്ന നിർദേശമല്ല സമിതിയുടെ പരിശോധനയിലുള്ളത്. പാർലമെന്റിന്റെ നിയന്ത്രണത്തിൽനിന്ന് എക്സിക്യൂട്ടിവിനെ പൂർണമായും മുക്തമാക്കുന്ന വ്യവസ്ഥ പാർലമെന്ററി തത്ത്വങ്ങളുടെ നിരാസമാണ്. പാർലമെന്റിലെ വിശ്വാസവും അവിശ്വാസവും ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്. ഭൂരിപക്ഷം നഷ്ടപ്പെടുന്നതിന് സാഹചര്യങ്ങൾ പലതുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കിയാൽ ശിഷ്ടകാലം എന്തു സംഭവിക്കും? സംസ്ഥാനം ഗവർണറുടെ ഭരണത്തിലാകും. പ്രതിസന്ധി കേന്ദ്രത്തിലാണെങ്കിലോ? കേന്ദ്രഭരണം രാഷ്ട്രപതിക്ക് ഏറ്റെടുക്കാനാവില്ല. പ്രധാനമന്ത്രിയുടെ ഉപദേശവും സഹായവുമില്ലാതെ രാഷ്ട്രപതിക്ക് പ്രവർത്തിക്കാനുമാവില്ല. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി മുഴുവൻ നിയമസഭകളും പിരിച്ചുവിടുമോ? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായാണ് കോവിന്ദ് കമ്മിറ്റി പ്രവർത്തിക്കുന്നത്. അരിയെത്തും മുമ്പ് അടുപ്പു കത്തിച്ചതുപോലെയായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം. അരിയെത്തില്ലെന്ന് ഉറപ്പായപ്പോൾ െവച്ച വെള്ളം വാങ്ങേണ്ടിവന്നു. പാളിപ്പോയ തന്ത്രങ്ങളാണ് പ്രത്യേകസമ്മേളനത്തെ സവിശേഷമാക്കിയത്. തൊടുക്കുന്നവന്റെ പിഴവിൽ മാത്രം അമ്പിൽനിന്ന് രക്ഷപ്പെടാമെന്ന് സമാശ്വസിച്ചാൽ അത് എപ്പോഴും നമ്മുടെ രക്ഷ ഉറപ്പാക്കണമെന്നില്ല.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെ ക്രിമിനൽ നിയമങ്ങളുടെ ശീർഷകത്തിൽനിന്ന് ഇന്ത്യ എന്ന പേരും ഇംഗ്ലീഷും ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് അമിത് ഷാ തുടക്കമിട്ടു. ഇൻഡ്യ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശാല പ്രതിപക്ഷ മുന്നണിയോടുള്ള വിദ്വേഷത്തിലും ഭയത്തിലും എവിടെ ഇന്ത്യ എന്നു കണ്ടാലും താറടിക്കുകയെന്നതാണ് ബി.ജെ.പി നയം. ഹിന്ദി അടിച്ചേൽപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടി ഇന്ത്യയെ ഒഴിവാക്കി ഭാരതത്തെ പ്രതിഷ്ഠിക്കുന്നതിനുള്ള പദ്ധതിയെ കാണേണ്ടിവരും. സന്ദർഭോചിതമായി രണ്ട് പേരുകളും ഉപ

യോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിലനിർത്തുകയാണ് അഭികാമ്യമായ കാര്യം. കുറേക്കാലമായി സംഘികൾ ഭാരത് എന്ന പേര് മാത്രമാണുപയോഗിക്കുന്നത്. മറ്റുള്ളവർ ഭാരത് എന്നും ഇന്ത്യ എന്നും സൗകര്യം പോലെ ഉപയോഗിക്കുന്നുണ്ട്.

ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്

 ഭരണഘടനാ നിർമാണസഭയെ പ്രക്ഷുബ്ധമാക്കിയ പ്രക്രിയയായിരുന്നു രാജ്യത്തിന്റെ നാമകരണം. അന്നുവരെ രാജ്യത്തിന് ഒരു പേര് മാത്രമാണുണ്ടായിരുന്നത്. അത് ഇന്ത്യ എന്നായിരുന്നു. അധികാര കൈമാറ്റത്തിന് സാധുത നൽകിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച നിയമത്തിന്റെ പേര് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് എന്നായിരുന്നു. ശബ്ദായമാനമായ രംഗങ്ങൾക്കൊടുവിലാണ് ഇന്ത്യ എന്ന പേര് സ്വീകരിക്കപ്പെട്ടത്. വിഘടിതപ്രദേശം പാകിസ്താൻ എന്നറിയപ്പെടുന്നതുപോലെ ഇന്ത്യക്ക് ഹിന്ദുസ്ഥാൻ എന്ന പേര് നൽകണമെന്ന് ആവശ്യമുയർന്നു. മതരാഷ്ട്രത്തിലേക്ക് വഴുതിപ്പോകാൻ സാധ്യതയുള്ള പേര് അസ്വീകാര്യമാണെന്ന നിലപാടിൽ അംബേദ്കർ ഉറച്ചുനിന്നു. നമ്മൾ ഉപേക്ഷിച്ചിരുന്നുവെങ്കിൽ സിന്ധു ഒഴുകുന്ന നാടെന്ന നിലയിൽ ഇന്ത്യ എന്ന പേര് പാകിസ്താൻ കൈക്കലാക്കുമായിരുന്നു. രാഷ്ട്രത്തിന്റെ പേര് ഇന്ത്യ എന്നായതോടെ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപകാംഗം എന്നതുൾപ്പെടെയുള്ള അന്താരാഷ്ട്ര പദവികൾ നമുക്ക് ലഭിച്ചു. കൽപനാലോകത്ത് ഭാരതം എന്ന പേരിന്റെ സാധ്യതകൾ അനവധിയാണ്. കവികൾ രാജ്യത്തെ പാടിപ്പുകഴ്ത്തുന്നത് ഭാരതം എന്ന പേരിലാണ്. അതിനർഥം ഭരണഘടനയിലെ സാന്ദർഭികമായ പരാമർശിതം മാത്രമായ ഭാരതം എന്ന പേരിലേക്ക് രാജ്യം മാറണമെന്നല്ല.

ഹിന്ദുസ്ഥാൻ, ഭാരതം, ഭാരതഖണ്ഡം, ഭാരതവർഷം, ആര്യാവർത്തം എന്നീ ആവശ്യങ്ങൾക്കിടയിൽ അംബേദ്കർ കണ്ടെത്തിയ സമാശ്വാസം മാത്രമാണ് ഭരണഘടനയിലെ ഭാരതം എന്ന പരാമർശം. അന്ന് അംബേദ്കർ കണ്ട അപകടങ്ങളിലേക്കാണ് പുനർനാമകരണവാദികൾ രാജ്യത്തെ നയിക്കുന്നത്. രാജ്യത്തെ സംബന്ധിക്കുന്നതെല്ലാം ഒന്നിലേക്ക് പരിമിതപ്പെടുത്തുമ്പോൾ പേരിൽമാത്രം ദ്വന്ദം എന്തിന് എന്നചോദ്യമുണ്ടാകാം. ഇരട്ടപ്പേരും വട്ടപ്പേരും ആവശ്യമില്ലാത്ത രീതിയിൽ സ്വന്തം പേരിൽ ലബ്ധപ്രതിഷ്ഠ നേടിയ രാജ്യത്തിന് ഇനി മറ്റൊരു പേര് ആവശ്യമില്ല.

 

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ആദ്യ സമ്മേളനത്തിനെത്തുന്ന പ്രധാനമന്ത്രി

ഹിമാലയത്തിനും വിന്ധ്യനും മധ്യേയുള്ള ഉത്തര ഭാരതമാണ് ആര്യാവർത്തം എന്നറിയപ്പെട്ടിരുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം ഉത്തരഭാരതത്തിൽ വർധിക്കുകയും ദക്ഷിണ ഭാരതത്തിൽ കുറയുകയും ചെയ്യുന്ന സാഹചര്യത്തെ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ കഴിയാത്ത ബി.ജെ.പി പ്രതീക്ഷയോടെയാണ് കാണുന്നത്. ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള പുനർനിർണയത്തിൽ ദക്ഷിണേന്ത്യക്ക് 24 മണ്ഡലങ്ങൾ നഷ്ടപ്പെടുകയും ഉത്തരേന്ത്യക്ക് 32 മണ്ഡലങ്ങൾ അധികമായി കിട്ടുകയും ചെയ്യും. കേരളത്തിന്റെ ലോക്സഭാ വിഹിതം ഇരുപതിൽനിന്ന് പന്ത്രണ്ടായി കുറയും. തമിഴ്നാട്ടിലും എട്ട് സീറ്റിന്റെ കുറവുണ്ടാകും. രാജ്യത്തിന്റെ ഭാഗധേയം വിന്ധ്യനു വടക്ക് നിർണയിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ അഖണ്ഡതക്ക് അനുയോജ്യമല്ല. ഈ വർഷം നടത്തേണ്ടതായ നിയമസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് ആശങ്കക്ക് കാരണമായിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിൽ പരാജയം ഏറ്റുവാങ്ങി

ക്കൊണ്ട് ബി.ജെ.പിക്ക് ലോക്സഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാവില്ല. കാലാവധിയെത്തുമ്പോൾ നിയമസഭകൾ സ്വയം ഇല്ലാതാകുമെന്ന യാഥാർഥ്യം നിലനിൽക്കെ കാലാവധി പൂർത്തിയാകുംമുമ്പ് അനുച്ഛേദം 356ന്റെ പ്രയോഗത്തിലൂടെ നിയമസഭകൾ പിരിച്ചുവിട്ടുകൂടെന്നില്ല. അങ്ങനെയെങ്കിൽ രാഷ്ട്രപതി ഭരണത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സഹായത്തോടെ നിയമസഭ തെരഞ്ഞെടുപ്പുകൾ ലോക്സഭ തെരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടുപോകാം. വളഞ്ഞ വഴികൾ ഭരണഘടനയെ വക്രീകരിക്കും. ഭരണഘടന എത്ര േശ്രഷ്ഠമായാലും അതു കൈകാര്യം ചെയ്യുന്നവർ അധമരായാൽ ഭരണഘടനയും അധമമാകുമെന്ന മുന്നറിയിപ്പ് അംബേദ്കർ നൽകിയിട്ടുണ്ട്. ഭരണഘടനയിൽ ന്യൂനതയുണ്ടെങ്കിലും അത് കൈകാര്യംചെയ്യുന്നവർ ഉത്തമരാണെങ്കിൽ ഭരണഘടനയും ഉത്തമമാകുമെന്ന് അദ്ദേഹം അനുബന്ധമായി പറഞ്ഞു. ഭരണഘടനയുടെ അസ്പൃശ്യമായ ബേസിക് സ്ട്രക്ചർ ഉൾപ്പെടെ അടിസ്ഥാനപരമായ കാര്യങ്ങളെ സ്പർശിക്കുന്ന തരത്തിലുള്ള ഭേദഗതികൾ ഭരണഘടനക്ക് വിരുദ്ധമാണ്.

l

Tags:    
News Summary - Madhyamam weekly article on bharath row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT