ബി.ആർ. അംബേദ്കർ അമേരിക്കയിലെ കൊളംബിയയിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയേപ്പാൾ ഗുജറാത്തിലെ ബറോഡ മഹാരാജാവ് നിയമവകുപ്പിൽ ഓഫിസറായി ക്ഷണിച്ചു. മഹാനഗരത്തിലെത്തിയ അദ്ദേഹം താമസത്തിനൊരു വീട് അന്വേഷിച്ചു. രാജ്യസേവക്കിറങ്ങിയ അദ്ദേഹത്തിനു വീടു നൽകാൻ ഒരു ഹിന്ദുവും തയാറായില്ല. ഒടുവിൽ ഒരു പാഴ്സിയുടെ ഔദാര്യത്തിൽ അഭയം തേടേണ്ടിവന്ന അംബേദ്കർ മനംമടുത്ത് രണ്ടാഴ്ച കഴിഞ്ഞ് പണിനിർത്തിേപായി. ബറോഡ പിന്നീട് വഡോദരയായി പേരു പരിഷ്കരിച്ചു. പക്ഷേ, ജാതിഭേദത്തിലും മതദ്വേഷത്തിലും പേരിനുപോലും മാറ്റമുണ്ടായില്ല. അംബേദ്കറെ ഓടിച്ചു ഒരു നൂറ്റാണ്ട് കഴിഞ്ഞും എരിഞ്ഞുനിന്ന വംശീയവൈരത്തിന് പിന്നീട് ഇരയായത് ഒരു മുസ്ലിമാണ്-അമേരിക്കയിൽനിന്ന് ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റു നേടി ജന്മനാടിനെ സേവിക്കാനെത്തിയ ജുസാർ ജെ. ബൻദൂക്വാല. മാനവസേവ വിശ്വാസത്തിന്‍റെ ഭാഗമായിക്കണ്ട് വിദ്യാഭ്യാസ സാമൂഹികപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചതിന് അദ്ദേഹം ഒടുക്കേണ്ടിവന്ന വില സ്വന്തം വീടും സമ്പാദ്യവുമായിരുന്നു. എല്ലാം സംഘ്പരിവാറിന്റെ വിദ്വേഷത്തീക്കൊള്ളികൾ ചുട്ടുകരിച്ചപ്പോൾ ബാക്കി കിട്ടിയ പ്രാണനിൽനിന്ന് ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ അദ്ദേഹം പിന്നെയും പടർന്നു പന്തലിച്ചു, വംശീയവൈരത്തിൽ വാടിക്കരിഞ്ഞ ഗുജറാത്തിലെ ഒരു നൂറു ജന്മങ്ങൾക്കും ജീവിതം പകർന്നുനൽകാൻ. അംബേദ്കർ ഇട്ടെറിഞ്ഞുപോയ ബറോഡയിൽ, എം.എഫ്. ഹുസൈന്‍റെ ദേശത്യാഗത്തിന് ഇടവരുത്തിയ എം.എസ് സർവകലാശാലയും ചുറ്റുവട്ടവും വിട്ടുപോകാതെ തന്‍റെ ധർമവും ദൈവവും പ്രവാചകനും പഠിപ്പിച്ച ജീവിതദൗത്യം ഉയർത്തിപ്പിടിച്ചും ഉറക്കെപ്പറഞ്ഞും അദ്ദേഹം കഴിഞ്ഞമാസം 29നു മരണമടയുവോളം ഒറ്റയ്ക്കു പൊരുതിനിന്നു. ഗുജറാത്ത് വംശഹത്യയുടെ ഇരുപതാമാണ്ടിലേക്കു കടക്കുമ്പോൾ കഴിഞ്ഞ ഫെബ്രുവരി 20ന് വഡോദര പ്രതാപ്ഗഞ്ചിലെ പഴയ ഫ്ലാറ്റിലിരുന്ന് ബൻദൂക് വാല ജീവിതം പറയുകയായിരുന്നു. പ്രായാധിക്യവും കോവിഡ് ബാധയുമേൽപിച്ച ക്ഷീണത്തിൽ ഇടയ്ക്കു തെന്നിപ്പോകുന്ന ഓർമകളിൽനിന്ന് ഒന്നൊന്നായി തുന്നിക്കെട്ടി അദ്ദേഹം വരച്ചുവെച്ചത് വർത്തമാന ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്‍റെ നേർചിത്രമാണ്. മുംബൈയിലെ വരേണ്യകുടുംബത്തിൽ ജനനം. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം, ബറോഡയിലെ പ്രശസ്തമായ എം.എസ് സർവകലാശാലയിൽ അധ്യാപനവൃത്തി, കേന്ദ്രഗവൺമെന്‍റിന്‍റെ പ്രത്യേകപദ്ധതികളുടെ നേതൃത്വം, മുസ്ലിം ഗലികൾ കൈയൊഴിഞ്ഞ് ഇതരജനവിഭാഗങ്ങളുടെ കൂടെയുള്ള സഹവാസം, മതജാതിഭേദമില്ലാത്ത മാനവസേവ, പി.യു.സി.എൽ ഗുജറാത്ത് പ്രസിഡന്‍റായും മറ്റും രാജ്യത്ത് തലയെടുേപ്പാടെനിന്ന സാമൂഹികപ്രവർത്തകൻ-ഹിന്ദുത്വ ദേശീയവാദികളുടെയും മതേതര ലിബറലുകളുടെയും ഗുഡ്ബുക്കിലെത്താൻ പാകത്തിൽ മയപ്പെട്ടുകൊടുത്തിട്ടും ബൻദൂക്വാലയെ വംശീയവിധി വെറുതെ വിട്ടില്ല. മയപ്പെടാൻ ഭയപ്പെടുത്തുന്ന ഫാഷിസത്തിനു മുന്നിൽപെട്ട ഇന്ത്യൻ മുസ്ലിം ജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു അന്നത്തെ ആ ദീർഘവർത്തമാനത്തിൽ അദ്ദേഹം. ഒപ്പം വിദ്വേഷത്തീയണക്കാനുള്ള 'ശാന്തമായ വിപ്ലവ'ത്തിലേക്കു വഴികാട്ടുകയും.
''മുംബൈയിലെ അബ്ദുറഹ്മാൻ സ്ട്രീറ്റിലെ ദാവൂദി ബോറ കുടുംബത്തിൽ 1945ലാണ് ഞാൻ ജനിച്ചത്. വിഭജനസമയത്ത് രണ്ടു വയസ്സായിരുന്നു എന്‍റെ പ്രായം. മുഹമ്മദലി റോഡിൽ മിനി പാകിസ്താനായി അന്നു മുദ്ര ചാർത്തപ്പെട്ട നാഗ്പാഡ, പക്മോഡിയ തെരുവുകളിലാണ് വളർന്നുവന്നത്. തൊട്ടടുത്ത നാഗ്പാഡ സ്കൂളിൽ പറഞ്ഞയക്കുന്നതിനു പകരം പിതാവ് എന്നെ ധോബി തലാവോയിലെ സെന്‍റ് സേവിയേഴ്സ് സ്കൂളിൽ അയച്ചു. ആ ഒരു ഔചിത്യമാണ് എന്നെ വിശാലമനസ്കനായ ഒരു വിശ്വാസിയായി പരിവർത്തിപ്പിച്ചത്.
അമേരിക്കയിലായിരുന്നു ഉന്നതവിദ്യാഭ്യാസം. അവിടെ ന്യൂക്ലിയർ ഫിസിക്സിലായിരുന്നു പിഎച്ച്.ഡി. പഠനം പൂർത്തിയാക്കി അവിടെ തന്നെ തുടരാൻ തീരുമാനിച്ചതാണ്. ആയിടക്ക് കണ്ടുമുട്ടിയ ഒരു അമേരിക്കൻ കന്യാസ്ത്രീയാണ് എന്നെ വഴിതിരിച്ചുവിട്ടത്. എല്ലാം അവിടെ ഇട്ടെറിഞ്ഞ് ഞാൻ ഇന്ത്യയിലേക്കു വന്നത് അവരുടെ മൂന്നു വാചകങ്ങളിലായിരുന്നു: 'എന്തിനാണ് ഇനിയും അമേരിക്കയിൽ നിൽക്കുന്നത്? സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകൂ, നാട്ടുകാർക്കു വേണ്ടി വല്ലതും ചെയ്യൂ'-ഈ മൂന്നാമത്തെ വാചകത്തിനു ഏറെ മൂർച്ച തോന്നി. അങ്ങനെ എന്‍റെ ഗ്രീൻകാർഡും മറ്റു ഔദ്യോഗികരേഖകളുമൊക്കെ കീറിയെറിഞ്ഞു ഞാൻ 1972ൽ തിരിച്ചുപോന്നു. ബറോഡയിലെ മഹാരാജ് സയാജിറാവു (എം.എസ്) സർവകലാശാലയിൽ ഫിസിക്സ് അധ്യാപകനായി ചേർന്നു.''
''ആയിടക്കു ബോറാ സമുദായത്തിന്‍റെ ആത്മീയാചാര്യൻ സയ്യിദ്ന വഡോദരയിൽ വന്നതറിഞ്ഞു കാണാൻ ചെന്നു. ചെല്ലുമ്പോൾ പൂന്തോട്ടത്തിൽ പ്രാർഥനയിലാണ് നേതാവ്. കൂടെയുള്ള സ്വന്തക്കാരെ കണ്ടു കാര്യം പറഞ്ഞു. ഞാനും ഒരു ബോറയാണെന്നറിഞ്ഞപ്പോൾ പാന്റ്സും ഷർട്ടും അണിഞ്ഞു സയ്യിദ്നയെ കാണാൻ വന്നതിൽ അവർ ചൊടിച്ചു: 'ആചാരവേഷം അണിഞ്ഞേ വരാവൂ. താൻ സയ്യിദ്നയുടെ അടിമ (അബ്ദെ സയ്യിദ്)യാണെന്ന് അറിഞ്ഞുകൂടേ?' അല്ലാഹു അല്ലാതെ മറ്റാരുടെയും അടിമയാവാനാവില്ല എന്നു തിരിച്ചടിച്ചതോടെ എന്‍റെ കാര്യം തീരുമാനമായി. സമുദായം ഊരുവിലക്കു പ്രഖ്യാപിച്ച് വഡോദരയിലെ പ്രമുഖ ദർഗയുടെ മുന്നിൽ ബോർഡു വെച്ചു. യുവാവായിരുന്ന ഞാൻ ഗൗനിച്ചില്ല. അവിടംകൊണ്ടും അവസാനിപ്പിക്കാതെ അവർ പ്രതിഷേധവുമായി ഞാൻ ജോലി ചെയ്തിരുന്ന എം.എസ് യൂനിവേഴ്സിറ്റിയിൽ വന്ന് എന്നെ പുറന്തള്ളാനാവശ്യപ്പെട്ടു. 1983 വരെ അതു തുടർന്നു. അങ്ങനെയിരിക്കെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഗുജറാത്തിലെ വർഗീയകലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി എന്നെ വിളിച്ചു. ഇതറിഞ്ഞതോടെ ബോറകൾ നിലപാടു മയപ്പെടുത്തി. എന്നാൽ അതൊക്കെ അവഗണിച്ച് ഞാൻ ബോറ വിട്ടു. എന്‍റെ മുന്നിൽ വിശാലമായ മുസ്ലിം സമുദായമുണ്ടായിരുന്നു. അവർക്ക്, അതുപോലെ ദലിത് പിന്നാക്കവിഭാഗമടക്കമുള്ള സമൂഹത്തിലെ അവശർക്കുവേണ്ടിയായി പിന്നീട് പ്രവർത്തനം.''
1982ൽ വഡോദരയിൽ സംവരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയപ്പോൾ ദലിത് വിദ്യാർഥികൾ ടാർഗറ്റ് ചെയ്യപ്പെട്ടു. അന്നു ബോയ്സ് ഹോസ്റ്റൽ വാർഡനായ അദ്ദേഹം ഇരകളുടെ കണ്ണുകളിലെ ദൈന്യതയും അവരുടെ മാനസികാഘാതവും നേരിൽ കണ്ടു അനുഭവിച്ചു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൊട്ടടുത്ത ദലിത് കോളനിയിൽ പോയി മൂന്നു നാൾ ഉപവസിച്ചു. തിരിച്ചെത്തിയപ്പോൾ സംവരണവിരുദ്ധർ അദ്ദേഹത്തിന്‍റെ വീട് ആക്രമിച്ച് പ്രദേശത്തുനിന്ന് ആട്ടിയോടിച്ചു (അന്നു ആർക്കുവേണ്ടിയാണോ ഇതെല്ലാം സഹിച്ചത് അതേ ദലിത് സമുദായത്തിൽ പെട്ടവർ രണ്ടു പതിറ്റാണ്ടിനിപ്പുറം 2002ലെ വംശഹത്യക്കാലത്ത് സ്വന്തം വീടു കൊള്ളയടിച്ചു ചുട്ടെരിക്കുന്നതു കണ്ടപ്പോൾ ബൻദൂക്വാലക്ക് അത് താങ്ങാനാവാത്ത ആഘാതമായി).
വർഗീയകലാപങ്ങൾ വന്നുംപോയുമിരിക്കുന്ന ഗുജറാത്തിൽ നഗരങ്ങളെല്ലാം ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വീതംവെച്ചു കഴിഞ്ഞതാണ്. വഡോദരയിൽ സ്വന്തമായൊരു വീടുവെക്കാൻ ഇടം തേടുമ്പോൾ സ്വാഭാവികമായും എല്ലാവരും ഉപദേശിച്ചത് മുസ്ലിം പ്രദേശത്ത് താമസിക്കാനായിരുന്നു. എന്നാൽ രാജ്യത്തിന്‍റെ വൈവിധ്യഭാവത്തോട് കൂറുപുലർത്താനുള്ള ദൃഢനിശ്ചയത്തിൽ ബൻദൂക്വാല വഡോദര നഗരപ്രാന്തത്തിലെ സമായിൽ വീടുവെച്ചു. സന്തോഷപൂർവം അവിടെ ജീവിച്ചുവരുകയായിരുന്നു. അങ്ങനെയിരിക്കെയാണ് 2002ലെ ഗോധ്ര ദുരന്തം എല്ലാം അട്ടിമറിക്കുന്നത്.
''2002 ഫെബ്രുവരി അവസാനവാരം. ആർ.എസ്.എസുകാർ എന്നെ ഒരു പരിപാടിക്കു ക്ഷണിച്ചു; സവർക്കർ അനുയായികളെ അഭിസംബോധന ചെയ്യാൻ. ഒന്നര മണിക്കൂർ പരിപാടിയിലെ അവസാന പ്രഭാഷകനായിരുന്നു ഞാൻ. ആ പ്രഭാഷണം ഞാൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: 'സുഹൃത്തുക്കളേ, നിങ്ങൾ ഗാന്ധിയെ ആദരിക്കുന്നുവെങ്കിൽ, ഓരോ ഇന്ത്യൻ കുട്ടിക്കും ഈ നാട് എന്‍റേതാണ് എന്നു തോന്നത്തക്ക അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കണം. നിങ്ങൾ സവർക്കറെയാണ് സ്നേഹിക്കുന്നതെങ്കിൽ ഇവിടെ ജീവിക്കുന്ന പലരുടെയും നാടല്ല ഇതെന്നു നിങ്ങൾക്കു തോന്നും. അത് രാജ്യത്തെ ശൈഥില്യത്തിലേക്കു നയിക്കും.' പരിപാടി കഴിഞ്ഞു പന്ത്രണ്ടു മണിക്കൂർ പിന്നിടുമ്പോഴേക്കും ഗോധ്രയിൽ സബർമതി എക്സ്പ്രസ് ട്രെയിനിന്‍റെ എസ്-ആറ് കോച്ചിനു തീവെപ്പ് നടന്നു. അതേതുടർന്ന് ഗുജറാത്തിൽ സംഘ്പരിവാർ വംശഹത്യക്കു തിരികൊളുത്തിയപ്പോൾ വഡോദരയിൽ ഞാൻ ആദ്യ ഉന്നമായി. ഗോധ്രപ്പിറ്റേന്ന് വഡോദരയിൽ ആദ്യം ആക്രമിക്കപ്പെടുന്നത് എന്‍റെ വീടാണ്. തലേന്നാൾ ഞാൻ ഗാന്ധി-സവർക്കർ താരതമ്യത്തിനു മുതിർന്നതാവാം കാരണം. വീട്ടിലേക്ക് കൊലവിളി മുഴക്കിയെത്തിയവരിൽ തലേന്നാളിലെ പരിപാടി സംഘടിപ്പിച്ചവരുമുണ്ടായിരുന്നു. ആർ.എസ്.എസുകാർ ആക്രമണോത്സുകരായി വന്നപ്പോൾ ചുറ്റുവട്ടത്തുള്ള ഗാന്ധിയന്മാരായ സുഹൃത്തുക്കൾ അവരെ പിന്തിരിപ്പിച്ചു. എനിക്കൊന്നും സംഭവിക്കില്ലെന്ന് അവർ ആശ്വസിപ്പിച്ചു. എന്നാൽ രണ്ടാം വട്ടം എല്ലാം കണക്കുകൂട്ടി അവർ വന്നു. അതിനിടെ എന്‍റെ സംരക്ഷണത്തിനു രണ്ടു പൊലീസുകാരെ നിയോഗിച്ചിരുന്നു. ആൾക്കൂട്ടം ആക്രോശിച്ചുവന്നപ്പോൾ ഈ പൊലീസുകാർ അവരോടു പറയുന്നതു കേട്ടു: 'പതിനഞ്ചു മിനിട്ടേയുള്ളൂ, അതിനകം വേണ്ടതെല്ലാം ചെയ്തോണം.' എല്ലാം ചുട്ടുകരിക്കാനുള്ള ഗ്യാസ് സിലിണ്ടറുകളും ചുവര് കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങളുമെല്ലാമായി സർവസജ്ജരായിരുന്നു അവർ. കാൽ മണിക്കൂറിനകം അവർ എല്ലാം നശിപ്പിച്ചു. അയൽക്കാർ എന്നെയും മകൾ ഉമൈമയെയും തുടക്കത്തിലേ ഒരു വിധം രക്ഷപ്പെടുത്തി കൊണ്ടുപോയിരുന്നു. മുൻദുരന്തങ്ങളുടെ ആധിയിൽ വിഷാദരോഗം ബാധിച്ച് ഭാര്യ ഒരു വർഷം മുമ്പ് കണ്ണടച്ചതുകൊണ്ട് ഈ ഭീകരതക്കു സാക്ഷിയാവാതെ രക്ഷപ്പെട്ടു. തൊട്ടയൽപ്പക്കത്തെ ഒളിയിടങ്ങളിൽനിന്ന് ജീവിതത്തിൽ സ്വന്തമായി സ്വരുക്കൂട്ടിയതെല്ലാം അക്രമികൾ തല്ലിത്തകർക്കുന്നതും ചുട്ടെരിക്കുന്നതും കണ്ടുനിൽക്കേണ്ടിവരുന്ന ആ അവസ്ഥ ഓർത്തുനോക്കൂ...എന്നെ അമ്പരപ്പിച്ചത് പൊലീസിന്‍റെ സമീപനമാണ്. നേരത്തേ ഗാന്ധിയന്മാർ ആർ.എസ്.എസുകാരെ പിന്തിരിപ്പിച്ചെങ്കിൽ ഇപ്പോൾ പൊലീസ് ചെയ്യുന്നതെന്താണ്? അത് മുകളിൽനിന്ന് മോദിയുടെയും അമിത് ഷായുടെയും നിർദേശവും ആശീർവാദവും അനുസരിച്ചായിരുന്നു എന്നുറപ്പ്. അവർ ഇരുവരും അപകടകാരികളാണ്. അവരുമായി ചങ്ങാത്തവും ശത്രുതയും നടക്കില്ല.''
മോദിക്ക് ഉരുളക്കുപ്പേരി
ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്നു ആശ്വാസം തേടി മുംബൈയിലേക്കു പോയതായിരുന്നു ബൻദൂക്വാല. അവിടെ വെച്ച് ഒരു ടെലിവിഷൻ ചാനൽ ഒരു പ്രമുഖ അതിഥിയുടെ മുന്നിൽ നേരനുഭവം പറയാനായി ക്ഷണിച്ചു. അതിഥി മറ്റാരുമായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി തന്നെ. മുംബൈയിൽനിന്ന് ബൻദൂക്വാല ചേരുന്നു എന്ന് അവതാരകൻ പറഞ്ഞതും മോദിയുടെ കമന്‍റു വന്നു: ''ഓഹോ, അങ്ങേരിപ്പോൾ ഗുജറാത്തിൽനിന്നു ഓടിപ്പോയി അല്ലേ?'' ഉടനെ ബൻദൂക്വാല തിരിച്ചടിച്ചു: ''അതിനു ഗുജറാത്തിൽ നിങ്ങൾ എന്‍റെ സമുദായത്തിനു എന്താണ് ബാക്കിവെച്ചിരിക്കുന്നത്?''
അഭിമാനം വിട്ടുകളിക്കരുതെന്നത് അദ്ദേഹത്തിന്‍റെ ഉറച്ച തീരുമാനമായിരുന്നു, സഹജീവികൾക്കുള്ള എന്നത്തെയും സന്ദേശവും. തെരഞ്ഞെടുപ്പും അധികാരരാഷ്ട്രീയവുമൊക്കെ ചതുർഥിയായി കണ്ടിട്ടും എൺപതുകളിൽ ബറോഡയിൽ മത്സരിച്ചു. എന്തിനായിരുന്നു ആ സാഹസം എന്ന ചോദ്യത്തിനു കൃത്യമായിരുന്നു മറുപടി:
''ഞങ്ങൾ മുസ്ലിംകളും എല്ലാവരെയും പോലെ ഈ രാജ്യത്തെ പൗരന്മാരാണെന്നും ഞങ്ങൾക്കും ചില അവകാശങ്ങളുണ്ടെന്നും കോൺഗ്രസിനെയും ബി.ജെ.പിയെയും പഠിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഞങ്ങളെ പാഴ്ജന്മങ്ങളായി ഗണിക്കരുത്. 1947നു മുമ്പ് ഇന്ത്യയിൽ പലതും നടന്നിട്ടുണ്ട്. അതിന്‍റെ ഭാരം ഞങ്ങളുടെ മാത്രം തലയിൽ വെച്ചുകെട്ടി ഞങ്ങളോട് മോശമായി പെരുമാറരുത് എന്ന് വിളിച്ചുപറയുകയായിരുന്നു ലക്ഷ്യം. ബറോഡയിലെ ഗെയ്ക്വാദ് കുടുംബാംഗമായിരുന്നു അന്നു മുഖ്യസ്ഥാനാർഥി. ഞാൻ ജയിച്ചില്ലെങ്കിലും അദ്ദേഹത്തെ തോൽപിക്കാനായി''-ജയിച്ചില്ലെങ്കിലും ബൻദൂക്വാലക്ക് അഭിമാനം.
അദ്ദേഹവും മകളും പിന്നെ സമായിലെ പഴയ വീട്ടിലേക്ക് തിരിച്ചുപോയില്ല. പകരം സർവകലാശാല അധികൃതരോട് ഒരു ഫ്ലാറ്റ് അനുവദിക്കാൻ ആവശ്യപ്പെട്ടു. കാമ്പസിന്‍റെ ഒരു വിദൂരമൂലയിൽ അവർ ചെറിയൊരു പാർപ്പിടം അനുവദിച്ചു. അവിടെ താമസിക്കാനെത്തിയപ്പോൾ അയൽ ഫ്ലാറ്റുകളിലെ ഹിന്ദു കുടുംബങ്ങൾ കുടിയൊഴിഞ്ഞുപോയത് ബൻദൂക്വാലയെ പിന്നെയും ദുഃഖത്തിലാഴ്ത്തി. മികച്ച വിദേശവാസമുപേക്ഷിച്ച് രാഷ്ട്ര, ജനസേവക്കു വേണ്ടി നാടണഞ്ഞ ബൻദൂക്വാലക്ക് നാട് പകരം നൽകിയത് പകയുടെ അടങ്ങാത്ത കനലുകളായിരുന്നു. എന്നാൽ അതിൽനിന്നു പകപോക്കിനല്ല, പക നീക്കാനുള്ള വെളിച്ചം തേടിയ ആ മാതൃക അനന്യമായിരുന്നു എന്നുതന്നെ പറയണം. വംശഹത്യയുടെ തൊട്ടടുത്ത വർഷം മകൾ ഒരു ഗുജറാത്തി ഹിന്ദുവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം അതിനു സമ്മതം മൂളി. മകളും മരുമകനും യു.എസിലേക്കു കുടിയേറി. പക്ഷേ, ബൻദൂക്വാല വഡോദരയിൽ തന്നെ തങ്ങി, കത്തിയെരിഞ്ഞ ഗുജറാത്തിൽ എല്ലാം നഷ്ടപ്പെട്ട തന്‍റെ സമുദായത്തെ കരകയറ്റാനുള്ള യജ്ഞവുമായി.
അങ്ങനെ 20 വർഷം മുമ്പ് രൂപംകൊടുത്തതാണ് സിദ്നി ഇൽമ ചാരിറ്റബ്ൾ ട്രസ്റ്റ്. എന്‍റെ വിജ്ഞാനം വർധിപ്പിക്കണേ എന്ന പ്രാർഥനയാണ് ആ പേരിന്‍റെ അർഥം. ഉന്നതവിദ്യാഭ്യാസം നേടിയ മുസ്ലിംകളുടെ ഒരു കേഡറിനെ ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. 2021 വരെ 63 ലക്ഷം രൂപ സ്കോളർഷിപ്പ് ഇനത്തിൽ ചെലവഴിച്ചു. മെഡിക്കൽ, എൻജിനീയറിങ്, മറ്റു പ്രഫഷനൽ കോഴ്സുകൾ എന്നിവയിലായിരുന്നു ഊന്നൽ. അവരുടെ വിദ്യാഭ്യാസ ചെലവ് മുഴുവനായി ഏറ്റെടുത്തു. ഏഴു കോടി രൂപ ഇതിനകം ചെലവിട്ടു.
വിദ്യാഭ്യാസത്തിലാണ് സമുദായത്തിന്‍റെ ഭാവി. ഉന്നതനിലയിലുള്ള വിദ്യാഭ്യാസവും സമുദായത്തിന്‍റെ അഭ്യുന്നതിയെക്കുറിച്ച ബോധവും രണ്ടും ഒരുമിച്ചുചേരണം. ''രാഷ്ട്രീയക്കളികളിൽ നിങ്ങൾക്ക് ജയിക്കാനാവില്ല. ഭറൂച്ചുകാരനായ അഹ്മദ് പട്ടേലിന് കോൺഗ്രസിൽ മുന്നിലെത്താനായി. എന്നിട്ട് ഗുജറാത്ത് മുസ്ലിംകൾക്കു വേണ്ടി വല്ലതും ചെയ്യാനായോ? നേരിടാനുള്ളത് മോദിയെയും അമിത്ഷായെയുമാണ്. അവരെ എനിക്ക് അടുത്തറിയാം. അകമേ വിഷം നിറച്ചവരാണവർ. അവരുമായി പൊരുതി നിൽക്കാനാവില്ല. അവർക്കു പിന്നിൽ കരുത്തുറ്റ ഹിന്ദുത്വ പ്രസ്ഥാനമുണ്ട്. അവർക്കെതിരെ ശാന്തമായ വിപ്ലവമാണ് വിജയിക്കുക. മുസ്ലിം, ദലിത് മക്കൾക്ക് വിദ്യാഭ്യാസം നൽകുക. അവരെ ഉന്നതനിലകളിലെത്തിക്കുക. വിമോചനത്തിനു വഴിയൊന്നേയുള്ളൂ-വിദ്യാഭ്യാസം മാത്രം. അതും മുകൾത്തട്ടിലുള്ള മുസ്ലിംകൾ നേടിയാൽ പോരാ. താഴേ തട്ടിലുള്ളവരും അതു നേടി ഉയരണം. അതിനായി ഞങ്ങൾ സ്പെഷൽ സ്കീം ഉണ്ടാക്കി. ഇന്ത്യൻ നൊബേൽ ജേതാവും ഭൗതികശാസ്ത്രജ്ഞനുമായ വെങ്കി രാമകൃഷ്ണനാണ് പങ്കാളി. ചേരികളിൽനിന്ന് അഞ്ചു വീതം ഹിന്ദു-മുസ്ലിം പെൺകുട്ടികളെ തെരഞ്ഞെടുത്ത് അവരെ മികച്ച സ്കൂളുകളിൽ ചേർത്ത് ഉയർന്ന വിദ്യാഭ്യാസം നൽകുകയാണ്. ഇരുസമുദായക്കാർ ഒന്നിച്ചു പഠിക്കട്ടെ. സംഘർഷത്തിന്‍റെയല്ല, സമാധാനത്തിന്‍റെ മനോഭാവം വളരട്ടെ. കലഹങ്ങളുടെ പഴയ കാലത്തേക്ക് ഇനിയും നമ്മൾ തിരിഞ്ഞുനടന്നുകൂടാ. അതോടൊപ്പം നമ്മുടെ അന്തസ്സ് കൈവിടുകയുമരുത്.''
''പതിനഞ്ചു ദിവസം മുമ്പ് ഗോധ്രയുടെ അപ്പുറം ദെറോളിൽനിന്നു ഒരു കുടുംബം കാണാൻ വന്നു. അവിടെയൊരു ഗ്രാമത്തിൽ 2002ലെ വംശഹത്യക്കാലത്ത് ആണുങ്ങളെ ഒന്നായി കൂട്ടക്കൊല ചെയ്തു. കഴിഞ്ഞ 20 വർഷക്കാലമായി അവിടെ ഒരു കുഞ്ഞുപോലും പിറന്നിട്ടില്ല. ഒരു മാസം മുമ്പ് അവിടെ ഒരു കുഞ്ഞു പിറന്നു. അതിനെയുമെടുത്താണ് അവരുടെ വരവ്. പിതാവ് കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ഉമ്മ തന്‍റെ പെൺകുട്ടികളെ പഠിപ്പിച്ചു. ഒരാൾ മൈക്രോ ബയോളജിസ്റ്റായി, മറ്റേയാൾ കെമിസ്റ്റായി ഹാലോനിലെ കെമിക്കൽ പ്ലാന്‍റിൽ ജോലി നേടി. അവരുടെ വിദ്യാഭ്യാസത്തിന് ഞാൻ സഹായിച്ചിരുന്നു. ഇന്നു അവർക്ക് ഇരുപതിനായിരത്തോളം രൂപ മാസശമ്പളമുണ്ട്. മൂത്തവളുടെ വിവാഹവും പ്രസവവും കഴിഞ്ഞ് അവർ വന്നിരിക്കുകയാണ്. കുഞ്ഞിനു ഞാൻ പേരിടണം, അതാണ് ആവശ്യം. അന്നത്തെ സഹായത്തിനുള്ള കടപ്പാട് രേഖപ്പെടുത്തുകയായിരുന്നു അവരുടെ ആവശ്യം. ഞാൻ അവൾക്ക് ഫാത്തിമസ്സുഹ്റ എന്നു പേരിട്ടു. പ്രവാചകപുത്രിയായ ഫാത്തിമയേക്കാൾ അന്തസ്സിന്‍റെ അടയാളമായി എനിക്കു നൽകാവുന്ന വേറെ ഏതു പേരുണ്ട്?''-കണ്ണുനിറച്ചു ചോദിക്കുകയാണ് ബൻദൂക്വാല. എഴുപത്തേഴാം വയസ്സിൽ കണ്ണടയ്ക്കുമ്പോൾ 500 നിർധന മുസ്ലിംകളെ ഉന്നതവിദ്യാഭ്യാസത്തിലേക്കുയർത്തിയിരുന്നു അദ്ദേഹം.
ഇക്കണ്ട യജ്ഞങ്ങളിലൊക്കെ ബൻദൂക്വാല മുഴുകിയത് മോദിനാട് ആയി മാറിയ ഗുജറാത്തിനെ വീണ്ടും ഗാന്ധിനാടാക്കി മാറ്റാനുള്ള സ്വപ്നത്തിലായിരുന്നു. 2002ലെ വംശഹത്യയുടെ പേരിൽ മാപ്പുപറയാൻ ഹിന്ദുസമുദായത്തിൽനിന്ന് മനഃസാക്ഷിയുള്ളയാരെങ്കിലും കടന്നുവരുമെന്നും അതു ഇരുസമുദായങ്ങൾ തമ്മിലുള്ള പുനരൈക്യത്തിനു ആക്കം കൂട്ടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. മോദിയുടെ ഗുജറാത്തിനെയും ഇന്ത്യയെയും കുറിച്ച അതിരു കവിഞ്ഞ ശുഭാപ്തിയായിരുന്നു അത്. അതു വിഫലമായപ്പോൾ മുസ്ലിം സമുദായം വിട്ടുവീഴ്ചയോടെ പൊറുത്ത് നാടിന്‍റെ ശ്രേയസ്കരമായ ഭാവിയിലേക്കുള്ള പ്രയാണം സഫലമാക്കട്ടെ എന്നായി അദ്ദേഹത്തിന്‍റെ നിർദേശം. ഹർഷ് മാൻഡറെപ്പോലുള്ള സഹപ്രവർത്തകരൊക്കെ ഈ വിഷയത്തിൽ കലഹിച്ചെങ്കിലും അദ്ദേഹം ദേശീയമാധ്യമങ്ങളിലൂടെ നിലപാട് പ്രഖ്യാപിച്ചു: ''2002ലെ വംശഹത്യക്കാലത്ത് വലിയ വില നൽകേണ്ടി വന്ന ഗുജറാത്തി മുസ്ലിമായ ഞാൻ എന്നെയും എന്‍റെ സമുദായത്തെയും ദ്രോഹിച്ചവർക്ക് മാപ്പു നൽകുന്നു. 2002നു തൊട്ടുടനെയാണ് എനിക്ക് ആകെയുള്ള ഒരു മകളെ ഞാൻ ഗുജറാത്തി ഹിന്ദുവിനെ വിവാഹം കഴിക്കാൻ അനുമതി നൽകിയത്. ദൈവാധീനത്താൽ അവരിരുവരും സന്തുഷ്ടരാണ്. എനിക്ക് ഇന്ന് ഒരു ഗുജറാത്തി ഹിന്ദുവിനെയും വെറുക്കാനാവില്ല. ആർ.എസ്.എസിനു അതാവുമോ? എങ്കിൽ നമ്മുടെ പ്രിയ ഇന്ത്യയുടെ മുഖം തന്നെ മാറും.'' ഭയപ്പെടുത്തി മയപ്പെടുത്താനുള്ള ആക്രോശങ്ങൾക്കു നടുവിലും വിദ്വേഷത്തീയണക്കാനുള്ള പ്രവാചകപാഠം സമുദായത്തിനും നാടിനും പകർന്നുനൽകുകയായിരുന്നു ഈയൊരു മുൻകൈയിലൂടെ. അതിനൊരു മറുകൈ ഇന്ത്യ എന്നു നീട്ടും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.