മാഗസിൻ ജേണലിസത്തിലെ ചിത്രമെഴുത്തുകൾ

മാധ്യമം രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന 'മീറ്റ്​ ദ ആർട്ടിസ്​റ്റ്​​' സംവാദത്തി​ന്റെ ലിഖിതരൂപം. കബിത മുഖോപാധ്യായ, സുധീഷ്​ കോ​േട്ട​മ്പ്രം, കെ. സുധീഷ്​എന്നിവരാണ്​ ചിത്രമെഴുത്തുകാരുടെയും കലാകാരന്മാരുടെയും 'നിലപാട്​' പ്രഖ്യാപനത്തിൽ ഒത്തുചേർന്നത്​. 'മാധ്യമം' മുൻ പീരിയോഡിക്കൽസ്​ എഡിറ്ററും എഴുത്തുകാരനുമായ വി. മുസഫർ അഹമ്മദായിരുന്നു മോഡറേറ്റർ.വി. മുസഫർ അഹമ്മദ്: കേരളത്തിലെ മാഗസിൻ ജേണലിസത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇലസ്ട്രേഷൻ. നമുക്ക് അതിന്റെ പാരമ്പര്യവുമുണ്ട്. രേഖാചിത്രീകരണം എന്ന സംഗതി വളരെ കൂടുതൽ ആളുകൾ പ്രവർത്തിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ...

മാധ്യമം രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന 'മീറ്റ്​ ദ ആർട്ടിസ്​റ്റ്​​' സംവാദത്തി​ന്റെ ലിഖിതരൂപം. കബിത മുഖോപാധ്യായ, സുധീഷ്​ കോ​േട്ട​മ്പ്രം, കെ. സുധീഷ്​എന്നിവരാണ്​ ചിത്രമെഴുത്തുകാരുടെയും കലാകാരന്മാരുടെയും 'നിലപാട്​' പ്രഖ്യാപനത്തിൽ ഒത്തുചേർന്നത്​. 'മാധ്യമം' മുൻ പീരിയോഡിക്കൽസ്​ എഡിറ്ററും എഴുത്തുകാരനുമായ വി. മുസഫർ അഹമ്മദായിരുന്നു മോഡറേറ്റർ.

വി. മുസഫർ അഹമ്മദ്:  കേരളത്തിലെ മാഗസിൻ ജേണലിസത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇലസ്ട്രേഷൻ. നമുക്ക് അതിന്റെ പാരമ്പര്യവുമുണ്ട്. രേഖാചിത്രീകരണം എന്ന സംഗതി വളരെ കൂടുതൽ ആളുകൾ പ്രവർത്തിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെതന്നെ ആത്മനിഷ്ഠമായ അനുഭവങ്ങളും അതോെടാപ്പം ചിത്രകാരന്മാർ എന്നനിലക്ക് നമ്മുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ നോക്കി കണ്ടുകൊണ്ട് ഈ കാര്യങ്ങളോട് പ്രതികരിക്കുന്ന ഒരു സെഷനാണ്. 'വായനാമനുഷ്യന്റെ കലാചരിത്രം' എന്നുപറയുന്ന വളരെ പ്രധാനപ്പെട്ട ഒരു പുസ്തകം രണ്ടുവർഷം മുമ്പ് മലയാളത്തിൽ ഇറങ്ങുകയുണ്ടായി. കവിത ബാലകൃഷ്ണൻ എന്ന ചിത്രകാരി, ചിത്രകലാ അധ്യാപിക അവരുടെ പുസ്തകത്തിൽ അവതരിപ്പിക്കുന്ന സങ്കൽപമാണ് വായനാമനുഷ്യൻ. വായിക്കുന്ന മനുഷ്യന്റെ കലാചരിത്രം എന്താണ് എന്ന് അന്വേഷിക്കുന്ന മലയാളത്തിൽ ഒരുപക്ഷേ അങ്ങേയറ്റം അപൂർവമായ ഒരു രചനയാണ്. ഇത്തരത്തിൽ വരുന്ന രേഖാചിത്രങ്ങളെ കുറിച്ച് പലതരത്തിലുള്ള ലേഖനങ്ങളും മറ്റും പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ടെങ്കിലും അതിെന വളരെ സമഗ്രമായി ഏറക്കുറെ അച്ചടിയുടെ ആദ്യകാലം മുതലുള്ള മറ്റു ചേരുവകൾ, അതായത് എഴുതിയത് അല്ലാത്ത, കഥ, കവിത അങ്ങനെയുള്ള രൂപത്തിലുള്ളതല്ലാത്ത എന്തൊക്കെയാണ് നമ്മുടെ മാഗസിനുകളുടെ ഭാഗമായിട്ടുള്ളത്. ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ,കാർട്ടൂൺ സ്ട്രിപ്പു കൾ... ഇങ്ങനെ നിരവധിയായ മറ്റു കാര്യങ്ങളും കൂടിചേർന്നതാണ് നമ്മുെട മാഗസിനുകൾ. ഈ ഒരു പശ്ചാത്തലത്തിൽ നമുക്ക് സംസാരിച്ചുതുടങ്ങാം. കബിത മുഖർജി ഒരുപക്ഷേ തന്റെ ചിത്രകലാജീവിതം ആരംഭിക്കുന്നത് വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത്ത് റായിയുടെ സന്ദേശ് എന്ന കുട്ടികൾക്കുള്ള മാഗസിനിലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽ കബിത മുഖർജിയിൽനിന്ന് തന്നെ ചർച്ച തുടങ്ങുന്നതാകും നല്ലത്. നമ്മുടെ ചിത്രകല സാക്ഷരത എന്നുപറയുന്നത് കഥക്കോ കവിതക്കോ നാടകത്തിനോ വരക്കുന്ന ചിത്രങ്ങൾ മാത്രമാണോ..? അതല്ലാതെ ഈ പെയിൻറിങ് എന്ന സംഗതികളിലേക്ക് പോകുന്നത്, ആഴ്ചപ്പതിപ്പുകളിൽ വരുന്ന ചിത്രങ്ങൾ ഒരു സാധ്യതയാണോ അതോ തടസ്സമാണോ..?

കബിത മുഖോപാധ്യായ: ഇവിടത്തെ പ്രത്യേക സമൂഹത്തിൽ വളരെ പരിണതപ്രജ്ഞരായിട്ടുള്ള വായനക്കാരാണ് ഉള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചിത്രകാരന്മാർക്ക് മതിയായ പരിഗണന നൽകി അവരുടെ ഐഡന്റിറ്റിയെ പരിപോഷിപ്പിക്കാൻ മാധ്യമംപോലുള്ള ആഴ്ചപ്പതിപ്പുകൾ ശ്രമിക്കുന്നുമുണ്ട് എന്നാണ് എന്റെ ബോധ്യം. അതോെടാപ്പം ചിത്രകലാ സാക്ഷരത വായനക്കാരിലേക്ക് പകരുന്നതിന് വളരെ ജനാധിപത്യപരമായ റോളും അവർ വഹിക്കുന്നുണ്ട്. പക്ഷേ, എന്റെ നാട്ടിൽ ഒരു ചിത്രകാരി എന്ന നിലയിൽ ജീവിക്കുക വളരെ ബുദ്ധിമുട്ടാണ്. പണം കാര്യങ്ങൾ തീരുമാനിക്കുന്ന കോർപറേറ്റ് കാലത്ത് പിടിച്ചുനിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷേ അത് ഒരിക്കലും നമ്മുടെ കാഴ്ചക്കാരന്റെ അല്ലെങ്കിൽ വായനക്കാരന്റെയോ പ്രശ്നമല്ല. അത്തരം ഗാലറികൾ സൃഷ്ടിക്കുന്ന അന്തരം വളരെ വലുതാണ്. അവിടെ സാമ്പത്തികലാഭം ലക്ഷ്യംവെച്ച കളികളാണ്. അതിലൂടെ സഞ്ചരിക്കാൻ ഏറെ പാടുപെടും. എനിക്ക് തോന്നുന്നു ഇലസ്ട്രേഷൻ കുറേക്കൂടി സ്വതന്ത്രമായ പ്ലാറ്റ്ഫോമിൽകൂടി വരുന്നതാണ് നല്ലതെന്ന്. മാധ്യമം ആഴ്ചപ്പതിപ്പ് പോലെ ചിത്രകാരന്റെ സ്വാതന്ത്ര്യം പൂർണമാക്കാൻ കഴിയുന്ന മാധ്യമങ്ങൾ വഴിയാകുമ്പോൾ കൃത്യമായി വായനക്കാരനിലേക്ക് അല്ലെങ്കിൽ കാഴ്ചക്കാരനിലേക്ക് ആശയം കൈമാറാൻ കഴിയും.

എക്സിബിഷൻ വേദിയിൽ അരങ്ങേറിയ സുധീഷ് കോട്ടേമ്പ്രത്തിന്റെ ലൈവ് കാരിക്കേച്ചർ

മലയാളത്തിലെ എന്റെ മാതൃവാരികയാണ് 'മാധ്യമം'. എന്റെ ആദ്യവര മലയാളികൾക്ക് മുമ്പിലെത്തിക്കുന്നത് 'മാധ്യമ'മാണ്. പിന്നീട് ഗൗരവകരമായ ഒട്ടനവധി വർക്കുകൾ ഈ 'മാധ്യമം' വഴി എനിക്ക് ചെയ്യാൻ കഴിഞ്ഞു. അതിനുള്ള അവസരം തന്നതിൽ നന്ദി പറയാതെ പോകുന്നത് ശരിയല്ല. ഗാലറികളിൽ ഇടം കിട്ടാതെ പോകുന്ന ചിത്രകല സാധാരണ ജനങ്ങൾക്ക് മുന്നിൽ നിർത്തി ചിത്രത്തിനും ചിത്രകാരനും അർഹിച്ച പിന്തുണ നൽകുന്നത് ഇത്തരം വാരികകളാണ്. അതുവഴി വായനക്കാർക്ക് ദൃശ്യഭാഷ പഠിപ്പിക്കാനും വരികൾക്കിടയിൽ വായിക്കാനും ആസ്വദിക്കാനും കഴിഞ്ഞു. ഞാൻ ഒാർക്കുന്നു. ടാഗോറിന്റെ സഹജ് പാത്തിൽ വിഖ്യാത ചിത്രകാരൻ നന്ദലാൽ ബോസ് ഇലസ്ട്രേറ്റ് ചെയ്തിട്ടുണ്ട്. ആ പുസ്തകത്തിൽ വളരെ ലളിതമായ വരികളായിരുന്നു. കവിതയുടെ ഒരുഭാഗത്ത് ഒരു വീടിന് മുകളിലൂടെ മൂന്ന് പക്ഷികൾ പറന്നുപോകുന്നതാണ് രവീന്ദ്രനാഥ ടാഗോർ പറയുന്നത്. പക്ഷേ നന്ദലാൽ ബോസ് വരച്ചതിൽ രണ്ട് പക്ഷികൾ മാത്രമേയൂള്ളൂ. ഇത് ടാഗോർ േചാദിച്ചപ്പോൾ ബോസ് പറഞ്ഞു. പക്ഷികൾക്ക് ചലിക്കാൻ ക‍ഴിവുണ്ട്. അവ എല്ലായ്പ്പോഴും അവിടെ നിൽക്കണം എന്ന് നിർബന്ധമില്ല. അത് ഞാൻ വരച്ചപ്പോൾ ഒരു പക്ഷി പറന്നുപോയിരുന്നു. ഇതാണ് നൽകിയ മറുപടി. ഇതായിരുന്നു ഒരു ചിത്രകാരന്റെ സ്പേസ്. ഇതിൽ കൂടുതൽ പറയണമെന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിലൂടെ എന്നെ അറിഞ്ഞ, എന്റെ വരകളെ ഇഷ്ടെപ്പടുന്ന എല്ലാവർക്കും നന്ദി.

മുസഫർ അഹമ്മദ്: കെ. സുധീഷ് ഒരു ചിത്രകാരൻ എന്നനിലക്ക് രേഖാചിത്രീകരണം കൂടുതൽ സ്വതന്ത്രമായ, സമൂഹത്തിന്റെ പ്രതികരണങ്ങൾ കൂടുതൽ കിട്ടുന്ന ഒന്നായി തോന്നിയിട്ടുണ്ടോ..? അതുപോലെ വരച്ചതിൽ ഏറെ തൃപ്തി തോന്നുന്ന രചന ഏതാണ് എന്ന് വിശദീകരിക്കാമോ?

കെ. സുധീഷ്: ഞാൻ ആദ്യം ഇലസ്ട്രേഷൻ ചെയ്യുന്നത് 'മാധ്യമ'ത്തിലാണ്. ഇൗ ജോലി തുടങ്ങുന്നത് ഇവിടെ നിന്നാണ്. അതിനു മുമ്പ് ഇലസ്ട്രേഷനെ കുറിച്ച് ഒരു ധാരണയും എ നിക്കില്ലായിരുന്നു. ഒരു ചിത്രകാരൻ എന്ന രീതിയിൽ കേരളത്തിൽ ജീവിക്കുക വളരെ ബുദ്ധിമുട്ടാണ്. സാമ്പത്തിക സാധ്യതകൾ കഴിഞ്ഞ മുപ്പത് നാൽപത് വർഷങ്ങൾക്കിടക്ക് വളരെ കുറവായിരുന്നു. ഇപ്പോഴാണ് കുറച്ചുകൂടി സാധ്യതകൾ വന്നുതുടങ്ങിയത്. ഒരു ചിത്രകാരന് അയാളുടെ ജീവസന്ധാരണത്തിന് ഒരു തൊഴിൽ എന്ന നിലയിൽ ഇലസ്ട്രേഷൻ നല്ലൊരു സാധ്യതയാണ്. എന്നെ സംബന്ധിച്ച് ഇലസ്ട്രേഷൻ വലിയ സാധ്യതയാണ്. കേരളത്തിന്റെ ഒരു ചിത്രകലാ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ആർട്ടിസ്റ്റുകളെ നമ്മൾ അറിയില്ല. കെ.സി.എസ്. പണിക്കരാണെങ്കിലും മാധവൻ നായരാണെങ്കിലും തന്നെ. ഇലസ്ട്രേഷൻ ചെയ്യുമ്പോൾ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി. അതിന്റെ കാരണം, നമ്മൾ കാണുന്നത് അധികം പ്രിന്റ് മീഡിയ പ്രസിദ്ധീകരണങ്ങളാണ്. മലയാളി ശരിക്കും വായനാമനുഷ്യനാണ്. കണ്ടു മനുഷ്യൻ ചരിത്രം മനസ്സിലാക്കുന്നത് വളരെ ചുരുക്കമാണ്. അതിന് ലളിതമായ കാരണം എന്താണെന്ന് വെച്ചാൽ ഒന്ന്, മലയാളിയുടെ ചിത്രകലാ പാരമ്പര്യം വളരെ ചുരുങ്ങിയ കാലമായി ഉണ്ടായിട്ടുള്ളതാണ്. രാജാരവിവർമക്കൊക്കെ ശേഷമാണ് മോഡേൺ കാൻവാസ് പെയിൻറിങ്ങും ഒായിൽപെയിൻറിങ്ങുമെല്ലാം രൂപപ്പെടുന്നത്. ഇതിനുമുമ്പ് പാരമ്പര്യമില്ല എന്നതല്ല പറഞ്ഞത്. അന്ന് കളമെഴുത്തുപോലുള്ള റിച്വൽ ആർട്ടുകളായിരുന്നു. അത് പ്രത്യേക ചിത്രകല എന്നരീതിയിൽ അറിഞ്ഞിരുന്നില്ല. ആളുകൾ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് മനസ്സിലാക്കിയിരുന്നത്. ദൂെരനിന്ന് കണ്ടു ആസ്വദിക്കുന്ന ഒന്നായിട്ടേ അറിയുന്നുള്ളൂ. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ശരിക്ക് നമ്പൂതിരിയെ പോലുള്ളവരെ മാത്രം ചിത്രകലയുടെ പേരിൽ കുട്ടിക്കാലത്ത് കേട്ടിരുന്നത്. നമ്പൂതിരിയെ വരയുടെ തമ്പുരാൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ശരിക്കും നമ്പൂതിരി വരക്കുന്ന സമയത്തോ അതിന് മുമ്പോ കെ.സി.എസ് ഉണ്ടായിരുന്നു. അല്ലേൽ മാധവൻ നായരുണ്ടായിരുന്നു. നമ്മൾ അവരെ അറിയാതിരുന്നതിന്റെ കാരണമെന്താണെന്നുവെച്ചാൽ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രമാണ് മലയാളി ചിത്രകല അറിഞ്ഞിട്ടുള്ളത്. ഗാലറികളിലൂടെയോ മറ്റോ അല്ല. അങ്ങനെ ഒരു പ്രതിസന്ധി നമ്മുടെ നാട്ടിലുണ്ട്. ഒരു ചിത്രകാരനെ ജനങ്ങൾ അറിയണമെങ്കിൽ അത് പ്രസിദ്ധീകരിച്ച് പത്രങ്ങളിലൂടെയോ മറ്റോ വരണം. ഇതുകൊണ്ട് വലിയ ഒരുകൂട്ടം ചിത്രകാരന്മാർ വിസ്മൃതിയിലായി പോയിട്ടുണ്ട്. എനിക്കും കൂടുതൽ സൗഹൃദങ്ങളും ഈ മേഖലയിൽ അറിയപ്പെടുന്നതും ആഴ്ചപ്പതിപ്പിൽ വരച്ചുതുടങ്ങിയതോടെയാണ്. ഞാൻ അത്യാവശ്യം സാഹിത്യഗ്രന്ഥങ്ങൾ വായിക്കുന്ന കൂട്ടത്തിലാണ്. കിട്ടുന്നതെല്ലാം തപ്പിപ്പിടിച്ചുവായിക്കുന്നയാളാണ്. ഇലസ്ട്രേഷൻ ചെയ്യാനായി വായിക്കുമ്പോൾ അത് മറ്റൊരു അനുഭവമാണ്. ഒരു കഥാസന്ദർഭം തേടിപോകലാണ്. വരക്കാനുള്ള പോയൻറുണ്ടാക്കി എടുക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. അതുകൊണ്ട് രണ്ടും രണ്ടുതരം വായനയാണ്. മലയാളത്തിലെ ഒട്ടുമിക്ക പ്രശസ്തരുടെയും പുസ്തകങ്ങളിൽ ഇലസ്ട്രേഷൻ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നമ്മുടെ വരയും ആ സാഹിത്യസൃഷ്ടിയും പരസ്പരം സപ്പോർട്ട് ചെയ്യാൻ കഴിയണം. അങ്ങനെ വരുമ്പോൾ വലിയ ഇംപാക്ട് ഉണ്ടാകും. ആ രീതിയിൽ നോക്കിയാൽ ഇലസ്ട്രേഷൻ വളരെ പോസിറ്റിവായ ഒന്നായി തോന്നിയിട്ടുണ്ട്. ഇക്കാലത്ത് സാഹിത്യകൃതിയിലെ അവിഭാജ്യ ഘടകമായി ഇലസ്ട്രേഷൻ മാറി. ചിലരൊക്കെ അവരുടെ കഥകൾക്ക് ഇന്ന ആളു വേണം വരക്കാനെന്ന് നിർദേശിക്കാറുണ്ട്. ആ അർഥത്തിൽ അവർതന്നെ അതിൽ വലിയ താൽപര്യം കാണിക്കാറുണ്ട്. എഴുത്താണ് മുഖ്യമെങ്കിൽ വരകൂടി ചേരുമ്പോൾ പറയാനുദ്ദേശിച്ചത് കൂടുതൽ വ്യക്തതയോടെ കമ്യൂണിക്കേറ്റ് ചെയ്യും എന്നതുകൊണ്ടാകാം കേരളത്തിൽ ഇലസ്ട്രേഷൻ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.

രജതജൂബിലി എക്സിബിഷൻ വേദിയിൽ കെ. സുധീഷ് ശിൽപം ഒരുക്കുന്നു

മുസഫർ അഹമ്മദ്: അമ്പതുകളിൽ, അറുപതുകളിൽ, എഴുപതുകളിൽ ഇങ്ങനെ പത്ത് വർഷം വീതം എടുക്കുമ്പോൾ നമ്മുടെ രേഖാ ചിത്രീകരണത്തിനും മാഗസിൻ ജേണലിസത്തിനും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടാകുമല്ലോ... നേരത്തേ കെ. സുധീഷ് പറഞ്ഞപോലെ ഇന്നാളുടെ കഥക്ക് ഇന്നാള് വരക്കണം എന്ന് പറയുന്നത് വളരെ മുമ്പ് ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നേരത്തേ വി.കെ.എൻ പറയുമായിരുന്നു, എന്റെ കഥക്ക് നമ്പൂതിരി വരക്കണം എന്ന്. പക്ഷേ, പിൽക്കാലത്ത് നമ്മൾ കണ്ടെടുത്ത പല കഥാകൃത്തുക്കളും വരക്കപ്പെടാതെയും പോയിട്ടുണ്ട്. ഞാൻ കേരളത്തിലെ മാഗസിൻ ചരിത്രം എന്റേതായ രീതിയിൽ പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സി. അയ്യപ്പന്റെ കഥകൾ എവിടെയെങ്കിലും ഇലസ്ട്രേറ്റ് ചെയ്തിട്ടുണ്ടോ? ടി.കെ.സി. വടുതലയുടെ കഥകൾ എവിടേലും ഇലസ്ട്രേറ്റ് ചെയ്തിട്ടുണ്ടോ..? എനിക്ക് സംശയമാണ്. ആ കഥകളെല്ലാം പുസ്തകരൂപത്തിൽ വന്നിട്ടുണ്ട്. ഇവർ എഴുതിയ കാലത്ത് ഒന്നും മാഗസിനുകളിൽ എന്തുകൊണ്ടാണ് അവരെഴുതിയ മനുഷ്യരൂപങ്ങളുടെ ചിത്രങ്ങൾ വരാതെപോയത്. അത് ഇതിനകത്തെ വലിയ ഡിബേറ്റായി എനിക്ക് തോന്നുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്? അവർ പറഞ്ഞ മനുഷ്യരുടെ പ്രശ്നം തന്നെയാണോ... സുധീഷ് കോട്ടേമ്പ്രം, ഇന്ന് നമ്മൾ എങ്ങനെ നോക്കിക്കാണും?

സുധീഷ് കോട്ടേമ്പ്രം: ഞാൻ അതിലേക്ക് വരാം. നമ്മുടെ സാഹിതീയ ഭാവന പ്രത്യേകിച്ച് മാഗസിൻ ജേണലിസത്തിലൂടെ വെളിപ്പെട്ടിട്ടുള്ളത് ഒരു ദൃശ്യ-വാക് ബന്ധം ഉണ്ടായിട്ടുണ്ട്. മുപ്പതുകളിൽ കാനം ഒക്കെ എഴുതുന്ന സമയത്ത്, എ.എസോ ഭാസ്കരനൊക്കെയോ വരക്കുന്ന സമയത്ത്, അതിനും കുറച്ച് മുമ്പ് മലയാള മനോരമയിലൊക്കെ വന്നിരുന്ന ഫോട്ടോ ഇലസ്ട്രേഷൻസ് ഇവ ശ്രദ്ധിച്ചാലറിയാം. അന്ന് നാടകത്തിലഭിനയിക്കുന്ന ആളുകൾ നാടകട്രൂപ്പിനെ വെച്ച് ഇലസ്ട്രേഷൻ ചെയ്യുമായിരുന്നു. കഥാപാത്രമായി അഭിനയിച്ച് ഫോട്ടോഗ്രാഫ് കൊടുക്കും. ആ ഫോട്ടോക്ക് അടിക്കുറിപ്പായി വിവരണംകൊടുക്കും. ഇന്ന രംഗം എന്നത്. ഈ അടുത്തകാലത്തായി ഞാനത് മറിച്ചുനോക്കുമ്പോൾ എനിക്ക് തോന്നിയത് അപ്പോഴും നമ്മൾ ആശ്രയിക്കുന്നത് സാഹിതീയ ഭാവനയെ തന്നെയാണ്. അതിന്റെ ഡിസ്ക്രിപ്ഷൻ ഒന്നൂടെ ഊന്നുകയാണ് ലിറ്ററേച്ചറിലേക്ക്. ഒരാൾ പുറം ചൊറിയുന്ന ഫോട്ടോ കൊടുത്തിട്ട്. ഒരാൾ പുറം ചൊറിയുന്നു എന്ന് അടിക്കുറിപ്പ് കൊടുക്കുന്ന ഒരു രീതി മല‍യാളത്തിലുണ്ടായിരുന്നു. ഇലസ്ട്രേഷൻ വന്നതോടുകൂടി എഴുത്തുകാരുടെ അല്ലെങ്കിൽ പത്രാധിപരുടെ സ്വാധീനത്തിൽനിന്ന് ആർട്ടിസ്റ്റ് കുറേകൂടി വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. നേരത്തേ പറഞ്ഞ സെലിബ്രേറ്റഡ് ആയിട്ടുള്ള ഇലസ്ട്രേറ്റർമാരെ നമ്മൾ പറയുന്നത് രേഖാചിത്രകാരന്മാർ എന്നാണ്. സത്യത്തിൽ നമ്മൾ ടെക്നോളജിക്കലായ പരിമിതികൊണ്ടാണ് അത് പറഞ്ഞുവന്നിരുന്നത്. അന്ന് നമുക്ക് കളറിന്റെ ഗ്രഡേഷനൊന്നും പ്രിന്റിൽ കിട്ടില്ല. പ്രിന്റ് അന്ന് ടെക്നോളജിക്കലി വികസിച്ചിരുന്നില്ല. ആ സമയത്ത് ലൈൻ ക്വാളിറ്റി വന്നുകഴിഞ്ഞാൽ അത് കൃത്യമായി പ്രിന്റിൽ വരും. അങ്ങനെയാണ് ലൈനിന് വലിയൊരു അപ്രമാദിത്വം കിട്ടിയത്. അല്ലാതെ ഒരു വരകൊണ്ട് ചിത്രം വരക്കുന്നത് വലിയ കൗതുകം ഒന്നുമല്ല. പക്ഷേ സാങ്കേതികമായി കുറെ മാറി. ദൃശ്യങ്ങളാണ് ഇപ്പോൾ ലോകം ഭരിക്കുന്നത്. ഒരു വാർത്ത കൺവേ ചെയ്യുന്നതിനേക്കാളും ഒരു വാർത്താ ചിത്രത്തിന് കൺവേ ചെയ്യാൻ പറ്റും. കാണപ്പെട്ട ലോകം എഴുത്തിൽ വന്നിട്ടുണ്ട്. വേറെ ഒരു ഉദാഹരണം ഞാൻ പറയാം. കെ.എ. സെബാസ്റ്റ്യന്റെ ഒരു നോവലിന് നമ്പൂതിരിയാണ് വരച്ചത്. സത്യത്തിൽ നമ്പൂതിരിയുടെ വേ ഒാഫ് ഇലസ്ട്രേഷൻ പരാജയപ്പെടുന്ന ഇടം ആ വാരികയിൽ കണ്ടു. കെ.എ. സെബാസ്റ്റ്യന്റെ നോവൽ വരുന്നത് കടലോര ജീവിതത്തിന്റെ വളരെ സെബാൾട്ടനായിട്ടുള്ള ഒന്നിലാണ്. നമ്മൾ സി. അയ്യപ്പനെ കുറിച്ച് പറയുന്നതുപോലെ വെറെ, അതൊരു വേറൊരു തലമായിരുന്നു. എനിക്ക് അങ്ങനെ പറയാൻ പറ്റുമോ എന്നറിയില്ല. എന്നാലും നമ്പൂതിരിക്ക് ആ ഒരു സൗന്ദര്യശാസ്ത്രം പിടിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്തരത്തിൽ ദലിത് അനുഭവങ്ങളെ ഒന്നും റെപ്രസെന്റ് ചെയ്യാൻ ആ രേഖകൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. അതേപോലെ ആയിരിക്കാം. എനിക്കറിയില്ല എന്തുകൊണ്ടായിരിക്കാം സി. അയ്യപ്പന്റെ കഥകളൊന്നും വരക്കാതെപോയതെന്ന്. അത് പത്രാധിപരുകൂടി പറയേണ്ട മറുപടിയാണ്. കാരണം അവരാണ് തീരുമാനിക്കുന്നത് ആര് ആർക്കൊക്കെ വരക്കണം എന്നത്. ഒരുപക്ഷേ, 'മാധ്യമ'മാണ് ഇത്ര സ്പേസ് ആർട്ടിസ്റ്റുകൾക്ക് നൽകിയത്. എഴുത്തുകാർക്കൊപ്പം ചിത്രീകരണം എന്ന് പറഞ്ഞ് ആർട്ടിസ്റ്റിന്റെ പേര് കൊടുക്കാൻ തുടങ്ങിയ ആദ്യത്തെ വീക്കിലി മാധ്യമം ആയിരിക്കും. എന്റെ വ്യക്തിപരമായ പരിചയം പറയാം. കിട്ടുന്ന അംഗീകാരം വലുതാണ്. ഒരു പാരലൽ ആർട്ട് ഗാലറിയായി മാഗസിനുകൾ മാറുന്നുണ്ട് തൊണ്ണൂറുകൾക്ക് ശേഷം. അതൊരു വലിയ ഇംപാക്ട് ആണ്. മറ്റൊന്ന് വരയിൽ നമ്മൾ നേരിടുന്ന വെല്ലുവിളികളുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ വായിച്ചിട്ടുള്ള കഥകളുടെ പ്രതികരണമാണ് എന്റെ വരകളിലുള്ളത്. സീൻ ബൈ സീൻ നോക്കി വരക്കുന്ന പണി ഞാൻ ഉപേക്ഷിച്ചു. ക്രിയേറ്റിവായ പ്രതികരണമാണത്. പല എഴുത്തുകാരും പറയും, എന്റെ കഥാപാത്രം ഇങ്ങനെ അല്ല, ആൾ ഉടുത്ത സാരിയുടെ നിറം അതല്ല എന്നൊക്കെ...പക്ഷേ അതിനെ മറികടക്കേണ്ടതുണ്ട്. ഒരു കഥാകൃത്തിന് ഒരു കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലേക്ക് എത്ര വേണമെങ്കിലും സഞ്ചരിക്കാം. പക്ഷേ, ആർട്ടിസ്റ്റ് ആലോചിക്കുന്നത് അതിലെന്ത് വരക്കാനുണ്ട് എന്നതാണ്. ഒരുപക്ഷേ ഒരു മുറിയിലുള്ള ഒരു വസ്തുവിനെയായിരിക്കും വരക്കുക. പാത്രമോ കസേരയോ അങ്ങനെ എന്തെങ്കിലും. കസേര വരക്കുമ്പോൾ, കസേരക്ക് ഒരുപാട് പ്രതീക അർഥമാനങ്ങൾ നമ്മൾ കൊടുത്തിട്ടുണ്ട്. ആ സംഗതി വരച്ചാൽ നമ്മൾ പെട്ടുപോകുകയാണ്. ആ പ്രതീക വായനകൂടി ആവശ്യപ്പെടുകയാണ്. അതിൽനിന്ന് മറികടക്കലാണ് നമ്മുടെ ഏറ്റവും വലിയ ചലഞ്ച്. ഞാൻ കസേരയെ പറ്റി പറഞ്ഞപ്പോൾ ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ പോകുന്ന ആൾ കയറി നിൽക്കുന്നതായിരിക്കാം ആ കസേര. അല്ലെങ്കിൽ തട്ടിവീഴുന്നത്. ആ ഒബ്ജക്റ്റിലാണ് വിഷ്വൽസ് കിടക്കുന്നത്. ആ കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളെ മുഴുവൻ നമുക്ക് ഒരു ഒബ്ജക്റ്റിലേക്ക് റിഫ്ലക്ട് ചെയ്യാൻ കഴിയണം. അതിലേക്കെത്താൻ എല്ലായ്പ്പോഴും നരേറ്റിവ് ആയി മാത്രമല്ലാത്ത ഐകണോഗ്രഫിക്കായി കൂടി ശ്രമിക്കും. അങ്ങനെ ഒരു റൂട്ട് ഉണ്ട് വിഷ്വൽസിന്. പക്ഷേ അത് ഒരിക്കലും നമ്മുടെ കാണിസമൂഹം കണ്ടെത്തുന്നുണ്ടോ എന്നാണ് എന്റെ സംശയം. സിനിമ കാണുമ്പോൾ ഇപ്പോഴെങ്കിലും കഥയില്ലാതെ സിനിമ കാണാൻ പഠിച്ചില്ലേ...അതുപോലെ കഥയില്ലാതെ എങ്ങനെ ചിത്രം കാണാം എന്നൊരു കാഴ്ച നമ്മൾ ആവശ്യപ്പെടുകയാണ്. പ്രതീകാർഥങ്ങളിൽനിന്ന് പുറത്തുകടക്കുന്നതുകൂടി ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇപ്പോൾ കാക്കയെ വരക്കുമ്പോൾ, അത് ബലികാക്കയാണോ...എന്നാണ് ചോദിക്കുന്നത്. അപ്പോൾ ജോസഫിന്റെ കവിതയിൽ പറയുന്നുണ്ട്, ഇത് ബലികാക്കയല്ല ഇത് വെറും കാക്കയാണെന്ന്. പ്രതീകാർഥങ്ങളിൽനിന്ന് മറികടക്കാനാണ് ശ്രമിക്കേണ്ടത്. നമുക്ക് എത്രമാത്രം ആ പരിഗണന പത്രാധിപരുടെ അടുക്കൽനിന്ന് കിട്ടുന്നുണ്ട് എന്നതാണ് മറ്റൊന്ന്. ഞാൻ പറയുന്നത് ആർട്ടിസ്റ്റ് രണ്ടാം വായനക്കാരനാണ്, ഒന്നാം വായനക്കാരൻ പത്രാധിപരാണെങ്കിൽ. ആ ഒരു പ്രിവിലേജ് നമ്മളെ കൂടുതൽ ഊർജസ്വലമാക്കുന്നുണ്ട്. പുതിയ കഥവരുന്നു, പുതിയ ഭാവുകത്വം വരുന്നു എന്നതെല്ലാം തൊട്ടറിയാനാകും. നല്ല കഥക്ക് വേണ്ടി വരക്കാൻ നമ്മൾ മത്സരിക്കും. ആ കഥയുടെ ഇംപാക്ടിനൊപ്പമെത്താൻ പ്രയത്നിക്കും. ഇപ്പോൾ പേജിനകത്തെ കല എന്നുപറയുന്നത് ഒരു സാഹിതീയമായ വായനസമൂഹത്തിൽ വളരെ പ്രധാനപ്പെട്ട താണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം വാക്കിന് കിട്ടുന്ന ആധികാരികത വരക്കും കിട്ടുന്നു എന്നതാണ്. ഇപ്പോൾ ഈ പരിപാടിതന്നെ ആ അർഥത്തിൽ വളരെ പ്രോത്സാഹിപ്പി ക്കപ്പെടേണ്ട ഒന്നാണ്. വളരെ ഒാഫ്സ്റ്റേജ് ആ‍യ ഒരു ഐറ്റത്തെ ഇവിടെ ചർച്ചചെയ്യാൻ ക്ഷണിക്കുന്നു വെന്നതുതന്നെ. ആ അർഥത്തിൽ 'മാധ്യമ'ത്തോട് ഞാൻ നന്ദിപറയുന്നു.

മീറ്റ് ദ ആർട്ടിസ്റ്റ് സെഷനിൽ പങ്കെടുത്ത കബിത മുഖോപാധ്യായക്ക് മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ഉപഹാരം നൽകുന്നു 


 


Tags:    
News Summary - madhyamam weekly silver jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 02:15 GMT
access_time 2024-11-18 03:30 GMT