ഏക് നാഥ് ഷിൻഡെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പംമഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ മഹാവികാസ് അഘാഡി സർക്കാറിനെ മറിച്ചിട്ടതിനു പിന്നിൽ രാഷ്ട്രീയ പക മാത്രമല്ല; ശിവസേനയുടെ പുനർ നിർമാണവും അതിന് എല്ലാ വിഭാഗം ജനങ്ങളിലുമുണ്ടായ സ്വീകാര്യതയും പ്രധാന ഘടകമാണ്. ബാൽ താക്കറെയുടെ ശിവസേനയിൽനിന്ന് ഉദ്ധവ് താക്കറെയുടെ ശിവസേനയിലേക്ക് വലിയ ദൂരമുണ്ട്. പ്രാദേശിക പാർട്ടിയിൽനിന്ന് മുഖ്യധാരയിലേക്ക് പാർട്ടിയെ നയിച്ചുവരുന്നതിനിടയിലാണ് ശിവസേനയുടെ നെടുകെ പിളർത്താനുള്ള വിമതശ്രമം. ബാൽ താക്കറെയുടെ കടുത്ത ഹിന്ദുത്വയിൽനിന്ന് സർവധർമ സമഭാവ് ലിബറൽ സ്വഭാവത്തിലേക്ക് ശിവസേനയെ പുനർനിർവചിക്കുകയായിരുന്നു ഉദ്ധവ്. വിമതനീക്കത്തിൽ ഉദ്ധവ് വീഴുമെന്നായപ്പോൾ മുസ്ലിംകളും സോഷ്യലിസ്റ്റുകളും ഇടതരും അടക്കം മുമ്പ് ശിവസേനയെ തള്ളിപ്പറഞ്ഞവരൊക്കെ അദ്ദേഹത്തിനായുള്ള പ്രാർഥനയിലായിരുന്നു. വിശ്വാസവോട്ടിനു നിൽക്കാതെ ഉദ്ധവ് രാജിവെച്ചതോടെ അവർ അതീവദുഃഖിതരുമായി. അതേസമയം, താക്കറെമാർക്കുവേണ്ടി ചാവേറുകളായിരുന്ന ശിവസൈനികരിലുണ്ടായ ആശയക്കുഴപ്പവും കാണാതിരുന്നുകൂടാ.
ഉദ്ധവിന്റെ വിശ്വസ്തനായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 39 ശിവസേന എം.എൽ.എമാരാണ് വിമതനീക്കം നടത്തിയത്. 55 ശിവസേന എം.എൽ.എമാരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 37ലേറെ പേർ തങ്ങൾക്ക് ഒപ്പമാണെന്നും അതിനാൽ യഥാർഥ ശിവസേന തങ്ങളാണെന്നുമാണ് വിമതപക്ഷത്തിന്റെ അവകാശവാദം. അവരതിൽ ഉറച്ചുനിൽക്കുന്നു. ഇത് ഉദ്ധവ് താക്കറെക്ക് വൻവെല്ലുവിളിയാണ് ഉയർത്തുന്നത്. ബാൽതാക്കറെ പഠിപ്പിച്ച ഹിന്ദുത്വയുടെ പേരിലാണ് വിമതനീക്കം. എൻ.സി.പിയും കോൺഗ്രസുമായി ചേർന്നുള്ള ഭരണത്തിൽ ഉദ്ധവ് ഹിന്ദുത്വയെ മറന്നെന്നും ബി.ജെ.പിയാണ് സ്വാഭാവിക സഖ്യകക്ഷിയെന്നുമാണ് വിമതരുടെ വാദങ്ങൾ. എന്നാൽ, വിമതനീക്കത്തിനു പിന്നിൽ പ്രത്യയശാസ്ത്ര പ്രതിസന്ധിയല്ല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ തീട്ടൂരമാണെന്ന വാദമാണ് ഔദ്യോഗികപക്ഷം ഉന്നയിക്കുന്നത്. അമിത് ഷായുടെയും മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെയും നിർദേശങ്ങളാണ് കേന്ദ്ര ഏജൻസികൾ നടപ്പാക്കുന്നതെന്നും ആരോപിക്കുന്നു.
വിമതപക്ഷത്തെ പ്രധാനികളിൽ ഒന്ന് പ്രതാപ് സർനായികാണ്. ഇ.ഡി അന്വേഷണവും സ്വത്ത് കണ്ടുകെട്ടലുമൊക്കെയായി പൊറുതിമുട്ടിയ ഇദ്ദേഹമാണ് ഒരു വർഷം മുമ്പ് ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവിന് കത്തെഴുതിയത്. താനുൾപ്പെടെ പലരും അവരുടെ കുടുംബവും ഏജൻസികളുടെ അന്വേഷണം നേരിടുകയാണെന്നും അതിൽനിന്ന് രക്ഷപ്പെടാൻ മറ്റു മാർഗമില്ലെന്നുമാണ് സർനായിക് കത്തിൽ പറഞ്ഞത്. ഷിൻഡെ ഉൾപ്പെടെ ശിവസേന നേതാക്കൾക്ക് റിയൽ എസ്റ്റേറ്റ് വ്യവസായമുണ്ട്. ഇതിൽ പിടിച്ചാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. വിമതരിൽ പകുതിയിലേറെ പേർക്ക് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഏക് നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി വിമതനീക്കത്തിന് മാസങ്ങളായി ഫഡ്നാവിസ് ശ്രമം നടത്തുന്നു. എന്നാൽ, ഉദ്ധവിനെ ചതിക്കാൻ ഷിൻഡെ ഒരുക്കമായിരുന്നില്ല. ഇ.ഡി അന്വേഷണം നേരിടുന്ന നേതാക്കൾ ഷിൻഡെയോടായിരുന്നു തങ്ങളുടെ ദുഃഖം പങ്കുവെച്ചത്. ഷിൻഡെക്കും താണെ, നവി മുംബൈ മേഖലയിൽ റിയൽ എസ്റ്റേറ്റ് വ്യവസായമുണ്ട്. തന്റെ വിശ്വസ്തൻ സച്ചിൻ ജോഷിയും ഇ.ഡി റഡാറിലായതോടെയാണ് ഷിൻഡെ ഫഡ്നാവിസിന്റെ വലയിൽ വീണതെന്നാണ് ശിവസേനയിലെ അടക്കംപറച്ചിൽ. ജൂൺ 20ന് നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് എം.എൽ.എമാരുമായി അത്താഴവിരുന്നിന് പോയ ഷിൻഡെ പിന്നീട് വിമതനേതാവായാണ് കാണപ്പെട്ടത്.
ആഭ്യന്തരം കൈയിലുണ്ടായിട്ടും വൻ ആസൂത്രണവും നീക്കവും അഘാഡി അറിഞ്ഞില്ല. അത്താഴവിരുന്നിന് പോയ എം.എൽ.എമാർ കേന്ദ്ര ഏജൻസികളുടെ വലയിലായിരുന്നു എന്നാണ് സൂറത്തിലെ ഹോട്ടലിൽനിന്ന് ചാടിപ്പോന്ന നിതിൻ ദേശ്മുഖ്, കൈലാശ് പാട്ടീൽ എന്നിവർ ആരോപിച്ചത്. വിമതരെ ആദ്യം പാർപ്പിച്ചത് സൂറത്തിലെ നക്ഷത്ര ഹോട്ടലിലായിരുന്നു. വിമതരിൽ രണ്ടുപേർ ചാടിപ്പോകുകയും ശേഷിച്ചവരിൽ പലരും ഔദ്യോഗികപക്ഷവുമായി ബന്ധപ്പെടുകയും ചെയ്തതോടെ ക്യാമ്പ് അസമിലെ ഗുവാഹതിയിലേക്ക് മാറ്റി. വിമതർ മുംബൈയിലെത്തിയാൽ ക്യാമ്പ് പൊട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്ധവും എൻ.സി.പി അധ്യക്ഷൻ ശരത് പവാറും. എന്തെന്നാൽ, താക്കറെമാരേക്കാൾ വലുതല്ല ശിവസൈനികർക്ക് മറ്റെന്തും. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ച് കൂടുതൽ പേർ ഗുവാഹതിയിലെ ഹോട്ടലിലേക്ക് പോകുന്നതാണ് കണ്ടത്. ഇതോടെ, ഉദ്ധവിലെ പ്രതീക്ഷയറ്റു. രാജിക്ക് ഏത് നിമിഷവും തയാറായിരുന്ന ഉദ്ധവിനെ അവസാന നിമിഷംവരെ പിടിച്ചുനിർത്തിയത് ശരത് പവാറാണ്.
ഛകൻ ഭുജ്ബൽ, നാരായൺ റാണെ, രാജ് താക്കറെ എന്നിവരുടെ വിമതനീക്കങ്ങൾ ശിവസേന സ്ഥാപകൻ ബാൽ താക്കറെ അഭിമുഖീകരിച്ചതാണ്. എന്നാൽ, മകൻ ഉദ്ധവിനു മുന്നിൽ ഷിൻഡെ നടത്തിയ വിമതനീക്കം ശിവസേനയുടെ വേരറുക്കാനുള്ള നീക്കമായാണ് കാണുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പിയുമായി ചേർന്ന് മത്സരിച്ചിട്ടും ദേവേന്ദ്ര ഫഡ്നാവിസിനെ അധികാരത്തിൽ നിന്നകറ്റാൻ ശരത് പവാറുമായി ചേർന്ന് ഉദ്ധവ് നടത്തിയ നീക്കം ബി.ജെ.പിക്ക് അഥവാ അമിത് ഷാക്കും ദേവേന്ദ്ര ഫഡ്നാവിസിനും പൊറുക്കാനാകുന്നതല്ല. രണ്ടര വർഷം ശിവസേനക്ക് മുഖ്യമന്ത്രി പദം നൽകാമെന്ന് അമിത് ഷാ വാക്കുതന്നതായാണ് ഉദ്ധവ് അവകാശപ്പെട്ടത്. എന്നാൽ, അമിത് ഷായും ഫഡ്നാവിസും അത് നിഷേധിച്ചു. പവാറിനൊപ്പം ചേർന്ന് മഹാവികാസ് അഘാഡി രൂപവത്കരിക്കുകയും പവാറിന്റെ നിർബന്ധത്തിന് വഴങ്ങി ഉദ്ധവ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഫഡ്നാവിസും അമിത് ഷായും കൃത്യസമയത്തിനായി കാത്തുനിൽക്കുകയായിരുന്നു. അഭിപ്രായഭിന്നതകൾക്കിടയിലും മൂന്ന് പാർട്ടികളും ഒന്നിച്ചതോടെ എം.എൽ.എമാരെ പിളർത്തുക അത്ര എളുപ്പമായിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന ഭീതി ഭരണപക്ഷ എം.എൽ.എമാർക്കുമുണ്ടായി. പിന്നീട് വന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും അഘാഡി സഖ്യം ഭീഷണിയാകുന്നത് ബി.ജെ.പി തിരിച്ചറിഞ്ഞു. മുൻ പരിചയങ്ങളൊന്നുമില്ലാത്ത യാദൃച്ഛിക മുഖ്യമന്ത്രിയായിട്ടും ഉദ്ധവ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി ജനസമ്മതി നേടി. ഉദ്യോഗസ്ഥന്മാരെ അവരുടെ കഴിവിനും പരിചയസമ്പത്തിനും അനുസരിച്ച് സ്വതന്ത്രരായി പ്രവർത്തിക്കാൻ വിട്ട് അവർക്കും പ്രിയപ്പെട്ടവനായി. ഉദ്ധവ് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല എന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. എന്നാൽ, ഓരോ തീരുമാനവും ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ നേരിട്ടറിയിക്കുന്നതായിരുന്നു ഉദ്ധവിന്റെ ശൈലി.
1966 ജൂൺ 19നാണ് കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ ശിവസേനക്ക് രൂപം നൽകിയത്. തുടക്കക്കാലത്ത് കോൺഗ്രസിനോടായിരുന്നു ചായ്വ്. ആദ്യം മണ്ണിന്റെ മക്കൾ വാദവുമായി ആളിക്കത്തിയ ശിവസേന പിന്നീട് ഹിന്ദുത്വയെ പുൽകി. കടുത്ത വർഗീയത ശിവസേന തുറന്നുവിട്ടു. 1989ലാണ് ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലാകുന്നത്. താക്കറെ, പ്രമോദ് മഹാജൻ, എൽ.കെ. അദ്വാനി എന്നിവരായിരുന്നു സഖ്യശിൽപി. തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ ശിവസേനക്കും ദേശീയതലത്തിൽ ബി.ജെ.പിക്കും മുൻകൈ എന്നതായിരുന്നു ധാരണ. അതനുസരിച്ചായിരുന്നു സീറ്റുവിഭജനങ്ങൾ. താക്കറെയുടെ വസതിയായ 'മാതോശ്രീ' മറ്റൊരു അധികാരകേന്ദ്രമായി മാറി. 1992ലെ മുംബൈ കലാപാനന്തരം 1995ലാണ് ശിവസേന-ബി.ജെ.പി സഖ്യസർക്കാർ നിലവിൽ വന്നത്. താക്കറെയുടെ വിശ്വസ്തരായ മനോഹർ ജോഷിയും പിന്നീട് നാരായൺ റാണെയും മുഖ്യമന്ത്രിമാരായി. അഴിമതി ആരോപണത്തിൽ ജോഷിയെ മാറ്റി റാണയെ മുഖ്യനാക്കുകയായിരുന്നു. കൊണ്ടും കൊടുത്തുമായിരുന്നു ശിവസേനയുടെ അതിജീവനം. മുംബൈയിൽ താക്കറെ നേരിട്ട് ഇടപെട്ടപ്പോൾ താണെ ആനന്ദ് ദിഘെക്കും കൊങ്കൺ നാരായൻ റാണെക്കും നാസിക് ഭുജ്ബലിനും നവി മുംബൈ ഗണേഷ് നായികിനും വിട്ടുനൽകി. ഇവരാരും ഇന്ന് ശിവസേനയിലില്ലെന്നതാണ് വാസ്തവം. ആനന്ദ് ദിഘെ വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. താണെ നഗരസഭയിൽ കൂറുമാറിയ ശിവസേന കോർപറേറ്ററെ കൊന്ന് തുണ്ടമാക്കിയ ദിഘെ പലർക്കും പേടിസ്വപ്നമായിരുന്നു. കാലുമാറ്റക്കാരെ ജീവനോടെയോ ശവമായോ കൊണ്ടുവരണം എന്നതായിരുന്നു താക്കറെയുടെ ദിഘെയോടുള്ള കൽപന. 12 ശിവസേന എം.എൽ.എമാരുമായി ഭുജ്ബൽ മുങ്ങിയപ്പോഴും ഇതേ കൽപനയാണ് താക്കറെ ദിഘെക്ക് നൽകിയത്. താക്കറെയെക്കാൾ കടുത്ത ഹിന്ദുത്വവാദിയായിരുന്നു ദിഘെ. ശിവസേന വിടാൻ നീക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു അപകടവും മരണവും. ദിഘെയുടെ പിൻഗാമിയാണ് ഏക് നാഥ് ഷിൻഡെ എന്നത് മറ്റൊരു യാഥാർഥ്യം. ബി.ജെ.പി ബാന്ധവത്തിനിടയിലും കോൺഗ്രസിനെ ആവശ്യമുള്ളപ്പോഴൊക്കെ ശിവസേന സഹായിച്ചു. 2007ലെയും 2012ലെയും രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായിരുന്നു താക്കറെയുടെ പിന്തുണ.
ബി.ജെ.പി കേന്ദ്രം ഭരിച്ചപ്പോഴൊക്കെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ഉപപ്രധാനമന്ത്രി അദ്വാനിയും മുംബൈയിലെത്തിയാൽ 'മാതോശ്രീ'യിൽ ചെന്നാണ് താക്കറെയെ കണ്ടത്.
2014ൽ നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ആ പതിവ് അവസാനിപ്പിച്ചു. 2004ലാണ് അതുവരെ ഫോട്ടോഗ്രഫിയിൽ അലിഞ്ഞിരുന്ന ഉദ്ധവ് താക്കറെയെ വർക്കിങ് പ്രസിഡന്റായി പിതാവ് ബാൽ താക്കറെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. അന്നുവരെ താക്കറെയുടെ നിഴലായി ഒപ്പമുണ്ടായിരുന്ന സഹോദരപുത്രൻ രാജ് താക്കറെയെ തഴഞ്ഞായിരുന്നു ഈ നീക്കം. ഉദ്ധവിന്റെ വരവിനെ ചോദ്യംചെയ്ത് ആദ്യം നാരായൺ റാണെയും പിന്നീട് രാജ് താക്കറെയും ശിവസേന വിട്ടു. റാണെ കോൺഗ്രസിലേക്ക് പോയപ്പോൾ രാജ് താക്കറെ മഹാരാഷ്രട നവനിർമാൺ സേനക്ക് (എം.എൻ.എസ്) രൂപം നൽകി. ശിവസേനയുടെ ഹിന്ദുത്വയിൽനിന്ന് ലിബറൽ ചിന്തകളിലേക്ക് മാറ്റം തുടങ്ങിയതിനു പിന്നിൽ രാജ് താക്കറെയാണ്. മുസ്ലിംകളെയും ദലിതുകളെയും ഉൾക്കൊള്ളുന്നതായിരുന്നു പാർട്ടിയുടെ കൊടി. അത് പിന്നീട് ശിവസേന അഘാഡി സഖ്യമായതോടെ രാജ് മാറ്റി കാവി കൊടിയാക്കി. ഉദ്ധവിന്റെ ശിവസേനക്ക് എതിരെ രാജിനെ ബി.ജെ.പി ട്യൂൺ ചെയ്യുകയാണെന്നാണ് സംസാരം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിഡിയോ പ്രദർശനവുമായി ശ്രദ്ധേയ റാലികൾ നടത്തിയ രാജ് നിയമസഭ തെരഞ്ഞെടുപ്പിൽ നേരെ തിരിച്ചായി. ഇതിനിടയിൽ കോഹിനൂർ നക്ഷത്ര ഹോട്ടൽ കേസിൽ രാജിനും ഇ.ഡി സമൻസയച്ചിരുന്നു. രാജിലൂടെ ശിവസേന വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. രാജ് ശിവസേനവിട്ട് എം.എൻ.എസുണ്ടാക്കിയതോടെ ഉദ്ധവിനെയും ശിവസേനയെയും പലരും എഴുതിത്തള്ളിയതാണ്. പ്രസംഗത്തിലും രൂപത്തിലും ബാൽതാക്കറെയുടെ തനി പകർപ്പായിരുന്നു രാജ്. ഒരു കലാകാരന്റെ മൃദുലതയായിരുന്നു ഉദ്ധവിന്. എന്നാൽ, പിന്നീട് രാജ് പിന്നോട്ടും ഉദ്ധവ് മുന്നോട്ടും കുതിക്കുന്നതാണ് കണ്ടത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിതരംഗത്തിൽ ബി.ജെ.പി വൻവിജയം നേടിയതോടെ തൊട്ടുപിറകെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ശിവസേനയുമായുള്ള സഖ്യം ആദ്യം അവസാനിപ്പിച്ചത്. 25 വർഷം നീണ്ട ബന്ധത്തിന് തടയിട്ടത് ആദ്യം ബി.ജെ.പിയാണ്. എന്നാൽ, ഭരിക്കാനുള്ള കേവലഭൂരിപക്ഷമില്ലാതെ വന്നതോടെ ശിവസേനയെ ഭരണത്തിൽ ഒപ്പംകൂട്ടേണ്ടിവരുകയായിരുന്നു. ഉപമുഖ്യമന്ത്രി പദമെന്ന ശിവസേനയുടെ ആവശ്യം അന്ന് ബി.ജെ.പി അംഗീകരിച്ചില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ബി.ജെ.പി ശിവസേനയുമായി സഖ്യം പുനഃസ്ഥാപിച്ചത്. അന്ന് അമിത് ഷാ രണ്ടരവർഷം ശിവസേനക്ക് മുഖ്യമന്ത്രിപദമെന്ന ഉറപ്പു നൽകിയതായാണ് ഉദ്ധവ് അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി 106ഉം ശിവസേന 56ഉം സീറ്റുകൾ നേടി അധികാരമുറപ്പിച്ചിരിക്കെ ആദ്യ രണ്ടരവർഷം മുഖ്യമന്ത്രിപദത്തിനായി ശിവസേന വാദമുന്നയിച്ചു. അങ്ങനെയൊരു വാക്ക് നൽകിയിട്ടില്ലെന്നാണ് അമിത് ഷായും ഫഡ്നാവിസും പറഞ്ഞത്. വാക്കു പാലിക്കാത്തതോടെ ഉദ്ധവ് പരമ്പരാഗത സഖ്യം വിട്ട് എൻ.സി.പിയും കോൺഗ്രസുമായി ചേർന്നു. അന്ന് തൊട്ടുള്ള പകയാണ് ശിവസേനയെ അടിയറുക്കുംവിധം വിമതനീക്കത്തിലെത്തിച്ചത്.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയും മുഖ്യമന്ത്രിയായ ഉദ്ധവിന് ചില്ലറ വെല്ലുവിളികളല്ല തീർത്തത്. പരസ്യമായി ബി.ജെ.പി ചായ്വ് ഗവർണർ കാണിച്ചു. ഫഡ്നാവിസിന്റെ നിർദേശങ്ങളാണ് ഗവർണർ നടപ്പാക്കുന്നതെന്ന ആക്ഷേപമുണ്ടായി. ഉദ്ധവിന്റെ കാലത്ത് സ്പീക്കർ തെരഞ്ഞെടുപ്പിന് കണ്ട തടസ്സം ഗവർണർ ഏക് നാഥ് ഷിൻഡെ സർക്കാറിനു കീഴിലെ സ്പീക്കർ തെരഞ്ഞെടുപ്പിൽ കണ്ടില്ല. 2021 ഫെബ്രുവരിയിൽ നാന പടോലെ രാജിവെച്ചത് മുതൽ സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. തലയെണ്ണി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് അഘാഡി നൽകിയ അപേക്ഷ ഗവർണർ സ്വീകരിച്ചില്ല. മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ ഉദ്ധവ് എം.എൽ.എയോ നിയമസഭ കൗൺസിൽ അംഗമോ ആയിരുന്നില്ല. അതിനാൽ അധികാരമേറ്റ് ആറുമാസത്തിനകം രണ്ടാലൊരു സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. കോവിഡ് മൂർച്ഛിക്കുന്നതിനിടയിലാണ് ഉദ്ധവിന്റെ കാലാവധി. തെരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഗവർണർ ക്വോട്ടയിൽ കലാകാരന്മാർക്കും മറ്റുമുള്ള നിയമസഭ കൗൺസിൽ അംഗത്വമായിരുന്നു അന്ന് ഏക പോംവഴി. ഫോട്ടോഗ്രാഫറായ ഉദ്ധവ് അടക്കം 12 പേരുടെ പട്ടിക അഘാഡി ഗവർണർക്ക് ശിപാർശയായി നൽകി. എന്നാൽ, ഗവർണർ അത് ഇന്നേവരെ അംഗീകരിച്ചില്ല. ഫഡ്നാവിസിന്റെ കടുത്ത എതിരാളിയും ബി.ജെ.പി വിട്ട് എൻ.സി.പിയിൽ ചേരുകയും ചെയ്ത ഏക് നാഥ് ഖഡ്സെയും പട്ടികയിലുണ്ടായിരുന്നു. സർക്കാർ ശിപാർശ ഗവർണർ അംഗീകരിക്കാത്തതോടെ കടുത്ത പ്രതിസന്ധിയിലായ ഉദ്ധവ് ഒടുവിൽ പ്രധാനമന്ത്രിയുടെ സഹായം തേടുകയായിരുന്നു. അതോടെ, നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ഉദ്ധവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഉദ്ധവ് ഭരണം പൊടിപൊടിക്കുന്നതിനിടയിലാണ് മന്ത്രിയും വിശ്വസ്തനുമായ അനിൽ പരബിന് ഇ.ഡി നോട്ടീസ് വരുന്നത്. ഉദ്ധവിന്റെ ഭാര്യാസഹോദരനും ഇ.ഡിയുടെ നോട്ടപ്പുള്ളിയായി. മുംബൈ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന യശ്വന്ത് ജാദവ്, ഭാര്യയും എം.എൽ.എയുമായ യാമിനി ജാദവ്, മുൻ എം.പി ആനന്ദ് റാവു അഡ്സുൽ, എം.പി ഭാവന ഗാവ് ലി, രവീന്ദ്ര വായിക്കർ, സഞ്ജയ് റാവുത്ത് തുടങ്ങി ഇ.ഡിയുടെ റഡാറിലുള്ള ശിവസേന നേതാക്കളുടെ എണ്ണം കൂടുന്നു. അജിത് പവാർ ഉൾപ്പെടെ എൻ.സി.പി നേതാക്കളും കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളികളായി. എന്നിട്ടും ഉദ്ധവ് സർക്കാറിന് കോട്ടം തട്ടിയില്ല. ഒടുവിലാണ് ഷിൻഡെ കെണിയിലാകുന്നത്.
എന്തുകൊണ്ട് ഷിൻഡെ എന്നതാണ് മറ്റൊരു ചോദ്യം. ഉദ്ധവിന്റെ വിശ്വസ്തനെങ്കിലും ഫഡ്നാവിസുമായും അടുപ്പമുണ്ട്. താണെയിലെ മുടിചൂടാമന്നൻ. താണെ, കല്യാൺ, അംബർനാഥ്, നവിമുംബൈ മേഖലകളിൽ ശിവസേനയെ തകർത്ത് ബി.ജെ.പിയെ പടർത്താൻ പറ്റിയ പിടിവള്ളി. കടുത്ത ഹിന്ദുത്വവാദി ആനന്ദ് ദിഘെയുടെ അനുയായി. ആനന്ദ് ദിഘെയുടെ കഥ പറയുന്ന, ഷിൻഡെ നിർമിച്ച മറാത്തി ചിത്രം 'ധരംവീർ' ഈയിടെയാണ് തിയറ്ററുകളിലെത്തിയതെന്നത് മറ്റൊരു 'യാദൃച്ഛികത'. 55 ശിവസേന എം.എൽ.എമാരിൽ 38 പേരുടെ പിന്തുണയുള്ള ഏക് നാഥ് ഷിൻഡെ മറ്റൊരു പാർട്ടി ഉണ്ടാക്കാതെയും ബി.ജെ.പിയുമായി ലയിക്കാതെയുമാണ് മുന്നോട്ടുപോയത്. തങ്ങളാണ് യഥാർഥ ശിവസേനയെന്നാണ് വാദം. ഷിൻഡെയെ പാർട്ടി നിയമസഭ കക്ഷി നേതാവ് പദവിയിൽനിന്ന് മാറ്റി അജയ് ചൗധരിയെ നിയോഗിച്ച ഔദ്യോഗികപക്ഷത്തിന്റെ നീക്കം പുതിയ സ്പീക്കർ രാഹുൽ നർവേക്കർ തള്ളി. ഇത് ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയാണ്. വിമതരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിനെതിരെ വിമതർ നൽകിയ ഹരജിയും വിമതരെ സഭയിൽ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികപക്ഷം നൽകിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അർഹിക്കുന്ന പ്രാധാന്യത്തോടെ കോടതി ഹരജികൾ പരിഗണിച്ചില്ലെന്ന പരാതി ഔദ്യോഗികപക്ഷം ഉന്നയിക്കുന്നു.
അവസാനനിമിഷം ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം മറ്റൊരു മാസ്റ്റർസ്ട്രോക്കുകൂടി നൽകി. ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കെ താൻ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് പറഞ്ഞു ഫഡ്നാവിസ് നാവെടുക്കും മുമ്പേയാണ് കേന്ദ്രതീരുമാനം പരസ്യമാക്കുന്നത്. കളികളെല്ലാം കളിച്ചെങ്കിലും ക്ലൈമാക്സ് ഫഡ്നാവിസ് അറിയാതെ കേന്ദ്രനേതൃത്വം തീരുമാനിച്ചതാണെന്ന് വ്യക്തം. മുഖ്യമന്ത്രിയായി പോപുലറായ ഫഡ്നാവിസിന്റെ ചിറകരിഞ്ഞതാണെന്ന വാദവുമുണ്ട്. ആർ.എസ്.എസിന് പ്രിയപ്പെട്ട ഫഡ്നാവിസിന്റെ പ്രധാനമന്ത്രിപദ യോഗ്യതയിലേക്കുള്ള വളർച്ചക്ക് തടയിടലാണ് ലക്ഷ്യമെന്നും പറയുന്നു. എന്നാൽ, ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കി ഭരണം പൂർണമായും കൈകളിലൊതുക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. ഉപമുഖ്യനാണെങ്കിലും ഫഡ്നാവിസാകും കാര്യങ്ങൾ തീരുമാനിക്കുകയെന്ന് ഷിൻഡെ അധികാരമേറ്റതിനു തൊട്ടുപിന്നാലെ നടന്ന മന്ത്രിസഭാ യോഗങ്ങൾ ബോധ്യപ്പെടുത്തുന്നു.
ഉദ്ധവ് താക്കറെക്ക് കാര്യങ്ങളിനി അത്ര എളുപ്പമാകില്ല. ഏക് നാഥ് ഷിൻഡെയിലൂടെ സർക്കാറിനെ മറിച്ചിടുക മാത്രമല്ല ഉദ്ധവിനെ അടിമുടി തകർക്കുകയുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതാണ് ഏക് നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബി.ജെ.പി നൽകുന്ന സൂചന. 'ഹിന്ദുസാമ്രാട്ട്' ബാൽ താക്കറെയുടെ ഹിന്ദുത്വക്കാണ് പിന്തുണയെന്ന് ഷിൻഡെയെ മുഖ്യനായി പ്രഖ്യാപിക്കെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത് ശ്രദ്ധേയമാണ്. 2019ൽ ഒന്നിച്ച് മത്സരിച്ചിട്ടും ഒടുവിൽ കാലുമാറി ഫഡ്നാവിസിനെയും അമിത് ഷായെയും അപമാനിച്ചതിലുള്ള പകയാണിത്.
വിമതർ യഥാർഥ ശിവസേന തങ്ങളാണെന്ന അവകാശവാദവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നപക്ഷം തർക്കമുണ്ടാകുകയും ശിവസേനയുടെ 'അമ്പും വില്ലും' ചിഹ്നം മരവിപ്പിക്കപ്പെടുകയും ചെയ്തേക്കാം. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നീക്കം ഔദ്യോഗികപക്ഷത്തിന് തിരിച്ചടിയാകും. പതിറ്റാണ്ടുകളായി ശിവസേന വാഴുന്ന മുംബൈ നഗരസഭ പിടിച്ചെടുക്കുകകൂടിയാണ് ബി.ജെ.പിയുടെ മറ്റൊരു ലക്ഷ്യം.
കോൺഗ്രസും എൻ.സി.പിയുമായി സഖ്യത്തിലായത് മുതൽ മാറ്റിവെച്ച കടുത്ത ഹിന്ദുത്വയുമായി ഉദ്ധവിന് രംഗത്തിറങ്ങേണ്ടിവരും. അതിന്റെ തുടക്കമാണ് അവസാന മന്ത്രിസഭ യോഗത്തിലെ ഔറംഗാബാദിന്റെ പേര് മാറ്റൽ. മൃദുഹിന്ദുത്വവുമായി വിമതരോടും ബി.ജെ.പിയോടും പിടിച്ചുനിൽക്കാൻ കഴിയില്ല. അണികളിൽ വിശ്വാസവും താക്കറെയുടെ കടുത്ത ഹിന്ദുത്വ പാരമ്പര്യവും വീണ്ടെടുക്കാൻ ഉദ്ധവ് കഠിനാധ്വാനം ചെയ്യേണ്ടിവരും. പാർട്ടിയെ നിലനിർത്താൻ നിയമപോരാട്ടങ്ങളും അഭിമുഖീകരിക്കേണ്ടിവരും. താക്കറെമാരില്ലാത്ത ശിവസേനക്ക് അതിജീവനമുണ്ടാകില്ലെന്നാണ് രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ കുമാർ കേത്കർ പറയുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം വികാരമാണ് ശിവസൈനികരെയും താക്കറെമാരെയും കോർത്തിണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.