‘‘ആര്‍ത്തവ അയിത്ത നിര്മാർജനത്തിലൂടെയേ ആര്‍ത്തവ ശുചിത്വവും സാധ്യമാക്കാനാവൂ. അപ്പോള്‍ മാത്രമേ ആര്‍ത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയയെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമൂഹത്തിന് ഉള്‍ക്കൊള്ളാനാവൂ’’ -ലേഖിക ചില വിമർശനങ്ങളും നിരീക്ഷണങ്ങളും പങ്കുെവക്കുന്നു.
ലോകമെമ്പാടും മേയ് 28 ആർത്തവ ശുചിത്വദിനമായി ആചരിക്കും. ആർത്തവചക്രത്തിന്റെയും ശുചിത്വ നിർവഹണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനാണ് 2014 മുതൽ ജർമനിയിലെ വാഷ് യുനൈറ്റഡ് എന്ന സംഘടന ഇങ്ങനെയൊരു ദിവസം ആചരിക്കാന്‍ തീരുമാനിച്ചത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ ബോധവത്കരണം ഇനിയും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെയും ഈ ദിനം ഓര്‍മിപ്പിക്കുന്നു.
ആര്‍ത്തവം ഒരു സ്വാഭാവിക ജൈവികപ്രക്രിയയാണ്. പക്ഷേ, ആര്‍ത്തവത്തിന് ആരോപിക്കപ്പെടുന്ന അയിത്തം അതിനെ അശുദ്ധിയുടെ ഒരു ഭാഗമാക്കുന്നു. വ്യക്തികളെന്ന നിലയില്‍ ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങളെ മറികടക്കാന്‍ മനസ്സ് പരുവപ്പെടുത്തിക്കൊണ്ടും അത് ഒരു സ്വാഭാവിക ജൈവിക പ്രക്രിയയാെണന്ന് ഉള്‍ക്കൊണ്ടുമാത്രമേ ആര്‍ത്തവ ശുചിത്വ ബോധത്തിലേക്കുള്ള യാത്ര ആരംഭിക്കാനാവൂ. അതിനൊെക്ക മുമ്പായി സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ആര്‍ത്തവ അയിത്തെത്തക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.
പി. ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’ത്തില്‍ വിവിധ ജാതികള്‍ക്കിടയിലെ ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങള്‍, മാറ്റ് സമ്പ്രദായം, തിരണ്ട് കല്യാണം എന്നിവയെക്കുറിച്ച് വിശദമായിതന്നെ പരാമര്‍ശമുണ്ട്. നവോത്ഥാനത്തില്‍ പുളികുടിയോടൊപ്പം ശ്രീനാരായണ ഗുരു എതിര്‍ത്തത് ആദ്യ ആര്‍ത്തവ ആഘോഷമായ തിരണ്ടുകല്യാണമാണ്.
നവോത്ഥാനത്തിനും സ്വാതന്ത്ര്യലബ്ധിക്കും ശേഷം വികസനത്തിന്റെ കേരളമാതൃക തന്നെ വളര്‍ന്നുവന്നു. ഇന്ന് നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക –ഇന്ത്യ ഇന്‍ഡക്സില്‍ മൂന്നാം തവണയും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. മാനവ വികസന സൂചികകളായ ശിശുമരണനിരക്ക്, മാതൃമരണ നിരക്ക്, സാക്ഷരത, ആയുർദൈർഘ്യം, ലിംഗാനുപാതം തുടങ്ങിയവയിലെല്ലാം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. എന്നാല്‍, കേരളീയരുടെ നിത്യജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഇന്നും ആര്‍ത്തവത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും ബോധവും എങ്ങനെയാണ് എന്ന് അന്വേഷിക്കേണ്ടിവരുന്നു.
2018 ആഗസ്റ്റില്‍ കേരളം അഭിമുഖീകരിച്ച മഹാ പ്രളയക്കെടുതിയില്‍ റിലീഫ് ക്യാമ്പിലടക്കം സാനിറ്ററി നാപ്കിനുകൾ ആവശ്യമായി വന്നപ്പോഴാണ് മെന്‍സ്ട്രല്‍ പ്രൊഡക്ടുകള്‍ തുറന്ന് ആവശ്യപ്പെടുന്നതും വാങ്ങുന്നതും അത്രക്ക് ലജ്ജാവഹമായ കാര്യമല്ലെന്ന്, ചെറുതായെങ്കിലും പൊതുസമൂഹത്തിന് ബോധ്യപ്പെട്ടുതുടങ്ങിയത്.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബറില്‍ സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് കേരളത്തിൽ ആർത്തവത്തെ സംബന്ധിച്ച ചർച്ചകളും സംവാദങ്ങളും പൊതുമധ്യത്തില്‍ സജീവമാകുന്നത്. ഈ വിധി ആർത്തവവുമായി ബന്ധപ്പെട്ട അശുദ്ധി, അയിത്തം എന്നീ ആശയങ്ങളെ നിയമപരമായി തെറ്റാെണന്ന് ഉറപ്പിച്ചു.
2021ൽ പുറത്തിറങ്ങിയ ‘The Great Indian Kitchen’ (മഹത്തായ ഭാരതീയ അടുക്കള) എന്ന മലയാള സിനിമക്ക് വലിയ പ്രേക്ഷകപിന്തുണയും നിരൂപകപ്രശംസയും ലഭിച്ചു. വീടുകളില്‍ തികച്ചും സ്വാഭാവികമായി പ്രവര്‍ത്തിക്കുന്ന ആര്‍ത്തവ സമ്പ്രദായങ്ങളിലടങ്ങിയിരിക്കുന്ന ‘അയിത്തത്തെ’ ചൂണ്ടിക്കാട്ടിയെന്നതുതന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് പ്രധാന കാരണം.
‘The Great I‘The Great Indian Kitchen’ (മഹത്തായ ഭാരതീയ അടുക്കള) സിനിമയിലെ രംഗം
കോളജ് ഫെസ്റ്റുകളും കാമ്പസ് മാസികകളും പുരോഗമന വനിതാ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച സംവാദങ്ങളും ആർത്തവ അയിത്തത്തെ വിമർശിക്കുകയും എതിർക്കുകയും ചെയ്തതും ഈ മേഖലയിലെ ചര്‍ച്ചകള്‍ വളര്‍ത്തി. വിവിധ സര്‍വകലാശാലകള്‍ ആര്‍ത്തവ അവധി എന്ന ആശയത്തെ പിന്തുണച്ചതും ഉത്തരവുകളിറക്കിയതും ആര്‍ത്തവം വീണ്ടും ചര്‍ച്ചകളിലെത്തിച്ചു. ഇവയൊക്കെയാണ് അടുത്തകാലത്ത് കേരള സമൂഹത്തിൽ ആർത്തവത്തെക്കുറിച്ചുള്ള പരസ്യമായ ചർച്ചക്കു പിന്നിലെ പ്രേരകശക്തിയായത് എന്ന് ചുരുക്കിപ്പറയാം.
ഒളിച്ചുകടത്തേണ്ടുന്നതും ശബ്ദം താഴ്ത്തി മാത്രം സംസാരിക്കേണ്ടുന്നതുമായ വിഷയം എന്ന രീതിയില്‍ പൊതുവെ കരുതപ്പെടുന്ന ആര്‍ത്തവത്തെ സംബന്ധിച്ച്, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ എം.ഫില്‍ സോഷ്യോളജി പഠനത്തിന്റെ ഭാഗമായി ‘മലയാളി യുവതികളുടെ ആര്‍ത്തവ അയിത്തം’ സംബന്ധിച്ച് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ ചില പ്രധാന വസ്തുതകളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
വളരെ സെന്‍സിറ്റീവായ ഈ വിഷയത്തില്‍ തുറന്ന് സംസാരിക്കുന്നവരെ കണ്ടെത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ ആദ്യഘട്ടം. പ്രാരംഭഘട്ടത്തില്‍ വിവരശേഖരണത്തിന് സാമൂഹികമാധ്യമങ്ങളുടെ സഹായം പ്രയോജനപ്പെടുത്തി. 18-40ന് ഇടയില്‍ പ്രായമുള്ള യുവതികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. സാമൂഹികശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് 430 യുവതികളെ കെണ്ടത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന്, ഇന്റര്‍വ്യൂ ഗൈഡിന്റെ സഹായത്തോടെ കേസ് സ്റ്റഡി രീതിയില്‍ പഠനം പൂര്‍ത്തിയാക്കി. വിവിധ ആർത്തവ അയിത്ത സമ്പ്രദായങ്ങള്‍, ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങളുടെ നിലനില്പ് – കുടുംബഘടനയും വിദ്യാഭ്യാസ തൊഴില്‍ നിലവാരവും, ആർത്തവ അയിത്തത്തോടുള്ള യുവതികളുടെ പ്രതികരണം, ആർത്തവകാര്യങ്ങൾ പുരുഷന്മാരുമായി പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള യുവതികളുടെ ധാരണ/ അനുഭവങ്ങള്‍ എന്നിവയും അവയുടെ പാരസ്പര്യവുമാണ് പഠനവിധേയമാക്കിയത്.
നിലനില്‍ക്കുന്ന ആര്‍ത്തവ അയിത്തം
പെരുമാറ്റം, പ്രവൃത്തി, ഭക്ഷണം, വസ്ത്രം മുതലായവയുടെ മേലുള്ള നിരോധനം/നിയന്ത്രണം ആണ് വിലക്കുകൾ (Taboo). വിലക്കുകൾ അയിത്തത്തിലേക്കും അത് തൊട്ടുകൂടായ്മയിലേക്കും നയിക്കുന്നു. ആര്‍ത്തവകാലത്ത് അതിരാവിലെ എഴുന്നേറ്റ് തണുത്തവെള്ളത്തില്‍ കുളിക്കാനുള്ള നിര്‍ബന്ധമുണ്ടെന്ന് 46 ശതമാനവും വരാന്തയിലേക്ക് പോകാനുള്ള വിലക്കുണ്ടെന്ന് 46 ശതമാനവും അഭിപ്രായപ്പെട്ടു. പൂജാമുറിയിലേക്കും വിളക്ക് കത്തിക്കുന്ന ഭാഗത്തേക്കുമുള്ള നിയന്ത്രണം അനുഭവിക്കുന്നവര്‍ 93 ശതമാനമാണ്. കിണറ്റിൽനിന്ന് വെള്ളമെടുക്കാനുള്ള നിയന്ത്രണം അനുഭവിക്കുന്നവര്‍ 37 ശതമാനവും സ്വന്തം അലമാര-കബോഡ് എന്നിവയില്‍നിന്നും വസ്ത്രങ്ങൾ/പുസ്തകങ്ങൾ മുതലായവ എടുക്കുന്നതിനുള്ള നിയന്ത്രണം നേരിടുന്നവര്‍ 32 ശതമാനവുമാണ്. 95 ശതമാനം പേര് ആരാധനാലയത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നുവെന്ന് രേഖപ്പെടുത്തി. “ഈ ആര്‍ത്തവ അയിത്തമൊക്കെ പണ്ടല്ലേ…” എന്ന് സംശയിക്കുന്ന പുരോഗമന ചോദ്യത്തിന്റെ മുനയൊടിക്കുന്നതാണ് കേരളത്തില്‍ നിലനില്‍ക്കുന്ന ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങളുടെ വ്യാപ്തി.
“ആര്‍ത്തവ അയിത്തത്തിന് ഒട്ടും മാറ്റങ്ങളുണ്ടാകുന്നില്ലേ…” എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടാകുന്നുണ്ട് എന്നുതന്നെയാണ് മറുപടി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് (അമ്മ, അമ്മായിയമ്മ) ആർത്തവസമയത്തും കുളിച്ചതിനുശേഷം അടുക്കളയിൽ പ്രവേശിക്കുകയും ഭക്ഷണം തയാറാക്കുകയും ചെയ്യാം. എന്നാൽ, മറ്റ് സ്ത്രീകൾക്ക് (മകള്‍, മരുമകള്‍) ആര്‍ത്തവസമയത്ത് കുളിച്ചാലും അടുക്കളയില്‍ പ്രവേശിക്കാനാവുന്നില്ല എന്നതാണ് പഠനത്തില്‍നിന്ന് കണ്ടെത്താൻ കഴിഞ്ഞ വസ്തുത.
അടുക്കളയില്‍ പ്രവേശിക്കാന്‍ ആര്‍ത്തവമുള്ള ഒരുവിഭാഗം സ്ത്രീകള്‍ക്കെങ്കിലും സാധ്യമാവുക എന്നത് ആര്‍ത്തവ അയിത്ത സമ്പ്രദായത്തിന്റെ പരിഷ്കരണമാണ്. പക്ഷേ, പുരുഷന്മാർ അവരുടെ സൗകര്യത്തിനനുസരിച്ച് ആചാരങ്ങൾ പരിഷ്കരിക്കുന്നതിന്റെയും ഇതുവഴി അടുക്കള എന്ന ഇടം സ്ത്രീകളിലേക്ക് ശ്രദ്ധാപൂര്‍വം മാറ്റിനല്കുന്നതിന്റെയും ഉദാഹരണമായും ഇതിനെ കാണാനാവും. അതായത്, അണുകുടുംബങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ (അമ്മ, ഭാര്യ) കയറിയില്ലെങ്കില്‍, ആ ദിവസങ്ങള്‍ സുഗമമായി മുന്നോട്ടുപോകില്ലെന്നും, തല്‍ഫലമായി അടുക്കളജോലി തങ്ങളേറ്റെടുക്കേണ്ടി വരുമെന്നുമുള്ള ഭയമാണ് ഈ അടുക്കള പ്രവേശനത്തിന് ലഭിച്ച ഇളവുകള്‍ക്ക് കാരണം.
ചുരുക്കത്തില്‍, കൂട്ടുകുടുംബമോ അണുകുടുംബമോ ആയാലും ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങളുടെ നിലനില്പ് കുടുംബഘടനയിലെ തന്നെ അടുക്കളയും വീടും ജീവിതവും സുഗമമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്ത്രീ തൊഴിലാളികളുടെ ലഭ്യതയിലാെണന്ന് മനസ്സിലാക്കാം.
വിദ്യാഭ്യാസ/ തൊഴില്‍ നിലവാരത്തിന്റെ പങ്ക്
മാതാപിതാക്കളുടെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ഉയര്‍ന്ന നിലവാരം വീടുകളില്‍ ആർത്തവ അയിത്ത സമ്പ്രദായങ്ങളുടെ കൈമാറ്റം കുറക്കുന്നതിലേക്ക് നയിക്കുന്നു എന്ന പൊതുധാരണയുണ്ട്. എന്നാല്‍, ഇത് സാമാന്യവത്കരിക്കുക അസാധ്യമാണ്. ആർത്തവത്തെ അയിത്തമായിക്കാണുന്ന സമ്പ്രദായം വളരെ ഉയർന്ന വിദ്യാഭ്യാസ, തൊഴില്‍ നില കൈയാളുന്ന മാതാപിതാക്കളുടെ വീടുകളിലും നിലനില്‍ക്കുന്നുവെന്ന് പഠനത്തിലൂടെ മനസ്സിലായി.
റെസ്പോണ്ടന്റിന്റെ വിദ്യാഭ്യാസ നിലവാരം പരിഗണിക്കുമ്പോള്‍ ആകെ പഠനവിധേയമാക്കിയവരില്‍ 90 ശതമാനവും ആർത്തവ അയിത്ത സമ്പ്രദായങ്ങളുടെ നിരര്‍ഥകത മനസ്സിലാക്കിയവരാണ്. പക്ഷേ, ഉന്നതവിദ്യാഭ്യാസം നേടിയ യുവതികള്‍പോലും വീട്ടിലെ മറ്റ് അംഗങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുമ്പോള്‍ അത് പരാജയമായി മാറുന്നുവെന്ന് അഭിപ്രായപ്പെട്ടു. ആകെ പഠനവിധേയമാക്കിയവരില്‍ 46 ശതമാനം തൊഴില്‍ചെയ്യുന്നവരാണ്. അവർക്കിടയിൽ ആർത്തവ അയിത്തത്തിന്റെ സമ്പ്രദായങ്ങള്‍ പിന്തുടരുന്നതിൽ യുക്തിയില്ലെന്ന് 90 ശതമാനം പേർ മനസ്സിലാക്കിയെങ്കിലും അതില്‍ 55 ശതമാനം പേര്‍ക്ക് മാത്രമാണ് അതുമായി ബന്ധപ്പെട്ട് ചെറിയതോതിലെങ്കിലും കുടുംബത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചത്.
ആര്‍ത്തവം അയിത്തമല്ല എന്ന് വീട്ടുകാരെയും ചുറ്റുമുള്ളവരെയും പഠിപ്പിക്കുന്നതിലും എളുപ്പം, തന്റെ ആർത്തവം തന്നെ മറച്ചുവെക്കുന്നതാെണന്ന് അഭിപ്രായപ്പെട്ട യുവതികളാണ് പഠനത്തില്‍ ഏറ്റവും കൂടുതല്‍.
ആർത്തവത്തിന്റെ ചില അയിത്ത സമ്പ്രദായങ്ങള്‍ സ്ത്രീകള്‍ക്ക് കുറച്ച് നേരത്തേക്കെങ്കിലും ഭാരിച്ച ജോലിയിൽനിന്ന് മോചനം നല്‍കുന്നുവെന്ന് കരുതുന്നവരുെണ്ടന്ന് പഠനത്തിന്റെ ഭാഗമായി കണ്ടെത്തി. എന്നാൽ, ആർത്തവ അയിത്ത സമ്പ്രദായങ്ങളെ ഈ വിധം പോസിറ്റിവ് ആയി വ്യാഖ്യാനം ചെയ്യുന്നതുകൊണ്ടാണ് പമ്പയിലേക്കുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ (കെ.എസ്.ആര്.ടി.സി) അയ്യപ്പന്മാര്ക്കൊപ്പം യാത്രചെയ്ത സ്ത്രീയെ ഇറക്കിവിടുന്ന സാഹചര്യത്തെയും ന്യായീകരിക്കാന്‍ ആളുണ്ടാകുന്നത്.
ആര്‍ത്തവ അയിത്ത സമ്പ്രദായത്തിനെതിരെ നേരിട്ട് പ്രതിഷേധിച്ചവരുമുണ്ട്. ആര്‍ത്തവസമയത്ത് നിഷിദ്ധമായിരുന്ന തുളസിത്തറ കടന്നതിന്, ആര്‍ത്തവസമയത്ത് അടുക്കളയിലേക്കും മറ്റ് മുറികളിലേക്കും പോയതിന്, മറ്റംഗങ്ങളെ സ്പര്‍ശിച്ചതിന് എല്ലാം വളരെ മോശം പ്രതികരണമാണ് സ്വന്തം വീട്ടില്‍നിന്നുപോലും ലഭിച്ചെതന്ന് പഠനത്തില്‍നിന്ന് കെണ്ടത്താനായി. കുടുംബം, മതം എന്നീ രണ്ട് വൈകാരികതലങ്ങളെ ചേര്‍ത്തു വെച്ചാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധങ്ങളെ തളര്‍ത്തുന്നത്.
ആര്‍ത്തവ അയിത്ത നിയന്ത്രണങ്ങള്‍ നേരിട്ടപ്പോള്‍ (മറ്റ് മുറികളിലേക്കും അടുക്കളയിലേക്കും പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ) വീട്ടില്‍ നിരന്തരമായി നിയന്ത്രണങ്ങളില്ലാതാക്കിയ അനുഭവങ്ങളും ആർത്തവം സ്വാഭാവികമായ ഒരു ജൈവപ്രക്രിയയാണെന്ന് അമ്മയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അച്ഛന്റെയും സഹോദരന്റെയും പിന്തുണ ലഭിച്ച അനുഭവവും പ്രതീക്ഷ നല്‍കുന്നതാണ്.
ആകെ പ്രതികരിച്ചവരില്‍ 95 ശതമാനവും ആർത്തവസംബന്ധിയായ കാര്യങ്ങൾ തങ്ങള്‍ക്ക് ഏറെ പരിചയമുള്ള സ്ത്രീകളുമായി പങ്കുവെക്കുന്നതായി പറഞ്ഞു. എന്നാൽ, 65 ശതമാനം പേര് മാത്രമാണ് പുരുഷന്മാരുമായി ഇക്കാര്യം പങ്കുവെക്കുന്നതായി രേഖപ്പെടുത്തിയത്.
പീരിയഡ്സിന്റെ കാര്യം പുരുഷസുഹൃത്തുമായി പങ്കുവെച്ചപ്പോള്‍ വളരെ പോസിറ്റിവായി അത് ഉള്‍ക്കൊള്ളുകയും എന്നാല്‍, അതേ വ്യക്തി മറ്റ് പലരോടും ഇതേ വിഷയത്തില്‍ നെഗറ്റിവ് കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തതറിഞ്ഞ അനുഭവങ്ങള്‍ കേസ് സ്റ്റഡിയില്നിന്ന് വ്യക്തമായി.
‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ പുസ്തകത്തിന്റെ കവർ, പി. ഭാസ്കരനുണ്ണി
പുരുഷന്മാരുമായി ആർത്തവകാര്യങ്ങൾ പങ്കുവെക്കുന്നതിന് തടസ്സമായി നില്ക്കുന്ന നാല് പ്രധാന കാരണങ്ങളാണ് പഠനത്തിലൂെട കണ്ടെത്തിയത്; (i) രഹസ്യസ്വഭാവം നഷ്ടപ്പെടും എന്ന ഭയം (fear of confidentiality loss), (ii) പുരുഷന്മാരുടെ പ്രതികരണത്തെക്കുറിച്ചുള്ള ആശങ്ക (concern about reaction of men), (iii) പുരുഷനുമായി ഇക്കാര്യം പങ്കിട്ടശേഷം ഉണ്ടായേക്കാവുന്ന കുറ്റബോധവും ഭയവും (Fear of self guilt after sharing), (iv) സ്ത്രീകളാരും പുരുഷന്മാരുമായി ഇക്കാര്യം പങ്കുവെക്കില്ല എന്ന വിശ്വാസം (Belief that nobody shares it). എന്നാൽ, ഇവക്കെല്ലാം അടിസ്ഥാനം “ആര്ത്തവകാര്യങ്ങള് പങ്കുവെച്ചാല്‍ പുരുഷന് മുന്നിൽ താന്‍ ഏതുതരം പ്രതിച്ഛായ ഉണ്ടാക്കും” എന്നുള്ള ഭയമാണ്. പുരുഷന്മാരുമായി ആർത്തവകാര്യങ്ങൾ പങ്കുവെച്ചവരിൽ 28 ശതമാനം പേർ തങ്ങള്‍ക്ക് നെഗറ്റിവ് പ്രതികരണമാണ് ലഭിച്ചതെന്ന് പറയുന്നു. ആര്ത്തവകാര്യങ്ങള് പുരുഷനുമായി പങ്കുവെക്കാന്‍ സ്ത്രീകള്‍ എന്തുകൊണ്ട് മടിക്കുന്നുവെന്ന കാരണത്തെ ഇക്കാര്യം സാധൂകരിക്കുന്നു.
അതായത്, ആര്ത്തവകാര്യങ്ങള് പുരുഷനോട് പങ്കുവെച്ചാല്‍ ലഭിക്കുന്ന നെഗറ്റിവ് ടാഗും ആരുമായും പങ്കുവെക്കാതെ ആര്‍ത്തവ അയിത്തം പിന്തുടര്ന്നാല് ഉണ്ടാകുന്ന ആന്തരിക അടിമത്തവും സ്ത്രീകളനുഭവിക്കുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരുമായി ആർത്തവകാര്യങ്ങൾ പങ്കുവെച്ചാലും മറച്ചുവെച്ചാലും അവർ പുരുഷ മേധാവിത്വത്തിന്റെ ഇരയാകുന്നു എന്ന അവസ്ഥയാണിത് സൂചിപ്പിക്കുന്നത്.
ലോകത്തിന്റെ എല്ലാ ഭാഗത്തും ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേപ്പാളിലെ ചൌപട് സമ്പ്രദായവും കാമാഖ്യയിലെ ദേവിയുെട ആര്ത്തവരക്താരാധനയും, ആദ്യ ആര്‍ത്തവ ആഘോഷങ്ങളും ഒക്കെ ഈവിധമുള്ളതാണ്. ആര്‍ത്തവത്തെ ആഘോഷിക്കുകയും മോശമായിക്കണ്ട് മാറ്റിനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. ആഘോഷമോ മാറ്റിനിര്‍ത്തലോ അല്ല, ആര്‍ത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയയായി മനസ്സിലാക്കുകയും അതിന് അയിത്തമില്ലെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
നിത്യജീവിതത്തിലെ ആര്‍ത്തവ അയിത്ത സമ്പ്രദായങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ സംഭവിക്കുമ്പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ പക്വത കൈവരുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സാമൂഹികശാസ്ത്ര ധൈഷണികതയിലൂന്നിയ വിചിന്തനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ആര്‍ത്തവ അയിത്തം നിര്‍മാർജനം ചെയ്യുന്നതിലൂടെ മാത്രമേ ആര്‍ത്തവശുചിത്വവും സാധ്യമാക്കാനാവൂ. അപ്പോള്‍ മാത്രമേ ആര്‍ത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയയെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമൂഹത്തിന് ഉള്‍ക്കൊള്ളാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.