മാർച്ച് മൂന്നാം വാരത്തിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ചെയ്ത വിവാദപ്രസംഗത്തെ തുടർന്ന്, ബി.ജെ.പിക്കാർ കേരളത്തിലെ ക്രിസ്ത്യാനികളോട് സൗഹൃദം സ്ഥാപിക്കാൻ നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങൾക്ക് തീവ്രതയും വ്യാപ്തിയും കൂടിവരുന്നതായി കാണുന്നു. സൗഹൃദസന്ദർശനം തുടങ്ങി പല പേരുകളിലും ബി.ജെ.പി നേതാക്കൾ മെത്രാന്മാരുടെ അരമനകളിലും, ക്രിസ്ത്യൻ തീർഥാടന കേന്ദ്രങ്ങളിലും, ദേവാലയങ്ങളിലും മറ്റും സന്ദർശന പരമ്പരകൾതന്നെ നടത്തുകയാണ്. ബി.ജെ.പിയിലെ കീഴ്സ്ഥാനികൾ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാരെ തേടി അരമനകളിൽ എത്തുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ, ക്ഷണിക്കാതെയെന്ന് പറയുന്നു, ഡൽഹിയിലെ തിരുഹൃദയ കത്തീഡ്രലിൽ നേരിട്ടെത്തി വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാൾ ആശംസ നേരുകയുണ്ടായി. ഇതുവഴി ബി.ജെ.പിയുടെ ക്രിസ്ത്യൻ പ്രീണനശ്രമത്തിന്റെ മാനം വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. ആരാധനാലയങ്ങളെപ്പോലും, ഉഭയസമ്മതപ്രകാരം, രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കി മാറ്റുന്നതിനാണ് നാം സാക്ഷികളാകുന്നത്.
മോദിയുടെ തിരുഹൃദയ ദേവാലയ സന്ദർശനത്തിന് സമാനമല്ലെങ്കിലും ശ്രദ്ധിക്കേണ്ട മറ്റൊരു സന്ദർശനവും ഈ ഈസ്റ്റർ കാലത്തുതന്നെ ഡൽഹിയിൽ അരങ്ങേറി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ – കാതോലിക്കാ ബാവ – ഈ വർഷത്തെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾ നടത്താൻ ഡൽഹിയിൽ എത്തിയപ്പോൾ പ്രത്യേക അനുമതി നേടി രാഷ്ട്രപതിയെയും, പ്രധാനമന്ത്രിയെയും സന്ദർശിച്ച്, സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. സാധാരണ ഗതിയിൽ വിശുദ്ധ വാരത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രാർഥനയും ഉപവാസവുമായി ദേവാലയങ്ങളിൽതന്നെ കഴിയുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ചാണ് കാതോലിക്കാ ബാവ രാഷ്ട്രീയ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചതിൽ രാഷ്ട്രീയം കാണാൻ ശ്രമിച്ചവരോട് ഇത് കേവലം ഉപചാരപരമായ ഒരു സൗഹൃദസന്ദർശനം മാത്രമായിരുന്നു എന്നും അതിനപ്പുറം ഒരു രാഷ്ട്രീയലക്ഷ്യവും ഇതിനില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി 2017ൽ കിട്ടിയ സുപ്രീംകോടതി വിധി മറികടക്കാൻ കേരള സർക്കാർ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മറുപടി ആരെങ്കിലും മുഖവിലക്ക് എടുക്കുമോ എന്ന് അറിയില്ല. വിജയിച്ചാലും ഇല്ലെങ്കിലും ഇടനിലക്കാർ വഴി സഭയെ ബി.ജെ.പിയുമായി അടുപ്പിക്കാനുള്ള ബോധപൂർവമായ ഒരു ശ്രമമായാണ് ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധവുമായി ജന്തർ മന്തറിൽ ഒത്തുകൂടിയവർ
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ ഒരു മുഖ്യ ഇനം കേരളത്തിലെ ക്രിസ്ത്യൻ സഭകളിലെ പൗരോഹിത്യ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയാണല്ലോ. നിശ്ചയമായും ഇത് ക്രിസ്ത്യാനികളുടെ രാഷ്ട്രീയപിന്തുണ നേടാനുള്ള ബി.ജെ.പിയുടെ തീവ്രമായ താൽപര്യത്തിന്റെ വ്യക്തമായ സൂചനയാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു കിഴക്കൻ ഇന്ത്യയിലും, നിർണായകമായ ക്രിസ്ത്യൻ സാന്നിധ്യമുള്ള ഗോവയിലും ക്രൈസ്തവരുടെ പിന്തുണയോടെ ഭരണം പിടിച്ചതുപോലെ കേരളത്തിലും ബി.ജെ.പി ഭരണം പിടിക്കും എന്ന് എറണാകുളത്തെ യുവസംഗമത്തിലെ പ്രസംഗത്തിൽ നരേന്ദ്ര മോദി ഉച്ചൈസ്തരം പ്രഖ്യാപിച്ചല്ലോ. ഭരണം കൈക്കലാക്കാൻ ഇവിടത്തെ ക്രിസ്ത്യാനികളുടെ വോട്ട് തരപ്പെടുത്തുകയാണ്, അല്ലാതെ ക്രൈസ്തവരുടെ ആശങ്കകൾ ദൂരീകരിക്കുകയോ, സംരക്ഷണം ഉറപ്പുവരുത്തുകയോ അല്ല ക്രൈസ്തവ സഭാ നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽക്കൂടി ബി.ജെ.പി ലക്ഷ്യമിടുന്നെതന്ന് ഇതിൽ കൂടുതൽ പച്ചയായി എങ്ങനെയാണ് പറയാൻ കഴിയുക? എന്നിട്ടും പ്രധാനമന്ത്രി ക്രിസ്ത്യൻ നേതാക്കളെ കാണുന്നതിൽ രാഷ്ട്രീയമില്ലെന്ന് പറയുന്ന ബി.ജെ.പി നേതാക്കളും മെത്രാന്മാരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ‘ഈസ്റ്റർ ഡിപ്ലോമസി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൂടിക്കാഴ്ചകൾ എന്താണ് സൂചിപ്പിക്കുന്നത് അഥവാ വ്യക്തമാക്കുന്നത് എന്ന പ്രശ്നം കേരളത്തിലെ ഒരു പ്രധാന മതന്യൂനപക്ഷമായ ക്രൈസ്തവരുടെയും പൊതുസമൂഹത്തിന്റെയും ഗൗരവപൂർവമായ പരിശോധന ആവശ്യപ്പെടുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ഭരണകൂട ബന്ധങ്ങൾ
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അധികവും മതനിരപേക്ഷനിലപാട് പാലിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടാണ് ദീർഘകാലം രാഷ്ട്രീയ അനുഭാവം പുലർത്തിപ്പോന്നത് എന്ന് ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ളവർക്ക് എല്ലാം അറിയാവുന്നതാണ്. മറ്റൊരു മതന്യൂനപക്ഷമായ മുസ്ലിംകളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ, പ്രത്യേകിച്ചും ശക്തമായ ക്രിസ്ത്യൻ സാന്നിധ്യമുള്ള കേരളത്തിലെ സഭകൾ പൊതുവെ കക്ഷി രാഷ്ട്രീയത്തിൽനിന്ന് ആരോഗ്യകരമായ അകലം പാലിക്കാൻ ബോധപൂർവം ശ്രമിച്ചുപോന്നു. സഭക്ക് രാഷ്ട്രീയമില്ല, വിശ്വാസികൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കാം എന്നതായിരുന്നു സഭകൾ സ്വീകരിച്ചുപോന്ന നിലപാട്. ചിലർ ഇതിനെ ‘സമദൂര സിദ്ധാന്തം’ എന്ന് വിശേഷിപ്പിച്ചു. കക്ഷികളോട് രാഷ്ട്രീയ അകലം പാലിക്കുമ്പോൾതന്നെ ഭരണകൂടങ്ങളോടും, അവയെ നയിക്കുന്ന മതവിരുദ്ധ നിലപാട് പ്രഖ്യാപിക്കാത്ത രാഷ്ട്രീയ കക്ഷികളോടും അവയുടെ നേതാക്കളോടും മാന്യമായ സൗഹൃദം പുലർത്താൻ ക്രൈസ്തവ സഭകൾ മടിച്ചിട്ടുമില്ല എന്നതാണ് ചരിത്രം. കേരളത്തിലെ കത്തോലിക്കാ സഭ ഇവിടത്തെ പ്രാദേശിക കക്ഷിയായ കേരള കോൺഗ്രസുമായി പുലർത്തിയിരുന്ന ഒരു സവിശേഷബാന്ധവം ഒഴിച്ചാൽ മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങൾ എല്ലാംതന്നെ രാഷ്ട്രീയകക്ഷികളോട് പ്രശ്നാധിഷ്ഠിത ബന്ധമാണ് പുലർത്തിപ്പോന്നത് എന്ന് സാമാന്യമായി പറയാം.
ക്രൈസ്തവ സഭകളും ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ഭൂതകാലത്തിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ടതുണ്ട്. ക്രൈസ്തവ മിഷനറിമാരുടെ ആഗമനത്തെത്തുടർന്ന് കേരളത്തിലും ഇന്ത്യയുടെ നാനാഭാഗങ്ങളിലും അവർ ആരംഭിച്ച വിദ്യാലയങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും നൽകിയ സേവനം ഇവിടത്തെ ജനജീവിതത്തിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കി. അതുകൊണ്ടുതന്നെ പ്രസ്തുത സ്ഥാപനങ്ങൾക്ക് ഇവിടത്തെ വൈദേശികവും തദ്ദേശീയവുമായ ഭരണകൂടങ്ങളുടെ സഹായവും സംരക്ഷണവും ലഭ്യമായി. സ്വാതന്ത്ര്യാനന്തരം പ്രസ്തുത സ്ഥാപനങ്ങൾക്ക് നാട്ടിലെ നിയമവ്യവസ്ഥകൾ പാലിച്ച് പ്രവർത്തിക്കേണ്ടിവന്നു. സ്വാഭാവികമായും അതോടൊപ്പം നിയന്ത്രണങ്ങളും ഉണ്ടായി. ക്രമേണ ക്രൈസ്തവ സഭകളുടെ സേവന സ്ഥാപനങ്ങൾ വർധിക്കുകയും വിപുലീകരിക്കപ്പെടുകയും ചെയ്തു. ഇവയിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. തന്മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാറിൽനിന്ന് ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്ലതോതിൽ ലഭിക്കാൻ തുടങ്ങി. വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനും പുറമെ, സർക്കാറിന് കടന്നുചെല്ലാനാവാത്ത മറ്റനേകം സേവനമേഖലകളിലേക്കും സഭകൾ അവയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ധാരാളം പുതിയ സാമൂഹികസേവന സ്ഥാപനങ്ങൾ നിലവിൽ വന്നു. അവയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തദ്ദേശീയമായി സമാഹരിക്കുന്ന വിഭവങ്ങൾ പോരാതെ വന്നു. അതുകൊണ്ട്, ഭൂതദയാധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങളിൽനിന്നും ഉദാരമതികളിൽനിന്നും സർക്കാർ വ്യവസ്ഥകൾ അനുസരിച്ചുള്ള ധനസഹായം സഭകളുടെ സേവന സംഘടനകളും സ്ഥാപനങ്ങളും സ്വീകരിക്കാൻ തുടങ്ങി. അങ്ങനെ സഭകളുടെ സേവന (മിഷൻ) പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിത്തീർന്നു.
വോട്ടുബാങ്കാക്കി മാറ്റപ്പെടുന്ന ന്യൂനപക്ഷം
ഈ അടുത്തകാലംവരെ ക്രൈസ്തവ സഭാപിതാക്കന്മാർ (ഭരണാധികാരികൾ) അവരുടെ ജീവിതവിശുദ്ധികൊണ്ടും തപോബലംകൊണ്ടും ഭൗതികതയോട് (അധികാരം, പ്രശസ്തി, സമ്പത്ത്, സുഖലോലുപത) പുലർത്തിപ്പോന്ന അനാസക്തിയുടെ കരുത്തുകൊണ്ടും പൊതുസമൂഹത്തിന്റെയും അധികാരികളുടെയും ആദരവിന് പാത്രീഭൂതരായിരുന്നു. ഇവരാരുംതന്നെ രാഷ്ട്രീയ നേതാക്കളെയോ ഭരണത്തലവന്മാരെയോ സന്ദർശിക്കാനോ അവരുടെ പ്രീതിനേടാനോ ഒരു താൽപര്യവും കാട്ടിയിരുന്നില്ല. ദൈവത്തെയല്ലാതെ മറ്റൊരു ശക്തിയെയും അവർ ഭയപ്പെട്ടിരുന്നില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിക്കാത്തതുകൊണ്ട് അവർക്ക് അന്വേഷണ ഏജൻസികളെ ഭയപ്പെടേണ്ടിയിരുന്നില്ല, അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരുടെ പ്രീതിയും സംരക്ഷണവും ആവശ്യമില്ലായിരുന്നു. മറിച്ച്, പല സന്ദർഭങ്ങളിലും ഇതര സമുദായ നേതാക്കളും ഭരണാധികാരികളും തപോധനരായ ഇവരെ സന്ദർശിക്കുകയും അനുഗ്രഹവും പിന്തുണയും തേടുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കാര്യങ്ങൾ മാറിമറിഞ്ഞു. സഭാ നേതൃത്വം, ഒരു വലിയ അളവോളം ജീവിതവിശുദ്ധിയോ ധാർമികതയോ ഇല്ലാത്ത, അനർഹരായവരുടെ കൈപ്പിടിയിലായി. അത്തരക്കാർ നേതൃത്വം കൈയടക്കി എന്ന് പറയുന്നതാവും കൂടുതൽ വസ്തുതാപരം. അതോടെ സഭാനേതൃത്വത്തിന്റെ വിശ്വാസ്യതക്ക് ഇടിവ് തട്ടുകയും പൊതുസമൂഹത്തിൽ അവർക്കുണ്ടായിരുന്ന സ്വീകാര്യതയും ധാർമിക സ്വാധീനവും ഗണ്യമായി നഷ്ടപ്പെടുകയും ചെയ്തു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ, ബിഷപ് മാർ ജോസഫ് പാംപ്ലാനി
നേതൃത്വത്തിന്റെ അപചയം സ്വാഭാവികമായും സഭകളുടെ സേവനരംഗത്തെയും ബാധിച്ചു. സേവനപ്രവർത്തനങ്ങൾ നിയമാനുസൃതമോ സുതാര്യമോ അല്ലാതായി. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലും അവയുടെ വിനിയോഗത്തിലും എഫ്.സി.ആർ.എ, ഫെറാ, ഫെമ തുടങ്ങിയ നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും വിദേശ സാമ്പത്തിക സഹായം വ്യാപകമായി ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്നും ആക്ഷേപം ഉയർന്നു. സ്ഥാപനങ്ങളുടെ നിയമരഹിതമായ നടത്തിപ്പിലും സാമ്പത്തിക തിരിമറികളിലും സഭാനേതൃത്വത്തിനും പങ്കുണ്ടായിരുന്നതുകൊണ്ട് പിടിക്കപ്പെടാതിരിക്കാൻ സഭാ നേതാക്കൾക്ക് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ദയാദാക്ഷിണ്യങ്ങൾ ആവശ്യമായി വന്നു. ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികൾ സഭാനേതാക്കളുടെ തലക്കു മുകളിൽ ഡെമോക്ലിസിന്റെ ഖഡ്ഗംപോലെ നിത്യഭീഷണിയായി തൂങ്ങിനിന്നു.
ഈ പരിണതി സ്വാഭാവികമായും സഭകളും രാഷ്ട്രീയ കക്ഷികളും തമ്മിൽ അവിശുദ്ധബന്ധം രൂപപ്പെടുന്നതിലേക്ക് നയിച്ചു. ധാർമികത നഷ്ടപ്പെട്ട സഭാനേതാക്കളെ കൗശലക്കാരായ രാഷ്ട്രീയക്കാർ സ്വാധീനിക്കാനും ഭയപ്പെടുത്താനും നിയന്ത്രിക്കാനും തുടങ്ങി. പൗരോഹിത്യത്തിന് ശുദ്ധമനസ്കരായ വിശ്വാസികളിൽ അവശേഷിച്ച സ്വാധീനം മുതലെടുത്ത് വിശ്വാസികളെ സ്വാധീനിച്ച് വോട്ട്ബാങ്കാക്കി പരുവപ്പെടുത്തിയെടുക്കാൻ രാഷ്ട്രീയനേതൃത്വം സഭാനേതാക്കളെ ഉപയോഗപ്പെടുത്തി. സഭാനേതാക്കളിലെ കളങ്കിതരും ഭീരുക്കളുമായവർ രാഷ്ട്രീയക്കാർക്ക് വിധേയരാകാൻ സന്നദ്ധരായി മുന്നോട്ടുവന്നു. അങ്ങനെ മതന്യൂനപക്ഷങ്ങൾ വോട്ടുബാങ്കായി മാറ്റപ്പെട്ടു.
സാമുദായിക ധ്രുവീകരണത്തിലേക്ക്
മതന്യൂനപക്ഷങ്ങളെ വോട്ടുബാങ്കാക്കി നിലനിർത്താനുള്ള എളുപ്പവഴി അവർക്ക് ഉദാരമായി ആനുകൂല്യങ്ങൾ നൽകി പ്രീണിപ്പിക്കുകയാെണന്ന് രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. ഭരണം കൈയാളുന്നവർ കക്ഷിഭേദമന്യേ, ചിലപ്പോൾ മത്സരിച്ചും ന്യൂനപക്ഷപ്രീണനം തുടർന്നു. സ്വാഭാവികമായും ഇത് ന്യൂനപക്ഷേതര മതവിഭാഗങ്ങളെ, പ്രത്യേകിച്ചും ഇവിടത്തെ ഭൂരിപക്ഷമതവിഭാഗമായ ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. തങ്ങൾക്ക് അവകാശപ്പെട്ട അവസരങ്ങളും വിഭവങ്ങളും സമ്മർദതന്ത്രം വഴി തട്ടിയെടുക്കുന്ന പ്രതിയോഗികളായി അവർ ന്യൂനപക്ഷങ്ങളെ പരിഗണിക്കാനും ചിത്രീകരിക്കാനും തുടങ്ങി.
കോൺഗ്രസും മറ്റു കക്ഷികളും ഹിന്ദു സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ അവർക്ക് നിഷേധിക്കുന്നു എന്നും, അതേസമയം അവർ ന്യൂനപക്ഷങ്ങൾക്ക് അനർഹമായ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു എന്നും ഭൂരിപക്ഷ ഹിന്ദു മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ കക്ഷിയായ ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചു. ന്യൂനപക്ഷങ്ങൾ ഹിന്ദുക്കളുടെ ശത്രുക്കളാണ് എന്ന വികാരവും വിചാരവും ഒരു വിഭാഗം ഹിന്ദുക്കളിൽ രൂഢമൂലമാക്കാൻ ഈ പ്രചാരണം വഴി ബി.ജെ.പി-സംഘ്പരിവാർ കൂട്ടുകെട്ടിന് കഴിഞ്ഞു. തികഞ്ഞ സാഹോദര്യഭാവനയോടെ കഴിഞ്ഞിരുന്ന വ്യത്യസ്ത മതസമുദായങ്ങൾക്കിടയിൽ പരസ്പര അവിശ്വാസവും ഭിന്നതയും രൂപപ്പെടാൻ ഇതു കാരണമായി. സംഘ്പരിവാർ സംഘടനകളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂടി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ, അന്യമതവിദ്വേഷത്തിൽ – പ്രത്യേകിച്ചും മുസ്ലിം വിരുദ്ധതയിൽ – ഊന്നി നടത്തിയ ആസൂത്രിത രാഷ്ട്രീയ പ്രവർത്തനം വഴി അവർക്ക് കേന്ദ്രഭരണം പിടിച്ചെടുക്കാനും തുടർഭരണം ഉറപ്പാക്കാനും കഴിഞ്ഞു.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം എന്ന് മനസ്സിലാക്കാത്തവരായി ആരെങ്കിലും ഇന്ത്യയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി പിന്തുടരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം (ഹിന്ദു) മതാധിഷ്ഠിത ദേശീയതയാണെന്നതും പ്രഖ്യാതമാണല്ലോ? ഹിന്ദു രാഷ്ട്രത്തിൽ ഹൈന്ദവേതര മതങ്ങൾക്ക് രണ്ടാം സ്ഥാനമായിരിക്കും നൽകപ്പെടുക എന്നതും ഹിന്ദുത്വവാദികളുടെ പ്രഖ്യാപിത നയമാണ്. ന്യൂനപക്ഷങ്ങളെ രണ്ടാം സ്ഥാനത്ത് ആദരിച്ചിരുത്തും എന്നാരും മോഹിക്കേണ്ടതില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ സവർക്കറോടൊപ്പം ഹിന്ദുത്വവാദികൾ ആദരിക്കുന്ന ഗോൾവൾക്കർ അദ്ദേഹത്തിന്റെ പ്രാമാണിക ഗ്രന്ഥമായ ‘വിചാരധാര’യിൽ ഇന്ത്യയിലെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഹിന്ദുസമാജത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതിനുശേഷം ന്യൂനപക്ഷക്കാർക്ക് അവിടെ തുടർന്നു ജീവിക്കണമെങ്കിൽ അവർ ഭൂരിപക്ഷമതത്തിനു കീഴ്പ്പെട്ടു കഴിയണം എന്നും തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അതിന് സമ്മതമല്ലെങ്കിൽ അഹിന്ദുക്കൾക്ക് ഇന്ത്യ വിട്ട് അവരവരുടെ പിതൃഭൂമിയിലേക്ക് പോകേണ്ടിവരും എന്നുകൂടി അദ്ദേഹം ‘വിചാരധാര’യിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്
സംഘ്പരിവാർ സംഘടനകൾ ഈ നിലപാട് മാറ്റിയതായോ മയപ്പെടുത്തിയതായോ ഇന്നോളം എവിടെയും പറഞ്ഞിട്ടില്ല. അതിനർഥം, അവർ ഇപ്പോഴും ഈ നിലപാടിൽതന്നെ തുടരുന്നു എന്നാണല്ലോ. ‘‘സബ് കെ സാത്…’’ എന്ന മുദ്രാവാക്യം തുടർച്ചയായി ആവർത്തിക്കുന്നുണ്ടെങ്കിലും അത് യാഥാർഥ്യമാക്കാനുള്ള ആത്മാർഥമായ നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
ബി.ജെ.പി ഭരണത്തിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഒതുക്കാനുള്ള അക്രമശ്രമങ്ങൾ സംഘ്പരിവാർ സംഘടനകൾ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ ആരംഭിച്ചിരുന്നു. ഈ ശ്രമങ്ങൾ ഏറിയും കുറഞ്ഞും തുടർന്നുകൊണ്ടേയിരുന്നു. 2014ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ മുമ്പെന്നത്തെക്കാളും വർധിച്ചുവരുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ‘ഹ്യൂമൻ റൈറ്റ്സ് വാച്ചി’ന്റെയും ‘വേൾഡ് വാച്ചി’ന്റെയും വാർഷിക ലിസ്റ്റിൽ കൃത്യമായ കണക്കുകൾ ലഭ്യമാണ്.
ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കു നേരേ നടക്കുന്ന അക്രമങ്ങൾക്ക് പ്രകടമായ ഒരു പാറ്റേൺ അഥവാ ക്രമീകൃത രീതിയുണ്ട്. ഇതിനർഥം ഇവക്കു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും ആസൂത്രണ ഏജൻസി (കൾ) ഉണ്ടെന്നുമാണ്. ആസൂത്രകർ പരസ്പരം ആലോചിച്ചാവണം തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്. ദേവാലയങ്ങൾ, കോൺവെന്റുകൾ, വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങൾ ഇവ ആക്രമിക്കുക, പുരോഹിതന്മാരെ മർദിക്കുക, സന്യാസിനികളെ അപമാനിക്കുക, മാനഭംഗപ്പെടുത്തുക, സ്വന്തം തീരുമാനപ്രകാരം നിയമപരമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ ഭീഷണിപ്പെടുത്തിയും പൊലീസ് സഹായത്തോടെയും ഘർ വാപ്പസിക്ക് വിധേയരാക്കുക: ഇതാണ് ആവർത്തിക്കപ്പെടുന്ന മാതൃക അഥവാ പാറ്റേൺ.
ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിന് സംസ്ഥാന ഭരണാധികാരികൾ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചും, ഈ പ്രശ്നത്തിൽ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം എന്നാവശ്യപ്പെട്ടും 70 ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19ന് ഡൽഹിയിൽ സത്യഗ്രഹം സംഘടിപ്പിച്ചു. അതുപോലെ സമസ്ത ക്രിസ്തി സമാജിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12ന് ബോംബെയിൽ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇതിന്റെയെല്ലാം തുടർച്ചയായി ഏപ്രിൽ 13ന് ഒരു ക്രിസ്ത്യൻ പ്രതിനിധിസംഘം ഇന്ത്യൻ പ്രസിഡന്റിനെ സന്ദർശിച്ച് ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ബി.ജെ.പി ഭരണം നിലവിലുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും ക്രിസ്ത്യൻ പള്ളികൾക്കും സ്ഥാപനങ്ങൾക്കും എതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണം എന്ന് അഭ്യർഥിക്കുകയുണ്ടായി. 2014 നും 2022നും ഇടയിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമങ്ങൾ ആറ് ഇരട്ടി വർധിച്ചു എന്ന് ഈ ഡെലിഗേഷൻ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2014ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ 120 ആയിരുന്നെങ്കിൽ 2022ൽ അത് 600 ആയി വർധിച്ചു എന്നും അക്രമത്തെ ഭയന്ന് ആയിരത്തിലധികം ക്രിസ്ത്യാനികൾക്ക് പ്രാണരക്ഷാർഥം വനങ്ങളിൽ അഭയം തേടേണ്ടി വന്നു എന്നും നിവേദനത്തിൽ തുടർന്ന് പറയുന്നു. ഒറ്റപ്പെട്ട അതിക്രമങ്ങളല്ല, അക്രമപരമ്പരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് നിവേദകസംഘം പിന്നീട് മാധ്യമങ്ങളെ അറിയിച്ചത്.
ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും ഉപജീവനമാർഗങ്ങളും തകർക്കുന്ന ഹിന്ദുത്വശക്തികളുടെ ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുമണ്ഡലത്തിൽ (public domain) ലഭ്യമാണ്. അതുകൊണ്ട് കൂടുതൽ സംഭവങ്ങൾ ഉദ്ധരിക്കുന്നില്ല. കത്തോലിക്കർ ഉൾപ്പെടെ ഏറക്കുറെ മുഴുവൻ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് അതിൽ പ്രതിഷേധിക്കുകയും തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകുകയും കോടതികളെ സമീപിക്കുകയും ചെയ്യുമ്പോഴാണ് ‘‘ഇന്ത്യയിലെ ക്രൈസ്തവർക്ക് ഇപ്പോൾ അരക്ഷിതത്വബോധമില്ലെന്നും അവർ സുരക്ഷിതരാണെ’’ന്നും കേരളത്തിലെ അത്യുന്നത കർദിനാൾ മാർ ആലഞ്ചേരി ടി.വി അഭിമുഖത്തിൽ പറഞ്ഞത്. സ്വകാര്യ അജണ്ട ഇല്ലാത്ത ആർക്കെങ്കിലും ഇങ്ങനെ പറയാനാവുമോ?
പ്രതിച്ഛായ മങ്ങുന്ന ഇന്ത്യ
മതന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അവയുടെ ഇരകളെ മാത്രം ബാധിക്കുന്നതോ അസ്വസ്ഥരാക്കുന്നതോ ആയ കാര്യമല്ല എന്ന് നാം തിരിച്ചറിയണം. മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരും മനുഷ്യാവകാശ ലംഘനങ്ങളെ നിരീക്ഷിക്കുന്നവരുമായ ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളും സംഘടനകളും ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷാവകാശലംഘനങ്ങളിൽ അസ്വസ്ഥരും ആശങ്കാകുലരുമാണ് എന്നാണ് ഇതേസംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളിൽനിന്നും മനസ്സിലാകുന്നത്. ഐക്യരാഷ്ട്ര സഭയും ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷപീഡനത്തിലുള്ള ആശങ്ക പരസ്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് നാം അറിയണം.
ഇന്ത്യയിൽ ബി.ജെ.പിയും സംഘ്പരിവാറും കൂടി നടത്തുന്ന ന്യൂനപക്ഷപീഡനങ്ങൾ അന്താരാഷ്ട്രതലത്തിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നുണ്ടെന്നും അന്തർദേശീയ നേതാവാകാനുള്ള നരേന്ദ്ര മോദിയുടെ തീവ്രമോഹത്തിന് അത് തടയിടുന്നുണ്ടെന്നുമുള്ള തിരിച്ചറിവും ആശങ്കയും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ടവരെ നിർബന്ധിക്കുന്നുണ്ട് എന്നുവേണം വിലയിരുത്താൻ. ഭയപ്പെടുത്തിയും ആക്രമിച്ചും ദേശദ്രോഹികളാക്കി ചാപ്പകുത്തി ഒറ്റപ്പെടുത്തിയും ന്യൂനപക്ഷങ്ങളെ നിശ്ശബ്ദരാക്കാനോ ഒതുക്കാനോ വിധേയരാക്കാനോ സാധ്യമല്ല എന്ന തിരിച്ചറിവ് ബി.ജെ.പി നേതൃത്വത്തിൽ സാവകാശം രൂപപ്പെട്ടുവരുന്നതായി അവരുടെ ചില പ്രസ്താവനകളും രാഷ്ട്രീയ നീക്കങ്ങളും സൂചന നൽകുന്നുണ്ട്. അതുകൊണ്ട്, ന്യൂനപക്ഷങ്ങളെ വിരട്ടി ഒതുക്കുന്നതിനു പകരം അനുനയിപ്പിച്ച് പാട്ടിലാക്കി വിധേയരാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സഹായമില്ലാതെ അധികാരം പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ പുതുതന്ത്രം അടിയന്തരമായും തീവ്രമായും പരീക്ഷിക്കുവാനുള്ള തയാറെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. കേരളത്തെ ഇതിന്റെ പരീക്ഷണശാലയായി ബി.ജെ.പി തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ബി.ജെ.പി സംഘ്പരിവാർ വ്യവഹാരങ്ങളിൽ ഇപ്പോൾ കാണുന്ന മറ്റൊരു തന്ത്രംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്: ഹിന്ദുത്വ സംഘടനകളുടെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന തീവ്രവാദസ്വഭാവമുള്ള സംഘങ്ങളും പ്രാദേശിക തെമ്മാടിക്കൂട്ടങ്ങളും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും വിലക്കാതിരിക്കുക. അതേസമയം, ഉയർന്നതലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ നേതാക്കന്മാരുമായും അവരിലെ വരേണ്യവിഭാഗങ്ങളുമായും സൗഹൃദം സ്ഥാപിച്ചും സഹായങ്ങൾ വാഗ്ദാനംചെയ്തും അവരെ രാഷ്ട്രീയമായി തങ്ങളുടെ പക്ഷത്താക്കാൻ ശ്രമിക്കുക. ‘അഗ്രജനിൽനിന്ന് അവരജനിലേക്ക്’ എന്ന ബ്രാഹ്മണ്യതന്ത്രമാണ് ഇവിടെയും പ്രയോഗിച്ചുകാണുന്നത്.
ബി.ജെ.പിയുടെ സമകാലിക രാഷ്ട്രീയവ്യവഹാരത്തിലെ ഈ ഇരട്ടത്താപ്പ് അവരുടെ രാഷ്ട്രീയ ശൈലിയുടെ മുഖമുദ്രയായി തിരിച്ചറിയേണ്ടതാണ്.
മുസ്ലിം വിരുദ്ധതയുടെ വൈറസ് ക്രൈസ്തവരിലേക്കും
ഇതോടൊപ്പം ഏറ്റവും ഗൗരവപൂർവം പരിശോധിക്കേണ്ട പ്രശ്നമാണ് കഴിഞ്ഞ ഒരു ദശകത്തിൽ ഏറെയായി കേരളത്തിലെ ക്രിസ്ത്യാനികളിൽ, പ്രത്യേകിച്ചും സിറിയൻ ക്രിസ്ത്യൻ വിഭാഗങ്ങളിൽ – സീറോ മലബാർ, ഓർത്തഡോക്സ് സുറിയാനി, മാർത്തോമ്മാ സഭകൾ – ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ അഥവാ മുസ്ലിം വിരോധം. ഒരുകാലത്ത് സമ്പത്തിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും കാര്യത്തിൽ ബിസിനസുകാരായ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന മേൽക്കൈ ക്രമേണ അവർക്ക് കൈമോശം വന്നു. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് ശാസ്ത്രീയമായി വിശകലനംചെയ്ത് പഠിക്കാനോ പരിഹാരം തേടാനോ മത-സമുദായ നേതൃത്വം ശ്രമിച്ചില്ല. സ്വന്തം സ്ഥാനവും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ് അവരിൽ അധികപേരും മുൻഗണന നൽകിയത്.
മുസ്ലിം സമുദായത്തിൽനിന്ന് സാമ്പത്തിക-സാമൂഹിക മേഖലകളിൽ നേട്ടം കൈവരിച്ചവരിൽ ഭൂരിപക്ഷവും വളരെ കഷ്ടപ്പെട്ട് അധ്വാനിച്ചാണ് പുരോഗതി നേടിയത് എന്ന വസ്തുത അംഗീകരിക്കാൻ മറ്റു മതസമൂഹങ്ങൾ ബോധപൂർവം വിസമ്മതിച്ചു. മുസ്ലിംകളെ ഒന്നടങ്കം ഹവാലക്കാരായും കള്ളക്കടത്തുകാരായും ചിത്രീകരിക്കുന്ന (അഥവാ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന) തികച്ചും അനാരോഗ്യകരമായ പ്രവണത മതന്യൂനപക്ഷക്കാരായ ക്രിസ്ത്യാനികളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സംഘ്പരിവാറുകാർ നിരന്തരം നടത്തിയ വിദ്വേഷ പ്രചാരണങ്ങളാണ് (‘ഹെയ്റ്റ് സ്പീച്ച്’) ക്രിസ്ത്യാനികളിൽ മുസ്ലിം വിരുദ്ധതയുടെ വൈറസ് കടത്തിവിട്ടത്. നിർഭാഗ്യവശാൽ, ഏകപക്ഷീയവും വിഭാഗീയവുമായിട്ടാണ് അവർ മുസ്ലിംകളുടെ പുരോഗതിയെ നോക്കിക്കണ്ടതും വ്യാഖ്യാനിച്ചതും. സ്വന്തം പോരായ്മകളും പരാജയങ്ങളും മറച്ചുവെക്കാൻ അവർ മുസ്ലിംകളെ ഭീകരവത്കരിക്കാനും മടിച്ചില്ല. അങ്ങനെയാണ് കേരളത്തിലെ ഊഷ്മളമായിരുന്ന മുസ്ലിം-ക്രൈസ്തവ ബന്ധത്തിന്റെ സ്വസ്ഥസ്ഥലികളിലേക്ക് ‘ലവ്ജിഹാദ്’ എന്ന ഗ്രനേഡ് ഏറിയപ്പെട്ടത്. പാലായിൽനിന്ന് തൊടുത്തുവിട്ട വിഷം പുരട്ടിയ ആ അസ്ത്രം കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്ന ക്രൈസ്തവ-മുസ്ലിം സൗഹാർദത്തിന്റെ കരളാണ് പിളർത്തിയത്.
മുസ്ലിം തീവ്രവാദികൾ പ്രഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയപ്പോൾ, അക്രമികളോട് ഐക്യപ്പെടുകയും ഇരയെ ഒറ്റപ്പെടുത്തുകയും കഷ്ടപ്പെടുത്തുകയും ചെയ്ത സഭാ നേതാക്കൾ സ്വന്തം സമുദായത്തിലെ അപക്വമതികളായ ചില യുവാക്കളുടെ ഒറ്റപ്പെട്ട പ്രണയ സാഹസികതയെ മനഃപൂർവം ഊതിപ്പെരുപ്പിച്ച് ‘ലവ് ജിഹാദ്’ ആയി ചിത്രീകരിച്ച് ഒരു മതാന്തര സംഘർഷം സൃഷ്ടിക്കാവുന്നിടത്തോളം വളർത്തിയെടുത്ത ദൗർഭാഗ്യകരമായ സംഭവം നാം പാഠമാക്കേണ്ടതാണ്. ഇപ്രകാരം കലങ്ങിയ സാമൂഹികസാഹചര്യം മുതലെടുക്കാൻ സംഘ്പരിവാറിലെ കുതന്ത്രക്കാരായ ഒരു വിഭാഗം തീവ്രശ്രമം നടത്തി. ഇന്നത്തെ ഈസ്റ്റർ ഡിപ്ലോമസിപോലെ അന്ന് ലവ് ജിഹാദ് വിവാദം കത്തിക്കാനായി ഏതാനും സംഘ്പരിവാർ -ബി.ജെ.പി നേതാക്കൾ മെത്രാന്മാരുടെ അരമനകൾ കയറിയിറങ്ങുകയും ‘‘മുസ്ലിം തീവ്രവാദികളിൽനിന്ന് മാന്യന്മാരായ ക്രിസ്ത്യാനികൾക്ക് സംരക്ഷണം നൽകും’’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഓർമിക്കേണ്ടതുണ്ട്. ലവ് ജിഹാദിന്റെ പാലത്തിൽക്കൂടി ഓടിയാണ് സംഘ്പരിവാറുകാർ ഈസ്റ്റർ നയതന്ത്രത്തിൽ എത്തിയത് എന്ന യാഥാർഥ്യം കാണാതെ പോകരുത്.
സുറിയാനി ക്രിസ്ത്യാനികളുടെ സവർണ (അ) ബോധം
ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും കരുത്തനായ നേതാവ് നരേന്ദ്ര മോദിയാണെന്നും, മോദിയെ പകരംവെക്കാൻ പ്രതിപക്ഷത്തെ ഒരു ‘പപ്പു’വിനും ആവില്ലെന്നും, അതുകൊണ്ട് നിലവിലുള്ള ബി.ജെ.പി സംഘ്പരിവാർ ഭരണം ദീർഘനാൾ അഭംഗുരം തുടരുമെന്നും ഇന്ത്യൻ ജനതയെ വിശ്വസിപ്പിക്കാൻ സർക്കാറിന്റെയും സംഘ്പരിവാർ സംഘടനകളുടെയും മുഴുവൻ ശക്തിയും സംവിധാനങ്ങളും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ശ്രമം കുറെയൊക്കെ വിജയിക്കുന്നു എന്നാണ് ആനുകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നത്.
വിജയിക്കുന്നവർ ആരായാലും അവരെ പിന്തുണച്ച് സൗജന്യമായി വിജയഫലം നുണയാൻ തക്കംപാർത്തിരിക്കുന്ന പരാന്നഭോജികൾ നമ്മുടെ സമൂഹത്തിലെ എല്ലാ മേഖലകളിലും സുലഭമാണല്ലോ. കക്ഷിരാഷ്ട്രീയത്തിലും സംഘടിത മതങ്ങളിലും ഇത്തരക്കാർക്ക് ഒരു ദൗർലഭ്യവുമില്ല എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ?
കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ഇത്തരക്കാരുടെ എണ്ണം കൂടിവരുന്നതായിട്ടാണ് കാണുന്നത്. ഈ നവ കുടിയേറ്റക്കാരിൽ നിസ്സാരമല്ലാത്ത ഒരു വിഭാഗം സുറിയാനി ക്രിസ്ത്യാനികളാണെന്നാണ് പ്രാഥമികമായി നടത്തിയ അന്വേഷണം സൂചിപ്പിക്കുന്നത്. ഇതിന് വ്യക്തമായ കാരണവും കണ്ടെത്താനാവും. സെന്റ് തോമസ് കേരളത്തിൽ ജ്ഞാനസ്നാനം നൽകി ക്രിസ്ത്യാനികളാക്കിയത് ബ്രാഹ്മണരെയാണെന്നും, തങ്ങൾ അവരുടെ പിൻതലമുറയാണെന്നുമാണ് ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വലിയ വിഭാഗം വിശ്വസിച്ചുപോരുന്നത്. തൽഫലമായി തങ്ങൾ സവർണരാണ് എന്നൊരു സ്വകാര്യ അഹങ്കാരം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹിക അബോധത്തിൽ ഒരുതരം ജാത്യാഭിമാനമായി കുടികൊള്ളുന്നുണ്ട്. നിർണായക സന്ദർഭങ്ങളിൽ ഈ സവർണ (അ)ബോധം സക്രിയമാകാറുമുണ്ട്. വിവാഹത്തിലെ താലികെട്ട്, മന്ത്രകോടി നൽകൽ, മരിച്ചവരുടെ പുല ആചരിക്കൽ തുടങ്ങി സുറിയാനി ക്രിസ്ത്യാനികൾ പാലിക്കുന്ന പല ഹൈന്ദവ ആചാരങ്ങളും സവർണ ഹിന്ദുക്കളോടുള്ള തങ്ങളുടെ ഉറച്ച സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിട്ടാണ് കരുതിപ്പോരുന്നത്. അതുകൊണ്ട് ഒരേ മതപാരമ്പര്യത്തിൽപെട്ടവരാണെങ്കിലും മുസ്ലിംകളെക്കാൾ സാംസ്കാരികമായി തങ്ങൾക്ക് കൂടുതൽ അടുപ്പം സവർണ ഹിന്ദുക്കളോടാണെന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ധരിച്ചിരിക്കുന്നത്.
അതുകൊണ്ട്, ഹിന്ദുക്കളുടെ പാർട്ടിയായ ബി.ജെ.പിയിൽ സവർണ ബാന്ധവമുള്ള തങ്ങൾക്കും അർഹമായ ഒരു ഇടം ലഭിക്കും എന്നാണ്, തെളിവുകൾ മറിച്ചായിട്ടും, സുറിയാനി ക്രിസ്ത്യാനികളിലെ അൽപബുദ്ധികളായ ഭാഗ്യാന്വേഷികൾ വിശ്വസിക്കുന്നത്. അവരെ ഇതിന് പ്രേരിപ്പിക്കുന്നത് സ്വതഃസിദ്ധമായ അവസരവാദ പ്രേരണയോടൊപ്പം മൂഢമായ ജാത്യാഭിമാനംകൂടിയാണ് എന്നതാണ് വാസ്തവം (വെറുതെയല്ല സംഘ്പരിവാറുകാർ കേരളത്തിലെ ക്രിസ്ത്യാനികളിലെ സുറിയാനിക്കാരുടെ നേതാക്കളെ തിരഞ്ഞുപിടിച്ച് പാട്ടിലാക്കാൻ ശ്രമിക്കുന്നത്).
സംരക്ഷണമോ ഒറ്റിക്കൊടുക്കലോ?
ഇത്രയും വസ്തുതകളെങ്കിലും കണക്കിലെടുത്തുകൊണ്ടുവേണം ബി.ജെ.പി കേരളത്തിൽ സമാരംഭിച്ചിരിക്കുന്ന ക്രിസ്ത്യൻ പ്രീണന ശ്രമങ്ങളെ ആരും വിലയിരുത്തേണ്ടത് – പ്രത്യേകിച്ചും ക്രിസ്ത്യാനികൾ എന്നാണ് എന്റെ പക്ഷം. കേരളത്തിലെ ക്രിസ്ത്യാനികളെ, പ്രത്യേകിച്ചും സെന്റ് തോമസ് പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളെ, പാട്ടിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ പിന്നിൽ അവരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളത് എന്ന് വ്യക്തമാണ്. ബി.ജെ.പിയുമായി ചങ്ങാത്തം സ്ഥാപിക്കാൻ ശ്രമിക്കുന്ന ക്രൈസ്തവ സഭാ നേതാക്കൾക്കും പൊതുതാൽപര്യത്തേക്കാൾ ഉപരി അവരുടേതായ സ്വകാര്യ-സ്വാർഥ അജണ്ടകളുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്.
മതന്യൂനപക്ഷങ്ങളായ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും വംശ-ശത്രുക്കളായി പ്രഖ്യാപിച്ച്, ഇപ്പോൾ സുപ്രീംകോടതി നിയമസാധുത പരിശോധിച്ചുകൊണ്ടിരിക്കുന്ന ആന്റി കൺവെർഷൻ ആക്ടുകൾ, പൗരത്വ ഭേദഗതി നിയമംപോലുള്ള കരിനിയമങ്ങൾ നിർമിച്ച് ഭരണഘടന അവർക്ക് ഉറപ്പുനൽകിയ മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മറ്റ് ന്യൂനപക്ഷാവകാശങ്ങളും പ്രയോജനരഹിതമാക്കി, ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അവരെ ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരുമായി സഖ്യമുണ്ടാക്കാൻ ചില സഭാനേതാക്കൾ നടത്തുന്ന ശ്രമങ്ങളിൽ പതിയിരിക്കുന്ന അപകടസാധ്യത ഗുരുതരമാണെന്ന് തിരിച്ചറിയണം. സഭാ നേതാക്കൾ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിലും സൗഹൃദം സ്ഥാപിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ, അദ്ദേഹം നയിക്കുന്ന ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നയപരിപാടികളെ തിരിച്ചറിയാനുള്ള വിവേകവും ചോദ്യംചെയ്യാനുള്ള തന്റേടവും സഭാനേതാക്കൾ വെടിയരുത്. ഭീഷണികൾക്കു വഴങ്ങാതെ, സ്വന്തം ജനങ്ങളെ സംരക്ഷിക്കാനുള്ള ധാർമിക ബാധ്യത അവർ നിറവേറ്റുകയും വേണം. പൂർവപിതാക്കന്മാർ അപ്രകാരം പ്രവർത്തിച്ച ധർമവീരന്മാരായിരുന്നു എന്ന് ഓർക്കണം.
പാവപ്പെട്ട ചെറുകിട റബർ കർഷകർക്ക് അവരുടെ ഉൽപന്നത്തിന് ന്യായമായ വില ഉറപ്പാക്കേണ്ടത് നിശ്ചയമായും സർക്കാറിന്റെ ചുമതലയാണ്. അതിനുവേണ്ടി, ആവശ്യമെങ്കിൽ സഭയിലെ പുരോഹിതരും കർഷകരോടൊപ്പം നിന്ന് സമരം ചെയ്യുകതന്നെ വേണം. എന്നാൽ, വളരെ ജാഗ്രതയോടുകൂടി വേണം ഇതിനുവേണ്ടി ബാഹ്യസഹായം സ്വീകരിക്കുന്നത്. റബറിന് കിലോക്ക് മുന്നൂറു രൂപ വിലകിട്ടിയാൽ അടിയറ വെക്കാവുന്നതല്ല മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും എന്ന കാര്യം മതമേലധ്യക്ഷന്മാർ മറക്കരുത്. കൊളോണിയൽ ഭരണകാലം മുതൽ എക്കാലവും ഭരണകൂടങ്ങളോടൊപ്പം നിന്ന് എങ്ങനെയും തൻകാര്യം നേടുന്ന സ്ഥാപിത താൽപര്യക്കാരാണ് ഇവിടത്തെ ക്രിസ്ത്യാനികൾ എന്ന ദുഷ്പേര് അരക്കിട്ടുറപ്പിക്കുന്ന നിലപാട് സഭാനേതൃത്വം സ്വീകരിക്കരുത്. എന്നാൽ സഭാ മേലധ്യക്ഷന്മാരിൽ പലരും ഇപ്പോൾ സ്വീകരിക്കുന്ന സമീപനം തികച്ചും ബുദ്ധിശൂന്യവും ക്രൈസ്തവികതക്ക് നിരക്കാത്തതും ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപകീർത്തികരവും അതിലുമുപരി അപകടകരവുമാണ്.
ഹിന്ദുത്വ ഭീകരവാദികളുടെ ആയുധങ്ങൾക്കിരയായ അസംഖ്യം രക്തസാക്ഷികളുടെ ജീവിതത്തോടും സ്മരണയോടും കാട്ടുന്ന കടുത്ത അനീതികൂടിയാകും അത്. ഗ്രഹാം സ്റ്റെയ്ൻസ് (അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ്, തിമോത്തി), സിസ്റ്റർ റാണി മരിയ, ഫാ. സ്റ്റാൻ സാമി തുടങ്ങിയവരുടെ ആത്മത്യാഗത്തെ ക്രിസ്ത്യാനികൾക്കെന്നല്ല മനുഷ്യത്വമുള്ള ആർക്കെങ്കിലും മറക്കാനോ അവഗണിക്കാനോ ആകുമോ? സംഘ്പരിവാറുമായി കച്ചവടം ഉറപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചില ഇടയന്മാരും അവരുടെ രാഷ്ട്രീയ ഇടനിലക്കാരും സ്വന്തം ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത് എന്ന് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോ? ക്രൈസ്തവ സഭാ നേതാക്കൾ കൂടുതൽ ജാഗ്രതയും ദീർഘവീക്ഷണവും പുലർത്തണം എന്ന് ഓർമപ്പെടുത്തുന്ന സംഭവങ്ങളാണല്ലോ ഇന്ത്യയിൽ പലയിടത്തും പ്രത്യേകിച്ച് മണിപ്പൂരിൽ, അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
(അഹ്മദാബാദ് ഗുജറാത്ത് വിദ്യാപീഠ് സർവകലാശാലയിൽ അധ്യാപകനായ (Adjunct Professor) ലേഖകൻ ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ‘ഗാന്ധി മാർഗി’ന്റെ എഡിറ്ററാണ്. മുമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലും എം.ജി സർവകലാശാലയിൽ ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഡയറക്ടറുമായിരുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.