''ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ചരിത്രത്തിലെ ഏത് രാജ്യത്തേക്കാളും ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. എക്കാലത്തെയും മികച്ച ലോകകപ്പ് അവര്‍ സമ്മാനിക്കും. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിനോളം ഒരുങ്ങിയ ഒരു രാജ്യത്തെ ഞാൻ കണ്ടിട്ടില്ല'' - ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോ ഒരു വർഷം മുമ്പേ പറഞ്ഞ വാക്കുകളാണിത്. ശരിയാണ്. ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. നല്ല ആതിഥേയരാകാൻ. ഫുട്ബാളിന്റെ വലിയ പാരമ്പര്യമൊന്നും പറയാനില്ലാത്ത നാടാണ് ഖത്തർ. വിസ്തൃതിയിലും ജനസംഖ്യയിലും...
''ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ചരിത്രത്തിലെ ഏത് രാജ്യത്തേക്കാളും ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. എക്കാലത്തെയും മികച്ച ലോകകപ്പ് അവര്‍ സമ്മാനിക്കും. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിനോളം ഒരുങ്ങിയ ഒരു രാജ്യത്തെ ഞാൻ കണ്ടിട്ടില്ല'' - ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോ ഒരു വർഷം മുമ്പേ പറഞ്ഞ വാക്കുകളാണിത്.
ശരിയാണ്. ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. നല്ല ആതിഥേയരാകാൻ. ഫുട്ബാളിന്റെ വലിയ പാരമ്പര്യമൊന്നും പറയാനില്ലാത്ത നാടാണ് ഖത്തർ. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാജ്യങ്ങളിലൊന്ന്. പക്ഷേ, വലിയ കളിയുടെ വലിയ ആതിഥേയരാകാൻ ഈ രാജ്യത്തിന്റെ മണ്ണും മനസ്സും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അറേബ്യൻ സംസ്കാരവും സാങ്കേതിക വിദ്യയും കോർത്തിണക്കിയ ലോകോത്തര കായിക സൗകര്യങ്ങളുമായി ലോകത്തെ അമ്പരപ്പിക്കാൻ നവംബർ 20 എന്ന ദിവസത്തിനായി ഈ ജനത കാത്തിരിക്കുന്നു. 20 വർഷത്തെ ഇടവേളയിൽ ഏഷ്യയിലും ആദ്യമായി മധ്യപൂർവ ദേശത്തും കാൽപന്ത് കളിയുടെ വിശ്വമേളയുടെ വിസിൽ മുഴങ്ങുമ്പോൾ കരയിലും കടലിലും മരുഭൂമിയിലുമായി തുറന്നുവെച്ച വിസ്മയങ്ങളുമായി ലോകത്തെ സ്വാഗതം ചെയ്യുകയാണ് ഖത്തര്‍.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾ സ്വപ്നം കണ്ട ആരവങ്ങൾ നേരിൽ കാണാനും ആസ്വദിക്കാനുമുള്ള തയാറെടുപ്പിലാണ് ഖത്തറിലെ മലയാളികളും. ഇഷ്ടടീമുകളുടെ കുപ്പായങ്ങളുമായും ഫാൻക്ലബുകളുടെ ആവേശത്തിമിർപ്പുകളുമായും ഇവിടെ മലയാളികൾ ഉത്സവം തുടങ്ങിക്കഴിഞ്ഞു. സെവന്‍സ് ഫുട്ബാൾ ടൂർണമെന്റുകളും പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളുംകൊണ്ട് ഇവിടം സജീവം. ഫിഫ നടത്തുന്ന വർണശബളമായ ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെയാണിത്. വീട്ടിൽനിന്നും നടന്നെത്താവുന്നതോ കുറഞ്ഞ സമയത്തിൽ വാഹനത്തിൽ എത്താവുന്നതോ ആയ ദൂരത്തിലാണ് സ്റ്റേഡിയങ്ങളെല്ലാം എന്നത് വലിയ കാര്യം.
ലോകത്തിനൊന്നാകെ മനോഹര മുഹൂർത്തങ്ങൾ സമ്മാനിക്കാനും അതുപോലെ തങ്ങൾക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ ഏറ്റുവാങ്ങാനുമുള്ള തയാറെടുപ്പിലാണ് ഞാനടക്കമുള്ള ഖത്തർ സന്നദ്ധപ്രവർത്തകർ. ലോകകപ്പിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാൻ ഞങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ഒരു സന്നദ്ധപ്രവർത്തകയിലേക്കുള്ള എന്റെ തുടക്കം കഴിഞ്ഞ മാർച്ചിലാണ്. 2022 ലോകകപ്പിന്റെ വളന്റിയർ ടീമിന്റെ ഭാഗമാകാനുള്ള അപേക്ഷകൾ volunteer.fifa.com വഴിയാണ് തുറന്നിരുന്നത്. 2022 ഒക്ടോബർ 1ന് 18 വയസ്സ് തികയുന്ന ആര്‍ക്കും അപേക്ഷിക്കാം എന്നതായിരുന്നു വ്യവസ്ഥ. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു. ലോകമഹാമേളയിൽ സന്നദ്ധസേവനം നടത്താനുള്ള അവസരം മുന്നിൽ വന്നപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. ഒരു പ്രവാസി വനിത എന്ന നിലയിൽ, എന്റെ സംഭാവന നൽകാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുമുള്ള ആവേശമായിരുന്നു. പിന്നീടുള്ള മാസങ്ങൾ അഭിമുഖങ്ങളുടേതായിരുന്നു. എന്റേത് മേയ് മാസത്തിലായിരുന്നു. ഇ-മെയിൽ വഴി അഭിമുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയിച്ചിരുന്നു. ദോഹ കൺവെൻഷൻ സെന്ററിൽ പ്രത്യേകം തയാറാക്കിയ പവിലിയനുകളിലായിരുന്നു അഭിമുഖങ്ങൾ. നമ്മുടെ അഭിരുചികളും സ്പോർട്സിനോടുള്ള അടുപ്പവും ചോദിച്ചറിഞ്ഞു. തികഞ്ഞ സൗഹാർദ അന്തരീക്ഷത്തിലായിരുന്നു അഭിമുഖങ്ങളെല്ലാം. ദോഹ കൺവെൻഷൻ സെന്ററിൽ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന വിവിധ ചിത്രങ്ങൾ നിറച്ചിരുന്നു.
ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന പരിപാടിയുടെ കിക്ക്ഓഫ് ഔദ്യോഗിക ഓറിയന്റേഷൻ ഇവന്റ് സെപ്റ്റംബർ രണ്ടി നാണ് നടന്നത്. പതിനാറായിരത്തോളം വരുന്ന സന്നദ്ധപ്രവർത്തകർ ലുസൈൽ സ്റ്റേഡിയത്തിലാണ് ഒത്തുകൂടിയത്. ഫുട്ബാൾ ഇതിഹാസങ്ങളും ലോകകപ്പ് സംഘാടകരിലെ പ്രമുഖരും ഓൺലൈനിലും നേരിട്ടുമായി പങ്കെടുത്ത ഉത്സവച്ചടങ്ങായിരുന്നു അത്.
ഔദ്യോഗിക വളണ്ടിയർ യൂണിഫോം റിലീസ് ചെയ്തപ്പോൾ
ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാം, ആസ്ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹിൽ എന്നിവരുടെ പ്രോത്സാഹന സന്ദേശങ്ങളുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഡാൻസ് പെർഫോമൻസുകളും വിഡിയോ റീലുകളും വേദിയെ വർണാഭമാക്കി. സെലിബ്രിറ്റി അവതാരകയായ അബൂദ് ആഫ്രോയും അൻഷോ ജെയിനും ചേർന്നാണ് ഇവന്റിന്റെ ആവേശകരമായ അന്തരീക്ഷം നയിച്ചത്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഏറ്റവും വലിയ ആതിഥേയവേദിയില്തന്നെ ഒത്തുചേര്‍ന്നത് എല്ലാവർക്കും വലിയ ഊര്‍ജം നല്‍കുന്നതായിരുന്നു.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്.സി) ഡയറക്ടർ ജനറൽ എൻജിനീയർ, യാസിർ അൽ ജമാൽ ഇവന്റ് ഉദ്ഘാടനം ചെയ്തു. ഇവന്റുകൾ നിറഞ്ഞ ഒരു സായാഹ്നമായിരുന്നു അത്. 2022ലെ ഫിഫ ലോകകപ്പിലെ വളന്റിയർമാർക്കുള്ള യൂനിഫോം അനാച്ഛാദനമായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഓറിയന്റേഷൻ ഹൈലൈറ്റുകളിൽ പ്രധാനപ്പെട്ടത്. വിവിധ സംസ്കാരങ്ങളെ കോര്‍ത്തിണക്കി മനോഹരമായ യൂനിഫോം ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ ജനക്കൂട്ടത്തിൽ ആരവങ്ങൾ മുഴങ്ങി. വിവിധ വർണങ്ങളിലുള്ള വളന്റിയർ യൂനിേഫാം രൂപകൽപന ചെയ്തത് ആഗോള ഭീമന്മാരായ അഡിഡാസ് ആണ്.
അഡിഡാസിന്റെ ട്രിപ്പിൾ-സ്ട്രൈപ് ഡീറ്റെയിലിങ്ങും വളന്റിയർ സ്പിരിറ്റിനെ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ലോഗോയും യൂനിഫോമിലുണ്ടായിരുന്നു. വളന്റിയർമാർക്കായി തൊപ്പികൾ, നീളമുള്ളതും നീളമുള്ളതുമായ സ്ലീവ് ടോപ്പുകൾ, ജാക്കറ്റുകൾ, പാന്റ്സ്, സോക്സ്, ഷൂസ് എന്നിവയും വനിതാ സന്നദ്ധപ്രവർത്തകർക്കായി ഓപ്ഷനൽ ഹെഡ് സ്കാർഫുകളും സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ഡിസൈനിലുള്ള ഹിജാബുകളും യൂനിഫോമിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇ-ലേണിങ് പ്ലാറ്റ്ഫോമിലേക്കുള്ള ആമുഖവും ഓറിയന്റേഷനിൽ ഉൾപ്പെട്ടിരുന്നു. സന്നദ്ധപ്രവർത്തകർക്ക് സാംസ്കാരിക അവബോധം, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ വിഷയ പരിശീലനങ്ങളാണ് ഇതിലൂടെ ലഭിച്ചിരുന്നത്. അവരുടെ അടിസ്ഥാന സേവന റോൾ മികച്ചരീതിയിൽ നിർവഹിക്കുക. പുതിയ പ്ലാറ്റ്ഫോമിലൂടെ, സന്നദ്ധപ്രവർത്തകർക്ക് ഒരു പ്രധാന വിവരവിഭവത്തിലേക്കും ഇ-ലേണിങ് മൊഡ്യൂളുകളിലേക്കും ആക്സസുണ്ട്, അത് വിദേശത്തുനിന്ന് എത്തുന്ന നിരവധി സന്നദ്ധപ്രവർത്തകർക്ക് അവരുടെ സ്വന്തം സൗകര്യത്തിനും പ്രദേശം പരിഗണിക്കാതെയും അവരുടെ റോളുകൾക്കായി സ്വയം തയാറെടുക്കാൻ അനുവദിക്കുന്നു.
വളന്റിയർ യാത്രയുടെ അടുത്ത ഘട്ടമായി, സന്നദ്ധപ്രവർത്തകർക്ക് അവരുടെ പൊതുവായതും റോൾ-നിർദിഷ്ടവുമായ പരിശീലനം ഓൺലൈനിലും നേരിട്ടും നടന്നു. ഒരേ റോളുകൾ ചെയ്യുന്നവർ പ്രത്യേകം സജ്ജീകരിച്ച ട്രെയ്നിങ് സെന്ററിൽ ഒത്തുകൂടി. സേവനയിടങ്ങൾ പലതാണെങ്കിലും ഒരേതരത്തിലുള്ള സേവനങ്ങൾ ചെയ്യുന്നവരാണ് ഒത്തുകൂടിയത്. അവര്‍ക്കുള്ള യാത്രാസൗകര്യങ്ങൾ മുതൽ അവരുടെ സേവനത്തിലുള്ള ചെറിയ കാര്യങ്ങൾവരെ ട്രെയ്നിങ്ങിൽ ഉൾപ്പെട്ടിരുന്നു. സംശയനിവാരണത്തിനുള്ള അവസരങ്ങളും ഒരുക്കി.
അവസാനഘട്ട പരിശീലനങ്ങളിലൊന്നായിരുന്നു വ്യക്തിഗത സ്ഥല-നിർദിഷ്ട പരിശീലനം. വളന്റിയർമാർക്ക് അവരെ നിയോഗിക്കുന്ന യഥാർഥ വേദികളിൽ നിർവഹിക്കുന്ന ടാസ്ക്കുകളുടെ അനുഭവം നൽകാൻ ഈ ട്രെയ്നിങ്ങിനായി. വെന്യൂവിൽ വെച്ചുതന്നെയുള്ള ഈ ട്രെയ്നിങ് കാര്യങ്ങൾ ഏറെ സുഗമമാക്കി. നമ്മെ സമീപിക്കുന്ന ഓരോ ആരാധകനും വ്യക്തമായ വിവരങ്ങള്‍ നൽകാനും ഉന്നതനിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കാനുമുള്ള വിവിധ പരിശീലനങ്ങള്‍ ഞങ്ങൾക്ക് ലഭിച്ചു.
സന്നദ്ധസേവകരിലേറെപ്പേരും യൂനിഫോം പാക്കേജുകള്‍ സ്വീകരിക്കുകയും അവരുടെ പരിശീലനവും അക്രഡിറ്റേഷനും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കിക്കോഫ് മുഴങ്ങുന്നത് നവംബര്‍ 20ന് ആണെങ്കിലും പല വിഭാഗങ്ങളും ഒക്ടോബർ മുതൽ ആരംഭിച്ചുകഴിഞ്ഞു.
450 ദശലക്ഷം ജനസംഖ്യയുള്ള, അറബ് ലോകത്ത് ഫുട്ബാളിനോട് വലിയ അഭിനിവേശമുണ്ട്. അത് തിരിച്ചറിഞ്ഞും ഭാവി ഫുട്ബാളിനെ വാർത്തെടുക്കാനും വേണ്ടെതല്ലാം ഖത്തർ ചെയ്യുന്നു. ഫുട്ബാളിലൂടെ വൈവിധ്യ സംസ്കാരങ്ങളിൽനിന്നും വൈവിധ്യ നാടുകളിൽനിന്നും എത്തുന്ന ആളുകളെ ബന്ധിപ്പിക്കുന്ന മഹത്തായ ഉദ്യമത്തിലാണ് ഓരോ സന്നദ്ധപ്രവർത്തകനും. കനവുകളിൽ ഫുട്ബാളുമായി എത്തുന്ന എല്ലാവരെയും മനംനിറഞ്ഞ് സ്വീകരിക്കാൻ ഞങ്ങളുണ്ടാകും. വന്നിറങ്ങുന്ന എയര്‍പോർട്ട് മുതൽ മൈതാനങ്ങൾ വരെ. നിറഞ്ഞ സന്തോഷത്തോടെ എല്ലാവരെയും വരവേല്‍ക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.