എഗ്രീഡ് ടു ഡിസെഗ്രി -വി.എം. സുധീരൻ ഉമ്മൻ ചാണ്ടിയുമായുള്ള ആറു പതിറ്റാണ്ടി​ന്റെ ബന്ധം​ ഒാർമിക്കുന്നു

കോൺഗ്രസ്​ നേതാവും മുൻ സ്​പീക്കറുമായ വി.എം. സുധീരൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ആറു പതിറ്റാണ്ടി​ന്റെ ബന്ധം​ ഒാർമിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.1972ൽ കടന്നപ്പള്ളി രാമചന്ദ്രന്‍റെ പിതാവ് മരിച്ചതിനെ തുടർന്ന് ഞാനും ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി. ഈ സമയത്ത് ലീഡർ കെ. കരുണാകരൻ കോഴിക്കോട് ചിക്കൻ പോക്സ് പിടിച്ച് കിടക്കുകയാണ്. ലീഡർ സഹോദരന്‍റെ വീട്ടിലാണ്. അദ്ദേഹമന്ന് ആഭ്യന്തര മന്ത്രിയാണ്. ഞങ്ങൾ ചെറുപ്പം. ചിക്കൻപോക്സിന്‍റെ വരുംവരായ്കളൊന്നും ഞങ്ങൾ നോക്കിയില്ല. ലീഡറെ കാണാൻ രണ്ടുപേരും നേരെ ആ വീട്ടിലെത്തി. നന്നായി ചിക്കൻപോക്സ് ബാധിച്ചതിന്‍റെ ക്ഷീണത്തിലാണ് ലീഡർ. ഞങ്ങളെ...

കോൺഗ്രസ്​ നേതാവും മുൻ സ്​പീക്കറുമായ വി.എം. സുധീരൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ആറു പതിറ്റാണ്ടി​ന്റെ ബന്ധം​ ഒാർമിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

1972ൽ കടന്നപ്പള്ളി രാമചന്ദ്രന്‍റെ പിതാവ് മരിച്ചതിനെ തുടർന്ന് ഞാനും ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി. ഈ സമയത്ത് ലീഡർ കെ. കരുണാകരൻ കോഴിക്കോട് ചിക്കൻ പോക്സ് പിടിച്ച് കിടക്കുകയാണ്. ലീഡർ സഹോദരന്‍റെ വീട്ടിലാണ്. അദ്ദേഹമന്ന് ആഭ്യന്തര മന്ത്രിയാണ്. ഞങ്ങൾ ചെറുപ്പം. ചിക്കൻപോക്സിന്‍റെ വരുംവരായ്കളൊന്നും ഞങ്ങൾ നോക്കിയില്ല. ലീഡറെ കാണാൻ രണ്ടുപേരും നേരെ ആ വീട്ടിലെത്തി. നന്നായി ചിക്കൻപോക്സ് ബാധിച്ചതിന്‍റെ ക്ഷീണത്തിലാണ് ലീഡർ. ഞങ്ങളെ കണ്ട് ലീഡർ തന്നെ അത്ഭുതപ്പെട്ടു. എല്ലാവരും അകന്നുമാറുന്ന അസുഖമാണല്ലോ. അങ്ങോട്ടേക്ക് പോകുമ്പോൾതന്നെ ആളുകൾ പോകേണ്ടെന്ന് പറഞ്ഞിരുന്നു. കുഴപ്പമില്ല, അതൊന്നും പ്രശ്നമാക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം. ‘‘കണ്ടാൽ കുഴപ്പമില്ല, പിന്നീട് നന്നായി തേച്ചു കുളിച്ചാൽ മതി’’യെന്നായിരുന്നു ചിക്കൻപോക്സിന്‍റെ കാര്യത്തിലെ അദ്ദേഹത്തിന്‍റെ രസകരമായ സമീപനം. പിന്നീട് രണ്ടാളും കോഴിക്കോട് ​െഗസ്റ്റ് ഹൗസിലെത്തി ഫ്രഷ് ആയ ശേഷമാണ് യാത്രതുടർന്നത്.

യൂത്ത് കോൺഗ്രസ്-കെ.എസ്.യു സംവിധാനമെന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. എ.സി. ജോർജ്, വയലാർ രവി, എം.എ. ജോൺ, ഉമ്മൻ ചാണ്ടി, എ.കെ. ആന്റണി, ഷൺമുഖദാസ് എന്നിങ്ങനെ നീണ്ടനിരയായിരുന്നു. രാഷ്ട്രീയബന്ധത്തിനപ്പുറം സഹോദരബന്ധമായിരുന്നു തമ്മിലുണ്ടായിരുന്നത്. സംസ്ഥാന ക്യാമ്പ് ആശയവിനിമയത്തിന്‍റെ വലിയ വേദിയായി. പ്രഗല്ഭമതികളുടെ ക്ലാസുകളുണ്ടാകും. ജനാധിപത്യം, മതേതത്വം, സോഷ്യലിസം, മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങൾ, ലോക വിദ്യാർഥി പ്രസ്ഥാനങ്ങൾ, ഭരണഘടന, സ്വാതന്ത്ര്യസമരത്തിലെ വിദ്യാർഥികളുടെ പങ്ക്, ലോകത്തെ വിദ്യാർഥി പ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങളിലാകും ക്ലാസുകളുണ്ടാവുക. ഞങ്ങൾക്ക് ഇന്ന് എന്തെങ്കിലുമുണ്ടെങ്കിൽ അതൊക്കെ അന്നത്തെ പഠനക്യാമ്പുകളിൽനിന്ന് കിട്ടിയതാണ്. പല വിഷയങ്ങളിൽ ചർച്ചയുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുടെ പോർമുഖം തുറക്കുന്ന ചർച്ചകളാണെങ്കിലും സൗഹൃദത്തിനും സ്നേഹത്തിനും കോട്ടം തട്ടിയിരുന്നില്ല. തുറന്നും നിർഭയമായും അഭിപ്രായം പറയാനുള്ള കരുത്ത് ഞങ്ങൾക്ക് കിട്ടിയതും ഈ ക്യാമ്പുകളിൽനിന്നാണ്. അത്തരം ക്യാമ്പുകളുടെ കുറവാണ് ഇന്നനുഭവപ്പെടുന്നത്. മൂന്ന് നാല് ദിവസം ഒന്നിച്ച് താമസിക്കുമ്പോഴുണ്ടാകുന്ന ബന്ധങ്ങളിലെ കരുത്താണ് മറ്റൊന്ന്. തറയിൽ പായവിരിച്ച് കിടക്കും. ഒന്നിച്ച് ഭക്ഷണവും ഉറക്കവും. ഷർട്ടുകൾ ചിലപ്പോൾ പരസ്പരം മാറും. കുപ്പായം അങ്ങോട്ട് കൊടുത്തും ഇങ്ങോട്ട് വാങ്ങിച്ചുമെല്ലാം വല്ലാത്തൊരു ബന്ധമായിരുന്നു ക്യാമ്പുകളിൽ. ഇത് തീർത്ത ഐക്യബോധം ചെറുതൊന്നുമല്ല. സംസ്ഥാനത്താകെയുള്ള കെ.എസ്.യു-യൂത്ത് കോൺഗ്രസ് നെറ്റ് വർക് അതിശക്തമായി. ഒരിക്കൽ എം.എൻ തന്നെ ആന്‍റണിയോട് ചോദിച്ചു, ‘‘എങ്ങനെയാണ് മിസ്റ്റർ ആന്‍റണി നിങ്ങൾ ഇങ്ങനെയൊരു നെറ്റ് വർക് കാത്ത് സൂക്ഷിക്കുന്നത്. ഞങ്ങൾ കമ്യൂണിസ്റ്റുകൾക്ക് പഴയകാലത്തുണ്ടായ ആത്മബന്ധവും കെട്ടുറപ്പുമുണ്ടല്ലോ, അതിനെ കടത്തിവെട്ടുന്നതാണല്ലോ നിങ്ങളുടെ സംവിധാനം.’’


അന്ന് കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും തെരഞ്ഞെടുപ്പാണ്. മാത്രമല്ല, എല്ലാം കേരളത്തിൽതന്നെ തീരുമാനിക്കണമെന്നതായിരുന്നു വ്യവസ്ഥ. ഡൽഹിയിൽനിന്നൊന്നും ഇടപെടലില്ല. എൻ.എസ്.യു.ഐ രൂപവത്കരിക്കുമ്പോഴുള്ള അനൗപചാരിക ധാരണയും അതായിരുന്നു. കാരണം കെ.എസ്.യു എന്നത് തീർത്തും സ്വതന്ത്ര വിദ്യാർഥി സംഘടനയായിരുന്നു. ഒരു കോൺഗ്രസ് നേതാവും കെ.എസ്.യുവിന്‍റെ കാര്യത്തിൽ ഇടപെടില്ല. 1978ലെ ഭിന്നിപ്പിനുശേഷമാണ് നോമിനേഷൻ രീതിയൊക്കെ വന്നത്. ഇപ്പോൾ ഡൽഹിയിൽനിന്നാണ് തീരുമാനമുണ്ടാകുന്നത്. ഇത് ആദ്യ ധാരണക്ക് വിരുദ്ധമാണ്.

38ാം നമ്പർ മുറിയിലെ ഒഴിയാത്തിരക്ക്

എം.എൽ.എ ക്വാർട്ടേഴ്സിൽ ഉമ്മൻ ചാണ്ടിക്ക് അനുവദിച്ച 38ാം നമ്പർ മുറിയായിരുന്നു ഞങ്ങളുടെയെല്ലാം താവളം. അവിടെ വലിയ ജനബാഹുല്യമായിരിക്കും. എന്നും ഹൗസ്ഫുൾ. അത് രാത്രിയായാലും പകലായാലും. ഞാനും ഹസനും തിരുവഞ്ചൂരും കെ.സി. ജോസഫുമെല്ലാം അവിടത്തെ അന്തേവാസികളായിരുന്നു. ഞങ്ങളുടെ കൂടെ ഒരുപാട് പേരുണ്ടാകും. എത്ര പേരുണ്ടാകുമെന്ന് ഞങ്ങൾക്കു തന്നെ അറിയില്ല. ചിലപ്പോൾ ഞങ്ങൾക്കാർക്കും പരിചയമില്ലാത്തവരും കാണും. രാത്രി ഒരു മണി-രണ്ട് മണിയാകുമ്പോൾ ഉമ്മൻ ചാണ്ടി കോട്ടയത്തുനിന്ന് പാളയത്ത് ബസിറങ്ങി നടന്ന് ക്വാർട്ടേഴ്സിലേക്കു വരും. മുറിയിൽ എവിടെ കയറാൻ. അത്രമാത്രം ആളുണ്ടാകും. തപ്പിപ്പിടിച്ച് പഴയ മുണ്ടോ, ഷീറ്റോ സംഘടിപ്പിക്കും. എവിടെയെങ്കിലും ഒരു മൂലയിൽ അതും വിരിച്ച് ചുരുങ്ങിക്കൂടും. അദ്ദേഹം ഒരാളെയും വിളിച്ചുണർത്തില്ല. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി ലൈറ്റ് പോലുമിടില്ല. ആരുടെയും കാലിൽ ചവിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ശബ്ദമുണ്ടാക്കാതെ പഴയ മുണ്ട് തിരയലും ഉറങ്ങാൻ ഇടം കണ്ടെത്തലും. നിയമസഭയിലെ മറ്റ് എം.എൽ.എമാർക്ക് ഈ ആൾക്കൂട്ടവും തിരക്കുമെല്ലാം പ്രശ്നമായി. ചിലർ പരാതി പറഞ്ഞതായും കേട്ടിരുന്നു. പലപ്പോഴും നിയന്ത്രണങ്ങൾ വന്നു. പക്ഷേ, ഇതെല്ലാം എവിടെ പ്രാവർത്തികമാകാൻ. പിന്നീട് കെ.സി. ജോസഫ് കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി. അവിടെ യൂനിവേഴ്സിറ്റി ​െഗസ്റ്റ്ഹൗസിൽ മുറി കിട്ടി. പിന്നെ താവളം ഞങ്ങൾ അങ്ങോട്ടേക്ക് മാറ്റി. അപ്പോഴേക്കും ഉമ്മൻ ചാണ്ടി മന്ത്രിയായി, ഔദ്യോഗിക വസതി കിട്ടി. അതോടെയാണ് 38ാം നമ്പർ മുറിയുടെ തിരക്കൊഴിഞ്ഞത്.

നിയമസഭ ഇടപെടലുകൾക്കായി ഉമ്മൻ ചാണ്ടി എപ്പോഴാണ് ഹോം വർക് ചെയ്യുക എന്നത് ഞങ്ങൾ പലപ്പോഴും അതിശയത്തോടെ ആലോചിക്കുമായിരുന്നു. അത്രമാത്രം തിരക്കിലായിരിക്കും ദിനചര്യകൾ. മുറിയിൽ മുഴുവൻ ആൾക്കൂട്ടവും. പക്ഷേ, നിയമസഭയിൽ കൃത്യമായിരുന്നു. അദ്ദേഹത്തോടൊപ്പം എം.എൽ.എ ആയപ്പോൾ ഞാനിക്കാര്യം നേരിൽ മനസ്സിലാക്കിയിട്ടുണ്ട്. നിയമസഭയിൽ സംസാരിക്കാൻ അനുവദിച്ച സമയത്തിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കും. പ്രസംഗത്തിൽ കൃത്യമായ ഉള്ളടക്കമുണ്ടാകും. അത് രാഷ്ട്രീയ പ്രാധാന്യമുള്ളതും പൊതുജന പ്രസക്തവുമായിരിക്കും. കൃത്യമായി പഠിച്ചായിരിക്കും അവതരണങ്ങൾ. മറ്റ് അംഗങ്ങൾ അത്ഭുതത്തോടെയാണ് നോക്കിക്കാണുക. നിയമസഭ പ്രവർത്തനത്തിൽ തെല്ലുപോലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. യൂത്ത്കോൺഗ്രസ് പ്രസിഡന്‍റ് ചുമതലയൊഴിഞ്ഞ ശേഷം അദ്ദേഹം ഐ.എൻ.ടി.യു.സി കോട്ടയം ജില്ല പ്രസിഡന്‍റായി. അങ്ങനെയാണ് ട്രേഡ് യൂനിയൻ രംഗത്ത് സജീവമാകുന്നത്. അസാധ്യമായ പോസിറ്റിവ് എനർജിയായിരുന്നു ഒരു പ്രത്യേകത. ഭക്ഷണം കഴിക്കാതെ ഉറക്കമില്ലാതെ ഓടിനടക്കുമ്പോഴായിരുന്നു ഒപ്പമുള്ളവരിലേക്ക് അദ്ദേഹം പോസിറ്റിവ് ഊർജം പ്രസരിപ്പിച്ചത്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ തുടക്കം

പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായി പലപ്പോഴും ഇടപെടുന്നത് ഉമ്മൻ ചാണ്ടിയാണ്. മധ്യസ്ഥത പറഞ്ഞ് അദ്ദേഹംതന്നെ സ്വയം ഒഴിയുന്ന അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. 1972 കെ.പി.സി.സി തെരഞ്ഞെടുപ്പിൽ കെ.കെ. വിശ്വനാഥൻ വക്കീൽ രണ്ടാം വട്ട കെ.പി.സി.സി പ്രസിഡന്‍റാകുന്നു. എക്സിക്യൂട്ടിവിലേക്ക് ആദ്യമായി ഇലക്ടഡ് മെംബറായി ഞാൻ വരുന്നത് ഈ ഘട്ടത്തിലാണ്. എക്സിക്യൂട്ടിവിലേക്കുള്ളവരുടെ പേര് തയാറാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിലും ആവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ പാർലമെന്‍ററി പാർട്ടി ലീഡറും ആഭ്യന്തര മന്ത്രിയുമായിരിക്കുന്ന സമയം. ലീഡർ നോക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരില്ല. സാക്ഷാൽ കെ. കരുണാകരൻ തന്നെ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് തുടങ്ങുന്നത് 1974ലാണ്. അന്ന് ‘കേരള കൗമുദി’യിൽ ജയചന്ദ്രൻ നായരും എൻ.ആർ.എസ്. ബാബുവും ചേർന്ന് വനം വകുപ്പിനെതിരെ ‘കാട്ടുകള്ളന്മാർ’ എന്ന വാർത്ത പ്രസിദ്ധീകരിച്ചു. വനം മന്ത്രി കെ.ജി. അടിയോടിയാണ്. കേരള കൗമുദിക്കെതിരെ അടിയോടി കേസ് കൊടുത്തു. പത്രങ്ങൾക്കെതിരെ കേസ് കൊടുക്കുന്നത് ശരിയല്ലെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. യൂത്ത് കോൺഗ്രസും കെ.എസ്.യുവും വളരെ ശക്തമാണന്ന്. കെ.പി.സി.സി പ്രസിഡന്‍റാണ് എ.കെ. ആന്‍റണി. പി.സി. ചാക്കോ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റും. എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടിയുമടക്കം ഞങ്ങളെല്ലാവരും ആ കേസ് പിൻവലിക്കണമെന്ന നിലപാടിലായിരുന്നു.


എറണാകുളത്ത് ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടിവിൽ കേസ് പിൻവലിക്കരുതെന്ന വാദഗതിയുമായി ലീഡറും ശക്തമായ നിലപാടെടുത്തു. ഇത് ഭിന്നതയായി. ശരിക്ക് പറഞ്ഞാൽ കോൺഗ്രസിൽ ഗ്രൂപ്പിന്‍റെ തുടക്കം ഇവിടെനിന്നായിരുന്നു. അന്ന് തുടങ്ങിയ ചെറിയൊരു നീരസം അഭിപ്രായവ്യത്യാസവും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടുപോയി. പിന്നീടാണ് അടിയന്തരാവസ്ഥയുണ്ടാകുന്നത്. അന്നുവരെ ലീഡറുടെ ചേരിയിൽ ഇല്ലാതിരുന്നവർ അദ്ദേഹത്തോടൊപ്പം ചേർന്നു. അന്നത്തെ ഗ്രൂപ്പുകളും പിന്നീടുള്ള ഗ്രൂപ്പുകളും തമ്മിൽ വ്യത്യാസമുണ്ട്. പാർട്ടി സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നവർ മെറിറ്റിന്‍റെ അടിസ്ഥാനത്തിലുള്ളവരായിരിക്കുമെന്നതാണ് അന്നത്തെ ഗ്രൂപ്പിനുള്ള പ്രത്യേകത. കഴിവും പ്രാപ്തിയും പ്രവർത്തകർക്കിടയിൽ സ്വീകാര്യതയുമുള്ളവരെയാണ് ചുമതലകളിലേക്ക് നിയോഗിക്കുക. അത് ഏത് ഗ്രൂപ്പായാലും ശരി. അതുപോലെ തെരഞ്ഞെടുപ്പ് വന്നാൽ ഒരിക്കലും കാലുവാരുമായിരുന്നില്ല. തീരുമാനമെടുത്ത് കഴിഞ്ഞാൽ രണ്ട് ഗ്രൂപ്പുകളും നിലപാടിൽ ഒറ്റക്കെട്ടാവും. എന്നാൽ, പിന്നീടു വന്ന ഗ്രൂപ്പുകളിൽനിന്ന് പലപ്പോഴും ഈ സമീപനമുണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടി ആങ്ങനെ ആന്‍റണി ഗ്രൂപ്പിന്‍റെ ശക്തനായ വക്താവായി. ആന്‍റണി അങ്ങനെ അധികം ഇടപെടില്ലല്ലോ. പ്രവർത്തകരുടെ കാര്യം കൈകാര്യം ചെയ്തതൊക്കെ ഉമ്മൻ ചാണ്ടിയാണ്.

തലശ്ശേരി കലാപവും എസ്.എൻ കോളജിലെ പൊലീസ് അതിക്രമവും

പാർലമെന്‍ററി പാർട്ടി ലീഡറായ കരുണാകരൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത സമയം. അക്കാലത്താണ് തലശ്ശേരി കലാപമുണ്ടായത്. ആ സമയത്ത് തന്നെയാണ് വിക്രം സാരാഭായി കോവളത്തുവെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മൃതദേഹവുമായി ആഭ്യന്തര മന്ത്രിയായ ലീഡർ പോയിരുന്നു. അതിനുശേഷം ആഴ്ചകൾക്കുള്ളിൽ കൊല്ലം എസ്.എൻ കോളജിൽ കയറി വിദ്യാർഥികളെ പൊലീസ് ഭയങ്കരമായി അടിച്ചു. നാലാം നിലയിൽ കയറി പൊലീസ് മർദനമുണ്ടായി. അവിടെനിന്ന് ചില വിദ്യാർഥികൾ ചാടി. വലിയ സംഘർഷം. അന്ന് ഞാൻ കെ.എസ്.യു പ്രസിഡന്‍റാണ്.

ഉമ്മൻ ചാണ്ടിയും ഭാര്യ മറിയാമ്മയും

പിന്നീട് ആലപ്പുഴ നരംസിംഹപുരം ഓഡിറ്റോറിയത്തിൽ വെച്ച് കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗം ചേർന്നു. തലശ്ശേരി കലാപസമയത്ത് പൊലീസ് നിർജീവമായതും മറുഭാഗത്ത് കൊല്ലം എസ്.എൻ കോളജിൽ പൊലീസ് ആക്രമണോത്സുകരായതും എക്സിക്യൂട്ടിവിൽ ചൂടേറിയ ചർച്ചക്കിടയാക്കി. മാത്രമല്ല, കരുണാകരൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് വലിയ ആവശ്യം യോഗത്തിലുണ്ടായി. അന്നത്തെ ആ പ്രശ്നം രമ്യമായി പരിഹരിച്ചത് ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഞാനുമെല്ലാം ഇടപെട്ടാണ്.

അടിയന്തരാവസ്ഥക്കാലത്തും പൊലീസ് അതിക്രമങ്ങൾ ഉണ്ടായതായി ആക്ഷേപങ്ങൾ വന്ന സന്ദർഭങ്ങളിലൊക്കെ ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഞാനുമുൾപ്പെടെയുള്ളവർ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിരുന്നു.

മന്ത്രിഭവനത്തിൽ കിട്ടിയ കല്യാണവിരുന്ന്

ഉമ്മൻ ചാണ്ടിയുടെ വിവാഹം 34ാം വയസ്സിലായിരുന്നു. അന്നദ്ദേഹം ആന്‍റണി മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയാണ്​. വിവാഹകാര്യം ഞങ്ങളോടെല്ലാം അദ്ദേഹം പറഞ്ഞു. പക്ഷേ, ക്ഷണിച്ചില്ല. എന്നാൽ, പത്രത്തിൽകൂടി വിവാഹിതനാകുന്ന വിവരം ജനങ്ങളെ അറിയിച്ചു. എന്‍റെ വിവാഹം കഴിഞ്ഞത് 1978ലാണ്. ഞാനും വലിയ തിരക്കിലായ സമയം. എം.പിയും യൂത്ത് കോൺഗ്രസ് പ്രസിഡന്‍റുമാണ്. കല്യാണം കഴിഞ്ഞിട്ട് സ്വസ്ഥമായി ഇരുന്നിട്ടില്ല. മന്ത്രിയായ ഉമ്മൻ ചാണ്ടി ഒൗദ്യോഗിക വസതിയായ പ്രാശാന്തിലാണ് താമസം. എന്നെയും ഭാര്യയെയും അവിടേക്ക് പ്രത്യേകം ക്ഷണിച്ചു. അവിടെ ഞങ്ങൾക്കായി പ്രത്യേക മുറിയൊക്കെ തയാറാക്കിത്തന്നു. രണ്ടു ദിവസം ഞങ്ങളവിടെ ഉമ്മൻ ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷത്തോടെ താമസിച്ചു.

1977ൽ അദ്ദേഹം മന്ത്രിയായപ്പോഴാണ് ഔദ്യോഗിക വാഹനം ലഭിക്കുന്നത്. തൊഴിൽ മന്ത്രിയായായിരുന്നു ആദ്യ ചുമതല. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായപ്പോൾ ഉമ്മൻ ചാണ്ടി ഉന്നയിച്ച ആവശ്യമാണ് തൊഴിലില്ലായ്മ വേതനം. ഉമ്മൻ ചാണ്ടി തൊഴിൽമന്ത്രിയായപ്പോൾ അത് യാഥാർഥ്യമായി. കരുണാകരൻ മാറി ആന്‍റണി മുഖ്യമന്ത്രിയായപ്പോഴുള്ള മന്ത്രിസഭയുടെ നയരൂപവത്കരണത്തിലൊക്കെ ഉമ്മൻ ചാണ്ടിക്ക് വലിയ പങ്കുണ്ട്.

എത്ര തിരക്കിനിടയിലും എല്ലാവരെയും പരിഗണിക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടിക്കുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ എനിക്കൊരു അനുഭവമുണ്ട്. പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് വിളയോടി വേണുഗോപാൽ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലടച്ച സമയം. ഞാൻ തൃശൂരിൽ ഉണ്ട്. രാവിലെ പത്തുമണിയോടെ അവരെ ജയിലിൽ പോയി കണ്ടു. ‘‘ജയിലിൽനിന്ന് ഇറക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യാം’’ എന്ന് അവരോട് പറഞ്ഞു. ‘‘ഇല്ല, ഞങ്ങൾ ഇറങ്ങില്ല, ഇറങ്ങണമെങ്കിൽ ഇക്കാര്യത്തിൽ സർക്കാറിൽനിന്നുള്ള പോസിറ്റീവായ സ്റ്റേറ്റ്മെന്റ് കിട്ടണം’’ എന്നായി അവർ. മടങ്ങിവന്ന ഞാൻ 11 മണിേയാടെ ഉമ്മൻ ചാണ്ടിയെ വിളിച്ചു. അദ്ദേഹം ആ സമയം ആലപ്പുഴയിലെ ജനസമ്പർക്ക പരിപാടിയിലാണ്. വലിയ ആൾത്തിരക്കിന് നടുവിലും. അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ‘‘സുധീരാ എന്താ കാര്യം...’’ എന്ന മുഖവുരയോടെ തിരികെ വിളിച്ചു. വിഷയം പറഞ്ഞപ്പോൾ ‘‘ശരിയാക്കാം’’ എന്നുപറഞ്ഞ് ഫോൺ വെച്ചു. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അന്നത്തെ ജലവിഭവമന്ത്രി പി.ജെ. ജോസഫിന്റെ പ്രസ്താവന വന്നു. സമരക്കാർക്ക് തൃപ്തികരമായ പ്രസ്താവനയായിരുന്നു അത്.

രണ്ടാം തവണ മുഖ്യമന്ത്രിയായ സമയം. ഞാൻ അന്ന് എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ്​ തലേദിവസം എന്നെ കാണണമെന്ന് പറഞ്ഞു. പുതുപ്പള്ളി ഹൗസിലായിരുന്നു കൂടിക്കാഴ്ച. ‘‘എൻഡോസൾഫാൻ വിഷയത്തിൽ നമുക്ക് എന്താണ് ചെയ്യാനാവുക’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘‘ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കണം’’ എന്നായി ഞാൻ. ഇക്കാര്യത്തിൽ മുന്തിയ പരിഗണന തന്നെയുണ്ടാകുമെന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. പിറ്റേ ദിവസം മുഖ്യമന്ത്രിയായി ചാർജെടുത്തശേഷമുള്ള ആദ്യത്തെ വാർത്തസമ്മേളനം. ഇതിലെ പ്രധാന പ്രഖ്യാപനങ്ങളൊന്ന് എൻഡോസൾഫാൻ പ്രശ്നം പരിഹരിക്കുമെന്നതായിരുന്നു. നിശ്ചയിച്ചപോലെതന്നെ കാസർകോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയുമെല്ലാം യോഗം വിളിച്ചു. യോഗത്തിൽ അദ്ദേഹം എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. കാസർകോട് മെഡിക്കൽ കോളജ് വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് അന്നാണ്. സർക്കാർ തീരുമാനമെടുത്താലും അത് എങ്ങനെ നടപ്പാക്കാതിരിക്കാം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള ഇടപെടലിന്റെ ഭാഗമായി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം വന്നപ്പോൾ ഞാൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്തു കൊടുത്തു. വീണ്ടും യോഗം വിളിക്കണമെന്നായിരുന്നു എന്റെ ആവശ്യം. വിളിക്കേണ്ട ആളുകളുടെ പേരടക്കം ഉൾപ്പെടുത്തിയാണ് കത്ത് തയാറാക്കിയത്. അതേ തുടർന്ന് എൻഡോസൾഫാൻ സംബന്ധിച്ച സമഗ്ര പാക്കേജിന് തീരുമാനമായി. പിന്നീട് അധികാരത്തിൽ വന്ന ചുമതലക്കാരായ മന്ത്രിമാരുടെയും ചില ഉദ്യോഗസ്ഥരുടെയും ജാഗ്രതക്കുറവ് ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കാൻ ഇടവരുത്തുന്നുണ്ട്.

വി.എം. സുധീരൻ ഉമ്മൻ ചാണ്ടിക്കൊപ്പം

മൂലമ്പിള്ളിയിൽ കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടും ഉമ്മൻ ചാണ്ടിക്ക് കത്തു കൊടുത്തു. യു.ഡി.എഫ് സർക്കാർ വരുന്നതിനുമുമ്പുതന്നെ ഇൗ വിഷയങ്ങളിൽ ഞാൻ ഇടപെട്ട് പോന്നിരുന്നു. സമഗ്രമായ മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചത് അന്നായിരുന്നു. തിരുവഞ്ചൂരായിരുന്നു റവന്യൂ മന്ത്രി. അദ്ദേഹവും താൽപര്യപ്പെടുത്തുന്നു. പക്ഷേ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഫോളോ അപ് ഉണ്ടായില്ല. പുനരധിവാസത്തിലൊക്കെ ഒരുപാട് പാളിച്ചകളുണ്ടായി. സർക്കാർ തീരുമാനിച്ചാലും നടപ്പാക്കുന്ന കാര്യത്തിലെ ഉദ്യോഗസ്ഥ അനാസ്ഥക്ക് മൂലമ്പിള്ളി പാക്കേജ് കൃത്യമായ ഉദാഹരണമാണ്. ചെങ്ങറ സമരത്തിലും സമാനരീതിയിൽ പാക്കേജ് പ്രഖ്യാപിക്കാൻ ഇടപെടലുകളുണ്ടായി. പൊതുവിൽ ജനകീയ സമരങ്ങളെയെല്ലാം അദ്ദേഹം അഡ്രസ് ചെയ്യുകയും പരിഗണിക്കുകയും ചെയ്തിരുന്നുവെന്നത് എന്റെ കൂടി നേരനുഭവമാണ്.

ഹാരിസൺ വിഷയത്തിൽ വിഷയം പഠിക്കാൻ സുശീല ഭട്ടിനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടി സർക്കാറാണ്. തിരുവഞ്ചൂർതന്നെയായിരുന്നു റവന്യൂ മന്ത്രി. പതിനായിരത്തോളം ഡോക്യുമെന്റുകളാണ് അവർ പരിശോധിച്ചത്. റിേപ്പാർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് അനുകൂലമായി സിംഗിൾ ബെഞ്ച് വിധിവന്നു. അതിനിടയിലാണ് സർക്കാർ മാറുന്നത്. ഇടതു സർക്കാറാകട്ടെ ആദ്യം ചെയ്തത് സുശീല ഭട്ടിനെ ഗവ. പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കംചെയ്യലാണ്. പിന്നീട് കേസ് നല്ലനിലയിൽ നടത്താതായി. ഇതോടെയാണ് ഹൈകോടതിയിൽനിന്ന് അനുകൂലമല്ലാത്ത വിധികളുണ്ടായത്.

ബാർ പൂട്ടൽ: ഞാനും ഉമ്മൻ ചാണ്ടിയും തമ്മിൽ

വിയോജിപ്പുകളെ ഉമ്മൻ ചാണ്ടി ഉൾക്കൊണ്ടിരുന്നു. ബാറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശേഷിച്ചും. സി.എ.ജി റിപ്പോർട്ടിൽ രൂക്ഷമായി പരാമർശിച്ചിരുന്നത് മുൻ സർക്കാറിന്‍റെ കാലത്ത് അനുവദിച്ച 418 ബാറുകളെ കുറിച്ചായിരുന്നു. ഇക്കാര്യമാണ് കെ.പി.സി.സി പ്രസിഡന്റായ ഞാൻ അന്ന് ഉന്നയിച്ചത്. ഞങ്ങളുടെ പൊതു തീരുമാനവും അതായിരുന്നു. സി.എ.ജി റിപ്പോർട്ട് വന്നയുടൻ തന്നെ കെ.പി.സി.സി പ്രസിഡന്റ് ആകുന്നതിനുമുമ്പേ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വന്നതിനെ തുടർന്ന് ഇതിനെല്ലാം ലൈസൻസ് പുതുക്കി നൽകുകയുണ്ടായില്ല. പിന്നീടാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നതും വിവാദമുയർന്നതും. അങ്ങനെയാണ് ഏറ്റവുമൊടുവിൽ ‘‘എന്നാപ്പിന്നെ 730 അടക്കാ’’മെന്ന തീരുമാനം വന്നത്. ഞാനതിനെ സ്വാഗതംചെയ്​തു. ‘‘മുഴുവൻ അടക്കുന്നെങ്കിൽ അടക്ക​െട്ട’’ എന്നതായിരുന്നു എന്‍റെയും നിലപാട്. ഘട്ടംഘട്ടമായി മദ്യനിരോധനത്തിലേക്ക് പോവുക എന്നതായിരുന്നല്ലോ യു.ഡി.എഫിന്റെ സ്റ്റാൻഡ്. കെ. കരുണാകരന്‍റെ കാലം തൊേട്ടയുള്ള നയം അതാണ്. അതിന്റെ ചുവടും പിടിച്ചാണ് ഇൗ 418ന്റെ പ്രശ്നം ഞാൻ ഉന്നയിച്ചത്.

730ഉം അടച്ചുപൂട്ടിയതിന് പല ഗുണപരമായ മാറ്റങ്ങളുമുണ്ടായി. ബാർ നിരോധനത്തിന് തൊട്ടുടനെയാണ് അരുവിക്കര ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുടുംബയോഗങ്ങളിലൊക്ക സ്ത്രീകളുടെ വൻ പ്രവാഹമായിരുന്നു. വൻ ഭൂരിപക്ഷത്തിലാണ് ശബരീനാഥ് അന്ന് ജയിച്ചതും. ഇതിനിടയിലാണ് അടച്ചുപൂട്ടിയ ബാറുകളിൽ ബിയർ ആൻഡ് വൈൻ പാർലറുകൾ തുടങ്ങണമെന്ന ആലോചനകളുണ്ടാകുന്നത്. പക്ഷേ, ഞാനതിനോട് യോജിച്ചില്ല. 730 ബാറുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് വ്യാപക ജനകീയ പിന്തുണയുണ്ടായിരുന്നു. ഇങ്ങനെയൊരു സമയത്ത് ബിയർ-വൈൻ പാർലറുകൾ തുടങ്ങുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. അത് നെഗറ്റിവായ ഇംപാക്ട് ഉണ്ടാക്കുമെന്ന് ഉമ്മൻ ചാണ്ടിയോട് ഞാൻതന്നെ പറഞ്ഞു. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ നിലപാട് അങ്ങനെയായിരുന്നില്ല. അടച്ചുപൂട്ടിയ ബാറുകളിൽ ബിയർ^വൈൻ പാർലറുകൾ തുടങ്ങണമെന്നായി ഉമ്മൻ ചാണ്ടി. അങ്ങനെ അന്നത്തെ പാർട്ടി-സർക്കാർ ഏകോപന സമിതിയിൽ ചർച്ചയായി. ചൂടേറിയ ചർച്ചകളും വാദങ്ങളും വിയോജിപ്പുകൾക്കും ഏകോപന സമിതി യോഗം വേദിയായി. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, അവർക്ക് പറയാനുള്ളതും അവരും.

യോജിപ്പിലും വിയോജിപ്പ്

ഒടുവിൽ ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞു: ‘‘സർക്കാറിന് തീരുമാനത്തിൽനിന്ന് പിന്നോട്ടു പോകാനാവില്ല. സുധീരനെ എനിക്ക് ചെറുപ്പകാലം മുതലേ അറിയാം. നിലപാട് സ്വീകരിച്ചാൽ യാതൊരു വിട്ടുവീഴ്ചക്കും തയാറാകില്ല. സുധീരൻ അതിൽതന്നെ നിൽക്കും. ചെറുപ്പം മുതലേ രീതി അങ്ങനെയാണ്. സുധീരനിൽനിന്നൊരു നിലപാട് മാറ്റം ഞാനെന്തായാലും പ്രതീക്ഷിക്കുന്നില്ല. എനിക്കും നിവ​ൃത്തിയില്ല. നമുക്ക് രണ്ടുപേർക്കും ഒരു ‘ഒത്തുതീർപ്പ് പോയന്റിൽ’ എത്താൻ കഴിയുന്നില്ല. രണ്ടുപേർക്കും നിലപാട് മാറ്റാനും കഴിയില്ല. തീരുമാനവുമായി മുന്നോട്ടുപോയേ തീരൂ എന്നാണ് സർക്കാർ കാഴ്ചപ്പാട്. സുധീരൻ നിലപാടുമായി മുന്നോട്ടുപോകൂ. പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിക്കോളൂ. സുധീരൻ പരസ്യമായി മാധ്യമങ്ങളോട് മീറ്റിങ്ങിലെ തീരുമാനം എഗ്രീഡ് ടു ഡിസെഗ്രി (വിയോജിക്കാൻ ധാരണയിലെത്തി) എന്ന് പറയണം.’’ ഇൗ നിർദേശം വെക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ് എന്നതാണ് കൗതുകം. ഏകോപന സമിതിയിലെ ചർച്ചകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്.

പിറ്റേന്ന് കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ ഞാൻ വാർത്തസമ്മേളനം നടത്തുകയാണ്. എന്‍റെ നിലപാട് വിശദീകരിച്ചു. സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കെ.പി.സി.സിയെ സംബന്ധിച്ച് നിലപാടിൽ മാറ്റം വരുത്താൻ കഴിയില്ല. രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം എന്നത് ‘എഗ്രീഡ് ടു ഡിസെഗ്രി’ എന്നാണെന്ന് ഞാൻ ആവർത്തിച്ചു. വിയോജിക്കുന്നതിലും യോജിക്കാനുള്ള സവിശേഷത ഉമ്മൻ ചാണ്ടിക്കു മാത്രം സാധിക്കുന്നതാണ്. പത്രങ്ങളിലൊക്കെ പലരീതിയിൽ വാർത്ത വന്നെങ്കിലും ഞങ്ങൾ തമ്മിലുള്ള ഇക്വേഷനെ ഇതൊന്നും ബാധിച്ചിട്ടേയില്ല. കാരണം എന്നെ പുള്ളിക്ക് അറിയാം. എന്‍റെ സ്റ്റൈൽ ഓഫ് ആക്ഷനും രീതികളും അദ്ദേഹത്തിന് ധാരണയുണ്ട്. അതേപോലെ അദ്ദേഹത്തെ എനിക്കും. എന്നെ സംബന്ധിച്ച് അദ്ദേഹം ജ്യേഷ്ഠ സഹോദര സ്ഥാനീയനാണ്. കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ എന്‍റെ രണ്ട് യാത്രകളായ ജനപക്ഷയാത്രയും ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്.

വയലാർ രവിയും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയുമാണ് എന്‍റെ നേതാക്കൾ. അന്നും ഇന്നും എപ്പോഴും. പക്ഷേ, ഇവരൊക്കെയായി ചിലപ്പോഴൊക്കെ വിയോജിപ്പുണ്ടായിട്ടുണ്ട്. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് എം.പിയായ ഞാൻ ആലപ്പുഴയിൽ കരിമണൽ വിഷയത്തിൽ സമരംചെയ്യുന്നത്. ഇതൊന്നും വ്യക്തിപരമായിരുന്നില്ല, വിഷയാധിഷ്ഠിതവും നിലപാടുകളുടെ ഭാഗവുമാണ്. ഇത്തരം വിയോജിപ്പുകളും നിലപാടുകളിലെ വ്യത്യാസങ്ങളുമൊന്നും വ്യക്തിബന്ധത്തെ ബാധിച്ചിരുന്നില്ല. ഞങ്ങൾക്ക് പരസ്പരം അറിയാം. 16 വയസ്സു മുതൽ എന്നെ കാണുന്ന ആളുകളാണ് ഇവരൊക്കെ. എനിക്ക് ഒരു നിലപാടും അഭിപ്രായവുമുണ്ടെങ്കിൽ ആരുടെ മുന്നിലും പറയും. ഇത് ഉമ്മൻ ചാണ്ടിയും ആന്റണിയുമെല്ലാം നേതൃത്വം കൊടുത്ത കെ.എസ്.യു-യൂത്ത് കോൺഗ്രസ് ക്യാമ്പിൽനിന്ന് പകർന്ന് കിട്ടിയ പരിശീലനത്തിന്‍റെ ഭാഗമാണ്.

മികച്ച മുഖ്യമന്ത്രി, സ്വന്തം കാര്യത്തിൽ അശ്രദ്ധ

കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഏത് കാര്യവും വേഗത്തിൽ ഗ്രഹിക്കും. പറയുമ്പോഴേ കാര്യം പിടികിട്ടും. തീരുമാനമെടുക്കലിന്‍റെ കാര്യത്തിലും അത്ഭുതമാണ്. 99 ശതമാനവും ശരിയായിരിക്കും. റൂളും ചട്ടവുമൊന്നും അദ്ദേഹത്തിന് ബാധകമല്ല. സാധാരണക്കാരന്‍റെ വിഷയം വന്നാൽ എങ്ങനെ തടസ്സമുണ്ടാക്കാമെന്നല്ല, എങ്ങനെ പ്രശ്നം പരിഹരിക്കാമെന്നാണ് ചിന്തിക്കുന്നത്. ശരിക്കും നമ്മുടെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മാതൃകയാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടമാണെങ്കിൽപോലും അദ്ദേഹത്തോട് നമുക്ക് ഇടപെടാം. അദ്ദേഹമതിന് പരിഹാരമുണ്ടാക്കും.


പിന്നെ അദ്ദേഹത്തിന് ചെറിയൊരു ദൗർബല്യമുണ്ട്. മറ്റൊന്നുമല്ല, സ്വന്തം കാര്യത്തിലെ പലപ്പോഴുമുള്ള അശ്രദ്ധ. അദ്ദേഹത്തിന്‍റെ ഓഫിസിൽ അപരിചിതനായ ഒരാള് കയറി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന സാഹചര്യംപോലുമുണ്ടായി. പക്ഷേ, ഉമ്മൻ ചാണ്ടി അതിനെയെല്ലാം വളരെ കൂളായാണ് കണ്ടത്. അദ്ദേഹമത് ആസ്വദിക്കുകയായിരുന്നു. ഒരിക്കലും പ്രകോപിതനായി ഞാൻ കണ്ടിട്ടില്ല. മാധ്യമങ്ങൾ വിമർശനം ശക്തമാക്കിയപ്പോഴും അദ്ദേഹം സംയമനം മുറുകെ പിടിച്ചു. നിയമസഭയിലും പുറത്തും അക്ഷോഭ്യനായിരുന്നു. എതിരാളിയെപോലും വേദനിപ്പിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയിട്ടില്ല. സ്വന്തം സുരക്ഷയോ ആരോഗ്യമോ അദ്ദേഹം ഒരിക്കലും പരിഗണിക്കുകയോ വിലമതിക്കുകയോ ചെയ്തിരുന്നില്ല. രാഷ്ട്രീയവും അധികാരവും ജനനന്മക്ക് എന്ന അടിസ്​ഥാന തത്ത്വം ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുകയായിരുന്നു അദ്ദേഹം. അത് പ്രകടനത്തിനോ പ്രചാരണത്തിനോ വേണ്ടിയായിരുന്നില്ല. ആത്മാർഥമായിട്ടായിരുന്നു. ഉമ്മൻ ചാണ്ടിയെപ്പോലെ ജനങ്ങളുമായി ഇത്രയധികം ഇടപെട്ട മറ്റൊരു നേതാവുണ്ടായിട്ടില്ല. ജനങ്ങളാണ് യജമാനന്മാർ എന്നതും നേതാക്കളും ഭരണകർത്താക്കളും അവരുടെ ദാസൻമാരാണെന്നതുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഫിലോസഫി.

സിംഗിൾ ബെഡിലെ ഇരട്ടജീവിതം

അനാവശ്യമായ ചെലവോ ആർഭാടമോ അന്നോ പിന്നീടോ ഉണ്ടായിരുന്നില്ല. താമസിക്കാൻ വലിയ സൗകര്യങ്ങളും വേണ്ടിയിരുന്നില്ല. കെ.എസ്.യു കാലത്താണ്. ഒരിക്കൽ ഒരു യോഗശേഷം ഞാനും ഉമ്മൻ ചാണ്ടിയും രാത്രി തങ്ങുന്നതിനുവേണ്ടി ഒരു ലോഡ്ജിൽ മുറിയെടുത്തു. സിംഗിൾ ബെഡാണ്. അതും തീരെ ചെറുത്. ഒരാൾക്ക് മാത്രം കിടക്കാൻ പോന്നത്. എപ്പോഴും വീഴാം. പേടിയാണ്. ഡബിൾ ബെഡ് മുറിയെടുക്കാൻ ഞങ്ങളുടെ കൈയിൽ കാശുമില്ല. വീഴാതിരിക്കാൻ പരസ്പരം കഷ്ടപ്പെട്ട് ചേർന്ന് കിടന്നാണ് രാത്രി മുഴുമിപ്പിച്ചത്. ഇത്തരം ഓർമകളാണ് മനസ്സ് നിറയെ. ഇപ്പോൾ രാഷ്ട്രീയത്തിൽ ഇത്തരം ബന്ധങ്ങളില്ല. എല്ലാം പ്രഫഷനലാണ്. വ്യക്തിബന്ധങ്ങൾക്ക് ഇന്ന് ഒരു പ്രസക്തിയും സ്ഥാനവുമില്ലാതായിരിക്കുന്നു. അഭിപ്രായവ്യത്യാസം ഒപ്പമുള്ളവർക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അവരെ ചെന്ന് കണ്ട് ചേർത്തുപിടിച്ച് പരിഹരിച്ച് കൂടെച്ചേർക്കുമായിരുന്നു. അന്നത്തെ പ്രത്യേകതയാണ്. പലപ്പോഴും മധ്യസ്ഥൻ ഉമ്മൻ ചാണ്ടിയായിരിക്കും. എ.കെ. ആന്‍റണി കെ.പി.സി.സി പ്രസിഡന്റായ സമയത്ത് ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. തൃശൂർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. നമ്മുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്നപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഞാൻ രാജിവെച്ചു. അത് കഴിഞ്ഞ് പിന്നീട് പ്രശ്നങ്ങൾ ചർച്ചചെയ്ത് തൃശൂർ മെഡിക്കൽ കോളജ് യാഥാർഥ്യമായി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കെ.പി.സി.സി തെരഞ്ഞെടുപ്പ് വന്നു. ആന്‍റണി വീണ്ടും പ്രസിഡന്‍റായി. ഞാൻ ഒന്നിലും ഇല്ലാതെ മാറിനിൽക്കുകയാണ്. ഉമ്മൻ ചാണ്ടി എന്നെ വന്നു കണ്ടു. നിർബന്ധിച്ച് കൊണ്ടുപോയി ജനറൽ സെക്രട്ടറിയുടെ ചുമതല നൽകി. ആ തരത്തിലെ ഇടപെടൽ ഇപ്പോൾ ഇല്ല. ഒരാൾ മാറിനിൽക്കുകയാണെങ്കിൽ ‘അയാളങ്ങ് പോട്ടെ’ എന്നതാണ് ഇപ്പോൾ. ഉമ്മൻ ചാണ്ടിയുടെ പ്രസക്തി അവിടെയാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആള് തന്നെ ആവണമെന്നില്ല, ഇഷ്ടപ്പെടാത്ത ആളാണെങ്കിലും പാർട്ടിക്ക് ആവശ്യമെങ്കിൽ അദ്ദേഹം ചേർത്തുനിർത്തും. കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയം പ്രധാനമായും കൈകാര്യം ചെയ്ത രണ്ടുപേർ കെ. കരുണാകരനും ഉമ്മൻ ചാണ്ടിയുമാണ്. എല്ലാ ഘടകകക്ഷികളുമായും നല്ല ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ വന്നിട്ടുള്ള പ്രധാന ശൂന്യതയും അനാഥത്വവും അതാണ്.

‘ഒന്നിച്ച് കൂടണം’

ഞാൻ അവസാനമായി ഉമ്മൻ ചാണ്ടിയെ കാണുന്നത് ഒരുമാസം മുമ്പ് ബംഗളൂരുവിൽ വെച്ചാണ്. ഞാനും ചാണ്ടി ഉമ്മനും ഒന്നിച്ചാണ് പോയത്. അപ്പോഴേക്കും അദ്ദേഹം ആശുപത്രി വിട്ട് മുൻ മന്ത്രി ടി. ജോണിന്‍റെ വീട്ടിലാണ്. ഉച്ചക്ക് ഒരു മണിക്കാണ് എത്തിയത്. കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോഴേക്കും എണീറ്റു. കൂടെയുള്ളയാളിന്‍റെ സഹായത്തോടെ അദ്ദേഹത്തെ ഡൈനിങ് ഹാളിൽ കൊണ്ടിരുത്തി. ഭാര്യ മറിയാമ്മയും മകൾ മറിയയും മകൻ ചാണ്ടി ഉമ്മനും. സംസാരത്തിനിടെ മറിയാമ്മ പറഞ്ഞു. ‘‘രോഗം ഭേദമായി കുഞ്ഞ് (ഉമ്മൻ ചാണ്ടി) സുഖമായി തിരുവനന്തപുരത്ത് വരട്ടെ. പഴയാളുകളെല്ലാം ചേർന്ന് നമുക്കൊന്ന് കൂടണം. ഫാമിലിയടക്കം എല്ലാവരെയും വിളിക്കാം.’’ ഉമ്മൻ ചാണ്ടി ഇതുകേട്ട് ചെറുപുഞ്ചിരിയോടെ തലയാട്ടി. പക്ഷേ, അങ്ങനെയൊരു കൂടിക്കാഴ്ചക്ക് അദ്ദേഹം കാത്തുനിന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഞാനവിടെ മൂന്ന് മണിക്കൂർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഏതാണ്ട് അഞ്ചു മണി വരെ. ഇതിനിടയിൽ അ​േദ്ദഹം പലപ്പോഴും തനിക്കു വന്ന കത്തുകൾ നോക്കുന്നുണ്ടായിരുന്നു. എഴുതാൻ പ്രയാസമുണ്ടായിരുന്നെങ്കിലും അതിനടിയിൽ ഒപ്പുവെക്കുന്നുണ്ടായിരുന്നു. ഈ കത്തുകളിൽ പലതും ജനകീയ പ്രശ്നങ്ങളും ആവശ്യങ്ങളുമാണ് ഉൾക്കൊണ്ടിരുന്നത്.

രോഗാവസ്ഥയിലിരിക്കെ ​ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിൽ വി.എം. സുധീരൻ സന്ദർശിച്ചപ്പോൾ

ആ നിസ്സഹായാവസ്ഥയിലും അദ്ദേഹം ആ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുന്നതിൽ തെല്ലും വീഴ്ച വരുത്തിയില്ല. അത് അത്ഭുതകരമായ അനുഭവമായിരുന്നു. വൈകുന്നേരമായപ്പോൾ ഒരു വീൽചെയറിൽ അദ്ദേഹം വീടിന്‍റെ മുറ്റത്തേക്കിറങ്ങി. ഞാനും ഒപ്പം ചേർന്നു. അവിടെ വെച്ചാണ് യാത്രപറഞ്ഞത്. ‘‘ഉമ്മൻ ചാണ്ടി ഞാൻ പോവാണ്’’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്‍റെ മുഖത്ത് നോക്കി ചിരിച്ചു. വിഷ് ചെയ്തു. പിന്നീട് കണ്ടത് നിശ്ചലനായ ഉമ്മൻ ചാണ്ടിയെയാണ്.

Tags:    
News Summary - vm sudheeran about oommen chand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT