യു​ദ്ധ​വി​രു​ദ്ധ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ‘ച​ര​മ​ക്കു​റി​പ്പ്’

2023 ഡിസംബർ 30ന്​ വിടവാങ്ങിയ രാജ്യാന്തര മാധ്യമപ്രവർത്തകൻ ജോൺ പിൽജറിനെ ഓർമിക്കുന്നു. എം​ബ​ഡ​ഡ് ജേണ​ലി​സ​ത്തി​ലൂ​ടെ യു​ദ്ധ​വും അ​ധി​നി​വേ​ശ​വും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ജേണ​ലി​സ്റ്റുകളായി​രു​ന്നു ജോ​ണ്‍ പി​ല്‍ജ​റും റോബർട്ട്​ ഫിസ്​കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ എഴുതുന്നു.വാ​ര്‍ത്ത​ക​ള്‍ മൂ​ടി​വെ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​വും ജ​ന​വി​രു​ദ്ധ​വു​മാ​യ ഏ​ര്‍പ്പാ​ടാ​ണ്. ഏ​കാ​ധി​പ​തി​ക​ളു​ടെ നാ​ടു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ...

2023 ഡിസംബർ 30ന്​ വിടവാങ്ങിയ രാജ്യാന്തര മാധ്യമപ്രവർത്തകൻ ജോൺ പിൽജറിനെ ഓർമിക്കുന്നു. എം​ബ​ഡ​ഡ് ജേണ​ലി​സ​ത്തി​ലൂ​ടെ യു​ദ്ധ​വും അ​ധി​നി​വേ​ശ​വും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ജേണ​ലി​സ്റ്റുകളായി​രു​ന്നു ജോ​ണ്‍ പി​ല്‍ജ​റും റോബർട്ട്​ ഫിസ്​കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ എഴുതുന്നു.

വാ​ര്‍ത്ത​ക​ള്‍ മൂ​ടി​വെ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​വും ജ​ന​വി​രു​ദ്ധ​വു​മാ​യ ഏ​ര്‍പ്പാ​ടാ​ണ്. ഏ​കാ​ധി​പ​തി​ക​ളു​ടെ നാ​ടു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ലും ഏ​റ​ക്കു​റെ ഇ​തുത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ‘‘ജ​ന​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യം അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ യു​ദ്ധം നാ​ളെ​ത്ത​ന്നെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​വ​ര്‍ക്ക് അ​റി​യി​ല്ല, അ​റി​യാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ ന​മ്മ​ള്‍ കൊ​ട്ടി​യ​ട​ച്ചി​രി​ക്കു​ന്നു’’ ​എ​ന്നാ​ണ് 1917ല്‍ ​ബ്രി​ട്ട​ന്‍റെ പ്ര​ധാ​നമ​ന്ത്രി ഡേ​വി​ഡ് ലോ​യ്ഡ് ജോ​ര്‍ജ് പ​റ​ഞ്ഞ​ത്.

ക​വ​ര്‍അ​പ് (മൂ​ടി​വെ​ക്ക​ല്‍) ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ന​യ​മാ​കു​മ്പോ​ള്‍ യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തു​മൊ​ക്കെ അ​വ​രു​ടെ മാ​ത്രം തീ​രു​മാ​ന​മാ​ണ്. കെ​ടു​തി​യ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് ഒ​രു റോ​ളു​മി​ല്ല. ചോ​ദ്യംചെ​യ്യാ​നും വ​സ്തു​ത​ക​ള്‍ സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​നും ബാ​ധ്യ​ത​യു​ള്ള ഫോ​ർത്ത് എ​സ്റ്റേ​റ്റ് എം​ബ​ഡ​ഡ് ജേണ​ലി​സ്റ്റു​ക​ളാ​യി മാ​റു​ന്നു. യു​ദ്ധ​മു​ഖ​ത്ത് സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​ധി​നി​വേ​ശ​ങ്ങ​ളെ​യും വം​ശ​ഹ​ത്യ​യെ​യും പേ​രു​ചൊ​ല്ലി വി​ളി​ക്കാ​ന്‍ ത​യാ​റാ​വാ​ത്ത ജേ​ണ​ലി​സ്റ്റു​ക​ളെ​യാ​ണ് ഗ​സ്സ​ക്കു നേ​രെ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ഭീ​ക​രയു​ദ്ധ​ത്തി​ല്‍ ലോ​കം കാ​ണു​ന്ന​ത്. അ​വി​ടെ​യാ​ണ് റോ​ബ​ര്‍ട്ട് ഫി​സ്കി​നെ​യോ ജോ​ണ്‍ പി​ല്‍ജ​റെ​യോ പോ​ലു​ള്ള​വ​രെ ന​മ്മ​ള്‍ മിസ് ചെ​യ്യു​ന്ന​ത്.

എം​ബ​ഡ​ഡ് ജേണ​ലി​സ​ത്തി​ലൂ​ടെ യു​ദ്ധ​വും അ​ധി​നി​വേ​ശ​വും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ജേ​ണലി​സ്റ്റാ​യി​രു​ന്നു ഈയി​ടെ അ​ന്ത​രി​ച്ച ജോ​ണ്‍ പി​ല്‍ജ​ര്‍. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ നി​ഷ്പ​ക്ഷ​നാ​യി​രി​ക്ക​ണ​മെ​ന്ന പൊ​തു​ബോ​ധ​ത്തെ അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു. യു​ദ്ധഭൂ​മി​യി​ല്‍ നീ​തി​യു​ടെ പ​ക്ഷം പി​ടി​ക്കു​ക​യാ​ണ് മാ​ധ്യ​മധ​ര്‍മ​മെ​ന്ന് പ​ത്ര​പ്ര​വ​ര്‍ത്ത​ക​നാ​യും ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നാ​യും തി​ള​ങ്ങി​യ അ​ര നൂ​റ്റാ​ണ്ടോ​ളം കാ​ല​ത്തെ ജീ​വി​ത​ത്തി​ലൂ​ടെ അ​ദ്ദേ​ഹം കാ​ണി​ച്ചു.

ശ​ബ്ദ​മി​ല്ലാ​ത്ത​വ​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു പി​ല്‍ജ​ര്‍. പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യെ​ന്ന​ത് ജീ​വി​തനി​യോ​ഗ​മാ​യി കൊ​ണ്ടു​ന​ട​ന്ന​യാ​ള്‍. അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ന്‍റെ​യും വി​ദേ​ശന​യ​ങ്ങ​ളെ അ​ദ്ദേ​ഹം നി​ശി​ത​മാ​യി വി​മ​ര്‍ശി​ച്ചു. ‘യു​ദ്ധം, ക​ള്ളം, സാ​മ്രാ​ജ്യ​ത്വം: ഭേ​ദി​ക്ക​പ്പെ​ടേ​ണ്ട നി​ശ്ശ​ബ്ദ​ത’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2006ല്‍ ​ന്യൂ​യോ​ര്‍ക്കി​ലെ കൊ​ളം​ബി​യ സ​ർവ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പി​ല്‍ജ​ര്‍ പ​റ​ഞ്ഞു: ‘‘ബു​ഷും ബ്ലെ​യ​റും പ്ര​ച​രി​പ്പി​ച്ച നു​ണ​ക​ള്‍ ചോ​ദ്യംചെ​യ്യാ​തെ അ​പ്പ​ടി വി​ഴു​ങ്ങി​യ മു​ഖ്യ​ധാ​രാ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രാ​ണ് ഇ​റാ​ഖി​ലെ ഭീ​ക​രയു​ദ്ധ​ത്തി​ന്‍റെ​യും ആ​ള്‍നാ​ശ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഒ​രുപ​രി​ധിവ​രെ ഏ​ല്‍ക്കേ​ണ്ട​ത്.’’

ഇ​സ്രാ​യേ​ലി​ന്‍റെ ഗ​സ്സ ബോം​ബിങ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ മ​രി​ക്കു​ന്ന​തു വ​രെ നി​ര​ന്ത​ര​മാ​യി ത​ന്‍റെ യു​ദ്ധ​വി​രു​ദ്ധ​ത​യും ഫ​ല​സ്തീ​നി​ക​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍ഢ്യ​വും പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി പി​ല്‍ജ​ര്‍. ഹ​മാ​സി​ന്‍റെ സൈ​നി​ക ആ​സ്ഥാ​നം പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് അ​ല്‍ശി​ഫ ആ​ശു​പ​ത്രി ബോം​ബി​ട്ട് ത​ക​ര്‍ത്ത ഇ​സ്രാ​യേ​ലി​ന്‍റെ നു​ണ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ അ​ദ്ദേ​ഹം രം​ഗ​ത്തു​വ​ന്നു. ഇ​സ്രാ​യേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ഭീ​ക​ര​ശ​ബ്ദ​മു​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ഗ​സ്സ​യി​ല്‍ അ​വ​സാ​ന സ​ന്ദ​ര്‍ശ​ന​ക്കാ​ല​ത്ത് ത​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് മ​റ്റൊ​രു ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ദുഃ​സ്വ​പ​്നം ക​ണ്ട് എ​ഴു​ന്നേ​ല്‍ക്കു​ക, കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക, മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ന്ന് ഒ​രു മ​ന​ഃശാ​സ്ത്ര​ജ്ഞ​ന്‍ പ​റ​ഞ്ഞ​തും അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കു​ക​യു​ണ്ടാ​യി.

‘‘പാ​ശ്ചാ​ത്യ​ യു​ദ്ധ​ക്കൊ​തി​യ​ന്മാ​ര്‍ക്കെ​തി​രെ സ​ത്യം വി​ളി​ച്ചുപ​റ​യു​ന്ന ജൂ​ലി​യ​ന്‍ അ​സാ​ൻജ്, ഡേ​വി​ഡ് മെ​ക്ബ്രൈ​ഡ് എ​ന്നി​വ​രെ ഭ​ര​ണ​കൂ​ടം പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യു​മെ​ങ്കി​ല്‍ ഗ​സ്സ​യെ​യും അ​വി​ട​ത്തെ സീ​രി​യ​ല്‍ കൊ​ല​യാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​ത് ആ​രെ​ന്ന് ന​മു​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​വും. സ​ത്യ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ക്കും എ​തി​രെ പ​ടി​ഞ്ഞാ​റി​ന്‍റെ ഫാ​ഷി​സം സ​മീ​പ​സ്ഥ​മാ​യി​രി​ക്കു​ന്നു എ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ത് ന​ല്‍കു​ന്ന​ത്’’, മ​റ്റൊ​രു ട്വീ​റ്റി​ല്‍ പി​ല്‍ജ​ര്‍ കു​റി​ച്ചു.

 

റോബർട്ട്​ ഫിസ്​ക്​ ഒരു യുദ്ധ റിപ്പോർട്ടിങ്ങിനിടെ

‘ഫ​ല​സ്തീ​ന്‍ത​ന്നെ വി​ഷ​യം’ (Palestine is Still the Issue) എ​ന്ന പേ​രി​ല്‍ പി​ല്‍ജ​ര്‍ 2002ല്‍ ​ത​യാ​റാ​ക്കി​യ 53 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി, അ​ധി​നി​വേ​ശ ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ ഒ​രു ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ ലോ​കശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യ​ക​മാ​യി. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റ്ബാ​ങ്കി​ലും ഗ​സ്സ​യി​ലും താ​മ​സി​ക്കു​ക​യും അ​വി​ട​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്ത ഒ​രു മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍റെ പ്ര​ത്യേ​ക റി​പ്പോ​ര്‍ട്ട് എ​ന്ന​തി​ലു​പ​രി അ​ധി​നി​വേ​ശ​ത്തി​നും കൊ​ളോ​ണി​യ​ലി​സ​ത്തി​നും എ​തി​രെ പോ​രാ​ടു​ന്ന ഒ​രാ​ളു​ടെ അ​നു​ഭ​വ സാ​ക്ഷ്യംകൂ​ടി​യാ​യി​രു​ന്നു ഡോ​ക്യു​മെ​ന്‍റ​റി.

1977ല്‍ ​ഇ​തേ പേ​രി​ല്‍ ഡോ​ക്യു​മെ​ന്‍റ​റി അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വെ​സ്റ്റ്ബാ​ങ്കി​ലും ഗ​സ്സ​യി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തയാ​റാ​ക്കി​യ വി​ഡി​യോ ചി​ത്രം 1948ലെ​യും 1967ലെ​യും യു​ദ്ധ​ങ്ങ​ളെ തു​ട​ര്‍ന്ന് 10 ല​ക്ഷ​ത്തോ​ളം ഫ​ല​സ്തീ​നി​ക​ള്‍ ജ​ന്മ​നാ​ട്ടി​ല്‍നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ട ദാ​രു​ണ സം​ഭ​വ​ങ്ങ​ളു​ടെ നേ​ര്‍സാ​ക്ഷ്യ​മാ​യി​രു​ന്നു. ഇ​രു​പ​ത്ത​ഞ്ചു വ​ര്‍ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും അ​ധി​നി​വേ​ശ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ ബാ​ക്കിപ​ത്ര​മാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​ക്യു​മെ​ന്‍റ​റി. ഒ​രേ പേ​രി​ല്‍ 25 കൊ​ല്ല​ത്തി​നുശേ​ഷം മ​റ്റൊ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ര്‍മി​ച്ച​തി​നെക്കു​റി​ച്ച് പി​ല്‍ജ​ര്‍ പ​റ​ഞ്ഞ​ത് ത​ല​മു​റ​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും ഫ​ല​സ്തീ​നി​ലെ ക​ടു​ത്ത അ​നീ​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു എ​ന്നാ​യി​രു​ന്നു.

2002ല്‍ ​വീ​ണ്ടും ഫ​ല​സ്തീ​നെ​ക്കു​റി​ച്ച് അ​ഭ്ര​പാ​ളി​ക​ളി​ലൂ​ടെ ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടുത്തേ​ണ്ടി വ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം എ​ഴു​തി: ‘‘ഫ​ല​സ്തീ​നി​ക​ള്‍ തി​രി​ച്ച​ടി​ച്ചു തു​ട​ങ്ങി​യെ​ന്ന​താ​ണ് ഞാ​ന്‍ കാ​ണു​ന്ന മാ​റ്റം. രാ​ജ്യം ന​ഷ്ട​പ്പെ​ട്ട, നി​ന്ദ്യ​രാ​യി ക​ഴി​ഞ്ഞി​രു​ന്ന ആ ​ജ​ന​ത ഇ​സ്രാ​യേ​ലി സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. അ​വ​ര്‍ക്ക് സൈ​ന്യ​മി​ല്ല, ടാ​ങ്കു​ക​ളി​ല്ല, അ​മേ​രി​ക്ക​ന്‍ നി​ര്‍മി​ത യു​ദ്ധവി​മാ​ന​ങ്ങ​ളി​ല്ല, പ​ട​ക്കോ​പ്പു​ക​ളും മി​സൈ​ലു​ക​ളു​മി​ല്ല. അ​വ​ര്‍ക്കുമേ​ല്‍ ഇ​സ്രാ​യേ​ലി ഭീ​ക​ര​ത കൊ​ടി​കു​ത്തി വാ​ഴു​ന്നു. അ​വ​രു​ടെ ജീ​വി​തം മു​ഴു​വ​ന്‍ ഇ​സ്രാ​യേ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. തു​റ​ന്ന ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തുപോ​ലെ​യാ​ണ് അ​വ​രു​ടെ അ​വ​സ്ഥ.’’

ഇ​സ്രാ​യേ​ലി-​ഫ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്നം സ​യ​ണി​സ്റ്റ് കൊ​ളോ​ണി​യ​ലി​സ​മാ​ണെ​ന്നും ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍ഘ്യ​മേ​റി​യ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കു​ക​യാ​ണ് ഫ​ല​സ്തീ​നി​ക​ളെ​ന്നും ച​രി​ത്രരേ​ഖ​ക​ളു​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളു​ടെ​യും പി​ന്‍ബ​ല​ത്തി​ല്‍ സ്ഥാ​പി​ക്കു​ക​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍. ജ​ന്മ​നാ​ട്ടി​ല്‍ മ​നു​ഷ്യ​രാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശ​ത്തെ പൂ​ര്‍ണ​മാ​യും ഹ​നി​ക്കു​ക​യാ​ണ് ഭ​ര​ണ​കൂ​ടം. സ​ക​ല​യി​ട​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍. റോ​ഡ് ബ്ലോ​ക്കു​ക​ളും ചെ​ക് പോ​യ​ന്‍റു​ക​ളും സ​ർവ​ത്ര. കു​ഞ്ഞു​ങ്ങ​ള്‍ ചെ​ക് പോ​യ​ന്‍റു​ക​ളി​ല്‍ മ​രി​ക്കു​ന്ന ഭീ​ക​ര കാ​ഴ്ച​ക​ള്‍ സാ​ധാ​ര​ണം. ക​ര്‍ഫ്യൂ​ക​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്നു. വ​ര്‍ണ​വി​വേ​ച​നം കൊ​ടി​കു​ത്തി വാ​ണ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ക്കാ​ള്‍ പ​രി​താ​പ​ക​ര​മാ​ണ് അ​ധി​നി​വേ​ശ ഫ​ല​സ്തീ​നി​ലെ സ്ഥി​തി​യെ​ന്ന് അ​ദ്ദേ​ഹം സ​മ​ര്‍ഥി​ക്കു​ന്നു.

ഫ​ല​സ്തീ​ന്‍ പോ​രാ​ളി​ക​ള്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​സ്രാ​യേ​ലി പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വ് റാ​മി ഇ​ല്‍ഹാ​ന​ന്‍റെ വാ​ക്കു​ക​ള്‍ പി​ല്‍ജ​ര്‍ ഉ​ദ്ധ​രി​ക്കു​ന്നു: ‘‘ഫ​ലസ്​തീനില്‍ തു​ട​രു​ന്ന അ​ധി​നി​വേ​ശം ന​മ്മെ മൃ​ഗ​സ​മാ​ന​രാ​ക്കി​യി​രി​ക്കു​ന്നു. ഒ​രു ഇ​സ്രാ​യേ​ലി എ​ന്നു പ​റ​യാ​ന്‍പോ​ലും പ​ല​പ്പോ​ഴും ഞാ​ന്‍ ല​ജ്ജി​ക്കാ​റു​ണ്ട്.’’ ഇ​സ്രാ​യേ​ലി​ന്‍റെ മ​നു​ഷ്യ​ത്വവി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ഴൊ​ക്കെ അ​തി​നെ സെ​മി​റ്റി​ക് വി​രു​ദ്ധ​മെ​ന്ന ചാ​പ്പ കു​ത്തു​ന്ന പ​രി​പാ​ടി ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്നു​വെ​ന്നാ​ണ് മ​റ്റൊ​രു ഇ​സ്രാ​യേ​ലി ഇ​സ്ഹെ​യ് റോ​സ​ന്‍-​സി​വി പ​റ​യു​ന്ന​ത്. അ​ധി​നി​വേ​ശ ഭീ​ക​ര​ത​ക്കെ​തി​രെ ര​ണ്ടാ​യി​ര​ത്തി​ല്‍ ഫ​ല​സ്തീ​നി​ക​ള്‍ ആ​രം​ഭി​ച്ച ര​ണ്ടാം ഇ​ന്‍തി​ഫാ​ദ​യെ എ​ത്ര നീ​ച​മാ​യാ​ണ് ഇ​സ്രാ​യേ​ല്‍ അ​ടി​ച്ച​മ​ര്‍ത്തി​യ​തെ​ന്ന് ഡോ​ക്യു​മെ​ന്‍റ​റി വി​വ​രി​ക്കു​ന്നു.

 

ജോൺ പിൽജർ വിയറ്റ്​നാമിലെ ഹോചിമിൻ സ്​മാരകത്തിനു മുന്നിൽ

മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ട്ടു​പ്ര​തി​ക​ള്‍

യു​ദ്ധ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ര്‍ട്ടാ​ണ് 2011ല്‍ ​പി​ല്‍ജ​ര്‍ തയാ​റാ​ക്കി​യ ‘നി​ങ്ങ​ള്‍ കാ​ണാ​ത്ത യു​ദ്ധം’ (The War You Don't) എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി. എം​ബ​ഡ​ഡ് ജേ​ണ​ലി​സ​വും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍ത്ത​ന​വും റി​പ്പോ​ര്‍ട്ടിങ്ങി​ല്‍ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ഖ്, അ​ഫ്ഗാ​നി​സ്താ​ന്‍ അ​ധി​നി​വേ​ശ​ങ്ങ​ള്‍ പ്ര​മേ​യ​മാ​ക്കി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി വി​ശ​ദീ​ക​രി​ക്കു​ന്നു. ഒ​ന്നാം ലോ​കയു​ദ്ധ​വും ഹി​രോ​ഷി​മ​യി​ലെ വി​നാ​ശ​കാ​രി​യാ​യ അ​ണു​ബോം​ബ് ആ​ക്ര​മ​ണ​വും വി​യ​റ്റ്നാം മു​ത​ല്‍ ഫ​ല​സ്തീ​ന്‍ വ​രെ​യു​ള്ള അ​ധി​നി​വേ​ശ​ങ്ങ​ളു​മൊ​ക്കെ ഇ​തി​ല്‍ മി​ന്നി​മ​റി​യു​ന്നു​ണ്ട്.

ബ്രി​ട്ട​നും അ​മേ​രി​ക്ക​യുംപോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ യു​ദ്ധ​വേ​ള​ക​ളി​ല്‍ അ​ടി​ച്ചേ​ല്‍പി​ക്കു​ന്ന സെ​ന്‍സ​ര്‍ഷി​പ്പാ​ണ് ഏ​റ്റ​വും വൃ​ത്തി​കെ​ട്ട​തെ​ന്ന് പി​ല്‍ജ​ര്‍ തു​റ​ന്ന​ടി​ക്കു​ന്നു. 2007ല്‍ ​ബ​ഗ്ദാ​ദി​ലെ ഒ​രു തെ​രു​വി​ല്‍ അ​മേ​രി​ക്ക​ന്‍ അ​പാ​ച്ചെ വി​മാ​ന​ങ്ങ​ള്‍ ന​ട​ത്തി​യ ബോം​ബിങ്ങി​ന്‍റെ ഫൂ​ട്ടേ​ജോ​ടെ​യാ​ണ് ഫി​ലിം തു​ട​ങ്ങു​ന്ന​ത്. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ന​ട​ത്തി​യ ഈ ​ബോം​ബിങ്ങി​ല്‍ റോ​യി​ട്ടേ​ഴ്സ് വാ​ര്‍ത്താ ഏ​ജ​ന്‍സി​യു​ടെ ര​ണ്ട് റി​പ്പോ​ര്‍ട്ട​ര്‍മാ​രും നി​ര​വ​ധി ഇ​റാ​ഖി​ക​ളും കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി. ഏ​റ്റ​വും അ​ടു​ത്തു​നി​ന്ന് ബോം​ബി​ട്ട് ആ​ളു​ക​ളെ കൊ​ന്നശേ​ഷം അ​തി​നെ ആ​ഘോ​ഷി​ക്കു​ന്ന അ​പാ​ച്ചെ​യി​ലെ ഒ​രു സൈ​നി​ക​ന്‍റെ ശ​ബ്ദസ​ന്ദേ​ശം പു​റ​ത്തു​വ​രു​ക​യു​ണ്ടാ​യി. എ​ന്നി​ട്ടും മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ ചെ​യ്ത​ത് അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ന്‍റെ​യും ക​ടു​ത്ത സെ​ന്‍സ​ര്‍ഷി​പ്പു​ക​ള്‍ക്ക് കീ​ഴ്പെ​ട്ട് സ​ത്യം ത​മ​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ഖി​ലെ അ​ധി​നി​വേ​ശ​ത്തി​ന് മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ കൂ​ട്ടു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ല്‍ജ​ര്‍ ആ​രോ​പി​ക്കു​ക​യു​ണ്ടാ​യി. സ​ദ്ദാം ഹു​സൈ​ന്‍ രാ​സാ​യു​ധം നി​ര്‍മി​ച്ചു​വെ​ന്ന​തു മു​ത​ല്‍ 9/11 സം​ഭ​വ​വു​മാ​യി ഇ​റാ​ഖി പ്ര​സി​ഡ​ന്‍റി​നെ ബ​ന്ധി​പ്പി​ക്കു​ന്ന​തു വ​രെ​യു​ള്ള നു​ണ​ക​ള്‍ അ​വ​ര്‍ ചോ​ദ്യംചെ​യ്തി​ല്ല. സ്വ​ന്തം ഗ​വ​ണ്‍മെ​ന്‍റു​ക​ളു​ടെ മെ​ഗാഫോ​ണു​ക​ള്‍ ആ​വാ​തെ അ​ധി​കാ​ര​വൃ​ന്ദ​ങ്ങ​ളെ ചോ​ദ്യംചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഇ​റാ​ഖി​ലെ അ​ധി​നി​വേ​ശം ത​ന്നെ ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പി​ല്‍ജ​ര്‍ അ​ഭി​മു​ഖം ന​ട​ത്തി​യ ബ്രി​ട്ടീ​ഷ്, യു.​എ​സ് മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ മൊ​ഴി​ക​ള്‍.

ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​ഖ​ത്തുനോ​ക്കി ക​ടു​ത്ത ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യും അ​വ​രു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഇ​റാ​ഖി​ലെ യു​ദ്ധ​വും അ​ധി​നി​വേ​ശ​വും ത​ട​യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ‘സി.​ബി.​എ​സ് ന്യൂ​സി’​ലെ മു​ന്‍ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍ ഡാ​ന്‍ റാ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ‘‘അ​സു​ഖ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ ന​മ്മ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു’’വെ​ന്നാ​ണ് ഇ​റാ​ഖി​ല്‍ ‘ബി.​ബി.​സി’​ക്കുവേ​ണ്ടി യു​ദ്ധം റി​പ്പോ​ര്‍ട്ട് ചെ​യ്ത റാ​ഗി ഉ​മ്മ​ര്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ല​ണ്ട​നി​ലെ ‘ഡെ​യി​ലി ഒ​ബ്സ​ര്‍വ​റി’​ലൂ​ടെ ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ന് കാ​മ്പ​യി​ന്‍ ന​ട​ത്തി​യ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​നാ​ണ് ഡേ​വി​ഡ് റോ​സ്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള നു​ണപ്ര​ചാ​ര​ണ പ​ദ്ധ​തി​യി​ല്‍ അ​ക​പ്പെ​ട്ടു​പോ​യെ​ന്നാ​ണ് റോ​സ് കു​മ്പ​സാരി​ച്ച​ത്. യു​ദ്ധ​ക്കു​റ്റ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും പ​ങ്കു​കാ​രാ​ണ് എ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

2004ല്‍ ​ഇ​റാ​ഖി​ലെ ഫ​ലൂ​ജ​യി​ല്‍ അ​മേ​രി​ക്ക​ന്‍, ബ്രി​ട്ടീ​ഷ് സൈ​ന്യ​ങ്ങ​ള്‍ ന​ട​ത്തി​യ ബോം​ബിങ്ങി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി. ഫ​ലൂ​ജ​യി​ലെ ശ​വ​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​മേ​രി​ക്ക​ന്‍ സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ഒ​രൊ​റ്റ യു.​എ​സ് മാ​ധ്യ​മ​ങ്ങ​ളും ത​യാ​റാ​യി​ല്ല. ഇ​തുത​ന്നെ​യാ​ണ് അ​ധി​നി​വേ​ശ ഫ​ല​സ്തീ​നി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്നും പി​ല്‍ജ​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന പാ​ശ്ചാ​ത്യ​ര​ല്ലാ​ത്ത മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ​ക്കു​റി​ച്ച് അ​പൂ​ര്‍വ​മാ​യേ പു​റം​ലോ​ക​മ​റി​യു​ന്നു​ള്ളൂ. ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ 120ല്‍ ​എ​ത്തിനി​ല്‍ക്കു​ന്നു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ​ടി​ഞ്ഞാ​റ​ന്‍ ജേ​ണ​ലി​സ്റ്റു​ക​ളു​ടെ വി​യോ​ഗം മാ​ത്ര​മേ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്നി​ട്ടു​ള്ളൂ.

‘‘അ​ന്യ​ന്‍റെ നാ​ടു​ക​ളെ ര​ക്ത​പ​ങ്കി​ല​മാ​ക്കി കു​ട്ടി​ച്ചോ​റാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൈയൊ​പ്പ് ചാ​ര്‍ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രോ​ട്, പ​റ്റി​ല്ല എ​ന്നു പ​റ​യു​മ്പോ​ഴാ​ണ് നാം ​യ​ഥാ​ര്‍ഥ ജേണ​ലി​സ്റ്റു​ക​ളാ​വു​ന്ന​ത്’’ എ​ന്ന് പി​ല്‍ജ​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. ‘‘സാ​മ്രാ​ജ്യ​ത്വം ന​ട​ത്തു​ന്ന അ​റ്റ​മി​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ളു​ടെ കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും ജീ​വ​ന്‍ നി​ല​നി​ല്‍ക്കു​ന്ന​ത് സ​ത്യ​ത്തി​നു മേ​ലാ​ണ്. മ​റി​ച്ചാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ ര​ക്തം ചി​ന്ത​പ്പെ​ട്ട​തി​ല്‍ ന​മു​ക്കുകൂ​ടി പ​ങ്കു​ണ്ടെ​ന്ന് പ​റ​യേ​ണ്ടി​വ​രും’’ -അ​ദ്ദേ​ഹം ഓ​ര്‍മി​പ്പി​ക്കു​ന്നു.

യു​ദ്ധ​വും ഉ​പ​രോ​ധ​ങ്ങ​ളും ഇ​റാ​ഖി ജ​ന​ത​ക്കു​മേ​ല്‍ ഉ​ണ്ടാ​ക്കി​യ ദു​ര​ന്ത​ങ്ങ​ള്‍ പ്ര​തി​പാ​ദി​ക്കു​ന്ന 2002ലെ ​പു​സ്ത​ക​ത്തി​ല്‍ (Iraq Under Siege: The Deadly Impact of Sanctions and War) നോം ​ചോം​സ്കി ഉ​ള്‍പ്പെ​ടെ​യു​ള്ള ലേ​ഖ​ക​ര്‍ക്കൊ​പ്പം ജോ​ണ്‍ പി​ല്‍ജ​റും എ​ഴു​തി​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 11നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ അ​ഫ്ഗാ​നി​സ്താ​നി​ലെ അ​ധി​നി​വേ​ശം മ​റ​ക്ക​രു​തെ​ന്ന് പി​ല്‍ജ​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. 9/11 സം​ഭ​വ​ത്തോ​ടു​ള്ള പ്ര​തി​കാ​രം താ​ലി​ബാ​​നോ​ട് തീ​ര്‍ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക.

1970ല്‍ ​പു​റ​ത്തു​വ​ന്ന പി​ല്‍ജ​റു​ടെ ആ​ദ്യ ഡോ​ക്യു​മെ​ന്‍റ​റി ‘The Quiet Mutiny’ വി​യ​റ്റ്നാ​മി​ലെ യു.​എ​സ് സൈ​ന്യ​ത്തി​ന​ക​ത്തെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. 1978ല്‍ ​വി​യ​റ്റ്നാ​മി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പി​ല്‍ജ​ര്‍, അ​മേ​രി​ക്ക ന​ട​ത്തി​യ യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത വ​ര​ച്ചു​കാ​ട്ടു​ന്ന ‘വി​യ​റ്റ്നാ​മി​നെ ഓ​ര്‍മ​യു​ണ്ടോ?’ (Do You Remember Vietnam) എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി നി​ര്‍മി​ച്ചു. മ​നു​ഷ്യനാ​ശ​ത്തി​നു പു​റ​മെ വി​യ​റ്റ്നാ​മി​ലെ വ​ന​ങ്ങ​ളുടെ 44 ശ​ത​മാ​ന​വും അ​മേ​രി​ക്ക ബോം​ബി​ട്ട് ന​ശി​പ്പി​ച്ച​താ​യി അ​തി​ല്‍ പ​റ​യു​ന്നു.

1979ല്‍ ​പോ​ള്‍പോ​ട്ടി​നെ​യും ഖ​മ​ര്‍റൂ​ഷി​നെ​യും വി​യ​റ്റ്നാ​മി​ക​ള്‍ പു​റ​ന്ത​ള്ളി​യ ശേ​ഷ​മാ​ണ് പി​ല്‍ജ​ര്‍ കംബോ​ഡി​യ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹം ‘ഡെ​യി​ലി മി​റ​റി’​ന് അ​യ​ച്ച റി​പ്പോ​ര്‍ട്ടി​ല്‍ 70 ല​ക്ഷം ജ​ന​ങ്ങ​ളി​ല്‍ 20 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ വം​ശ​ഹ​ത്യ​യും പ​ട്ടി​ണി​യും കാ​ര​ണം കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് പ​റ​യു​ന്നു. ‘കംബോ​ഡി​യ​യി​ലെ നിശ്ശ​ബ്ദ മ​ര​ണം’ (The Silent Death of Cambodia) എ​ന്ന പേ​രി​ല്‍ നി​ര്‍മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി 50 രാ​ജ്യ​ങ്ങ​ളി​ലാ​യി 15 കോ​ടി ജ​ന​ങ്ങ​ളാ​ണ് ക​ണ്ട​ത്. മു​പ്പ​തി​ലേ​റെ അ​ന്താ​രാ​ഷ്ട്ര ​പു​ര​സ്കാ​ര​ങ്ങ​ള്‍ ഈ ​ഡോ​ക്യു​മെ​ന്‍റ​റി വാ​രി​ക്കൂ​ട്ടി. കംബോ​ഡി​യ​യി​ലെ മ​നു​ഷ്യദു​ര​ന്ത​ത്തി​ല്‍ അ​മേ​രി​ക്ക​ക്കു​ള്ള പ​ങ്ക് റി​പ്പോ​ര്‍ട്ടു​ക​ളി​ലും ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ലും പി​ല്‍ജ​ര്‍ തു​റ​ന്നു​പ​റ​യു​ന്നു​ണ്ട്. അ​മേ​രി​ക്ക​ന്‍ സൈ​ന്യം ന​ട​ത്തി​യ നി​ഷ്ഠു​ര​മാ​യ ബോം​ബിങ്ങാ​ണ് അ​ധി​കാ​രം പോ​ള്‍പോ​ട്ട് പി​ടി​ച്ച​ട​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം സ​മ​ര്‍ഥി​ക്കു​ന്നു.

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​യി​രു​ന്നു പി​ല്‍ജ​റു​ടെ മി​ക്ക ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ​യും പ്ര​മേ​യം. ആ​പ​ല്‍സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടാ​യി​ട്ടും ഇ​ത്ത​രം ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ സൈ​നി​ക സ്വേച്ഛാ​ധി​പ​തി​ക​ള്‍ വാ​ഴു​ന്ന നാ​ടു​ക​ളി​ല്‍ പി​ല്‍ജ​റും സം​വി​ധാ​യ​ക​ന്‍ ഡേ​വി​ഡ് മ​ണ്‍റോ​യും ക​ട​ന്നു​ചെ​ന്നു. ഇ​ര​ക​ളെ​യും ദൃ​ക്സാ​ക്ഷി​ക​ളെ​യും ത​ദ്ദേ​ശീ​യ​രെ​യും അ​ഭി​മു​ഖം ന​ട​ത്തി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ തി​ക​ച്ചും ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം ഈ​സ്റ്റ് തി​മൂ​റി​ല്‍ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​ക​ള്‍ ലോ​ക​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന ‘Death of a Nation: The Timor Conspiracy’ (1994), ബ​ര്‍മ​യി​ല്‍ (മ്യാ​ന്മ​ര്‍) പ​ട്ടാ​ളം ന​ട​ത്തി​യ ക്രൂ​ര​ത​ക​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന ‘Inside Burma: Land of Fear’ (1998) എ​ന്നി​വ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ വ​ര്‍ണവി​വേ​ച​ന​ത്തി​നെ​തി​രെ ഐ​തി​ഹാ​സി​ക സ​മ​രം ന​യി​ച്ച നെ​ല്‍സ​ണ്‍ മ​ണ്ടേ​ല​യെ അ​ഭി​മു​ഖം ന​ട​ത്തി തയാ​റാ​ക്കി​യ​താ​ണ് ‘Apartheid Did Not Die’ (1998) എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി. വ​സ്തു​ത​ക​ള്‍ തു​റ​ന്നു​പ​റ​യു​ന്ന പി​ല്‍ജ​റു​ടെ സ​മീ​പ​നം വെ​ള്ള​ക്കാ​ര്‍ക്ക് എ​ന്ന​തുപോ​ലെ ക​റു​ത്ത വ​ര്‍ഗ​ക്കാ​രു​ടെ ഭ​ര​ണ​കൂ​ട​ത്തി​നും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. വ​ര്‍ണവി​വേ​ച​നം അ​പ്ര​ത്യ​ക്ഷ​മാ​യ ശേ​ഷം പു​തി​യ സാ​മ്പ​ത്തി​ക വി​വേ​ച​ന​മാ​ണ് രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന​ത് എ​ന്നാ​ണ് പി​ല്‍ജ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലെ നു​ണബോം​ബ്

പി​ല്‍ജ​ര്‍ നി​ര്‍മി​ച്ച അ​റു​പ​തോ​ളം ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ല്‍ ബ്രി​ട്ടീ​ഷ് സ​ര്‍ക്കാ​റി​നെ നി​ശി​ത​മാ​യി വി​മ​ര്‍ശി​ക്കു​ന്ന ‘സ്റ്റീ​ലിങ് എ ​നാ​ഷ​ന്‍’ (2004) സ​വി​ശേ​ഷ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ന്നു. അ​റു​പ​തു​ക​ളി​ല്‍, അ​മേ​രി​ക്ക​ക്ക് സൈ​നി​കത്താ​വ​ളം നി​ര്‍മി​ക്കാ​നാ​യി ഇ​ന്ത്യ​ന്‍ മ​ഹാസ​മു​ദ്ര​ത്തി​ലെ ചാ​ഗോ​സ് ദ്വീ​പസ​മൂ​ഹ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ല്‍നി​ന്ന് ത​ദ്ദേ​ശീ​യ​രെ ഒ​ഴി​പ്പി​ച്ച വി​വാ​ദ ന​ട​പ​ടി​യാ​ണ് അ​തി​ലെ പ്ര​മേ​യം. ഇ​ന്ന് അ​മേ​രി​ക്ക​യു​ടെ വ​ലി​യ സൈ​നി​കത്താ​വ​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലേ​ത്.

ര​ണ്ടാ​യി​ര​ത്തി​ലേ​റെ സൈ​നി​ക​രും 30 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും ന്യൂ​ക്ലി​യ​ര്‍ ഡമ്പിങ് സ്റ്റേ​ഷ​നും സാ​റ്റ​ലൈ​റ്റ് ചാ​ര കേ​ന്ദ്ര​വും ഷോ​പ്പിങ് മാ​ളു​ക​ളും ക​ഫേ​ക​ളും ഗോ​ള്‍ഫ് കോ​ഴ്സു​ക​ളു​മൊ​ക്കെ അ​വി​ടെ​യു​ണ്ട്. അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ന്‍റെ​യും സം​യു​ക്ത നാ​വി​ക സം​വി​ധാ​ന​വും ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ക്യാ​മ്പ് ജ​സ്റ്റി​സ് എ​ന്നാ​യി​രു​ന്നു താ​വ​ള​ത്തി​ന്‍റെ ആ​ദ്യ പേ​ര്. ഗ്വണ്ട​ാന​മോ​യി​ലെ നാ​വി​ക താ​വ​ള​ത്തി​നും ബ​ഗ്ദാ​ദി​ലെ ഖാ​ദി​മി​യ​യി​ലെ ഇ​റാ​ഖ്-​യു.​എ​സ് സൈ​നി​ക താ​വ​ള​ത്തി​നും ഇ​തേ പേ​രാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. 2006ല്‍ ​ഡീ​ഗോ ഗാ​ര്‍ഷ്യ സൈ​നി​കത്താ​വ​ളം ത​ണ്ട​ര്‍കോ​വ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ആ​ഫ്രി​ക്ക​ക്കും ഏ​ഷ്യ​ക്കു​മി​ട​യി​ല്‍ ഇ​ന്ത്യാ സ​മു​ദ്ര​ത്തി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഡീ​ഗോ ഗാ​ര്‍ഷ്യ ദ്വീ​പു​ക​ളി​ല്‍ 18ാം നൂ​റ്റാ​ണ്ടി​ന്‍റെ ഒ​ടു​വി​ല്‍ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ ജീ​വി​ച്ചി​രു​ന്നു. സ്കൂ​ളും ആ​ശു​പ​ത്രി​യും ക്രി​സ്ത്യ​ന്‍ പ​ള്ളി​യും ചെ​റി​യ റെ​യി​ൽവേ സം​വി​ധാ​ന​വും കൃ​ഷി​യും ജ​യി​ലു​മൊ​ക്കെ​യാ​യി ഒ​രു നാ​ടി​നാ​വ​ശ്യ​മാ​യ എ​ല്ലാം അ​വി​ടെയു​ണ്ടാ​യി​രു​ന്നു. 1961ല്‍ ​അ​മേ​രി​ക്ക​ന്‍ അ​ഡ്മി​റ​ല്‍ ഡീ​ഗോ ഗാ​ര്‍ഷ്യ​യു​ടെ തീ​ര​ത്ത് കാ​ലുകു​ത്തി​യ​തോ​ടെ​യാ​ണ് സ്ഥി​തി മാ​റു​ന്ന​ത്.

ഹ​രോ​ള്‍ഡ് വി​ല്‍സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ്രി​ട്ട​നി​ലെ ലേ​ബ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് അ​മേ​രി​ക്ക​ന്‍ ഗ​വ​ണ്‍മെ​ന്‍റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച​ക​ള്‍ക്കു ശേ​ഷ​മാ​ണ് ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലെ ജ​ന​ങ്ങ​ളെ അ​വി​ടെ​നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത്. 1967 മു​ത​ല്‍ 1973 വ​രെ​യു​ള്ള കാ​ല​ത്ത് ത​ദ്ദേ​ശീ​യ​രെ പു​റ​ന്ത​ള്ളി​യ​തി​നെക്കു​റി​ച്ച് ദ്വീ​പി​നെ ‘ശു​ചീ​ക​രി​ച്ചു’ എ​ന്ന വാ​ച​ക​മാ​ണ് യു.​എ​സ് രേ​ഖ​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ല്‍, ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍മെ​ന്‍റ് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ഴു​ന്നള്ളി​ച്ച പെ​രുംനു​ണ പി​ല്‍ജ​ര്‍ പൊ​ളി​ച്ച​ട​ുക്കി. ദ്വീ​പി​ലു​ണ്ടാ​യി​രു​ന്ന​ത് താ​ല്‍ക്കാ​ലി​ക ക​രാ​ര്‍ ജോ​ലി​ക്കാ​രാ​യി​രു​ന്നു​വെ​ന്നും ആ​യി​രം മൈ​ല്‍ മാ​ത്രം അ​ക​ലെ​യു​ള്ള മൊ​റീ​ഷ്യ​സി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കേ​ണ്ട​വ​രാ​ണെ​ന്നു​മാ​യി​രു​ന്നു ബ്രി​ട്ട​ന്‍റെ പ്ര​ചാ​ര​ണം. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ അ​ഞ്ചു ത​ല​മു​റ​ക​ളെ​ങ്കി​ലും ദ്വീ​പി​ലെ സ്ഥി​ര​വാ​സി​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്. അ​വി​ട​ത്തെ ശ്മ​ശാ​ന​ങ്ങ​ള്‍ അ​തി​ന് തെ​ളി​വാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി. വാ​ഷിങ്ട​ണി​ലെ നാ​ഷ​ന​ല്‍ ആ​ര്‍ക്കൈ​വ്സി​ലും ല​ണ്ട​നി​ലെ പ​ബ്ലി​ക് റെ​ക്കോ​ഡ് ഓ​ഫി​സി​ലു​മു​ള്ള ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ബ്രി​ട്ട​ന്‍റെ വാ​ദ​ങ്ങ​ളെ ഖ​ണ്ഡി​ക്കു​ന്ന​താ​ണ്.

ഏ​റെ ക്രൂ​ര​മാ​യാ​ണ് ത​ദ്ദേ​ശീ​യ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നും രേ​ഖ​ക​ള്‍ ഉ​ദ്ധ​രി​ച്ച് പി​ല്‍ജ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ ഓ​ഫി​സി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി പോ​ള്‍ ഗോ​ര്‍ ബൂ​ത്ത് 1966 ആ​ഗ​സ്റ്റി​ല്‍ എ​ഴു​തി: ‘‘ഇ​ക്കാ​ര്യ​ത്തി​ല്‍ (ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ല്‍) ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ ത​ന്നെ വേ​ണ്ടി​വ​രും. എ​ല്ലാം ക​ഴി​യു​മ്പോ​ള്‍ ക​ട​ല്‍ക്കാ​ക്ക​ക​ള്‍ അ​ല്ലാ​തെ ത​ദ്ദേ​ശീ​യ ജ​ന​ങ്ങ​ളു​ടെ പൊ​ടി​പോ​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല.’’

ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലെ ത​ദ്ദേ​ശീ​യ ജ​ന​ത​യെ നാ​ടു​ക​ട​ത്തി​യ ബ്രി​ട്ട​ന്‍റെ ന​ട​പ​ടി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​യി​രു​ന്നു​വെ​ന്ന് 2004ല്‍ ​ജോ​ണ്‍ പി​ല്‍ജ​ര്‍ ‘ഗാ​ര്‍ഡി​യ​നി’​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ടു​ക​ട​ത്ത​ല്‍ ഭീ​ക​ര​മാ​യി​രു​ന്നു. പ്ര​ധാ​ന മ​ന്ത്രി​യും മൂ​ന്നു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​മാ​യി​രു​ന്നു ലോ​ക​മ​റി​യാ​തെ ഈ ​കൃ​ത്യം ന​ട​പ്പാ​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്ന​ത്. ത​ദ്ദേ​ശ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ടു​വി​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കും മ​റ്റു​മാ​യി മൊറീ​ഷ്യ​സി​ലേ​ക്ക് പോ​യ​വ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. സൈ​നി​കത്താ​വ​ള നി​ര്‍മാ​ണ​ത്തി​ന് അ​മേ​രി​ക്ക​ക്കാ​ര്‍ എ​ത്തു​ന്ന​തി​നു മു​മ്പ് ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലെ മു​ഴു​വ​ന്‍ വ​ള​ര്‍ത്തു​നാ​യ്ക്ക​ളെ​യും കൊ​ല്ലാ​ന്‍ ‘ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ’യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സെ​യ്ഷെ​ല്‍സി​ലെ ഗ​വ​ര്‍ണ​ര്‍ ബ്രൂ​സ് ഗ്രെ​യ്റ്റ്ബാ​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

 

ഏ​തു സ​മ​യ​വും കു​ടി​യി​റ​ക്ക​പ്പെ​ടു​മെ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പാ​ണ് ഇ​തെ​ന്ന് ദ്വീ​പു​വാ​സി​ക​ള്‍ക്ക് മ​ന​സ്സി​ലാ​യി. അ​ങ്ങ​നെ ആ ​ദി​വ​സ​വും വ​ന്നെ​ത്തി. ത​യാ​റാ​ക്കി നി​ര്‍ത്തി​യ ക​പ്പ​ലു​ക​ളി​ല്‍ ജ​ന​ങ്ങ​ളെ ആ​ട്ടി​ത്തെ​ളി​ച്ചു. ഓ​രോ സൂ​ട്ട്കേസു​ക​ള്‍ എ​ടു​ക്കാനേ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് അ​വ​ര്‍ ക​പ്പ​ലി​ല്‍ ക​യ​റി. കൊ​പ്ര ക​മ്പ​നി​ക​ളി​ലെ കു​തി​ര​ക​ളാ​ണ് ചി​ല ക​പ്പ​ലു​ക​ളി​ല്‍ ഡെ​ക്കു​ക​ള്‍ കൈയ​ട​ക്കി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും കാ​ര്‍ഗോ ഏ​രി​യ​ക​ളി​ല്‍ ഉ​റ​ങ്ങി. സെ​യ്ഷ​ല്‍സി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മൊറീ​ഷ്യ​സി​ലേ​ക്കു​ള്ള ക​പ്പ​ല്‍ യാ​ത്ര​ക്ക് ത​യാ​റാ​വു​ന്ന​തു​വ​രെ അ​വ​രെ ഒ​രു ജ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​പ്പി​ച്ചു.

മൊറീ​ഷ്യ​സി​ലെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ര​ണം, ആ​ത്മ​ഹ​ത്യ​ക​ള്‍, മ​നോരോ​ഗം തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി​രു​ന്നു. സ്ത്രീ​ക​ളി​ല്‍ ചി​ല​ര്‍ വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക് തി​രി​ഞ്ഞു. ക​ട​ങ്ങ​ള്‍ വീ​ട്ടാ​ന്‍പോ​ലും തി​ക​യാ​ത്ത സം​ഖ്യ (3000 പൗ​ണ്ടി​ലും താ​ഴെ) ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച​ത് ഒ​രു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞാ​ണ്.

കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നും നാ​ടു​ക​ട​ത്തലി​നു​മെ​തി​രെ ബ്രി​ട്ടീ​ഷ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്ക​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ദ്വീ​പു​വാ​സി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു വി​ധി. സ്വ​ന്തം മ​ണ്ണി​ല്‍നി​ന്ന് ത​ദ്ദേ​ശീ​യ​രെ പു​റ​ന്ത​ള്ളി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹൈ​കോട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍, വാ​ഷിങ്ടണു​മാ​യി ഉ​ട​മ്പ​ടി നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഡീ​ഗോ ഗാ​ര്‍ഷ്യ​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം. യ​ഥാ​ർഥത്തി​ല്‍ പാ​ര്‍ല​മെ​ന്‍റി​നെ​യും അ​മേ​രി​ക്ക​ന്‍ കോ​ണ്‍ഗ്ര​സി​നെ​യും അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യി ന​ട​ന്ന ക​രാ​റാ​യി​രു​ന്നു ഇ​ത്.

ആസ്​ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ല്‍ ജ​നി​ച്ച് അ​റു​പ​തു​ക​ളു​ടെ ആ​ദ്യ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ലേ​ക്ക് ചേ​ക്കേ​റി​യ ജോ​ണ്‍ പി​ല്‍ജ​ര്‍, റോ​യി​ട്ടേ​ഴ്സ് വാ​ര്‍ത്താ ഏ​ജ​ന്‍സി​യി​ല്‍ ജോ​ലിചെ​യ്തശേ​ഷം ഏ​റെ​ക്കാ​ലം ല​ണ്ട​നി​ലെ ‘ഡെ​യി​ലി മി​റ​റി’​ന്‍റെ വി​ദേ​ശ​കാ​ര്യ ലേ​ഖ​ക​നാ​യി​രു​ന്നു. ല​ണ്ട​നി​ലെ ‘ന്യൂ​സ് ഓ​ണ്‍ സ​ൺഡേ’​യി​ല്‍ മു​ഖ്യ പ​ത്രാ​ധി​പ​രാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ക്കു​ക​യു​ണ്ടാ​യി. മി​ക​ച്ച മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ബ്രി​ട്ട​ന്‍ ന​ല്‍കു​ന്ന ജേ​ണലി​സ്റ്റ് ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍ഡ് നേ​ടു​മ്പോ​ള്‍ പി​ല്‍ജ​റി​ന് 28 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം.

വി​യ​റ്റ്നാം യു​ദ്ധ​ഭൂ​മി​യി​ല്‍നി​ന്നു​ള്ള റി​പ്പോ​ര്‍ട്ടിങ്ങി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പു​ര​സ്കാ​രം. ഈ ​അ​വാ​ര്‍ഡ് ര​ണ്ടു ത​വ​ണ നേ​ടു​ന്ന ആ​ദ്യ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​നും പി​ല്‍ജ​റാ​യി​രു​ന്നു. കംബോഡി​യ​യി​ലെ യു​ദ്ധവാ​ര്‍ത്ത​ക​ളു​ടെ പേ​രി​ലാ​ണ് ര​ണ്ടാ​മ​ത്തെ പു​ര​സ്കാ​രം. യു​ദ്ധ​ഭീ​ക​ര​ത സം​ബ​ന്ധി​ച്ച പി​ല്‍ജ​റു​ടെ ഉ​ള്ളു​തു​റ​ന്നു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ യു​ദ്ധ​ക്കെ​ടു​തി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കു​ള്ള ആ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നാ​ല​ര​ക്കോ​ടി ഡോ​ള​ര്‍ സ്വ​രൂ​പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി.

ഇ​ട​ക്കാ​ല​ത്ത് അ​മേ​രി​ക്ക​യി​ലും പി​ല്‍ജ​ര്‍ ജോ​ലി നോ​ക്കി. അ​റു​പ​തു​ക​ളി​ലും എ​ഴു​പ​തു​ക​ളി​ലും മാ​ര്‍ട്ടി​ന്‍ ലൂ​ഥ​ര്‍ കിങ്ങിന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ല​ബാ​മ മു​ത​ല്‍ വാ​ഷിങ്ട​ണ്‍ വ​രെ അ​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തി​ല്‍ ദ​ര്‍ശി​ച്ച വ​ന്‍തോ​തി​ലു​ള്ള സാ​മൂ​ഹിക പ​രി​വ​ര്‍ത്ത​നം ‘ഡെ​യി​ലി മെ​യി​ലി​’ലൂ​ടെ അ​ദ്ദേ​ഹം ലോ​ക​ത്തെ അ​റി​യി​ച്ചു. പ്ര​ശ​സ്ത​മാ​യ അ​ല​ബാ​മ മാ​ര്‍ച്ചി​നൊ​പ്പം സ​ഞ്ച​രി​ച്ചാ​ണ് പി​ല്‍ജ​ര്‍ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്.

പി​ല്‍ജ​ര്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ എ​ഴു​തി​യ പു​സ്ത​ക​മാ​ണ് ‘New Rulers of The World’. ആ​ധു​നി​ക സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ മി​ഥ്യാ​വാ​ദ​ങ്ങ​ളും ആ​ഗോ​ള​ീക​ര​ണ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും അ​ദ്ദേ​ഹം അ​തി​ല്‍ വി​വ​രി​ക്കു​ന്നു. പാ​വ​പ്പെ​ട്ട​വ​രും സ​മ്പ​ന്ന​രു​മാ​യി ലോ​കം വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പാ​വ​പ്പെ​ട്ട​വ​ര്‍ കൂ​ടു​ത​ല്‍ പാ​വ​പ്പെ​ട്ട​വ​രും പ​ണ​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ്പ​ന്ന​രു​മാ​യി മാ​റി​യി​രി​ക്കു​ന്നു. കു​ത്ത​ക ബ​ഹു​രാ​ഷ് ട്ര ​ക​മ്പ​നി​ക​ളാ​യ എ​ച്ച് & എം, ​വോ​ള്‍മാ​ര്‍ട്ട് തു​ട​ങ്ങി​യ​വ​യി​ല്‍ ചെ​റി​യ വേ​ത​ന​ത്തി​ന് ജോ​ലിചെ​യ്യാ​ന്‍ പാ​വ​പ്പെ​ട്ട​വ​ര്‍ നി​ര്‍ബ​ന്ധി​ത​രാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​രി​ത​പി​ക്കു​ന്നു​ണ്ട്.

1960ക​ളി​ല്‍ ഇ​ന്തോ​നേ​ഷ്യ​യി​ല്‍ പ​ട്ടാ​ള ജ​ന​റ​ല്‍ സു​ഹാ​ര്‍ത്തോ അ​ധി​കാ​രം പി​ടി​ച്ച​ട​ക്കി​യ​ത് ആ​ഗോ​ള സാ​മ്പ​ത്തി​ക ക്ര​മം ഏ​ഷ്യ​ക്കുമേ​ല്‍ അ​ടി​ച്ചേ​ല്‍പി​ക്കാ​ന്‍ പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍ മെ​ന​ഞ്ഞ ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന് പി​ല്‍ജ​ര്‍ നി​രീ​ക്ഷി​ക്കു​ന്നു. ലോ​ക ബാ​ങ്കി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം സ​ബ്സി​ഡി​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി​യും മ​റ്റു ആ​ഗോ​ള ന​യ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പി​ച്ചും ദ​ശ​ല​ക്ഷം ഇ​ന്തോ​നേ​ഷ്യ​ക്കാ​രു​ടെ ജീ​വ​ന്‍ അ​ഹ​പ​രി​ച്ച​ത് ഈ ​ന​യ​ങ്ങ​ളാ​യി​രു​ന്നു.

 

റോ​ബ​ര്‍ട്ട് ഫി​സ്കും പി​ല്‍ജ​റും

യു​ദ്ധ​മേ​ഖ​ല​ക​ളി​ല്‍ ജോ​ലിചെ​യ്യു​മ്പോ​ള്‍ത​ന്നെ ക​ടു​ത്ത യു​ദ്ധ​വി​രു​ദ്ധ​രാ​വു​ക​യും സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ അ​ജ​ണ്ട​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രുക​യും ചെ​യ്ത പാ​ശ്ചാ​ത്യ​ന്‍ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രാ​ണ് റോ​ബ​ര്‍ട്ട് ഫി​സ്കും ജോ​ണ്‍ പി​ല്‍ജ​റും സെ​യ്മൂ​ര്‍ ഹെ​ര്‍ഷും. ഈ ​ത്രി​മൂ​ര്‍ത്തി​ക​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഹെ​ര്‍ഷ് മാ​ത്രം. വി​യ​റ്റ്നാ​മി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​ക​ള്‍, വി​ശി​ഷ്യാ മാ​യ് ലാ​യി​യി​ലെ ഭീ​ക​ര​ത പു​റ​ത്തു​കൊ​ണ്ടു വ​ന്ന​ത് ഹെ​ര്‍ഷാ​യി​രു​ന്നു.

മു​പ്പ​തു വ​ര്‍ഷ​ത്തി​ലേ​റെ ല​ണ്ട​നി​ലെ ‘ഇ​ൻഡിപെൻഡ​ന്‍റ്’ ദി​ന​പ​ത്ര​ത്തി​ന്‍റെ മ​ധ്യ​പൗ​ര​സ്ത്യ റി​പ്പോ​ര്‍ട്ട​റാ​യും പി​ന്നീ​ട് മാ​നേ​ജിങ് എ​ഡി​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച റോ​ബ​ര്‍ട്ട് ഫി​സ്ക് 2020 ഒ​ക്ടോ​ബ​ര്‍ 30ന് ​എ​ഴു​പ​ത്തി​നാ​ലാം വ​യ​സ്സി​ലാ​ണ് വി​ട​വാ​ങ്ങി​യ​ത്. എം​ബ​ഡ​ഡ് ജേ​ണ​ലി​സം യു​ദ്ധ​മേ​ഖ​ല​യി​ല്‍ ശ​ക്തി​പ്പെ​ട്ട അ​മേ​രി​ക്ക​യു​ടെ ഒ​ന്നാം ഇ​റാ​ഖ് യു​ദ്ധ​ത്തി​നു മു​മ്പുത​ന്നെ സ​ര്‍ക്കാ​റി​ന്‍റെ​യും സൈ​ന്യ​ത്തി​ന്‍റെ​യും ഔ​ദ്യോ​ഗി​ക ഭാ​ഷ്യ​ങ്ങ​ളെ ചോ​ദ്യംചെ​യ്യാ​ന്‍ ക​രു​ത്തുകാ​ട്ടി​യ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു ഫി​സ്ക്.

ഉ​സാ​മ ബി​ന്‍ ലാ​ദി​നെ മൂ​ന്നുത​വ​ണ അ​ഭി​മു​ഖം ന​ട​ത്തി​യ​യാ​ള്‍, മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍ യു​ദ്ധ​ങ്ങ​ളും സം​ഘ​ര്‍ഷ​ങ്ങ​ളും റി​പ്പോ​ര്‍ട്ട് ചെ​യ്ത​യാ​ള്‍ തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ള്‍ പേ​റു​ന്ന റോ​ബ​ര്‍ട്ട് ഫി​സ്ക് റി​പ്പോ​ര്‍ട്ടിങ്ങിലെ കൃ​ത്യ​ത​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. വ​ട​ക്ക​ന്‍ അ​യ​ര്‍ല​ൻഡിലെ സം​ഘ​ര്‍ഷ​ങ്ങ​ള്‍, ഇ​റാ​ന്‍-​ഇ​റാ​ഖ് യു​ദ്ധം, സോ​വി​യ​റ്റ് യൂ​നി​യ​ന്‍റെ അ​ഫ്ഗാ​ന്‍ അ​ധി​നി​വേ​ശം, ഇ​റാ​നി​ലെ ഇ​സ്‍ലാ​മി​ക വി​പ്ല​വം, ബാ​ല്‍ക്ക​ൺ യു​ദ്ധ​ങ്ങ​ള്‍, ഇ​റാ​ഖി​ന്‍റെ കു​വൈ​ത്ത് അ​ധി​നി​വേ​ശം, ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ന്‍ അ​ധി​നി​വേ​ശം, അ​ഫ്ഗാ​നി​സ്താ​നി​ല്‍ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യു​ദ്ധ​വും അ​ധി​നി​വേ​ശ​വും, ല​ബ​നാ​ന്‍, അ​ല്‍ജീ​രി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ള്‍, ഫ​ല​സ്തീ​ന്‍-​ഇ​സ്രാ​യേ​ല്‍ സം​ഘ​ര്‍ഷം തു​ട​ങ്ങി​യ​വ റോ​ബ​ര്‍ട്ട് ഫി​സ്ക് നേ​രി​ട്ടു റി​പ്പോ​ര്‍ട്ട് ചെ​യ്ത യു​ദ്ധ​ങ്ങ​ളും സം​ഘ​ര്‍ഷ​ങ്ങ​ളു​മാ​ണ്.

1982ല്‍ ​ലബ​നാ​നി​ലെ സ​ബ്ര, ശ​ാത്തില അ​ഭ​യാ​ര്‍ഥി ക്യാ​മ്പു​ക​ളി​ല്‍ ഫ​ലാ​ഞ്ചി​സ്റ്റ് മി​ലീ​ഷ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ഭീ​ക​ര​ത ലോ​ക​ത്തെ അ​റി​യി​ക്കാ​ന്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് ഫി​സ്ക് ആ​യി​രു​ന്നു.സാ​മ്രാ​ജ്യ​ത്വ​മാ​ണ് മു​ഴു​വ​ന്‍ കെ​ടു​തി​ക​ള്‍ക്കും കാ​ര​ണ​ക്കാ​രെ​ന്നും അ​തി​ന്‍റെ ദു​ര​ന്ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണെ​ന്നും യു​ദ്ധ​മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വം മു​ന്‍നി​ര്‍ത്തി ഫി​സ്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. 2001ലെ ​അ​ഫ്ഗാ​ന്‍ അ​ധി​നി​വേ​ശസ​മ​യ​ത്ത് അ​മേ​രി​ക്ക​യു​ടെ ബോം​ബിങ്ങി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ചി​ല അ​ഭ​യാ​ര്‍ഥി​ക​ള്‍ ഫി​സ്കി​നെ കൈയേ​റ്റംചെ​യ്യു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍, ത​ന്നെ ആ​ക്ര​മി​ച്ച​വ​ര്‍ക്കെ​തി​രെ ഒ​ന്നും പ​റ​യാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ യു​ദ്ധഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​ണ് അ​വ​രെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

മാ​ധ്യ​മപ്ര​വ​ര്‍ത്ത​ന​ത്തെ എ​ങ്ങ​നെ സ​മീ​പി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു ഇ​സ്രാ​യേ​ലി ജേ​ണ​ലി​സ്റ്റി​നെ​യാ​ണ് ഫി​സ്ക് ഉ​ദ്ധ​രി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശം. താ​ന്‍ കേ​ട്ട​തി​ല്‍ വെ​ച്ചേ​റ്റ​വും മി​ക​ച്ച നി​രീ​ക്ഷ​ണ​മാ​ണ് അ​തെ​ന്നാ​യി​രു​ന്നു ഫി​സ്ക് പ​റ​ഞ്ഞ​ത്. ഗ​വ​ണ്‍മെ​ന്‍റും രാ​ഷ്ട്രീ​യ​ക്കാ​രും ന​മ്മെ യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ആ​രെ​യൊ​ക്കെ കൊ​ല്ല​ണ​മെ​ന്നും ആ​രൊ​ക്കെ മ​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ ഇ​തുത​ന്നെ​യാ​ണ് ഒ​രു മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ന്‍ ചെ​യ്യേ​ണ്ട​ത്.

ഫി​സ്കി​ന് അ​നു​ശോ​ച​ന​മ​ര്‍പ്പി​ച്ച് ജോ​ണ്‍ പി​ല്‍ജ​ര്‍ കു​റി​ച്ച​ത് ഇ​ങ്ങ​നെ: ‘‘അ​വ​ശേ​ഷി​ക്കു​ന്ന മ​ഹാ​ര​ഥ​ന്മാ​രാ​യ റി​പ്പോ​ര്‍ട്ട​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് വി​ട​വാ​ങ്ങി​യ​ത്. ഏ​റ്റ​വും ധീ​ര​നാ​യ പ്ര​വ​ര്‍ത്ത​ക​നെ​യാ​ണ് ജേ​ണ​ലി​സ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.’’ യു​ദ്ധ​ഭൂ​മി​ക​ളി​ല്‍ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ​ന്ന നി​ല​യി​ല്‍ പി​ല്‍ജ​റും റോ​ബ​ര്‍ട്ട് ഫി​സ്കും പ​ല കാ​ര്യ​ങ്ങ​ളി​ലും സ​മാ​ന നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു. യു​ദ്ധ​ങ്ങ​ള്‍ സാ​മ്രാ​ജ്യ​ത്വ സൃ​ഷ്ടി​യും അ​ധി​കാ​രഭ്രാ​ന്തി​ന്‍റെ ആ​യു​ധ​ങ്ങ​ളു​മാ​ണെ​ന്ന് ഇ​രു​വ​രും വി​ശ്വ​സി​ച്ചു. ഈ ​നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചാ​ണ് അ​വ​ര്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​സ്രാ​യേ​ലി​ന്‍റെ സെ​റ്റ്ല​ര്‍ കൊ​ളോ​ണി​യ​ലി​സ​ത്തി​നെ​തി​രെ​യും ഇ​രു​വ​രും തൂ​ലി​ക ച​ലി​പ്പി​ച്ചു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT