വ്യസനമടങ്ങാത്ത, കരച്ചിലിനോടടുത്ത ഒരൊച്ചയിൽ ഞാനപ്പോൾ അവളെ വിളിച്ചു. രാത്രിമുതലേ ഉള്ളിലൂറുന്ന എന്തെന്നറിയാത്ത ഒരു പൊറുതിയില്ലായ്മക്കു പിന്നാലെ, പതിവു ചായപോലുമിടാതെ തൊടിയിലേക്കിറങ്ങിയതായിരുന്നു ഞാൻ. അവളന്നേരം കസേരയിലിരുന്ന്, പത്രം നിലത്തേക്ക് വീഴ്ത്തിയിട്ട്, വിചിത്രമൊരാകൃതിയിൽ നിലകൊണ്ടുകൊണ്ട് ഏതോ വാർത്തയിൽ ആമഗ്നയായിരിക്കുകയായിരുന്നു. എന്റേത് അശ്രദ്ധവും കുഴപ്പംപിടിച്ചതുമായ വായനയും അവളുടേത് ശ്രദ്ധാപൂർവമുള്ള ചടുല വായനയുമാകയാൽ അവളുടെ പത്രനേരത്ത് സാധാരണ ഞാൻ ചായയിടുകയായിരുന്നു ചെയ്യുക.
ശേഷം എന്റെ വായനകൂടി കഴിഞ്ഞാൽ ഞങ്ങൾ പതുക്കെ തൊടിയിലേക്കിറങ്ങുകയും ചില്ലറ നടത്തവും കൊത്തലും കിളക്കലുമായി കുറെ നേരം അവിടെത്തന്നെ ചിലവഴിക്കുകയും ചെയ്യും. ധൃതിയിൽ തൊടിയിലേക്ക് നടക്കുമ്പോൾ പന്തലിലാകെ പാഷൻ ഫ്രൂട്ട് വള്ളികളുടെ ആനന്ദപ്പടർച്ചകൾ ഞാൻ കണ്ടു; തിളങ്ങുന്ന ഇളം പച്ചപ്പന്തുകൾപോലെ കുറെ പഴങ്ങൾ, അതിൽ നിന്നും ഞാന്നു കിടക്കുന്നതും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അപ്രതീക്ഷിതമായി കിട്ടിയ ഊക്കൻ മഴകളേറ്റുണ്ടായ തൊടിയുടെ പച്ചപ്പെരുക്കങ്ങളും.
'പച്ചിലക്കാട്' എന്നായിരുന്നു ഞാനുമവളും കൂടി ഞങ്ങളുടെ വാസഭൂമിക്കിട്ട പേര്. കേൾക്കുമ്പോൾ ഉള്ളിൽ പച്ച പൊട്ടണം. കാണുമ്പോൾ കണ്ണ് കുളിർക്കണം. അതായിരുന്നു ആ ഭൂമിയെ പ്രതി ഞങ്ങളുടെ സ്വപ്നം. കുടുംബസ്വത്തിന്റെ ഭാഗംവെപ്പിൽ എനിക്ക് കീറിക്കിട്ടിയ ഭൂമിയായിരുന്നു അത്.
പാതവക്കത്തുള്ള സ്ഥലങ്ങൾക്ക് വേണ്ടി സഹോദരങ്ങൾ പരസ്പരം കടിച്ചുകുടയുന്ന വേളയിൽ, അവകാശവാദങ്ങളില്ലാതെ, നിശ്ശബ്ദനായി നിന്നതിന് കിട്ടിയ മണ്ണ്. വിഭിന്ന ജാതിക്കാരനൊപ്പം ജീവിക്കാനിറങ്ങിപ്പോന്നവൾക്ക് ഒരുതരി മണ്ണും അവളുടെ കുടുംബം നീക്കി വെച്ചില്ലെന്നിരിക്കേ ഇതായിരുന്നു ഞങ്ങളുടെ പേരിലുള്ള, ഭൂമിയിലെ ആകെയുള്ള മണ്ണടയാളം.
അങ്ങാടി അത്ര പരിസരത്തൊന്നുമല്ലായിരുന്നു, ഈ ഭൂമിയുടെ. കണ്ണായതോ കച്ചവടക്കണ്ണിൽ അത്ര മെച്ചപ്പെട്ടതോ ആയിരുന്നുമില്ല. ഉൾനാട്ടിൽ മണ്ണ് തന്നതിനാൽ ഇത്തിരി കൂടുതൽ എന്നൊരൗദാര്യം കാട്ടാൻ പക്ഷേ, എന്റെ സഹോദരങ്ങൾ മറന്നിരുന്നില്ല. അവരുടെ ലാഭങ്ങളെ ഒട്ടും ബാധിക്കില്ലെന്ന ബോധ്യത്തോടെയുള്ള ഒരിടപെടലായിരുന്നു അത്. ഒരുപക്ഷേ അവകാശികളില്ലാത്തവന്റെ ഭൂമി ഏതെങ്കിലുമൊരു കാലം അവരിലേക്ക് തന്നെ തിരികെയെത്തുമല്ലോ എന്ന പ്രത്യാശയും.
''സാരമില്ല''
ഒപ്പുവെപ്പുകളെല്ലാം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു:
''ഒച്ചയനക്കങ്ങളില്ല, പൊടിയും പുകയുമില്ല. ഇടുങ്ങിത്തിങ്ങിയ അയൽപക്കങ്ങളില്ല.
ധാരാളം മതി, നമുക്കിത്.''
ജോലിക്കാലം മുഴുക്കെ ഞങ്ങളിരുവരും താമസിച്ചിരുന്ന, തിരക്കു പിടിച്ച നഗരത്തിലെ തൊട്ടു തൊട്ടു നിൽക്കുന്ന വാടകക്കെട്ടിടങ്ങളെ, സ്വന്തം വീട്ടിലെ അഴുക്കുചാൽ അപരന്റെ ഇടത്തിലേക്ക് തിരിച്ചുവിടാനും ചപ്പു ചവറുകൾ കൊണ്ടിടാനും ഒട്ടും മടിയില്ലാതിരുന്ന അയൽക്കാരെ, കടിച്ചുപിടിച്ചു നിന്ന് വഴക്കിടാതെ പോന്ന ഒരുപാട് സന്ദർഭങ്ങളെ, ഓർത്താവും അവളങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി.
ആ നഗരത്തിൽ ഞങ്ങൾക്ക് കുറെ അടുപ്പങ്ങളും ഓർമകളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ജോലിയിൽനിന്ന് പിരിഞ്ഞുകഴിഞ്ഞാൽ അവിടെ നിൽക്കേണ്ടതില്ല എന്നുതന്നെയായിരുന്നു ഞങ്ങളിരുവരുടെയും നിശ്ചയം.
അതുകൊണ്ട് എന്റെ അടുത്തൂണിന് രണ്ടുകൊല്ലം മുന്നേ ഞങ്ങൾ മൺവീടുകൾ കെട്ടുന്നതിൽ മിടുക്കനായ ഒരു വാസ്തുശിൽപിയെ കണ്ടെത്തുകയും ആളുടെ മേൽനോട്ടത്തിൽ ഈ പച്ചിലക്കാട്ടിൽ ഞങ്ങൾക്കിണങ്ങുംവിധമൊരു കുഞ്ഞു വീട് പണിയാൻ തുടങ്ങുകയും ചെയ്തു. അല്ലാതെത്തന്നെ കുറെ മരങ്ങളുണ്ടായിരുന്ന ആ ഭൂമിയിൽ ചില ഫലവർഗങ്ങളും വന്മരങ്ങളാവാൻ സ്വപ്നം കാണുന്ന ചിലതിനേയുമൊക്കെക്കൂടി നട്ട് അവിടം 'പച്ചിലക്കാടാ'ക്കി മാറ്റാൻ യത്നിക്കുകയായിരുന്നു അക്കാലങ്ങളിൽ ഞങ്ങൾ .
ഭാര്യ, എന്നേക്കാൾ ഒരു വയസ്സിനു മൂപ്പത്തി, എനിക്കും ഒരുകൊല്ലം മുന്നേ ജോലിയിൽനിന്ന് പിരിഞ്ഞിരുന്നതിനാൽ ഞങ്ങളുടെ പച്ചിലക്കാടും അവളും എന്റെ ജോലിപിരിയലും കാത്തുനിൽക്കുകയാണെന്ന് അറിയാവുന്നതുകൊണ്ട്, ഞാൻ വിരമിക്കലിന് മുന്നേത്തന്നെ ശേഷിച്ച ലീവിൽ പ്രവേശിച്ച്, നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
പച്ചിലക്കാട്ടിൽ, ചില വലിയ മരങ്ങളുണ്ടായിരുന്നു ഇനവും തരവും പ്രയോജനവുമൊന്നും നോക്കാതെ തനിയെ വളർന്നവ. പലതും ഏറെ പ്രായംചെന്നവ. അതിൽ ചിലതൊക്കെ വീടുപണിക്ക് മുന്നേ തന്നെ വെട്ടിക്കളയാൻ പലരും ഉപദേശിച്ചതായിരുന്നു. തടിക്ക് വിലയില്ലാത്ത, വാണിജ്യമൂല്യമൊന്നുമില്ലാത്ത മരങ്ങൾ എന്നതായിരുന്നു കാരണം. ഞങ്ങൾ പക്ഷേ, പരമാവധി ഒന്നിലും തൊട്ടില്ല. ഒന്നിനെയും അലോസരപ്പെടുത്തിയില്ല. കാറ്റുകാലത്ത് തിരിയൻ വിത്തുകളെ പറത്തിരസിക്കുന്ന കൂറ്റൻ മഹാഗണിയും മുള്ളുന്തിച്ചും ചോപ്പ് ചൂടിയും നിന്നിരുന്ന മുള്ളിലവും പൂക്കാൻ വേനലും കാത്തുനിൽക്കുന്ന അലസിപ്പൂമരവും ചില്ലകൾ പടർത്തി വിസ്തരിച്ചു നിന്നിരുന്ന മാവും, കായ്ഫലമുള്ള നാലഞ്ചുതെങ്ങുകളും പ്ലാവും ബ്ലാങ്കയും -അതെല്ലാം മുന്നേ അവിടെയുണ്ടായിരുന്നതായിരുന്നു, മധുരപ്പൂക്കൾ കുനുകുനാ നിറഞ്ഞ ഇലിപ്പ, കാട്ടത്തി, കൊന്ന, കുരുട്ടുപാല, ഞാവലുമൊക്കെയതേ.
അതിരിലെ കാട്ടു മുളകളാകട്ടെ, ഏതോ കാലംമുതൽക്കേ അവിടെ കാവൽക്കൂട്ടങ്ങളായി നിൽപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.
നെല്ലി, അശോകം, ആരം പുളി, സീതപ്പഴം, ബബ്ലൂസ്, വേപ്പ് തുടങ്ങി നട്ടുപിടിപ്പിച്ചവ മിക്കതും വീടോട് ചേർന്നതും അധികം പൊക്കം വെക്കാത്തവയുമായിരുന്നു.
വെള്ളച്ചെമ്പകവും അരിമുല്ലയും വാടാമല്ലികളും ഗന്ധരാജനുമൊക്കെയായി കുറച്ച് നാടൻ അരിക് ചെടികളും കൂടിയായപ്പോൾ പച്ചയും കാറ്റും പൂക്കളും കിളികളുമൊക്കെയായി, പച്ചിലക്കാടായി.
കണക്കു പരിശോധനാ വകുപ്പിന്റെ മുഷിഞ്ഞ അക്കങ്ങൾക്കിടയിലായിരുന്നു ഞങ്ങൾ രണ്ടിനും ജോലി. ഞാൻ പഠിച്ചതും പ്രയോഗിച്ചതും ഗണിതമായിരുന്നെങ്കിൽ സസ്യശാസ്ത്രക്കാരിയായിരുന്ന അവൾ മണ്ണിനെയും പച്ചപ്പിനെയുമൊക്കെ അമ്പേ മറന്ന് കണക്കു പരിശോധനകളുടെ കർക്കശപാതകളിലൂടെ അങ്ങനെ ഒരു മടുപ്പൊഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയുമായിരുന്നു .
ഇവിടെ വന്നതും ആ പഴയ ഇഷ്ടങ്ങളൊക്കെ തിരികെ വാരിക്കൂട്ടുംപോലെ അവൾ, അവിടുന്നും ഇവിടുന്നുമായി പൂച്ചെടിത്തുമ്പുകളും മരത്തൈകളും വിത്തുകളും കൊണ്ടുവന്നു. നഴ്സറിയിൽ പരതി ചില ഫലവൃക്ഷങ്ങളും അടുക്കളത്തോട്ടത്തിനുള്ള പച്ചപ്പുകളും കൂടി കണ്ടെത്തി.
''ആകപ്പാടെ അറുപത്തഞ്ചു സെന്റേ ഉള്ളൂ'' എന്ന് അവളുടെ പച്ചപ്പിനോടുള്ള ആർത്തി കാണുമ്പോൾ ഇടയ്ക്ക് ഞാൻ ഓർമപ്പെടുത്തും.
''മരങ്ങളൊക്കെ വന്മരങ്ങളാകുമ്പോൾ അവ ഭൂമിക്ക് വേണ്ടി തമ്മിൽ തല്ലാതെ നോക്കണം.''
ഞാൻ കളിയാക്കും.
''തല്ലട്ടെ. സ്വത്തിനും മണ്ണിനും വേണ്ടി തമ്മിൽ തല്ലാൻ നമുക്ക് വേറാരുമില്ലല്ലോ'' എന്ന് അവൾ പറയും.
ഞങ്ങൾ രണ്ടിനും ഉള്ളിൽ ഘനീഭൂതമായിരിക്കുന്ന അപരിഹാര്യമായ ഒരു വിഷാദമപ്പോൾ കൂടെ നേർത്തു ചിരിയ്ക്കും.
''മരങ്ങളെ കണ്ടിട്ടുണ്ടോ'', അവൾ ഓർമിപ്പിക്കും, അരികത്തുള്ളവനെ തിക്കിയകറ്റുന്ന മനുഷ്യരെപ്പോലെയല്ല അവ, ഉള്ള ഇടങ്ങളിൽ ചാഞ്ഞും ചരിഞ്ഞും പടർന്നും വളരും; പിടിച്ചമർത്തിയാൽ കുള്ളൻ മരങ്ങളായിപ്പോലും...''
അവളത് പറയുമ്പോളൊക്കെ ഞാൻ തറവാട്ട് തൊടിയിലെവിടെയോ ഉണ്ടായിരുന്ന, വിചിത്രരൂപികളായിരുന്ന ഒരാൽമരത്തെയും അത്തിയേയും ഓർക്കും. ''യക്ഷിയും കൂട്ടാളനും'' എന്നായിരുന്നു എല്ലാവരും അതിനെ വിളിച്ചിരുന്നത്. അരികിൽ വളർന്ന് പിന്നെ ഒന്നിനുള്ളിലൂടെ പടർന്നൊട്ടി ഏതാണ് ആൽമരം, ഏതാണത്തി എന്ന് തിരിച്ചറിയാനാവാത്ത രൂപം പൂണ്ടുപോയ രണ്ടൊറ്റ മരങ്ങൾ.
സിട്രസ് മാക്സിമ, മഗ്നിഫെറാ ഇൻഡികാ, ഡിലോണിക്സ് റീജിയ എന്നിങ്ങനെ ഉള്ളിൽനിന്നും ചില കടുപ്പൻ പേരുകളെടുത്ത് മരങ്ങൾക്ക് ചാർത്തിക്കൊണ്ട്, ശാസ്ത്രനാമങ്ങളുടെ ഓർമപുതുക്കിക്കൊണ്ട് അവൾ തൊടിയിലെ നടപ്പു നേരങ്ങളിൽ മരങ്ങളോട് പറയും: ''കണ്ടോ, മറന്നിട്ടില്ല. ആത്മാർഥമായും സ്നേഹിച്ചും പഠിച്ചു വെച്ചതാണ്. എന്തുവന്നാലും തുടങ്ങിയിടത്തുതന്നെ തിരികെ എത്താതെ നമ്മളൊക്കെ എവിടെ പോകാനാണ് അല്ലേ?''
ഞങ്ങൾ രണ്ടിനും നേരത്തേ ഉണരുന്ന ശീലമായിരുന്നതിനാൽ രാവിലത്തെ പൊടിപ്പു പണികളൊക്കെ തീർത്താൽ തൊടിപ്പണിക്കിറങ്ങുക എന്നതായിരുന്നു ദിനചര്യ. ഞങ്ങളെ കാത്തെന്നപോലെ ചില മരങ്ങൾ കായ്‌കളും, ചിലത് പൂക്കളും ഇലകളുമൊക്കെ പൊഴിച്ചിട്ട് അങ്ങനെ നിൽപ്പുണ്ടാകും.
കൈയിലുള്ള ചെറു വട്ടിയിൽ ഞാവലോ മാങ്ങയോ ഇലിപ്പപ്പൂക്കളോ ഒക്കെ പെറുക്കിയെടുത്ത്, മരവഴികളിലെ കളയും കല്ലും പെറുക്കിമാറ്റി, മിണ്ടിയും പറഞ്ഞും വെറുതെ അവയ്ക്കിടയിലൂടെ ചുറ്റി നടക്കും. ഞങ്ങളെക്കാണുമ്പോൾ മുളങ്കൂട്ടത്തിലെ കിളികൾ നിർത്താതെ ഒച്ച കൂട്ടും.
ആണ്ടാമുളയുടെ ഗൃഹാതുര ഗന്ധം പരത്തി കാറ്റു ചിതറും. അങ്ങനെയൊരു ചുറ്റി നടത്തം തീർത്ത്, തിരികെ കയറുമ്പോളാണ് അതുവരെ ശ്രദ്ധ കൊള്ളാതിരുന്ന ആ ചെടിമരം ഞങ്ങളുടെ കണ്ണിൽ പെട്ടത്.
കുറച്ചൊക്കെ വലുപ്പം വെച്ച, ഒന്ന്. ഇതെങ്ങനെ സാമാന്യം പൊക്കം വെച്ച ഈ പച്ചപ്പു മാത്രം കണ്ണിൽ പെടാതെപോയെന്നന്തിച്ച്, ഞാനുമവളും അതേതു മരമെന്ന് അങ്ങുമിങ്ങും തർക്കിച്ചു.
അടുത്ത വട്ടം നഴ്സറിയിൽ പോകുമ്പോൾ അതിന്റെ ഇലകൾ നുള്ളിയെടുത്ത് കൊണ്ടുപോകാമെന്നും സകല ചെടികളുടെയും മരങ്ങളുടെയും വിവരം സൂക്ഷിപ്പുകാരനായ ആ നഴ്‌സറിയുടമയോട് അതേക്കുറിച്ചു ചോദിക്കാമെന്നും ഞങ്ങൾ കരുതുകയും പിന്നെ അതങ്ങനെ വിട്ടുപോകുകയും ചെയ്തു. അജ്ഞാത മരം വളർന്നു. പതിയെ പൂവിട്ടു.
മങ്ങിയ മഞ്ഞ നിറമുള്ള മൊട്ടുകൾ, പൂക്കളാകുമ്പോൾ അതിന്റെ നിറം ഇളം പച്ചയാകുന്നു. പ്രത്യേകിച്ച് ഗന്ധമോ ചന്തമോ ഇല്ലാത്ത പൂക്കൾ.
ആ സമയത്താണ് ഒരു ഫോൺ വിളിയ്ക്കു പിന്നാലെ, എന്‍റെ പഴയ സഹപാഠിയും അതേ നാട്ടുകാരനും വനം വകുപ്പിൽ നിന്ന് അടുത്തൂൺ പറ്റിയവനുമായ കനകൻ പച്ചിലക്കാട്ടിലേക്ക് വന്നത്. പെൻഷൻകാരുമായി ബന്ധപ്പെട്ട എന്തൊക്കെയോ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമായിരുന്നു അയാളപ്പോൾ. ഒരു പണപ്പിരിവുണ്ട്, പിന്തുണയ്ക്കണം എന്നുപറയാനായിരുന്നു അയാൾ വിളിച്ചത്. പിറ്റേന്നുതന്നെ വരുന്നുണ്ടെന്നറിയിച്ചിരുന്നെങ്കിലും, അതുണ്ടായില്ല...
നാടുമായുള്ള ബന്ധത്തിന്റെ, ഒരു കാലവുമായുള്ള കൊരുക്കലിന്റെ വേരായിരുന്നു എന്നെ സംബന്ധിച്ച് കനകൻ.
പറഞ്ഞ വാക്ക് ഒട്ടും പാലിക്കുന്ന സ്വഭാവമില്ലാതിരുന്ന അയാൾ പിന്നെ പൊങ്ങിയത് ഞങ്ങളുടെയൊരു തൊടിപ്പണി നേരത്ത്, ഞാവൽ മരത്തെ നോക്കി രസിച്ച്, നിലത്തുവീണു കരിനീല ചീറ്റിയ ഒരു പഴം പെറുക്കി, മണ്ണുകളയാൻപോലും മിനക്കെടാതെ വായിലിട്ടു ചവച്ചുകൊണ്ടായിരുന്നു .
''പലകുറി മണിയടിച്ചിട്ടും വാതിൽ തുറക്കാത്തത് കണ്ടപ്പോ നേരെ തൊടിയിലേക്ക് ഇറങ്ങിയതാ...ഭാര്യേം ഭർത്താവും കൂടി കാനന ഛായയിൽ ആടുമേയ്ക്കുന്നുണ്ടോ ..എന്നറിയാല്ലോ...''
അയാൾ ഉറക്കെ ചിരിച്ചു പറഞ്ഞു.
''ഉം...ആടിന്റെ ഒരു കുറവുണ്ട്...ശരി അകത്തോട്ട് വാ ഒരു ചായയിട്ടുതരാ''മെന്ന് തിരികെ നടക്കാൻ തുടങ്ങിയ അവൾ പെട്ടെന്ന് എന്തോ ഓർമിച്ച് കനകനോട് പറഞ്ഞു.
''ദേ, വനംവകുപ്പദ്ദേഹം ഇതൊന്നു നോക്കാമോ. ഇതെന്ത് മരമാണെന്ന്? ഞങ്ങൾ കുറച്ചായി ഇതിന്റെ വംശം തിരയുന്നു.''
ഒരു തെളിവെടുപ്പിനായി അവൾക്കൊപ്പം പേരറിയാ മരത്തിനടുത്തേക്ക് പോയ കനകൻ ഞങ്ങൾക്ക് അപ്രതീക്ഷിതമായൊരാനന്ദം തന്നുകൊണ്ട് ''ചില്ലറക്കാരനല്ല, ചന്ദനമാണ്'' എന്ന് ഇല നോക്കിയും തടിക്ക് തട്ടിയും സൂക്ഷ്മ നിരീക്ഷണം ചെയ്തും ഉറപ്പിച്ചു.
''ആഹാ...അത് കൊള്ളാം.'' പൊടുന്നനെ ശ്രദ്ധയിൽ പെട്ട പൂക്കൾ ഞരടി മണപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. ''പൂത്തു വയസ്സറിയിച്ച സ്ഥിതിക്ക് അവൾക്ക് ഇത്തിരി മുതിർച്ച വന്നുകാണും.''
''ചിലപ്പോളൊക്കെ ഇതിങ്ങനെ തൊടികളിൽ കാണാറുണ്ട്. പക്ഷികൾ കാരണമാണ് മിക്കവാറും. ഇവിടെ അതുങ്ങളും കണ്ടമാനമുണ്ടല്ലോ...മോശമല്ലാത്ത ഇനമാണ് കേട്ടോ. കുറച്ചുകൂടി വളരുമ്പോൾ ഈ തടിയുടെ പച്ച മായും എന്നിട്ട് ഒരുജാതി ഇരുണ്ട നിറം വരും.''
''ഇതിന് മണമൊന്നുമില്ലല്ലോ...''
വിസ്മയപ്പെട്ട് ഇലകൾ നുള്ളിയും, ചെറു ശാഖികൾ ചതച്ചും മണത്തു നോക്കിക്കൊണ്ട് ഞങ്ങൾ ഇരുവരും പറഞ്ഞു.
''ആഹാ''
കനകൻ പൊട്ടിച്ചിരിച്ചു. ''ചന്ദനം അപ്പാടെ മണമൊന്നുമുണ്ടാകില്ലെടോ.
കാതലിന് നല്ല മണം കാണും; വേരുകൾക്കും. വേറൊന്നുണ്ടല്ലോ...ഈ ചന്ദനമരങ്ങൾക്ക് അങ്ങനെ ഒറ്റക്ക് നിൽക്കാൻ കഴിയില്ല. വിത്തിനകത്തുള്ളത് വേഗം തീരും, തീർന്നാൽ പര സഹായം വേണം. എന്നുവെച്ചാൽ പരജീവി സസ്യമാണ്. അതിനെ താങ്ങുന്ന മഹാഗണിയോ അക്കേഷ്യയോ കൊന്നയോ ആര്യ വേപ്പോ അങ്ങനെ ഏതെങ്കിലുമൊരു തുണ മരം കാണും.
ദാ..ഉണ്ടല്ലോ...''
അയാൾ അപ്പുറത്തേയ്ക്ക് കൈചൂണ്ടി.
ഞങ്ങൾക്ക് എന്തോ സന്തോഷം തോന്നി. ചെറിയ ചെറിയ വെളിച്ചപ്പൊട്ടുകൾ ഉള്ളിൽ മിന്നുന്നപോലെ ഒരു വല്ലാത്ത ആഹ്ലാദം. അപ്രതീക്ഷിതമായി കയറിവരുന്ന ചില ചെറിയ സന്തോഷങ്ങൾ, അതുണ്ടാക്കുന്ന വലിയ ചിറ്റോളങ്ങൾ-
''പക്ഷേയുണ്ടല്ലോ...''
ചായ കുടിക്കുമ്പോൾ കനകൻ പറഞ്ഞു,
''നല്ല ചരിത്രമൊക്കെയുള്ളതാണ് കേട്ടോ ഇവളുമാർക്ക്. ടിപ്പു സുൽത്താന്റെ കാലത്താണ്, അങ്ങേരാണ് ശരിക്ക് ഇതിന്റെ തടീം പൊളപ്പുമൊക്കെ മനസ്സിലാക്കുന്നതും ഉപയോഗിക്കാൻ തുടങ്ങുന്നതും. അങ്ങനെ ഊറ്റി എടുത്തതാ പ്രസിദ്ധമായ മൈസൂർ ചന്ദനത്തൈലം. അത് അന്നൊക്കെ പൂർണമായിട്ടും സുൽത്താന്റെ കൈകാര്യം ആയിരുന്നു. നല്ല പൈസ തടയുന്ന ഇടപാടാന്നു കണ്ടപ്പോ പിന്നെ വന്ന ഇംഗ്ലീഷുകാരും പിൽക്കാലത്ത് നമ്മടെ സർക്കാരുമൊക്കെ അതേപോലെ അവളുടെ മേല് കൈവെച്ചു. നല്ല മണവും ഗുണവുമുള്ളൊരുത്തിയെ കിട്ടിയാ ആരാണ് -''
ആളുടെ പറച്ചിലുകൾ അവൾക്ക് അത്ര ബോധിച്ചില്ലെന്നത് എനിക്ക് മനസ്സിലായെങ്കിലും ആർക്ക് പിടിച്ചാലുമില്ലെങ്കിലും കനകൻ പറയാൻ വന്നത് അങ്ങനെത്തന്നെ പറയും എന്നറിയുകയാൽ ഞാനൊന്നും മിണ്ടാൻ പോയില്ല.
''അറിയോടാ സർക്കാരിന് മാത്രം തൊടാൻ അവകാശമുള്ളവളാണ് എവൾ...അന്നും ഇന്നും തലവന്മാർ മാത്രം കൈവശം വെച്ചനുഭവിക്കുന്ന മുറ്റിയ എനം.
ഔ... ഒരിക്കല് മറയൂര് ചന്ദന ലേലം കണ്ട ഒരനുഭവമുണ്ടല്ലോ. പറയാൻ ഈ നേരം പോരപ്പാ. അതിനൊക്കെ ഇടയില്, കൂട്ടത്തി പറയാതെ വയ്യ...
ഉള്ളവന്റെ പുളപ്പുകളെയൊക്കെ പോ പുല്ലേന്ന് വെല്ലുവിളിച്ചുകൊണ്ട് അവളെ വേണ്ടും വിധം ഉപയോഗിച്ചൊരുത്തനുണ്ട് കേട്ടോ. നമ്മുടെ വീരപ്പൻ... മഹാനായ വീരപ്പൻ.'' മതി മതിയെന്ന് ഉറക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ അപ്പാടെ ഒരങ്കലാപ്പിൽ പെട്ടുപോയി.
ചായ തീർത്ത് കൈയിലെ ബാഗ് തുറന്ന് രശീതി പുസ്തകമെടുത്ത് എന്തോ ഒരു തുക എഴുതി കനകൻ എനിക്ക് നേരെ നീട്ടി.
''കൊറയ്ക്കണ്ട. രണ്ടു പെൻഷൻകാരുള്ള വീടല്ലേ...''
ഞാനത് കൊടുത്തു. ഇറങ്ങുമ്പോൾ അവളെ നോക്കി കനകൻ പറഞ്ഞു.
''നിങ്ങള് രണ്ടാൾടേം മുഖത്ത് ഞാനിപ്പോ നല്ല സന്തോഷം കണ്ടു. മരസ്നേഹികളുടെ തൊടിയിൽ പ്രതീക്ഷിക്കാതെയൊരു ചന്ദനം മുളച്ചതിന്റെ. പക്ഷേ ഞാൻ പറയാം, അതീ മണ്ണിൽ നിക്കില്ല കേട്ടോ.
ആരെങ്കിലും കട്ടോണ്ടു പോവും. അത് അങ്ങനെയാ. ലോകത്തിലെ ഏറ്റവും വലിയ ചന്ദനത്തിന്റെ വിധിപോലും അതാരുന്നു. കുറച്ചു കൊല്ലങ്ങൾക്ക് മുന്നേ അതും ആരോ കട്ടുപോയി. അധികം ദൂരമൊന്നുമില്ല, അങ്ങ് ഹൊസൂരിലായിരുന്നു ആ മരം.
അതുകൊണ്ട് ഒന്ന് മുഴുക്കുമ്പോ ആരെങ്കിലും ചോദിച്ചു വരും. അതാ ചന്ദനമരങ്ങളുടെ കാര്യത്തിലുള്ള ഒരു നാട്ടു നടപ്പ്. അങ്ങനെ വന്നാ അങ് കൊടുത്തേക്ക്. കൊടുത്തില്ലെങ്കിലും അവര് കൊണ്ടോവും. അഞ്ചു പൈസ തരാതെ കടത്തിക്കൊണ്ടോകും. അല്ലെങ്കിലും അത് മുഴുത്താൽ സാധാരണക്കാർക്ക് വെട്ടി വിക്കാൻ പറ്റില്ല. അതിനൊക്കെ കുറെ കുരുക്കുകളുണ്ട്. സർക്കാരിനെ അറിയിക്കൽ, ഫീസ് നിശ്ചയിക്കൽ, വെട്ടുന്നതിനും പിടിക്കുന്നതിനുമുള്ള പണം സ്വന്തം പോക്കറ്റിൽനിന്നെടുക്കൽ, സർക്കാർ വക ലേലം...അത്, ഇത്...എന്നിട്ട് ഒക്കെ കഴിയുമ്പോ ഒരു പൊടി കാശ് ഉടമക്ക് കിട്ടും...കിട്ടിയാലായി...പുല്ല്...''
ഞങ്ങൾക്കുള്ളിൽ കുറെ മണ്ണുംപൊടിയും വാരിയിട്ട് കനകൻ പടികടന്നുപോയി.
അയാളുടെ പരാമർശങ്ങൾ ഞങ്ങളിൽ ഒരുതരം അമർഷമോ ഭയപ്പാടോ അസ്വസ്ഥതയോ ഉണ്ടാക്കി. ഇനിയാരെയും ആ മരം കാട്ടേണ്ടതില്ലെന്നും കാണുന്നവരോട് അതിന്റെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നും ഞങ്ങളുറപ്പിച്ചു. ചന്ദനം, മറഞ്ഞിരിക്കാതെ കാഴ്ചയിൽ വേഗം വലുതാവാൻ തുടങ്ങി.
ഞങ്ങളെക്കാണാൻ വരുന്ന ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ഉള്ള ചില കമ്പക്കാർ ചോദിക്കുമ്പോൾ പോലും ചന്ദനത്തെ ഒരു പടുമരമാക്കി ഞങ്ങൾ അവിടെ നിന്നും വെക്കം കടന്നുപോയി.
അങ്ങനെയിരിക്കേ ഞങ്ങൾ ഊണ് കഴിഞ്ഞ് കോലായിൽ അതുമിതും പറഞ്ഞിരിക്കുകയായിരുന്ന ഒരുച്ച നേരത്താണ് അധികാര ഭാവമുള്ള ഒരപരിചിതൻ ഗേറ്റ് പിളർത്തി ഉള്ളിലേക്ക് കയറിവന്നത്.
''ഇവിടെ മരം കൊടുക്കാനുണ്ടോ?''
മുഖവുരയൊന്നുമില്ലാതെ അയാൾ ചോദിച്ചു.
ലേശം പുറത്തേക്കുന്തിയ കണ്ണുകളും തടിച്ച മുഖവും ശ്വാസമെടുത്തു നിൽക്കുംപോലെ വികസിച്ച മൂക്കോട്ടകളുമൊക്കെയുള്ള, ഒരുത്തൻ.
നല്ല കരുത്തൻ.
ഇല്ലെന്നു പറഞ്ഞിട്ടും പോകാതെ നിന്ന അയാളുടെ ചീർപ്പൻ കണ്ണുകൾ അതിലെയിതിലെ ഊളിയിട്ടു നടന്നു. മരങ്ങളെ തൊട്ടു,
ചുഴിഞ്ഞിറങ്ങി.
''പഴയ മരങ്ങളാ. നല്ല വെല തരാം ഞങ്ങള് കരുതുന്ന പോലെ
കാത്ത് വെക്കാൻ പറ്റിയ മൊതലല്ല സാറെ ഈ മരങ്ങളെന്നു പറഞ്ഞാ. ദേഹപുഷ്ടിയും പ്രായവും തെകഞ്ഞ പെങ്കുട്ടികളെ പിടിച്ചു വീട്ടിലമർത്തി െവച്ചാ എന്താ ഉണ്ടാകും സാറെ? കഴിവുള്ളോരു ചാടിച്ചോണ്ട് പോകും. ഒരുതരത്തി മരങ്ങളും അതുപോലൊക്കെ തന്നെ.
ഞാനല്ലെങ്കി വേറൊരു കച്ചോടക്കാരൻ, അത്രയല്ലേള്ളൂ വ്യത്യാസം?
എന്തായാലും സാറിതൊക്കെ കൊടുക്കും.''
അയാൾ വായിലിട്ടു ചവച്ചിരുന്ന പുൽത്തുമ്പ് നിലത്തേക്ക് തുപ്പി.
''ഇങ്ങനെ പറയുന്നതോണ്ട് എന്നോട് ദേഷ്യം വേണ്ടാ സാറേ. നമ്മള് സത്യം പറയുന്നതാ.
എന്തായാലും നമ്മടെ കാലാവസ്ഥ കണ്ടോ. കാറ്റോ മഴയോ വെള്ളപ്പൊക്കമോ വന്നു പോടുന്തിയാ, തടീടെ കാന്തീം കാതലും പോയാ പിന്നെ ഒരുത്തനും വേണ്ടിവരാത്ത മൊതലാ ഇതൊക്കെ.''
അയാൾ താടി ചൊറിഞ്ഞുകൊണ്ട് പോകാതെ നിന്നു.
എനിക്ക് കലശലായ കോപം വന്നു. അതിലേറെ വെറുപ്പും.
വാ തുറന്നാൽ പുറത്തു വീണേക്കാവുന്ന തീ ഭയന്ന് ഞാൻ പല്ലു കടിച്ച്, അയാളോട് കടന്നുപോകാൻ കൈയാംഗ്യം കാട്ടി.
''സാറേ എന്നാ ആ ചന്ദനം കൊടുക്കുമോ? കാതല് നോക്കി നല്ല വെല തരാം.''
തിരികെ നടക്കാൻ തിരിഞ്ഞ അയാൾ അന്നേരം, രഹസ്യങ്ങൾ ഒപ്പിയെടുത്ത പോലെ നിഗൂഢവും വൃത്തികെട്ടതുമായ ഒരു നോട്ടം ഞങ്ങളിരുവർക്കും നേരെ നോക്കിച്ചോദിച്ചു.
ഞങ്ങൾ സ്തബ്ധരായിപ്പോയി.
''പോവാനല്ലേ പറഞ്ഞത്?''
ഞാനെന്റെ സകല ക്ഷമയും വിട്ട് അയാൾക്ക് നേരെ കയർത്തുകയറി.
അയാൾ പൊടുന്നനെ നടന്നു നീങ്ങി. ഗേറ്റ് ചാരുമ്പോൾ സൂചിക്കുത്തുപോലെ ഒരു നോട്ടം അയാളെന്നെ നോക്കിയതായി എനിക്ക് തോന്നി. ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ ഞാൻ മുറിവേൽപ്പിക്കപ്പെടുമെന്ന് അതെന്നോട് പറയുന്നതായി എനിക്ക് തോന്നി. ഒരറപ്പിക്കുന്ന പുഴുവിനെപ്പോലെ ആ നോട്ടത്തിന്റെ അനുഭവം എനിക്കുള്ളിലൂടെ പിന്നെയങ്ങോട്ട് ഇഴഞ്ഞു നടക്കാൻ തുടങ്ങി.
അയാൾ തെളിച്ച വഴിയിലൂടെ അധികമൊന്നും താമസിയാതെ പിന്നെയും മൂന്നാലു പേർ വരികയുണ്ടായി; ചന്ദന മരത്തെ തിരക്കി മാത്രം. അയാളെപ്പോലെയുള്ള മൂന്നുപേർ. ഏതാണ്ട് അതേ മട്ട് വർത്തമാനങ്ങളും ശരീരഭാഷയും ചേഷ്ടകളുമുള്ളവർ. ഒരുപക്ഷേ അയാൾ തന്നെ പറഞ്ഞു വിടുന്നവർ-
അങ്ങനെയൊരു തോന്നലിൽ ഞാൻ വരുന്നവരോടൊക്കെ ദേഷ്യം പിടിക്കാനും ഉറക്കെ കയർക്കാനും പടിയിറക്കി വിടാനുമൊക്കെ തുടങ്ങിയപ്പോൾ എന്നെ ആശ്വസിപ്പിക്കാനെന്നോണം അവൾ പറഞ്ഞു:
''അവർ അവരുടെ പണിയുടെ കൗശലങ്ങൾ കാട്ടുന്നു. അതിങ്ങനെയൊക്കെയാകാം. അതിന് - ?''
എന്റെ പരവേശങ്ങൾക്കും അസ്വാസ്ഥ്യങ്ങളും മീതെ ചെറു കാറ്റൂതി അവൾ പറഞ്ഞു: ''സാരമാക്കേണ്ട...എവിടെ മരങ്ങളുണ്ടോ അവിടൊക്കെ മരംവെട്ടുകാരുമില്ലേ? നമുക്ക് കൊടുക്കാൻ ഇഷ്ടമല്ലെന്ന് നേരെയങ് പറഞ്ഞോളുക.
എന്നാലും...നമ്മുടെ ചന്ദനത്തെ കുറിച്ച് നാലാമതൊരാൾ എങ്ങനെയാണ് അറിഞ്ഞതെന്നുമാത്രം എനിയ്ക്കും...''
അവൾ സ്വയം പറഞ്ഞു.
അങ്ങനെ പഴയ കാര്യങ്ങൾ ഓരോന്നോർത്ത് ഞങ്ങൾ നിന്നിരുന്നിടത്തെ കാനലിലേക്ക് മര്യാദ കെട്ട സൂര്യൻ വെയിൽ തുപ്പിക്കൊണ്ട് കടന്നുവന്നു. ചന്ദനമരം ചോദിച്ച്, ഒടുക്കത്തെ ആൾ വന്നുപോയ ശേഷമുള്ള അഞ്ചാം പക്കമായിരുന്നല്ലോ ഇതെന്ന് ഞാൻ പെട്ടെന്നോർത്തു.
മരങ്ങൾക്ക് വില പറഞ്ഞു വന്ന ഓരോരുത്തരെയും സൂക്ഷ്മം ഓർത്തെടുക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.
ആദ്യം വന്ന ഒരുത്തന്റെ മുഖമല്ലാതെ മറ്റൊന്നും അപ്പോൾ എനിക്കോർമ വന്നില്ല.
അതയാളുടെ മാത്രം മുഖമായിരുന്നില്ലെന്നും പലരും ചേർന്ന ഒരു സാങ്കൽപ്പികരൂപമായിരുന്നെന്നും അന്നേരം ഞാൻ തിരിച്ചറിഞ്ഞു.
രാത്രിയിലെ മഴയൊച്ചകൾക്കിടയിൽ അതിരിനകത്ത് പതുങ്ങിക്കയറി, ഇത്തിരിപ്പോന്ന ആ ചന്ദനമരം അറക്കവാളിന്റെ മൂർച്ചയാൽ വേരറ്റംവരെ ഉലച്ചു പറിച്ചുപോയത്, ഒരാളുമറിയാതെ അത്ര വിദഗ്ധമായി വേരോടെ കടത്തിക്കൊണ്ടുപോയത് ആ വന്നവരിൽ ആരായിരുന്നിരിക്കാം...
ഒരുവേള അവരെല്ലാവരും തന്നെ കനകൻ ഏർപ്പാടാക്കിയവർ, അല്ലെങ്കിൽ അയാൾ തന്നെയുമായിരുന്നിരിക്കാമെന്ന വിഷംമുറ്റിയൊരു തോന്നൽപോലും എനിക്കുള്ളിലപ്പോളുണ്ടായി.
നിലവിളിക്കാനാവാതെ, ഭയന്നു മറിഞ്ഞു വീഴുന്ന ഞങ്ങളുടെ കുഞ്ഞു ചന്ദനമരത്തെക്കുറിച്ചോർത്തപ്പോൾ എന്റെയുള്ളിൽ സങ്കടവും തോൽവിയും അരക്ഷിതത്വവും ഒന്നുമില്ലായ്മയും എല്ലാം കൂടി കരി നിഴൽ കൂട്ടി.
വേർക്കുഴിയിലേക്ക് വ്യസനത്തോടെ നോക്കിനിൽക്കുകയായിരുന്ന അവളുടെ ''നമുക്കൊരു പരാതി കൊടുത്താലോ?'' എന്ന നനഞ്ഞ ചോദ്യത്തിന്
''ഒരു കുഞ്ഞു മരം ഭൂമിയിലുണ്ടായിരുന്നതിനും പിഴുതു പോയതിനും എന്ത് തെളിവുകൾ, സാക്ഷികൾ, സാഹചര്യത്തെളിവുകൾ, നൂറായിരം കൊടും കുറ്റകൃത്യങ്ങളുടെ ഈ ലോകത്ത്''എന്നു ഞാൻ മറുചോദ്യം ചോദിച്ചില്ല.
''പച്ചിലക്കാടിനകത്തെ സൂക്ഷ്മ രഹസ്യങ്ങൾപോലും പരസ്പരം കൈമാറുന്ന മരങ്ങൾ, സംരക്ഷിച്ചുകൊള്ളുമെന്ന് അവരൊക്കെയും ഇനി നമ്മളെ വിശ്വസിക്കുമോ'' എന്ന എന്റെ ഇടർച്ച പറ്റിയ വിഡ്ഢിച്ചോദ്യത്തിന് അവളുമൊരു മറുപടിയും തരികയുണ്ടായില്ല.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.