അനാമിക അനു ഹിന്ദിയിലെ ശ്രദ്ധേയയായ യുവ കവി. ബിഹാറിലെ മുസഫർപുർ സ്വദേശിയായ അനാമിക അനു ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. കേരളീയ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ആദ്യ സമാഹാരത്തിന്റെ ശീർഷകം ‘ഇഞ്ചിക്കറി’ എന്നാണ്. 2020ലെ കവിതക്കുള്ള ഭരത് ഭൂഷൺ അവാർഡ്; 2022ലെ Raza fellowship തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.1. മോൻപ പെൺകുട്ടി അവൾ മനസ്സിൽ കാണുന്നത് ഞാൻ നോക്കിയിരുന്നു അരുണാചലിലെ വെള്ളത്തിൽ അപ്പോൾ കേരളം മുങ്ങിക്കൊണ്ടിരുന്നു. മനോഹരമായ...
അനാമിക അനു
ഹിന്ദിയിലെ ശ്രദ്ധേയയായ യുവ കവി. ബിഹാറിലെ മുസഫർപുർ സ്വദേശിയായ അനാമിക അനു ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. കേരളീയ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ആദ്യ സമാഹാരത്തിന്റെ ശീർഷകം ‘ഇഞ്ചിക്കറി’ എന്നാണ്. 2020ലെ കവിതക്കുള്ള ഭരത് ഭൂഷൺ അവാർഡ്; 2022ലെ Raza fellowship തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
1. മോൻപ പെൺകുട്ടി
അവൾ
മനസ്സിൽ കാണുന്നത്
ഞാൻ നോക്കിയിരുന്നു
അരുണാചലിലെ
വെള്ളത്തിൽ
അപ്പോൾ കേരളം മുങ്ങിക്കൊണ്ടിരുന്നു.
മനോഹരമായ ‘ഥാഗ്ക’ ചിത്രങ്ങൾ വരച്ചിരുന്നവൾ,
പൂ പോലത്തെ കൺകളുള്ളവൾ
ആ മോൻപ പെൺകുട്ടി
ഒരിക്കൽ അവൾ
എനിക്ക്
‘ധൂക്പാ’ ന്യൂഡിൽസും
ഉണ്ടാക്കിത്തന്നു
എന്റെ മനസ്സ്
ഇപ്പൊഴും
അതിൽ, ന്യൂഡിൽസിൽ
ഒട്ടിപ്പിടിച്ചിരിക്കുന്നു.
‘പഹക്’ ചട്ട്ണി പോലെ
എരിവുള്ള
ചില വാക്കുകളും
അവൾ
പറയാറുണ്ട്
സോയാബീൻ പയറിന്റെ പോലെ
അവളുടെ
മനസ്സ്
വളരെ വലുതായിരുന്നു.
പൊള്ളയായ
ഒരു വാക്കും
വരില്ല.
സംസാരിക്കുമ്പോൾ
ഹൃദയം നിറഞ്ഞ്
ഒഴുകും,
അപ്പോൾ
ഒരു യാക്ക്
മൂന്ന് പോർക്കു കുട്ടികൾ
രണ്ടു ചെമ്മരിയാടുകൾ
ഒക്കെ
എന്റെ നേർക്കു നോക്കിക്കൊണ്ട് നിൽക്കും
അവളുടെ അമ്മ
ഒന്നും അറിയാത്തപോലെ
നടിച്ച്
മധ്യസ്ഥയായി
കാർപറ്റിന്റെ തുന്നലുകളിൽ
കിന്നരികളിൽ
മുഴുകിയിരിയ്ക്കും
ഞങ്ങളുടെ
പ്രണയത്തിന്
സമ്മതം തരികയാവാം
ആൾക്കാർ
വെറുതെ പറയുന്നതാണ്
മോൻപകൾ കച്ചവടത്തിൽ മാത്രമാണ് മധ്യസ്ഥരെന്ന്
എനിക്കു മനസ്സിലായി
പ്രണയത്തിലും
അവർക്ക് വലിയ മനസ്സുണ്ടെന്ന്
അരുണാചൽ പ്രദേശിലെ ലോസാർ ആഘോഷത്തിൽ നിന്നുള്ള ദൃശ്യം
പിന്നെ
മനോഹരമായ
മുളയുടെ വളയംകൊണ്ട്
അലങ്കരിച്ച
അവളുടെ കൈകൾ
തെളിഞ്ഞ ചുവപ്പു നിറമാർന്ന
‘എംദി’ വസ്ത്രം
എന്നെ കെട്ടിച്ചു
അപ്പോൾ
മഴ പൊടിയുന്നുണ്ടായിരുന്നു.
പിന്നെ പനിയും വന്നു.
മുളകൊണ്ടു
കൊത്തിയെടുത്ത
ഒരു ജിംക്കിക്കമ്മൽ
ഇപ്പോൾ എന്റെ കയ്യിൽ
അവളുടെ ഓർമയായി
പുസ്തകങ്ങൾക്കിടെ
സമ്മാനമായി.
ഫെബ്രുവരിയിലെ
മൂന്നാമത്തെ ആഴ്ച
‘ലോസാറി’ന്റെയന്ന്
‘ലോസാർ’ എന്നാൽ പുതുവർഷം
സന്തോഷത്തിന്റെ
ആഹ്ലാദത്തിന്റെ വേളകൾ,
ഭംഗിയാർന്ന
ഉടുപ്പുകളിട്ട്
മോൻപ പെൺകുട്ടികൾ
ജലം നിറയ്ക്കാൻ പോയി
എട്ടു ശുഭചിഹ്നങ്ങൾ
ചാർത്തിയ ആ ചുമരുകൾ
സംസാരിച്ചുകൊണ്ടിരുന്നു,
ചൂടുള്ള ഛാംഗ്,
വറത്തു പൊടിച്ച ഓട്സിന്റെ
മണം,
വീട്ടുമുറ്റങ്ങളിൽ
കിണറുകൾക്കു ചുറ്റും
കൊച്ചു ജലശേഖരങ്ങളിൽ
എല്ലാം
നിറദീപങ്ങൾ
ചന്ദനത്തിരികൾ.
അലങ്കരിച്ച
കുടങ്ങളുടെ കഴുത്തിൽ
പവിത്രനൂലുകൾകൊണ്ട് കെട്ടി
അവരെല്ലാം തവാംഗ്
മഠത്തിലേക്കു യാത്രയായി
അവൾ തിരിച്ചെത്തും മുമ്പേ
എന്റെ എല്ലാ ഓർമകളേയും
ഞാൻ അടുക്കിെവച്ചു,
പിന്നെ
കേരളത്തിലെ,
മഞ്ചാടിക്കുരുകൊണ്ട്
നിറഞ്ഞ
റോഡുകളിൽ.
ചുവന്നുമിന്നുന്ന ഓരോ മഞ്ചാടിയും
ഹൃദയത്തിന്റെ ആകൃതിയിൽ
കൊത്തിയെടുത്തത്.
ആറു മാസത്തിനു ശേഷം
ഇവിടെ ഇടുക്കി
വെള്ളത്തിൽ മുങ്ങി
പ്പോയി.
ആ മോൻപ പെൺകുട്ടിയുടെ
സ്നേഹം അകളങ്കമായിരുന്നു
അവളുടെ കണ്ണീർ ഒഴിയാത്തതായിരുന്നു.
2. മായി ലായി ഗ്രാമത്തിലെ പെൺകുട്ടികളുടെ കുഴിമാടം (1968)
മായി ലായിയിൽ
കൊല്ലപ്പെട്ട പെൺകുട്ടികളിൽ
ചിലർ
സിംഹത്തിന്റെ
പെയിന്റിങ്ങായി
ചിലരൊക്കെ
പൂക്കുടന്നകളായി മാറി
മറ്റു ചിലർ
ചുവപ്പുനിറമാർന്ന
പ്രാചീന ഇഷ്ടികകളായി
മേൽക്കൂരയിൽ
ചുമരിൽ
ചിലർ
ഇപ്പോഴും
കറങ്ങിനടക്കുന്നു,
വട്ടത്തിലുള്ള
ചെറുവഞ്ചികളിൽ,
ചിലപ്പോൾ
അവർ
മാനം നോക്കിനിൽക്കും
ഉയരത്തിലെ
തെങ്ങുകളെ നോക്കിനിൽക്കും
ഐക്യരാഷ്ട്രസഭയുടെ
സമ്മേളനത്തിന്നിടെ
ഒരു ഇറാഖിപ്പെൺകുട്ടി
പൊട്ടിക്കരയുന്നുണ്ടായിരുന്നു
അവളുടെ
കരച്ചിൽ,
പ്രായത്തേക്കാൾ
വലിയ മുറിവുകളുള്ള,
ഉറങ്ങിക്കിടന്നിരുന്ന,
മായി ലായി പെൺകുട്ടികളുടെ
ആത്മാവിനെ ചെന്നു
തൊട്ടുണർത്തി
യസീദി അഭയാർഥി ക്യാമ്പിൽ നിന്നുള്ള ഒരു പെയിന്റിങ് ചിത്രം Credit: Lighthouse Relief/twitter
ആ യസീദിപ്പെൺകുട്ടി
കരഞ്ഞുകൊണ്ടു പറഞ്ഞു
ഈ യുദ്ധത്തിൽ
കൊല്ലപ്പെടുന്ന
ഒടുക്കത്തെയാളാവ
ണമെനിക്ക്,
ഇനിയൊരു പെൺകുട്ടിക്കും
ഇങ്ങനെ വരരുത്
എല്ലാ ശവക്കല്ലറകളും
ആമേൻകൊണ്ടു മുഖരിതമാവട്ടെ.
3. അടച്ച സ്കൂൾ ഗേറ്റ്, ഞാൻ, കുഞ്ഞിപ്പൂച്ച
എനിക്ക് നിന്നെ
കൊണ്ടുപോവാനൊന്നും
പറ്റില്ല
എന്റെ വീട്ടിൽ
എല്ലാ ദിവസവും മീൻ ഇല്ല
ഭക്ഷണംപോലും
ബുദ്ധിമുട്ടാണ്
ദിവസവും പാലു വാങ്ങുന്നില്ല
പിന്നെ ഞാൻ
നിനക്കെന്തു തരും
ഒരു കൊല്ലത്തി-
ലധികമായി
പപ്പ തിരിച്ചുവന്നിട്ടില്ല
അമ്മക്ക് ഈ മാസംതൊട്ട്
ജോലി പോയി,
സ്കൂളും അടച്ചു
ഉച്ചയൂണും.
ഈ സ്കൂൾ ഗേറ്റിൽ
നമ്മൾ എത്രനേരമിരിക്കും
നീ ഏതെങ്കിലും
വാതിൽക്കൽ
ചെന്നാൽ
എന്തെങ്കിലും തരും
അല്ലെങ്കിൽ
പാടത്ത് എലിയോ മറ്റോ
മൂലിക്കിഴങ്ങിന്റെ
പാടത്ത്
ഒരു കഷ്ണം
പെറുക്കിയെടുക്കാൻ
നോക്കിയാൽ മതി
ഞാൻ കള്ളിയായി
ഞാൻ മ്യാവൂ പറഞ്ഞാൽ
ഭ്രാന്തിയായി
പിന്നെ അവർ കല്ലെടുത്തെറിയും
ഇവിടെ എന്റെയൊപ്പം
ഉച്ചഭക്ഷണത്തെ
കാത്തിരിക്കേണ്ട
നിനക്ക്
എന്നേക്കാൾ
എത്രയോ സാധ്യതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.