ദൂരെയേതോ മലമേലെ നിന്നും,റൂഹാൻ കിളിയുടെ കൂവൽ പൊങ്ങി. പേടിച്ചു റൂഹ്,(2) ഉടൽപ്പുതപ്പിൻ കീഴിൽപ്പതുക്കെ നുഴഞ്ഞു കേറി. തൊട്ടുപിന്നാലെ നിലം കുലുക്കി, തെക്കേയതിരിലായ് തേങ്ങ വീണു. തട്ടിത്തെറിച്ച; തലക്കുകല്ലിൽ, എത്തീയുരുണ്ടു കിണറ്റുവക്കിൽ... ഒച്ചയില്ലാതൽപ്പമാത്ര; പിന്നെ ഉച്ചത്തിൽ വീണ്ടും വിളിച്ചു പക്ഷി, തൊട്ടൂ മലക്കെ(3)ന്ന പോലിരുട്ടിൻ മക്കന(4)യിട്ട മരം കുലുങ്ങി. നിർത്താതെ മോങ്ങുന്ന നായയായി, ഒച്ചയുണ്ടാക്കുന്ന പങ്കയായി, ഒറ്റക്കുതിപ്പിൽ ഒടിമറിഞ്ഞു ദുസ്സഹമാം ഭയം...
ദൂരെയേതോ മലമേലെ നിന്നും,
റൂഹാൻ കിളിയുടെ കൂവൽ പൊങ്ങി.
പേടിച്ചു റൂഹ്,(2) ഉടൽപ്പുതപ്പിൻ
കീഴിൽപ്പതുക്കെ നുഴഞ്ഞു കേറി.
തൊട്ടുപിന്നാലെ നിലം കുലുക്കി,
തെക്കേയതിരിലായ് തേങ്ങ വീണു.
തട്ടിത്തെറിച്ച; തലക്കുകല്ലിൽ,
എത്തീയുരുണ്ടു കിണറ്റുവക്കിൽ...
ഒച്ചയില്ലാതൽപ്പമാത്ര; പിന്നെ
ഉച്ചത്തിൽ വീണ്ടും വിളിച്ചു പക്ഷി,
തൊട്ടൂ മലക്കെ(3)ന്ന പോലിരുട്ടിൻ
മക്കന(4)യിട്ട മരം കുലുങ്ങി.
നിർത്താതെ മോങ്ങുന്ന നായയായി,
ഒച്ചയുണ്ടാക്കുന്ന പങ്കയായി,
ഒറ്റക്കുതിപ്പിൽ ഒടിമറിഞ്ഞു
ദുസ്സഹമാം ഭയം മാറി മാറി.
ഉള്ളിൽപ്പടർന്നു തീമൊട്ടിളക്കി
പള്ളിപ്പറമ്പിലെക്കാട്ടുതെച്ചി,
തുള്ളുന്നതാ ചോരനാവു നീട്ടീ
തിണ്ണയ്ക്കരികിലെ ചെമ്പരത്തി...
മെല്ലെ മീസാൻകല്ലു(5) തൊട്ടുരുമ്മും
കുഞ്ഞുമൈലാഞ്ചിച്ചെടിയനങ്ങി,
കല്ലിച്ചു ചോരയതിൻ ഞരമ്പിൽ
മയ്യിത്തു പോൽ മരവിച്ചു പോയി.
ദുസ്സൂചനപ്പക്ഷി രൂക്ഷനാദം
നിർത്താതെ ചുറ്റും വലത്തുവെക്കെ,
വറ്റിവരണ്ട നാവാർത്തനാദം
ശബ്ദപ്പെടുത്താനശക്തമായി.
ഇത്തിരിക്കാത്തിരിക്കാനൊടുക്കം
ഞെട്ടുമുടലിനോടായ് മൊഴിഞ്ഞൂ,
ഒറ്റയ്ക്കിറങ്ങി നടന്നു റൂഹ്
പക്ഷിയെപ്പായിക്കുവാനിരുട്ടിൽ...
ഇപ്പോഴവർ തമ്മിൽ നേർക്കുനേരെ
നിൽക്കയാമോ ഭൂമി തൻ വിളുമ്പിൽ?
കുത്തിച്ചുടാൻ പക്ഷിയൊച്ചയില്ലാ
ഒറ്റയ്ക്കു പോയൊരാൾ വന്നുമില്ലാ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.