ഇത്തിരിപ്പോന്ന മൈതാനത്തിൽ

കാറ്റൂർന്ന് ഞണുങ്ങിയ മോന്തയുമായ് കെറുവിച്ചിരിക്കും പന്തിൽ പ്രാണൻ പകർന്നു തുടുപ്പിക്കാൻ ഒരുപറ്റം കുഞ്ഞുങ്ങൾ പോകുന്നു അവരുടെ തോളിൽ കൈചുറ്റി, ആരവം നെല്ലിക്കനുണഞ്ഞൊപ്പം കൂടുന്നു... നേർത്ത,ടങ്ങിയ ഘോഷത്തിന്‍റെയവസാനയലയ്ക്കു പിന്നിൽ ഒരു മുടന്തൻകുട്ടി പറ്റത്തെ എത്തിപ്പിടിക്കാൻ പൊരുതുന്നു. കാൽപ്പന്തുകളിയെന്‍റെ ജീവിതക്കൊതി- യവനിൽ കിതയ്ക്കുന്നു. നെല്ലിക്കയെ പന്തിനെ ഭൂഗോളത്തെ കൈപ്പിടിയിൽ പാട്ടുമൂളുമ്പോലെ ലാളിക്കാൻ ആശിക്കുന്നു. മുതുകിൽ പന്തിരുന്നാലവൻ -ഹെർക്കുലീസ്. ഋതുക്കളെ ക്രമീകരിക്കും ശക്തൻ. മനതാരിലുണർന്നിരിക്കും പോരാളി. കുതിപ്പിന്‍റെ...

കാറ്റൂർന്ന്

ഞണുങ്ങിയ മോന്തയുമായ്

കെറുവിച്ചിരിക്കും പന്തിൽ

പ്രാണൻ പകർന്നു തുടുപ്പിക്കാൻ

ഒരുപറ്റം കുഞ്ഞുങ്ങൾ പോകുന്നു

അവരുടെ തോളിൽ കൈചുറ്റി,

ആരവം നെല്ലിക്കനുണഞ്ഞൊപ്പം

കൂടുന്നു...

നേർത്ത,ടങ്ങിയ

ഘോഷത്തിന്‍റെയവസാനയലയ്ക്കു പിന്നിൽ

ഒരു മുടന്തൻകുട്ടി

പറ്റത്തെ എത്തിപ്പിടിക്കാൻ പൊരുതുന്നു.

കാൽപ്പന്തുകളിയെന്‍റെ ജീവിതക്കൊതി-

യവനിൽ കിതയ്ക്കുന്നു.

നെല്ലിക്കയെ

പന്തിനെ

ഭൂഗോളത്തെ

കൈപ്പിടിയിൽ പാട്ടുമൂളുമ്പോലെ

ലാളിക്കാൻ ആശിക്കുന്നു.

മുതുകിൽ

പന്തിരുന്നാലവൻ

-ഹെർക്കുലീസ്.

ഋതുക്കളെ ക്രമീകരിക്കും ശക്തൻ.

മനതാരിലുണർന്നിരിക്കും

പോരാളി.

കുതിപ്പിന്‍റെ ഊക്ക്

ഉള്ളിലടക്കി

അവനിരുന്നു;

കളത്തിലെ ചടുലതയെ

പിടിച്ചെടുത്ത്,

ഡ്രിബിളുചെയ്യുമവന്‍റെ ഭാവന

കളിക്കളത്തിനു പുറത്തിരിക്കും

മുടന്തന്‍റെ ഏകാന്തതയെ ഭംഗിപ്പെടുത്തുന്നു.

ഗാലറിക്കൂട്ടം തള്ളിക്കളഞ്ഞ

ഒരുടലും പേറി

പെരുംകളികളുടെ

കൊടുംമൈതാനത്തിൽ

എത്തിച്ചേരാത്ത ഊഴംകാത്ത്;

ഒറ്റക്ക്​

മുടന്തൻ.

ഘോഷത്തിന്‍റെയവസാനയലയെ

എത്തിപ്പിടിക്കാൻ,

പറ്റത്തിൽ ചേരാൻ

പൊരുതുന്നു,

മുടന്തിൻകെട്ടഴിച്ച് ഓടാൻ കുതറുന്നു,

ഒറ്റക്കിരിക്കും മുടന്തൻ.

ചലനത്തിന്‍റെ മനോഹരതയെപ്പറ്റി/

കൂട്ടംതെറ്റലിനെപ്പറ്റി

ആരുപറയും അവനേക്കാൾ മിഴിവോടെ!

Tags:    
News Summary - madhyamam weekly -malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.