ഇരുപത്തിമൂന്നാം സെല്ല്

വൃക്ഷങ്ങൾക്കിടയിലൂടെ

നടക്കാനിറങ്ങിയ ദൈവം

എനിക്ക് ചേർച്ചയില്ലാത്ത

നാലു മുറിവുകൾ

സൗജന്യമായി തന്നു.

കണ്ണ്

മൂക്ക്

വായ

കാത്, എന്നിങ്ങനെ

ഞാനതിന് പേരിട്ടു.

കരുണാമയനായ

ദൈവത്തോട്

ഞാനിപ്രകാരം അരുളി.

നാലു ബിംബങ്ങൾ

നാല് സമർപ്പണങ്ങളാണെന്ന്.

കണ്ണുകൾ

നിയമപാലകർക്കുള്ളതാണ്

നീതിയില്ലായ്മയുടെ

വാദപ്രതിവാദങ്ങൾക്കിടയിൽനിന്നും

വെളിച്ചം വേർതിരിച്ചെടുക്കാൻ.

മൂക്ക്

പെൺമക്കൾക്കുള്ളതാണ്

സ്വകാര്യ നഗ്നതകളെ

വരിഞ്ഞു മുറുക്കാനെത്തുന്ന

കിങ്കരന്മാരുടെ ഗന്ധം

മണത്തറിയാൻ.

നാവ്

ദലിതർക്കുള്ളതാണ്

പടിക്ക് പുറത്ത്

കാത്തു നിൽക്കുന്നവരുടെ

വേദനയെ ജൂഠരേയെന്ന്

വിളിച്ചാക്ഷേപിക്കുമ്പോൾ

സമരപ്പന്തലിൽനിന്നും

പ്രതിഷേധിക്കുവാൻ.

കാത്

വിശന്നൊടുങ്ങുന്നവർക്കുള്ളതാണ്

വയറ്റത്തടിച്ചേങ്ങുമ്പോൾ

നീയേതു വഴിയാണ്

ദൈവമേ കഞ്ഞിക്കലവുമായി

അതിക്രമിച്ചു

വരുന്നതെന്നറിയാൻ.

പൊടുന്നനെ

നാലു മുറിവുകളിലും

ദൈവം എരിവിറ്റിച്ചു.

എന്നിട്ടും

ന്യായീകരണമില്ലാത്ത

ദൈവത്തോടു

ഞാൻ ചോദിച്ചു

ഭൂമിയിൽനിന്നും

മതമെന്ന ചില്ലക്ഷരം

തൂത്തുവാരാമോയെന്ന്

കേട്ടപാടെ

ദൈവം സൗജന്യമായി തന്ന

മുറിവുകൾ പിൻവലിച്ചു.

ദൈവത്തിന്റെ

മതത്തിൽപെട്ട ഒരാൾ

എന്നെ

ഭ്രാന്താലയത്തിലകപ്പെടുത്തി.

ഞാനിപ്പോൾ

ഇരുപത്തിമൂന്നാം സെല്ലിലിരുന്ന്

ഉണങ്ങാത്ത മുറിവുകൾ

തൊട്ടുഴിഞ്ഞ്

തൊള്ള കീറി പറയുകയാണ്,

ദൈവമേ

ഇനിയാരും എന്നെ

പ്രസവിക്കാതിരിക്കട്ടെ.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.