വിൻസെന്റ് വാൻഗോഗിന്റെ ‘നക്ഷത്രാങ്കിതമായ രാത്രി’യെ ഓർമിപ്പിക്കുന്ന ഒരു രാത്രിയായിരുന്നു അത്. മോസ്കോ നഗരം ശീതകാല രാത്രികളിലാണ് കാണേണ്ടതെന്ന് ഞാൻ പറഞ്ഞാൽ അധികമാരും എന്നോട് യോജിക്കണമെന്നില്ല. കാരണം സൂര്യനെയും പകലിനെയും വേനലിനെയും എല്ലാം സ്നേഹിക്കുന്ന ധാരാളം സഞ്ചാരികളുണ്ട് നമ്മുടെ ഈ ലോകത്ത്. അവർക്ക് ഇഷ്ടം സൂര്യൻ കത്തിനിൽക്കുന്ന സമയത്ത് മോസ്കോ നഗരത്തിലൂടെ ഇറങ്ങിനടന്ന് കാഴ്ചകൾ കാണാനാണ്. അവർ ശീതകാലത്തെ വെറുക്കുന്നു. എന്നാൽ, ഞാൻ ആ...
വിൻസെന്റ് വാൻഗോഗിന്റെ ‘നക്ഷത്രാങ്കിതമായ രാത്രി’യെ ഓർമിപ്പിക്കുന്ന ഒരു രാത്രിയായിരുന്നു അത്. മോസ്കോ നഗരം ശീതകാല രാത്രികളിലാണ് കാണേണ്ടതെന്ന് ഞാൻ പറഞ്ഞാൽ അധികമാരും എന്നോട് യോജിക്കണമെന്നില്ല. കാരണം സൂര്യനെയും പകലിനെയും വേനലിനെയും എല്ലാം സ്നേഹിക്കുന്ന ധാരാളം സഞ്ചാരികളുണ്ട് നമ്മുടെ ഈ ലോകത്ത്.
അവർക്ക് ഇഷ്ടം സൂര്യൻ കത്തിനിൽക്കുന്ന സമയത്ത് മോസ്കോ നഗരത്തിലൂടെ ഇറങ്ങിനടന്ന് കാഴ്ചകൾ കാണാനാണ്. അവർ ശീതകാലത്തെ വെറുക്കുന്നു. എന്നാൽ, ഞാൻ ആ കൂട്ടത്തിൽപെടുന്ന ആളല്ല. ഞാൻ ശീതകാലത്തെ സ്നേഹിക്കുന്നു, തണുപ്പിനെ സ്നേഹിക്കുന്നു. രാത്രിയെ, രാത്രികാലങ്ങളെ സ്നേഹിക്കുന്നു. പതിവുപോലെ, ആ രാത്രിയിലും ഞാൻ വളരെ സംതൃപ്തൻ ആയിരുന്നു.
സെന്റ് ബാസിൽസ് കത്തീഡ്രലും അതുകഴിഞ്ഞ് മോസ്കോ നദിയിലൂടെയുള്ള ബോട്ടുയാത്രക്കും ശേഷം, ബാബുഷ്കിൻസ്കായയിലുള്ള എന്റെ താമസസ്ഥലത്തേക്ക് അണ്ടർഗ്രൗണ്ട് മെട്രോയിലൂടെ പോകുന്ന സമയത്താണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഒരു റഷ്യൻ സുന്ദരി. അവൾ ഇരുപതുകളിലുള്ള ഒരുവളല്ല; അവൾക്ക് മുപ്പതിനു മുകളിൽ പ്രായമുണ്ട്.
മുടി നന്നായി മുറുക്കി പിറകിലോട്ട് കെട്ടിവെച്ചിരിക്കുന്നു. മഞ്ഞിൽനിന്നു രക്ഷനേടാൻ അവൾ ആവശ്യത്തിലധികം വസ്ത്രങ്ങളും ജാക്കറ്റും ധരിച്ചിരുന്നു. ബ്ലോണ്ട് നിറമുള്ള മുടിയും പാൽപ്പാടയുടെ നിറമുള്ള ജാക്കറ്റും ഇറുകിയ കറുത്ത ജീൻസും ഒക്കെയായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. അവളെ ഞാൻ നോക്കുന്നതറിഞ്ഞ് അവൾ ഒന്നു രണ്ടുവട്ടം എന്നെ തിരിച്ചുനോക്കുകയും ചെയ്തിരുന്നു. അവൾ മറ്റുള്ളവരെ പോലെ ഫോണിൽ അല്ല, ചിന്തയിലാണ്. അവൾക്ക് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.
സമയം നോക്കാൻ വേണ്ടി അവൾ ഫോൺ തുറന്നപ്പോളാണ് ഞാൻ അവളുടെ കുട്ടികളെ കാണുന്നത്. പത്തിൽ താഴേ പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ. രണ്ട് കുട്ടികൾക്കും അവളെപ്പോലെത്തന്നെ ബ്ലോണ്ട് മുടി. ഈ കുട്ടികൾ ആയിരുന്നു അവളുടെ വാൾപേപ്പർ. ഈ പടം കണ്ട സമയത്താണ് അവളുടെ കൈയിലെ നെയിൽപോളിഷ് എന്റെ കണ്ണിൽപെടുന്നത്.
നല്ല ചുവന്ന നിറമുള്ള നെയിൽപോളിഷ്. അതോടെ ഞാൻ അവളുടെ നീളൻ വിരലുകളിലേക്ക് നോക്കുന്നത് അവൾ കാണുകയുംചെയ്തു. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത് എപ്പോഴുമുണ്ട്. ‘അൺഫെയ്ത്ത്ഫുൾ’ സിനിമയിലെ ഡയാൻ ലെയ്നിനെ ഓർമിപ്പിക്കുന്ന രൂപമായിരുന്നു അവൾക്ക്. നല്ല ഉയരമുണ്ടെന്ന വ്യത്യാസം മാത്രം. ഏതോ വലിയ സ്ഥാനത്ത് ഇരിക്കുന്ന ഒരു സ്ത്രീയായാണ് എനിക്ക് അവളെ തോന്നിയത്. അവൾ മെട്രോയിൽ എനിക്കുനേരെ ഇരിക്കുന്നതുകൊണ്ട് അവളെ നോക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
അവസാനമായി ഞാൻ നോക്കിയത് അവളുടെ മുടിയിലേക്കാണ്. അവൾ ഷവറിൽനിന്നു പുറത്തുവന്നിട്ട് അധികനേരമായിക്കാണില്ല. കാരണം അവളുടെ മുടികൾ നന്നായി ഈറനണിഞ്ഞിരുന്നു. പിന്നെ ഞാൻ അവളെ അധികം നോക്കിയില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം, പെട്ടെന്നാണ് അവളുടെ പിന്നിലുള്ള വിൻഡോ ഗ്ലാസിൽ വോൾഗയുടെ മുഖം ഞാൻ പ്രതിഫലിച്ചു കണ്ടത്.
അതോടെ ഞാൻ എന്റെ കാഴ്ചകൾ അവസാനിപ്പിച്ചു. കാരണം, വോൾഗ എന്റെ കാമുകിയാണ്. അവളെ കാണാൻ വേണ്ടിയാണ് ലീവിൽ അബൂദബിയിൽനിന്നു ഞാൻ മോസ്കോയിലേക്ക് വന്നത്. വോൾഗയുടെ അപ്പാർട്മെന്റിലാണ് ഞാൻ താമസിക്കുന്നത്. അവൾ എന്നെ പുറത്താക്കിയാൽ എനിക്ക് ഈ തണുപ്പുകാലത്ത് മോസ്കോയിൽ താമസിക്കാൻ വേറെ സ്ഥലമൊന്നുമില്ല.
ഈ മഞ്ഞിൽ ഞാൻ പുറത്തുകിടക്കേണ്ടിവരും. ഹോട്ടലിൽ മുറി എടുക്കാൻ കൈയിൽ റൂബിളില്ല. ഉണ്ടായിരുന്ന പണമെല്ലാം വിമാനടിക്കറ്റിന് കൊടുത്തുതീർന്നിരുന്നു. അതുകൊണ്ട് എന്റെ നിലനിൽപിനുവേണ്ടി ഞാൻ ആ റഷ്യൻ സുന്ദരിയെ നോക്കുന്ന പ്രവൃത്തിയിൽനിന്ന് പിന്തിരിഞ്ഞു. തുടർന്ന് എന്റെ ചിന്തകളത്രയും പോയത് ഞാൻ ആ റഷ്യൻ സുന്ദരിയെ നോക്കുന്നത് വോൾഗ കണ്ടോ എന്നതിലേക്കായിരുന്നു. ഇത് ആലോചിച്ച ഞാൻ കുറച്ചൊന്നുമല്ല ഭയന്നത്.
അവൾ കണ്ടിരുന്നെങ്കിൽ ഇനിയുള്ള ദിവസങ്ങൾ ഭക്ഷണവും വെള്ളവും ഇല്ലാതെ മോസ്കോ തെരുവുകളിലെ മഞ്ഞിൽ ഞാൻ കിടക്കേണ്ടിവന്നേനെ. ആ ഭീകരക്കാഴ്ച മനസ്സിൽനിന്ന് വിട്ടുപോകാൻ കുറച്ചു സമയം എടുത്തു. കാരണം ഒട്ടും ദയ ഇല്ലാത്തവളായിരുന്നു എന്റെ വോൾഗ. പക്ഷേ, ഭാഗ്യത്തിന് അവൾ ഒന്നും കണ്ടിട്ടില്ല.
അവൾ ഞങ്ങൾ സെന്റ് ബാസിൽസ് കത്തീഡ്രലിൽനിന്ന് എടുത്ത പടങ്ങൾ നോക്കിയും എഡിറ്റ് ചെയ്തും, മോസ്കോ നദിക്കരയിലൂടെ ബോട്ടു പിടിക്കാൻ കൈകൾ കോർത്തുപിടിച്ചു ഓടിയതും (ഇതു മാസങ്ങൾക്കുശേഷം ഞങ്ങൾ വേർപിരിഞ്ഞപ്പോൾ ഉണ്ടായ ഒരു സംഭാഷണത്തിനിടയിൽ അവൾ പറഞ്ഞതാണ്) ഒക്കെ ഓർത്ത് സന്തോഷത്തിൽ ഒരു മായികലോകത്തായിരുന്നു.
അവൾ ശ്രദ്ധിച്ചില്ല എന്ന് ഉറപ്പു വന്നപ്പോൾ മാത്രമാണ് എന്റെ ശ്വാസം നേരെവീണത്. അതിനുശേഷം ഭയം കാരണം ഞാൻ ആ റഷ്യൻ സുന്ദരിയെ അധികം നോക്കിയില്ല. ഒന്നുരണ്ട് വട്ടം ഞാൻ നോക്കാത്തത് കാരണം അവൾ എന്നെ ഇങ്ങോട്ട് നോക്കിയെങ്കിലും, ഞാൻ തിരിച്ച് നോക്കിയില്ല. അധികം വൈകാതെ അവളുടെ സ്റ്റേഷൻ എത്തുകയും ഒരു ജനക്കൂട്ടത്തോടൊപ്പം ആ കൊലുന്ന റഷ്യൻ സുന്ദരി നടന്നകന്നു പോകുന്നത് ഞാൻ കാണുകയും ചെയ്തു. അതാണ് അവസാനമായി ഞാൻ അവളെ കണ്ട കാഴ്ച. ഞാൻ കണ്ട റഷ്യൻ സ്ത്രീകളിൽവെച്ച് ഏറ്റവും സൗന്ദര്യം കൂടിയവരിൽ ഒരാളായിരുന്നു അവൾ.
അതിനുശേഷം ഞാൻ ജീവിതത്തിൽ ഒരിക്കലും ആ റഷ്യക്കാരിയെ കണ്ടിട്ടില്ല. ഇനി ഒരിക്കലും കാണുമെന്ന പ്രതീക്ഷയുമില്ല. ജനക്കൂട്ടം ഒഴിഞ്ഞുപോയതോടെ പിന്നെ വളരെ കുറച്ചു പേർ മാത്രമേ ആ ചുവന്ന മെട്രോ സീറ്റുകളിൽ അവശേഷിച്ചുള്ളൂ. ഉടനെ ഞങ്ങളുടെ സ്റ്റേഷനും എത്തി. ഞങ്ങളും ഇറങ്ങി.
ബാബുഷ്കിൻസ്കായയിലെ അണ്ടർഗ്രൗണ്ട് പടികളിലെ മഞ്ഞിന് അപ്പോൾ തൂവെള്ള നിറമായിരുന്നില്ല. അവിടവിടെ ബൂട്ടുകളുടെ പാടുമായി ചേറിന്റെ നിറമായിരുന്നു. ആ പടികൾ കയറുമ്പോഴേക്കും ഞാൻ റഷ്യൻ പെണ്ണിനെ മറന്നുകഴിഞ്ഞിരുന്നു. മഞ്ഞു വളരെ ശക്തമായി വീഴാൻ തുടങ്ങിയത് കാരണം നേരെ നോക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഞങ്ങൾ ഒരു വിധം നടന്ന് വോൾഗയുടെ അപ്പാർട്മെന്റിൽ എത്തി. അവിടെ ഞങ്ങളെ കാത്ത് വോൾഗയുടെ മമ്മ ഉണ്ടാക്കിയ ചൂട് മഷ്റൂം സൂപ്പ് ഇരിക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.