ഖാസി താഴ് വരയിലെ പൈൻമരങ്ങൾ

വിരമിക്കൽ ചടങ്ങിന്റെ പിറ്റേന്നുതന്നെ ഡേവിസ് ഷില്ലോങ്ങിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഒറ്റപ്പെട്ട് വിരസമായ വീട്ടിലിരിക്കൽ ദിനങ്ങളായിരിക്കും അയാളുടെ ശിഷ്ടകാലമെന്ന് ധരിച്ചവർ ഇതറിഞ്ഞ് നെറ്റിചുളിച്ചു. ‘‘എന്റെ ജീവിതത്തിൽ കൃത്യസമയത്ത് നടന്ന ഒരേയൊരു സംഭവം’’ എന്നാണ് റിട്ടയർമെന്റിനെ ഡേവിസ് വിശേഷിപ്പിക്കുന്നത്. ഇതുവരെയും നടന്നിട്ടില്ലാത്ത വിവാഹം എന്ന സംഭവത്തെ കൂട്ടിക്കെട്ടി ആ വാചകത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ബന്ധുക്കൾ. ‘‘നല്ലസമയത്ത് പെണ്ണ് കാണാൻ പോകാൻ പറഞ്ഞാ കേക്കത്തില്ലാര്ന്നല്ലോ പിന്നെങ്ങനാ ഒക്കുന്നേ?’’, ‘‘ കിടപ്പിലാവുമ്പോൾ ശുശ്രൂഷിക്കാനെങ്കിലും ഒരു പെണ്ണ്...

വിരമിക്കൽ ചടങ്ങിന്റെ പിറ്റേന്നുതന്നെ ഡേവിസ് ഷില്ലോങ്ങിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഒറ്റപ്പെട്ട് വിരസമായ വീട്ടിലിരിക്കൽ ദിനങ്ങളായിരിക്കും അയാളുടെ ശിഷ്ടകാലമെന്ന് ധരിച്ചവർ ഇതറിഞ്ഞ് നെറ്റിചുളിച്ചു.

‘‘എന്റെ ജീവിതത്തിൽ കൃത്യസമയത്ത് നടന്ന ഒരേയൊരു സംഭവം’’ എന്നാണ് റിട്ടയർമെന്റിനെ ഡേവിസ് വിശേഷിപ്പിക്കുന്നത്. ഇതുവരെയും നടന്നിട്ടില്ലാത്ത വിവാഹം എന്ന സംഭവത്തെ കൂട്ടിക്കെട്ടി ആ വാചകത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ബന്ധുക്കൾ. ‘‘നല്ലസമയത്ത് പെണ്ണ് കാണാൻ പോകാൻ പറഞ്ഞാ കേക്കത്തില്ലാര്ന്നല്ലോ പിന്നെങ്ങനാ ഒക്കുന്നേ?’’, ‘‘ കിടപ്പിലാവുമ്പോൾ ശുശ്രൂഷിക്കാനെങ്കിലും ഒരു പെണ്ണ് കെട്ട് ഡേവിസേ’’ എന്നിങ്ങനെയുള്ള ഡയലോഗുകൾ ‘‘ആരെക്കാണാനാ ഇപ്പോ എടുപിടീന്നൊരു യാത്ര’’ എന്ന സംശയത്തിൽ എത്തിനിൽക്കുന്നു.

മേഘാലയയിൽ പടിഞ്ഞാറൻ ഖാസി കുന്നുകളുടെ ആസ്ഥാനമായ നോങ്സ്‌റ്റോയിനിലെത്തിയ ഡേവിസ് ആദ്യം അന്വേഷിച്ചത് ഫാദർ ഗ്രിഗറിയാസിനെയാണ്. ഇന്ത്യക്കകത്തും പുറത്തും ദീർഘകാലം സഞ്ചരിച്ച് ഫാദർ തിരിച്ചെത്തിയ സമയമായിരുന്നു അത്.

‘‘ഭൂതകാലത്തിലേക്ക് നടന്ന് ഞാൻ തളർന്നു ഫാദർ. കുത്തിത്തറയ്ക്കുന്ന ഒരു മുള്ളിനെപ്പോലും എടുത്ത് മാറ്റാൻ സാധിക്കാതെ നീറിനീറിയുള്ള നടത്തം ഇനി വയ്യ! എന്റെ തലയിലിപ്പോൾ ഭാവിയെന്ന മുൾക്കിരീടമില്ല കാലിൽ അധ്യാപകന്റെ ചങ്ങലയുമില്ല. എനിക്ക് ഡാരിയെ കാണണം. സംസാരിക്കണം.’’

ചാരുകസേരക്കരികിലിരുന്ന് അദ്ദേഹത്തിന്റെ കൈപ്പത്തിയിൽ അമർത്തിപ്പിടിച്ചാണ് ഡേവിസ് സംസാരിച്ചത്.

‘‘വർഷമെത്ര കഴിഞ്ഞു ഡേവിസ് ഇനിയും അതെല്ലാം വലിച്ച് പുറത്തിടണോ?’’

‘‘വർഷങ്ങൾ നീളുംതോറും എന്റെ നടത്തത്തിന്റെ നീളവും കൂടുന്നുവെന്നല്ലാതെ എന്തുമാറ്റം ഫാദർ? എനിക്കവളെ കാണണം.’’

ഡാരിയെന്ന വിദ്യാർഥിനിയെയും ഡേവിസ് എന്ന അധ്യാപക വിദ്യാർഥിയെയും അന്നത്തെ മാനേജരായിരുന്ന ഗ്രിഗറിയോസ് മറന്നിട്ടില്ല. ഡാരിയുടെ പഴയ താമസസ്ഥലം രജിസ്റ്ററിൽ തപ്പി കണ്ടെത്തി വഴികാട്ടിയായി ഒരാളെയും കൂടെ വിട്ടു ഫാദർ. വീട്ടിൽ അവളുണ്ടാവണേ എന്ന പ്രാർഥനയോടെ അയാൾക്ക് പിറകെ ഡേവിസ് നടന്നു... ഖാസി വീടുകളിൽ സ്ത്രീകൾക്കാണ് മേൽക്കോയ്മ. ആര് ചെന്നാലും വാതിൽ തുറക്കുന്നതും സ്ത്രീകളായിരിക്കും! അങ്ങനെ തുറക്കപ്പെടുന്ന വാതിലിന് പിന്നിൽ ഇപ്പോഴത്തെ ഡാരിയെ അയാൾ സങ്കൽപിച്ചു നോക്കി.

ഇടുങ്ങിയതെങ്കിലും തിളക്കമുള്ള കണ്ണുകൾക്ക് താഴെ പ്രായം അലുക്കുകൾ നെയ്തിട്ടുണ്ടാവും! തലയിൽ അങ്ങിങ്ങ് നര. തുടുത്ത കവിളുകളിൽ പിഗ്മെന്റേഷൻ നടത്തിയ ചിത്രപ്പണികൾ, പല്ലുകളിൽ ക്വായ് കറ. ഖാസിപ്പെണ്ണുങ്ങൾ അധികം വണ്ണംവയ്ക്കാറില്ല. എങ്കിലും പണ്ടത്തെ ഈർക്കിൽ പരുവത്തിൽനിന്ന് മാറിയിട്ടുണ്ടാവും. അവൾക്ക് എത്ര മക്കളുണ്ടായിരിക്കും? പേരക്കുട്ടികളും കാണാതിരിക്കില്ല. സ്വീറ്റ്സ് പാക്കറ്റ് ബാഗിൽതന്നെയില്ലേ എന്നയാൾ തപ്പിനോക്കി. നാലു കടയിൽ കയറിയിറങ്ങിയിട്ടാണ് ഡാരിയുടെ പ്രിയപ്പെട്ട ചോക്ലറ്റ് കിട്ടിയത്. പഴയ താൽപര്യങ്ങളൊക്കെ അവൾക്കിപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണ് അയാൾക്കിഷ്ടം.

ഗുവാഹതിയിൽനിന്ന് വാങ്ങുന്ന മിഠായിപ്പൊതി കൈമാറുമ്പോൾ ‘ഖുബ്ളെയ്’ എന്ന് പറയാറുണ്ടായിരുന്നു അവൾ ആദ്യമൊക്കെ. നന്ദി പറയേണ്ടെന്ന് വിലക്കിയതിൽ പിന്നെ മിഠായിയേക്കാൾ മധുരമുള്ളത് തിരിച്ച് നൽകാൻ തുടങ്ങി. ഓരോ തവണ മിഠായി കൊടുക്കാൻ പോകുമ്പോഴും വിക്ടർ കളിയാക്കും.

‘‘ഇന്നെങ്കിലും നീയാ കാടത്തിക്കൊച്ചിന് തിരിച്ചൊരുമ്മ കൊടുക്കുവോടേയ്? ചുമ്മാ വാങ്ങിച്ച് കിണിച്ചോണ്ടുപോരാൻ നാണമില്ലല്ലോ. കർത്താവേ അവൾക്കിതെന്താ എന്നോട് തോന്നാഞ്ഞേ?’’

തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല അങ്ങനെ ഒരുമോഹം വരുമ്പോഴേക്കും മത്തായി മാഷുടെ സൺഡേ ക്ലാസ്, അമ്മച്ചിയുടെ നന്മനിറഞ്ഞ മറിയമേ, പ്ലാക്കേലച്ചന്റെ ഉപദേശങ്ങൾ എല്ലാം കൂടെ ഉള്ളിലിരുന്ന് തളർത്തും. അത് പലവട്ടം ഡേവിസ് പറഞ്ഞതുമാണ്. വിവാഹത്തിന് മുമ്പുള്ളതെല്ലാം പാപമാണെന്നബോധം ഉള്ളിലുറച്ചുപോയ പയ്യന്മാരെല്ലാം ഇങ്ങനെതന്നെയായിരിക്കും എന്നാണ് അയാൾ ധരിച്ചിരുന്നത്.

‘‘എടാ ഈ ക്ലാസൊക്കെ ഞാനും കേട്ടതല്ലേ അതൊന്നും ഉള്ളിലേക്കെടുക്കരുത്. ഒരു പെണ്ണ് കെട്ടുമ്പഴേക്ക് എല്ലാമൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ ഡേവീ. പറ്റിയ ചാൻസാടാ.’’

വിക്ടറിന്റെ പ്രോത്സാഹനത്തിൽ ഹരം കയറിയാണ് ആരുമില്ലാത്ത ദിവസം ഡാരിയുടെ വീട്ടിലേക്ക് ​െവച്ചുപിടിച്ചത്. ഏതൊക്കെയോ കാടും മലയും കയറിയിറങ്ങിയാണ് അവിടെ എത്തിയതെന്നും ഒരു പുഴയുടെ തീരത്താണെന്നും ഓർമയുണ്ട്. പുഴയുടെ പേരുപോലും ഓർമയില്ല. വഴിയും! ശരീരംകൊണ്ട് ഒറ്റത്തവണയെങ്കിലും മനസ്സുകൊണ്ട് എത്രയാവർത്തിച്ചിട്ടുണ്ട് ആ നടത്തം! വഴിയെക്കുറിച്ച് ആലോചിക്കാത്ത നടത്തമാണല്ലോ ഭാവന!

2

ഡേവിസും വിക്ടറും വേറെ രണ്ടു കൂട്ടുകാരും ഒരുമിച്ചാണ് ഷില്ലോങ്ങിലെ ബി.എഡ് സെന്ററിൽ ഇംഗ്ലീഷ് അധ്യാപകരാവാൻ പോയി ചേരുന്നത്. തൊണ്ണൂറുകളിലെ യൗവനം! കേരളത്തിൽ അധികം ബി.എഡ് സെന്ററില്ലാത്തത് നന്നായെന്ന വിചാരമാണുള്ളിൽ. അവിടെയൊന്നും സീറ്റ് കിട്ടാഞ്ഞതും രണ്ടു വർഷം വെറുതെ കളഞ്ഞതും അവർക്കൊരു പ്രശ്നമായി തോന്നിയില്ല. വീട്ടിൽനിന്ന് അകന്ന് ആഘോഷിക്കലാണ് പ്രധാനം. പക്ഷേ, വിചാരിച്ചത്ര സുഖകരമായിരുന്നില്ല ഒന്നും.

ഷില്ലോങ്ങിൽനിന്ന് നോങ്സ്റ്റോയിനിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും ഭീകരം! അവിടെയായിരുന്നു അവർക്ക് ടീച്ചിങ് പ്രാക്ടീസ് നടത്താനുള്ള സെന്റ് മേരീസ് സ്കൂൾ. അസ്ഥിയിൽ തറക്കുന്ന തണുപ്പും ഫുൾ ഗ്ലാസിട്ട ബസും! വാങ്ങിയിട്ടൊരിക്കലും അലക്കിയിട്ടില്ലാത്ത ഷാൾ ധരിച്ചവർ ചുറ്റുമിരുന്ന് ക്വായ് ചവച്ചുകൊണ്ട് കലപില സംസാരിക്കും, ചുരുട്ടിയ കടലാസിൽ പുകയിലച്ചണ്ടിയിട്ട് വലിക്കും! ആ മണമടിച്ച് നാല് മണിക്കൂർ കുന്നിറങ്ങിയും കയറിയുമുള്ള യാത്ര ജീവനുള്ള കാലം മറക്കില്ല; ഛർദിക്കാതിരിക്കാൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങളും!

കോഴ്സ് കഴിഞ്ഞ നാലുപേരിൽ വിക്ടറും ഡേവിസും ഒരേ സ്കൂളിൽ അധ്യാപകരായി. ആദ്യം ജോയിൻചെയ്ത വിക്ടർ രണ്ടു വർഷത്തിനുശേഷം പുതിയ പോസ്റ്റുണ്ടെന്നറിയിക്കാൻ ഡേവിസിന്റെ വീട്ടിൽ ചെന്നതാണ്. സുഹൃത്തിന്റെ അവസ്ഥ കണ്ട് അയാൾ തകർന്നുപോയി.

‘‘വിക്ടറേ എന്നാ പറ്റിയെന്റെ കൊച്ചന്? പള്ളീം സഭേം പ്രാർഥനേം ആയിക്കഴിഞ്ഞവനാ. പഠിത്തോം കഴിഞ്ഞ് വന്നേപ്പിന്നിങ്ങനാ. പുറത്തോട്ടെറങ്ങുന്നേയില്ല. ജോലിക്ക് പോന്നില്ലെങ്കി വേണ്ട. കുർബാന കൂടിയിട്ടെത്ര നാളായെന്ന് ചോദിക്ക് നീ.’’

ഡേവിസിന്റെ അപ്പൻ കരയുംപോലെയാണ് പറഞ്ഞത്. പുറത്തിറങ്ങാൻ പറ്റാതെ വിങ്ങിയിരിക്കുന്ന സിഗരറ്റ് പുകയിലേക്ക് വിക്ടർ കയറിച്ചെന്നു. അയാൾക്ക് മുന്നിൽ ഡേവിസ് പൊട്ടിക്കരയുന്നതാണ് അപ്പൻ കണ്ടത്.

‘‘അപ്പനൊരു രണ്ടു ലക്ഷം രൂപ മുടക്ക്. ഇവനെ ഞാൻ ശരിയാക്കിക്കോളാം.’’

പുതിയ പോസ്റ്റിൽ ഡേവിസിനെ കയറ്റുമ്പോൾ പിന്നീടതിന്റെ പേരിൽ മാനേജരുടെ അതൃപ്തിക്ക് പാത്രമാവേണ്ടിവരുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല.

‘‘ഇത്ര ഉത്തരവാദിത്തമില്ലാത്തവനായല്ലോ മാഷേ നിങ്ങടെ കൂട്ടുകാരൻ. പോർഷൻ തീർക്കാതെ ലീവുമെടുത്ത് കള്ളും കുടിച്ചിരുന്നാൽ ഡിസ്മിസ് ചെയ്യേണ്ടിവരും എനിക്ക്.’’

‘‘ഇനിയുണ്ടാവില്ല സർ ഞാൻ നോക്കിക്കോളാം.’’

പലതവണ ആവർത്തിച്ചെങ്കിലും വിക്ടർ മാഷോടുള്ള ബഹുമാനംകൊണ്ടു മാത്രം നടപടിയുണ്ടായില്ല.

ഒരേ ദിവസമാണ് വിക്ടറും ഡേവിസും സർവീസിൽനിന്ന് വിരമിക്കുന്നത്. വിക്ടർ പ്രധാനാധ്യാപകന്റെ കസേരയിൽനിന്നാണെന്ന വ്യത്യാസം മാത്രം. ഹെഡ് ആയ ശേഷം ഡേവിസിനോടുപോലും ആജ്ഞയുടെ ഭാഷയാണ് വിക്ടറിന്. അയാൾ അത് അംഗീകരിച്ച്‌ കൊടുക്കാറില്ലെങ്കിലും!

‘‘കാഷ്വൽ ലീവ് മുഴുവൻ മാർച്ചിന് മുന്നേ എടുത്ത് തീർക്കല്ലേ ഡേവിസേ, ഡിസംബർ വരെ കൊണ്ടുപോണ്ടതാ. പിന്നെ നീ തോന്നുമ്പോലെ കമ്മ്യൂട്ടഡും ഹാഫ്‌പേ ലീവും എടുക്കും. അതെങ്ങനാ ശരിയാവുന്നേ? ലീവെല്ലാം പാസാക്കിയെടുക്കണ്ടായോ’’ എന്നൊരിക്കൽ പറഞ്ഞതിന് ഡേവിസ് പ്രതിഷേധിച്ചത് അഞ്ചുവർഷം ശമ്പളമില്ലാത്ത അവധിയെടുത്തുകൊണ്ടായിരുന്നു. ആറാമത്തെ വർഷം ഒരു ചളിപ്പുമില്ലാതെ കയറിച്ചെല്ലുകയുംചെയ്തു.

ഒരുമിച്ച് റിട്ടയർ ചെയ്യുന്നവരിൽ ഒരാൾക്കുമാത്രം പി.ടി.എയുടെ മാതൃകാ അധ്യാപകനുള്ള മെമന്റോ കിട്ടുമ്പോൾ മറ്റേയാൾക്ക് ചെറിയ കൊതിക്കെറുവുണ്ടാവേണ്ടതാണ്. എന്നാൽ, വിക്ടർ അത് വാങ്ങുമ്പോൾ ഡേവിസ് ഇരുന്ന് ചിരിച്ചു. ഇനിയുള്ള കാലവും നീ ഈ ഭാരം ചുമക്കണമല്ലോ ഡാ എന്നൊരു പരിഹാസം ചിരിയിലൊളിച്ചിരുന്നു.

മറുപടി പ്രസംഗത്തിൽ അധ്യാപക വിദ്യാർഥിയായിരുന്ന കാലത്തെ യാതനകൾ വിസ്തരിച്ച്‌ വിക്ടർ വികാരാധീനനായി. പഠിച്ചിറങ്ങിയ വിദ്യാലയങ്ങളിലേക്ക് ചെല്ലാൻ എല്ലാവർക്കും വലിയ ആവേശമായിരിക്കും. എന്നാൽ, ഓർക്കാൻകൂടി ഇഷ്ടപ്പെടാത്ത ഒരു കാലമായിരുന്നു തനിക്കത് എന്നയാൾ പറയുന്നത് ഡേവിസും കേട്ടിരുന്നു. ‘‘ഇന്ന് കാണുന്ന വിക്ടറിനെ വാർത്തെടുത്തതിൽ കയ്പേറിയ ആ കാലത്തിന് പങ്കുണ്ടെന്ന് പറയാതെ വയ്യ’’ എന്നുകൂടി കേട്ടപ്പോൾ ഡേവിസ് നന്നായൊന്ന് കയ്യടിച്ചു. അതൊരു തരംഗമായി എല്ലാ കൈകളിലേക്കും പടർന്നത് വിക്ടറിനെ വല്ലാതെയങ്ങ് സുഖിപ്പിച്ചു.

‘‘നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവും വിക്ടറിനൊപ്പം ഒരേവർഷം ഒരേ കോളേജിൽ ബി.എഡ് കഴിഞ്ഞിറങ്ങിയ ഞാനെന്തുകൊണ്ട് മാതൃകയായില്ല എന്ന്. എനിക്കതൊരു ദുരിത കാലമേയല്ലായിരുന്നു. സത്യത്തിൽ അധ്യാപകനാവാൻ മോഹംമുട്ടിയിട്ടല്ല ഞാൻ പി.ജി.ടി കോളേജിൽ പഠിക്കാൻ പോയത്. നാട്ടിൽനിന്നൊരുപാടകലെ ആരും നിയന്ത്രിക്കാനില്ലാത്ത ഒരുകാലം അതി സുന്ദരമായൊരു നാട്ടിൽ സുന്ദരിമാരായ കാടത്തികൾക്കൊപ്പം ആഘോഷിച്ചു തന്നെയാ കഴിഞ്ഞത്. അതുകൊണ്ടെന്താന്ന് വച്ചാ വിക്ടറെപ്പോലെ ഒന്നാം ട്രിപ്പിൽ പാസായില്ല. അങ്ങനെ പാസായിട്ട് പോരാൻ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനങ്ങ് വിട്ടുപോരാൻ പറ്റിയ എടപാടുകളല്ലാരുന്നു പഹയന്മാരേ...’’

വിക്ടറിന്റെ പ്രസംഗസമയത്തെ പിൻഡ്രോപ് സൈലൻസിനെയൊക്കെ തൂത്തെറിഞ്ഞ് ഡേവിസവിടെ ചിരിയുടെ വെടിക്കെട്ടാണ് നടത്തിയത്. ‘ഇവനിതെ​േന്താന്ന്’ എന്ന ഭാവം വിക്ടറിന്റെ മുഖത്ത് പടർന്നു.

‘‘പിന്നെ വേണമെങ്കി മാതൃകയാക്കിക്കോ കെട്ടോ. ഇങ്ങനെത്തന്നെ വേണം എന്ന നിർബന്ധമല്ലല്ലോ മാതൃക! ഇങ്ങനെയാവ്കേ ചെയ്യരുതെന്നും ആവാല്ലോ.’’

എന്തുകൊണ്ടോ വിക്ടറിനെ ആ വാചകം വേദനിപ്പിച്ചു. അയാൾ മ്ലാനവദനനായി കുറച്ചുനേരം ഇരുന്നു. പിന്നെ എഴുന്നേറ്റുനിന്ന് താഴ്ന്ന ശബ്ദത്തിൽ എല്ലാവരോടുമായി പറഞ്ഞു.

‘‘ഞാനറിയുന്ന പഴയ ഡേവിസ് മാഷ് ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇന്ത്യയുടെ ഭാഗംതന്നെയോ എന്ന് സംശയിക്കുന്ന ഒരു നാട്ടിൽ ചെന്ന് അവിടത്തെ ഗോത്രഭാഷയും പഠിച്ച്‌ ആളുകളെ കൈയിലെടുത്തവനാണ് ഇയാൾ. എങ്ങനെ ശിഷ്യരെ സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ച ആൾ. മാതൃകാധ്യാപകനെന്ന് നിങ്ങൾക്ക് തോന്നുംവിധം എന്നെ വളർത്തിയത് എന്റെ ഈ സുഹൃത്തുംകൂടിയാണ്. ഈ മെമന്റോ യഥാർഥത്തിൽ ഇവന് അർഹതപ്പെട്ടതാണ്.’’

അതിനുശേഷം നടന്നത് ഡേവിസ് ഒരിക്കലും പ്രതീക്ഷിക്കാത്തത്! മെമന്റോ കൈയിൽ വെച്ചുകൊടുത്ത് അയാളെ കെട്ടിപ്പിടിച്ച് വിക്ടർ കുറെനേരം നിന്നു. രണ്ടാളുടെ കണ്ണും നിറഞ്ഞു. കണ്ടുനിന്നവരും വല്ലാതായി.

ഫങ്ഷനുശേഷം വിക്ടറിന്റെ വീട്ടിൽ നടന്ന പാർട്ടിക്കിടയിൽ ഡേവിസ് ആ തീരുമാനം സുഹൃത്തിനെ അറിയിച്ചു.

‘‘ഞാനൊരു യാത്രയ്ക്കൊരുങ്ങുന്നെടാ. മേഘങ്ങളുടെ താഴ്വരയിലേക്ക് ഒരിക്കൽകൂടി. നീയും വാ.’’

വിക്ടർ വിശ്വസിക്കാനാവാത്തതുപോലെ ഡേവിസിനെ നോക്കി. ‘‘ഞാനെങ്ങനെ വരാനാടാ’’ എന്ന് പറഞ്ഞ് തൊട്ടടുത്ത മേശയിൽ ജാനിക്കൊപ്പമിരിക്കുന്ന സാമിനെയൊന്ന് നോക്കി. അമ്മ വാരിക്കൊടുക്കുന്ന ഉരുളയിലൊന്നുമല്ല അവന്റെ ശ്രദ്ധ. ശോഷിച്ച കൈയിൽ ഫോണും അതിൽ രസിപ്പിക്കുന്ന ഏതോ കാഴ്ചയുമുണ്ട്. ഇടയ്ക്ക് ഞെട്ടൽപോലെ ചുമൽ ഒന്നു കുലുക്കി യാന്ത്രികമായി അവൻ വായ് പൊളിക്കുന്നുണ്ടെന്നു മാത്രം!

‘‘ജാനീ ഇങ്ങനെ വാരിക്കൊടുത്താൽ അവൻ നിർത്തത്തില്ല. സ്പൂൺ കൊടുക്ക്, അവൻതന്നെ കഴിക്കട്ടെ.’’

ഭർത്താവിനെ തീക്ഷ്ണമായി ഒന്നു നോക്കിയശേഷം അവർ ആ പ്രവൃത്തി തുടർന്നു. ശബ്ദംകേട്ട് ഫോണിൽനിന്ന് മുഖമുയർത്തി സാം അവരെ നോക്കി. ഡേവിസിനെക്കണ്ട് ചാടിയെണീക്കാൻ ശ്രമിച്ച് ബാലൻസ് കിട്ടാതെ വേച്ചുപോയ സാമിനെ, വിക്ടർ ഓടിച്ചെന്ന് താങ്ങി കസേരയിലിരുത്തി.

‘‘ഡേയിച്ചാ ഗോഡൻ ഫിശിന് രണ്ട് പിള്ളേരുണ്ടായി. കാനിച്ചട്ടെ.’’

അവന്റെ മഞ്ഞനിറം പാഞ്ഞ പല്ലിൽ പറ്റിപ്പിടിച്ച വറ്റുകൾ പുറത്തേക്ക് തെറിച്ചു.

‘‘മോൻ ഭക്ഷണം കഴിച്ച് വാ, ഡേവിച്ചൻ ഇവിടെതന്നെ കാണും.’’ അവന്റെ ഊശാന്താടിയിൽ തൂങ്ങിനിന്ന വറ്റുകളെ തുടച്ചുമാറ്റി വിക്ടർ പറഞ്ഞു.

‘‘ഗോൾഡൻ ഫിഷിന് പിള്ളാരുണ്ടായാൽ നിനക്ക് വേണമെന്ന് പറഞ്ഞാരുന്നോ?’’

ചില്ലുഭരണിക്കുള്ളിൽ വയറുവീർത്ത സ്വർണമത്സ്യത്തെ കണ്ടതും സാമിനോട് കളി പറഞ്ഞതും ഡേവിസ് മറന്നുപോയിരുന്നു.

‘‘എന്തായാലും എനിക്ക് ഭാഗ്യമുണ്ടെടാ. ഇരുപത്തഞ്ച്കാരനായ മകന്റെ കൊഞ്ചലും കണ്ട് ബാക്കി കാലം കഴിയാലോ!’’

ഡേവിസിന് കൂട്ടുകാരന്റെ മുഖത്തു നോക്കാൻ വിഷമം തോന്നി. ജാനി രണ്ടാമത് ഗർഭിണിയായപ്പോൾ ആ കുഞ്ഞിനും ഇതേ വൈകല്യത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ് അബോർട്ട് ചെയ്യിപ്പിക്കുകയായിരുന്നു ഡോക്ടർ. അന്ന് വിക്ടറിന്റെ ഹൃദയം തകർന്ന കരച്ചിൽ ഡേവിസ് മാത്രമേ കണ്ടിട്ടുള്ളൂ.

 

3

‘‘കുംനേ കോംഗ്?’’ ചോദ്യത്തിനു മുന്നിൽ ഒരുനിമിഷം പകച്ചുനിന്നെങ്കിലും അടുത്തക്ഷണം ‘നാബിയാംഗ്’ എന്ന അങ്കലാപ്പോടെയുള്ള മറുപടി വന്നു. ഡേവിസ് മനസ്സിൽ വരച്ച ചിത്രത്തോട് ഒട്ടും സാമ്യമുണ്ടായിരുന്നില്ല യഥാർഥ ഡാരിക്ക്. പതിനഞ്ചുകാരിയിൽനിന്ന് പക്വതയെത്തിയ യുവതിയിലേക്കുള്ള വളർച്ച! അത്രമാത്രം. ക്വായ് കറയില്ലാത്ത പല്ലുകൾ ഡേവിസിനെ പലതും ഓർമിപ്പിച്ചു.

വഴികാണിക്കാൻ വന്നയാളെ പോക്കറ്റിൽ നോട്ടുകൾ ഇട്ട് കൊടുത്ത് നന്ദിയും പറഞ്ഞ് ഡേവിസ് മടക്കി അയച്ചു. ഡാരി അയാളെത്തന്നെ നോക്കിനിൽക്കുകയാണ്. അവളുടെ കണ്ണിലേക്കുറ്റു നോക്കി ‘‘എന്നെ മനസ്സിലായില്ലേ?’’ എന്നയാൾ ചോദിച്ചു. ചോദ്യം കേട്ട മാത്രയിൽ അവളുടെ കണ്ണുകൾ സജലങ്ങളായി. ഒറ്റത്തവണത്തെ അടച്ചുതുറക്കലിൽ വറ്റിയ തടാകങ്ങൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.

‘‘സാറ് വരൂ...’’

ഡാരിയോടൊപ്പം വീടിനകത്ത് കയറിയ ഡേവിസിന്റെ കണ്ണുകൾ മുറിയിലാകെ ചുറ്റിനടന്നു... ചെറിയ ചില മോടി പിടിപ്പിക്കലുകൾ മാറ്റിനിർത്തിയാൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല വീടിന്. ഹാളിൽ ഉണ്ടായിരുന്ന വലിയ കട്ടിലിന്റെ സ്ഥാനം സോഫാസെറ്റി കൈയടക്കിയിട്ടുണ്ട്. അയാൾ അവൾക്ക് നേരെ സ്വീറ്റ്സ് നീട്ടി. അൽപം മടിയോടെ പാക്കറ്റ് വാങ്ങി ‘ഖൂബ്ളെയ്’ എന്നവൾ പറഞ്ഞപ്പോൾ ‘‘ഉം ളൈ ലെ’’ എന്ന മറുപടി യാന്ത്രികമായി പുറത്തു ചാടിച്ചത് അയാൾക്കുള്ളിലെ അന്യതാബോധമായിരുന്നു. എങ്കിലും സംസാരിച്ച് തുടങ്ങിയപ്പോൾ വർഷങ്ങൾ അവർക്കിടയിൽനിന്ന് ചോർന്നിറങ്ങിപ്പോയി.

‘‘റിട്ടയർമെന്റ് ഫങ്ഷനിൽ വച്ച് വിക്ടർ ആ കാലത്തെക്കുറിച്ച് സംസാരിച്ചില്ലായിരുന്നെങ്കിൽ, ഇങ്ങനെയൊരു യാത്രയ്ക്ക് തന്നെ ഒരുങ്ങില്ലായിരുന്നു ഞാൻ... പക്ഷേ കാഴ്ചകൾ എന്നെ നിരാശനാക്കുന്നു ഡാരീ, ഷില്ലോങ് വല്ലാതെ മാറിപ്പോയിരിക്കുന്നു.’’

നിങ്ങളുടെ നാടൊക്കെ മുപ്പതുവർഷം മുമ്പുള്ള അതേ അവസ്ഥയിൽ തന്നെയാണോ ഇപ്പോഴും എന്നവൾ തിരിച്ച് ചോദിച്ചിരുന്നെങ്കിൽ ഡേവിസിന് ഉത്തരം മുട്ടിയേനെ! പക്ഷേ ഡാരി അങ്ങനെ ചോദിക്കുന്നവളല്ലെന്ന് ഡേവിസിന് നന്നായറിയാമായിരുന്നു. ടിൻഷീറ്റ് വീടുകളും കാടുകളും കോൺക്രീറ്റിന് വഴി മാറിക്കൊടുക്കുന്നത് അവൾ എന്തായാലും ഇഷ്ടപ്പെടാൻ വഴിയില്ല.

ഒരു മരത്തെ ചുറ്റിപ്പിടിച്ച് മുറിക്കരുതേയെന്ന് വിലപിക്കുന്ന പത്താം ക്ലാസുകാരിയായാണ് ഡാരി ഇപ്പോഴും ഡേവിസിന്റെ ഓർമയിലെത്തുക. അന്ന് ലെയ്മുക്രയിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് ചെന്ന വിക്ടറും ഡേവിസും അവളുടെ കരച്ചിൽ കണ്ട് പരസ്പരം നോക്കി. സുന്ദർലാൽ ബഹുഗുണയുടെ പേരക്കുട്ടിയെങ്ങാനുമാവും എന്ന് വിക്ടർ പരിഹസിക്കുകയും ചെയ്തു. പിന്നീടാണ് ആ മരം ഖാസികളുടെ ദിവ്യമരമായ ഖാസി പൈൻ ആണെന്നറിഞ്ഞത്. അത് മുറിക്കുന്നവർക്ക് ലുംപ്സോപറ്റ്നൻ എന്ന മലമുകളിൽ സ്ഥിതിചെയ്യുന്ന സ്വർഗത്തിലേക്കുള്ള കോണിപ്പടികൾ നഷ്ടമാകുമെന്നാണ് അവരുടെ വിശ്വാസം! പിന്നെയും ഡാരിയെ പല ഭാവത്തിലും വേഷത്തിലും കണ്ടെങ്കിലും ഖാസിപൈൻ ചുറ്റിപ്പിടിച്ച് കരയുന്ന മുഖമേ ആദ്യം തെളിയൂ.

‘‘സാറിന് റോയൽ സ്റ്റേഗ് തന്നെയാണോ ഇപ്പോഴും പ്രിയം? ഈ തണുപ്പത്ത് ചായയേക്കാൾ നല്ലത് എന്തായാലും…’’

ഡേവിസിന് അതിശയം തോന്നി. അവളൊന്നും മറന്നിട്ടില്ല. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്! കമ്പിളി ഷാൾ ഒന്നുകൂടി വലിച്ച് പുതച്ച് ഡാരി അകത്തേക്ക് പോകുന്നതും നോക്കി ഡേവിസ് നിന്നു. അവളുടെ ഭർത്താവെന്ന് തോന്നിപ്പിച്ച ആൾ അവരെ ഒട്ടും ശ്രദ്ധിക്കാതെ സോഫയിലിരുന്ന് കടലാസ് ചുരുട്ടി പുകയിലച്ചണ്ടി നിറക്കുന്നുണ്ടായിരുന്നു!

ഡാരിക്കൊപ്പം റോയൽ സ്റ്റേഗിന്റെ ലഹരി നുണഞ്ഞിരിക്കേ ഇടക്കിടെ അയാളിലേക്ക് ഡേവിസിന്റെ കണ്ണുകൾ പാളി. അതവളുടെ ഭർത്താവ് തന്നെയല്ലേയെന്ന് അയാൾക്ക് സംശയമായി. അയാളുടെ നോട്ടം കണ്ടിട്ടും ഡാരി ഒന്നും പറഞ്ഞുമില്ല.

‘‘മക്കൾ?’’

‘‘ഒരാളുണ്ട്. എയ്ബൻ.’’

എന്നിട്ട് അവനെവിടെ എന്ന് ചോദിക്കാൻ ഡേവിസിന്റെ നാവ് കൊതിച്ചു. എന്തുകൊണ്ടോ ധൈര്യം വന്നില്ല. വീട്ടിൽതന്നെ ഉണ്ടെങ്കിൽ ഡാരി വിളിച്ച് പരിചയപ്പെടുത്തേണ്ടതല്ലേ? ജോലിക്ക് പോയതായിരിക്കാം. ഒരുപക്ഷേ വിവാഹം കഴിഞ്ഞ് മക്കളും ഉണ്ടായിരിക്കാം. കുഞ്ഞുങ്ങളുള്ള വീടിന്റെ ലക്ഷണമൊന്നും കാണുന്നുമില്ല.

‘‘ഇവിടെ ചെറിയ കച്ചവടം ഒക്കെയുണ്ട് എനിക്ക്. സാറിന് കാണണോ?’’

വീടിന് പിറകിൽ ടിൻ ഷീറ്റിട്ട ഷെഡ് നിറയെ ഡാരി നെയ്തു ​െവച്ച പരമ്പരാഗത ഖാസി വസ്ത്രങ്ങളും ബാഗുകളും ആഭരണങ്ങളും! അയാൾ താൽപര്യത്തോടെ എല്ലാം നടന്നുകണ്ടു. ചിലതെല്ലാം ആവശ്യമില്ലെങ്കിലും വാങ്ങി​െവച്ചു. നിറയെ ത്രെഡ് വർക്കുള്ള ഒരു ദുപ്പട്ട ‘മിസിസ് ഡേവിസിന്’ എന്ന് പറഞ്ഞ് അവൾ അയാൾക്ക് സമ്മാനിച്ചു.

‘‘ഞാൻ രണ്ടു ദിവസം ഇവിടെത്തന്നെയുണ്ടാവും. എനിക്ക് ചിലതൊക്കെ പറയാനുണ്ട്. വീട്ടിൽ വച്ച് വേണ്ട. നാളെ എന്റെ കൂടെ വരാമോ?’’

അവൾ ഒന്നും മിണ്ടാതെ തലചരിച്ച് സോഫയിലിരുന്നയാളിനെയൊന്ന് നോക്കി. അയാൾ അതേ ഇരിപ്പിൽതന്നെ!

‘‘ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല, ഈ ചോദ്യവും.’’

ഡേവിസ് പറഞ്ഞത് കേട്ട് ഡാരിയുടെ കണ്ണുകളൊന്ന് പിടഞ്ഞു.

‘‘ഇന്ന് പറ്റില്ല. നാളെ വരാം.’’

4

വെനിയ വാട്ടർഫാൾസ്! നോങ്സ്റ്റോയിനിലെ ഏറ്റവും സുന്ദരമായ ഇടം! കമാനംപോലുള്ള മരപ്പാലത്തിലൂടെ നടക്കുമ്പോൾ ഡാരി തന്റെ കൈ ഒന്ന് ചേർത്തുപിടിച്ചെങ്കിൽ എന്ന് ഡേവിസ് കൊതിച്ചു. നടക്കുന്തോറും വെള്ളച്ചാട്ടത്തിന്റെ ഭീകരമായ അലർച്ചയും തണുപ്പും അടുത്തടുത്ത് വന്നു.

‘‘ഡാരിക്കോർമയുണ്ടോ പണ്ട് ഇങ്ങോട്ടുള്ള വഴിയിൽ എവിടെയോ വച്ച് എന്റെ മേലാകെ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങിയത്?’’

അവൾ ഒന്നും മിണ്ടാതെ ഡേവിസിനെ അനുഗമിക്കുകയാണ്.

‘‘തലകറക്കം വന്ന് വീഴുമെന്ന് തോന്നിയപ്പോൾ ഞാനാ പടിയിലിരുന്നു. പതുക്കെ മണ്ണിലേക്ക് കിടന്നു. മറ്റു കുട്ടികളും എന്റെ കൂട്ടുകാരും വരെ ശ്രദ്ധിക്കാതെ കടന്നുപോയി. ഏതൊക്കെയോ ഇലകൾ പറിച്ച് പിഴിഞ്ഞ് ആരോ എന്റെ ശരീരത്തിൽ പുരട്ടുന്നതും വായ തുറപ്പിച്ച് ഒഴിച്ചുതരുന്നതും അറിയുന്നുണ്ടായിരുന്നു. ചവർപ്പ് തുപ്പിക്കളയാനുള്ള ശേഷിപോലും ഇല്ലായിരുന്നു എനിക്ക്. കുറച്ചു കഴിഞ്ഞ് എഴുന്നേറ്റപ്പോൾ നീ അടുത്തിരിക്കുന്നു. പ്രാർഥിക്കുംപോലെ കണ്ണടച്ച്!’’

ഡാരിയുടെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നെന്ന് തോന്നി.

‘‘നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ ഡാരീ?’’

‘‘എന്തിന്?’’

‘‘എല്ലാം കഴിഞ്ഞ് ഇട്ടിട്ട് പോയതിന്.’’

‘‘ഒരേ കാരണംകൊണ്ടുള്ള ദേഷ്യത്തിനും സങ്കടത്തിനുമെല്ലാം കാലാവധിയുണ്ട് സാർ. പിന്നെ ഒരാളുടെ മാത്രം തെറ്റല്ലല്ലോ. മയക്കത്തിൽ എല്ലാം ഞാനും ആസ്വദിച്ചതല്ലേ. തട്ടിമാറ്റണമെങ്കിൽ എനിക്കതാവാമായിരുന്നു!’’

ഡേവിസ് അത്ര വിശദമായ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. നടന്നതൊന്നും ഓർമയില്ലാതെ ഇക്കണ്ട കാലം കുറ്റബോധവും താങ്ങിനടന്ന തന്നേക്കാൾ എത്ര ഭാഗ്യവതിയാണ് ഇവൾ എന്ന് ഡേവിസിനപ്പോൾ തോന്നി.

അവൾക്കൊപ്പം പതിയെ നടന്ന് വെനിയയുടെ ഉന്മാദക്കുതിപ്പിലേക്ക് നോക്കിനിൽക്കേ ഡേവിസിന് ഒരു മൂളിപ്പാട്ട് വന്നു.

‘‘ഏക് ദിൻ ആപ് യു ഹം കൊ മിൽ ജായേംഗെ.’’

അയാൾ മെല്ലെയൊന്ന് പാളി നോക്കി. ആ പാട്ട് കേട്ട് ചുവന്നിരുന്ന മുഖം എത്രയോ അകലെയാണെന്ന് കണ്ട് നിരാശനായി.

‘‘ഏതായിരുന്നു അന്നത്തെ ഉത്സവം. വീട്ടുകാർ മുഴുവൻ പോയപ്പോൾ നീ പോകാതിരുന്ന..?’’

‘‘നോംഗ്ക്രെം ഡാൻസ് ഫെസ്റ്റ്. ഖാസി ഹിൽസിൽ നടക്കുന്നത്.’’

‘‘ഓ...’’

‘‘ഡാരീ...’’

‘‘സർ...’’

‘‘ഞാൻ നാളെ മടങ്ങും. ട്രെയിനിലാണ് യാത്ര. പഴയ കാഴ്ചകളൊക്കെ ഒന്നുകൂടി കാണണം. മഹാനദി, ഗംഗ, ബ്രഹ്മപുത്ര, ചില്ലിക്ക ലേക്, ഹൗറ പാലത്തിന്റെ വിദൂരക്കാഴ്ച എല്ലാം. പഴയ സൗന്ദര്യം ഇപ്പോൾ തോന്നുമോ എന്നറിയില്ല. മനസ്സിൽ പ്രണയം നിറഞ്ഞുനിൽക്കുമ്പോൾ കാണുന്നതും കേൾക്കുന്നതുമെല്ലാം മനോഹരമായിരിക്കുമല്ലോ. ഈ അമ്പത്താറാം വയസ്സിൽ ഇനിയെന്ത്?’’

ഒളികണ്ണിട്ട് അയാൾ അവളെ നോക്കി. നിസ്സംഗത തന്നെ! ഇനിയും ചോദിക്കാതിരുന്നുകൂടാ എന്ന് തോന്നി.

‘‘പോരുന്നോ എന്റെ കൂടെ?’’

ഡാരി അയാളെ തുറിച്ചുനോക്കി.

‘‘ഞാനിപ്പോഴും ഒറ്റയ്ക്കാണ്.’’

അതുകേട്ട് അവൾ മുഖം കോട്ടി.

‘‘ഞാൻ അങ്ങനെയല്ലല്ലോ സർ.’’

ഡാരി വെട്ടിത്തിരിഞ്ഞു നടന്ന് തുടങ്ങി. അവളെ അനുഗമിക്കാൻ ഡേവിസിന് ലേശം ആയാസപ്പെടേണ്ടിവന്നു.

‘എബോഡ് ഓഫ് ക്ലൗഡ്‌സ്’ മേഘങ്ങളുടെ വാസസ്ഥലം! എത്ര ഭംഗിയായിട്ടാണ് ഈ നാടിന് ആ പേര് ചേരുകയെന്ന് ചിന്തിച്ച് തലയോട് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന മേഘങ്ങളെ അയാൾ കൊതിയോടെ നോക്കി. എവിടെ നിൽക്കുമെന്നോ എങ്ങോട്ട് പോകുമെന്നോ ആർക്കും വാക്കു കൊടുക്കാതെ ഒഴുകിയൊഴുകിയുള്ള പോക്ക്! എവിടെയെങ്കിലും ഇത്തിരി നേരം നിൽക്കുന്നെങ്കിൽ അവിടം കുളിരും നനവും!

കൂടെ വരുന്നോ എന്ന നിഷ്കളങ്കമായ ചോദ്യത്തിനുള്ള പ്രതിഷേധമാണോ വെടികൊണ്ട പോലെയുള്ള ഈ പാച്ചിൽ ? ഏറെ മുന്നിലായ് നടന്നുപോകുന്ന ഡാരിയെ നോക്കിയപ്പോൾ അയാൾക്ക് ചിരി വന്നു.

‘‘ഫൂൽ ഹീ ഫൂൽ രാഹോം മേം ഖിൽ ജായേംഗെ... മേംനെ സോച്ചാ ന ഥാ.’’

അൽപം ഉറക്കെ പാടിയിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല. പിറകെയുള്ള നടത്തം ഡേവിസിന് രസകരമായി തോന്നി. പഴയകാലം പിന്നെയും അയാളെ വന്നുതൊട്ടു.

ഖാസി പൈൻ കെട്ടിപ്പിടിച്ചു കരയുന്ന ഡാരി, ഇംഗ്ലീഷ് കവിതകൾ ചൊല്ലുന്ന ഡാരി, മിഠായി വാങ്ങി തന്റെ കണ്ണിലേക്ക് പ്രണയത്തോടെ നോക്കുന്ന ഡാരി, വീട്ടിലെല്ലാവരും ഉത്സവത്തിനു പോവുന്ന ദിവസം വീട്ടിലേക്ക് ചെല്ലാൻ പറയുന്ന ഡാരി...

ഓർമയുടെ അടുത്ത ഘട്ടത്തിന്റെ തുടക്കം ചൂണ്ടയുമായി പുഴക്കരയിൽ ഇരിക്കുന്ന വിക്ടറാണ്. സഹായിയായി ഖാസിപ്പയ്യനും. കണ്ണുകൾകൊണ്ട് തന്നെ അകത്തേക്ക് ക്ഷണിക്കുന്ന ഡാരി. അവളുടെ പിറകെ കള്ളനെപ്പോലെ താൻ വീടിനകത്തേക്ക്. ഏറുകണ്ണിട്ട് വിക്ടറിന്റെ ചിരി. തന്റെ ബാഗിൽ അവൻ സമ്മാനിച്ച രണ്ട് ബോട്ടിൽ. ഒന്നിൽ റോയൽ സ്റ്റാഗും മറ്റതിൽ മുളങ്കൂമ്പ് വാറ്റിയ നാടനും. ധൈര്യപ്രദായനിയെന്നാണ് അവൻ നാടനിട്ട പേര്!

ഡാരിയുടെ കൈകൾ ചുറ്റിവരിയുമ്പോൾ തിരിച്ച്‌ അവളെ പുണരണമെന്നും ഉമ്മകൊണ്ട് പൊതിയണമെന്നും മോഹമുണർന്നു. എല്ലായ്പോഴുമെന്നപോലെ ഉള്ളിലെ പാപചിന്തകൾ കത്തിയെരിഞ്ഞ് ദേഹം തളർന്നു. തനിക്കുമാത്രം എന്താണിങ്ങനെയെന്ന് വിഷമിച്ച് അവളെ തള്ളിമാറ്റുന്നു.

‘‘നീ രണ്ട് ഗ്ലാസ് കൊണ്ടു വാ വെള്ളവും.’’

രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ മത്തായി മാഷും മറിയവും ഒഴിഞ്ഞു പൊയ്ക്കോളുമെന്ന വിക്ടറിന്റെ ഉപദേശത്തിൽ വിശ്വസിച്ച് ഡേവിസ് കുപ്പികൾ തുറന്നു. മിക്സ് ചെയ്ത് ഒഴിച്ചു. പ്ലേറ്റിൽ കറുപ്പിച്ച് വരട്ടിയ കാട്ടുപന്നി മലർന്നുകിടന്നു. ഓരോ കവിൾ നിറച്ചിറക്കുമ്പോഴും ഡാരിയുടെ കണ്ണിലെ ആലസ്യം കൂടിവരുന്നത് അയാളെ മത്തുപിടിപ്പിച്ചു. ഏറ്റവും രസകരമായ നിമിഷങ്ങളെന്ന് തോന്നി വീണ്ടും വീണ്ടും ഗ്ലാസുകൾ നിറച്ചു. പിന്നിലേക്ക് മലർന്ന് അവൾ വീഴുന്നതുവരെ!

ആ കിടപ്പ് നോക്കിയിരുന്നപ്പോൾ വല്ലാത്തൊരു കുറ്റബോധമാണ് അയാൾക്ക് തോന്നിയത്. ആരുമില്ലാത്ത നേരം വീട്ടിൽ ചെന്ന് ഒരു പെണ്ണിനെ കുടിപ്പിച്ച് കിടത്തി ഭോഗിച്ച് പോരുന്ന വൃത്തികെട്ടവനാവണോ എന്ന് നൂറുവട്ടം ചിന്തിച്ചു. വേണ്ട എന്ന് തന്നെയാണ് മനസ്സ് പറഞ്ഞത്. പതുക്കെ അവളെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി. ഉണർന്നെണീറ്റ ശരീരത്തെ ശാസിച്ച് അടക്കി. അവശേഷിച്ചിരുന്ന റോയൽ സ്റ്റാഗ് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി നിറയെ വെള്ളം കുടിച്ചു. തലക്ക് ഭാരം കൂടിക്കൂടി വന്നു. അവൾക്കരികിൽ കട്ടിലിൽ അയാൾ കിടന്നു. ആ കട്ടിൽ ആകാശത്തേക്കുയർന്ന് പറക്കും പരവതാനിപോലെ ഖാസിക്കുന്നുകൾക്ക് മീതെ ഒഴുകി നടക്കുന്നതാണ് അവസാന ഓർമ.

രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണയാൾ ഉറക്കംഞെട്ടി ഭാരമേറിയ കൺപോളകളെ പാടുപെട്ടുയർത്തിയത്. ഇരുളിൽ വിവസ്ത്രയായി ഡാരി അയാളെ കെട്ടിപ്പുണർന്ന് കൂടെക്കിടന്നിരുന്നു. താനും പിറന്ന പടിയായിരുന്നെന്നറിഞ്ഞപ്പോൾ ഞെട്ടിയെണീറ്റു! വരാന്തയിൽ കിടന്ന വിക്ടറിനെ കുലുക്കി വിളിച്ചുണർത്തുമ്പോൾ ‘‘ഞാൻ വന്ന് വാതിലടച്ചില്ലാര്ന്നേൽ ആ പയ്യനെല്ലാം കണ്ടേനല്ലോ’’ എന്ന കളിയാക്കൽ!

രണ്ടാം മാസം ഞാനെന്ത് ചെയ്യും എന്ന കരച്ചിലോടെ ഡേവിസിനെ തേടി ഡാരിയെത്തി. പകച്ചുപോയ അയാളെ വിക്ടർ സമാധാനിപ്പിച്ചു.

‘‘കള്ളമ്പറഞ്ഞ് നിന്നെ കെട്ടാനുള്ള അടവാണെങ്കിലോ? സത്യമാണെങ്കിത്തന്നെ നീയാണെന്നെന്താ ഉറപ്പ് ? ഇവൾക്കിതൊന്നും പുത്തരിയല്ല. ക്യാമ്പിലെ പട്ടാളക്കാർ പലരും പറ്റുകാരുണ്ടെന്നാ കേട്ടത്. നീയായിട്ട് ആരോടും ഒന്നും പറയണ്ട.’’

പക്ഷേ, അന്നത്തെ സ്കൂൾ മാനേജരായിരുന്ന ഗ്രിഗറിയാസും പ്രിൻസിപ്പൽ ലഷ്യൂ സിസ്റ്ററും എല്ലാം അറിഞ്ഞു. ഏറെ ശാസിച്ചെങ്കിലും നാട്ടിലറിയിക്കാതെ എല്ലാവരും ചേർന്ന് അധ്യാപകനെ സംരക്ഷിച്ചു. ഡാരിയെ ഹോസ്റ്റലിൽനിന്ന് പറഞ്ഞുവിട്ടു. ആരോ അവളെ വിവാഹംചെയ്ത കാര്യം കോഴ്സ് കഴിയും മുമ്പുതന്നെ ഡേവിസ് അറിഞ്ഞിരുന്നു.

 

5

കാറ്റു വീശുമ്പോലെ ഡാരി വീട്ടിൽ ചെന്ന് കയറി. ഡേവിസ് കുറച്ചുനേരം പുറത്ത് കാത്തുനിന്നു. അകത്തുനിന്ന് ഒരനക്കവും ഇല്ല. അയാൾ പതുക്കെ മടങ്ങിപ്പോരാൻ തുനിഞ്ഞു.

‘‘സാറ് പോവാണോ?’’

പിന്നിൽനിന്ന് നേർത്ത ശബ്ദം. ഡേവിസ് സന്തോഷത്തോടെ തിരിഞ്ഞു.

‘‘എന്നെങ്കിലും സാറ് തിരിച്ചുവരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഇതുവരെയും അവനെക്കുറിച്ച് ഒന്നും അന്വേഷിച്ചില്ല! കാണണ്ടേ അവനെ?’’

ഡേവിസിന് തന്റെ അടിവയറിൽനിന്നൊരു തരിപ്പ് നെഞ്ച് വരെ കയറി ഇടത് ഭാഗത്ത് വന്ന് തിങ്ങുന്നതുപോലെ തോന്നി.

‘‘എയ്ബൻ, അലെ വൻഷലേ’’ എന്നവൾ വിളിച്ചപ്പോൾ പതുക്കെപ്പതുക്കെ ഒരാൾ പുറത്തിറങ്ങി വന്നു. കൈകാലുകൾ ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാനാവാതെ ഇടയ്ക്കൊന്ന് വേച്ച് പോയതിന്റെ ജാള്യതയാണ് മുഖത്ത്. തലയിലും താടിരോമങ്ങളിലും അവിടവിടെ നര. ഡേവിസ് ശക്തമായിത്തന്നെ നടുങ്ങി! ഇവൻ...ഓർമയിലെ ചില്ലുഭരണിക്കുള്ളിൽ സ്ഫടികംപോലെ തിളങ്ങുന്ന ജലം! സ്വർണമത്സ്യം ചില്ലിൽ ചുണ്ടുരുമ്മി നിന്നപ്പോൾ ഇരുവശത്തുമായി കുഞ്ഞുങ്ങൾ വന്നുനിന്നു.

‘‘ആ ഫിഷിന്റെ കുഞ്ഞുങ്ങളല്ലേ രണ്ടും? ഒന്നിനെമാത്രം കൊണ്ടുപോണത് ശരിയാണോ? ഡേയിച്ചന് വേണ്ടാട്ടോ ഇവിടെത്തന്നെ നിന്നോട്ടെ.’’

ചില്ലുപാളിയും ജലവും മാഞ്ഞു. മുന്നിൽ ഡാരിയും മകനും! അവൾ ചോദിക്കുന്നു.

‘‘സാർ ആദ്യമായിട്ട് കാണുകയല്ലേ? ഒന്നും പറയാനില്ലേ ഇവനോട്?’’

എനിക്കിവനെ നേരത്തേ അറിയാമല്ലോ എന്ന് മനസ്സിലുരുവിട്ട് ഡേവിസ് യാന്ത്രികമായി തലയാട്ടി. മഞ്ഞച്ച പല്ലുകൾ കാണിച്ച് എയ്ബൻ ചിരിക്കുന്നു.

പെട്ടെന്നുണ്ടായ ഞെട്ടലിൽ അവന്റെ ചുമലൊന്ന് വിറച്ചപ്പോൾ ‘‘ഡേയിച്ചാ...’’ എന്ന വിളി കേൾക്കുമെന്ന് അയാൾ ശങ്കിച്ചു.

എത്ര പിറകോട്ട് നടന്നിട്ടും കാണാനാവാത്ത കാഴ്ച ഉള്ളിൽ തെളിയുകയാണ്. കടങ്കഥക്കുത്തരമായി! നെഞ്ചിൽ വിങ്ങിനിന്ന ഭാരം പൊങ്ങിവന്ന് രണ്ടിറ്റു കണ്ണീരിനൊപ്പം ഉരുണ്ടുവീണു. കണ്ണ് തുടച്ച് പെട്ടെന്നയാൾ തിരിഞ്ഞുനടന്നു.

‘‘ലെയ്റ്റ് സുക്ക്’’ എന്ന് എയ്ബൻ അവ്യക്തമായി ഉച്ചരിക്കുന്നത് ഡേവിസ് കേട്ടു. അയാൾക്കപ്പോൾ ‘‘ഖൂബ്ളെയ്’’ എന്ന മറുപടിയാണ് നാവിൽ വന്നത്!

==============

ഖാസി ട്രൈബ്സ് -മേഘാലയയിലെ ഒരു ഗോത്രവിഭാഗം

ഖൂബ്ളെയ് - Thank you

കുംനെ കോംഗ് - How are you lady?

നാബിയാംഗ് - I am fine

ഉം ളൈ ലെ - Welcome

അലെ വൻഷലേ - Come here

ലെയ്റ്റ് സുക്ക് - Bye

ക്വായ് -പുകയിലപോലെ ഖാസികൾ വായിലിട്ട് ചവക്കുന്നത്

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT