ആഴ്ചപ്പതിപ്പിൽ (ലക്കം: 1397) തുടക്കം കുറിച്ച ഡിസെബിലിറ്റി പൊളിറ്റിക്സ് ചർച്ചയുടെ തുടർച്ചയാണിത്. ആശയവാദപരമായ പൂർണതാസങ്കൽപങ്ങൾ എങ്ങനെയൊക്കെയാണ് ശേഷി അധീശത്വ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയെന്ന് പരിശോധിക്കുകയാണ് ലേഖകൻ.
ഡിസെബിലിറ്റി ഒരു ഭീതിയും ഉത്കണ്ഠയുമായി ആധുനികസമൂഹങ്ങളിൽ ഇന്നും നിലനിൽക്കുന്നു. ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട് പുരാതന കാലങ്ങളിൽ രൂപപ്പെട്ട അതിഭൗതിക ഭാവനകളും വിശ്വാസങ്ങളും ഒരുപരിധിവരെ ഇല്ലാതായെങ്കിലും പുതിയ രൂപഭാവങ്ങളിൽ അതു തുടരുന്നുണ്ട്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും പഴയ മിത്തുകൾ മാറ്റമില്ലാതെ തുടരുമ്പോൾ പുതിയ മിത്തുകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് ആധുനിക സമൂഹങ്ങളിൽ. ദൈവികവും മതകീയവുമായ ബന്ധത്തിലൂടെയാണ് ഇത്തരം മിത്തുകൾ ബലപ്പെട്ടുനിൽക്കുന്നത്. മതങ്ങളും മറ്റു ആശയവാദ കാഴ്ചപ്പാടുകളും ശേഷീ അധീശത്വ രാഷ്ട്രീയവും ഒന്നിച്ചുചേർന്ന് ഡിസെബിലിറ്റിയെ പുറന്തള്ളലിന്റെ ഉപാധിയാക്കി.
ഡിസെബിലിറ്റിയുള്ള വ്യക്തികൾ കുടുംബത്തിനും നാടിനും ബാധ്യതയാണെന്ന കാഴ്ചപ്പാട് സമൂഹത്തിന്റെ അബോധത്തിലുണ്ട്. ഡിസെബിലിറ്റിയെ ദുരന്തമായി മനസ്സിലാക്കുന്നവരെ വിദ്യാസമ്പന്നരിൽപോലും കാണാം. നോർമൽ അല്ലാത്ത ജീവിതമാണ് അവരുടേതെന്നും സമൂഹത്തിന് എന്തെങ്കിലും സംഭാവനചെയ്യാൻ അവർക്കാകില്ലെന്നുമുള്ള സാമാന്യബോധം ദുർബലമായിട്ടാണെങ്കിലും പുതിയകാലത്തെ അന്ധവിശ്വാസങ്ങളായി തുടരുന്നുണ്ട്.
ദൈവികമായ ശിക്ഷയായോ ശാപമായോ കർമഫലമായോ ദുരാത്മാക്കളുടെ സാന്നിധ്യമായോ ഡിസെബിലിറ്റിയെ വീക്ഷിക്കുന്നതാണ് ഏറ്റവും പ്രാചീനവും പ്രാകൃതവുമായ ഒരു മിത്ത്. സമൂഹത്തെയൊന്നാകെ ഭയപ്പെടുത്താനും ഡിസേബ്ൾഡ് വ്യക്തികളെ പുറന്തള്ളാനും ഈ മിത്ത് കാരണമായി. ദൈവികവും ആത്മീയവുമായ വിശ്വാസങ്ങളോടൊപ്പം പ്രചരിപ്പിക്കപ്പെട്ടപ്പോഴാണ് ഡിസേബ്ൾഡ് വ്യക്തികൾ പാപികളായി പുറന്തള്ളപ്പെട്ടത്. അത്തരം മനുഷ്യരെ ‘ശരിയാക്കി’യെടുക്കാനുള്ള അപകടകരമായ അന്ധവിശ്വാസങ്ങളും പ്രയോഗങ്ങളും ഇതോടൊപ്പം പ്രചരിച്ചു. ആഭിചാരങ്ങൾക്കും ദുർമന്ത്രവാദങ്ങൾക്കും അവർ ഇരയാക്കപ്പെട്ടു.
ശേഷീ അധീശത്വം
ശേഷീ പൂർണതയെക്കുറിച്ചുള്ള സങ്കൽപങ്ങൾ ശേഷി അധീശത്വത്തിലേക്ക് നയിക്കുന്നു. ശേഷീപരമായ വ്യത്യസ്തതകളെ പൂർണത/അപൂർണത എന്നീ ദ്വന്ദ്വങ്ങളിലൂടെ ന്യൂനീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അപൂർണത വികലതയും പരിമിതിയും ദുരന്തവും നിസ്സഹായതയും സഹതാപാർഹതയുമായി മനസ്സിലാക്കപ്പെടുന്നു. എന്നാൽ, ശേഷികളുടെ പൂർണതയും അപൂർണതയുമല്ല ഭിന്നതകളും വ്യത്യസ്തതകളുമാണ് നിലനിൽക്കുന്നത് എന്ന കാഴ്ചപ്പാടിന് ഇന്ന് പ്രാബല്യമുണ്ട്. ഭിന്നതകളുടെ പാരസ്പര്യവും സഹവർത്തിത്വവും പുലരുന്ന ജൈവലോകംതന്നെയാണ് മനുഷ്യന്റെ സാംസ്കാരിക ജീവിതത്തിലും അഭിലഷണീയ മാതൃകയാകേണ്ടത്.
ബന്ധപരവും പ്രക്രിയാപരവുമായി രൂപപ്പെടുന്നതും വികസിക്കുന്നതുമാണ് മനുഷ്യശേഷികളാകെ. പൂർണശേഷി, പൂർണ വ്യക്തി, പൂർണ മനുഷ്യൻ എന്നീ സങ്കൽപങ്ങൾ സത്താപരവും ആശയവാദപരവും ഹിംസാപരവുമാണ്. ആധുനികാനന്തരതയുടെ (transmodernity) പ്രക്രിയാപരവും ഭിന്നതാപരവുമായ ഭവശാസ്ത്രം ഇതിനെ തള്ളിക്കളയുന്നു.
‘‘തന്മ, നിഷേധം, പൂർണത, അന്തസ്സാരം, സാർവലൗകികത എന്നിവയെ തള്ളിക്കളയുന്ന ചിന്താരീതിയാണ് ബന്ധപരവും പ്രക്രിയാപരവുമായ ഭവശാസ്ത്രം” എന്ന് കെ. രാജൻ സൂചിപ്പിക്കുന്നു. ശേഷികൾ,വ്യക്തിത്വം, മനുഷ്യത്വം എന്നിവ ചരിത്രപരമായും ഭൗതികമായും മനുഷ്യൻ ആയിത്തീരുന്നതിന്റെയും ആർജിക്കുന്നതിന്റെയും കലയാണ്. പൂർണതയായല്ല അവിരാമമായ പ്രക്രിയ ആയാണ് അതു നിലനിൽക്കുന്നത്.
പൂർണതയെന്ന ആശയവാദം
ആശയവാദപരമായ പൂർണതാ സങ്കൽപങ്ങൾ ജീവിതത്തിന്റെ സകല വ്യവഹാരങ്ങളിലേക്കും കടന്നുവന്നിട്ടുണ്ട്. നിരവധി പൂർണതകളും അപൂർണതകളും അവിടെ സങ്കൽപിക്കപ്പെട്ടു. സമ്പൂർണ ജ്ഞാനം, സമ്പൂർണ വ്യക്തിത്വം, സമ്പൂർണ മനുഷ്യത്വം, സമ്പൂർണ ശരീരം എന്നിങ്ങനെ. പൂർണതയെന്ന ആശയവാദ കൽപനയിൽ ഹിംസയും അന്യവത്കരണ ത്വരയും മുന്നിട്ടുനിൽക്കുന്നു. ആയിത്തീരലിനെ നിഷേധിക്കുന്ന തത്ത്വചിന്തയാണത്. അസ്തിത്വത്തിനു മുമ്പേ സങ്കൽപിക്കപ്പെടുന്ന സത്തയാണിവിടെ പൂർണത.
മനസ്സ്, ശരീരം, ആത്മാവ്, ആരോഗ്യം, ശേഷി/കഴിവ്, വ്യക്തിത്വം, മനുഷ്യത്വം എന്നിവയിലെല്ലാം പൂർണതാ സങ്കൽപങ്ങൾ ആരോപിക്കപ്പെട്ടു, ശരീരവുമായി ബന്ധപ്പെട്ടും ശേഷികളുമായി ബന്ധപ്പെട്ടും പൂർണതാ സങ്കൽപങ്ങൾ നിലനിന്നു. അവയവങ്ങളും ഇന്ദ്രിയങ്ങളും തികഞ്ഞത് പൂർണ ശരീരവും അല്ലാത്തവ അപൂർണ ശരീരങ്ങളുമായി.
അപൂർണ ശരീരങ്ങൾ അപൂർണ വ്യക്തിത്വങ്ങളും അപൂർണ മനുഷ്യരുമായി. അവർ പാർശ്വവത്കരിക്കെപ്പട്ടു. ഇന്ദ്രിയാവയവങ്ങളുടെ തികവ് മനസ്സിന്റെയും ശരീരത്തിന്റെയും പൂർണതയായി. അവയുടെ അഭാവം ആത്മാവിന്റെ കളങ്കമായി. പൂർണമല്ലാത്തവ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയുംചെയ്തു. അവ ശിക്ഷാർഹമായി. ശിക്ഷക്കുള്ള കാരണമോ ഫലമോ ആയി അപൂർണതകൾ അന്യവത്കരിക്കപ്പെട്ടു. പൂർണംകൊണ്ട് അംശത്തെ ഹരിക്കുന്നത് രാഷ്ട്രീയവും സംസ്കാരവുമായി. ഇത് സ്വാഭാവിക ജീവിതവും രീതിയുമെന്ന മട്ടിൽ സർവതിലും വ്യാപിച്ച അധീശത്വമായി.
ശാരീരികമായ ഭിന്നതകളെ പാപമായി അവതരിപ്പിക്കുന്ന രീതി പാശ്ചാത്യവും പൗരസ്ത്യവുമായ കലയിലും സാഹിത്യത്തിലും സാർവത്രികമായിരുന്നു. ശരീരത്തിന്റെ രൂപവ്യത്യാസം ആത്മാവിന്റെ കളങ്കമായി വിലയിരുത്തപ്പെട്ടിരുന്നു. ഡിസേബ്ൾഡ് വ്യക്തികളെ തിന്മയുടെ പ്രതീകമായാണ് അവതരിപ്പിച്ചിരുന്നത്. ശാരീരികമായ അപൂർണത ആത്മാവിന്റെ അപൂർണതയായി വ്യാഖ്യാനിക്കപ്പെട്ടു.
രോഗം, ശാരീരിക ഭിന്നതകൾ എന്നിവ പാപമായും തിന്മയായുമാണ് കലാവിഷ്കാരങ്ങളിൽ ഇടംപിടിച്ചത്. ക്രിമിനാലിറ്റി, സദാചാര വിരുദ്ധത, രാക്ഷസീയത എന്നിവയുമായി ശാരീരിക മാനസിക ഭിന്നതകളെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ രീതി. പ്രബലമായ വ്യവഹാരങ്ങളെ സാധാരണവും സ്വാഭാവികവുമായി വിശേഷിപ്പിക്കുന്നതും അതിൽനിന്നുള്ള വ്യതിചലനത്തെ അപകടകരവും നീചവുമായി വ്യാഖ്യാനിക്കുന്നതുമാണ് ഈ പരമ്പരാഗത രീതി.
ഡിസെബിലിറ്റിയും മതപാഠങ്ങളും
മനുഷ്യനടക്കമുള്ള ജീവജാലങ്ങളെല്ലാം ദൈവസൃഷ്ടമെന്നു കരുതുന്ന ആസ്തിക തത്ത്വചിന്തയാണ് മതങ്ങളുടെ അടിസ്ഥാനം. ഒന്നിനൊന്നു വൈവിധ്യങ്ങളോടെയാണ് ദൈവം സൃഷ്ടി നടത്തിയിട്ടുള്ളത് എന്ന കാര്യത്തിൽ മതങ്ങൾക്ക് സംശയമില്ല. എന്നാൽ, ഡിസെബിലിറ്റിയോടെ ഒരാളെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിനൊരു ഉദ്ദേശ്യമുണ്ടാകണമെന്നു സങ്കൽപിക്കപ്പെട്ടു. അങ്ങനെ ജന്മനാലുള്ള ഡിസെബിലിറ്റി ദൈവത്തിന്റെ ശിക്ഷയോ താക്കീതോ ആയി വ്യാഖ്യാനിക്കപ്പെട്ടു.
യുദ്ധമോ രോഗങ്ങളോ പകർച്ചവ്യാധികളോ ഡിസെബിലിറ്റിക്ക് കാരണമാകുന്നുണ്ട്. യുദ്ധം കാരണം ഡിസെബിലിറ്റി സംഭവിച്ചവർക്ക് പ്രാചീന ഗ്രീക്-റോമൻകാർ സവിശേഷ പരിഗണന കൊടുത്തിരുന്നതായി പറയപ്പെടുന്നു. യുദ്ധവീരന്മാർക്കോ സാഹസികന്മാർക്കോ സംഭവിക്കുന്ന ഡിസെബിലിറ്റിയെ സവിശേഷമായി പരിചരിക്കുമ്പോൾതന്നെ ജന്മനാലുള്ള ഡിസെബിലിറ്റിയെ ദൈവശിക്ഷയായി കരുതിപ്പോന്ന വൈരുധ്യവും കാണാം.
പാപവും ശിക്ഷയുമായി ഡിസെബിലിറ്റിയെ കാണുന്ന മതങ്ങൾ അതിനോടൊപ്പംതന്നെ കാരുണ്യവും സഹാനുഭൂതിയും അത്തരം വ്യക്തികളോടു പുലർത്തണമെന്ന പ്രബോധനവും നടത്തുന്നുണ്ട്. ഡിസെബിലിറ്റിയുള്ള വ്യക്തികളെ പ്രത്യക്ഷത്തിൽതന്നെ അവഹേളിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതിന്റെ തെളിവുകളും പല മതനിയമങ്ങളിലും ആരാധനാ വാക്യങ്ങളിലും കണ്ടെത്താം.
ലംഘനങ്ങൾക്കുള്ള ശിക്ഷ എന്ന നിലയിൽ യഹോവയാൽ സംഭവിക്കുന്നതാണ് വൈകല്യം എന്നാണ് യഹൂദ മതഗ്രന്ഥമായ തോറയിൽ പറയുന്നത്. രോഗികളെ പിന്തുണക്കാനും വികലാംഗരെ അപമാനിക്കാതിരിക്കാനുമുള്ള ആഹ്വാനവും അതിലുണ്ട്. ഡിസെബിലിറ്റിയുള്ളവർ ബലിയർപ്പിക്കുന്നതിൽ പങ്കെടുക്കുന്നതിനെ വിലക്കുന്നുണ്ട് യഹൂദ മതം. ‘‘നിന്റെ സന്തതികളിൽ ഒരു ന്യൂനതയെങ്കിലും ഉള്ളവർ ആരും തന്റെ ദൈവത്തിന്റെ ഭക്ഷണം അർപ്പിക്കാൻ അടുത്തു വരരുത്. അന്ധനോ മുടന്തനോ വിരൂപനോ ആയ ഒരു മനുഷ്യനും’’ എന്ന് ലെവിറ്റിക്കസ് യൂനിറ്റ് 15ൽ കാണാം. ശാരീരികമായ പൂർണതയെ ദൈവികതയുമായി ചേർത്തുവെക്കുന്നതാണ് തോറയുടെ സമീപനം. ആചാരാനുഷ്ഠാനങ്ങളുടെയും ആത്മീയതയുടെയും പൂർണത ശാരീരികവും മാനസികവുമായി കരുത്തുള്ളവരിൽ നിക്ഷിപ്തമാക്കുന്നതാണ് യഹൂദ മതസങ്കൽപം.
ഡിസെബിലിറ്റി പാപത്തിന്റെ ഫലമാണെന്ന ധാരണ പുരാതനകാലം മുതലുണ്ടായിരുന്നു. ശാരീരികമായ ഡിസെബിലിറ്റിയോടെയുള്ള ജനനം ദൈവത്തിന്റെ ശാപമാണെന്നത് മതപരമായ വിശ്വാസമാണ്. ഡിെസബിലിറ്റിയുടെ പേരിൽ ശിശുഹത്യപോലും നടന്നത് ചരിത്രമാണ്. കുഷ്ഠരോഗംപോലുള്ള രോഗങ്ങളെയും രോഗികളെയും ഡിസെബിലിറ്റിയായി കരുതി സമൂഹത്തിൽനിന്നു മാറ്റിനിർത്തിയിരുന്നു. പാപത്തിന്റെ ശിക്ഷയാണ് ഡിസെബിലിറ്റിയെന്ന് ബൈബിൾ നേരിട്ടു പറയുന്നില്ലെങ്കിലും അങ്ങനെ വ്യാഖ്യാനിക്കാവുന്ന സൂചനകളുണ്ട്. രോഗവും വൈകല്യവും ദുരാത്മാവിന്റെ ബാധയാണെന്ന് യേശുവിന്റെ ചില വചനങ്ങൾ തോന്നിപ്പിക്കുന്നു.
“പതിനെട്ടു വർഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവർന്നുനിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ” ഒരുവളെ യേശു സുഖപ്പെടുത്തുന്നുണ്ട് (ബൈബിൾ കമീഷൻ (വിവ.), കൂനിപ്പോയ ആ സ്ത്രീയെക്കുറിച്ച് “സാത്താൻ ബന്ധിച്ചിട്ടിരുന്നതായ അബ്രാഹത്തിന്റെ മകൾ” എന്നാണ് യേശുവിന്റെ വിശേഷണം. ആത്മാവിന്റെ ബാധയാണ് രോഗത്തിനും വൈകല്യത്തിനും കാരണമായി യേശു പറയുന്നത്. അതേസമയം, ഡിസേബ്ൾഡ് വ്യക്തികളെ യേശു സുഖപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങളാണ് ബൈബിളിലുള്ളത്. ഒരു സവിശേഷ സന്ദർഭത്തിൽ പാപമല്ല ഡിസെബിലിറ്റിക്ക് കാരണമെന്നു യേശു പറയുകയും ചെയ്യുന്നു.
അന്ധനായ ഒരുവനെക്കുറിച്ച് ശിഷ്യന്മാർ യേശുവിനോട് ചോദിക്കുന്നു. “റബ്ബീ... ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ?’’ യേശു മറുപടി പറഞ്ഞു. ‘‘ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല. പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്” (ബൈബിൾ കമീഷൻ (വിവ.).
ദൈവികമായ പരീക്ഷണമാണ് ഡിസെബിലിറ്റി എന്നു വ്യാഖ്യാനിക്കാൻ ഈ മറുപടി കാരണമാകുന്നു. ഡിസെബിലിറ്റി വ്യക്തികളോട് രണ്ടു സമീപനങ്ങൾ ക്രിസ്തുമത വിശ്വാസികൾ പുലർത്തിയിരുന്നതായി കാണാം. പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് ഡിസെബിലിറ്റി എന്ന വീക്ഷണം ഒരുവിഭാഗം ക്രിസ്തുമത വിശ്വാസികൾ പുലർത്തിപ്പോന്നിരുന്നു. ഈ വീക്ഷണം മാർട്ടിൻ ലൂഥറിനെ പോലും വളരെയേറെ സ്വാധീനിച്ചിരുന്നു. മാനസിക രോഗങ്ങളും നാഡീവൈകല്യങ്ങളുമുള്ളവരെ ചങ്ങലക്കിടുകയും ഭക്ഷണം നിഷേധിക്കുകയുംചെയ്ത മഹാക്രൂരതകൾക്ക് മതവിശ്വാസം കൂട്ടുനിന്നിട്ടുണ്ട്. ഡിസെബിലിറ്റിയുള്ള വ്യക്തികളെ പരിപാലിക്കുന്നത് കടമയാണെന്നു ധരിക്കുന്ന മറ്റൊരു വിഭാഗം ക്രിസ്തുമത വിശ്വാസികളുമുണ്ടായിരുന്നു.
അല്ലാഹു ഉയർത്തുന്ന വെല്ലുവിളിയാണ് മനുഷ്യന്റെ എല്ലാ കഷ്ടപ്പാടുകളും എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഖുർആനിലെ വിവിധ വാക്യങ്ങളുടെ വ്യാഖ്യാനങ്ങളിൽ തെളിയുന്നതിതാണ്. ക്ഷമയും സഹിഷ്ണുതയും പാലിച്ച് ദൈവവിശ്വാസം മുറുകെപ്പിടിച്ച് പ്രശ്നങ്ങളെ മറികടക്കാമെന്ന സന്ദേശമാണ് ഖുർആൻ വ്യാഖ്യാനങ്ങളിലുള്ളത്. “ഭയാശങ്കകൾ, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീർച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദർഭങ്ങളിൽ ക്ഷമയവലംബിച്ചുകൊള്ളുകയും ഞങ്ങൾ അല്ലാഹുവിന്റേതല്ലോ അവനിലേക്കല്ലോ ഞങ്ങൾ മടങ്ങേണ്ടതും എന്നു പ്രാർഥിക്കുകയും ചെയ്യുന്നവരെ സുവാർത്തയറിയിച്ചുകൊള്ളുക’’ എന്ന് ഖുർആൻ രണ്ടാമധ്യായത്തിൽ (ടി.കെ ഉബൈദ്- വിവ.) പറയുന്നു. ഡിെസബിലിറ്റിയെ മനുഷ്യരുടെ കർമഫലമായി കാണുന്നില്ല.
“അന്ധനും മുടന്തനും രോഗിയും ആരുടെ വീടുകളിൽനിന്നും ഭക്ഷണം കഴിക്കുന്നതിലും യാതൊരു വിരോധവുമില്ല. നിങ്ങൾക്കും വിരോധമില്ല” എന്ന ഇരുപത്തിനാലാം അധ്യായത്തിലെ വാക്യം (ടി.കെ. ഉബൈദ്- വിവ.) ഡിസേബ്ൾഡ് വ്യക്തികളെയും രോഗികളെയും സാമൂഹികമായി ഉൾക്കൊള്ളണമെന്ന സന്ദേശം നൽകുന്നു.
മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥർ, ദരിദ്രർ, അയൽക്കാർ, കൂട്ടുകാർ, യാത്രക്കാർ എന്നിവരോടെല്ലാം നല്ലതു ചെയ്യാനാണ് ഖുർആന്റെ ആഹ്വാനം. ഡിെസബിലിറ്റിയുള്ള വ്യക്തികളെ സഹായിക്കാനും അവരോട് ദയയോടെ പെരുമാറാനും ഖുർആൻ ആഹ്വാനംചെയ്യുന്നുണ്ട്. തന്നെ സമീപിച്ച അന്ധനിൽനിന്നു മുഖം തിരിച്ച നബിയെ അല്ലാഹു ഉപദേശിക്കുന്ന ഒരു സന്ദർഭം എൺപതാം സൂറയിലുണ്ട്. ഈ ജന്മത്തിലെ ഗുണദോഷങ്ങൾക്കടിസ്ഥാനം പൂർവജന്മകർമങ്ങളാണെന്ന് കർമസിദ്ധാന്തം പറയുന്നു. അങ്ങനെ പൂർവജന്മത്തിലെ കർമദോഷമായി ഡിസെബിലിറ്റിയും പരിഗണിക്കപ്പെടുകയാണ് വൈദിക ബ്രാഹ്മണമതത്തിൽ.
“സുഖവും ദുഃഖവും ദാരിദ്ര്യവും ആരോഗ്യവും രോഗവുമെല്ലാം കർമഫലങ്ങളാണ്. സൽക്കർമത്തിനു നല്ല ഫലവും ദുഷ്കർമത്തിനു ചീത്ത ഫലവും ഉണ്ടാകുന്നു” (കെ. ദാമോദരൻ - ഭാരതീയ ചിന്ത). മുജ്ജന്മത്തിൽ ചെയ്ത കർമങ്ങളുടെ ഫലമായാണ് ഒരാൾ ബ്രാഹ്മണനായോ ശൂദ്രനായോ ജനിക്കുന്നത്. കർമനിയമത്തെ പുനർജന്മസിദ്ധാന്തവുമായും ബന്ധിപ്പിക്കുന്നുണ്ട്.
കർമനിയമം അലംഘനീയമാണെന്നും പറയുന്നു. പുരാണത്തിൽ ഡിസേബ്ൾഡ് വ്യക്തികൾ നിഷേധാത്മകമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ഡിസെബിലിറ്റിയുള്ളവരെ സാമൂഹികമായി പുറന്തള്ളാനുള്ള ആഹ്വാനം മനുസ്മൃതിയിലുണ്ട്. സവിശേഷ ചടങ്ങുകളിൽനിന്ന് അവരെ മാറ്റിനിർത്താനാണ് നിർദേശം. അശുഭകാരികളായും ഫലംകെടുത്തുന്നവരായുമാണ് മനുസ്മൃതി ഡിസേബ്ൾഡ് മനുഷ്യരെ കാണുന്നത്.
മനുസ്മൃതിയുടെ ‘ഗൃഹസ്ഥാശ്രമ ധർമം’ എന്ന മൂന്നാമധ്യായത്തിലെ 177ാം ശ്ലോകത്തിൽ “കുരുടൻ ബ്രാഹ്മണൻ ഭുജിക്കുന്നിടത്തു വന്നാൽ തൊണ്ണൂറു പേർക്ക് അന്നം കൊടുത്ത ഫലവും ഒറ്റക്കണ്ണൻ നോക്കിയാൽ അറുപതു പേർക്ക് അന്നം കൊടുത്ത ഫലവും നശിപ്പിച്ചു കളയുന്നു” (വി. ബാലകൃഷ്ണൻ, ആർ. ലീലാദേവി -മനുസ്മൃതി വിവ.) എന്നുകാണാം. ശ്ലോകം 242ൽ ഞൊണ്ടി, ഒറ്റക്കണ്ണൻ, നാലോ ആറോ വിരലുള്ളവൻ ഇവരെ ശ്രാദ്ധദിനത്തിൽ ആ ഗൃഹത്തിൽനിന്നും പുറത്താക്കണമെന്ന് കൽപിക്കുന്നു.
‘അർഥശാസ്ത്ര’മാകട്ടെ കുടുംബസ്വത്തിലുള്ള അധികാരം അന്ധനു നിഷേധിക്കുന്നുണ്ട്. ‘അർഥശാസ്ത്ര’ത്തിന്റെ ദായക്രമം എന്ന അഞ്ചാമധ്യായത്തിൽ ജഡൻ, അന്ധൻ, കുഷ്ഠി എന്നിവർക്ക് ദ്രവ്യാംശത്തിന് അവകാശമില്ല എന്നെഴുതിയിരിക്കുന്നു. കടം കൊണ്ടതിന്റെയോ കൊടുത്തതിന്റെയോ വ്യവഹാരത്തിൽ സാക്ഷിനിൽക്കാനുള്ള വിശ്വാസ്യതയില്ലാത്തവരായാണ് അന്ധൻ, ബധിരൻ, മൂകൻ എന്നിവരെ അവതരിപ്പിക്കുന്നത് (1980: 226).
ഹിന്ദുമതത്തിന്റെ കർമ-പുനർജന്മ സിദ്ധാന്തങ്ങളെ പിന്തുടരുന്ന മതമാണ് ബുദ്ധമതമെന്നും അല്ലെന്നും ശക്തമായ വാദങ്ങളുണ്ട്. ബ്രാഹ്മണമതത്തിലെ കർമസിദ്ധാന്തമല്ല ബുദ്ധമതത്തിന്റേതെന്നാണ് അംബേദ്കറെപ്പോലുള്ള ചിന്തകർ നിരീക്ഷിച്ചിട്ടുള്ളത്. ബുദ്ധന്റേത് പ്രക്രിയാപരവും ബന്ധപരവും ഭിന്നതാപരവുമായ ഭവശാസ്ത്രമാണ് എന്ന് കെ. രാജൻ നിരീക്ഷിക്കുന്നു. “ബുദ്ധന്റെ ശൂന്യദർശനത്തിൽ പ്രപഞ്ചത്തിനും വസ്തുക്കൾക്കും വിഷയികൾക്കും സ്ഥിരതന്മയോ അന്തസ്സാരമോ ഇല്ല. പ്രതീത്യസമുൽപാദം എല്ലാം ബന്ധത്തിൽനിന്നുണ്ടായതായി കരുതുന്നു.
എല്ലാ അസ്തിത്വവും സഹാസ്തിത്വമാണ്. ഭവം അപരർക്കൊപ്പമുള്ള ഭവം ആണ്” (രാജൻ കെ -ട്രാൻസ് മോഡേണിറ്റിയുടെ ഭിന്ന പ്രവാഹങ്ങൾ). പ്രജ്ഞയുടെയും കരുണയുടെയും സംയോഗമായാണ് ബുദ്ധമതം താത്ത്വികമായി നിലനിൽക്കുന്നത്. ദൈവം, ആത്മാവ് എന്നീ സങ്കൽപങ്ങളോ പൂർണതയെക്കുറിച്ചുള്ള മുൻവിധികളോ അതിന്റെ ഭാഗമായ വിവേചനങ്ങളോ ഇല്ല.
ഡിസെബിലിറ്റിയുള്ളവരെ മാലിന്യം ബാധിച്ചവരായി ജൈനമതം കാണുന്നു. അവർക്കു ദീക്ഷ നൽകുകയോ ജൈനസംഘത്തിൽ ചേർക്കുകയോ ചെയ്തിരുന്നില്ല. “കരചരണങ്ങളില്ലാത്തവരും മുടന്തൻ, കൂനൻ, കുറുകിയവൻ, ബധിരൻ മുതലായവരും ശരീരജുംഗിതന്മാരാകുന്നു. ആളുകളുടെ ഇടയിൽ പഴി ഉണ്ടാകാനിടയുള്ളതുകൊണ്ട് അവർക്കും ദീക്ഷ നൽകുന്നതു യുക്തമല്ല” (ധർമാനന്ദ് കൊസാംബി (ഉദ്ധ.) -ഭഗവാൻ ബുദ്ധൻ).
ഡിസെബിലിറ്റി ദൈവശാപമാണെന്നും അപൂർണതയാണെന്നും ആത്മാർഥമായി വിശ്വസിക്കുന്ന ആശയവാദികളാണ് ലോകത്ത് ഭൂരിഭാഗവും. ഈ വിശ്വാസത്തെ ഉറപ്പിച്ചെടുക്കുന്നതിലും നിലനിർത്തുന്നതിലും പൗരോഹിത്യ മതബോധങ്ങൾക്കു വലിയ പങ്കുണ്ട്. ഡിസെബിലിറ്റിയുള്ളവരോട് മതവിശ്വാസികളുടെ പെരുമാറ്റം ഒരുകാലത്ത് തുല്യമനുഷ്യരോടെന്ന നിലയിലായിരുന്നില്ല. ശാരീരികമായ ഡിസെബിലിറ്റി ഉള്ളവർ ദൈവിക ശക്തിയുള്ളവരാണെന്ന മിത്തും ഇതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
മനുഷ്യരെ ദിവ്യരാക്കുന്ന ഈ കുറുക്കുവഴിയും അപമാനവീകരണതന്ത്രമാണ്. ഡിസേബ്ൾഡ് വ്യക്തികളെ ദിവ്യാംഗരെന്നു വിളിക്കുന്നത് ഇതിന്റെ ഭാഗമാണ്. മനുഷ്യന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നും അവകാശ തുല്യതക്കുള്ള പോരാട്ടത്തിൽനിന്നും അവരെ പുറത്താക്കുന്ന തന്ത്രമാണിത്. ശേഷീ അധീശത്വപരമായ വിവേചനത്തെയും അതിനെതിരായ പോരാട്ടത്തെയും തമസ്കരിക്കാനാണ് ഈ പദപ്രയോഗം പ്രയോജനപ്പെടുക എന്നു വിലയിരുത്തപ്പെടുന്നു.
ശേഷീ അധീശത്വ രാഷ്ട്രീയവും ചരിത്രവും
വിവേചനങ്ങളുടെ വിവിധ രൂപങ്ങളും ക്രൂരതകളും പല ചരിത്രഘട്ടങ്ങളിലും അനുഭവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഡിസേബ്ൾഡ് വ്യക്തികൾ. ശാരീരികശേഷിയിലും ശരീരപൂർണതയിലും അതിരറ്റ വിശ്വാസമുണ്ടായിരുന്ന പ്രാചീന സ്പാർട്ടൻ ജനത ശേഷിക്കുറവോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ വധിച്ചിരുന്നതായി തെളിവുകളുണ്ട്. നിരവധി സമൂഹങ്ങളിൽ ഈ രീതിയുണ്ടായിരുന്നെന്നു പറയപ്പെടുന്നു. കുഞ്ഞുങ്ങളെ കൊല്ലുകയോ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യാൻ അവർക്കു മടിയുണ്ടായിരുന്നില്ല.
17ാം നൂറ്റാണ്ടോടെയാണ് ഡിസേബ്ൾഡ് വ്യക്തികളെ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അനാഥാലയങ്ങളിലോ അഭയാർഥി കേന്ദ്രങ്ങളിലോ പാർപ്പിക്കാൻ തുടങ്ങുന്നത്. മനുഷ്യത്വരഹിതമായ അനുഭവങ്ങളിലൂടെയും അവസ്ഥകളിലൂടെയുമാണ് അത്തരം സ്ഥാപനങ്ങളും അവരെ കൊണ്ടുപോയത്. സാമൂഹിക മനോഭാവം പഴയപടി തുടരുകതന്നെയായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലണ്ടിൽ അരങ്ങേറിയ ‘ഫ്രീക്ക്ഷോ’കൾ ഡിസേബ്ൾഡ് വ്യക്തികളെ വിനോദത്തിനായി പ്രദർശിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.
ഡിസേബ്ൾഡ് വ്യക്തികളെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കിയ നികൃഷ്ടമായ സംഭവങ്ങൾ അമേരിക്കയിലും കാനഡയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി. സമ്പൂർണ ആരോഗ്യവാന്മാരും ബുദ്ധിമാന്മാരുമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന വംശീയസിദ്ധാന്തത്തിന്റെ പേരിലുള്ളതായിരുന്നു ഈ വന്ധ്യംകരണം.
യൂജനി എന്നറിയപ്പെട്ട ഈ വംശീയ സിദ്ധാന്ത പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലുമായി വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ശക്തിപ്പെട്ടിരുന്നു. ബുദ്ധിശക്തിയും ശാരീരികശേഷിയും കൂടിയവർക്കു മാത്രമായി കുടുംബജീവിതവും പ്രത്യുൽപാദനാവകാശവും അനുവദിക്കുന്ന നിയമമായിരുന്നു അവിടങ്ങളിൽ നടപ്പാക്കിയത്. അല്ലാത്തവർക്കെതിരെ നിർബന്ധിത വന്ധ്യംകരണവും ഗർഭഛിദ്രവും ദയാവധവും നടപ്പാക്കി.
വിവാഹത്തിനോ കുടുംബജീവിതത്തിനോ സന്താനോൽപാദനത്തിനോ കൊള്ളരുതാത്തവരായി തരം താഴ്ത്തപ്പെട്ടവരത്രയും ഡിസേബ്ൾഡ് മനുഷ്യരായിരുന്നു. ഡിസെബിലിറ്റിയുള്ളവരെയും മനോരോഗമുള്ളവരെയും ജനിതക വൈകല്യമുള്ളവരായാണ് അക്കാലഘട്ടങ്ങളിൽ പരിഗണിച്ചത്. നാസി ജർമനിയിൽ ആര്യൻ വംശശുദ്ധി സംരക്ഷിക്കാനെന്ന പേരിൽ ഹിറ്റ്ലർ ഈ ആശയത്തെ അതിക്രൂരമായി ഉപയോഗപ്പെടുത്തി. ലക്ഷക്കണക്കിന് ജൂതന്മാരോടൊപ്പം പതിനായിരക്കണക്കിനു ഡിസേബ്ൾഡ് മനുഷ്യരെയും ഹിറ്റ്ലർ കൊന്നൊടുക്കിയിട്ടുണ്ട്.
സ്വന്തം ശരീരത്തിനോ ജീവനോ വ്യക്തിത്വത്തിനോ ഒരു സ്വയം നിർണയാവകാശവും അവർക്കു ലഭ്യമായിരുന്നില്ല. ശേഷീ അധീശത്വത്തിന്റെ രാഷ്ട്രീയരൂപങ്ങളായിരുന്നു നാസിസവും ഫാഷിസവും. ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ അന്ധതയെയും ബധിരതയെയും മാനസിക രോഗത്തെയും പാരമ്പര്യ രോഗങ്ങളായി കണക്കാക്കിയിരുന്നു. ഇത്തരത്തിൽ പാരമ്പര്യ രോഗങ്ങളുള്ളവരെ വന്ധ്യംകരിക്കാനുള്ള നിയമം ഹിറ്റ്ലർ നടപ്പാക്കി.
രോഗങ്ങളോടെ കുട്ടികൾ ജനിക്കാതിരിക്കാനുള്ള നടപടിയായിരുന്നു ഇത്. ആര്യവംശ മഹത്ത്വത്തിന് കോട്ടംതട്ടിക്കുന്നവരായി അംഗപരിമിതർ മുദ്രകുത്തപ്പെട്ടു. അവർക്കെതിരെ നിയമങ്ങളും പ്രചാരണവും ശക്തമാക്കുകയാണ് ഹിറ്റ്ലർ ചെയ്തത്. ഡിസേബ്ൾഡ് വ്യക്തികളെ സമൂഹത്തിൽനിന്ന് ഇല്ലാതാക്കാൻ രഹസ്യ ദയാവധ പദ്ധതിയും ഹിറ്റ്ലർ കൊണ്ടുവന്നു. 1939ലാണ് അത്. ന്യൂറോളജിക്കലോ സൈക്യാട്രിക്കലോ ആയ ഡിസോർഡറുള്ളവരെ തിരഞ്ഞെടുത്ത് കൊല്ലാനുള്ളതായിരുന്നു ഈ പദ്ധതി. പതിനായിരക്കണക്കിന് ഡിസേബ്ൾഡ് വ്യക്തികളെ ഹിറ്റ്ലർ കൊന്നൊടുക്കിയെന്ന് ചരിത്രം പറയുന്നു.
തുല്യതയുടെ രാഷ്ട്രീയം
എല്ലാ മനുഷ്യർക്കും ജന്മനാൽതന്നെ അവകാശങ്ങളുണ്ടെന്ന രാഷ്ട്രീയ പ്രഖ്യാപനം –മനുഷ്യാവകാശ പ്രഖ്യാപനം–ഉണ്ടാകുന്നത് 1788ൽ ഫ്രാൻസിലാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളും മുദ്രാവാക്യങ്ങളും രാഷ്ട്രീയ സാമൂഹികഘടനകളെ ജനാധിപത്യവത്കരിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ സൂക്ഷ്മതലങ്ങളിലേക്ക് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മൂല്യങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണിന്ന്.
ഡിസേബ്ൾഡ് വ്യക്തികൾക്കിടയിൽ സംഘടിതാവബോധവും ആത്മവിശ്വാസവും സമരങ്ങളും രൂപപ്പെട്ടതോടെ അനുകൂലമായ നയങ്ങളും നിയമനിർമാണങ്ങളും ഭരണതലത്തിൽനിന്നുണ്ടാകുന്നുണ്ട്. എന്നാൽ, അതിനനുസരിച്ച് സാമൂഹികമായ സ്വീകാര്യതയുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടായെന്നു പറയാനാവില്ല. ഡിസേബ്ൾഡ് വ്യക്തികൾക്കുവേണ്ടത് മൗലിക മനുഷ്യാവകാശങ്ങളും സാമൂഹിക രാഷ്ട്രീയ അധികാര തുല്യതയുമാണ്. അതിൽ കൂടുതലോ കുറവോ അല്ല. അതിന് ആശയവാദപരമായ പൂർണതാ സങ്കൽപങ്ങളെയും ശേഷീ അധീശത്വ രാഷ്ട്രീയത്തെയും പ്രതിരോധിക്കേണ്ടതുണ്ട്.
===========
(പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.