റിപ്പബ്ലിക്കിന്റെ 75 വർഷങ്ങളിൽ ഭരണഘടനക്കും രാജ്യത്തിനും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ലക്ഷ്യങ്ങളിൽനിന്ന് രാജ്യം വഴിമാറിയത്? എങ്ങനെയാണ് മതേതരത്വം എന്ന സങ്കൽപങ്ങൾക്ക് മാറ്റം വന്നത്? എങ്ങോട്ടാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്?
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് പറയുമ്പോഴും എന്താണ് ഇന്ത്യൻ മതേതരത്വംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ഇപ്പോഴും ഒരു സംവാദ വിഷയമാണ്. സാമ്പ്രദായിക പടിഞ്ഞാറൻ മതനിരപേക്ഷതയിൽ ഉദ്ദേശിക്കുന്ന മതേതരത്വത്തിന് ചേരുന്നതല്ല ഇന്ത്യയിൽ നടക്കുന്ന ഒന്നും.
ഇവിടെ രാഷ്ട്രം മതകാര്യങ്ങളിൽ ഇടപെടുന്നു, മത ആഘോഷങ്ങൾക്ക് രാഷ്ട്രം പൊതു അവധി നൽകുന്നു, മത പരിഷ്കരണത്തിന് നിയമനിർമാണങ്ങൾ നടത്തുന്നു, മതേതര കോടതികൾ മത വിഷയങ്ങൾ വ്യാഖ്യാനിച്ചു വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നു, ഇങ്ങനെയുള്ള ഉദാഹരണങ്ങൾ ഒന്നുംതന്നെ ഒരു സാമ്പ്രദായിക മതനിരപേക്ഷതയുടെ നിർവചനവുമായി ചേർന്ന് പോകുന്നതല്ല.
അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടുത്തുന്നതിന് എത്രയോ മുമ്പുതന്നെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനകളിൽ ഒന്നാണ് മതേതരത്വം എന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുമുണ്ട്. എന്താണ് ഇന്ത്യൻ മതേതരത്വംകൊണ്ട് ഭരണഘടനാ നിർമാതാക്കൾ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കുന്നതിനുള്ള വഴി ഭരണഘടനാനിർമാണ സഭയിലെ ചർച്ചകൾ പരിശോധിക്കുക എന്നതാണ്.
ഹിന്ദുത്വ രാഷ്ട്രീയ വക്താക്കൾ വ്യാഖ്യാനിക്കുന്നത് ഭരണഘടനാ നിർമാതാക്കൾ ഭരണഘടന നിർമിക്കുന്ന സമയത്ത് മതേതരത്വം എന്നത് ഉൾപ്പെടുത്തിയിരുന്നില്ല അതുകൊണ്ടുതന്നെ അത് ഉപേക്ഷിക്കപ്പെടേണ്ട വൈദേശിക സങ്കൽപമാണ്. അവർ പങ്കുവെക്കുന്ന ഭരണഘടനയുടെ ആമുഖം പേജിൽ സെക്കുലറിസം സോഷ്യലിസം എന്നിവയെ ഉൾപ്പെടുത്താറില്ല. എന്നാൽ എന്താണ് യഥാർഥത്തിൽ ഭരണഘടന നിർമാണ സഭയിൽ നടന്നത്?
ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ഇന്ത്യൻ സെക്കുലറിസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചിലർ സെക്കുലർ സ്റ്റേറ്റ് എന്നതിനെ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചില അംഗങ്ങൾ ദൈവത്തെ ഉൾപ്പെടുത്താൻ ശ്രമിച്ചു. എച്ച്.വി. കാമത്ത്, ഗോവിന്ദ് മാളവ്യ, എസ്.എൽ. സക്‌സേന എന്നിവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ദൈവത്തിന്റെ പേരിൽ (In the name of God) ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടവരാണ്. വലിയ ചർച്ചകൾക്ക് ശേഷം കാമത്തിന്റെ ഭേദഗതി നിർദേശം വോട്ടിനിടുകയും പരാജയപ്പെടുകയും ചെയ്തു.
ഇതുപോലെ തന്നെയാണ് ബ്രജേശ്വർ പ്രസാദ് കൊണ്ടുവന്ന സെക്കുലർ സോഷ്യലിസ്റ്റ് എന്ന ഭേദഗതികൾക്ക് സംഭവിച്ചത്. അതും വോട്ടെടുപ്പിൽ പരാജയപ്പെട്ടു. പൊതുജീവിതത്തിലും പൊതുരംഗത്തും മതത്തിന്റെ സ്ഥാനം നിയന്ത്രിക്കണം എന്ന അഭിപ്രായമുള്ളവർ ഒരുപാട് പേരുണ്ടായിരുന്നു. ഡോ. അംബേദ്‌കർ ഉൾെപ്പടെ ഈ അഭിപ്രായക്കാരായിരുന്നു. ‘‘ഇന്ത്യൻ രാഷ്ട്രത്തിന് ഒരു മതത്തോടും വിഭാഗത്തോടും വിശ്വാസത്തോടും യാതൊരുവിധ മമതയുമില്ല’’ എന്ന് പ്രത്യേകമായി ചേർക്കണം എന്ന് കെ.ടി. ഷാ ആവശ്യപ്പെട്ടു. കെ.ടി. ഷാ ഒരു ശാസ്ത്രജ്ഞനായിരുന്നു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണമെങ്കിൽ മതത്തെ നിയന്ത്രിച്ചാൽ മാത്രം പോരാ മതത്തെ നിരോധിക്കാൻ വരെ രാഷ്ട്രത്തിന് അധികാരമുണ്ടായിരിക്കണം എന്ന് അദ്ദേഹം വാദിച്ചു. ഇതും പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം കെ.എം. മുൻഷിയെപ്പോലുള്ളവർ ഇന്ത്യയിലെ മത സ്വാധീനത്തെ കണക്കിലെടുക്കണം എന്ന് വാദിക്കുന്നവരായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘‘ഒരു മതനിരപേക്ഷ രാഷ്ട്രം എന്നത് മതരഹിത രാഷ്ട്രമല്ല, അത് മതത്തെ അവഗണിക്കുകയോ മതത്തെ ഇല്ലാതാക്കാൻ പ്രതിജ്ഞ എടുക്കുകയോ ചെയ്തിട്ടുള്ള രാഷ്ട്രവുമല്ല.
ഈ രാജ്യത്തെ മതവിശ്വാസത്തെ കണക്കിലെടുക്കാത്ത ഒരു രാഷ്ട്രമല്ല മതേതര രാഷ്ട്രം.’’ അംബേദ്‌കർ സമർപ്പിച്ച ആദ്യത്തെ കരട് ഭരണഘടനയിൽ അമേരിക്കൻ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിക്ക് സമാനമായ ‘‘രാഷ്ട്രം ഒരു മതത്തെയും രാഷ്ട്രത്തിന്റെ മതമായി അംഗീകരിക്കുന്നില്ല’’ എന്ന മതേതരത്വത്തിന്റെ അടിസ്ഥാന തത്ത്വമായ ക്ലോസ് ഉണ്ടായിരുന്നു. എന്നാൽ മൗലിക അവകാശങ്ങളെക്കുറിച്ചുള്ള ഉപ കമ്മിറ്റി ഇത് ഒഴിവാക്കുകയാണ് ചെയ്തത്. അംബേദ്‌കർ ഇതിനോട് വിയോജിച്ചില്ല.
ഭരണഘടനാ നിർമാണ സഭയിൽ ഈ ക്ലോസ് വീണ്ടും ഉൾപ്പെടുത്താൻ ചർച്ചകൾ വന്നപ്പോൾ അംബേദ്‌കർ അതെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്. എന്നാൽ അദ്ദേഹം അതിനുള്ള കാരണം വിശദീകരിക്കാൻ തയാറായില്ല. ഈ നിർദേശങ്ങൾ തള്ളിക്കളയാനുള്ള കാരണം അംബേദ്‌കർ വിശദീകരിക്കണം എന്ന് കാമത്ത് ആവശ്യപ്പെട്ടപ്പോൾ ചർച്ച നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷൻ അംബേദ്കറെ സംസാരിക്കാനായി നിർബന്ധിക്കാൻ കഴിയില്ല എന്നൊരു മറുപടിയാണ് നൽകിയത്. അവസാനം എല്ലാ മതങ്ങളോടും തുല്യ മനോഭാവം തുല്യ ആദരവ് എന്ന സങ്കൽപമാണ് സ്വീകരിക്കപ്പെട്ടത്.
നെഹ്‌റു അഭിപ്രായപ്പെട്ടത് ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന മതേതരത്വം സർവ ധർമ സമഭാവനക്കും ധർമ നിരപേക്ഷതക്കും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നതാണ് എന്നാണ്. ഇന്ത്യൻ പുരോഗതിക്ക് ഏറ്റവും തടസ്സം ഇവിടത്തെ മതവിശ്വാസമാണ് എന്ന് വിശ്വസിച്ചിരുന്ന നെഹ്‌റു തന്റെ വ്യക്തിപരമായ വിശ്വാസം ഭരണഘടനാ നിർമാണത്തിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചില്ല.
ഇന്ത്യന്‍ മതേതരത്വത്തിന് കൂടുതല്‍ വിശാലവും ക്രിയാത്മകവുമായ അർഥങ്ങളും തലങ്ങളുമാണ് ഭരണഘടനാ നിർമാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്. മതത്തില്‍നിന്ന് അകലം പാലിക്കുന്ന ഒരു മതേതര ഭരണഘടനക്ക് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അവരുടെ അവകാശ സംരക്ഷണങ്ങളെയും അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ഇവിടത്തെ തൊട്ടുകൂടായ്മ, സതി, തഗ്സ് പോലുള്ള അനാചാരങ്ങളെ നേരിടാന്‍ കഴിയില്ല.
ദലിതര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കാന്‍ കഴിയില്ല. ഓരോ പൗരന്‍റെയും വിശ്വാസ സ്വാതന്ത്ര്യത്തിനെയും അതിന്‍റെ പ്രചാരണത്തെയും സംരക്ഷണത്തെയും കുറിച്ച് പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രത്തിന്‍റെ മൂലഗ്രന്ഥം തയാറാക്കുന്നവര്‍ക്ക് ഇതിനെയെല്ലാം അഭിമുഖീകരിക്കണമായിരുന്നു. ഇപ്പറഞ്ഞതെല്ലാം സാധ്യമാകുന്ന ഒരു ക്രിയാത്മക മതേതരത്വമാണ് ഭരണഘടനാ നിർമാതാക്കള്‍ ഭരണഘടനയിലെ വ്യത്യസ്ത അനുച്ഛേദങ്ങളിലൂടെ (Articles 15, 17, 25, 26, 30) സാധ്യമാക്കിയത്.
അതുകൊണ്ടാണ് 1975ല്‍ ഭരണഘടനാ ഭേദഗതി വരുന്നതിന് രണ്ടു വര്‍ഷം മുമ്പുതന്നെ 1973ല്‍ കേശവാനന്ദഭാരതി സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനകളില്‍ (Basic Structure) ഒന്നാണെന്നും അതിനെ അട്ടിമറിക്കുന്ന രീതിയിലുള്ള ഭരണഘടനാ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമാകയാല്‍ നിലനിൽക്കിെല്ലന്നും വിധിച്ചത്.
എന്നാൽ, ഇന്ത്യൻ ഭരണഘടന എഴുപത്തിയഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ സർവമത സമഭാവന എന്നത് ഹിന്ദു മതത്തോട് വിധേയപ്പെട്ട് മറ്റു മതങ്ങളും വിശ്വാസങ്ങളും അതിജീവിക്കുക എന്നും ധർമനിരപേക്ഷ എന്നത് സമ്പൂർണമായും ഹിന്ദു ധർമമായും മാറിയ കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇന്ത്യയിലെ കോടതികൾ പ്രത്യേകിച്ച് ഇന്ത്യൻ സുപ്രീംകോടതി എങ്ങനെ ഇവിടെ ഒരു ഹിന്ദു സ്വത്വ നിർമിതിക്കും ഹിന്ദുരാഷ്ട്ര നിർമിതിക്കും സഹായകരമായി വർത്തിച്ചു എന്നാണ് ഇനി പറയാൻ ശ്രമിക്കുന്നത്.
ഇതിലൂടെ സംഭവിച്ചത് ഇന്ത്യൻ രാഷ്ട്രത്തിൽ സ്വാഭാവികമായി ഉണ്ടായിരുന്ന വൈവിധ്യങ്ങളെയും ബഹുസ്വരതയേയുമെല്ലാം ഇല്ലാതാക്കുകയും ഏകശിലാത്മകമായ ഒരു സ്വഭാവത്തിലേക്ക്, സ്വത്വത്തിലേക്ക് അതിനെ പരാവർത്തനം ചെയ്യുകയും ചെയ്തു എന്നതാണ്.
ഗാന്ധിയൻ ദർശനത്തിലുള്ള മതനിരപേക്ഷതയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തത്. ഗാന്ധി ഊന്നിയത് മതങ്ങൾ തമ്മിലുള്ള വൈവിധ്യവും മതങ്ങൾക്ക് അകത്തുതന്നെയുള്ള വൈവിധ്യവുമാണ്. വിവിധങ്ങളും വൈവിധ്യങ്ങൾ ഉള്ളതുമായിരിക്കുമ്പോൾതന്നെ അവയെല്ലാം അടിസ്ഥാനപരമായി ഒരേ മൂല്യത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. ഗാന്ധിയുടെ വീക്ഷണങ്ങളെ ജൈന പാഠങ്ങൾ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഗാന്ധിയൻ മതനിരപേക്ഷതയുടെ സവിശേഷതയായി പറയുന്നത് വ്യത്യസ്ത മതവിശ്വാസ ദർശനങ്ങൾ തമ്മിലുള്ള സാഹോദര്യവും തുല്യതയുമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും തുല്യതക്കുംവേണ്ടി മതത്തെയും രാഷ്ട്രത്തെയും വേർപെടുത്തുന്ന പാശ്ചാത്യ മതനിരപേക്ഷതയിൽനിന്ന് ഈ ഗാന്ധിയൻ മതനിരപേക്ഷത തീർത്തും വ്യത്യസ്തവും ഈ ഗാന്ധിയൻ മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനാ മതനിരപേക്ഷതയിൽ അന്തർലീനവുമാണ്.
ഇന്ത്യൻ ഭരണഘടനാ മതനിരപേക്ഷത ഗാന്ധിയൻ രാഷ്ട്രീയ മതനിരപേക്ഷതയെ ഉൾച്ചേർക്കുന്നത് അവകാശങ്ങളുടെ ഭാഷയിലാണ്. ഭൂരിപക്ഷ മതമേധാവിത്വമുള്ള ഒരു സമൂഹത്തിൽ മറ്റൊരു നിലയിലെങ്കിലും അടിച്ചമർത്തപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യുമായിരുന്ന ഏറ്റവും ചെറിയ വിഭാഗങ്ങൾക്കുപോലും തുല്യത അനുവദിച്ചുകൊണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. നിർഭാഗ്യവശാൽ ഈ ഒരു ആശയത്തെ ഉൾക്കൊള്ളാനോ വിപുലപ്പെടുത്താനോ ഊട്ടിയുറപ്പിക്കാനോ ഇന്ത്യയിലെ കോടതികൾക്ക് സാധിച്ചില്ല.
നെഹ്റു ഭരണഘടനാ അസംബ്ലിയിൽ സംസാരിക്കുന്നു
ഇന്ത്യൻ ഭരണഘടന കേന്ദ്ര പ്രമേയമാക്കുന്നത് വ്യക്തികളെയും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയുമാണ്. അതേസമയം മത വിശ്വാസവും മത ആചാരവും ആകുമ്പോൾ അത് ഒരു വിഭാഗത്തിന്റെ അവകാശമാകുന്നു. ഇത് ഒരു വൈരുധ്യത്തെ ഉണ്ടാക്കുന്നുണ്ട്. ഈ വൈരുധ്യം ഇന്ത്യൻ ഭരണഘടനയെ നിർവചിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇന്ത്യൻ സുപ്രീംകോടതിയെ കുഴക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വ്യക്തിക്ക് നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും സ്വഭാവമെന്താണ്?
അതിൽ ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്, രാഷ്ട്രത്തിന്റെ ഉപകരണമായ നീതിന്യായ സംവിധാനങ്ങൾക്ക് എത്രമാത്രം ഇടപെടാൻ സാധിക്കും? ഒരു മതവിഭാഗത്തിന് അവരുടെ വിശ്വാസ ആചാരങ്ങൾ നിലനിർത്താനുള്ള അവകാശം എത്രമാത്രമുണ്ട്? വ്യക്തിയുടെ മൗലികാവകാശങ്ങളും ഒരു മതവിഭാഗത്തിന്റെ അവകാശങ്ങളും തമ്മിൽ ഉണ്ടാകുന്ന വൈരുധ്യത്തെ കോടതികൾ എങ്ങനെ പരിഹരിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് ഹിന്ദുമതത്തെ മുൻനിർത്തി സുപ്രീംകോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്. അതിലൂടെ എങ്ങനെയാണ് ഇവിടെ ഒരു ബ്രാഹ്മണിക്കൽ ഹിന്ദു സ്വത്വം സ്ഥാപനവത്കരിക്കപ്പെട്ടത് എന്നും.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, 25, 26 അനുച്ഛേദങ്ങൾ എന്നിവയാണ് പ്രധാനമായും വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുമ്പോൾ ചിന്തക്കും ആശയപ്രകാശനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നു. മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മൂന്നാം ഭാഗത്തിൽ അനുച്ഛേദം 25 അനുസരിച്ചു ഏതൊരാൾക്കും തുല്യമായി ആത്മാവബോധത്തിനും ഏതൊരു മതത്തിലും സ്വതന്ത്രമായി വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശമുണ്ട്.
അതിനുള്ള നിയന്ത്രണം പൊതുസാമൂഹിക ക്രമവും ആരോഗ്യവും ധാർമികതയും ഭരണഘടനയിൽ മൂന്നാം ഭാഗത്തിൽ പറയുന്ന മറ്റു മൗലികാവകാശങ്ങളും മാത്രമാണ്. അനുച്ഛേദം 25 (2) അനുസരിച്ചു മതാചാരങ്ങളോട് ബന്ധപ്പെട്ടതും എന്നാൽ, സാമ്പത്തികവും ധനപരവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവൃത്തികൾ രാഷ്ട്രത്തിനു നിയന്ത്രിക്കാം എന്നും പൊതു ഹൈന്ദവാരാധനാലയങ്ങൾ എല്ലാ ഹിന്ദു വിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടി രാഷ്ട്രത്തിനു നിയമനിർമാണം നടത്തുന്നതിന് 25(1) നൽകുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും തടസ്സമല്ല എന്നും പറയുന്നു. അനുച്ഛേദം 26 അനുസരിച്ച് ഒരു മതവിഭാഗത്തിനു മതസ്ഥാപനങ്ങൾ നടത്തുന്നതിനും സ്വത്ത് ആർജിക്കുന്നതിനും അത് ഭരിക്കുന്നതിനും മതപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്.
25, 26 അനുച്ഛേദങ്ങൾ തമ്മിലുള്ള പരസ്പരബന്ധങ്ങളും വൈരുധ്യങ്ങളും സുപ്രീംകോടതി അവയെ എങ്ങനെ വ്യാഖ്യാനിച്ചു എന്നതും ഇന്ത്യയിലെ മതനിരപേക്ഷതയെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട അന്വേഷണ ഘടകങ്ങളാണ്. മതവിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും പരിരക്ഷ നൽകുമ്പോൾതന്നെ അവയെ മൗലികാവകാശങ്ങൾക്കും പൊതു വ്യവസ്ഥിതി, ധാർമികത, സാമൂഹികാരോഗ്യം എന്നിവക്ക് വിധേയമാക്കുന്നു.
എവിടെയാണ് അതിർവരമ്പുകൾ വരുന്നത്, എങ്ങനെയാണ് അവ നിശ്ചയിക്കുന്നത്, ആരാണ് നിശ്ചയിക്കുന്നത് എന്നതാണ് കാതലായ ചോദ്യങ്ങൾ. വിശ്വാസം, ആചാരങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വന്ന പ്രധാനപ്പെട്ട വ്യവഹാരങ്ങൾ വ്യക്തികളുടെ ആരാധനക്കുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ഹിന്ദു മതസ്ഥാപനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുമായിരുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള നിയമതത്ത്വസംഹിതയുടെ (Jurisprudence on Religious freedom) അടിസ്ഥാനമിടുന്നത് ഷിരൂർ മഠം കേസിലൂടെയാണ്. Madras Hindu Religious and Charitable Endowments Act ,1951 എന്ന നിയമത്തിന്റെ ഭരണഘടനാ സാധുതയാണ് ഈ കേസിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഹിന്ദു ക്ഷേത്രങ്ങളെയും മഠങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തു വന്ന ആദ്യത്തെ നിയമമായിരുന്നു HRCE ആക്ട്, 1951. ഏതെങ്കിലും ഒരു മത വിഭാഗത്തിന് അനുച്ഛേദം 26 അനുസരിച്ചു സവിശേഷ മതവിഭാഗമായി പരിഗണിക്കപ്പെടാനും തങ്ങളുടെ ആചാരങ്ങൾക്ക് ഭരണഘടനാസംരക്ഷണം ലഭിക്കുന്നതിനും ഉള്ള നിബന്ധനകളും കോടതികൾ പരിഗണിക്കേണ്ട തത്ത്വങ്ങൾ എന്തെല്ലാമാണെന്നും ആദ്യമായി സുപ്രീംകോടതി പറഞ്ഞുവെച്ചത് ഈ കേസിലായിരുന്നു. പിന്നീട് ഏറെക്കാലം സുപ്രീംകോടതിക്ക് ഇത്തരം കേസുകളിൽ മാർഗനിർദേശമായി വർത്തിച്ചതും ഈ കേസിൽ രൂപപ്പെടുത്തിയ തത്ത്വങ്ങളായിരുന്നു.
ഷിരൂർ മഠം കേസിൽ സുപ്രീംകോടതി പറഞ്ഞത് ഒരു മതത്തിന്റെ ആചാരങ്ങൾക്ക് ഭരണഘടനാ സംരക്ഷണം ലഭിക്കണമെങ്കിൽ ആ മതാചാരം ആ മതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം (Essential practice) എന്നാണ്. ഒരു മതത്തിന്റെ ആചാരം അതിന്റെ അനുപേക്ഷണീയ ആചാരമാണോ എന്ന് തീരുമാനിക്കാനുള്ള സമ്പൂർണ അവകാശം അതത് മതവിഭാഗങ്ങൾക്ക് തന്നെയാണ്. അത് തീരുമാനിക്കേണ്ടത് മതതത്ത്വങ്ങളുടെ വെളിച്ചത്തിലാണ് എന്നുമാണ്.
വ്യക്തിയുടെ തുല്യതയും വിശ്വാസ സ്വാതന്ത്ര്യവും തമ്മിലും ഒരു മതവിഭാഗത്തിന്റെ സവിശേഷ മതാചാരങ്ങൾ സ്വയം നിശ്ചയിക്കാനുമുള്ള അവകാശവും തമ്മിലുള്ള വൈരുധ്യത്തെ കോടതികൾ പരിഹരിക്കാൻ ശ്രമിച്ചത് ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു മതതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിന് കണ്ടെത്തിയ വഴി അവകാശപ്പെടുന്ന മതത്തിൽനിന്ന് ‘യഥാർഥ’ മതം എന്താണ് എന്ന് വേർതിരിച്ചുകൊണ്ടും ആ ‘യഥാർഥ’ മതത്തിന്റെ അവിഭാജ്യമായ ആചാരാനുഷ്ഠാനങ്ങൾ എന്താണ് എന്ന് കോടതികൾ നിശ്ചയിച്ചുകൊണ്ടുമാണ്. സത്യത്തിൽ ഇത് കൊളോണിയൽ ഭരണകൂടം പിന്തുടർന്നിരുന്ന ഒരു യുക്തിയും സമീപനവുമാണ്.
പതിനാറാം നൂറ്റാണ്ടിലെ മതയുദ്ധങ്ങളോടുള്ള പ്രതികരണം എന്നനിലയിൽ രാഷ്ട്രീയ ഏകതയുടെ അടിസ്ഥാനമായി യൂറോപ്യൻ സമൂഹത്തിൽ വളർന്നുവന്നത് മതസ്വാതന്ത്ര്യവും മത വൈവിധ്യങ്ങളോടുള്ള സഹിഷ്ണുതയുമാണ്. സ്വാഭാവികമായും ഇന്ത്യയിലെ മതവൈവിധ്യത്തെ സമീപിച്ചപ്പോഴും അതിനോടുള്ള കൊളോണിയൽ ഭരണകൂടത്തിന്റെ പ്രതികരണം സമാനമായിരുന്നു.
മതത്തോടുള്ള കൊളോണിയൽ ഭരണകൂടത്തിന്റെ പ്രതികരണത്തിലെ വൈരുധ്യം മനസ്സിലാക്കുന്നതിന് സതിയോടും ശിശുഹത്യയോടും ഉണ്ടായിരുന്ന സമീപനങ്ങൾ പരിശോധിച്ചാൽ മതി.
സതിയെ മത പാരമ്പര്യത്തിന്റെ അടിസ്ഥാനമായി കണ്ടു ക്രിമിനൽ പ്രോസിക്യൂഷനിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ശിശുഹത്യക്ക് ആ പരിരക്ഷണം ലഭിച്ചില്ല. എന്താണ് മതത്തിന്റെ ‘യഥാർഥ’ സത്ത എന്ന് തിരിച്ചറിയുക എന്നായിരുന്നു കൊളോണിയൽ നയം. 1772ലെ വാറൻ ഹേസ്റ്റിങ്സിന്റെ ജുഡീഷ്യൽ നയത്തിൽ ഹിന്ദു-മുസ്‍ലിം മത നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യക്കാരെ ഭരിക്കുക എന്ന വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇന്ത്യൻ മതാചാരങ്ങളിലെ അധാർമികതകൾക്കും നൈതികതക്ക് നിരക്കാത്തതുമായവക്ക് എതിരെ പരിഷ്കരണങ്ങൾക്കുള്ള ശ്രമത്തിന് ബ്രിട്ടീഷ് ഭരണകൂടത്തിന് ഊർജം ലഭിച്ചിരുന്നു. 1829 വർഷത്തിൽ സതി നിരോധിക്കുമ്പോഴും മതത്തിന്റെ ‘യഥാർഥ’ സത്ത എന്ന സങ്കൽപത്തിൽ മാറ്റം വന്നിരുന്നില്ല.
മറിച്ച്, സതി ഹിന്ദുമതത്തിന്റെ ‘യഥാർഥ’ മൂല്യങ്ങളിൽപെടുന്നില്ല എന്നും ഹിന്ദുമതത്തിൽ സതിക്ക് അടിസ്ഥാനമില്ല എന്നുമുള്ള തത്ത്വത്തിലാണ് സതി നിരോധിക്കുന്നത്. ഇന്ത്യൻ ജനങ്ങളുടെ മതാചാരങ്ങളിൽ ഇടപെടാതെ സഹിഷ്ണുത പാലിക്കുക എന്ന അടിസ്ഥാന തത്ത്വത്തിൽ മാറ്റം വരുത്താതെതന്നെയാണ് സതി നിരോധിക്കുന്നത്.
മതാചാരങ്ങൾക്ക് പൗരാണികതയും തുടർച്ചയുമുണ്ടെങ്കിലും അവക്ക് അടിസ്ഥാനവും ധാർമികതയും വേണം എന്ന് വന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി മത നവീകരണ ശ്രമങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. ഇതുതന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പരമോന്നത നീതിപീഠവും പിന്തുടർന്നത്.
ഷിരൂർ മഠം മുതൽ ശ്രീ വെങ്കിടരമണ ദേവരൂ തുടങ്ങി പിന്നീടുള്ള എല്ലാ കേസുകളിലും സുപ്രീംകോടതി മതാചാരങ്ങളെയും ഒരു പ്രത്യേക വിഭാഗം സവിശേഷ മതവിഭാഗമാണോ എന്ന ചോദ്യത്തിനുമെല്ലാം ഉത്തരം പറഞ്ഞത് മതതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ആദ്യകാല സുപ്രീംകോടതി ജഡ്ജിമാർ പലരും പരിഷ്കരണ തൽപരരായ വേദ വേദാന്തങ്ങളിൽ ഒക്കെ പണ്ഡിതരായിരുന്ന ബ്രാഹ്മണ പണ്ഡിറ്റുകളുമൊക്കെയായിരുന്നു. ബ്രാഹ്മണ പണ്ഡിതൻ ആയിരുന്ന ഗജേന്ദ്ര ഗാഡ്കർ ആണ് അതിൽ പ്രമുഖൻ.
സ്വാഭാവികമായും ഇവർ ആശ്രയിച്ച മതതത്ത്വങ്ങൾ എന്നത് വേദങ്ങളും ഉപനിഷത്തുക്കളും ഗീതയും സംസ്കൃതത്തിലുള്ള പ്രാമാണിക ശാസ്ത്ര ഗ്രന്ഥങ്ങളുമായിരുന്നു. എണ്ണത്തിൽ വളരെ പരിമിതരായിരുന്ന ഒരു ഉപരിവർഗ ജാതി വിഭാഗത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഔദ്യോഗിക ഹിന്ദുമതത്തിന്റെ അവിഭാജ്യവും അനിവാര്യവുമായ തത്ത്വങ്ങളുമായി തിരിച്ചറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും സ്ഥാപനവത്കരിക്കപ്പെട്ടതും.
‘യഥാർഥ’ മതം എന്നത് വേദങ്ങളിലും വേദാന്തത്തിലും ഗീതയിലും ഒക്കെ ‘പ്രാമാണിക തെളിവ്’ കണ്ടെത്താവുന്ന മതവും ആചാരങ്ങൾ എന്നത് ബ്രാഹ്മണിക വൈദിക ആചാരങ്ങളുമായി. തദ്ദേശീയ പ്രാദേശിക ജനങ്ങളുടെ, അടിത്തട്ട് ജനങ്ങളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഒക്കെ പ്രാമാണികമല്ലാത്തതും ‘അർഥശൂന്യവും’ ‘അന്ധവിശ്വാസവുമായി’. അവയൊന്നും ഭരണഘടനാ സംരക്ഷണത്തിന് യോഗ്യതയില്ലാത്തതുമായി.
ഒറോവില്ലിലെ അരബിന്ദോ സമൂഹം, ശ്രീരാമകൃഷ്ണ പരമഹംസരുടെ പിൻഗാമികൾ, താണ്ഡവ നൃത്തം തങ്ങളുടെ അവിഭാജ്യ മതാചാരമാണെന്ന് വാദിച്ച ആനന്ദമാർഗികൾ എന്നിവരുടെയെല്ലാം ‘സവിശേഷ മതവിഭാഗം’ എന്ന അവകാശവാദത്തെ കോടതികൾ പരിഗണിച്ചപ്പോൾ അവയുടെ കാലയളവ്, ആചാരങ്ങളുടെ കാലപ്പഴക്കം എന്നിവയോടൊപ്പം അവ ഒരു മതവിഭാഗമാണോ അതോ കേവലം ഒരു ചിന്ത മാത്രമാണോ എന്നുകൂടിയാണ് കോടതികൾ പരിശോധിച്ചത്. അരബിന്ദോയുടേത് ഒരു തത്ത്വചിന്ത മാത്രമാണ് എന്ന തീർപ്പിലാണ് കോടതി എത്തിച്ചേർന്നത്.
ആനന്ദമാർഗികളാകട്ടെ താരതമ്യേന ഈ അടുത്തകാലത്ത് രൂപപ്പെട്ടതും അവരുടെ ആചാരമെന്നത് അത്രപോലും കാലപ്പഴക്കം അവകാശപ്പെടാൻ കഴിയാത്തതും. സ്വാഭാവികമായും അവ ഭരണഘടനാ സംരക്ഷണം അർഹിക്കുന്നില്ല എന്നുമാണ് കോടതി വിധിച്ചത്. സമീപകാല വിഭാഗങ്ങൾക്കോ ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങൾക്കോ ഭരണഘടനാ സംരക്ഷണം ലഭിക്കാൻ അർഹതയുണ്ടാവില്ല എന്നതായിരുന്നു ഇതിന്റെ പരിണതി. അരബിന്ദോ കേസിൽ ഭൂരിപക്ഷ വിധിയോട് വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി അന്നുതന്നെ മതം എന്നതിന് സാമ്പ്രദായിക യാഥാസ്ഥിക നിർവചനം നൽകിയാൽ പോരാ എന്നും അതിന് കുറേക്കൂടി വിശാലവും വിപുലവുമായ അർഥം നൽകേണ്ടതുണ്ട് എന്നും പറഞ്ഞുവെച്ചിരുന്നു.
എ.എസ്. നാരായണ ദീക്ഷിതലു v ആന്ധ്രപ്രദേശ് സംസ്ഥാനം എന്ന കേസിൽ ജസ്റ്റിസ് രാമസ്വാമി ഇത് കൂടുതൽ വിശദീകരിക്കുന്നതും പറഞ്ഞുറപ്പിക്കുന്നതും കാണാം. ഇന്ത്യൻ സാഹചര്യത്തിൽ മതം എന്താണ് എന്ന് ജസ്റ്റിസ് രാമസ്വാമി വിശദീകരിക്കുന്നു. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഗീത പുരാണങ്ങൾ എന്നിവ തുടങ്ങി അരബിന്ദോ, വിവേകാനന്ദൻ, ഡോ. എസ്. രാധാകൃഷ്ണൻ, ശങ്കർദയാൽ ശർമ, റിച്ചാർഡ് ഡോക്കിൻസ് എന്നിവരെയെല്ലാം ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് രാമസ്വാമി എത്തുന്ന നിഗമനം ‘യഥാർഥ’ മതം എന്നത് ധർമമാണ് എന്നാണ്.
സാമ്പ്രദായിക മതവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം അന്ധവിശ്വാസവും വർജിക്കേണ്ടതുമാണ്. ഇതിന്റെ തുടർച്ചയിലാണ് ‘ഹിന്ദുത്വ’ എന്നത് ഇവിടത്തെ ജീവിതരീതിയാണ് എന്നും അതിനെ ഒരു മതമായോ മതത്തിന്റെ പേരിലുള്ള വോട്ട് പിടിത്തമായോ കാണാൻ കഴിയില്ല എന്നും ഇന്ത്യൻ ദേശത്തെ ഒന്നിപ്പിക്കുന്ന ഘടകമാണ് ഹിന്ദുത്വ എന്നുമുള്ള വളരെ പ്രതിലോമകരമായ വിധിന്യായം ജസ്റ്റിസ് വർമ പുറപ്പെടുവിക്കുന്നത്. ഇത് കേവലം യാദൃച്ഛികമായിരുന്നില്ല.
സുപ്രീംകോടതി ഒരിക്കൽ അഭിപ്രായപ്പെട്ടത്, ‘‘എല്ലാ തത്ത്വചിന്തകൾക്കും ആശയങ്ങൾക്കും സങ്കൽപങ്ങൾക്കും എല്ലാ ഹിന്ദു തത്ത്വചിന്തകർ അവതരിപ്പിച്ച തത്ത്വങ്ങൾക്കും അടിയിൽ അടിസ്ഥാനപരമായ വിശാലമായ ഒരു സങ്കൽപമുണ്ട്. ഈ അടിസ്ഥാന സങ്കൽപങ്ങളിൽ ഒന്ന് വേദത്തിനുള്ള സ്വീകാര്യതയും മത തത്ത്വചിന്ത വിശ്വാസകാര്യങ്ങളിൽ വേദത്തിനുള്ള പ്രാമാണികതയുമാണ്.’’ ഏത് മതത്തെയും ഏത് ഹിന്ദു വിശ്വാസത്തെയുമാണ് സുപ്രീംകോടതി പറയുന്നത് എന്ന് ചോദിക്കേണ്ടിവരും.
ഇവിടത്തെ കാവുകളും മുത്തപ്പനും കുട്ടിച്ചാത്തനും ഉൾെപ്പടെ അടിത്തട്ട് ജനതയുടെ ദൈവങ്ങളും വിശ്വാസങ്ങളും ഒക്കെ അങ്ങനെ ഭരണഘടന അംഗീകരിക്കുന്ന ഭരണഘടനാ സംരക്ഷണം അർഹിക്കുന്ന ‘വിശ്വാസങ്ങൾ’ അല്ലാതെയായി.
മറിച്ച് അവയെല്ലാം ‘പരിഷ്കരിക്കപ്പെടേണ്ട’ അന്ധവിശ്വാസങ്ങളായി. ഇതിന്റെ കുഴപ്പം ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും ഹിന്ദുമതത്തിന്റെ വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള ശേഷിയായും ഹിന്ദുമതത്തിന്റെ ബഹുസ്വരതയായും കാണുവാനും വ്യാഖ്യാനിക്കാനും തുടങ്ങി എന്നതാണ്. സ്വാഭാവികമായും ഇന്ത്യൻ സ്വത്വം എന്നത് ഉപരിവർഗ ബ്രാഹ്മണിക്കൽ സ്വത്വമായി മാറി. സ്വാഭാവികമായും ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്ത മതസ്വത്വങ്ങൾ ഒന്നുകിൽ ഇതിനോട് ഉൾച്ചേരണം അല്ലെങ്കിൽ അവർ ‘ദേശീയതക്ക്’ പുറത്തുപോകും. ഇതിന്റെ അപരമാണ് മുസ്‍ലിം സ്വത്വം.
ഒരു ഹിന്ദു സ്വത്വ ദേശീയതയിൽ ന്യൂനപക്ഷാവകാശങ്ങളുടെ സ്വഭാവവും പരിണതിയും എന്താണ് എന്നാണ് ഇനി പരിശോധിക്കാൻ പോകുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ തുല്യതയെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് പറയുന്ന അനുച്ഛേദങ്ങള്‍ക്ക് പുറമെ 29, 30, 350 A അനുച്ഛേദങ്ങള്‍ ന്യൂനപക്ഷ അവകാശങ്ങളെ സവിശേഷമായി പ്രതിപാദിക്കുന്നു. അനുച്ഛേദം 29ല്‍ ഇന്ത്യയുടെ ഏതുഭാഗത്ത് താമസിക്കുന്ന പൗരന്‍മാരുടെ ഏത് വിഭാഗത്തിനും സവിശേഷമായ ഭാഷയോ ലിപിയോ സംസ്കാരമോ ഉണ്ടെങ്കില്‍ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് പറയുന്നു.
കൂടാതെ രാഷ്ട്രമോ രാഷ്ട്രത്തിന്‍റെ സാമ്പത്തിക സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതം, ജാതി, വംശം, ഭാഷ എന്നിവയുടെ പേരില്‍ ഒരു പൗരനും പ്രവേശനം നിഷേധിക്കാന്‍ പാടില്ല എന്നും പറയുന്നു. അനുച്ഛേദം 30ല്‍ മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഹിതപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയുംചെയ്യാം. ഭാഷാ ന്യൂനപക്ഷങ്ങളില്‍പെട്ട കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് രാഷ്ട്രം നടത്തേണ്ട പരിശ്രമങ്ങളെക്കുറിച്ചാണ് അനുച്ഛേദം 350 Aയില്‍ പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനാ നിർമാണസഭയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ എങ്ങനെയാണ് വിഭാവനംചെയ്യപ്പെട്ടത് എന്നും അത് പിന്നീട് എന്തായിത്തീര്‍ന്നു എന്നും അതില്‍ ഇന്ത്യാ വിഭജനം എങ്ങനെ സ്വാധീനിച്ചു എന്നതും പരിശോധിക്കേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനാ നിർമാണ സഭയില്‍ 292 അംഗങ്ങളെ പ്രാദേശിക നിയമനിർമാണ സഭകളില്‍നിന്നും തിരഞ്ഞെടുത്തവരും 93 പേര്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്നവരും നാലു പേര്‍ ചീഫ് കമീഷണറുടെ പ്രവിശ്യകളെ പ്രതിനിധാനംചെയ്യുന്നവരും ആയിരുന്നു.
ഇതില്‍ വിഭജനത്തിനുശേഷം ചില പ്രവിശ്യകള്‍ ഇല്ലാതാവുകയും ആകെ അംഗങ്ങളുടെ എണ്ണം 389ല്‍നിന്ന് 299 ആയി കുറയുകയും ചെയ്തു. 1946 ഡിസംബര്‍ 9ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ആദ്യത്തെ യോഗത്തില്‍ പങ്കെടുത്ത 210 അംഗങ്ങളില്‍ 155 പേര്‍ ഹിന്ദുക്കളും കേവലം നാലു പേര്‍ മുസ്‍ലിംകളും പട്ടികജാതിക്കാര്‍ 31 പേരും; അഞ്ച് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍, പിന്നാക്ക വർഗക്കാര്‍ ആറുപേര്‍, 4 സിഖുകാര്‍, 3 ആംഗ്ലോ ഇന്ത്യന്‍, 3 പാഴ്സികള്‍ എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം.
ഭരണഘടനാ നിർമാണസഭയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുന്നോട്ടുവെച്ച പ്രമേയരൂപത്തിലാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 13ന് അവതരിപ്പിച്ച ഈ പ്രമേയത്തില്‍ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുക എന്നത് ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയിരുന്നു.
അതിനുശേഷം ഭരണഘടനാ നിർമാണ സഭ മൗലികാവകാശങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അധ്യക്ഷനായി ഒരു ഉപദേശക സമിതി രൂപവത്കരിക്കുകയും അതിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഒരു ഉപസമിതി രൂപവത്കരിക്കുകയുംചെയ്തു. ഈ ഉപസമിതി ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച് ഒരു ചോദ്യാവലി തയാറാക്കിയിരുന്നു.
അതില്‍ ന്യൂനപക്ഷ സംരക്ഷണത്തെ സംബന്ധിച്ച് പൊതുവായും അവരുടെ രാഷ്ട്രീയ, സാമ്പത്തിക, മതപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പരിരക്ഷണത്തെക്കുറിച്ച് പ്രത്യേകിച്ചും ചോദ്യങ്ങള്‍ ഉള്‍ച്ചേര്‍ത്തിരുന്നു. അങ്ങനെ ഉപസമിതി തലത്തില്‍, ഉപദേശക സമിതി തലത്തില്‍ പിന്നീട് ഭരണഘടനാ നിർമാണ സഭയുടെ തലത്തില്‍ എന്നിങ്ങനെ ത്രിതലമായി ന്യൂനപക്ഷ അവകാശങ്ങളെയും സംരക്ഷണത്തെയും കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഭരണഘടനയുടെ കരട് തയാറാക്കിയ വേളയില്‍ 292 - 301 വരെ 10 അനുച്ഛേദങ്ങളിലായി ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള സവിശേഷ വകുപ്പുകള്‍ എന്ന നിലയിൽതന്നെ ഉണ്ടായിരുന്നു. സംസ്ഥാന നിയമനിർമാണ സഭകളിലും പാര്‍ലമെന്‍റിലും മുസ്‍ലിംകള്‍, പട്ടിക ജാതി-പട്ടിക വർഗങ്ങള്‍, ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് സംവരണം, പൊതുനിയമനങ്ങളില്‍ സംവരണം, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സവിശേഷ ഉേദ്യാഗസ്ഥരുടെ നിയമനം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെക്കുറിച്ച് അേന്വഷിക്കുന്നതിന് കമീഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ഇന്ത്യാ വിഭജനം ഭരണഘടനാ നിർമാണ സഭയില്‍ സവിശേഷമായ സ്വാധീനം ചെലുത്തുകയും ന്യൂനപക്ഷ അവകാശങ്ങളും പരിരക്ഷണവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. ആദ്യം പ്രത്യേക ഇലക്ടറേറ്റ് എന്നത് നിരസിക്കപ്പെടുകയും പിന്നീട് ന്യൂനപക്ഷങ്ങള്‍ക്ക് നിയമനിർമാണ സഭകളിലേക്കും പാര്‍ലമെന്‍റിലേക്കും സംവരണം എന്നതും തൊഴില്‍ നിയമനങ്ങളില്‍ സംവരണം എന്നതും ക്രമത്തില്‍ ഉപേക്ഷിക്കപ്പെട്ടു.
വർഗീയമായ അടിസ്ഥാനത്തില്‍ നടന്ന വിഭജനം അംഗങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയും രാഷ്ട്രീയ പ്രാതിനിധ്യം, സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം ചോര്‍ത്തിക്കളഞ്ഞ് കേവലം വിദ്യാഭ്യാസ സാംസ്കാരിക അവകാശങ്ങള്‍ മാത്രമായി ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷണവും ചുരുക്കപ്പെടുകയും ചെയ്തു.
ഇന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ അന്നത്തെ ഒഴിവാക്കലുകള്‍ സൃഷ്ടിച്ച പ്രത്യാഘാതത്തിന്‍റെ വ്യാപ്തി ഊഹിക്കാവുന്നതാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷ പരിഗണന നൽകി അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക, സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ആദ്യഘട്ടത്തിലെ ആശയം ക്രമേണ ഭരണഘടന അവസാന രൂപം ആര്‍ജിക്കുമ്പോഴേക്കുംതന്നെ കൈയൊഴിഞ്ഞിരുന്നു എന്നു കാണാം. അത് ന്യൂനപക്ഷങ്ങൾ എന്നത് തന്നെ ഒഴിവാക്കപ്പെടേണ്ടതാണ് എന്ന തലത്തിലേക്ക് എത്തിയതാണ് സ്വാതന്ത്ര്യാനന്തര അനുഭവം. അതിന്റെ തുടർച്ചയായി വേണം അയോധ്യ വിധിന്യായത്തെ കാണേണ്ടത്.
1885 വർഷത്തിലാണ് കൊളോണിയൽ കോടതിയായ ഫൈസാബാദ് സബ് കോടതിയിൽ രാം ഛബൂത്രയിൽ അമ്പലം പണിയുന്നതിനുള്ള അനുമതി തേടുന്നതോടുകൂടിയാണ് അയോധ്യ കേസ് ആരംഭിച്ചത്. പള്ളിയുടെ ചുമതലക്കാർ ഈ അപേക്ഷയെ എതിർത്തത് ഹിന്ദുക്കൾക്ക് വസ്തു ഉപയോഗിക്കാനുള്ള അവകാശം മാത്രമേ തങ്ങൾ നൽകിയിട്ടുള്ളൂ അത് ഹിന്ദുക്കളുടെ കൈവശാവകാശമായോ ഉടമസ്ഥതയായോ വ്യാഖ്യാനിക്കരുത് എന്ന് പറഞ്ഞിട്ടാണ്.
കൊളോണിയൽ കോടതി ഛബൂത്ര ഹിന്ദുക്കളുടെ കൈവശത്തിലും ആരാധനയിലുമാണെന്ന് കണ്ടെങ്കിലും അമ്പലം പണിയുന്നതിനുള്ള അനുമതി നൽകിയില്ല. അങ്ങനെ അനുമതി നൽകുന്നത് ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഇടയിൽ കലാപങ്ങൾക്കും കൊലപാതകങ്ങൾക്കുംവരെ ഇടയാക്കിയേക്കാം എന്ന് പറഞ്ഞിട്ടാണ്.
ഇങ്ങനെ അവസാനിപ്പിച്ച കേസ് ആണ് ഹിന്ദുത്വവാദികളും ഭരണകൂടവും ചേർന്ന് വീണ്ടും പുനരുജ്ജീവിപ്പിച്ചത്. പള്ളി പൊളിച്ചതിലെ തെറ്റും അനീതിയും എല്ലാം സുപ്രീംകോടതി കണ്ടെങ്കിലും ആത്യന്തികമായി മുഴുവൻ സ്ഥലവും ഹിന്ദുക്കൾക്ക് അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. മുസ്‍ലിം വിഭാഗത്തിന്റെ കൈവശമാണ് പള്ളിയിരുന്ന സ്ഥലമെങ്കിലും ‘സമാധാനവും സുരക്ഷിതത്വവും’ നിലനിർത്തുന്നതിന് വേണ്ടി മുസ്‍ലിംകൾക്ക് വേറെ സ്ഥലം അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയാണ് കോടതി ചെയ്തത്.
എല്ലാ മതങ്ങളോടും നിഷ്‌പക്ഷത, തുല്യ അകലം എന്നീ ഭരണഘടനാ സങ്കൽപങ്ങൾ എല്ലാം മാറി ഹിന്ദു ദേശീയതയോട് ഉദ്ഗ്രഥിതമാകുക എന്ന ആഹ്വാനമാണ് അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ സുപ്രീംകോടതി വ്യത്യസ്ത വിധിന്യായങ്ങളിലൂടെ ഈ ഏഴ് ദശാബ്ദങ്ങളിൽ ചെയ്തത്. അത് രാഷ്ട്രത്തെ സെക്കുലർ രാഷ്ട്രം എന്നതിൽനിന്ന് ഹിന്ദു രാഷ്ട്രത്തിലേക്ക് പരിവർത്തിപ്പിച്ചു. ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും ഹിന്ദു മതത്തിന്റെ സ്വാഭാവികതയായി നിർവചിച്ചു.
ഹിന്ദു മതത്തെ തന്നെ മറ്റെല്ലാ വൈവിധ്യങ്ങളെയും ഇല്ലാതാക്കി ബ്രാഹ്മണിക്കൽ ആയ ഒന്നായി സംഘാടനംചെയ്തു. അതിന്റെ പരിസമാപ്തിയായിരുന്നു ‘മൂർത്തിയോടുള്ള പ്രാർഥനയുടെ’ ഫലമായി ലഭിച്ച അയോധ്യ വിധിന്യായം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിലെ സുപ്രീംകോടതിയും ഒരേ ദിശയിൽ ഒരേ ലക്ഷ്യത്തിലാണ് നീങ്ങിയത് എന്നത് ദൗർഭാഗ്യകരമായ യാഥാർഥ്യമാണ്.
ഹിന്ദു മതത്തിനകത്തെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും എല്ലാം ഇല്ലാതാക്കി ഏക ശിലാത്മകമായ ബ്രാഹ്മണിക്കലായ ഒരു ഹിന്ദു സ്വത്വത്തെ ഉണ്ടാക്കുക, അതിലേക്ക് എല്ലാ വിഭാഗങ്ങളെയും ചിന്തകളെയും വിശ്വങ്ങളെയും ഉൾച്ചേർക്കുക, ഇങ്ങനെ നിർമിക്കപ്പെടുന്ന ഹിന്ദു സ്വത്വത്തെ ഇന്ത്യൻ ദേശീയതയുടെ സ്വഭാവമായും ഇന്ത്യൻ ദേശീയത തന്നെയായും നിർവചിക്കുക, അടുത്ത പടിയിൽ ഭൂരിപക്ഷ ഹിന്ദു ദേശീയതയുടെ അപരങ്ങളെ സൃഷ്ടിക്കുകയും കണ്ടെത്തുകയും അവരെ പുറന്തള്ളുകയോ ഭൂരിപക്ഷ ഹൈന്ദവ ദേശീയതക്ക് വിധേയപ്പെട്ടു ജീവിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യുക.
ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ നിയമപരമായി വ്യവസ്ഥാപിതമാക്കുകയാണ് അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ കോടതികൾ പ്രത്യേകിച്ച് ഉന്നത നീതിപീഠം ചെയ്തത്. ഇന്ത്യൻ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും വീണ്ടെടുക്കുക, ഇന്ത്യൻ ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്ത എല്ലാ മതങ്ങൾക്കും മതങ്ങൾക്ക് അകത്തുതന്നെയുള്ള ഭിന്നധാരകൾക്കും നിലനിൽക്കാനും തങ്ങളുടെ മതവിശ്വാസങ്ങൾ ആചരിക്കാനും കഴിയുന്ന മതേതരത്വത്തെ വീണ്ടെടുക്കുക എന്നത് മാത്രമാണ് ഈ സന്ദർഭത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിനെ കുറിച്ച് ആശങ്കപ്പെടുന്നവർക്ക് മുന്നിലുള്ള ഏക പോംവഴി.
============
അവലംബിത പുസ്തകങ്ങൾ, പഠനങ്ങൾ
1. Constituent Assembly Debates VII: 781
2. Filing Religion: State, Hinduism and Courts of Law Daniela Berti, Gilles Tarabout, Raphael Voix Oxford University Press, 2016
3. Legalising religion: The Indian Supreme Court and Secularism Ronjoy Sen, East west Centre, Washington, Policy Studies 30
4. Republic of Religion The rise and fall of colonial secularism in India Abhinav Chandrachud, Penguin, 2020
5. India’s Communal Constitution law, religion and the making of a people: Mathew John, Cambridge University Press 2023
6. Ruling on Rituals: Courts of Law and Religious practices in contemporary Hinduism: Gilles Tarabout South Asia Multi Disciplinary Academic Journal 17/ 2018
7. The Ayodhya case: Hindu Majoritarianism and the Right to Religious Liberty Ratna Kapur, Maryland Journal of International Law Vol29 Issue1 art.14(2014)
8. Temple as Political arena O.B. Roopesh, EPW 2017 Vol LII No16 PP12-15
9. Pause for thought Supreme court’s verdict on Sabarimala Deepa Das Acevedo EPW Vol LIIII No.43 27.10.2018
10. Manisha Sethi - Minority claims and Majoritarian anxieties : The Jain question, EPW Vol 49, December 3, 2016
11. Mollica Dastider - Marginalised as minority Tribal citizens and border thinking in India, EPW Vol25, June 18, 2016
12. Prathibha Jain – Balancing Minority rights and gender Justice: The impact of protecting multiculturalism on women’s rights in India, Berkely Journal of International Law Vol 23, Issue 1, 2005
13. Rakesh Kr Singh – Constitutional mandate and rights of linguistic minorities, Journal of Indian Law Institute Vol 48: 2, 2006
14. Aftab Alam – Minority rights under international law, Journal of Indian Law Institute Vol 57:3, 2015
15. Virendra Kumar- Minorities Right to run educational institutions: TMA Pai Foundation in perspective Vol 45: 2, 2003
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.