കേരളത്തിലടക്കം വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരും. എന്താണ് വരുന്ന മാറ്റങ്ങൾ? 2020 ദേശീയ വിദ്യാഭ്യാസ നയം പ്രയോഗവത്കരിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുക?
2016 നവംബർ 8ലെ നോട്ടുനിരോധനം കള്ളനോട്ട്, അഴിമതി, കള്ളപ്പണം എന്നിങ്ങനെ എല്ലാ സാമ്പത്തിക തിന്മകൾക്കുമുള്ള മുമ്പ് ആലോചിക്കപ്പെടുകയേ ചെയ്തിട്ടില്ലാത്ത, നിലനിൽക്കുന്ന വ്യവസ്ഥിതിയെ മൊത്തമായി തള്ളിക്കളയുന്ന ഭാവനാപരമായ ഒരു ഒറ്റമൂലി ആയാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. എത്ര ഭീകരമായ തകർച്ചയിലേക്കും കഷ്ടപ്പാടുകളിലേക്കുമാണ് ആ ഒരു നീക്കം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിയിലെ ഏറ്റവും താഴേക്കിടയിലുള്ളവരെ തള്ളിവിട്ടതെന്നും എത്ര വലിയ വിശ്വാസനഷ്ടത്തിലേക്കാണ് നമ്മെ നയിച്ചതെന്നും ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാണ്.
നിലനിൽക്കുന്ന വ്യവസ്ഥിതി മുഴുവൻ കുഴപ്പമാണെന്നും ഇതിനെ അടിമുടി തുടച്ചുനീക്കുകയാണ് ആദ്യത്തെ പണി എന്ന ഭാവം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാരി കക്ഷിയുടെ വ്യാകരണംതന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥിതിയിലെ ഗുണവും ദോഷവും പഠിച്ച് അതിലെ നല്ല കാര്യങ്ങളെ നിലനിർത്താനും തിരുത്തൽ ആവശ്യമുള്ള സംഗതികളെ തിരുത്താനും പുതിയ കാലത്തിനനുസരിച്ചു വേണ്ട കാര്യങ്ങൾ കൊണ്ടുവരാനും നാളെയെക്കുറിച്ചുള്ള ദർശനവും ഇന്നത്തെ ലോകത്തോടുള്ള പ്രതിബദ്ധതയും ആവശ്യമാണ്.
ഇതില്ലാത്ത ബുൾഡോസർ രാജിന്റെയോ നോട്ടു റദ്ദാക്കൽ ഭരണത്തിന്റെയോ ഇനിയുമൊരു ഉദാഹരണം മാത്രമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ ചുറ്റിപ്പറ്റി ഇപ്പോൾ നടക്കുന്ന പരിഷ്കരണ ചർച്ചകൾ എന്നാണ് എന്റെ വാദം.
മാറുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ വരേണ്ടതുണ്ട് എന്നതിൽ ആർക്കും തർക്കമുണ്ടാവാനിടയില്ല. വിവര സാങ്കേതിക വിദ്യയുടെ വികസനം ഒരുപാട് അറിവുള്ള, വിദ്യാർഥികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന അധ്യാപകർ എന്ന കാറ്റഗറിയെത്തന്നെ അനാവശ്യമാക്കിക്കളഞ്ഞിട്ടുണ്ട്. പാരിസ്ഥിതികമോ ധാർമികമോ ആയി പുതിയ അന്വേഷണങ്ങളും ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്.
1910-20 ദശകങ്ങളിലും 1960-70 ദശകങ്ങളിലും കണ്ടപോലെ തലമുറകൾ തമ്മിലുള്ള യുദ്ധംതന്നെ നടക്കുന്നുണ്ട്. മുന്നോട്ടുള്ള കാലത്തിൽ നമ്മുടെ ലോകബോധത്തെ തന്നെ മാറ്റുക ആഗോളീകരണത്തിനു ശേഷം ജനിച്ചു ജീവിച്ച ഒരു തലമുറയെ സംബന്ധിച്ച് അനിവാര്യമായിരിക്കും. പുതിയ ഗവേഷണം നിർമിച്ചിട്ടുള്ള വിജ്ഞാന പദ്ധതികൾ പലതും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഇനിയും എത്തിച്ചേരേണ്ടതായിട്ടാണ് ഇരിക്കുന്നത്. ഇവയെ സ്വാംശീകരിച്ചു വിദ്യാഭ്യാസരംഗത്തെ പുതുക്കേണ്ടതുണ്ട്.
എത്രയെങ്കിലും മാർക്കിട്ടു കൊടുത്തു രക്ഷിതാക്കളെയും വിദ്യാർഥികളെയും സന്തോഷിപ്പിക്കുന്ന പരീക്ഷാ സമ്പ്രദായം, അടിസ്ഥാനപരമായി ഒരു പ്ലാനിങ്ങും ഇല്ലാത്തതുകൊണ്ട് ഒരേസമയം എല്ലാ വർഷക്കാർക്കും ഒരു സമയം കോഴ്സ് നടത്താനോ പരീക്ഷ നടത്താനോ കഴിയാത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, എയ്ഡഡ് മേഖലയിൽ നിയമനത്തിലും പ്രവേശനത്തിലും നിലനിൽക്കുന്ന കള്ളപ്പണത്തിന്റെ സർവാധിപത്യം, അൺ എയ്ഡഡ് മേഖലയിലെ വളരെ ചെറിയ ശമ്പളം മാത്രം ലഭിക്കുന്ന ചൂഷിതരായ അധ്യാപകർ, ഒരു പാടവവും സ്വായത്തമാക്കാനോ ലോകത്തെ കാണാൻ ഒരു കാഴ്ചപ്പാടു രൂപവത്കരിക്കാനോ സഹായിക്കാത്ത അധ്യയന-പഠന രീതികൾ, വിദ്യാർഥികളെ പേടിക്കുകയോ പേടിപ്പിക്കുകയോ ചെയ്യുന്ന അധ്യാപക-സ്ഥാപന മനോഭാവം, അധ്യാപകരെ ക്ലർക്കുമാരാക്കി മാറ്റി സായൂജ്യമടയുന്ന അക്രഡിറ്റേഷൻ സർക്കസുകൾ –തിരുത്ത് ആവശ്യമുള്ള ഒരുപാട് മേഖലകളുണ്ട് നമ്മുടെ ഉപരി വിദ്യാഭ്യാസ രംഗത്ത് എന്നതിലും സംശയത്തിന് അവകാശമുണ്ടെന്ന് തോന്നുന്നില്ല.
വിദ്യാഭ്യാസ വ്യവസ്ഥ: പഴയതും പുതിയതും
ഇതിനൊക്കെയുള്ള ഒറ്റ പ്രതിവിധി എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉണ്ടെന്നു പറയുന്ന ഭാവിയെപ്പറ്റിയുള്ള ദർശനമെന്താണ്? അത് ഇപ്പോഴുള്ള സ്ഥിതിയെ മനസ്സിലാക്കുന്നതിലുള്ള അബദ്ധങ്ങൾ എന്തൊക്കെയാണ്? അത് വിദ്യാർഥികളെ കാണുന്ന രീതിക്കുള്ള കുഴപ്പമെന്താണ്? ഇന്ത്യൻ വിദ്യാഭ്യാസരംഗം ബ്രിട്ടീഷ് വ്യവസ്ഥയാണ് തുടർന്നു പോന്നിരുന്നത് എന്നും അവിടെനിന്ന് അമേരിക്കൻ വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് നടക്കാൻ പോവുന്നത് എന്നതുമാണല്ലോ ഒരു ധാരണ.
ബ്രിട്ടീഷുകാർ പത്തൊമ്പതാം നൂറ്റാണ്ടിൽ കൊളോണിയൽ ആവശ്യങ്ങൾക്കുവേണ്ടി നമ്മുടെ മേൽ അടിച്ചേൽപിച്ചതാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി എന്നതു ശരിയായിരിക്കുമ്പോൾതന്നെ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ ഇതിൽനിന്ന് നമ്മുടേതായ ഒരു രീതി ഉണ്ടായിവന്നിട്ടുണ്ടെന്നു വിചാരിക്കേണ്ടതുണ്ട്.
1951ൽ ഖോരഗ്പുർ ഐ.ഐ.ടിയും പിന്നീട് മറ്റു നാല് ഐ.ഐ.ടികളും സ്ഥാപിച്ചത് മാത്രം എടുത്താൽ മതി. സാങ്കേതികവും ശാസ്ത്രീയവുമായ പഠനത്തിനുവേണ്ടി നടത്തിയ ആ സ്ഥാപനങ്ങളാണ് 1990കളിലെ വിജ്ഞാന സമ്പദ്വ്യവസ്ഥയിൽ ഇന്ത്യക്കു വലിയ മേൽക്കൈ നേടിത്തന്നത് –തെളിവിനു സിലിക്കൺ വാലിയിലെ ഇന്ത്യക്കാരെ നോക്കിയാൽ മതി. ബ്രിട്ടനിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇത്തരം ഒരു വളർച്ച നാം കണ്ടിട്ടില്ല. ഈ ഒരു ഉദാഹരണത്തിലൂടെ തന്നെ ഒരു ഇന്ത്യൻ മാതൃക ഉപരിവിദ്യാഭ്യാസരംഗത്ത് ഉണ്ടായിട്ടുണ്ട് എന്ന് വളരെ എളുപ്പം കാണാം.
എന്നാൽ, രാഷ്ട്രീയമായി ഈ ഒരു യാഥാർഥ്യത്തെ അംഗീകരിക്കാൻ ഇന്നത്തെ ബി.ജെ.പി സർക്കാറിന് സാധിക്കില്ല. അങ്ങനെ അംഗീകരിക്കുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കൂടുതൽ വസ്തുനിഷ്ഠമായ തലത്തിൽ സമീപിക്കാൻ അവരെ നിർബന്ധിതരാക്കുകയും ഇന്ത്യയുടെ സമകാല ചരിത്രത്തെ മുഴുവൻ നിഷേധിച്ചുകൊണ്ട് നടത്തുന്ന രാഷ്ട്രീയ കാമ്പയിനുകളെ അസാധുവാക്കുകയും ചെയ്യുമല്ലോ. അപ്പോൾ ബ്രിട്ടീഷ് സംവിധാനത്തിൽനിന്ന് അമേരിക്കൻ സംവിധാനത്തിലേക്ക് മാറുന്നു എന്ന് ഭാവിക്കാം.
നടക്കുന്നത് അനുകരണമാണെങ്കിലും അമേരിക്കൻ സമ്പ്രദായത്തെ അനുകരിക്കുന്നു എന്ന് പറയുന്നതും ഇപ്പോഴത്തെ സർക്കാറിന് ക്ഷീണമാണ്. അതുകൊണ്ട് പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസമികവിന്റെ ‘സുവർണഭൂതകാലത്തെ’ വൈകാരികമായി നിർമിച്ചെടുത്തു അങ്ങോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം എന്ന് ദേശീയ വിദ്യാഭ്യാസനയം ഇടക്കിടെ പറയുന്നു.
എല്ലാ സുവർണ ഭൂതകാല കഥകളെയുംപോലെ ഇതും ഇല്ലാത്തതാണ്, അസാധ്യമാണ്. സാങ്കേതികവും സാമ്പത്തികവും ആയി ഇത്രയും മാറിയ ഒരു ലോകത്തിനു ആയിരക്കണക്കിന് വർഷം പിന്നോട്ട് പോയി ആ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല, അത് പാടുമില്ല. നയങ്ങളുടെ പകർത്തി എഴുത്തുകാർക്ക് രാഷ്ട്രീയ മേലാളന്മാരിൽനിന്നും പൊതു ചോദ്യംചെയ്യലിൽനിന്നും അൽപം ആശ്വാസംകിട്ടിയേക്കും എന്ന് മാത്രം.
അമേരിക്കൻ സർവകലാശാല വ്യവസ്ഥിതിയുടെ ഒരു വലിയ ഗുണം അതിന് അധ്യാപകരിലുള്ള വിശ്വാസമാണ്. ഒരു കോഴ്സ് ഡിസൈൻ ചെയ്യുന്നതും പഠിപ്പിക്കുന്നതും പരീക്ഷാ പേപ്പറിടുന്നതും നോക്കുന്നതും ഒരു ആൾ തന്നെയാണ്. അതിനുള്ള പ്രവൃത്തി ധാർമികതയും അക്കൗണ്ടബിലിറ്റിയും ആ വ്യവസ്ഥിതിക്കുണ്ട്. ഇന്ത്യയെപ്പോലെ അധ്യാപകരെ സംശയിച്ചു നിൽക്കുന്ന ഒരു വ്യവസ്ഥയിൽ (സ്വന്തക്കാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്ന രീതി വിപുലമാണ് എന്നതും മറക്കുന്നില്ല), ഇത്തരം സ്ഥാപനശീലങ്ങളെയും ജീവിതയാഥാർഥ്യങ്ങളെയും സത്യസന്ധമായി വിലയിരുത്തി പരിഹരിക്കാത്ത ഒരു പരിഷ്കാരം എങ്ങനെ വിജയിക്കാനാണ്?
ഭാഷയിലെ കസർത്തുകൾ
1980കളിൽ അമേരിക്കൻ സർവകലാശാലകൾ ‘അക്കാദമിക് മാളു’കളായി സ്വയം മാറ്റിപ്പണിയുകയുണ്ടായി. വിദ്യാർഥികൾക്ക് യഥേഷ്ടം അക്കാദമിക് ചോയ്സ് ഉണ്ടാവുക, പണം കൊടുത്തു സേവനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളായി വിദ്യാർഥികളെ കാണുക, ഈ പ്രക്രിയയുടെ ഫലമായി വിദ്യാർഥികൾ ദീർഘനാളത്തേക്കു കടക്കാരാവുക –ഇത്രയുമാണ് ഈ മാതൃകയിൽ കാണുന്നത്.
ഉപരിവിദ്യാഭ്യാസ രംഗത്ത് ഓരോ വിഷയവും ലോകത്തെ കാണുന്നതിനുള്ള ഒരു കാഴ്ചപ്പാടും ഒരു സ്കിൽ സെറ്റും അതിന്റെ ചരിത്രവും ചേർന്നതാണ്. ഈ വിഷയങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്; നടക്കാറുണ്ട്; നടക്കേണ്ടതുണ്ട്. പഠനത്തിലും അധ്യയനത്തിലും ഒരു ഘട്ടത്തിൽ ഉണ്ടാവേണ്ട വളർച്ചയെയോ മാറ്റത്തെയോ ഒരു നയപരിഷ്കാരത്തിന്റെ ഭാഗമായി കൊണ്ടുവരാം എന്ന ധാരണ ഭാവിക്കുന്നത് ‘ചോയ്സ്’ ആണ് ഇവിടെ ഏറ്റവും പ്രധാനം എന്നാണ്.
വിദ്യാർഥികൾക്ക് വേണ്ടത് നൽകുക എന്ന ആലോചന അവരെ ഉപഭോക്താക്കൾ എന്ന നിലക്കാവുമ്പോൾ അത് ദോഷകരമാവാനേ വഴിയുള്ളൂ. വിദ്യാർഥികൾ അടിമകളോ ഉപഭോക്താക്കളോ ആവരുത്, സർവകലാശാലകളുടെയും കോളജുകളുടെയും ഇടങ്ങളിൽ അവകാശങ്ങളും ചുമതലകളുമുള്ള പൗരരാണ്, പൗരത്വരൂപവത്കരണത്തിലെ സുപ്രധാന ഘട്ടമാണ് വിദ്യാർഥിയുവത്വം എന്ന് കാണാൻ ഈ ആലോചനക്ക് കഴിയുന്നതേ ഇല്ല.
പലപ്പോഴും ചോയ്സ് എന്ന് പറഞ്ഞു തങ്ങൾക്കു വൈദഗ്ധ്യം ഇല്ലാത്ത മേഖലയിൽ കോഴ്സുകൾ തയാറാക്കി വിദ്യാർഥികൾക്ക് നൽകേണ്ടിവരുന്ന അധ്യാപകരും പല വിഷയങ്ങൾ ഉപരിപ്ലവമായി പഠിക്കുന്ന വിദ്യാർഥികളും ഒക്കെ ചേർന്ന് ആഴവും സുസജ്ജതയും ഒട്ടുമില്ലാതാവുന്ന ഒരവസ്ഥ വന്നുചേരാം. കൂടാതെ ഒരു വിഷയം അടിസ്ഥാനപരമായി പഠിക്കാൻ വേണ്ട സമയം ഒരു പരിധി കഴിഞ്ഞു വെട്ടിക്കുറക്കാനാവില്ല. എന്നാൽ, പുതിയ കോഴ്സുകൾ ചേർക്കുകയും വേണം. അപ്പോൾ നടക്കുക കോഴ്സുകളുടെ എണ്ണവും വിദ്യാർഥികൾ ക്ലാസിലിരിക്കുന്ന സമയവും കൂട്ടുക എന്നതാവും. പ്രത്യേകിച്ച് മിടുക്കോ ലോകവിവരമോ കൂട്ടാതെ വിദ്യാർഥികളും അധ്യാപകരും ഓടിനടന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാകും വരാൻ പോവുന്നത്.
ചോയ്സ് വിഷയത്തിന്റെ കാര്യത്തിൽ മാത്രമല്ല. പ്രത്യേകിച്ച് ഒരു വിഷയം മാത്രമല്ല, ഒരു കോളജ് കൂടി ഇല്ലാത്ത തരം ദ്രവരൂപത്തിലാണ് NEPയുടെ വിഭാവനം. പല സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ കാഴ്ചപ്പാടുള്ള വിദ്യാർഥികളെ ഒരു മാഗ്നിഫയിങ് ലെൻസ് സൂര്യരശ്മികളെ എന്നപോലെ ഒരുമിച്ചു ഒരു സമയത്ത് കൊണ്ടുവരുകയാണ് ഒരു ഉപരി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ജോലി എന്ന് പറയാറുണ്ട്. അവിടെ വിജ്ഞാനത്തിന്റെ വിതരണം മാത്രമല്ല, നിർമാണവും നടക്കും. അതിന് ആളുകൾ ഒരുമിച്ചുവരണം. അങ്ങനെയാണ് ലോകചരിത്രത്തെ വിദ്യാർഥികൾ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. ഇപ്പോഴത്തെ ചോയ്സ് വിദ്യാർഥികളുടെ ഈ കൂടിവരവിനെ ഇല്ലാതാക്കുന്നതാണ്. മിക്കവാറും സമയം ഈ പ്രക്രിയകൾക്കു വേണ്ട അവസ്ഥയാകും.
അമേരിക്കയിലെ ഉപരിവിദ്യാഭ്യാസം ‘ചോയ്സ്’ എന്ന് പറഞ്ഞപോലെ പറഞ്ഞ മറ്റൊരു കാര്യമാണ് യൂനിവേഴ്സിറ്റികളിൽ ‘സമ്പത്തിന്റെ നിർമാണം’ (wealth creation) നടക്കണം എന്നത്. അനുഭവത്തിൽ ഇത് ‘സമ്പത്തിന്റെ പിഴിഞ്ഞെടുക്കൽ’ (wealth extraction) ആയിരുന്നു. വിദ്യാർഥികൾ ഡിഗ്രിയും പി.ജിയും പഠിക്കാൻ വേണ്ടി എടുക്കുന്ന ലോണുകൾ തിരിച്ചടക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കാര്യം അമേരിക്കയിൽ വലിയ ചർച്ചയാണ്.
കഴിഞ്ഞ മുപ്പതു വർഷമായി വിജ്ഞാന സമ്പദ് വ്യവസ്ഥയുടെയും ആഗോളീകരണത്തിന്റെയും ഭാഗമായി ഉയർന്നുവന്നിട്ടുള്ള ഇന്ത്യൻ പുതിയ മധ്യവർഗത്തിന്റെയും റിയൽ എസ്റ്റേറ്റ് ബൂമിലൂടെയും സർക്കാറിലെ ശമ്പളത്തിന്റെ വർധനയുടെയും ഭാഗമായി കൂടുതൽ ചെലവാക്കാനുള്ള ശേഷി കൈവരിച്ചിട്ടുള്ള ആളുകളുടെയും പണം തങ്ങളുടെ കൈകളിൽ എത്തിക്കാനുള്ള കമ്പനികളുടെയും വിദ്യാഭ്യാസ ഗ്രൂപ്പുകളുടെയും താൽപര്യത്തിന് ഏറ്റവും ആവശ്യമാണ് പൊതു വിദ്യാഭ്യാസ മേഖലയുടെ വിശ്വാസനഷ്ടവും പിന്നീടുണ്ടാവാൻ പോവുന്ന തകർച്ചയും. NEP എവിടെയും ഇങ്ങനെ ഒരു ആവശ്യം പറയുന്നില്ലെങ്കിലും ഇതെല്ലാംകൂടി അവിടെ ആണോ നമ്മെ കൊണ്ടെത്തിക്കുക എന്ന് ആലോചിക്കാവുന്നതുതന്നെയാണ്.
ഉപരിവിദ്യാഭ്യാസ രംഗത്തെ മറ്റൊരു വൻ വഞ്ചനയെ NEP സ്ഥാപനവത്കരിക്കുന്നുണ്ട്. അവിടെയും പദപ്രയോഗം വളരെ ധനാത്മകമാണെന്നു തോന്നും: സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരം (autonomy). ദക്ഷിണേന്ത്യയിലെ അനുഭവംവെച്ച് നോക്കിയാൽ പൊതുജനങ്ങളുടെ പണവും പിന്തുണയും ഉപയോഗിച്ച് ഉണ്ടാക്കിയ സ്ഥാപനങ്ങളുടെ ബ്രാൻഡിനെയും വിശ്വാസ്യതയെയും മാനേജ്മെന്റുകൾക്ക് വിൽപനച്ചരക്കാക്കാൻ വേണ്ടി നൽകുക എന്നതാണ് സ്വയംഭരണാധികാരത്തിലൂടെ നടന്നത്.
ആ ബ്രാൻഡുപയോഗിച്ചു ഉയർന്ന ഫീസും ചെറിയ ശമ്പളവും നൽകി പണവും സ്വാധീനവും ഉണ്ടാക്കാൻ മാനേജ്മെന്റുകളെ പ്രാപ്തരാക്കുന്ന അനുഭവത്തിൽനിന്ന് NEP മാതൃകയിലുള്ള സ്വയം ഭരണാവകാശം എങ്ങനെ വ്യത്യസ്തമാവും എന്ന് ഒരു വ്യക്തതയുമില്ല. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ ശ്രവണസുഖമുള്ള പല വാക്കുകളും ചോദ്യംചെയ്യപ്പെടേണ്ടവ തന്നെയാണ്.
ഡിഗ്രി എത്ര കൊല്ലമാവണം?
2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒരു വലിയ മാറ്റമായി കൊട്ടിഗ്ഘോഷിക്കപ്പെടുന്നത് നാലു വർഷ ഡിഗ്രിയാണ്. ഡിഗ്രി മൂന്നു വർഷമാവണോ നാലുവർഷമാവാണോ എന്നതൊരു പ്രധാന സൈദ്ധാന്തിക ചോദ്യമായി എനിക്ക് തോന്നുന്നില്ല. രണ്ടിനും അതിന്റെ ഗുണങ്ങൾ പറയാനുണ്ട്.
നാല് വർഷ ഡിഗ്രി ഇന്ത്യയിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആദ്യമായി പരീക്ഷിക്കപ്പെടുകയല്ല. 2013ൽ അന്നത്തെ യു.പി.എ സർക്കാർ ഡൽഹി യൂനിവേഴ്സിറ്റിയിലെ ഡിഗ്രി നാലു വർഷമാക്കിയിരുന്നു. 2014ൽ അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാർ നാല് വർഷ പദ്ധതി അവസാനിപ്പിക്കുകയും ആദ്യ നാല് വർഷ ബാച്ചിന്റെ കോഴ്സ് മൂന്നു വർഷംകൊണ്ട് തന്നെ തീർക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തവരാണ്. ഇന്ന് നാല് വർഷത്തെ എതിർക്കുന്നവർ പലരും അന്ന് അനുകൂലിച്ചവരാണെന്നതും ഇന്ന് അനുകൂലിക്കുന്നവർ പലരും അന്ന് എതിർത്തിരുന്നുവെന്നതും നമ്മുടെ പല അക്കാദമിഷ്യന്മാരുടെയും പാർട്ടി വിധേയത്വമാണ് കാണിക്കുന്നത്.
നാല് വർഷ ഡിഗ്രിയുടെ ഒരു സുപ്രധാന പ്രശ്നം പ്രായോഗികമാണ്. നമ്മുടെ കോളജുകളുടെ ഇൻഫ്രാസ്ട്രക്ചർ മൂന്നു വർഷത്തിന്റേതാണ്. അത് ദശകങ്ങൾകൊണ്ട് ഉണ്ടായതും ആണ്. ഇത് വരുന്ന മൂന്നു വർഷംകൊണ്ട് ദേശവ്യാപകമായി 25 ശതമാനം വർധിപ്പിക്കുക അസാധ്യമായ ഒരു ടാസ്ക് ആണ്. ശമ്പളം കൊടുക്കുന്ന അധ്യാപകരുടെ എണ്ണം കുറക്കാൻ ശ്രമിക്കുന്ന ഒരു സർക്കാറിന് വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി എങ്ങനെ അധ്യാപക നിയമനം നടത്താൻ സന്നദ്ധത ഉണ്ടാവും എന്നതും ഒരു പ്രധാന ചോദ്യമാണ്.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് പുതിയ പുറത്തുകടക്കൽ രീതി. എൻ.ഇ.പി അനുസരിച്ച് ഒന്നാം വർഷത്തിന് ശേഷം പുറത്തുപോയാൽ സർട്ടിഫിക്കറ്റ്, രണ്ടാം വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമ, മൂന്നാം വർഷത്തിനുശേഷം സാധാരണ ഡിഗ്രി, നാലാം വർഷത്തിനുശേഷം ഓണേഴ്സ്/ മൾട്ടി ഡിസിപ്ലിനറി ഡിഗ്രി എന്നൊക്കെ ആയിരുന്നു എൻ.ഇ.പിയുടെ പദ്ധതി. കഴിഞ്ഞ ഒന്നരവർഷം ഈ വ്യവസ്ഥയിൽ ഡൽഹി സർവകലാശാലയിൽ പഠിപ്പിച്ച അനുഭവംവെച്ച് പറയാം –ഒരു കോഴ്സും ഇങ്ങനെ ഒരു വർഷം കഴിഞ്ഞും രണ്ടുവർഷം കഴിഞ്ഞും ആർക്കും പോകാവുന്ന രീതിയിൽ സ്വയംപര്യാപ്തമായി നിർമിച്ചവയല്ല. സ്ഥാപനങ്ങളെയും അധ്യാപകരെയും വിദ്യാർഥികളെയും മൊത്തത്തിൽ എപ്പോഴും അനിശ്ചിതാവസ്ഥയിൽ നിർത്തുന്ന ഒരു രീതിയാണ് വരാൻ പോകുന്നത്. ഇത്രയും കലങ്ങിമറിയുന്ന ഒരവസ്ഥയിൽ ശ്രദ്ധ മുഴുവൻ അഡ്മിനിസ്ട്രേറ്റിവായി പണികൾ തീർക്കാനായിരിക്കും. വിദ്യാർഥികളും അധ്യാപകരും തമ്മിൽ നടക്കേണ്ട സംഭാഷണങ്ങളെ ഇവ പരിമിതപ്പെടുത്തുകയാണ്, വിപുലമാക്കുകയല്ല ചെയ്യുക.
വിദ്യാഭ്യാസ നയങ്ങൾ പൊതുവെ നമ്മുടെ വിദ്യാഭ്യാസ രീതിയെ മാറ്റാറില്ല എന്ന് പറയാറുണ്ട്. അതിനു കാരണം നയവും പ്രായോഗിക സാഹചര്യങ്ങളും പരസ്പരമുള്ള വിശ്വാസരാഹിത്യവും ജഡത്വവും ചേർന്ന അവസ്ഥയാണ്. ഇത് തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. അതിനു പക്ഷേ പരിഹാരം ഇപ്പോഴത്തെ പരിഷ്കാരങ്ങളിൽ ഞാൻ കാണുന്നില്ല. വർത്തമാനം എന്തുതന്നെ ആണെങ്കിലും ആത്യന്തികമായി സർക്കാർ സാമൂഹിക മേഖലകളിൽനിന്ന് പിൻവാങ്ങുക, അങ്ങനെ പറഞ്ഞ കാരണവും കാര്യവും എന്തായാലും ഉള്ളതിന്റെ വില ഇല്ലാതാവുകയും പുതിയ ഒന്ന് വരാതിരിക്കുകയും ചെയ്യുക എന്ന ഒരു സ്ഥിതിയെ ഇതിന്റെയൊക്കെ ഫലമായി പ്രതീക്ഷിക്കുന്നുമുണ്ട്.
ഒരു കാര്യം പ്രത്യേകിച്ച് എടുത്തുപറയേണ്ടതുണ്ട്: എൻ.ഇ.പിക്ക് പല പ്രശ്നങ്ങളുമുണ്ട് എന്ന് പറയുമ്പോലെ തന്നെ പ്രധാനമാണ് എൻ.ഇ.പിയുടെ നടപ്പാക്കലിൽ ഇന്ത്യയിലെ മുന്നിട്ടുനിൽക്കുന്ന സർവകലാശാലകളിലെ മുതിർന്ന അധ്യാപകരുടെ പങ്ക്. ഒരു സർവകലാശാലയിൽ ഒരു കാര്യം നടപ്പാക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വം എത്ര വിചാരിച്ചിട്ടും കാര്യമില്ല. സർവകലാശാലയുടെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് നേതൃത്വം കൂടി വിചാരിക്കണം. ഈ സുപ്രധാന ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം ഒന്നുകിൽ സർക്കാർ ആജ്ഞകൾ തലകുലുക്കി നടപ്പാക്കുന്നവരോ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുക പോലും ചെയ്യാതെ നിഷേധാത്മകമായ മൗനത്തിലേക്കു മാറിനിൽക്കുന്നവരോ ആയി മുതിർന്ന അക്കാദമിഷ്യൻസ് പലരും മാറിക്കഴിഞ്ഞു. ഇതിന്റെ കുറ്റം സർക്കാറിനല്ല; ഈ അധ്യാപകർക്കും അവരുടെ നിരുത്തരവാദപരവും സ്വാർഥവുമായ രീതികൾക്കുമാണ്. എൻ.ഇ.പിയെക്കാൾ എത്രയോ മോശമാണ് അതിന്റെ നടപ്പാക്കൽ എന്നായത് ഇവരെക്കൊണ്ടാണ്.
ഇന്ത്യൻ ഉപരി വിദ്യാഭ്യാസ രംഗം പുതിയത് എന്ന ഭാവത്തിൽ പല പഴമകളെയും ഒളിച്ചുകടത്തുകയോ ഇറക്കുമതി ചെയ്യുകയോ ആണ്. പ്രായോഗികമോ വൈജ്ഞാനിക മണ്ഡലത്തിൽ അഭിലഷണീയമോ ആണോ എന്ന് നോക്കാതെ സർവസമ്മതമായ മോഹവാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഈ പ്രക്രിയയെ വിമർശിച്ചതുകൊണ്ടു മാത്രമായില്ല, നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയെ പഠിക്കാനും അവയുടെ ശക്തി-ദൗർബല്യങ്ങളെ സാമൂഹികമായും ധാർമികമായും മനസ്സിലാക്കാനും പുതിയ ഭാവുകത്വത്തെ സ്വാംശീകരിക്കാനുമുള്ള ഒരു സാമൂഹിക നിർമാണ പദ്ധതി നിർമിക്കുവാനും ദേശീയ വിദ്യാഭ്യാസ നയത്തെ അങ്ങനെ വ്യാഖ്യാനിച്ചു നടപ്പാക്കാനുമുള്ള ഇച്ഛാശക്തി ഇല്ലെങ്കിൽ നമ്മൾ എത്തിപ്പെടാൻ പോവുന്നത് ഒരു ത്രിശങ്കു സ്വർഗത്തിലായിരിക്കും.
ഇന്ത്യയെന്ന മതേതര, സമത്വ, ജനാധിപത്യ പ്രജാധിപത്യ രാഷ്ട്രത്തിന്റെ ദേശീയത ഭരണഘടനാപരമായ ദേശീയതയാണ്. ആ ഭരണഘടനയുടെ മൂർത്തവും ആത്മാർഥവുമായ ആവിഷ്കാരത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന, കാലികവും ഭാവനാപരവുമായ ഒരു ഉപരിവിദ്യാഭ്യാസ രംഗം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഈ ഉത്തരവാദിത്തം തൽക്കാലം ഭരിക്കുന്ന പാർട്ടിക്ക് നൽകി നമുക്ക്, പൗരസമൂഹത്തിനും അക്കാദമിക് സമൂഹത്തിനും, മാറിനിൽക്കാനാവില്ല!
===========
(ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.