അംബേദ്കറിന്റെ പ്രബോധനങ്ങൾക്ക് ഒരു മാവോവാദി അനുബന്ധം എഴുതുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. ‘‘തൊഴിലാളികൾ ആദ്യം ബ്രാഹ്മണ്യത്തിനെതിരെ പോരാടണം, അതു കഴിഞ്ഞിട്ടുമതി മുതലാളിത്തത്തിനെതിരായ പോരാട്ടം എന്നാണോ അദ്ദേഹം കരുതിയിരുന്നത്?’’ –ലേഖകൻ ചോദിക്കുന്നു.ജാതിയെ പരിപൂർണമായി നശിപ്പിക്കണം എന്ന നിലപാടാണ് ‘ജാതിനശീകരണം’ എന്ന കൃതിയിലൂടെ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ചത്....
അംബേദ്കറിന്റെ പ്രബോധനങ്ങൾക്ക് ഒരു മാവോവാദി അനുബന്ധം എഴുതുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ. ‘‘തൊഴിലാളികൾ ആദ്യം ബ്രാഹ്മണ്യത്തിനെതിരെ പോരാടണം, അതു കഴിഞ്ഞിട്ടുമതി മുതലാളിത്തത്തിനെതിരായ പോരാട്ടം എന്നാണോ അദ്ദേഹം കരുതിയിരുന്നത്?’’ –ലേഖകൻ ചോദിക്കുന്നു.
ജാതിയെ പരിപൂർണമായി നശിപ്പിക്കണം എന്ന നിലപാടാണ് ‘ജാതിനശീകരണം’ എന്ന കൃതിയിലൂടെ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ചത്. മിശ്രഭോജനവും മിശ്രവിവാഹവും അതിലേക്കുള്ള ചുവടുവെപ്പുകളാണെങ്കിലും അവ മതിയാകില്ല. ജാതിയെ ന്യായീകരിക്കുന്ന, അതിന് നിർബന്ധിക്കുന്ന, അതിനെ അരക്കിട്ടുറപ്പിക്കുന്ന ബ്രാഹ്മണ്യ വിശ്വാസസംഹിതകളെ ഇല്ലാതാക്കാത്തിടത്തോളം കാലം ഇത്തരം നടപടികൾ പ്രയോജനം ചെയ്യില്ലെന്ന് അംബേദ്കർ തറപ്പിച്ച് പറഞ്ഞു.
വേദങ്ങൾക്കും സ്മൃതികൾക്കും ഡൈനാമിറ്റ് വെക്കണം, അതിന്റെ മതത്തെ നശിപ്പിക്കണം എന്നാണ് നിർദേശിച്ചത്. രാഷ്ട്രീയ, സാമ്പത്തിക മാറ്റത്തിനു മുന്നോടിയായി സാമൂഹികവും മതപരവുമായ മാറ്റം നടക്കണം എന്ന നിലപാടിൽനിന്നാണ് ഇത് ഉന്നയിച്ചത്. ഇന്ത്യൻ സാഹചര്യത്തിൽ തീർത്തും അവശ്യമായ കാര്യമാണ് ജാതിനശീകരണം. ജാതിവിരുദ്ധ സമരത്തെ അസ്പൃശ്യതാവിരുദ്ധ പ്രവർത്തനങ്ങളിൽ ഒതുക്കിനിർത്തുന്ന ഗാന്ധിയൻ നിലപാടിൽനിന്നുള്ള മൗലികവിച്ഛേദനമാണ് അംബേദ്കർ മുന്നോട്ടുവെച്ച ജാതിനശീകരണം. ജാതിയെ പരിഷ്കരിക്കുകയല്ല, മുച്ചൂടും നശിപ്പിക്കണം. ഉപജാതികളെ വിലയിപ്പിച്ച് ഒരു ജാതിയാക്കി മാറ്റിയതുകൊണ്ട് (സമുദായവത്കരണം എന്നാണ് ഇവിടെ അത് അറിയപ്പെടുന്നത്) ജാതി ഇല്ലാതാകില്ല. അതിനെ ഉറപ്പിക്കുകയേ ചെയ്യൂ. ജാതിയുടെ ചിട്ടകളെ ലംഘിച്ചാൽ പോരാ, അതിന് ജന്മംനൽകി പരിപോഷിപ്പിച്ച് നിലനിർത്തുന്ന വിശ്വാസസംഹിതയെ നശിപ്പിക്കണം. ഇതാണ് അംബേദ്കർ പറഞ്ഞത്.
ജാതിനശീകരണം എന്ന കടമ മാവോവാദികൾ പൂർണമായും അംഗീകരിക്കുന്നു. ‘ജാതിവ്യവസ്ഥയെ ഇല്ലാതാക്കണം’ എന്ന് സി.പി.ഐ (എം.എൽ)ന്റെ 1970ലെ ആദ്യ കോൺഗ്രസ് അംഗീകരിച്ച പരിപാടി വ്യക്തമാക്കിയിരുന്നു. അതിനെ നിലനിർത്തുന്ന വിശ്വാസസംഹിതയെ, ബ്രാഹ്മണ്യത്തെ, ഇല്ലാതാക്കണം എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ ബ്രാഹ്മണ്യത്തെ, അതിന്റെ വേദങ്ങളെയും സ്മൃതികളെയും ശ്രുതികളെയും, ഇല്ലാതാക്കിയാൽ, ജാതിയെ നശിപ്പിക്കാനാകുമോ? ബുദ്ധൻ, ബസവൻ, നാനക്ക് –ഇങ്ങനെ പലരും ബ്രാഹ്മണ്യ ആശയസംഹിതകൾക്ക് ഡൈനാമിറ്റ് വെച്ച ചരിത്രം നമുക്കുണ്ട്. അവർ ജാതിരഹിതമായ സംഘങ്ങളെ, സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ ജാതി ഇല്ലാതായില്ല. മാത്രമല്ല, കാലക്രമത്തിൽ ഈ സമൂഹങ്ങളിലും അത് ഉയർന്നുവന്നു.
ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് മനസ്സിലാക്കാൻ വർഗപരമായ വിശകലനം വേണം. ഇവിടെ രൂപംകൊണ്ട ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ സാമൂഹിക അടിത്തറയായ ജാതികളിലെ വരേണ്യവിഭാഗമാണ് അവക്ക് നേതൃത്വം നൽകിയത്. വ്യവസ്ഥിതിയിലേക്കും അതിന്റെ അധികാരഘടനയിലേക്കും ചൂഷകരെന്ന നിലയിൽ പ്രവേശനം നേടാൻ, അല്ലെങ്കിൽ സ്വന്തം അധികാരം സ്ഥാപിക്കാൻ കഴിഞ്ഞതോടെ ആ വിഭാഗങ്ങൾ ബ്രാഹ്മണ്യ ആശയങ്ങളെയും ജാതിയെയും സ്വീകരിക്കാൻ തുടങ്ങി. അധികാരവും ചൂഷണവും നിലനിർത്താൻ ഏറെ ഉപകരിക്കുന്ന ഉപാധികളാണ് അവ. ജാതിയും വർഗവും ഇഴചേർന്നാണ് നിലനിൽക്കുന്നതെങ്കിലും അവ ഒന്നല്ല. വർഗങ്ങൾക്കുള്ളിൽ ജാതീയമായ വേർതിരിവുകൾ ഉള്ളതുപോലെ ജാതികൾക്കുള്ളിൽ വർഗ വേർതിരിവുകളുണ്ട്. ബ്രാഹ്മണ്യത്തിന്റെ ആവർത്തിച്ചുള്ള മടങ്ങിവരവിന് അത് കളമൊരുക്കുന്നു. ജാതിനശീകരണ സമരത്തിലെ വർഗനിലപാടിന്റെ പ്രശ്നമാണ് ഇത് ഉന്നയിക്കുന്നത്.
അത് തൊഴിലാളിവർഗ നിലപാടായിരിക്കണം എന്ന് മാവോവാദികൾ കരുതുന്നു. കാരണം, മുഴുവൻ മാനവരാശിയുടെയും മോചനത്തിലൂടെ മാത്രം സ്വന്തം മോചനം സാധ്യമാകുന്ന ഏക വർഗമാണ് അത്. മാർക്സ് പറഞ്ഞതുപോലെ, എല്ലാ വർഗവ്യത്യാസങ്ങളും, അവക്കാധാരമായ എല്ലാ ഉൽപാദനബന്ധങ്ങളും, അവയോട് പൊരുത്തപ്പെടുന്ന എല്ലാ സാമൂഹികബന്ധങ്ങളും ഇല്ലാതാക്കുന്നതും, ആ സാമൂഹികബന്ധങ്ങളോട് ബന്ധപ്പെട്ട എല്ലാ ആശയങ്ങളെയും മൗലികമായി മാറ്റിത്തീർക്കുന്നതും ആകണം തൊഴിലാളിവർഗ വിപ്ലവം.
ഇന്ത്യൻ സാഹചര്യത്തിൽ ഇതെങ്ങനെ കഴിയും? അംബേദ്കർ ഉന്നയിച്ച ചോദ്യമുണ്ട് –ജാതീയമായി ഒരിക്കലും യോജിക്കാൻ കഴിയാത്ത രീതിയിൽ വേർതിരിഞ്ഞു നിൽക്കുന്ന ഇന്ത്യയിലെ അധ്വാനിക്കുന്ന വർഗം അതിന് തയാറാകുമോ? വിവിധ വർഗങ്ങളുടെ സാമ്പത്തിക പദവി മാത്രമല്ല, വിപ്ലവത്തോടുള്ള അവയോരോന്നിന്റെയും മനോഭാവവും കണക്കിലെടുക്കണം, അതാണ് വർഗവിശകലനം എന്ന് മാവോ പഠിപ്പിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ ഏറെ പ്രസക്തമായ ചോദ്യമാണ് അംബേദ്കർ ഉന്നയിച്ചത് എന്നു മനസ്സിലാകും.
തൊഴിൽവിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണ് ജാതി എന്ന് അംബേദ്കർ ചൂണ്ടിക്കാട്ടി. എന്താണ് ഇതിന്റെ പ്രത്യാഘാതം? ഫാക്ടറിയിലെ ചൂഷണത്തിനും അന്യവത്കരണത്തിനും വിധേയരാകുന്ന സവർണ തൊഴിലാളികൾ, ജാതിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നു. ജോലിസ്ഥലത്ത് ഒരു പരിധിവരെ മാത്രമാകാമെങ്കിലും അവരുടെ സ്വന്തം പ്രദേശങ്ങളിൽ പൂർണമായും അത് അനുഭവിക്കുന്നു. ബോധപൂർവമായോ അല്ലാതെയോ നിലവിലുള്ള ചൂഷക, മർദക വ്യവസ്ഥിതിയിൽനിന്ന് അവർ ഇങ്ങനെ ആനുകൂല്യം പറ്റുന്നു. അത് തിരിച്ചറിഞ്ഞ്, ജാതിബോധം കൈയൊഴിഞ്ഞ്, മർദിതജാതികൾക്കൊപ്പം നിലയെടുക്കാതെ അവർക്കെങ്ങനെയാണ് മാർക്സ് വിഭാവനം ചെയ്തതുപോലെയുള്ള സമൂലമായ വിപ്ലവത്തിന് നേതൃത്വം നൽകുന്നതിൽ പങ്കാളികളാകാനാവുക?
ജാതിനശീകരണ കടമ ഏറ്റെടുക്കാതെ മൗലികമായ വർഗസമരം, തൊഴിലാളിവർഗ നേതൃത്വത്തിലുള്ള വിപ്ലവം, ഇവിടെ അസാധ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. മാവോവാദികൾ ഈ കോണിൽനിന്ന് അംബേദ്കറെ വായിക്കുകയും ഉൾക്കൊള്ളുകയും വേണം. വിപ്ലവം നടക്കുന്നതോടെ ജാതിപ്രശ്നവും തീരും എന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി വാദിച്ചിരുന്ന ഒരു കാലത്താണ് അംബേദ്കർ സാമൂഹികവും മതപരവുമായ മാറ്റമാണ് ആദ്യം വേണ്ടതെന്ന് വാദിച്ചത്. ഇതിലേത് ആദ്യം വേണമെന്ന് കരുതിയാലും ആദ്യം ഒന്ന്, പിന്നെ മറ്റൊന്ന് എന്ന രീതിയിലല്ല ഇതെല്ലാം നടക്കേണ്ടത്. അങ്ങനെയല്ല നടന്നിട്ടുള്ളത്.
ആശയലോകത്തും ഭൗതികലോകത്തും പരസ്പരബന്ധിതമായാണ് മൗലികമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇനിയും അത് അങ്ങനെയാകും നടക്കുക. ബ്രാഹ്മണ്യവും മുതലാളിത്തവുമാണ് തൊഴിലാളികളുടെ ഇരട്ട ശത്രുക്കൾ എന്ന അംബേദ്കറുടെ പഠനവും അതുതന്നെയല്ലേ വ്യക്തമാക്കുന്നത്? ഈ ശത്രുക്കളെ ഒരേസമയത്ത് നേരിടണമെന്നല്ലേ അത് നിർദേശിക്കുന്നത്? തൊഴിലാളികൾ ആദ്യം ബ്രാഹ്മണ്യത്തിനെതിരെ പോരാടണം, അതു കഴിഞ്ഞിട്ടുമതി മുതലാളിത്തത്തിനെതിരായ പോരാട്ടം എന്നാണോ അദ്ദേഹം കരുതിയിരുന്നത്? ഉത്തരം വ്യക്തമാണ്.
ചിലപ്പോൾ ഒരു വളഞ്ഞ കമ്പിയെ നിങ്ങൾക്ക് എതിർദിശയിൽ വളക്കേണ്ടിവരും. എന്നാൽ, അതിനെ നേരെയാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതുതന്നെ ചെയ്തുകൊണ്ടേയിരിക്കാനാവില്ല. സാമൂഹികവും മതപരവുമായ മാറ്റങ്ങൾ ആദ്യം നടപ്പാക്കണമെന്ന അംബേദ്കറുടെ വാദം നാം ഈ അർഥത്തിലാണ് മനസ്സിലാക്കേണ്ടത്. ഏതൊരു സമൂഹത്തിലും ഭരണവർഗങ്ങളുടെ ആശയങ്ങളായിരിക്കും ആധിപത്യത്തിലുള്ള ആശയങ്ങൾ. അവരുടെ രാഷ്ട്രീയാധികാരം ആ പദവിയെ ഉറപ്പിക്കുന്നു. കാത്തുരക്ഷിക്കുന്നു. ‘ആരുടെ അധികാരം’ എന്ന പ്രശ്നം പരിഹരിക്കപ്പെടാത്തിടത്തോളം കാലം വിരുദ്ധ ആശയങ്ങൾക്ക് അവയെ മാറ്റിസ്ഥാപിക്കാൻ ഒരിക്കലും കഴിയില്ല.
ഇതാണെങ്കിലും, അംബേദ്കറുടെ വാദത്തിൽ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ മുഴുവൻ ഉപരിഘടനക്കെതിരെയും ശക്തവും സമഗ്രവുമായ പോരാട്ടം അഴിച്ചുവിടേണ്ടതിന്റെ പ്രാധാന്യമാണ് അതിലൂടെ അദ്ദേഹം ഊന്നിപ്പറഞ്ഞത്. അതിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുകയായിരുന്നു അദ്ദേഹം. അത് തികച്ചും ശരിയായിരുന്നു. ഇന്നും അത് അങ്ങനെതന്നെയാണ്. ജാതിവ്യവസ്ഥയെ ഇല്ലാതാക്കണം എന്ന് മാവോവാദികൾ നിലപാടെടുത്തെങ്കിലും, ബ്രാഹ്മണ്യത്തിനെതിരായ ആശയശാസ്ത്ര പോരാട്ടത്തിൽ അവർ പിന്നിലായി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇതിൽ മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.