ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അരവിന്ദ് ദാതാർ. ഹിന്ദുത്വവാദികൾ ഭരണഘടനക്കെതിരെ പലവിധ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ആ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പങ്കുവെക്കുന്നു.സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അരവിന്ദ് ദാതാർ. ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിലാണ് അേദ്ദഹം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വിവിധ ഹൈകോടതികൾ, സ്റ്റാറ്റ്യൂട്ടറി ട്രൈബ്യൂണലുകൾ, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, അന്താരാഷ്ട്ര വാണിജ്യ മധ്യസ്ഥത എന്നിവയിൽ ഹാജരാകുന്ന അഭിഭാഷകൻകൂടിയാണ് അദ്ദേഹം. മുതിർന്ന അഭിഭാഷകരായ എൻ. നടരാജൻ, രമണി നടരാജൻ...
ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അരവിന്ദ് ദാതാർ. ഹിന്ദുത്വവാദികൾ ഭരണഘടനക്കെതിരെ പലവിധ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ആ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പങ്കുവെക്കുന്നു.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അരവിന്ദ് ദാതാർ. ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിലാണ് അേദ്ദഹം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വിവിധ ഹൈകോടതികൾ, സ്റ്റാറ്റ്യൂട്ടറി ട്രൈബ്യൂണലുകൾ, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, അന്താരാഷ്ട്ര വാണിജ്യ മധ്യസ്ഥത എന്നിവയിൽ ഹാജരാകുന്ന അഭിഭാഷകൻകൂടിയാണ് അദ്ദേഹം. മുതിർന്ന അഭിഭാഷകരായ എൻ. നടരാജൻ, രമണി നടരാജൻ എന്നിവരുടെ ചേംബറിലെ അഭിഭാഷകനായി 1980ലാണ് ദാതാർ തന്റെ അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. പിന്നീട് സുബ്ബരായ അയ്യർ, പത്മനാഭൻ, രമാമണി എന്നിവരുടെ ഓഫിസിൽ ചേരുകയും ആദായനികുതി, സെൻട്രൽ എക്സൈസ്/കസ്റ്റംസ് നിയമങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.
1984ൽ ദാതാർ സ്വതന്ത്ര പ്രാക്ടിസ് ആരംഭിക്കുകയും മദ്രാസ് ഹൈകോടതിയിലെ ഒറിജിനൽ, അപ്പീൽ, റിട്ട് ഭാഗങ്ങളിൽ ഹാജരാവുകയും ചെയ്തു. ആദായനികുതി, സെൻട്രൽ എക്സൈസ്, കസ്റ്റംസ്, കമ്പനി നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഈ കാലഘട്ടത്തിൽ അദ്ദേഹം ഏർപ്പെട്ടിരുന്നത്. 2000ൽ മദ്രാസ് ഹൈകോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു.
നിലവിൽ ദാതാർ ഭരണഘടന, കോർപറേറ്റ്, വാണിജ്യ, നികുതി, നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ പതിവായി സുപ്രീംകോടതിയിൽ ഹാജരാകുന്നു. ഭരണഘടന, നികുതി നിയമം എന്നിവ സംബന്ധിച്ച വ്യവഹാരങ്ങളിൽ കോടതിയെ സഹായിക്കാൻ സുപ്രീംകോടതിയും വിവിധ ഹൈകോടതികളും നിയമിച്ച അമിക്കസ് ക്യൂറിയായി അദ്ദേഹം വരുന്നു. ഭരണഘടനയെക്കുറിച്ചും മറ്റ് സമകാലിക വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പങ്കുവെക്കുകയാണ് അരവിന്ദ് ദാതാർ ഇൗ അഭിമുഖത്തിൽ.
ഇന്ത്യക്ക് പുതിയ ഭരണഘടന വേണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ഡിബ്രോയ് ആവശ്യപ്പെട്ടു. ഒരു പത്രലേഖനത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “1950ൽ പരമ്പരാഗതമായി ലഭിച്ച ഭരണഘടന ഇപ്പോൾ ഇന്ത്യക്കില്ല. ഭരണഘടനയുടെ ‘അടിസ്ഥാന ഘടന’ മാറ്റാൻ കഴിയില്ലെന്ന് 1973 മുതൽ നമ്മളോട് പറയപ്പെട്ടിട്ടുണ്ടെങ്കിലും അത് ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്, അതുണ്ടായിട്ടുള്ളത് എല്ലായ്‌പോഴും നല്ലതിനു വേണ്ടിയല്ല.” നിലവിലെ ഭരണഘടന 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് കൊളോണിയൽ പൈതൃകത്തിന്റെ ഭാഗമാണെന്നും ഡിബ്രോയ് പറഞ്ഞു. ഒരു പുതിയ ഭരണഘടന രൂപവത്കരിക്കാനുള്ള ഭരണകർത്താക്കളുടെ ഉദ്ദേശ്യത്തെ ഈ വീക്ഷണകോൺ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഈ നിർദേശത്തിനുള്ള പ്രേരണകൾ എന്തൊക്കെയാവും? ഡിബ്രോയിയുടെ വീക്ഷണങ്ങളോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?
‘കൊളോണിയൽ പൈതൃക’ത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഭരണഘടനയെ വിമർശിക്കുന്നത് നിർഭാഗ്യവശാൽ ഇപ്പോൾ ഒരു പ്രവണതയായി മാറിയിരിക്കുന്നു. തീർത്തും അസ്ഥാനത്തുള്ളതാണ് ഈ വിമർശനം. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരണഘടന എന്നതിൽ സംശയമില്ല. എന്നാൽ, മിസ്റ്റർ ഡിബ്രോയിയെപ്പോലുള്ളവർ അത്തരം ന്യായമില്ലാത്ത വിമർശനം നടത്തുന്നതിന് മുമ്പ് കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്.
(ii) നമ്മുടെ ഭരണഘടന തയാറാക്കാൻ ഒരു പ്രത്യേക ഡ്രാഫ്റ്റിങ് കമ്മിറ്റി ഉണ്ടായിരുന്നുവെന്നതും അവർ 1947 ആഗസ്റ്റ് 20ന് ആദ്യമായി യോഗം ചേർന്നതും പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അവർ 141 ദിവസം യോഗങ്ങൾ കൂടി. ഡോ. ബി.ആർ. അംബേദ്കർ ഈ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. സർ ബി.എൻ. റാവു തയാറാക്കിയ പ്രാഥമിക കരടിന് 243 അനുച്ഛേദങ്ങളും 13 ഷെഡ്യൂളുകളും ഉണ്ടായിരുന്നു. 1949 നവംബർ 26ന് ആരംഭിച്ച ഭരണഘടനാ അസംബ്ലിയുടെ 11 സെഷനുകളിൽ 114 ദിവസം നീണ്ടുനിന്ന നാല് സെഷനുകൾ ഭരണഘടനയുടെ ഈ കരട് രൂപവത്കരിക്കുന്നതിന് മാത്രമായി നീക്കിവെച്ചു.
7650 ഭേദഗതികൾ അസംബ്ലിയിലെ അംഗങ്ങൾ അവതരിപ്പിച്ചതിൽനിന്ന് 2473 എണ്ണം തുടർന്ന് പരിഗണിക്കുകയും 395 അനുച്ഛേദങ്ങളും 8 ഷെഡ്യൂളുകളുമായി ഭരണഘടനയുടെ അന്തിമ കരട് തയാറാക്കുകയും ചെയ്തു. ഏറ്റവും ഉന്നതരായ പണ്ഡിതർ ഉൾപ്പെട്ടതായിരുന്നു ഡ്രാഫ്റ്റിങ് കമ്മിറ്റി. അങ്ങനെയുണ്ടായ ഭരണഘടനയെ കൊളോണിയൽ പൈതൃകമായി മുദ്രകുത്തുന്നത് അവരുടെ ഓർമകളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്നത്തെ ഭരണഘടന നിശിതമായ സംവാദത്തിന്റെയും ആലോചനകളുടെയും ഫലമായി ഉണ്ടായതാണ്; അല്ലാതെ ഇതൊരു കട്ട്-കോപ്പി-പേസ്റ്റ് ജോലിയായിരുന്നില്ല.
(iii) ഇതിനെ ഒരു കൊളോണിയൽ ഭരണഘടനയായും മുദ്രകുത്താൻ കഴിയില്ല. മറിച്ച്, ഇതൊരു യഥാർഥ അന്താരാഷ്ട്ര ഭരണഘടനയാണ്. മൗലികാവകാശങ്ങളെക്കുറിച്ചുള്ള നമ്മുടെ അധ്യായത്തിൽ യു.എസിൽനിന്നും മറ്റു ഭരണഘടനകളിൽനിന്നുമുള്ള നിരവധി വ്യവസ്ഥകൾ ഉൾച്ചേർത്തിട്ടുണ്ട്. നിർദേശക തത്ത്വങ്ങളെക്കുറിച്ചുള്ള ആറാം ഭാഗം ഐറിഷ് ഭരണഘടനയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. അതിനാൽ, ഭരണഘടനയെ ഗൗരവമായി പഠിക്കുന്ന ഒരാൾക്കും ഇതിനെ കൊളോണിയൽ ഭരണഘടന എന്ന് വിളിക്കാൻ കഴിയില്ല.
(iv) 1949 നവംബർ 25ന് ഡോ. അംബേദ്കർ നടത്തിയ പ്രസംഗം ഓർക്കേണ്ടത് പ്രധാനമാണ്. അതിലദ്ദേഹം പറഞ്ഞു: സ്വാതന്ത്ര്യാനന്തരം സംഭവിക്കുന്ന മോശം കാര്യങ്ങൾക്ക് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താനുള്ള ഒഴികഴിവ് നമുക്കുണ്ടാകില്ല; കാരണം, അവിടെ നമുക്ക് നമ്മളല്ലാതെ വേറെയാരും കാണില്ല.
(v) ഭരണഘടന ഒരു കൊളോണിയൽ പൈതൃകത്തിന്റെ ഭാഗമാണെന്ന് വിമർശിക്കുന്ന ആർക്കുംതന്നെ നിർദേശക തത്ത്വങ്ങൾ നടപ്പാക്കുന്നതിനുള്ള അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾ കൈവരിക്കുന്നതിന് വെല്ലുവിളിയോ തടസ്സമോ ആയ ഒരു നിബന്ധനപോലും അതിൽ ചൂണ്ടിക്കാണിക്കാൻ കഴിയില്ല.
മണിപ്പൂരിലെ കലാപത്തിനുശേഷം ഒരു ഗ്രാമത്തിന്റെ ദൃശ്യം
മൗലികാവകാശങ്ങളെക്കുറിച്ച ഭരണഘടനയുടെ 14ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്, ‘‘ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നിയമത്തിന് മുന്നിലുള്ള തുല്യതയും നിയമങ്ങളുടെ തുല്യപരിരക്ഷയും ഒരു വ്യക്തിക്കും ഭരണകൂടം നിഷേധിക്കുകയില്ല’’ എന്നാണ്. എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള നിയമങ്ങളും മതന്യൂനപക്ഷങ്ങളെ ഭരണഘടനാ പരിരക്ഷയിൽനിന്ന് ഒഴിവാക്കാനുള്ള മറ്റ് നീക്കങ്ങളും 14ാം അനുച്ഛേദത്തിന്റെ അക്ഷരാർഥത്തിലുള്ള ലംഘനമാണ്. 14ാം അനുച്ഛേദം ഭരണഘടനയിൽ നിലനിൽക്കുമ്പോൾ എന്തടിസ്ഥാനത്തിലാണ് സി.എ.എ പാസാക്കാൻ കഴിയുക? 14ാം അനുച്ഛേദത്തിന് വിരുദ്ധമായി ഭരണകൂടം പ്രവർത്തിക്കുകയാണെങ്കിൽ, ഭരണഘടനയിലുള്ള പ്രതിവിധികൾ എന്തെല്ലാമാണ്? പ്രത്യേകിച്ചും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ ഭരണാധികാരികളുടെ അതൃപ്തി വർധിക്കുന്ന സാഹചര്യത്തിൽ. സുപ്രീംകോടതി ഒരു പ്രതിപക്ഷ പാർട്ടിയെപ്പോലെ പെരുമാറുന്നുവെന്ന മുൻ നിയമമന്ത്രി റിജിജുവിന്റെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവനയാണ് ഈ ചോദ്യത്തിന് ആധാരം..?
14ാം അനുച്ഛേദം മാത്രമല്ല, മറ്റുള്ളവയും തുല്യപ്രാധാന്യമുള്ളതാണ്. മതന്യൂനപക്ഷങ്ങളെ ഭരണഘടനാ പരിരക്ഷയുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏതൊരു നിയമത്തിലും –അത് പൗരത്വ ഭേദഗതി നിയമമോ മറ്റേതെങ്കിലും നിയമമോ ആകട്ടെ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയോ എല്ലാ ഇന്ത്യൻ പൗരന്മാർക്കുമുള്ള (ഭൂരിപക്ഷത്തിന് ഉൾപ്പെടെ) മതസ്വാതന്ത്ര്യത്തെയോ ലംഘിക്കുന്നുവെങ്കിൽ അത് ഹൈകോടതികളോ സുപ്രീംകോടതിയോ ഇടപെട്ട് റദ്ദാക്കും. പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, നമ്മുടെ മൗലികാവകാശങ്ങളുടെയും അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നത് ആത്യന്തികമായി ജുഡീഷ്യറിയാണ്.
(ii) മുൻ നിയമ മന്ത്രി റിജിജുവിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഭരണഘടനാ പണ്ഡിതനായ പ്രഫ. ഗ്രാൻവിൽ ഓസ്റ്റിൻ പറയുന്നതനുസരിച്ച്, ഇന്ത്യൻ ഭരണഘടനക്ക് മൂന്ന് വ്യതിരിക്തമായ ഇഴകളുണ്ട്; ദേശീയ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ജനാധിപത്യ സ്ഥാപനങ്ങൾ സ്ഥാപിക്കുക, സാമൂഹിക പരിഷ്കരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അവ. ഭരണഘടനയുടെ ഈ കാതലായ സവിശേഷതകളുടെ ശാശ്വതമായ നിലനിൽപ് വർത്തമാനകാലത്ത് ഭീഷണി നേരിടുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
(i) നമ്മുടെ ഭരണഘടനയുടെ കാതലായ സവിശേഷതകൾ നേരത്തെയും ഭീഷണി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് പല സവിശേഷതകളും യഥാർഥത്തിൽ ഇല്ലാതായി. 50 വർഷം മുമ്പ് കേശവാനന്ദ ഭാരതി കേസിൽ പുറപ്പെടുവിച്ച വിധി അടിസ്ഥാന സവിശേഷതകൾ മാറ്റിമറിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പുനൽകുന്നുണ്ട്. കൂടാതെ, ഭരണത്തിലെ ദൈനംദിന വീഴ്ചകൾമൂലവും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഭരണഘടനയുടെ കാതലായ ലക്ഷണങ്ങൾ ഇല്ലാതാവാം.
ജില്ലാ ജുഡീഷ്യറിയും പ്രാദേശിക ഭരണകൂടവും ശാക്തീകരിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ഭരണഘടനാപരമായ ഉറപ്പുകൾ അപകടത്തിലാകും. ഉദാഹരണത്തിന്, കീഴ് കോടതികളിലെ ഒഴിവുകൾ നികത്തിയില്ലെങ്കിൽ അതുവഴി ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസമുണ്ടാവുകയും, ആയിരക്കണക്കിന് പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കപ്പെടുകയും ചെയ്യും.
ചോദ്യം: ജുഡീഷ്യറിയെ കൂട്ടുപിടിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് നിയമജ്ഞനായ ജി. മോഹൻ ഗോപാൽ പറഞ്ഞു. ഈ നിഗമനത്തിലെത്താൻ അദ്ദേഹം ചൂണ്ടിക്കാണിച്ച തെളിവുകൾ, ജഡ്ജിമാർ പ്രഫഷനലും വ്യക്തിപരവുമായ നിലപാടുകളിൽ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്. കീഴ് കോടതികളിൽ ഈ പ്രവണത എത്രത്തോളം വ്യാപകമാണ്? ജഡ്ജിമാർ ഭരണഘടനാ തത്ത്വങ്ങൾക്ക് പുറത്തുള്ള സ്രോതസ്സുകൾ വിധിനിർണയത്തിൽ അവലംബിക്കുകയാണെങ്കിൽ, ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ‘നീതി’യോടുള്ള പ്രതിബദ്ധതക്ക് എന്തുസംഭവിക്കും? പ്രത്യയശാസ്ത്രപരമായ മുൻധാരണകളോ എക്സിക്യൂട്ടിവിന് മുമ്പാകെ നീതിന്യായ വ്യവസ്ഥയിലെ ഉദ്യോഗസ്ഥരുടെ സ്വയം അവഹേളനമോ കാരണം പൗരന്മാർക്ക് നീതി ലഭ്യമായില്ലെങ്കിൽ അവർക്ക് മുന്നിലുള്ള പരിഹാരങ്ങൾ എന്തായിരിക്കും? ഈ പ്രവണത നിലനിൽക്കുകയാണെങ്കിൽ അന്യായമായ വിധിക്കെതിരെ അപ്പീൽ ചെയ്യാനുള്ള അവകാശം അർഥശൂന്യമാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
(i) പ്രഫ. മോഹൻ ഗോപാൽ ഉന്നയിച്ച തെളിവുകൾ ഞാൻ കണ്ടിട്ടില്ല. കീഴ്‌കോടതികളിലെ ഈ പ്രവണതയെക്കുറിച്ചും എനിക്കറിയില്ല. പ്രത്യേകിച്ചും 28 സംസ്ഥാനങ്ങളും 140 കോടി ജനങ്ങളും ഇന്ത്യയിലുണ്ടായിരിക്കേ, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ദൂരവ്യാപകമായ പ്രസ്താവനകൾ നടത്തുന്നത് അപകടകരമാണ്.
(ii) ഇതിലെ ചോദ്യം നിരവധി ഊഹങ്ങൾ, അഭ്യൂഹങ്ങൾ, അനുമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ്. വസ്തുതാപരമായ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സംഭവങ്ങൾ കൃത്യമായി പഠിക്കുകയും ചെയ്യാതെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത് എന്റെ ഭാഗത്തുനിന്ന് ഉചിതമായിരിക്കില്ല.
ജുഡീഷ്യൽ പ്രഖ്യാപനങ്ങളിലെ മതാധികാര സ്വാധീനത്തെ ഒരു വിഭാഗം ജഡ്ജിമാർ അനുകൂലിക്കുമ്പോൾ, ഭരണഘടനയെ സംരക്ഷിക്കാൻ നിയമ മേഖലയിൽനിന്ന് പ്രവാചകശബ്ദങ്ങൾ ഉയർന്നുവരേണ്ടതല്ലേ? ന്യായാധിപന്മാർ യാഥാസ്ഥിതികരും എതിരിടാൻ താൽപര്യമില്ലാത്തവരും ആണെന്നതിനാൽ, ഇന്ത്യയിൽ ഇത് സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? നിലവിൽ, നിയമ കൂട്ടായ്മകളിൽനിന്നുള്ള വ്യക്തിഗത ശബ്ദങ്ങൾ ഇക്കാര്യത്തിൽ ആശങ്കകൾ മുഴക്കുന്നുണ്ട്. ഇത് സാവധാനം കെട്ടുപോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
(i) ഒരിക്കൽകൂടി പറയട്ടെ, ഇൗ ചോദ്യവും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മതാധികാര സ്വാധീനത്തെ അനുകൂലിക്കുന്ന ജഡ്ജിമാരുടെ വിഭാഗം ഏതാണ്? ആരാണ് ഈ ജഡ്ജിമാർ, ഏത് സംസ്ഥാനത്താണ് ഇത് സംഭവിക്കുന്നത്? ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിലകൊണ്ട നിരവധി ജഡ്ജിമാരുണ്ട്, പ്രത്യേകിച്ച് ഹൈകോടതികളിലും സുപ്രീംകോടതിയിലും.
(ii) ജഡ്ജിമാരെല്ലാം ‘യാഥാസ്ഥിതികരും ഏറ്റുമുട്ടാത്തവരും’ ആണെന്ന് മുദ്രകുത്തുന്നതും തെറ്റാണ്. ഭരിക്കുന്ന സർക്കാറിന്റെ നയത്തോട് യോജിപ്പില്ലെങ്കിലും നിയമത്തെ വ്യാഖ്യാനിക്കാൻ മാത്രമേ ജഡ്ജിമാർക്ക് ബാധ്യതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ന്യായാധിപന്മാർ, ആ നിലക്ക്, യാഥാസ്ഥിതികരും ഏറ്റുമുട്ടാത്തവരുമായിരിക്കണം; അവർക്ക് ആത്യന്തികവാദികളാവാനോ നിയമനിർമാണസഭയുമായി ഏറ്റുമുട്ടാനോ കഴിയില്ല. നിയമത്തെ വ്യാഖ്യാനിക്കുക എന്നത് മാത്രമാണ് ജുഡീഷ്യറിയുടെ ചുമതല.
ജുഡീഷ്യറിയിലെ അഴിമതി ആശങ്കാജനകമായ കാര്യമാണ്. അനുകൂല വിധി സമ്പാദിക്കുന്നതിന് കേസിലെ ജഡ്ജിമാർക്ക് പണം നൽകണമെന്ന് പറഞ്ഞ് കുറ്റം ചുമത്തപ്പെട്ടവരിൽനിന്ന് കേരള ഹൈകോടതിയിലെ അഭിഭാഷകൻ കൈക്കൂലി വാങ്ങിയ സംഭവം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. ഭരണഘടനാ തത്ത്വങ്ങളിൽനിന്നുള്ള വ്യതിചലനത്തിനു പുറമേ, ജുഡീഷ്യൽ പ്രഫഷനലിസം ഇല്ലാതാക്കുന്ന അഴിമതിയും വ്യാപകമായ ആശങ്കകളുയർത്തുന്നുണ്ട്. നിങ്ങളുടെ അഭിപ്രായത്തിൽ, ജുഡീഷ്യറിയിൽ ഈ പ്രതിസന്ധി എത്രത്തോളം വ്യാപകമാണ്? സമൂഹത്തിൽ വ്യാപകമായ അഴിമതി ജുഡീഷ്യറിയിലേക്ക് വ്യാപിക്കാതിരിക്കാൻ എന്തെല്ലാം നിയന്ത്രണങ്ങളാണ് നടപ്പാക്കേണ്ടത്?
ജീവിതത്തിന്റെ സമസ്ത മേഖലകളിലും അഴിമതി ഒരു പ്രശ്നമാണ്. ജുഡീഷ്യറിയിൽ അഴിമതിയാരോപണങ്ങളുണ്ട്, അത് പരിഹരിക്കപ്പെടേണ്ട വിഷയവുമാണ്. കീഴ്‌കോടതികളിലോ ഉന്നത കോടതികളിലോ ഈ പ്രശ്നം എത്രത്തോളം വ്യാപകമാണ് എന്നതിന് ഒരു വിവരവുമില്ല. ജുഡീഷ്യറിയെ അഴിമതിരഹിതമായി നിലനിർത്തുന്നതിനും അഴിമതി കുറക്കുന്നതിനുമുള്ള മാർഗം എല്ലാ തലങ്ങളിലും മികച്ച ജഡ്ജിമാരെ തിരഞ്ഞെടുക്കുക എന്നതാണ്. അവരുടെ രാഷ്ട്രീയമോ മറ്റ് ചായ്‌വുകളോ പ്രത്യേകിച്ച് പരിഗണിക്കാതെ പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം നാം ന്യായാധിപരെ തിരഞ്ഞെടുക്കേണ്ടത്.
ഭരണകൂട സംവിധാനങ്ങൾ പാടേ തകർന്നുവെന്ന് തോന്നുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങളുടെ കാര്യത്തിലെന്നപോലെ, എക്‌സിക്യൂട്ടിവ് അതിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന സന്ദർഭങ്ങളിൽ ജുഡീഷ്യൽ ആക്ടിവിസം സ്വയം സാധൂകരിക്കപ്പെടുമോ? ഭരണഘടനയുടെ സംരക്ഷകരായ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെടുന്നതിൽ ഏറെ മന്ദഗതിയിലായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കൂടാതെ, സുപ്രീംകോടതി ഈ വിഷയം കൂടുതൽ സജീവമായും ഫലപ്രദമായും കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ, അത് ഏതുവിധത്തിലായിരിക്കണം?
(i) മണിപ്പൂരിലെ പ്രശ്നങ്ങളുടെ വിശദാംശങ്ങൾ എന്റെ പക്കലില്ല. മണിപ്പൂർ വിഷയത്തിലെ സുപ്രീംകോടതി ഉത്തരവുകൾ പഠിച്ചിട്ടില്ലാത്തതിനാൽ ഞാനതിൽ അഭിപ്രായം പറയാൻ പാടില്ല. നമ്മുടെ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഹൈകോടതിയും സുപ്രീംകോടതിയും പരിഹാരം കാണണമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ.
(ii) ഇന്ത്യ ഒരു വലിയ രാജ്യമാണ്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് പതിവായി ഏറ്റുമുട്ടലുകളോ പ്രശ്നങ്ങളോ ഉണ്ടാകാറുണ്ട്. ഇത്തരം കേസുകളിലെല്ലാം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും സ്വയം മുൻകൈയെടുത്ത് ഇടപെടുന്നത് ശരിയാകുമോ? എക്സിക്യൂട്ടിവ് മാത്രം കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങളാണിവ. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ കുറിച്ച് മാത്രമേ കോടതികൾ ശ്രദ്ധിക്കേണ്ടതുള്ളൂ.
ജനാധിപത്യത്തിന്റെ നെടുംതൂണായി കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ പങ്കിനെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു? അധികാരികളുടെ രക്ഷാകർതൃത്വം എന്ന ലാഭകരമായ അപ്പക്കഷണം കരസ്ഥമാക്കാനും ആസ്വദിക്കാനുമുള്ള വ്യഗ്രതയിൽ, അധികാരത്തോട് സത്യംപറയാനുള്ള തങ്ങളുടെ കടമയും അപൂർവം ചിലരെ ഒഴിച്ചാൽ, മാധ്യമപ്രവർത്തകർ ഉപേക്ഷിച്ചുവോ? മാധ്യമങ്ങളെ സഹകരിപ്പിക്കാനുള്ള ഭരണകർത്താക്കളുടെ പരിശ്രമം, ചിന്തക്കും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിനെതിരെ വർധിച്ചുവരുന്ന അതിക്രമം എന്നിവയുടെ പശ്ചാത്തലത്തിൽ, മാധ്യമ കൂട്ടായ്മയിലുള്ളവർ അവരുടെ തൊഴിലിന്റെ സമഗ്രതയിൽ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കാമോ? ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അതിപ്രാധാന്യമുള്ള ഒരു വിഷയമായിരുന്നിട്ടും എന്തുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യം ഒരു തിരഞ്ഞെടുപ്പ് പ്രശ്നമാവാത്തത്?
(i) ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ ഗുരുതരമായ ഭീഷണിയുണ്ട്. സർക്കാറിനെതിരെയുള്ള ഒരു വിമർശനവും വെച്ചുപൊറുപ്പിക്കില്ല എന്നത് ഖേദകരമാണ്. നിരവധി മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും യു.എ.പി.എ പ്രകാരം കേസെടുക്കുകയും ചെയ്തു എന്നത് നിർഭാഗ്യകരമാണ്. ഇതേതുടർന്ന് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിൽ തുടർനടപടികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഇടക്കാല ഉത്തരവുകൾ സുപ്രീംകോടതിക്ക് നൽകേണ്ടിവന്നു. ഖേദകരമെന്നു പറയട്ടെ, ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. പല രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ഭീഷണിയിലാണ്.
(ii) മാധ്യമങ്ങളിൽ വരുന്ന ഏതൊരു വിമർശനത്തെയും മൂല്യവത്തായ ഫീഡ്‌ബാക്കായി നമ്മുടെ നേതാക്കൾ കണക്കാക്കുകയും അതിനെ പ്രവൃത്തിമാർഗങ്ങളിൽ വരുത്തേണ്ട തിരുത്തലുകളുടെ അടിസ്ഥാനമാക്കുകയും വേണമെന്നത് പ്രധാനമാണ്. ഗവൺമെന്റിനെ സ്തുതിക്കാൻ മാത്രം പ്രതീക്ഷിക്കപ്പെടുന്ന ഒരു മാധ്യമം ഏതൊരു റിപ്പബ്ലിക്കൻ ജനാധിപത്യത്തിനും ദീർഘകാല നാശമുണ്ടാക്കും. വിയോജിപ്പുകളെ അടിച്ചമർത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നത് ചരിത്രപരമായി വിപരീതഫലമാണ് എല്ലായ്പോഴും സൃഷ്ടിച്ചിട്ടുള്ളത്.
(മൊഴിമാറ്റം: ബാസിൽ ഇസ്ലാം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.