ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്

എന്താണ്​ സമകാലിക ഇന്ത്യയിലെ ജുഡീഷ്യറിയുടെ അവസ്ഥ? നീതിന്യായ സംവിധാനം അട്ടിമറിക്കപ്പെട്ടുവോ? എന്താവും ഭാവി? -സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മലയാളിയുമായ ഹാരിസ്​ ബീരാൻ ജുഡീഷ്യറിയെപ്പറ്റി എഴുതുന്നു. അദ്ദേഹം ശുഭാപ്തിവിശ്വാസം പുലർത്താൻ എന്താവും കാര്യം?മുന്നറിയിപ്പുകൾ പലത് അനുബന്ധമായി വേണ്ടതാണീ വാക്യം. നിലവിലെ സാഹചര്യം ഒട്ടും ആശാസ്യമല്ലെന്നത് അതിൽ ഒന്നുമാത്രം. സമകാലിക ഉന്നതതല ജുഡീഷ്യറിയെ കുറിച്ച് എഴുതുമ്പോൾ ഇങ്ങനെ പറഞ്ഞു തുടങ്ങാമെന്നാണ്​ തോന്നുന്നത്. അടുത്തിടെ സുപ്രീംകോടതി രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പോന്ന അതിപ്രധാന വിധികൾ കുറെ നടത്തിയിട്ടു​ണ്ട്. വിദഗ്ധരുടെ പക്ഷപ്രകാരം പരമോന്നത...

എന്താണ്​ സമകാലിക ഇന്ത്യയിലെ ജുഡീഷ്യറിയുടെ അവസ്ഥ? നീതിന്യായ സംവിധാനം അട്ടിമറിക്കപ്പെട്ടുവോ? എന്താവും ഭാവി? -സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മലയാളിയുമായ ഹാരിസ്​ ബീരാൻ ജുഡീഷ്യറിയെപ്പറ്റി എഴുതുന്നു. അദ്ദേഹം ശുഭാപ്തിവിശ്വാസം പുലർത്താൻ എന്താവും കാര്യം?

മുന്നറിയിപ്പുകൾ പലത് അനുബന്ധമായി വേണ്ടതാണീ വാക്യം. നിലവിലെ സാഹചര്യം ഒട്ടും ആശാസ്യമല്ലെന്നത് അതിൽ ഒന്നുമാത്രം. സമകാലിക ഉന്നതതല ജുഡീഷ്യറിയെ കുറിച്ച് എഴുതുമ്പോൾ ഇങ്ങനെ പറഞ്ഞു തുടങ്ങാമെന്നാണ്​ തോന്നുന്നത്. അടുത്തിടെ സുപ്രീംകോടതി രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പോന്ന അതിപ്രധാന വിധികൾ കുറെ നടത്തിയിട്ടു​ണ്ട്. വിദഗ്ധരുടെ പക്ഷപ്രകാരം പരമോന്നത കോടതി പുറപ്പെടുവിച്ച ഈ വിധികൾ ഒട്ടും തൃപ്തികരമല്ല. ചില വിധികളും അവയെ കുറിച്ച വിദഗ്ധരുടെ പ്രതികരണങ്ങളുമാണ് താഴെ:

1. 370ാം വകുപ്പ് വിധി: കേന്ദ്രസർക്കാർ നടപടികളെ പിന്തുണക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ കരൺ ഥാപർക്ക് നൽകിയ അഭിമുഖത്തിലും ‘ഇന്ത്യൻ എക്സ്പ്രസി’ലെ ലേഖനത്തിലും പറയുന്നത്, ‘‘സുപ്രീംകോടതി വിധി സമ്പൂർണമായി അബദ്ധവും തെറ്റായതുമാണ്’’ എന്നാണ്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകുറും സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2. അയോധ്യ കേസ് വിധി: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ പറയുന്നു: ‘‘അയോധ്യ വിധിയാണ് വലതുപക്ഷ ശക്തികൾക്ക് ഗ്യാൻവാപിയിലും അവകാശവാദം ഉന്നയിക്കാൻ സഹായകമായത്.’’

3. റാഫേൽ പ്രതിരോധ കരാറിൽ സുപ്രീംകോടതി കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. ‘ലൈവ് ലോ’ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ എഴുതുന്നു: ‘‘വിധി അബദ്ധങ്ങളുള്ളതും ആശയക്കുഴപ്പങ്ങളുള്ളതും വൈരുധ്യാത്മകവുമാണ്.’’

4. നാണയ നിരോധന വിധിയിൽ, കേന്ദ്രസർക്കാർ നാണയ നിരോധനം തീരുമാനമാക്കുന്നതിൽ നിയമവിരുദ്ധമായൊന്നും ചെയ്തില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാൽ, പ്രമുഖ സാമ്പത്തിക വിദഗ്ധർ ഇതിനെ വിമർശിച്ചത് ഏകാധിപത്യ നടപടിയെന്നാണ്. വിധിയെ കുറിച്ച് പ്രതികരിച്ച് മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ട്വീറ്റ് ചെയ്തത്: ‘‘ന്യൂനപക്ഷ വിധി നാണയ നിരോധനത്തിലെ നിയമവിരുദ്ധതയും ക്രമവിരുദ്ധതകളും ചൂണ്ടിക്കാട്ടുന്നതായി എന്നത് നമുക്ക് സന്തോഷം നൽകുന്നതാണ്. ഭരണകൂടത്തിന്റെ കണ​​ൈങ്കക്കിട്ടൊരു കൊട്ടാകാം അത്. എന്നാൽ, കണ​ൈങ്ക പ്രഹരവും നല്ലതാണ്.’’

5. ഉദ്ധവ് താക്കറെ കേസ്: ശിവസേനയിൽനിന്ന് കൂറുമാറിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരായ അയോഗ്യത നടപടികളെ പിന്തുണച്ചായിരുന്നു സുപ്രീംകോടതിയുടെ ഏകകണ്ഠ വിധി. 2022 മധ്യത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാറിന്റെ വീഴ്ചയിലേക്ക് നയിച്ച് അന്നത്തെ ഗവർണർ ഭഗത് സിങ് കോശിയാരി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് തെറ്റായെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറയുന്നതിങ്ങനെ: ‘‘ഈ പ്രവൃത്തികൾക്ക് ​ജുഡീഷ്യൽ സംവിധാനം പിന്തുണ നൽകുമ്പോൾ കൂറുമാറ്റത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്നതാണിത്.’’

അടുത്തിടെ 370ാം വകുപ്പിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. 11.12.2023ലെ കശ്മീർ വിധിയെ കുറിച്ച് അ​ന്നേ ദിവസം രാവിലെ 8.00ന് കപിൽ സിബലിന്റെ ട്വീറ്റ് ഇങ്ങനെ:

 ‘‘കോടതികൾ ചില പോരാട്ടങ്ങൾ തോൽക്കാനുള്ളതാകും. കാരണം, വരും തലമുറകൾക്കായി ചരിത്രം അസ്വാസ്ഥ്യജനകമായ യാഥാർഥ്യങ്ങളും രേഖപ്പെടുത്തിയേ പറ്റൂ. സ്ഥാപനപരമായ ചെയ്തികളുടെ ശരികളും തെറ്റുകളും ഇനിയുമേറെ വർഷങ്ങൾ ചർച്ച ചെയ്യപ്പെടും. ചരിത്രപരമായ തീരുമാനങ്ങളുടെ ധാർമിക കോംപസിൽ അന്തിമ തീർപ്പുകാരൻ ചരിത്രം മാത്രം.’’

മുൻചൊന്നതാണ് നാളെയുടെ രാജ്യത്തെ തന്നെ തീരുമാനിക്കാൻ പോന്ന സു​പ്രീംകോടതി വിധികൾ. ഇവയെ കുറിച്ച് വളരെ പ്രമുഖരായ ആളുകളുടെ ഈ പ്രതികരണങ്ങൾ ദുഃഖകരമായ ഒരു ചിത്രമാണ് നമുക്കു മുന്നിൽ വെക്കുന്നത്. എന്നിട്ടും ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്.

ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് സ്വയം ആശ്വസിക്കാം. മൃഗീയ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തിലുള്ള ഏതുകാലത്തും ജുഡീഷ്യറി ദുർബലപ്പെടുക സ്വാഭാവികം. അന്ന് ഇന്ദിര ഗാന്ധിയുടെ കാലത്ത് ഇതുതന്നെ സംഭവിച്ചതാണ്. 2014നു ശേഷമുള്ള ഇന്ത്യയിലും അതുതന്നെ നാം കാണുന്നു. 2014ന് മുമ്പും ശേഷവുമുള്ള ജുഡീഷ്യൽ ഇടപെടലുകളിലേക്ക് കണ്ണു പായിച്ചാൽ കാര്യങ്ങൾ സുതരാം വ്യക്തമാകും.

2014ന് മുമ്പ് ജുഡീഷ്യറി സർവസജ്ജമായി കർമമുഖത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, 2ജി സ്​പെക്ട്രം കേസ്, കൽക്കരി കുംഭകോണം കേസ്, കോമൺവെൽത്ത് ഗെയിംസ് വില്ലേജ് അഴിമതി കേസ് എന്നിവയിലെല്ലാം സുപ്രീംകോടതി ഇടപെടൽ അതിന്റെ പരകോടിയിലായിരുന്നു. പരമമായ ഈ ഇടപെടലുകൾകൂടിയാണ് യു.പി.എ സർക്കാറിന്റെ പതനത്തിലെത്തിച്ചത്. 2014നുശേഷം പക്ഷേ, കോടതികൾ ഭരണകൂടത്തെ ചോദ്യംചെയ്യാൻ ​ഒരുക്കമല്ല. അവിടെയാണ് അപായം പതിയിരിക്കുന്നതും. ഞാൻ നേരത്തേ വ്യക്തമാക്കിയപോലെ, ​മൃഗീയ ഭൂരിപക്ഷമുള്ള ഭരണകൂടത്തിന് പാർലമെന്റിനകത്തെന്നപോലെ പുറത്തും അതിന്റേതായ വഴികളുണ്ടാകും. പൂർണാർഥത്തിൽ നിയമം പാലിക്കാതെയും ഭരണഘടനാവിരുദ്ധവുമായ തീരുമാനങ്ങൾ അങ്ങനെ പിറവിയെടുക്കാം.

ഹാരിസ്​ ബീരാൻ

 ഇവിടെയാണ് ഒരു നിയന്ത്രണ സംവിധാനമെന്നോണം കോടതികളെ സമീപിക്കാൻ സാധാരണക്കാർക്ക് ഭരണഘടന അവകാശം നൽകുന്നത്. സാധാരണക്കാർക്ക് ഭരണകൂട തീരുമാനങ്ങളെ ചോദ്യംചെയ്യാനുള്ള ഏക പോംവഴിയാണ് കോടതികൾ. 32ാം വകുപ്പാണ് ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്നാണ് ബി.ആർ. അംബേദ്കർ പറഞ്ഞത്. മൗലികാവകാശ ലംഘനമുണ്ടായാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സാധാരണക്കാരന് അവകാശം നൽകുന്നതാണ് 32ാം വകുപ്പ്. കോടതികൾ സർക്കാറുകളെ വിചാരണ നടത്തണം. ഭരണകൂടത്തെ കോടതി അന്വേഷിക്കണം. നിരന്തരം ഭരണകൂടത്തിനുമേൽ ​കോടതി ചോദ്യങ്ങൾ ഉന്നയിക്കണം.

അങ്ങനെ മാത്രമേ ഭരണഘടന സംരക്ഷിക്കപ്പെടാനാകൂ. അതുവഴിയേ സാധാരണ പൗരന്മാരുടെ വിശ്വാസ്യത ഉറപ്പാക്കാനാകൂ. ജുഡീഷ്യറി ദുർബലമായി പരിണമിക്കുന്നതോടെ സാധാരണക്കാരന് ഇത്തരം ലംഘനങ്ങൾക്കെതിരെ പൊരുതാനുള്ള സാധ്യതകളും ദുർബലമാകും. കരുത്തുറ്റ ജുഡീഷ്യറിയാണ് കാലത്തിന്റെ ആവശ്യം. കേന്ദ്രത്തിൽ ശക്തമായ ഒരു ഭരണകൂടമാകുമ്പോൾ ജുഡീഷ്യറി അതിനെക്കാൾ കരുത്തുള്ളതാകണം.

തങ്ങളുടെ ഏതുതരം നടപടിയും കൃത്യവും സൂക്ഷ്മവുമായ പരിശോധനക്ക് വിധേയമാകുമെന്നും കോടതി കണ്ണുകൾ ഉറക്കെ തുറന്നുപിടിച്ചിരിക്കുകയുമാണെന്ന സന്ദേശം ഭരണകൂടത്തിന് ലഭിക്കണം. അപ്പോഴേ ആരോഗ്യപൂർണമായ ഒരു ജനാധിപത്യം അതിജീവിക്കൂ. അതുമാത്രമാണ് സാധാരണക്കാരനെ സംബന്ധിച്ച അവസാന ദുർഗം. സർക്കാറിനോട് ചോദ്യം ചോദിക്കുന്നത് കോടതികൾ നിർത്തിയാൽ പിന്നെ പൗരന്മാർ എവിടെയാണ് പോവുക? ഏകാധിപത്യ വാഴ്ചയെ കണ്ണുംപൂട്ടി നോക്കിയിരിക്കാനേ അപ്പോൾ അവർക്കാകൂ.

ഗ്യാൻവാപി മസ്ജിദ് കേസിലും സുപ്രീംകോടതി സമീപനം ഏറ്റവും ലളിതമായി പറഞ്ഞാൽ നിരാശജനകമായിരുന്നു. ബാബരി മസ്ജിദ് തകർത്തതിന്റെ മുറിപ്പാടുകൾ ഇപ്പോഴും ജനത്തിന്റെ മനോമുകുരങ്ങളിലുണ്ട്. ഈ വേദനാപൂർണമായ സംഭവങ്ങളിൽനിന്ന് ഇനിയും രാജ്യം കരകയറിയിട്ടുമില്ല. മതപരമായ എല്ലാ നിർമിതികൾക്കും 1947ൽ എങ്ങനെയാണോ അതുപോലെ നിലനിർത്തണമെന്ന് 1991ൽ പാർലമെന്റ് നിയമം പാസാക്കിയതാണ്. അതിൽ ആകെ നൽകിയ ഇളവ് ബാബരി മസ്ജിദിനായിരുന്നു. അയോധ്യ കേസിലും ഇത് സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞതാണ്.

അത് അങ്ങനെത്തന്നെ നിലനിൽക്കെ പുതുതായി ഗ്യാൻവാപി കേസ് വരുമ്പോൾ, 1991ൽ പാർലമെന്റ് പാസാക്കിയ നിയമം നിലനിൽക്കുന്നതിനാൽ മതപരമായ നിർമിതികളിൽ ഇനിയൊരു കേസിന് പ്രസക്തിയും സാധ്യതയുമില്ലെന്ന് പറഞ്ഞ് സുപ്രീംകോടതിക്ക് പൂർണമായി തുടക്കത്തിലേ തള്ളിക്കളയാമായിരുന്നു. അതുപക്ഷേ, സംഭവിച്ചില്ല. പകരം ഗ്യാൻവാപി പള്ളിയാണോ ക്ഷേത്രമാണോ എന്നു പരിശോധിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകുകയാണുണ്ടായത്. ഇനിയുമേറെ ‘ബാബരി മസ്ജിദുകൾ’ ഉണ്ടാക്കാൻ ശേഷിയുള്ളതാണ് ഇതെന്ന അപായം ഇവിടെ പതിഞ്ഞിരിപ്പുണ്ട്.

അതാകട്ടെ, രാജ്യത്തിനു മേൽ തീർക്കാവുന്ന ദുരന്തം അതിഭീകരവുമാകും. മതത്തിന്റെ പേരിലെ ധ്രുവീകരണവും ഭിന്നിപ്പുമാണ് ലളിതമായി പറഞ്ഞാൽ നിലവിലെ രാഷ്ട്രീയ നയം. അതിന് ഓരോ രാഷ്ട്രീയ കക്ഷിയും സ്വാതന്ത്ര്യമുള്ളവരുമാണ്. പാർലമെന്റ് പാസാക്കിയ ഭരണഘടനയും നിയമങ്ങളും സംരക്ഷിക്കാൻ രാജ്യത്ത് ബാധ്യതയുള്ളതാണ് ഉന്നത കോടതി. ഗ്യാൻവാപി വിഷയത്തിൽ സുപ്രീംകോടതി ശരിയായിരുന്നോ എന്നത് ഭാവിതലമുറകൾ വിധി പറയും.

അപ്പോഴും പ്രതീക്ഷയുടെ ഒരു തിരിവെട്ടമുണ്ട്. ഏതുതരം കടന്നാക്രമണവും ചെറുത്തുനിൽക്കാനാകുന്ന നിർഭീകമായ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ് ഉന്നത തല ജുഡീഷ്യറിയെന്ന് എന്നും ഞാൻ വിശ്വസിക്കുന്നു. അത്തരമൊരു വെട്ടവും തെളിച്ചവുമായിരുന്നു 2023ലെ ‘മീഡിയവൺ കേസി’ലെ വിധി. 2022 ജനുവരി 31ന് സർക്കാർ മീഡിയവൺ ചാനൽ ലൈസൻസ് റദ്ദാക്കുന്നു. അന്നുതന്നെ ചാനൽ കേരള ഹൈകോടതിയെ സമീപിച്ചു, വിധിക്ക് സ്റ്റേ അനുവദിക്കുകയും ചെയ്തു. എന്നാൽ, 7.2.2022ന് ഗവൺമെന്റ് തീരുമാനം ശരിവെച്ച് സിംഗിൾ ബെഞ്ചിന്റെ അന്തിമവിധി വന്നു. ഡിവിഷൻ ബെഞ്ച് അപ്പീലും തള്ളപ്പെട്ടു.

മുദ്രവെച്ച കവറിൽ വിവരങ്ങളുണ്ടെന്നും വിലക്കിന് ഒരു മണിക്കൂർപോലും സ്റ്റേ അനുവദിക്കാനാകില്ലെന്നുമായിരുന്നു വിശദീകരണം. അവസാനം കേസ് സുപ്രീംകോടതിയിലെത്തി. 2023 എപ്രിൽ അഞ്ചിന്​ സുപ്രീംകോടതി നടത്തിയ ചരിത്രപരമായ വിധിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞു. എനിക്ക് കൂടുതൽ മതിപ്പ് തോന്നിയത്, വിലക്കിന് കാരണമായി സമർപ്പിക്കപ്പെട്ട മുദ്രവെച്ച കവറിലെ ഉള്ളടക്കങ്ങൾ കോടതി ഉദ്ധരിച്ചതാണ്. ഇവയായിരുന്നു അത്:

1. എം.ബി.എൽ മാധ്യമം ദിനപത്രവുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്. അതിന് ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ളതുമാണ്.

2. മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സ്വഭാവം സുരക്ഷാനിലപാട് പരിഗണിക്കുമ്പോൾ പ്രതിലോമകരമായ സ്വഭാവമുള്ളതാണ്.

3. അപേക്ഷകന്റെ പ്രധാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധമുള്ളവരാണ്.

4. തുടർന്നും പ്രവർത്തിക്കാൻ അനുവദിച്ചാൽ ജമാഅത്തെ ഇസ്‍ലാമി പ്രത്യയശാസ്ത്രത്തെയാകും നിർദിഷ്ട ടി.വി ചാനൽ സ്വീകരിക്കുക.

‘‘ ‘മാധ്യമം’ ദിനപത്രം 12 എഡിഷനോടെ പുറത്തിറങ്ങുന്ന പത്രമാണ് (കേരളത്തിൽ ആറ് എഡിഷനും കർണാടകയിൽ രണ്ടും സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിലായി നാലും). ജമാഅത്തെ ഇസ്‍ലാമി ഹിന്ദിനു കീഴിൽ കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായുള്ള ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസാണ് അത് ​പുറത്തിറക്കുന്നത്. ശരാശരി 1.75 ലക്ഷം വരിക്കാരുള്ള പത്രം, മുസ്‍ലിം സമുദായം നേരിടുന്ന വിവിധ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ജമാഅത്തെ ഇസ്‍ലാമി അതിനെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ മുസ്‍ലിംക​ൾക്കെതി​രായ ആരോപിത വിവേചനങ്ങൾ അത് പ്രാമുഖ്യത്തോടെ നൽകുന്നു.’’

ഇതുകൊണ്ടുതന്നെയാണ് ഈ സ്ഥാപനത്തിൽ (നീതിന്യായം) എനിക്ക് പ്രതീക്ഷയുണ്ടെന്നും ഞാനൊരു ശുഭാപ്തി വിശ്വാസിയാണെന്നും പറഞ്ഞത്.

(മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Tags:    
News Summary - weekly samvadham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.