ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഒാരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഇൗജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.മുഖദ്ദം കുന്ന് കേറിയിറങ്ങുമ്പോഴൊക്കെ താമരശ്ശേരി ചുരവും വയനാട്ടിലേക്കുള്ള പോക്കുവരവും ഓർമവരും. ഒമ്പത് ഹെയർപിൻ വളവുകളൊന്നുമില്ലെങ്കിലും അതിന്റെ...
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഒാരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഇൗജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.
മുഖദ്ദം കുന്ന് കേറിയിറങ്ങുമ്പോഴൊക്കെ താമരശ്ശേരി ചുരവും വയനാട്ടിലേക്കുള്ള പോക്കുവരവും ഓർമവരും. ഒമ്പത് ഹെയർപിൻ വളവുകളൊന്നുമില്ലെങ്കിലും അതിന്റെ വളഞ്ഞുപുളഞ്ഞ വഴിയും താഴേക്ക് നോക്കുമ്പോൾ പോകപ്പോകെ വലുതായിവരുന്ന പട്ടണവും എത്തിച്ചേരുന്ന നിരപ്പും. വ്യത്യാസമുള്ളത് ഭൂമിക്കും പ്രകൃതിക്കുമാണ്. ഒരിടത്ത് പച്ചപുതച്ചിരിക്കുന്നുവെങ്കിൽ മറ്റേയിടത്ത് മണൽനിറമുള്ള മൺതിട്ടകൾ. അവിടുള്ള കല്ലിനും കഥ പറയാനുണ്ടെന്ന് തോന്നും. മണ്ണുമാന്തി യന്ത്രങ്ങൾ കുഴിച്ച് നീക്കിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഏതോ യുഗത്തിൽ ആരോ താമസിച്ചിരുന്ന മണ്ണുകൊട്ടാരത്തിന്റെ രൂപം തെളിഞ്ഞുവരുന്നത് കാണാം. കുന്നിന്റെ മുനമ്പിലാണ് കൈറോക്ക് മുഴുവൻ കാവലായി സലാഹുദ്ദീൻ അയ്യൂബി പണി കഴിപ്പിച്ച കോട്ട. ശത്രുക്കളെ നിരീക്ഷിക്കുന്ന കൈറോയിലെ ഏറ്റവും ഉയർന്ന തട്ട്. അതിനകത്ത് മുഹമ്മദ് അലി മസ്ജിദ്. കുന്നിറങ്ങവേ മുകളിൽനിന്ന് നോക്കുമ്പോൾ പൊടിമണ്ണിന്റെ നിറംപിടിച്ച പതിനായിരം പുരാതന കെട്ടിടങ്ങളുടെ ഒച്ചപ്പാടാണ്. ആയിരം മിനാരങ്ങളും താഴികക്കുടങ്ങളും ആ കെട്ടിട പരപ്പിൽ ഉയർന്നുനിൽപ്പുണ്ട്. ഇടയിലാണ് ‘മരിച്ചവരുടെ നഗരം’ നരച്ചു കിടക്കുന്നത്. ആത്മാക്കൾ ശാന്തരായുറങ്ങുന്നു. ജീവിച്ചിരിക്കുന്നവരുടെ നെടുവീർപ്പുകൾ ബാൽക്കണിയിൽ വിരിച്ചിട്ട തുണികളിലൂടെ ഊരിയിറങ്ങുന്നു. ഇതിന് നടുവിലാണ് പഴയ കൈറോയിലെ സാധാരണ ജീവിതം ഓടുന്നത്.
കൈറോയിലുള്ളപ്പോൾ താമസിച്ചിരുന്നത് മുഖദ്ദം കുന്നിന് മുകളിലെ ഒരു അപ്പാർട്മെന്റിലായിരുന്നു. നഗരം കാണാൻ എന്നും താഴേക്കിറങ്ങും. അതുകൊണ്ട് തന്നെ കൈറോയിൽ ഏറ്റവുമധികം കണ്ട ജീവനുള്ള കാഴ്ച ഏതാണെന്ന് ചോദിച്ചാൽ മേൽപറഞ്ഞതാണ്. രാത്രി തിരികെ വരുമ്പോൾ വെളിച്ചം കൂടി തെളിയുന്നതോടെ കറുത്ത പുതപ്പിൽ മിന്നാമിനുങ്ങുകൾ പറ്റിപ്പിടിച്ചതു പോലാണുണ്ടാവുക. നിരത്തിലെ ചുവപ്പും വെളുപ്പും ലൈറ്റുകൾ മിന്നിച്ച് കടന്നുപോവുന്ന കാറുകളും കൂടിയാകുന്നതോടെ രാത്രി പൂർണമാണ്. പിന്നെ വീണ്ടും അടുത്ത പുലരി. അടുത്ത കുന്നിറക്കം. ഊബറിലോ ഇൻ ഡ്രൈവിലോ ടാക്സി വിളിച്ചായിരുന്നു അധികവും യാത്ര. ഓരോ തവണയും ഓരോ ടാക്സി ഡ്രൈവർമാരാവും. ചിലരൊക്കെ നന്നായി സംസാരിക്കും. എവിടെ നിന്നാണെന്ന് ചോദിക്കുമ്പോൾ ‘മിനൽ ഹിന്ദ്’ അഥവാ ഇന്ത്യയിൽനിന്നാണെന്ന് പറയുമ്പോൾ പിന്നെ കൂടുതൽ മിണ്ടും. രണ്ടു നാട്ടിലെ കൗതുകങ്ങൾ കൂട്ടിമുട്ടും.
എല്ലാവരും പൊതുവായി പറയുന്ന ചില കാര്യങ്ങളുണ്ട്. അതിനപ്പുറം മിണ്ടുന്ന ചില രസികൻ കഥാപാത്രങ്ങളുമുണ്ട്. അവരെ കുറിച്ച് വേണമെങ്കിൽ ‘ഈജിപ്തിൽ കണ്ടുമുട്ടിയ സാരഥികൾ’ എന്ന പേരിൽ ഒരധ്യായം എഴുതാൻ മാത്രമുണ്ട് താനും. പൊതുവായി പറയുന്ന കാര്യങ്ങളിൽ രണ്ടെണ്ണം കേരളത്തിലുള്ള പരിചയക്കാരും ഹിന്ദി സിനിമകളോടുള്ള അവരുടെ അഭിനിവേശവുമാണ്. കുറെക്കാലം മറ്റ് അറബ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന ആളുകളാണ് കേരളത്തിൽനിന്നാണെന്ന് കേൾക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മലയാളികളെ ഓർത്തിരുന്നത്. പലർക്കും സ്വദീഖായി ഓർക്കാൻ ഒരു സാജിദോ നിസാറോ കാണും. കുവൈത്തിലോ യു.എ.ഇയിലോ ഖത്തറിലോ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്തെ പറ്റി അയവിറക്കും. മിസ്രികളുടെ ബോളിവുഡ് പ്രേമം ടാക്സി ഡ്രൈവർമാരിൽനിന്ന് മാത്രമല്ല യാത്രയിലുടനീളം കണ്ടറിഞ്ഞ സംഗതിയാണ്. ഷാറൂഖ് ഖാനാണ് അവരുടെ മനംകവരും താരം. അലക്സാൻഡ്രിയയിൽ ഭക്ഷണം കഴിക്കാൻ കയറിയ കടയിൽ ഓടിക്കൊണ്ടിരുന്നത് ഷാറൂഖിന്റെ ‘ഓം ശാന്തി ഓം’ ആയിരുന്നു. ‘പത്താൻ’ സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ വിവാദം നടക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് (എപ്പോഴും..!) വേറൊരു രാജ്യത്തെ ആളുകൾ ആരാധനയോടെ ആ മനുഷ്യനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ അവരുമായി ബന്ധിപ്പിക്കുന്ന ഒരു ചരടുപോലാണ് ഷാറൂഖ് ഖാൻ.
സയ്യിദ ആയിഷ മാർക്കറ്റിൽ നിന്നുള്ള ദൃശ്യം
‘‘ഷാറൂഖ് അല്ലേ നിങ്ങളുടെ നാടിന്റെ ബ്രാൻഡ് അംബാസഡർ’’ എന്ന് ചോദിച്ച മഹ്മൂദ് എന്ന ടാക്സി ഡ്രൈവറിനൊപ്പമാണ് ആ വെള്ളിയാഴ്ച രാവിലെ മുഖദ്ദം കുന്നിറങ്ങിയത്, പതിവിലും നേരത്തേ. മഞ്ഞുകാലമായതുകൊണ്ട് നല്ല തണുപ്പായിരുന്നു. സയ്യിദ ആയിഷയിലെ സൂഖ് അൽ ജുമുഅയിലേക്കായതുകൊണ്ടാണ് തണുപ്പ് വകവെക്കാതെ വേഗമിറങ്ങിയത്. കാരണം ‘വെള്ളിയാഴ്ച ചന്ത’ രാവിലെ എട്ടിനു തുടങ്ങും. ലൊക്കേഷൻ അതാണെന്ന് കണ്ട് ഡ്രൈവർ അത് ടൂറിസ്റ്റുകൾ പോകുന്ന സ്ഥലമല്ലല്ലോ എന്ന് സൂചിപ്പിച്ചു. നല്ല തിരക്കായിരിക്കുമെന്ന് മുന്നറിയിപ്പും തന്നു. പിന്നെയാണ് ഷാറൂഖ് പ്രേമത്തെ പറ്റി വാചാലനായത്. സലാഹുദ്ദീൻ സിറ്റാഡൽ പിന്നിട്ട് തിരിവുകളുള്ള റോഡ് കഴിഞ്ഞ് കാർ അൽ തുൻസി പാലത്തിന് മുകളിലെത്തി. ആ ഫ്ലൈ ഓവറിന് മുകളിലൂടെ പോകുമ്പോൾതന്നെ താഴെ ഇരുവശത്തുമുള്ള ചന്തയിലെ ആൾത്തിരക്കും ശബ്ദങ്ങളും അറിയാനാകും. ഫ്ലൈ ഓവറിറങ്ങി ഇടതുവശത്തേക്ക് തിരിഞ്ഞ് ഒരരികിലായി അദ്ദേഹം വണ്ടി നിർത്തി. തിരക്ക് അവിടെ മുതലുണ്ട്. പക്ഷേ, ശരിക്കും തിരക്ക് കാണാൻ കിടക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ഫ്ലൈ ഓവറിന്റെ വലതുവശത്തായാണ് സയ്യിദ ആയിഷ മസ്ജിദ്. അതിന് ചുറ്റുമായി വികസിച്ചുവന്ന തെരുവാണിത്. രണ്ടുവശത്തും നിരനിരയായി കടകളാണ്. എന്തും കിട്ടും. പക്ഷേ പാമ്പിൻകുഞ്ഞുങ്ങളെയും മുതലക്കുട്ടികളെയും കുരങ്ങനെയുമൊക്കെ വാങ്ങണമെന്നുണ്ടെങ്കിൽ വെള്ളിയാഴ്ച തന്നെ സയ്യിദ ആയിഷ മാർക്കറ്റിലെത്തണം. വളർത്തുമൃഗങ്ങളെയും പക്ഷികളെയുമൊക്കെ വിൽക്കാനും വാങ്ങാനുമുള്ള ഈജിപ്തിലെതന്നെ വലിയ ചന്ത അന്നാണുണ്ടാവുക. എല്ലാ വെള്ളിയാഴ്ചയും രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെ. അതൊരു ലോകമാണ്. വിനോദസഞ്ചാര ഭൂപടത്തിനപ്പുറമുള്ള കൈറോയിലെ ഏറ്റവും സാധാരണക്കാരന്റെ ജീവിതവും ജീവിതനിലവാരവും അറിയാനാവുന്ന ലോകം. സമ്പന്നതക്കും ദാരിദ്ര്യത്തിനും എല്ലാ നഗരങ്ങളിലും ഒരേ ഛായയാണ്, മുഖം മാറുന്നുവെന്നേയുള്ളൂ. കൈറോയും വിഭിന്നമല്ല.
സയ്യിദ ആയിഷ മാർക്കറ്റിലെ വിൽപനക്കാരി
നൂഹിന്റെ പേടകം തുറന്നുവിട്ടതുപോലെയാണ് പെറ്റ് മാർക്കറ്റിലൂടെയുള്ള നടപ്പ്. മനുഷ്യരെ കൂടാതെ പട്ടി, പൂച്ച, പ്രാവ്, കുരങ്ങൻ, കോഴി, താറാവ് തുടങ്ങിയവയൊക്കെ നടക്കുന്നുണ്ടാവും. അവയെ തട്ടാതെയും മുട്ടാതെയും വിദഗ്ധമായി വേണം നടക്കാൻ. അതിൽനിന്ന് രക്ഷപ്പെടാൻ അരികിലൂടെ നൂണ്ടുകടക്കാമെന്ന് വിചാരിച്ചാൽ കൂട്ടിനകത്തുനിന്ന് പാമ്പ്, മുതലക്കുഞ്ഞ്, ഓന്ത്, ആമ, എലി തുടങ്ങിയവയൊക്കെ ഏന്തിനോക്കി പല്ലിളിക്കുന്നുണ്ടാവും. അതുകണ്ട് പേടിച്ചാൽ കടയിലിരിക്കുന്നവർ കളിയാക്കി ചിരിക്കും. ഒരു കൊച്ചുപയ്യൻ ‘ഇതാ നോക്കൂ, നിസ്സാരം...’ എന്നമട്ടിൽ കഴുത്തിൽ പാമ്പിൻകുഞ്ഞിനെയും തോളിലിട്ട് ഫോട്ടോക്ക് പോസ് ചെയ്തുതന്നു. പിന്നെ അതിനെ എന്റെ കൈയിൽ തരാനാണ് അവന് താൽപര്യം. പേടിക്കാനൊന്നുമില്ല എന്ന് ചിരിച്ചുകൊണ്ട് പറയുന്നുമുണ്ട്. തോളിൽനിന്ന് കൈയിലെടുത്ത് പാമ്പിൻകുഞ്ഞിനെ എനിക്കുനേരെ നീട്ടിയതേ ഞാൻ തടിതപ്പി.
ഖാൻ അൽ ഖലീലിലും അൽ മുഇസിലും സഞ്ചാരികളുടെ ഫോട്ടോയെടുക്കാൻ കാമറാമാന്മാർ വരിയായി കാത്തുനിൽക്കുകയായിരുന്നെങ്കിൽ ഇവിടെ നേരേ തിരിച്ചാണ്. കാമറ കണ്ടപ്പോൾ തങ്ങളുടെ ഫോട്ടോയെടുക്കാനാവശ്യപ്പെട്ട് പോസ് ചെയ്യുന്നവരാണ് അധികം. ഫോട്ടോയെടുത്തപ്പോൾ അയച്ചുകൊടുക്കാനാവശ്യപ്പെട്ട് വാട്സ്ആപ് നമ്പറും തരും.
വെള്ളിയാഴ്ച ചന്ത ഒറ്റനോട്ടത്തിൽതന്നെ പുരുഷന്മാരുടേതും ആൺകുട്ടികളുടേതുമാണ്. സ്ത്രീകൾ വളരെ കുറവ്. കോഴിക്കുഞ്ഞുങ്ങളെയും താറാവിൻപറ്റത്തെയും മുളയുടെ വലിയ വട്ടത്തട്ടിൽവെച്ച് വിൽക്കാനിരിക്കുന്നത് സ്ത്രീകളാണ്. മീനും പലതരം. തീറ്റസാധനങ്ങൾ വിൽക്കുന്നിടത്തും പർദയിട്ട പ്രായമായ സ്ത്രീകളുണ്ട്. ഓറഞ്ച് കൊണ്ടലങ്കരിച്ച ഉന്തുവണ്ടിയിൽ ജ്യൂസ് വിൽക്കുന്നൊരു പെൺകുട്ടിയെ കണ്ടു. ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചപ്പോൾ സമ്മതിച്ചു. ഇതൊന്നുമല്ലാതെ ആ തെരുവിൽ പെണ്ണുങ്ങൾ കുറവായിരുന്നു. സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത സാഹചര്യത്തിലുള്ള കൈറോയിലെ സ്ത്രീകളാരും മോഡേൺ വസ്ത്രങ്ങൾ ധരിച്ചുകണ്ടില്ലെന്ന ധാരണ ശരിയാണെന്ന് സയ്യിദ ആയിഷയിലെത്തിയപ്പോൾ തോന്നി. എല്ലാവരും കറുത്ത പർദയോ വെൽവെറ്റ് തുണിയിലുള്ള നീളൻ കുപ്പായങ്ങളോ ആണ് ഉപയോഗിക്കുന്നത്. പുരുഷന്മാരിലും പരമ്പരാഗത വസ്ത്രം ധരിക്കുന്നതിൽ ഈ ഘടകമുള്ളതായി തോന്നി.
പക്ഷികളുടെയും ചില്ലുകൂട്ടിലെ പല വർണത്തിലുള്ള മീനുകളുടെയും മുയലുകളുടെയും വിൽപനയിൽ പ്രധാനികൾ ആൺകുട്ടികളാണ്. പ്രാവുവളർത്തൽ പയ്യന്മാരുടെ പ്രധാനവിനോദമായതുകൊണ്ട് വാങ്ങാനും ആ പ്രായക്കാർതന്നെയാണ് അധികം. വിവിധ ബ്രീഡുകളിലുള്ള പട്ടികൾക്കും പൂച്ചകൾക്കും കുറെ ആവശ്യക്കാരുണ്ട്. വില ചോദിച്ചപ്പോൾ ഇവിടുള്ളതിനേക്കാൾ കുറവാണെന്ന് മനസ്സിലായി. മുതല, പാമ്പ്, ഓന്ത് ഇത്യാദികളെ ഏത് അരുമ തോന്നലിന്മേലാണ് വളർത്താൻ ഉദ്ദേശിക്കുന്നതെന്ന് മാത്രമാണ് പെറ്റ് മാർക്കറ്റ് കണ്ടപ്പോൾ മനസ്സിലാകാതെ ഇരുന്നത്. വളർത്തുമൃഗങ്ങൾക്കുള്ള അനുബന്ധ സാധനങ്ങളും അവിടെ സുലഭമാണ്. അവക്കു വേണ്ട കൂടുകൾ, വെള്ളത്തിനും തീറ്റക്കുമുള്ള പാത്രങ്ങൾ, ധാന്യങ്ങൾ, ഭക്ഷണങ്ങൾ, പറവകളെ വീഴ്ത്താനുള്ള കവണകൾ -എല്ലാമുണ്ട്.
സയ്യിദ ആയിഷ മാർക്കറ്റിൽ വിൽപനക്കായുള്ള ജീവികൾ
മനുഷ്യർക്ക് കഴിക്കാനുള്ള പലതരം ഭക്ഷണങ്ങളും ചായക്കടകളുമുണ്ട് ഇഷ്ടംപോലെ. കുഷരിയും ഫലാഫിലും ഐഷുമൊക്കെ വാങ്ങി ആളുകൾ നടക്കുന്നതിനിടെ തിന്നുന്നു. തിന്നുകൊണ്ട് വർത്തമാനം പറയുന്നു, വിലപേശി സാധനങ്ങൾ വാങ്ങുന്നു. ഈ ബഹളങ്ങൾക്കൊക്കെ ഇടയിലൂടെ കാറും സ്കൂട്ടറും പോകുന്നത് കാണുമ്പോഴാണ് ഈജിപ്തുകാർക്ക് ഡ്രൈവിങ് എന്നത് ഒരു കലയാണെന്ന് മനസ്സിലാവുക. നടക്കാൻതന്നെ ഇടമില്ലാതെ ഒഴുകുന്നതിനിടയിലൂടെ വണ്ടികളും കൊണ്ട് നീന്തുന്നത് വല്ലാത്ത മിടുക്ക് തന്നെ.
സയ്യിദ ആയിഷ മസ്ജിദ് കൂടാതെ വേറെയും ചെറിയ പള്ളികൾ ഈ വഴിയിലുണ്ട്. അതിന് പുറത്തിട്ടിരിക്കുന്ന ബെഞ്ചിൽ ചിലർ കിടന്നുറങ്ങുന്നു. തെരുവിൽ ആളുകൾ താമസിക്കുന്ന വീടുകളുമുണ്ട്. തുറന്നിട്ട ജനലിന് പുറത്തേക്ക് അവിടിവിടെ തല നീളുന്നതും ഉണങ്ങാനിട്ട കുപ്പായങ്ങളും കാണാം. വളർത്തുമൃഗങ്ങളുടെ ഏരിയ കഴിഞ്ഞാൽ പിന്നെ വസ്ത്രം വിൽക്കുന്ന തെരുവാണ്. അവിടെ ഉപയോഗിച്ച വസ്ത്രങ്ങളും വിലകുറഞ്ഞ പുതിയ വസ്ത്രങ്ങളും വാങ്ങാൻ കിട്ടും. അതങ്ങനെ ഒരുഭാഗത്ത് നീണ്ടുകിടപ്പുണ്ട്. വഴിയിൽ കണ്ട അഹമ്മദ് എന്ന തുണിവിൽപനക്കാരൻ അന്നാട്ടുകാരനല്ലെന്നറിഞ്ഞപ്പോൾ ചായ കുടിക്കാൻ ക്ഷണിച്ചു, കൈയിലുള്ള കുഷരി പങ്കിടാനും.
പഴയ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇവിടെയും പഞ്ഞമില്ല. ഏതോ വാതിലുകളുടെ തുരുമ്പുപിടിച്ച താക്കോൽക്കൂട്ടം വരെയുണ്ട്. മുത്തുമാലകൾ, നാണയങ്ങൾ, വിളക്കുകൾ, ചില കുടുംബഫോട്ടോകൾ -രസകരമായ സമ്പാദ്യങ്ങളാണ്. പക്ഷേ ഏറ്റവും തമാശ വിൽക്കാനുള്ളവയിൽ ഉപയോഗിച്ച ബ്രഷുകളുണ്ടെന്നതായിരുന്നു. അത് വാങ്ങുന്നവരുണ്ടാവുമോ..! കൂട്ടിയിട്ട ബ്രഷുകൾ കണ്ടപ്പോൾ ഈജിപ്തുകാർക്ക് പല്ലുതേക്കാൻ മടിയാണെന്ന് അവിടെവെച്ച് കേട്ടിരുന്ന കാര്യമാണ് ഓർമവന്നത്. അതെത്ര കണ്ട് ശരിയാണെന്നറിയില്ല.
പക്ഷേ, ചരിത്രം നോക്കിയാൽ ബ്രഷും ടൂത്ത് പേസ്റ്റിന്റെ ആദിമരൂപവുമൊക്കെ കണ്ടുപിടിച്ചത് അവരാണ് താനും. സയ്യിദ ആയിഷ മാർക്കറ്റിൽ വേറെയും കൈവഴികൾ പലവഴിക്കുണ്ട്. പക്ഷേ, ജുമുഅക്ക് അൽ അസ്ഹർ മസ്ജിദിൽ കൂടണമെന്നുള്ളതുകൊണ്ട് 11 മണിയായപ്പോഴേക്കും അവിടെനിന്ന് മടങ്ങാൻ തീരുമാനിച്ചു.
സയ്യിദ ആയിഷ മസ്ജിദ്.
തിരികെ സയ്യിദ ആയിഷ മസ്ജിദിനു മുന്നിൽ നടന്നെത്തിയപ്പോഴേക്കും നല്ല തിരക്കാണ്. പലവിധ കോലാഹലങ്ങൾ. ഓരോ സ്ഥലത്തേക്കുമുള്ള ചെറിയ ബസുകൾ വരിവരിയായി കിടപ്പുണ്ട്. അതേപറ്റി വല്യ ധാരണയില്ലാത്തതുകൊണ്ട് ‘ടുക്ടുക്’ യാത്ര തിരഞ്ഞെടുത്തു. കേട്ടാൽ ഇത്തിരി ഓമനത്തം തോന്നുന്ന പേരുണ്ടെന്നേയുള്ളൂ, കക്ഷി നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയാണ്. തിരക്കുപിടിച്ച നേരമായതുകൊണ്ടും ആ സമയം ഏറ്റവുമധികം ബ്ലോക്കുണ്ടാവുന്ന അൽ അസ്ഹർ മസ്ജിദ് പരിസരത്തേക്കാണ് പോവേണ്ടതെന്നതുകൊണ്ടും ഡ്രൈവർ ആദ്യം വൈമനസ്യം കാട്ടിയെങ്കിലും പിന്നെ ഞങ്ങളെ കയറ്റി.
ടാക്സിയിലെ അടഞ്ഞയിരിപ്പ് പോലെയായിരുന്നില്ല ടുക്ടുക് യാത്ര. പല ഊടുവഴികളിലൂടെയും അതിന് പോകാനാവുമായിരുന്നു. ഏതുവഴിയാണ് പോയതെന്നൊന്നും അറിഞ്ഞുകൂടാ. പക്ഷേ, പഴയ കൈറോയുടെ നാഡികളിലൂടെയായിരുന്നു ആ സവാരി. എല്ലാം പഴയ പഴയ തെരുവുകൾ, കെട്ടിടങ്ങൾ, ഫ്രെയിമുകൾ. വഴിയിലെവിടെയോ ഒരു സംഘം ആളുകൾ കാമറയൊക്കെ തൂക്കി കെട്ടിടങ്ങളുടെ ഫോട്ടോയെടുത്ത് നടക്കുന്നത് കണ്ടു. ഒരു മുതിർന്ന വ്യക്തി ഗൈഡ് ചെയ്യുന്നുമുണ്ട്. കൈറോയിലെ പൗരാണിക നിർമിതികളെപ്പറ്റി പഠിക്കുന്ന സംഘമായിരിക്കുമെന്ന് തോന്നി. ജുമുഅക്ക് നേരമായിരുന്നതുകൊണ്ട് തെരുവുകൾ വിജനമായി തുടങ്ങിയിരുന്നു. അൽ അസ്ഹറിൽ പഠിക്കുന്ന ഇന്തോനേഷ്യൻ വിദ്യാർഥികൾ തങ്ങളുടെ പരമ്പരാഗത കുപ്പായങ്ങളിൽ നമസ്കാരത്തിനായി വേഗം നടക്കുന്നുണ്ട്.
വണ്ടി അൽ ഹുസൈൻ പള്ളിയുടെ അടുത്ത് നിർത്തി. റോഡിന് മറുവശത്തേക്ക് പോവാനുള്ള കറക്കം നോക്കിയാൽ മൂന്നാലുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടക്കാനുള്ള സമയമുണ്ട്. അതുകൊണ്ട് അവിടെയിറങ്ങി സബ് വേയിലൂടെ അൽ അസ്ഹർ പള്ളിയിലേക്ക് നടന്നു. കൈറോയിൽ ഏറ്റവുമധികം ആളുകൾ ജുമുഅ നമസ്കരിക്കാനെത്തുന്നത് ഈ രണ്ട് പള്ളികളിലുമാണ്. അതുകൊണ്ട് നേരത്തേ എത്തി കാത്തിരുന്നാലേ നമസ്കാരത്തിന് ഇടംകിട്ടൂ. ആളുകൾ മുസല്ലയും കൈയിൽ പിടിച്ച് തിരക്കിട്ട് രണ്ട് പള്ളികളിലേക്കുമായി നടക്കുകയാണ്. ഹുസൈൻ പള്ളിയിലേക്ക് ശുഭ്രവസ്ത്രധാരികളായി പോകുന്ന ബോറാ മുസ്ലിം വിഭാഗത്തിൽപെട്ടവരെ കണ്ടു. ശിയാ വിശ്വാസധാരയിൽപെട്ടവരായതുകൊണ്ട് ഹുസൈൻ മസ്ജിദ് അവരുടെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലൊന്നാണ്. വഴിയിൽ മാസ്കും തൊപ്പിയുമൊക്കെ വിൽക്കാനിരിക്കുന്നവരുണ്ട്. വെള്ളിയാഴ്ച പുണ്യം നേടാൻ വിശ്വാസികളെ ‘സഹായിക്കാനായി’ കൈനീട്ടുന്നവരും ധാരാളം. അൽ അസ്ഹറിന്റെ മുറ്റത്തെത്തിയപ്പോഴേക്കും പള്ളി ഏതാണ്ട് നിറഞ്ഞിരുന്നു.
പള്ളിയുടെ പരിസരത്ത് തിരക്ക് നിയന്ത്രിക്കാനും പരിശോധിക്കാനും പൊലീസുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗശുദ്ധി വരുത്താൻ വേറെ വേറെ ഇടങ്ങളാണ്. അതിനുശേഷം ഒരേ വാതിലിലൂടെ തന്നെ അകത്തേക്ക് പ്രവേശിക്കാം. സ്ത്രീകൾക്ക് മാത്രമായി മറ്റൊരു പ്രവേശന കവാടവുമുണ്ട്. പള്ളിയുടെ നടുമുറ്റത്തെത്തിയപ്പോൾ സ്ത്രീകളിരിക്കുന്ന ഭാഗം അപ്പോഴേക്കും നിറഞ്ഞിരുന്നു. പിന്നെ ഇപ്പുറത്തായുള്ള മുറിയിലാണ് സ്ഥലം കിട്ടിയത്. അതും കുറച്ചുനേരം കൊണ്ടുതന്നെ നിറഞ്ഞു. പിന്നെ ബാങ്ക് കൊടുക്കുംവരെയുള്ള കാത്തിരിപ്പാണ്.
970ൽ സ്ഥാപിച്ച അൽ അസ്ഹർ കൈറോയിലെ തന്നെ ആദ്യകാല പള്ളികളിലൊന്നാണ്. പല കാലങ്ങളിലായി വിപുലീകരണം നടന്നതുകൊണ്ട് തന്നെ വിവിധ വാസ്തുവിദ്യാശൈലികളുടെ സമന്വയമാണ് ഇവിടെ. ശിയാ വിശ്വാസികളായിരുന്ന ഫാത്തിമികൾ നിർമിച്ച പള്ളി അയ്യൂബി ഭരണകാലത്തോടെ സുന്നികൾ ഏറ്റെടുത്തു. വ്യത്യസ്ത വാസ്തുശൈലിയിലുള്ള അഞ്ച് മിനാരങ്ങൾ, കുഫി ലിഖിതങ്ങളുള്ള മിഹ്റാബ്, മാർബിൾ പതിച്ച വിശാലമായ നടുമുറ്റം, മരത്തൂണുകൾകൊണ്ട് പണിത പ്രാർഥനാഹാൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
അൽ അസ്ഹർ മസ്ജിദിന്റെ ഉൾഭാഗം
പള്ളിയുടെ ഭാഗമായി ആരംഭിച്ച മദ്റസ ഇന്ന് അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്ന പേരിൽ മുസ്ലിം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ്. വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ഇസ്ലാമിക വിഷയങ്ങളിലെയും അറബിഭാഷയിലെയും ഉന്നതപഠനത്തിനായി ഇവിടെയെത്തുന്നു. ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, സുഡാൻ തുടങ്ങി പല രാജ്യങ്ങളിലെ വിദ്യാർഥികൾ അതിലുണ്ട്. മെഡിസിനും എൻജിനീയറിങ്ങും അടക്കമുള്ള മറ്റ് വിഷയങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന് അവസരമുണ്ടെങ്കിലും പഠനമാധ്യമം അറബിയാണ്. അറബി പഠിക്കാനായി കുറഞ്ഞ ഫീസിൽ ഒരു വർഷത്തെ കോഴ്സുണ്ട്. ആർക്കും ചേരാം. പ്രായമോ യോഗ്യതകളോ ബാധകമല്ല. കൈറോ നഗരത്തിൽതന്നെ സർവകലാശാലക്ക് ഒരുപാട് കാമ്പസുകളുണ്ട്. ഇവിടെ അനേകം പെൺകുട്ടികൾ പഠിക്കുന്നുണ്ട്, സ്ത്രീകൾ പഠിപ്പിക്കുന്നുമുണ്ട്. അൽ അസ്ഹറിലെ വിദ്യാർഥിയായി ഈജിപ്തിലെത്തിയാൽ ആ നാടിനെ അറിയൽ എളുപ്പമാണ്. എല്ലാ സഞ്ചാരകേന്ദ്രങ്ങളിലും കയറാൻ ഫീസ് കുറവാണ്. ചില സ്ഥലത്ത് പൈസയേ വേണ്ട. ഏത് സർവകലാശാലയിലെ വിദ്യാർഥികൾക്കും ഈ ഇളവുകളുണ്ട്.
അസ്ഹറിൽ പഠിക്കുന്നവരാണെങ്കിൽ ബഹുമാനമിത്തിരി അധികം കിട്ടുമെന്ന് മാത്രം. അവിടത്തെ പ്രത്യേക ഡ്രസ് കോഡ് ഭംഗിയുള്ളതാണ്. കറുത്ത നീളൻ കുപ്പായവും ചുവപ്പിൽ വെള്ളത്തുണി ചുറ്റിയ പ്രത്യേക തൊപ്പിയും. ഇസ്ലാമിക വിഷയങ്ങളിൽ ഓരോ ലെവലിലുള്ള ബിരുദങ്ങളാണ് കോഴ്സായുള്ളത്. മറ്റ് സ്ഥലങ്ങളിൽനിന്ന് പഠിച്ചവർക്ക് അവിടെ ഉപരിപഠനത്തിന് പോകണമെങ്കിലുള്ള നിബന്ധന യൂനിവേഴ്സിറ്റിയുമായി അഫിലിയേഷനുള്ള സ്ഥാപനങ്ങളിൽനിന്നുള്ളവരാവണമെന്നതാണ്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈജിപ്തിലെ അവസാന വാക്ക് അൽ അസ്ഹറിന്റേതാണ്. രാജ്യത്തെ മതകാര്യ വകുപ്പിന്റെ മേധാവി അൽ അസ്ഹറിന്റെ ശൈഖാണ്.
ജുമുഅ കഴിഞ്ഞ് പള്ളിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് ദുനിയാവിലെ വ്യത്യസ്ത കോണുകളിലുള്ള എത്ര മനുഷ്യരാണ് ഇത്രനേരം ഒരുമിച്ചുണ്ടായതെന്ന് തിരിച്ചറിയുക. പല നിറത്തിലുള്ള, വ്യത്യസ്ത സാംസ്കാരിക പരിസരങ്ങളിൽനിന്ന് വന്നവർ. ചരിത്രത്തിന്റെ ഒപ്പ് പതിഞ്ഞ പള്ളിയിൽ ജുമുഅ കൂടാനായതിന്റെ തെളിച്ചം ആദ്യമായി അവിടെയെത്തിയവരുടെ മുഖത്ത് അമ്പിളിവട്ടത്തിൽ കാണാം. ഞാനുമതിൽ ഒരു ഭാഗമായിരുന്നു. നമസ്കാരശേഷം നടുമുറ്റത്തു നിന്ന് ഫോട്ടോയെടുക്കുന്ന തിരക്കിലാണ് അവർ പിന്നെ. സ്വന്തക്കാരെ വിളിച്ച് വിഡിയോ കാൾ ചെയ്യുന്നവരുടെയും ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കുന്നവരുടെയും സന്തോഷങ്ങൾ. അവിടെ ആൺ-പെൺ വേർതിരിവുകളൊന്നുമില്ല.
ഈജിപ്തിൽ പൊതുവെ സ്ത്രീകൾക്ക് പള്ളിയിലോ പൊതുസ്ഥലങ്ങളിലോ ഒന്നും നിയന്ത്രണങ്ങളില്ല. അത് പല കാലങ്ങളിലായി, പല പോരാട്ടങ്ങളിലായി അവർ നേടിയതാവാം. എന്തിന്റെ ഭാഗമായാണെങ്കിലും മോഡേൺ വേഷങ്ങളണിഞ്ഞ്, ശിരോവസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോവുന്ന പെൺകുട്ടികളുടെ സംഘങ്ങൾ സന്തോഷം പകരുന്ന കാഴ്ചയാണ്. ആ നടപ്പ് എല്ലായിടത്തും അത്ര എളുപ്പത്തിൽ സാധ്യമല്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.