യൂറോപ്യൻ രാജ്യങ്ങളിലൂടെ യാത്ര പാരിസിലെത്തുന്നു. ഒളിമ്പിക്സിനായി ഒരുങ്ങുന്ന ആ നാടിന്റെ കാഴ്ചകൾ എഴുതുന്നു. അവിടെനിന്ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തുടരുന്നു.
ലണ്ടനിൽനിന്നു പാരിസിൽ എത്തിയപ്പോൾ നെൽസനോട് തോന്നിയതിലും ആരാധന നെപ്പോളിയനോടു തോന്നിയോയെന്നു സംശയം. ബെൽജിയത്തിലെ ബ്രസൽസിൽനിന്ന് വാട്ടർലൂവിലേക്ക് 20 കിലോമീറ്റർ മാത്രമായിരുന്നു ദൂരം. ആരുടെയും അവസാന തോൽവിയെ ‘വാട്ടർലൂ’ എന്നു നാം വിശേഷിപ്പിക്കുമ്പോഴും നെപ്പോളിയൻ സെന്റ് ഹെലനാ ദ്വീപിൽനിന്നു തിരിച്ചുവരാതിരിക്കാൻ മറ്റു രാജ്യക്കാർ മാത്രമല്ല ശ്രമിച്ചതെന്ന വാദങ്ങളിൽ കഴമ്പുണ്ടെന്നു തോന്നിപ്പോകും.
പാരിസിൽ, നെപ്പോളിയൻ ബോണപ്പാർട്ടിന്റെ 12 ചരിത്രജയങ്ങളുടെ സ്മാരകമായി ആർച്ച് കാണാം. ‘ട്രയംഫ് ആർച്ച്’ അഥവാ വിജയസ്മാരകമായ ആർച്ച്. 1806ൽ പണിതുടങ്ങി 1836ൽ പൂർത്തിയായെന്ന് ഗൈഡ് റോളാ പറഞ്ഞു. 150 മീറ്ററാണ് ഉയരം. ‘ആർച്ച് ഡി ട്രയംഫെ’ എന്നു ഫ്രഞ്ചുകാർ പറയുന്ന ഈ ആർച്ച് തന്റെ ഗ്രാൻഡ് ആർമിയുടെ വിജയങ്ങളുടെ ഓർമകൾ നിലനിർത്താൻ നെപ്പോളിയന്റെ നിർദേശപ്രകാരം പണിതതാണ്. പോരാട്ടങ്ങളുടെയും ജനറൽമാരുടെയുമൊക്കെ പേരുകൾ ആർച്ചിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സായാഹ്നങ്ങളിൽ ഇവിടെ ദീപം തെളിക്കാറുണ്ടെത്ര. ആർച്ചിന്റെ ടെറസിൽനിന്ന് നഗരം കാണാം.
ട്രാഫിക് കുരുക്ക് വ്യാപകമായിരുന്നെങ്കിലും പാരിസിൽ ഒരു ആഘോഷത്തിന്റെ പ്രതീതി കണ്ടു. യൂറോപ്യൻ പാർലമെന്റിന്റെ അധ്യക്ഷപദവി ഫ്രാൻസിനു ലഭിച്ചതിന്റെ ആഘോഷമാണെന്നു റോള പറഞ്ഞു. ആ ആഘോഷങ്ങളുടെ വേദികളിലൊന്ന് ട്രയംഫ് ആർച്ച് നിൽക്കുന്നിടമായി തിരഞ്ഞെടുത്തത് സ്വാഭാവികം. പുതിയ തലമുറയും നെപ്പോളിയനെ അഭിമാനത്തോടെ കാണുന്നു.
നെപ്പോളിയന്റെ മൃതദേഹം അടക്കംചെയ്ത ഖബറിടവും അനുബന്ധ ദേവാലയവും കണ്ടു. ജുലെസ് ഹാർദൊയ്ൻ മൻസാർട് രൂപകൽപന ചെയ്തതാണിത്. പാരിസിലെ ലെസ്ഇൻവാലി ഡെസിലാണിത്. നെപ്പോളിയന്റെ ശവകുടീരവും അടുത്തുള്ള ആർമി മ്യൂസിയവും കാണാൻ ടിക്കറ്റ് എടുക്കണം. എന്നാൽ, പള്ളിയിലും പരിസരങ്ങളിലും പൂന്തോട്ടത്തിലും പ്രവേശനം സൗജന്യമാണ്. സെന്റ് ഹെലനാ ഐലൻഡിലാണ് നെപ്പോളിയനെ അടക്കംചെയ്തത്. 1840ൽ ലൂയി-ഫിലിപ് രാജാവ് ശേഷിപ്പുകൾ ലെസ് ഇൻവാലിഡെസിൽ എത്തിക്കുകയായിരുന്നു. ലൂയി പതിനാലാമന്റെ കാലത്ത് റോയൽ മാസ് (രാജകീയ കുർബാന) നടന്നത് ഈ പള്ളിയിലാണ്. രണ്ടാം ലോകയുദ്ധത്തിൽ സഖ്യസേനയിലെ പൈലറ്റുമാർക്ക് സുരക്ഷയൊരുക്കിയതും ഇവിടെയാണ്.
പാരിസ് ഒളിമ്പിക്സ് മുൻനിർത്തി ഐഫൽ ടവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. പാരിസിന്റെ മാത്രമല്ല, ഫ്രാൻസിന്റെ തന്നെ മുഖമായാണ് ഐഫൽ ടവർ വിശേഷിപ്പിക്കപ്പെടുന്നത്. 1889ലെ വേൾഡ് ഫെയറിനോടനുബന്ധിച്ച് എൻജിനീയറിങ് വിദഗ്ധനായിരുന്ന ഗുസ്താവ് ഐഫൽ നിർമിച്ചതാണിത്. 81 നില കെട്ടിടത്തിന്റെ ഉയരമുണ്ടിതിന്. വെൽഡിങ് ഇല്ലാതിരുന്ന കാലത്ത് നട്ടും ബോൾട്ടും ഉപയോഗിച്ചു നിർമിച്ച ഗോപുരമാണിത്. മുകളിലേക്കു കയറാൻ ലിഫ്റ്റുണ്ട്. ഏറ്റവും മുകളിൽ ഐഫൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചിരുന്ന അപ്പാർട്മെന്റ് കാണാം. അതിൽ ഐഫലും തോമസ് ആൽവാ എഡിസനുമൊത്തുള്ള ശിൽപമുണ്ട്. ഐഫലിന്റെ മകൾ ക്ലെയർ താമസിച്ചിരുന്ന മുറിയും കാണാം. മകളുടെ രൂപവുമുണ്ട്.
പാരിസിലെ ഐഫൽ ടവറിൽ സുരക്ഷ കർശനമാണ്. സിഗരറ്റ് ലൈറ്റർ പ്രശ്നമായേക്കാമെന്നായിരുന്നു സൂചന. ഞങ്ങളുടെ സംഘത്തിൽ പുകവലിക്കാർ ലൈറ്റർ മുറിയിലും ബസിലും വെച്ചിട്ടാണ് പോയത്. പക്ഷേ, ടവറിൽനിന്ന് ഇറങ്ങിയപ്പോൾ താഴെ സായിപ്പന്മാർ എല്ലാം പുകവലിക്കുന്നു. ഒരു മദാമ്മയോട് ലൈറ്റർ വാങ്ങി. ‘‘യൂറോപ്പിൽ പുകവലിക്ക് നിരോധനം വന്നാൽ വിപ്ലവം ഉണ്ടാകും,’’ ഞങ്ങൾ ലൈറ്റർ എടുത്തില്ലെന്നു പറഞ്ഞപ്പോൾ മദാമ്മയുടെ മറുപടി.
2024ൽ പാരിസ് ഒളിമ്പിക്സിന് എത്തുന്നവരിൽ എത്രപേർ ഐഫൽ ടവർ കാണാനെത്തുമെന്ന് സംഘാടകർക്ക് ധാരണയായില്ല. എന്തായാലും പാരിസിലെ പ്രധാന ആകർഷണം ഐഫൽ ടവർതന്നെയായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ക്രമീകരണങ്ങൾ. വേലിക്കെട്ടുകൾ ഉയർന്നു; വഴിനീളെ സി.സി.ടി.വി കാമറകളും സ്ഥാപിച്ചുകഴിഞ്ഞു. ടവറിൽ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. യൂറോപ്പിൽ എവിടെയും കാണുന്നതുപോലെ ഇവിടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന ഭാഗം മറച്ചിട്ട്, ആ ഭാഗത്തിന്റെ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പാരിസിലെ ഗതാഗതക്കുരുക്ക് കണ്ടപ്പോൾ കോവിഡ് മഹാമാരി വിനയായത് ടോക്യോ ഒളിമ്പിക്സിനല്ല; മറിച്ച് പാരിസ് ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾക്കാണ് എന്നു മനസ്സിലായി. സമയത്തിനു നിർമാണങ്ങൾ പൂർത്തിയാക്കുവാൻ പാരിസ് സംഘാടക സമിതിയും നഗരസഭയും അത്യധ്വാനം ചെയ്യുകയാണ്. പലയിടത്തും നിർമാണങ്ങൾ ഒരേസമയം നടക്കുമ്പോൾ പാരിസ് നഗരത്തിൽ എവിടെയും ട്രാഫിക് കുരുക്ക്. പല ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര കണ്ടു. കോവിഡ് ഭീഷണിമൂലം കാണികളെ ഒഴിവാക്കിയാണ് 2021ൽ ടോക്യോ ഒളിമ്പിക്സ് നടന്നതെങ്കിലും ടോക്യോയിൽ ഒരുക്കങ്ങളെല്ലാം നേരത്തേ പൂർത്തിയായിരുന്നു. ഒളിമ്പിക്സ് ഒരു വർഷം നീട്ടിവെച്ചപ്പോൾ ടോക്യോ 2020 എന്ന ലേബൽ മാറ്റില്ലെന്ന് രാജ്യാന്തര ഒളിമ്പിക് സമിതിയുമായി സംഘാടക സമിതി കരാർ എഴുതിയതും എല്ലാം ഒരുങ്ങിക്കഴിഞ്ഞതിനാലാണ്.
കോവിഡ് എത്തുംമുമ്പ് ടോക്യോയിൽ നിർമാണങ്ങൾ പൂർത്തിയായിരുന്നു. ടോക്യോ നഗരവും ഒരുങ്ങിയിരുന്നു. പാരിസിൽ സ്ഥിതിയതല്ല. കോവിഡ് ഭീഷണി നിർമാണ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു. നിർമാണ സാമഗ്രികളുടെ ദൗർലഭ്യമാണ് പാരിസിനെ ഏറ്റവും വിഷമിപ്പിക്കുന്നത്. ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും നിർമാണമേഖലയെ തളർത്തി. ഘട്ടങ്ങളായി പൂർത്തിയാക്കേണ്ട നിർമാണങ്ങൾ ഇപ്പോൾ ഒരേസമയം നടക്കുമ്പോൾ നഗരത്തിലെ ഗതാഗതം തകരാറിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഇടക്കിടെയുണ്ടായ മഴയും പ്രശ്നമായി. ഇവിടെ ഒട്ടുമിക്ക റോഡുകളിലും വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഒരേസമയം നഗരത്തിലെങ്ങും നിർമാണം നടക്കുന്നത് നാട്ടുകാരെ മാത്രമല്ല, സന്ദർശകരെയും വലക്കുന്നു. ഇതിനുമുമ്പ് രണ്ടുതവണ (1900, 1924) ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവസമ്പത്ത് പാരിസിനുണ്ട്. 2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് അടുത്ത ഒളിമ്പിക്സ്. 2017 ജൂലൈ 31ന് പാരിസ് 24ലെ ഒളിമ്പിക്സ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടതാണ്. അതേവർഷം സെപ്റ്റംബർ 13ന് നടന്ന രാജ്യാന്തര ഒളിമ്പിക്സ് സമിതി സെഷൻ ഇതിന് അംഗീകാരവും നൽകി. ടോക്യോ ഗെയിംസ് മാറ്റിവെച്ചപ്പോഴും പാരിസ് ഗെയിംസ് മുൻനിശ്ചയപ്രകാരം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗെയിംസിനായി നഗരം മോടിപിടിപ്പിക്കുന്ന പരിപാടികളും പലഭാഗത്തും ഒരുപോലെയാണു പുരോഗമിക്കുന്നത്. ഇതാണ് വിനയായത്. ഇപ്പോൾ നടക്കേണ്ടതിനൊപ്പം മുടങ്ങിക്കിടന്നതും നടക്കുന്നു.
10,500 കായികതാരങ്ങൾ പാരിസിൽ എത്തും. പക്ഷേ, കാണികളുടെയും വിനോദസഞ്ചാരികളുടെയും കാര്യത്തിൽ നിശ്ചയമില്ല. പാരിസ്, ഒളിമ്പിക്സിനെ ഹൃദ്യമായി വരവേൽക്കും. എന്നാൽ, ട്രാഫിക് ബ്ലോക്ക് കുറച്ചുകാലം സഹിക്കേണ്ടിവരും.
നോട്രിഡാമിലെ ഡി പാരിസ് കത്തീഡ്രൽ, പാരിസിലെ സെന്റ് മെക്കിൾസ് കത്തീഡ്രൽ, ഓപറാ ഹൗസ്, യൂറോപ്പിലെതന്നെ വലിയ ആർട്ട് മ്യൂസിയമായ ലൗറേ (Louvre Museum) മ്യൂസിയം, ഗോഥിക് മാതൃകകൾ എത്രയോ... ലിയനാർഡോ ഡാവിഞ്ചിയുടെ ‘മൊണാലിസ’, മൈക്കലാഞ്ചലോയുടെ ‘ഡയിങ് സ്ലേവ്’ കാഴ്ചകൾ ഒട്ടേറെ. ഡാവിഞ്ചി ഇറ്റലിക്കാരനെങ്കിലും ‘മൊണാലിസ’ 1797 മുതൽ ഇവിടെയുണ്ട്.
വെഴ്സോലെസ് (Versaullse) കൊട്ടാരം 1682 മുതൽ ഫ്രാൻസിലെ രാജകൊട്ടാരമായിരുന്നു. ലൂയി പതിനാറാമന്റെ കാലത്ത്, 1789ൽ ഫ്രഞ്ച് വിപ്ലവകാലം വരെ അതങ്ങനെയായിരുന്നു. 1919 ജൂൺ 28ന് ഇവിടെയാണ് ഒന്നാംലോക യുദ്ധത്തിനുശേഷമുള്ള സമാധാന ഉടമ്പടി ഒപ്പുവെച്ചതും.
‘‘ഞാനാണ് സ്റ്റേറ്റ്; എന്റെ വാക്കുകളാണ് നിയമം’’ എന്ന് 1665 ഏപ്രിൽ 13ന് പാർലമെന്റിൽ പറഞ്ഞ കരുത്തനായ ഭരണാധികാരി ലൂയി പതിനാലാമനിൽനിന്ന് ലൂയി പതിനാറാമൻ എന്ന ദുർബലനായ ഭരണാധികാരിയിൽ ഫ്രാൻസിന്റെ ഭരണം എത്തി. ജനത്തിനു കഴിക്കാൻ റൊട്ടിയില്ലെന്ന് പറഞ്ഞപ്പോൾ കേക്ക് കഴിക്കരുതോയെന്ന് ചോദിച്ച രാജ്ഞി മേരി അേന്റാനിയ്നെറ്റ്. 1793 ജനുവരി 21ന് അവർ ഇരുവരും കൊല്ലപ്പെടുമ്പോൾ പ്രായം യഥാക്രമം മുപ്പത്തെട്ടും മുപ്പത്തേഴും. എന്നിട്ടും ഫ്രഞ്ച് വിപ്ലവത്തിന്റെ വിജയത്തിന്റെ തുടർച്ചയായി ഇവരെ വധിക്കണോയെന്നു തീരുമാനിക്കാൻ നടന്ന വോട്ടെടുപ്പിൽ 380–310 മാത്രമായിരുന്നു ഭൂരിപക്ഷം. കേക്കിന്റെ കഥ കെട്ടിച്ചമച്ചതാണെന്നും ലൂയി പതിനാറാമൻ ജനങ്ങളുടെ നന്മ ആഗ്രഹിച്ചിരുന്നെന്നും ഭരണപരിചയക്കുറവുകൊണ്ട് സഹായികളെ ആശ്രയിക്കേണ്ടിവന്നുവെന്നും അവരാണ് സാമ്പത്തികരംഗം തകർത്തതെന്നും വാദമുണ്ട്. രാജാവുമായുള്ള ബന്ധം മെച്ചമല്ലായിരുന്നെന്നും അതിനാൽ രാജ്ഞി ഉപദേശകരെ കൂടുതൽ ആശ്രയിച്ചെന്നും വ്യാഖ്യാനമുണ്ട്. എന്തായാലും ലൂയി പതിനാറാമനിലൂടെ ഫ്രാൻസിൽ യഥാർഥ രാജഭരണം അവസാനിച്ചു. കൊട്ടാരത്തിന്റെ മുന്നിൽ എത്തിയപ്പോൾ ചാറ്റൽ മഴ. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട കുട വിൽപനക്കാർക്ക് ചാകര. രാജകൊട്ടാരത്തിനു മുന്നിൽ കണ്ട കല്ലുകെട്ടിൽ കയറി അഷ്റഫ് നൈന ഒരു കാലിൽനിന്ന് ഫോട്ടോയെടുപ്പിച്ചത് കൊച്ചുകുട്ടികളുടെ ആവേശത്തോടെ.
അംഗപരിമിതർക്കായി പിന്നിൽ രണ്ടുവീലുള്ള സ്കൂട്ടറുകൾ നമ്മുടെ നാട്ടിൽ കാണാം. പക്ഷേ, മുന്നിൽ രണ്ടു വീലും പിന്നിൽ ഒരു വീലുമുള്ള സ്കൂട്ടറും ബൈക്കും പാരിസിൽ കണ്ടു. തണുപ്പുകാലത്ത് ഇരുചക്രവാഹന യാത്രികർ കൂടുതൽ സുരക്ഷിതരായിരിക്കാനുള്ള സംവിധാനമാണിത്. അതിശൈത്യത്താൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് മുന്നിൽ രണ്ടു ചക്രങ്ങൾ ഘടിപ്പിച്ച വാഹനമൊരുക്കിയിരിക്കുന്നത്
പാരിസിൽ ലൂയി പതിനാലാമന്റെ പ്രതിമ. പിന്നിൽ രാജകൊട്ടാരം. ഇന്ന് ഇവിടെ മ്യൂസിയം ഉണ്ട്
ഫ്രാൻസിൽ ഫോണിലെ എമർജൻസി കോൾ ബട്ടണിൽ വിരൽ അമർത്തിയാൽ സാധാരണ 30 മിനിറ്റിനുള്ളിൽ പൊലീസ് എത്തും. അറിയാതെ ബട്ടണിൽ വിരൽ അമരാതെ ശ്രദ്ധിക്കണം. മൂന്നു തവണ അനാവശ്യമായി എമർജൻസി കോൾ പോയാൽ പൊലീസ് പിടികൂടും. തന്നെയൊരിക്കൽ, ഇത്തരത്തിൽ പൊലീസ് താക്കീതു ചെയ്തുവിട്ട കഥ ടൂർ മാനേജർ ഹരിപ്രസാദ് പറഞ്ഞു. ഒരിക്കൽക്കൂടി സംഭവിച്ചാൽ മാപ്പില്ലെന്നും പിടിച്ചുകൊണ്ടുപോകുമെന്നും മുന്നറിയിപ്പു നൽകി വിട്ടു.
ലോകത്തിലെ ഏറ്റവും പുതിയ ഫാഷനുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് പാരിസിലാണെന്ന് കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ഇതിന്റെ സൂചനയാകാം ചില ഷോപ്പുകൾക്കു മുന്നിൽ കണ്ട നീണ്ട ക്യൂ. ബ്രാൻഡഡ് ഷോപ്പുകൾക്ക് മുന്നിലാണ് ഈ ക്യൂ. ഷാനെൽ (Chanel) പെർഫ്യൂം വിൽക്കുന്ന കടയുടെ മുന്നിൽ വലിയ ക്യൂ കണ്ടു. ഷാനെൽ അലൂർ ഹോമെ പെർഫ്യൂം 100 മില്ലിയുടെ വില 15,999 രൂപ വരും. ഈ പരമ്പരയിലെ ഏറ്റവും കുറഞ്ഞ പെർഫ്യൂം ഷാനെൽ ബ്ലൂ ഡി ഷാനെൽ ആണ് 12,000 രൂപ. നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഷാനെൽ പെർഫ്യൂം ഓരോ 30 സെക്കൻഡിലും ഒരു ബോട്ടിൽ വിൽക്കപ്പെടുന്നു.
ഡയാന രാജകുമാരിയുടെ ഓർമകൾ ഉണർന്നു
റിറ്റ്സ് പാരിസ് ഹോട്ടലും അധികം അകലെയല്ലാതെ ഡയാന രാജകുമാരിയുടെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്ന ടണലും കണ്ടപ്പോൾ ഓർമകൾ ഏതാനും ദിവസം പിന്നിലേക്കു പോയി. ലണ്ടനിൽ ബക്കിങ്ഹാം പാലസും വാക്സ് മ്യൂസിയത്തിലെ ഡയാനയുടെ മനോഹരമായ പ്രതിമയുമെല്ലാം മനസ്സിൽ തെളിഞ്ഞു. ആ പ്രതിമക്കൊപ്പം ഭാര്യ സുജ നിൽക്കുന്നൊരു ഫോട്ടോ ഞാൻ എടുത്തിരുന്നു.
ലോകത്തിലെ തന്നെ പ്രമുഖ ആഡംബര ഹോട്ടലുകളിൽ ഒന്നാണ് റിറ്റ്സ്. അതിലെ ഏറ്റവും മുന്തിയ സ്വീറ്റിൽ ആയിരുന്നു ഡയാനയും സുഹൃത്ത് ദോദി ഫയിദും ഡിന്നറിന് എത്തിയത്. ദോദിയുടെ പിതാവ്, ഈജിപ്തുകാരനായ ശതകോടീശ്വരൻ മുഹമ്മദ് അൽ ഫയിദിന്റേതായിരുന്നു ഹോട്ടൽ. ദോദി ഫയിദ് ഈജിപ്ഷ്യൻ ചലച്ചിത്ര നിർമാതാവായിരുന്നു. അപകടത്തിൽ ഡയാനയും ദോദിയും മരിച്ചപ്പോൾ ഹോട്ടലിൽ അവരുടെ സ്വീറ്റിൽ ദോദി ഡയാനക്ക് സമ്മാനിക്കാൻ വാങ്ങിയിരുന്ന ‘ടെൽ മീ യെസ്’ റിങ് ബാക്കിയുണ്ടായിരുന്നു. ആ മോതിരം ഡയാനക്ക് സമ്മാനിച്ചിരുന്നോ ഡയാന കണ്ടിരുന്നോ എന്ന് വ്യക്തമല്ല.
1997 ആഗസ്റ്റ് 31 പുലർച്ചെ 12.23നാണ് ലോകത്തെ ഞെട്ടിച്ച ആ കാർ അപകടം ഉണ്ടായത്. പാരിസിലെ പോണ്ട് ഡെൽ അൽമാ ടണലിൽ ഡയാന രാജകുമാരി സഞ്ചരിച്ചിരുന്ന മേഴ്സിഡെസ് ബെൻസ് ഡബ്ല്യു 140 എസ് ക്ലാസ് കാർ ഇടിച്ചു തകരുകയായിരുന്നു. ഡയാനക്കൊപ്പം സുഹൃത്ത് (പാർട്നർ) ദോദി ഫയിദും സുരക്ഷാ ഉദ്യോഗസ്ഥൻ ജോൺസും ആണ് ഉണ്ടായിരുന്നത്. അമിതവേഗത്തിലും അപകടകരമായുമാണ് ൈഡ്രവർ ഹെൻറി പോൾ കാർ ഓടിച്ചത്. അദ്ദേഹം തൽക്ഷണം മരിച്ചു.
ഫയിദും ഡയാനയും പാരിസിൽ റ്യൂ ആർസെന ഹൗസേയിലെ റിറ്റ്സ് പാരിസ് ഹോട്ടലിന്റെ അപ്പാർട്മെന്റിൽ ഉണ്ടെന്ന് അറിഞ്ഞ് മുപ്പതോളം ‘പാപ്പരാസികൾ’ വാർത്തക്കും ഫോട്ടോക്കുമായി ഹോട്ടലിനടുത്ത് എത്തിയിരുന്നു. മാധ്യമരംഗത്തെ ഈ ഒളിഞ്ഞുനോട്ടക്കാരെ വെട്ടിച്ച് ഹോട്ടലിന്റെ പിൻവാതിലിലൂടെയാണ് ഡയാനയും സുഹൃത്തും പുറത്തിറങ്ങിയത്. സംഭവം അറിഞ്ഞു പിന്നാലെ പാഞ്ഞ പാപ്പരാസികളിൽനിന്നും രക്ഷപ്പെടാൻ ൈഡ്രവർ അമിതവേഗത്തിൽ കാർ ഓടിച്ചു. ടണലിൽ വാഹനത്തിന്റെ വേഗം 50 കിലോമീറ്ററിൽ കൂടരുതെന്ന് ഇരിക്കെ 105 കിലോമീറ്ററിലാണ് പോൾ വണ്ടിയോടിച്ചത്. നിയന്ത്രണംവിട്ട കാർ ടണൽ ഭിത്തിയിൽ ഇടിച്ചു. 10 മിനിറ്റിനുള്ളിൽ പൊലീസ് എത്തിയപ്പോൾ ഡയാനയെ പിന്തുടർന്ന പാപ്പരാസികൾ രംഗം പകർത്തുന്ന തിരക്കിലായിരുന്നു. അവരെ ലാത്തിച്ചാർജ് ചെയ്യേണ്ടിവന്നെത്ര. പുലർച്ച രണ്ടുമണിയോടെ പിറ്റിസാൽ പെട്രിയറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുമണിക്ക് ഡയാന അന്ത്യശ്വാസം വലിച്ചു.
‘‘എന്റെ ദൈവമേ... എന്താണ് സംഭവിച്ചത്?’’ എന്നാണ് ഡയാന അവസാനമായി സംസാരിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന ജീവനക്കാരൻ സേവ്യർ ഗുർമെലോൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും ൈഡ്രവർ മദ്യപിച്ചിരുന്നെന്നുമൊക്കെ ഫ്രഞ്ച് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു. വണ്ടി ഓടിച്ചിരുന്ന പോൾ, റിറ്റ്സ് ഹോട്ടലിലെ സുരക്ഷാവിഭാഗം ഉപമേധാവിയായിരുന്നെന്നും അദ്ദേഹമാണ് പാപ്പരാസികളെ അകറ്റിനിർത്തി പിൻവാതിലിലൂടെ പുറത്തുകടക്കാൻ ഡയാനക്കും സുഹൃത്തിനും വഴിയൊരുക്കിയതെന്നും വായിച്ചിരുന്നു.
മരിക്കുമ്പോൾ ഡയാനക്ക് 36 വയസ്സ് മാത്രമായിരുന്നു. മക്കളിൽ വില്യമിന് പതിനഞ്ചും ഹാരിക്ക് പന്ത്രണ്ടും വയസ്സ്. ഡയാനയുടെ മരണസമയത്ത് എലിസബത്ത് രാജ്ഞി സ്കോട്ലൻഡിലായിരുന്നു. സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ഡയാനയുടെ മൃതശരീരം വെച്ചിരുന്നത്. രാജ്ഞിയും ചാൾസ് രാജകുമാരനും വില്യമും ഹാരിയും പിറ്റേന്ന് ഞായറാഴ്ച കറുത്ത വസ്ത്രമാണ് ധരിച്ചത്.
ഡയാനയോടുള്ള ആദരസൂചകമായി ബക്കിങ്ഹാം കൊട്ടാരത്തിനു മുകളിൽ പതാക പകുതി താഴ്ത്തിക്കെട്ടാഞ്ഞതിനെതിരെ വിമർശനം ഉയർത്തിയിരുന്നു. പക്ഷേ, സംഭവസമയത്ത് രാജ്ഞി കൊട്ടാരത്തിൽ ഇല്ലായിരുന്നുവെന്ന് അധികൃതർ വാദിച്ചു. ബ്രിട്ടീഷ് രാജകുടുംബ രീതിയനുസരിച്ച് രാജ്ഞിയില്ലാത്തപ്പോൾ കൊട്ടാരത്തിനു മുകളിൽ പതാക ഉയരാറില്ല.
‘‘മാധ്യമങ്ങളെ എങ്ങനെ അനുകൂലമാക്കാമെന്ന് ഡയാന രാജകുമാരിക്ക് നന്നായി അറിയാമായിരുന്നു. മറിച്ച് ചാൾസ് രാജകുമാരനാകട്ടെ ഇതൊട്ടും വശമില്ലായിരുന്നുതാനും.’’ ‘ദ ഡയാന േക്രാണിക്കിൾസും’ ‘ദ് പാലസ് പേപ്പേഴ്സും’ രചിച്ച ആംഗ്ലോ അമേരിക്കൻ മാധ്യമപ്രവർത്തക ടിനാ ബ്രൗൺ എഴുതി.
ഏറെ പ്രതിസന്ധികൾ നേരിട്ട ഡയാന രാജകുമാരി ജീവിച്ചിരുന്നെങ്കിൽ ഇന്ന് വളരെ പ്രശസ്തയായ മനുഷ്യസ്നേഹിയായി മാറിയേനെയെന്ന് ടിന ബ്രൗൺ അഭിപ്രായപ്പെട്ടിരുന്നു. രാജകുടുംബത്തിൽനിന്ന് വേർപിരിയാൻ ഡയാന ആഗ്രഹിച്ചിരുന്നില്ലെന്നും അവർ ഒരിക്കലും കെൻസിങ്ടൻ കൊട്ടാരം വിട്ടിരുന്നില്ലെന്നും എച്ച്. ആർ.എച്ച് പദവി നഷ്ടപ്പെടുന്നതിൽ വിഷമിച്ചിരുന്നെന്നുമാണ് ടിനയുടെ കണ്ടെത്തൽ. ‘‘വിവാഹബന്ധം വേർപെട്ടതിൽ അവർക്ക് ഖേദമുണ്ടായിരുന്നു. 1997 ജൂലൈയിൽ കണ്ടപ്പോഴും രാജകുടുംബം വിട്ടു ജീവിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല’’ -ടിന പറയുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിൽ ഡയാന ജീവിച്ച പതിനേഴു വർഷം എലിസബത്ത് രാജ്ഞി ശ്രദ്ധിക്കപ്പെടാതെ പോയെന്നു വിശ്വസിക്കുന്നവർ ഏറെയുണ്ട്. ഡയാനയുടെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്നതിനടുത്ത് ഏറെക്കാലം ദീപം തെളിച്ചിരുന്നെന്ന് ഗൈഡ് പറഞ്ഞു. അവിടെയെവിടെയോ ഒരു സ്റ്റാച്യു ഓഫ് ലിബർട്ടി ഉണ്ടെന്നു കേട്ടു. കണ്ടില്ല.
മഞ്ഞുമലയിൽ വന്ദേമാതരം
സ്വിറ്റ്സർലൻഡിൽ ആൽപ്സ് പർവതത്തിലെ മഞ്ഞുമൂടിയ ടിറ്റ്ലിസ് കൊടുമുടിയിൽ (സമുദ്രനിരപ്പിൽനിന്ന് 3238 മീറ്റർ ഉയരം) റൊട്ടേറ്റിങ് കേബിൾ കാർ വഴി എത്തി. ലോകത്തിൽ ആദ്യമായി കറങ്ങുന്ന കേബിൾ കാർ ഇവിടെയാണ് നിർമിച്ചതെന്ന് അറിഞ്ഞു. കേബിൾ കാർ സാവധാനം കറങ്ങുന്നതിനാൽ നാലുചുറ്റും കാണാം.
മധ്യ സ്വിറ്റ്സർലൻഡിന്റെ കിരീടത്തിലെ രത്നം എന്നാണ് ടിറ്റ്ലിസ് വിശ്വസിക്കപ്പെടുന്നത്. ആ മേഖലയിൽ വിനോദസഞ്ചാരികൾക്ക് കയറാവുന്ന ഏക മഞ്ഞുമല. ഏഞ്ചൽബർഗിലെ ടിറ്റ്ലിസ് വാലി സ്റ്റേഷനിൽ എട്ടുപേർക്ക് ഇരിക്കാവുന്ന കേബിൾ കാർ. ഇതിൽ സ്റ്റാൻഡ് സ്റ്റേഷനിൽ ഇറങ്ങാം. ടിറ്റ്ലിസ് റൊട്ടെയർ (കേബിൾ കാർ) വഴി 3020 മീറ്റർ ഉയരത്തിലാണ് എത്തുന്നത്. ഏതാനും മിനിറ്റാണ് കേബിൾ കാർ യാത്ര. പക്ഷേ, 360 ഡിഗ്രി തിരിയുന്നതിനാൽ കൊടുമുടികളും ഗർത്തങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാൻ കഴിയുന്നു.
ഗ്രീഷ്മകാലത്താണെങ്കിൽ ‘ഐസി ഫ്ലയർ ചെയർ ലിഫ്റ്റി’ൽ മഞ്ഞുമലയിലെ ഗർത്തങ്ങളിൽ, പ്രത്യേകിച്ച് ഗ്ലേസിയർ പാർക്കിൽ എത്തിക്കും. ലുസേനിൽനിന്ന് ഏഞ്ചൽ ബർഗിലേക്ക് 45 മിനിറ്റ് യാത്ര മതി പിന്നെ കേബിൾ കാർ വാലി സ്റ്റേഷൻ. അവിടെ വരെ ബസ് എത്തും.
മഞ്ഞുമലയിലെ ഗ്ലേസിയർ കേവ് അഥവാ മഞ്ഞുഗുഹയും വലിയൊരു അനുഭവം തന്നെ. മഞ്ഞുമലയുടെ അഗ്രത്തുനിന്നു 20 മീറ്റർ താഴേക്കാണ് 150 മീറ്റർ മഞ്ഞുഗുഹ. ഗ്ലേസിയർ കേവ് അഥവാ മഞ്ഞു ഗുഹയിൽ വലതുവശത്ത് റെയിലിങ്ങുണ്ട്. വിക്കറ്റ് ഗേറ്റ് കടന്ന് അതിൽപിടിച്ച് അതീവ ശ്രദ്ധയോടെ ചുവടുവെക്കണം. എന്നിട്ടും തുടക്കത്തിൽ സുജക്ക് കാൽ വഴുതി. തൊട്ടു പിന്നിൽ ഞാനുണ്ടായിരുന്നു എന്നതല്ല, ഞാൻ ഒരു കൈ റെയിലിങ്ങിൽ മുറുക്കെ പിടിച്ചിരുന്നതിനാൽ വീഴ്ച തടയാൻ സാധിച്ചു. റെയിലിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നാൽ മറുവശത്ത് എത്താം. ചിലർ അധികം മുന്നോട്ടുപോകാതെ മടങ്ങിവരുന്നതു കണ്ടു. ഇതു പക്ഷേ, അപകടമാണ്. കൈ പിടിക്കാൻ ഇടമില്ല. കാലിൽ മാത്രമാണ് ബാലൻസ്. ഉറച്ച മഞ്ഞായതിനാൽ പെട്ടെന്നു തെന്നും.
മൗണ്ട് ടിറ്റ്സിലെ ക്ലിഫ് വാൽക് - ചിത്രം-www.titlis.ch
മൗണ്ട് ടിറ്റ്ലിസിലെ തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം അതിശയിപ്പിക്കും. 3000 മീറ്റർ ഉയരത്തിലാണ് ഈ പാലം. യൂറോപ്പിൽ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലമാണിത്. 460 മീറ്റർ താഴ്ചയിലുള്ള മഞ്ഞും പാറയുമെല്ലാം കാണാൻ കഴിയും. ടിറ്റ്ലിസിലെ ടവറും ഒരു അനുഭവംതന്നെ. ലിഫ്റ്റ് ഉണ്ട്. ഇടഭാഗത്ത് ഹോട്ടലും. ഉച്ചഭക്ഷണം അവിടെയായിരുന്നു. ടവറിനു പുറത്ത് ഗാലറിയിൽ ഇറങ്ങിനിന്നാൽ ആകാശത്തോളം ഉയരത്തിലെത്തിയെന്ന പ്രതീതി.
മഞ്ഞുമലയിൽ ഇന്ത്യക്കാർ ഒത്തുകൂടി ദേശീയഗാനം ആലപിച്ചപ്പോൾ ഒപ്പംകൂടിയ രണ്ടു വിദേശികളും വള്ളി, പുള്ളി തെറ്റാതെ ജന ഗണ മന ചൊല്ലി. അവർ തിബത്തുകാരാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡോ. അബ്ദുൽ ഖാദർ (ഖാദർ മാങ്ങാട്) ‘‘ജയ് ജയ് ദലൈലാമ’’ എന്ന് രണ്ടുതവണ വിളിച്ചു. ഞങ്ങൾ എല്ലാവരും ഏറ്റുവിളിച്ചപ്പോൾ തിബത്തുകൾക്ക് സന്തോഷം അടക്കാനായില്ല.
അൽപം അകലെ, മഞ്ഞിനു മുകളിൽ വഞ്ചിപ്പാട്ട് പാടിയ മലയാളി സംഘത്തിനൊപ്പം ഒരു സായിപ്പും നൃത്തം ചവിട്ടിയ രംഗം രസകരമായിരുന്നു. മലയാളി സംഘം പിന്നീട് ‘വന്ദേമാതരം’ പാടിയപ്പോൾ പക്ഷേ, സായിപ്പിന് അത്രക്ക് മനസ്സിലായില്ല.
സ്കോട്ലൻഡിന്റെ പകുതിമാത്രം വിസ്തീർണമുള്ളതാണ് സ്വിറ്റ്സർലൻഡ്. ബേൺ ആണ് സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനം. പക്ഷേ, പ്രധാന നഗരങ്ങൾ സൂറിച്ചും ജനീവയുമാണ്. ലുസേനിലാണ് ഏറ്റവും ഭംഗിയുള്ള ഭൂപ്രകൃതിയെന്നാണ് അറിവായത്. എന്നാൽ രാജ്യാന്തര ഒളിമ്പിക് സമിതി ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര സംഘടനകളുടെ ആസ്ഥാനമായ ലൊസാനിൽ പോകാൻ കഴിയാഞ്ഞത് ഒരു നഷ്ടമായി തോന്നി.
ലുസേനിലാണ് ലയൺ മോണുമെന്റ്. 1820-21ൽ പാറയിൽ കൊത്തിയുണ്ടാക്കിയ സിംഹത്തിന്റെ ഈ വലിയ ശിൽപം സ്വിറ്റ്സർലൻഡിലെ പ്രധാന സ്മാരകങ്ങളിൽ ഒന്നാണ്. 1792ൽ ഫ്രഞ്ച് വിപ്ലവകാലത്ത് കൊലചെയ്യപ്പെട്ട സ്വിസ് ഗാർഡുകളുടെ ഓർമക്കായി നിർമിച്ചതാണിത്. പാരിസിലെ ട്യൂലെറിസ് (Tuileries) കൊട്ടാരം വിപ്ലവകാരികൾ കൈയേറിയപ്പോഴാണ് സ്വിസ് ഗാർഡുകൾ കൊലചെയ്യപ്പെട്ടത്.
റൈൻ ഫാൾസ് മനോഹര കാഴ്ചയാണ്. 14,000 മുതൽ 17,000 വരെ വർഷം മുമ്പ് ശീതയുഗത്തിൽ (ഐസ് ഏജ്) രൂപംകൊണ്ടതാണ് ഇതെന്ന് വിശ്വസിക്കുന്നു. റൈൻ നദിയാകട്ടെ സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ജർമനി, ഫ്രാൻസ്, ലീഷിൻസ്റ്റെൻ, ഓസ്ട്രിയ എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. ലുസേനിൽ റിയൂസ് നദിക്ക് മുകളിലുള്ള ചാപ്പൽ ബ്രിജ് തടികൊണ്ട് നിർമിച്ചതാണ്. തൊട്ടടുത്ത് സെന്റ് പീറ്റേഴ്സ് പള്ളി ഉള്ളതിനാലാണ് പാലത്തിന് ചാപ്പൽ പാലമെന്നും പേരുവീണത്. സ്വിറ്റ്സർലൻഡുകാർ കാപ്പൽ ബ്രൂക്ക് എന്നു പറയുന്നു. പതിനേഴാം ശതകത്തിലെ ധാരാളം പെയിന്റിങ്ങുകൾ പാലത്തിലുണ്ട്. 1993ലെ അഗ്നിബാധയിൽ പാലത്തിനു കേടുപറ്റിയതിനൊപ്പം പല ചിത്രങ്ങളും നഷ്ടപ്പെട്ടു. ഇപ്പോൾ കേടുപാടുകൾ തീർത്ത നിലയിലാണ്. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള തടി നിർമിത പാലമാണിത്. തടി നിർമിത ട്രസ് ബ്രിഡ്ജ് (ത്രികോണാകൃതിയിലുള്ള നിർമിതികൾകൊണ്ട് ബലം നൽകുന്ന രീതി) എന്ന നിലയിൽ ലോകത്തിലെ തന്നെ പഴക്കമുള്ള പാലങ്ങളിൽ ഒന്നാണിത്.
പള്ളിയും നദിയും നദിക്കരയും പാലവുമെല്ലാം ചേർന്ന് ശാന്തമായ അന്തരീക്ഷം. ആളുകൾ തീർത്തും ശാന്തരായി പാലത്തിലൂടെ നടന്നുപോകുന്നു. ശാന്തസുന്ദരമായ സായാഹ്നം ആസ്വദിക്കാൻ വയോധികരും ചക്രക്കസേരകളിൽ എത്തിയിരുന്നു.
ആൽപ്സ് പർവതനിരയുടെ 15 ശതമാനം സ്വിറ്റ്സർലൻഡിലാണ്. ഏഴായിരത്തോളം തടാകങ്ങളും. ചോക്ലറ്റിനും വൈനിനും ബിയറിനും പേരുകേട്ട രാജ്യം. യൂറോപ്പിലെ മനോഹരവും ശാന്തവുമായ രാജ്യങ്ങളിലൊന്ന്. എന്നാൽ, ഇവിടെ ആത്മഹത്യക്ക് സഹായം ലഭിക്കുമെന്ന് കേട്ടപ്പോൾ അത്ഭുതം. ഇതിന് നിയമപരമായി ഫീസ് അടക്കണം. ആഘോഷകരമായ മരണമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനും സഹായിക്കും. ഫീസ് കൂടുമെന്നു മാത്രം. നമ്മുടെ നാട്ടിൽ ദയാവധത്തെച്ചൊല്ലി ഇപ്പോഴും വാദപ്രതിവാദങ്ങൾ തുടരുന്നു എന്ന് ഓർക്കുക.
സ്വിറ്റ്സർലൻഡിലെ വിക്റ്ററിനോക്സ് (vitcorinox) കത്തികളും കത്രികകളും ലോകപ്രശസ്തമാണ്. സ്വിസ് ആർമി ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്ന ഈ കത്തികൾ സ്റ്റെയിൻലെൻസ് സ്റ്റീലാണ്. ആയുഷ്കാല ഉപയോഗത്തിനു പര്യാപ്തമാണ്. അത്ര കുറ്റമറ്റതാണ് നിർമാണം. മൂർച്ച കുറയില്ല. ഇവ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഞങ്ങളുടെ വീട്ടിൽ ഇത് ഏതാനും വർഷമായി ഉപയോഗിക്കുന്നു. ഈ അനുഭവത്തിൽ ഇവ വാങ്ങാൻ സുജ കൂടെയുള്ളവരെ േപ്രരിപ്പിച്ചു. വാങ്ങിയവരെല്ലാം പിന്നീട് നന്ദിപറഞ്ഞു. കുക്കൂ ക്ലോക്കുകൾ (പക്ഷി ചിലയ്ക്കുന്നത്) ആണ് സ്വിറ്റ്സർലൻഡിലെ മറ്റൊരു ആകർഷണം. ഇവ െബൽജിയത്തിലും ലഭ്യമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.