പഞ്ചാബിലെ അമൃത്സറില് ജാലിയൻവാലാ ബാഗ് പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള ചത്വരത്തില്‍ നിരവധി മനുഷ്യമുഖങ്ങള്‍ ഒരു ഗോപുരമെന്നപോലെ അടയാളപ്പെടുത്തിയ ശില്പം കണ്ടുനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അത് കഴുകിവൃത്തിയാക്കുകയായിരുന്നു. അമൃത്സറിലെ കൊടിയ വേനലില്‍ പൊടിയും ചളിയുമടിഞ്ഞ് കോലംകെട്ടുകൊണ്ടിരുന്ന ശില്പം അയാളുടെ ഓസ്പൈപ്പ് ജലപ്രയോഗത്തില് വെണ്മ തിരിച്ചുപിടിച്ചു. ശിൽപത്തിന്റെ അടിക്കുറിപ്പില്‍ പേരുകളുടെ നീണ്ടനിര. ബാഗൂറാം, ബുധ് സിങ്, ചുനിലാല്‍, ചരണ്ജി ലാല്‍, ചരണ്‍ ദാസ്, ദ്വാരക ദാസ്, ദന്പട്ട് റാം, ദൗലത്ത് റാം, രാധ റാം, ദിവാന് ചന്ദ്, ഹുകം സിങ്, മുഹമ്മദ് ബക്ഷ്, മുഹമ്മദ് ശാഫി, ഇസ്മയില്‍, ഇബ്രാഹീം... ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഇല്ലാതായ മനുഷ്യരുടെ മുഖങ്ങളാണ് ശിൽപത്തില് സ്ഥാനംപിടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ആ മനുഷ്യഗോപുരത്തിലുണ്ട്. 1919ല്‍ അമൃത്സറിലുണ്ടായിരുന്ന എല്ലാ സമൂഹങ്ങളിലെയും സമുദായങ്ങളിലെയും അംഗങ്ങളെ മരിച്ചവരുടെ പേരുകളില്‍ കാണാം. ശിൽപത്തിന്റെ മുകളിലെ വിടവില്‍ അണയാത്ത രക്തസാക്ഷി ജ്വാലയുണ്ട്. ദിവസത്തില്‍ മൂന്നുനേരവും ശിൽപം കഴുകി വൃത്തിയാക്കിയിടും. രക്തസാക്ഷികളുടെ ഓർമകള്‍ക്ക് മങ്ങലോ പോറലോ ഏല്‍ക്കാതിരിക്കാന്‍ ഞങ്ങള്‍ അതിജാഗ്രത കാണിക്കുന്നു -ആ ചത്വരത്തിന്റെ ശുചീകരണജോലികള്‍ക്ക് നേതൃത്വം നല്കുന്ന സുപാര്‍ സിങ് പറഞ്ഞു. അടുത്തകാലത്താണ് മനുഷ്യമുഖങ്ങളുടെ ഈ ശിൽപഗോപുരം പണിതത്.
ജാലിയന്‍വാലാ ബാഗിലേക്ക് പ്രവേശിച്ചയുടനെ കാണാനാവുക ഉധം സിങ്ങിന്റെ ശിൽപമാണ്. കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരന്‍ മൈക്കിള്‍ ഒ. ഡയറെ സംഭവത്തിന് 21 വര്‍ഷത്തിനുശേഷം 1940ല്‍ ലണ്ടനില്‍വെച്ച് കൊലപ്പെടുത്തിയ ഉധം സിങ്ങിന്റെ ചിതാഭസ്മവും ഇവിടെ മ്യൂസിയത്തിലുണ്ട് (വെടിവെപ്പിന് നേതൃത്വം നല്കിയ കേണല്‍ ഡയര്‍ 1927ല്‍ മരിച്ചിരുന്നു). 1940ല്‍ മൈക്കിള്‍ ഒ. ഡയര്‍ വധത്തില്‍ തൂക്കിക്കൊല്ലപ്പെട്ട ഉധം സിങ്ങിന്റെ ചിതാഭസ്മം 1974 ജൂലൈ 19നാണ് ഇന്ത്യയിലെത്തുന്നത്. സമീപകാലത്ത് വന്ന 'സര്‍ദാര്‍ ഉധം' എന്ന സിനിമ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകള്‍ കൂടുതല്‍ ദീപ്തമാക്കി. സന്ദര്‍ശകരിലെ പുതുതലമുറക്കാരോട് സംസാരിച്ചപ്പോഴെല്ലാം അവരെ ജാലിയന്‍വാലാ ബാഗില്‍ എത്തിച്ചതില്‍ ആ സിനിമക്കുള്ള പങ്ക് വ്യക്തമായിരുന്നു. ചരിത്രം ആദ്യം സിനിമയുണ്ടാക്കുന്നു, പിന്നീട് സിനിമ ചരിത്രമായി മാറുന്നു എന്നുപറയാന്‍ തോന്നിക്കുംവിധമുള്ള ചില പ്രതികരണങ്ങള്‍കൂടി അവരില്‍നിന്ന് കേള്‍ക്കാമായിരുന്നു. ഉധം സിങ്ങിന്റെ ശിൽപവും സിനിമയില്‍ അഭിനയിച്ച നടനും തമ്മിലുള്ള സാമ്യതക്കുറവായിരുന്നു അവരുടെ ചര്‍ച്ചകളില്‍ പ്രധാനമായും. ചിതാഭസ്മത്തിനരികെയുള്ള അദ്ദേഹത്തിന്റെ ഛായാചിത്രവും സിനിമയിലെ നായകനെക്കുറിച്ചുള്ള താരതമ്യങ്ങളിലേക്കുതന്നെയാണ് അവരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ജാലിയൻവാലാ ബാഗിലെ രക്തസാക്ഷി സ്തൂപം
മ്യൂസിയത്തില്‍ കൂട്ടക്കൊലക്ക് ദൃക്സാക്ഷികളായവരുടെ മൊഴികള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെ: ഏപ്രില്‍ 13ന് സൈന്യം ജാലിയന്‍വാലാ ബാഗിലേക്ക് പോകുമ്പോള്‍ ഞാന്‍ എന്റെ കട 'സബീലി'ല്‍നിന്ന് ആളുകള്‍ക്ക് കുടിവെള്ളം കൊടുത്തുനില്ക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ഒരു സംഘം മൊഹമ്മദന്‍ പട്ടാളക്കാര്‍ ബാഗിലെ സുല്‍ത്താന്‍ വിന്‍ഡ് ഗേറ്റ് ലക്ഷ്യമാക്കി കടന്നുപോയി. കാല്‍മണിക്കൂര്‍ കഴിഞ്ഞുകാണും, കോട്ട് വാള് മുഹമ്മദ് അഷ്റഫ് ഖാന്, സബ് ഇന്‍സ്പെക്ടര്‍ സിങ് എന്നിവര്‍ ഒരു കുതിരപ്പുറത്ത് വന്നു. അവരെ കോണ്‍സ്റ്റബിള്‍ ഭഗ് വാന്‍ സിങ് കാല്‍നടയായി പിന്തുടര്ന്നു. മൂവരും ബാഗിനകത്തേക്കുപോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു. അപ്പോള്‍ 20 ഗൂര്‍ഖകളെ നയിച്ച് ഒരു വെള്ളക്കാരന് സൈനികന് കുതിരപ്പുറത്ത് സ്ഥലത്തെത്തി. ആ വെള്ളക്കാരന് എന്തോ പറഞ്ഞു. ഗൂര്‍ഖകള്‍ തോക്കുകള്‍ തറനിരപ്പിലേക്കു താഴ്ത്തി. അയാള്‍ ബാഗിനുള്ളിലേക്കുപോയി. ഉടനെ തിരിച്ചുവന്നു. ഗൂര്‍ഖകള്‍ ആദ്യം ബാഗിന്റെ കവാടത്തിനരികെ നിന്നു. നാലോ അഞ്ചോ ബ്രിട്ടീഷ് പട്ടാളക്കാര്‍ അവിടെ കവചിതകാറില് എത്തി. തുടര്‍ന്ന് അവരെല്ലാം അകത്തേക്കുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞാന്‍ എനിക്കെതിര്‍വശത്തുള്ള കടയുടെ മേല്‍ക്കൂരയില്‍ കയറിനിന്നു നോക്കി. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതെ പട്ടാളം വെടിയുതിര്‍ക്കാന്‍ തുടങ്ങി. ആദ്യം പട്ടാളക്കാര്‍ മുകളിലേക്കാണ് വെടിവെച്ചത്. എന്നാല്‍, സാഹിബ് അവരോട് ജനങ്ങളുടെ നേരെ തോക്കുകള്‍ താഴ്ത്തി വെടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ റൗണ്ട് വെടിവെപ്പ് കഴിഞ്ഞപ്പോള്‍ വളരെ ചെറിയ ഒരിടവേളയുണ്ടായി. പിന്നീട് രണ്ടുമൂന്ന് റൗണ്ടുകളിലേക്ക് വെടിവെപ്പ് കടന്നു. ആ സമയത്ത് ജാലിയൻവാലാ ബാഗില്‍ 20-25,000 പേരുണ്ടായിരുന്നു. സൈന്യം ബാഗ് വിട്ടുപോയപ്പോള്‍ ഞാനവിടേക്ക് പോയി. മരിച്ചും പരിക്കേറ്റും കിടക്കുന്ന ഏതാണ്ട് 1500-1600 പേരെയാണ് ഞാനവിടെ കണ്ടത്. ബൈശാഖി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഗ്രാമങ്ങളില്‍നിന്ന് നിരവധിപേര്‍ ജാലിയന്‍വാലാ ബാഗിലെത്തിയിരുന്നു. മരിച്ചവരും പരിക്കേറ്റവരും ഏറ്റവും കൂടുതലായുണ്ടായിരുന്നത് പുറത്തേക്കുള്ള വഴിയില്‍, കിണറിനടുത്തായിരുന്നു. ഞാന്‍ എന്റെ മുനീബിനെ (സഹായിയെ) തിരഞ്ഞ് ബാഗിനകത്തേക്ക് പോയി. അയാള്‍ അവിടെയുണ്ടായിരുന്നില്ല. മരിച്ചവരും പരിക്കേറ്റവരും മൂന്നോ നാലോ അട്ടികളായാണ് കിടന്നിരുന്നത്. യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് ഞാന്‍ എവിടെയും കേട്ടിരുന്നില്ല. ഇക്കാര്യം പറയുന്ന നോട്ടീസുകള്‍ എവിടെയെങ്കിലും പതിച്ചതും ഞാന്‍ കണ്ടിരുന്നില്ല.
സര്‍ദാര്‍ അര്ജുന് സിങ്,
സര്‍ദാര്‍ ഹക്കീം സിങ്ങിന്റെ മകന്
അഹുല്‍വാലിയ, 31 വയസ്സ്, കട നടത്തിപ്പുകാരന്
പുരാന കനക് മണ്ഡി, അമൃത്സര്‍:
മറ്റൊരാളുടെ മൊഴി ഇങ്ങനെ: 1919 ഏപ്രില്‍ 13ന് ഞാന്‍ ജാലിയന്‍വാലാ ബാഗിലെ ഹന്‍സില്‍ കോര്‍ണറിനടുത്തുള്ള കാശി റാം ബനിയയോടു ചേര്‍ന്നുള്ള ഒരു വീടിന്റെ മുകള്‍ത്തട്ടിലായിരുന്നു. ഉച്ചയോടെ ഒരു സംഘം മൊഹമ്മദന്‍ (ബലൂചി) പട്ടാളക്കാര്‍ വന്നു. വൈകീട്ട് നാലുകഴിഞ്ഞ് അവര്‍ ലാല ദോലന്‍ ദാസിന്റെ വീടിന് മുന്നിലുള്ള റോഡില്‍ വന്നുനിന്നു. മറ്റൊരു ബലൂചി സംഘം എതിര്‍വശത്ത്, ലക്കാര്‍ മണ്ഡിക്കരികെ നിലയുറപ്പിച്ചു. കോട്ട് വാള് മുഹമ്മദ് അഷ്റഫ് ഖാന്, സബ് ഇന്‍സ്പെക്ടര്‍ മിര്‍ സിങ്, ഭഗ് വാന്‍ സിങ് എന്നിവര്‍ വരുകയും അവര്‍ ബാഗിലേക്ക് പ്രവേശിക്കുകയും ഉടനെത്തന്നെ പുറത്തേക്കുപോവുകയും ചെയ്തു. ഗൂര്‍ഖകള്‍ പുറത്തുതന്നെ നിന്നു. കോട്ട് വാളും പൊലീസ് ഉദ്യോഗസ്ഥരും പുറത്തുവന്നതോടെ സൈനിക ഓഫിസര്‍ അകത്തേക്കു കടന്നു. അകമ്പടിയായി ഗൂര്‍ഖകളും ഒപ്പമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ വെടിയൊച്ചകള്‍ കേള്‍ക്കാന്‍തുടങ്ങി. പട്ടാളക്കാര്‍ സ്ഥലംവിട്ടതിനുശേഷം ഞാന്‍ ബാഗിനുള്ളിലേക്ക് പോയി. ബാഗിന്റെ അതിര്ത്തിമതിലുകളോട് ചേര്‍ന്ന് ശവങ്ങള് അട്ടിയട്ടിയായി കിടക്കുന്നത് ഞാന്‍ കണ്ടു. ഇടുങ്ങിയ ഹന്‍സില്‍ ലൈനില്‍ നാൽപതോ അമ്പതോ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. മരിച്ചവരും മരിച്ചുകൊണ്ടിരിക്കുന്നവരും തറയിലെമ്പാടും ചിതറിക്കിടക്കുന്നു. അടുത്ത പ്രഭാതത്തില്‍ ഹന്‍സില്‍ ലൈനില്‍ പത്തോ പന്ത്രണ്ടോ മൃതദേഹങ്ങള്‍ കണ്ടു. മൂന്നോ നാലോ മൃതദേഹങ്ങള്‍ ഞാനെടുത്തത് ഒരു മാന്‍ഹോളില്‍ (ആള്‍നൂഴി) നിന്നായിരുന്നു.
അമിന്‍ ചന്ദ്
ഹാമിര്‍ സിങ്ങിന്റെ മകന്
രജപുത്
സോഡ വിൽപനക്കാരന്
ഓള്‍ഡ് കനക് മണ്ഡി നിവാസി,
അമൃത് സര്.
മറ്റൊരു ദൃക്സാക്ഷിയുടെ മൊഴികൂടി ചേര്‍ക്കുന്നു: ഞാന്‍ 13 ഏപ്രിലിന് വൈകുന്നേരം അഞ്ചു മണിയോടെയാണ് ജാലിയന്‍വാലാ ബാഗിലെത്തുന്നത്. ലാല ദോലന്‍ ദാസിന്റെ വീടിന് സമീപത്തുള്ള വഴിയിലൂടെയാണ് ഞാന്‍ ബാഗില്‍ പ്രവേശിച്ചത്. സമ്മേളനം നടക്കുന്ന സ്ഥലത്തിന് വളരെ അടുത്തുവരെ ഞാനെത്തി. ജനങ്ങള്‍, വന്നു വന്നു എന്നുപറഞ്ഞ് നിലവിളിക്കുന്നത് (ആഗയാ, ആഗയാ) എനിക്ക് കേള്‍ക്കാമായിരുന്നു. അവര്‍ ഓടുന്നത് എനിക്ക് കാണാമായിരുന്നു. ഞാനൊരു മൂലയില്‍ ഒതുങ്ങിനിന്നു. അവിടെനിന്നു നോക്കുമ്പോള്‍ പട്ടാളക്കാര്‍ പ്രവേശനകവാടത്തിനടുത്ത് നില്ക്കുന്നവര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഞാന്‍ നിന്നസ്ഥലത്ത് നിരവധി പേര് മരിച്ചുവീഴുന്നതും മുറിവേറ്റു വീഴുന്നതും കണ്ടു. എന്റെ വലതുകണ്ണില്‍ പരിക്കേറ്റു. ഒരു വെടിയുണ്ട വലതുചെന്നി ഉരസിപ്പോയി. മറ്റൊരു വെടിയുണ്ട വലതുനെഞ്ചില്‍ തട്ടി കടന്നുപോയി. 25 ദിവസം ഞാന്‍ ചികിത്സയിലായിരുന്നു. എന്റെ വലതുകണ്ണ് നീക്കം ചെയ്യേണ്ടിവന്നു. ബോധം നശിക്കും വരെ എനിക്കുചുറ്റും ആളുകള്‍ മരിച്ചുവീഴുന്നതോ മുറിവേറ്റുവീഴുന്നതോ ഞാന്‍ കണ്ടു.
വസീര്‍ അലി
35-36 വയസ്സ്
ഗോലം അലിയുടെ മകന്
കത്രദാല് സിങ്ങിലെ അധ്യാപകന്
കൗള്സറിനു സമീപം,
ചിറ്റകത്ര നിവാസി
ലാഹോറി ഗേറ്റ്
അമൃത്സര്‍.
ഈ സാക്ഷിമൊഴികള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബ്രിട്ടീഷുകാരുടെ പതിവുതന്ത്രങ്ങളിലൊന്ന് മറനീക്കിവരുന്നത് കാണാം. മലബാര്‍ കലാപവേളയില്‍ (ജാലിയന്‍വാലാ ബാഗ് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം) ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ഖാപട്ടാളത്തെ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ചും പാണ്ടിക്കാട്ട്. പാണ്ടിക്കാട്ടെ ഗൂര്‍ഖ ക്യാമ്പ് മാപ്പിള കലാപകാരികള്‍ ആക്രമിച്ചു. ഗൂര്‍ഖ പട്ടാളക്കാരെക്കുറിച്ച് മലബാര്‍ കലാപപഠനങ്ങളിലും വാമൊഴി ആഖ്യാനങ്ങളിലും സമാനതകളില്ലാത്ത ക്രൂരന്മാര് എന്ന പരാമര്‍ശം/വിശേഷണം കാണാം. എന്തിനെയും തിന്നുന്നവര്‍, എന്തു ക്രൂരതയും കാണിക്കാന്‍ മടിക്കാത്തവര്‍, സ്ത്രീകളെയും കുഞ്ഞുങ്ങളെയുംപോലും നിര്‍ദയം കൈകാര്യം ചെയ്തവര്‍... ഇങ്ങനെ എത്രയോ 'വിശേഷണങ്ങള്‍' ഗൂര്‍ഖ പട്ടാളത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ടിരുന്നില്ലെങ്കില് ഗൂര്‍ഖകള്‍ ഇവ്വിധം പെരുമാറുമായിരുന്നോ? ഒരിക്കലുമില്ല. കാരണം, അവര്‍ ബ്രിട്ടന്റെ ചോറ്റുപട്ടാളംതന്നെയായിരുന്നു. ഗൂര്ഖകളിലൂടെ പുറത്തുവന്നതെല്ലാം ബ്രിട്ടീഷ് ഭീകരതയായിരുന്നുവെന്ന് ഇനിയും വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. ബ്രിട്ടീഷുകാര്‍ ഏതറ്റംവരെ പോയാലും ഗൂര്‍ഖകളെപ്പോലെ ചെയ്യില്ലെന്ന് പലരും പറയുന്നതും ചിലര്‍ എഴുതിയതും വായിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തങ്ങള്‍ചെയ്ത മാരകഹിംസ, നൃശംസത മറ്റൊരു ജനവിഭാഗത്തിന്റെ ചുമലില്‍ കൃത്യമായി വെച്ചുകൊടുക്കാന്‍ കഴിഞ്ഞ ബ്രിട്ടീഷുകാരുടെ കൗശലത്തെക്കുറിച്ച് ഓര്‍ക്കാറുണ്ട്. ഇങ്ങനെ വാദിക്കുന്നവര്‍ തങ്ങളുടെ ഭീകരത മറ്റൊരു വിഭാഗത്തിന്റെ ചുമലിലേക്ക് മാറ്റിക്കെട്ടാനുള്ള ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ മിടുക്ക് കാണാതെപോവുകയാണ്. ഗൂര്‍ഖ പട്ടാളത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍നിന്ന് ബ്രിട്ടീഷുകാരെ മാറ്റിനിര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് അതാണ്. ജാലിയന്‍വാലാ ബാഗില്‍ സംഭവിച്ചത് ഇതിന് സമാനമായ മറ്റൊരു കൃത്യമാണ്. ഇവിടെ ഗൂര്‍ഖകളെ രണ്ടാംനിരയിലേക്ക് പിന്‍വലിച്ചു. ആദ്യനിരയില്‍ ബലൂചികളെ അവരോധിച്ചു. അവര്‍ മുസ്ലിംകളാണ്. സിഖ്-മുസ്ലിം സൗഹൃദത്തിന്റെ കടക്കൽ കത്തിവെക്കാന്‍ ഇതില്പരം നല്ല മറ്റൊരായുധമില്ലെന്നുകൂടി ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. ബ്രിട്ടീഷ് രേഖകളില്‍ മൊഹമ്മദന്‍സ് എന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ബലൂചികളെവെച്ചുള്ള പരീക്ഷണം ഒട്ടും യാദൃച്ഛികമായിരുന്നില്ലെന്നര്ഥം. കൂട്ടക്കൊലക്കുശേഷം സിഖ്-മുസ്ലിം അകല്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ബലൂചികളുടെ ജാലിയന്‍വാലാ ബാഗിലെ സാന്നിധ്യമായിരുന്നുവെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അമൃത്സറില് ബലൂചികളെക്കുറിച്ച് ആരോട് ചോദിച്ചാലും 'ചോരയുടെ ഒറ്റുകാര്‍' എന്നര്‍ഥമുള്ള പഞ്ചാബി പ്രയോഗം കേള്‍ക്കാം. ഇന്ത്യ-പാക് വിഭജനം ബലൂചികളെ മറ്റു രാജ്യക്കാരാക്കി (പാകിസ്താന്, അഫ്ഗാനിസ്താന്). ജാലിയന്‍വാലാ ബാഗിന്റെ ചോരയുടെ ഭാരത്തിന്റെ ഒരുഭാഗം ബലൂചികളുടെ തോളില്‍ വെച്ചുകെട്ടി ബ്രിട്ടീഷുകാര്‍. പഞ്ചാബി-മുസ്ലിം അകല്‍ച്ചയില്‍ ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് കോളനി യുക്തി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനംകൂടിയുണ്ട്. അതിന്നും പല തലങ്ങളില്‍ തുടരുന്നുമുണ്ട്.
ജാലിയന്‍വാലാ ബാഗ് സംഭവത്തിന് 96 വര്‍ഷത്തിനുശേഷം ബ്രിട്ടന് ഇങ്ങനെ പറഞ്ഞു: ''shameful scar on British Indian history.'' പേക്ഷ, അതൊന്നും മനുഷ്യമനസ്സുകളിലുണ്ടാക്കിയ മുറിവുകള്‍ ഉണക്കുന്നില്ല.
ബ്രിട്ടീഷ് പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണറും കൂട്ടക്കൊലയുടെ ആസൂത്രകനുമായ മൈക്കല്‍ ഒ. ഡയറെ 20 വര്‍ഷത്തോളം നിരന്തരമായി ശ്രമിച്ച് കൊലപ്പെടുത്തിയ ഉധം സിങ്ങാണ് ജാലിയന്‍വാലാ ബാഗിലെ 'അവസാന രക്തസാക്ഷി'; നായകനും. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനുശേഷം വധശിക്ഷയിലൂടെ ശഹീദാവുകയായിരുന്നു ഉധം സിങ്. ഈ 'അവസാന രക്തസാക്ഷി' ഇന്നവിടം സന്ദര്ശിക്കുന്നവരിലേക്ക് ചരിത്രപുരുഷനായി നടന്നടുക്കുന്നതായിതന്നെ അനുഭവപ്പെടും.
ഉധം സിങ്ങിനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസര്‍ സിങ് എഴുതിയ 'സര്‍ദാര്‍ ഉധം സിങ്' എന്ന നോവലുള്‍പ്പെടെ. അതില്‍ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് അനിത ആനന്ദ് എഴുതിയ The Patient Assassin: The True Tale of Massacre, Revenge and the Raj ആണ്. മാധ്യമപ്രവര്‍ത്തകയായ അനിത നിരവധി ഗവേഷണങ്ങള്‍ക്കുശേഷമാണ് ഈ പുസ്തകമെഴുതിയത്. ഗ്രന്ഥകാരിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളിലൊരാള്ക്കൊപ്പം ഉധം സിങ് ലണ്ടനില്‍ താമസിച്ചിരുന്നു. ആ വിപ്ലവകാരിയുടെ മാനസിക വ്യാപാരങ്ങള്‍ കൃത്യമായി പിടിച്ചെടുക്കാന്‍ സഹായിച്ചത് ഈ ബന്ധുവിന്റെ മക്കള്‍ നല്കിയ വിവരങ്ങളായിരുന്നുവെന്ന് അനിത ആനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകം തുടങ്ങുന്നത് ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ 'എ ടെയില്‍ ഓഫ് ടു സിറ്റീസി'ല്‍നിന്നുള്ള ഈ വാക്യവുമായാണ്: Vengeance and retribution require a long time; it is the rule. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഉധം സിങ് ഇന്ത്യയിലായിരുന്നില്ല, ദക്ഷിണാഫ്രിക്കയിലായിരുന്നുവെന്ന വിവാദ പരാമര്‍ശവും ഈ പുസ്തകത്തിലുണ്ട്. വാമൊഴി ചരിത്രത്തില്‍ രണ്ട് ആഖ്യാനങ്ങളാണ് പ്രബലമായി ഉള്ളത്. ഒന്ന്, ജാലിയന്‍വാലാ ബാഗിലേക്ക് വന്നവര്‍ക്ക് ദാഹജലം വിതരണം ചെയ്തുകൊണ്ടുനിന്ന ഉധം. രണ്ട്, പകല്‍ മുഴുവനുറങ്ങി പുറത്തുനടന്നതൊന്നുമറിയാതെ രാത്രി ജാലിയന്‍വാലാ ബാഗിലെത്തി ശവക്കൂനകള്‍ കാണേണ്ടിവരുന്ന ഉധം. 'സർദാര്‍ ഉധം' സിനിമയില്‍ രാത്രി ജാലിയന്‍വാലാ ബാഗിലെത്തുന്ന നായകനെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
മലയാളി വിദ്യാര്‍ഥിസംഘത്തിനൊപ്പം
ഉധം സിങ് പലരുമായി നടത്തിയ കത്തിടപാടുകള്‍ അമൃത്സര്‍ ഗുരുനാനാക്ക് യൂനിവേഴ്സിറ്റി 1974ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (എഡിറ്റര്‍മാര്‍: ജെ.എസ്. ഗ്രെവാള്‍, എച്ച്.കെ. പുരി). 1940 മാർച്ച് 15ന് ബ്രിക്സ്റ്റണ്‍ ജയിലിൽനിന്ന് എഴുതിയ കത്തില്‍ (ലണ്ടനിലെ ഒരു ഗുരുദ്വാരയുടെ കെയര്‍ ഓഫില്‍ മിസ്റ്റര്‍ സിങ്ങിനെഴുതിയ കത്ത്) അദ്ദേഹം ആവശ്യപ്പെടുന്നത് പുസ്തകങ്ങളാണ്. തനിക്ക് ധാരാളം ഒഴിവുസമയമുണ്ടെന്നും അതിനാല്‍ പുസ്തകങ്ങള്‍ അയച്ചുതന്നാല്‍ നന്നായിരുന്നുവെന്നും കത്തില്‍ പറയുന്നു. പുസ്തകങ്ങള്‍ വേഗം വായിച്ച് തനിക്കൊരു 'പരീക്ഷ' എഴുതാന്‍ പോകേണ്ടതുണ്ടെന്നും ഉധം ഈ കത്തില്‍ പറയുന്നുണ്ട്. കത്ത് ഇങ്ങനെ തുടരുന്നു -ഉർദുവിലോ ഗുരുമുഖിയിലോ ഉള്ള പുസ്തകങ്ങള്‍ കിട്ടിയാല്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും വായിക്കാന്‍ കഴിയുമായിരുന്നു. ഒരു കാര്യം പ്രത്യേകമായി പറയാനുണ്ട്. മതഗ്രന്ഥങ്ങളൊന്നുംതന്നെ അയക്കരുത്. പ്രത്യേകിച്ചും മൊഹമ്മദന്‍ ഗ്രന്ഥങ്ങള്‍. ഭഗത് സിങ്-നാസ്തിക ചിന്തകളില്‍ ഉധം സിങ് വലിയതോതില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര് പറയുന്നുണ്ട്. എന്നാലിന്ന് അദ്ദേഹത്തിന്റെ കത്തിലെ മൊഹമ്മദന്‍ പരാമര്‍ശം ജാലിയന്‍വാലാ ബാഗില്‍ മനുഷ്യരെ കൊന്നൊടുക്കിയ ബലൂചി സൈനികരോടുള്ള വെറുപ്പിന്റെ അബോധമല്ലേ എന്ന് കൃത്യമായും തോന്നും. പൊതുവില്‍ മതഗ്രന്ഥങ്ങളൊന്നും വേണ്ടെന്നുപറയുകയും സവിശേഷമായി ഒരു മതത്തെ എടുത്തുപറയുകയും ചെയ്യുന്നതില്‍ ഈ അബോധംതന്നെയാകാം പ്രവര്‍ത്തിച്ചതെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെങ്കിലും അങ്ങനെ അനുമാനിക്കാവുന്നതാണ്. ജയിലില്‍വെച്ച് തന്റെ പേര് രാം മുഹമ്മദ് സിങ് ആസാദ് എന്നാക്കിയിരുന്നു ഉധം. എന്നിട്ടും ജാലിയന്‍വാലാ ബാഗില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ബുദ്ധിയുടെ അനുരണനം അദ്ദേഹത്തിലും പതിച്ചു എന്നുതന്നെ കരുതേണ്ടിവരുന്നു. ഇന്നും ഈ മനോഭാവം സിഖ് സമൂഹത്തില്‍ പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ഈ യാത്രയില്‍ കാണാനും അനുഭവിക്കാനും കഴിഞ്ഞു. കോളനിയുക്തികള് പില്ക്കാലത്തും മാറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണംകൂടിയായിരുന്നു ഈ അനുഭവങ്ങള്‍.
ജാലിയന്‍വാലാ ബാഗിലെ വെടിത്തുളകള്‍ (വെളുത്ത ചതുരത്തിനുള്ളിൽ)
നിരവധി മൃതദേഹങ്ങള്‍ വീണുകിടന്ന ജാലിയന്‍വാലാ ബാഗിലെ കിണര്‍ ഇപ്പോള്‍ ഗ്ലാസിട്ട് മൂടിയിരിക്കുന്നു. അതിനകത്തേക്ക് സഞ്ചാരികള്‍, പ്രത്യേകിച്ചും പഞ്ചാബികള്‍ പണം എറിയുന്നുണ്ട്. അതിലൊരാളോട് പണം കിണറ്റില്‍ ഇടുന്നതില്‍ എന്താണ് കാര്യം എന്നു ചോദിച്ചപ്പോള്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവ് കാണിക്കാനുള്ള ഒരുവഴി, ഇതേ ഞങ്ങള്ക്കറിയൂ, അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്നായിരുന്നു പ്രതികരണം. അതിലെ ന്യായം എളുപ്പത്തില്‍ ബോധ്യപ്പെടുന്നതായിരുന്നു. ഗ്ലാസിട്ട് മൂടിയിട്ടും ആ കിണറ്റില്‍നിന്ന് മരണത്തിന് തൊട്ടുമുമ്പുള്ള മനുഷ്യരുടെ വിലാപങ്ങള്‍ ഉയരുകയാണോ എന്നൊരു ഭയം പിടികൂടാന്‍ തുടങ്ങി. ചരിത്രപുസ്തകങ്ങളില്‍ വായിച്ച നിരവധി കാര്യങ്ങള്‍ ആ കിണറ്റിൻവക്കില് നില്ക്കുമ്പോള് ഓർമകളിലൂടെ കടന്നുപോയി. ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മനുഷ്യരുടെ കൂട്ടക്കുഴിമാടംപോലെയായി ആ കിണര്‍. വെടിയേറ്റ മനുഷ്യര്‍ ഒന്നിനുപിറകെ ഒന്നായി ഈ കിണറ്റിലേക്കു വീണുകൊണ്ടിരുന്നു.
അവിടെനിന്ന് അല്പം മാറിയുള്ള ഇരിപ്പിടങ്ങളുള്ള ഒരിടത്ത് കുറച്ചുനേരമിരുന്നു. സഞ്ചാരികളായ ഹരിയാന സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ഒരുസംഘം മലയാളിവിദ്യാര്ഥികളും ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ തൊട്ടടുത്ത നാട്ടുകാര്‍. കൊണ്ടോട്ടി, മങ്കട തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവര്‍. അവര്‍ അമൃത്സര്‍ കാണാനിറങ്ങിയതാണ്. പഠിക്കാനും ജോലിക്കും യുവതലമുറ കേരളം വിടുന്നതിനെക്കുറിച്ച്, കേരളം വൃദ്ധരുടെ മാത്രമൊരു സ്ഥലമായി മാറുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. ഒരു പടമെടുത്തു. അവര്‍ സുവര്‍ണക്ഷേത്രത്തിലെ താമസമുറികള്‍ ചെറിയ വാടകക്കെടുത്താണ് അമൃത്സറില് തങ്ങുന്നത്. പലരും പല വിഷയങ്ങള്‍ പഠിക്കുന്നവര്‍. നിയമം മുതല്‍ ചരിത്രം വരെ. അവര്‍ ഇന്ത്യ-പാക് അതിര്‍ത്തി വാഗ കാണാന്‍ പോയി. ഞങ്ങള്‍ പിരിഞ്ഞു.
സമീപകാലത്ത് ബാഗില്‍ നടന്ന 'വികസനം' രാജ്യത്തിന്റെ പല കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ത്തിയിരുന്നു. മുമ്പ് ഇവിടം കാണാത്തതിനാല്‍ ആ മാറ്റങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല.
പിന്നെയും പല മണിക്കൂറുകള്‍ ജാലിയന്‍വാലാബാഗിലെ മ്യൂസിയങ്ങള്‍ കണ്ടുനടന്നു. ആ ചരിത്രഭൂമിയിലേക്ക് നിത്യവും ആയിരക്കണക്കിനാളുകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമീണര്‍ മുതല്‍ ചരിത്രകാരന്മാരും അക്കാദമിക്കുകളും ഉള്‍പ്പെടെ. അവരും ജാലിയന്‍വാലാ ബാഗിലെ 'അവസാന രക്തസാക്ഷി'യെ തേടുന്നു.
അവിടെനിന്ന് നടന്ന് സുവര്‍ണക്ഷേത്രത്തിലെത്തി. തികച്ചും അവിചാരിതമായി ബിയാന്ത് സിങ്ങിനെ പരിചയപ്പെട്ടു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ചെരിപ്പ് സൂക്ഷിക്കാന്കൊടുക്കേണ്ട ഷൂ ഹൗസിന് മുന്നിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ചെരിപ്പ് തിരിച്ചു വാങ്ങാന്‍ നല്കുന്ന ടോക്കണ്‍ അക്കങ്ങള്‍ കൊത്തിയ അലൂമിനിയക്കഷണമാണ്. ഉധംസിങ് തന്റെ കത്തുകളില്‍ ജയില്‍ നമ്പറായ 1010 രേഖപ്പെടുത്താറുള്ളതുപോലെ അതിനടുത്തുള്ള ഒരു നമ്പറാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്ന് ബിയാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ഡല്‍ഹിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുത്ത ബിയാന്തും 15 സുഹൃത്തുക്കളും ജലന്ധറിനടുത്തുള്ള ഗ്രാമത്തില്‍നിന്ന് സുവര്‍ണക്ഷേത്രത്തില്‍ ആരാധനകളിലും പ്രാര്‍ഥനകളിലും പങ്കെടുക്കാന്‍ വന്നതായിരുന്നു. രാജ്യത്തിന്റെ കര്‍ഷകരുടെ ആത്മാഭിമാനം തിരിച്ചുപിടിച്ച സമരത്തില്‍ പങ്കെടുക്കവേ മരിച്ചവര്‍ ഇക്കാലത്തിന്റെ ശഹീദുകളാണെന്ന് (രക്തസാക്ഷികള്‍) ബിയാന്ത് പറഞ്ഞു. ഞങ്ങളുടെ പ്രാര്‍ഥനകളില്‍ നിറഞ്ഞുനില്‍ക്കുക അവരും അവരെക്കുറിച്ചുമുള്ള ഓര്‍മകളുമായിരിക്കും. ഇങ്ങനെ പറഞ്ഞ് ആ സംഘം ക്ഷേത്രത്തിനകത്തേക്കുപോയി. ഞാന്‍ തീര്‍ഥക്കുളത്തിലെ തണുത്ത പടവുകളെ ലക്ഷ്യമാക്കിയും നടന്നു.
മാന്റോ മാഞ്ഞുപോയ അമൃത്സര്‍
ഞാന്‍ സാദത്ത് ഹസന് മാന്റോയുടെ തറവാടുവീട് അമൃത്സറില് അന്വേഷിച്ച് നടന്നു. 1947ലെ വര്‍ഗീയകലാപത്തില്‍ ആ വീട് കത്തിയമര്‍ന്നുവെന്ന് വായിച്ചിട്ടുണ്ട്. എങ്കിലും എന്തെങ്കിലും അവശിഷ്ടം, മാന്റോയെക്കുറിച്ചുള്ള ഓർമകള്‍ -അങ്ങനെ വൃഥാ മോഹിച്ച് ഒരു പകല്‍ അദ്ദേഹത്തിന്റെ തറവാടുവീടുണ്ടായിരുന്ന അമൃത്സറിലെ കര്‍താര്‍ ജയ്മല്‍ സിങ്ങിലെ അഭിഭാഷകത്തെരുവിലൂടെ നടന്നുനോക്കി. സിഖ് റഫറന്‍സ് ലൈബ്രറിയില്‍ ഒരു സായാഹ്നം ചെലവിട്ടത് ഈ വീടിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമോ എന്നറിയാനായിരുന്നു. അവിടെ വന്നവര്‍ക്കൊന്നും മാന്റോയെക്കുറിച്ചോ അദ്ദേഹത്തിന്റെ തറവാട് വീടിനെക്കുറിച്ചോ ഒന്നുമറിയുമായിരുന്നില്ല. ഇന്ത്യ-പാക് (പഞ്ചാബ്) വിഭജനത്തെക്കുറിച്ച് ലോകോത്തരങ്ങളായ കഥകളെഴുതിയ സാദത്ത് ഹസന് മാന്റോയെക്കുറിച്ച് ഒരു വിവരവും കിട്ടാത്ത നഗരമായി 32 വര്‍ഷം അദ്ദേഹം ജീവിച്ച അമൃത് സര് മാറിക്കഴിഞ്ഞിരിക്കുന്നു. ജയ്മല്‍ സിങ്ങിലെ അഭിഭാഷകത്തെരുവില് നിരവധി കടകള്‍ക്കും അഭിഭാഷകരുടെ ഓഫിസുകള്ക്കുമിടയിലൂടെ അലഞ്ഞിട്ടും മാന്റോയെക്കുറിച്ചുള്ള ഒരു പരാമര്‍ശംപോലും കേള്‍ക്കാനായില്ല. ആഗസ്റ്റ് 15 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മാത്രം ദിനമല്ല, അത് വിഭജനത്തിന്റെകൂടി ദിനമാണ്.
സാദത്ത് ഹസന് മാന്റോ
മാന്റോ തന്റെ ആദ്യകഥ 'തമാശ' എഴുതിയത് അമൃത്സറിലെ തറവാടുവീട്ടിലിരുന്നായിരുന്നു. ആ കഥ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലംകൂടി ഉള്‍ക്കൊണ്ട് എഴുതപ്പെട്ടതാണ്. കഥ ഇങ്ങനെ തുടങ്ങുന്നു: രണ്ടുമൂന്ന് ദിവസമായി വിമാനങ്ങള്‍ കറുത്ത കഴുകന്മാരെപ്പോലെ ചിറകുവിടര്‍ത്തി നിശ്ശബ്ദമായ വെളിമ്പ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നു; ഏതോ ഇരയെ വേട്ടയാടുംപോലെ. അവസരത്തിലും അനവസരത്തിലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് വരാനിരിക്കുന്ന രക്തം കിനിയുന്ന സംഭവങ്ങളെക്കുറിച്ചുള്ള സന്ദേശവാഹകനായി. നിര്‍ജനമായ അങ്ങാടികളില്‍ ആയുധധാരികളായ പൊലീസുകാരുടെ ഉലാത്തല്‍ ഭയാനകവും വിചിത്രവുമായ സമയം വിളിച്ചറിയിക്കുന്നു. കുറച്ചുകാലം മുമ്പ് ആള്‍ക്കൂട്ടം കാണാമായിരുന്ന അങ്ങാടികള്‍ ഇന്ന് അജ്ഞാതമായ ഏതോ ഭയത്താല്‍ ശൂന്യമായിരിക്കുന്നു. പട്ടണത്തിന്റെ തുറസ്സായ സ്ഥലങ്ങളില്‍ രഹസ്യമായ ഒരു നിശ്ശബ്ദത വ്യാപിച്ചിരിക്കുന്നു. അവിടെ ഭയാനകമായ അവസ്ഥയാണ് ഇപ്പോള്‍ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത് (മലയാള പരിഭാഷ -ഡോ. പി.കെ. ചന്ദ്രന്).
കൂട്ടക്കൊല കഴിഞ്ഞുള്ള അമൃത്സറിന്റെ ചിത്രമാണ് ഈ വരികളിലൂടെ മാന്റോ വരച്ചിടുന്നതെന്ന് നിരൂപകര്‍ എഴുതിയിട്ടുണ്ട്. ഖാലിദ് എന്ന ബാലനും വാപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മാന്റോ അന്നത്തെ നഗരാവസ്ഥ ചിത്രീകരിക്കുന്നു:
ഖാലിദ്, വീട്ടിലെ നിശ്ശബ്ദവും ഭീതിദവുമായ അന്തരീക്ഷത്തില്‍ ഭയന്നിരിക്കുന്ന ഉപ്പയുടെ അടുത്തിരുന്ന് സംസാരിക്കുകയായിരുന്നു.
''ഉപ്പയെന്താ എന്നെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത്?''
''മോനേ ഇന്ന് സ്കൂളിനവധിയാ.''
''ഉപ്പയുടെ ഓഫിസിനും ഒഴിവാവില്ലേ?''
''അതേ, ഞങ്ങളുടെ ഓഫിസിനും ഇന്ന് ഒഴിവാ.''
''നന്നായി, ഇന്നുപ്പയുടെ നല്ല കഥ കേള്‍ക്കാം'':
ഇങ്ങനെ ഖാലിദിന്റെ ലോകത്തിലൂടെ, പുറംലോകത്തെ അവസ്ഥയെക്കുറിച്ചുള്ള നിരവധി സൂചനകള്‍ നല്‍കുകയാണ് ഈ കഥയിലൂടെ മാന്റോ ചെയ്യുന്നത്.
ആ സൂചനകളിലൊന്ന് ഇതാണ്:
സമയം നീങ്ങി... രക്തത്തില്‍ കുറിക്കേണ്ട ആ സമയം സമാഗതമായി.
മൂന്നാം യാമമായിരുന്നു. ഖാലിദും ഉപ്പയും ഉമ്മയും മുറ്റത്ത് നിശ്ശബ്ദരായി പരസ്പരം നോക്കിനില്ക്കുകയായിരുന്നു. കാറ്റ് തേങ്ങിക്കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. കടകടശബ്ദം കേട്ടപ്പോള്‍ ഖാലിദിന്റെ ഉപ്പയുടെ മുഖം കടലാസുപോലെ വിളറിവെളുത്തു. നാവില്‍നിന്ന് ഇത്രമാത്രം കേട്ടു: ''വെടി''.
ഖാലിദിന്റെ ഉമ്മക്ക് പേടികൊണ്ട് ഒരു വാക്കുപോലും പറയാന്‍ കഴിഞ്ഞില്ല. വെടി എന്ന വാക്കു കേട്ടപ്പോള്‍ അവരുടെ നെഞ്ചിലേക്ക് വെടിയേറ്റ അനുഭവമുണ്ടായി. ഈ ശബ്ദം കേട്ടതും ഖാലിദ് ഉപ്പയുടെ വിരല്‍പിടിച്ച് പറയാൻ തുടങ്ങി: ''ഉപ്പാ പോകാം, തമാശ തുടങ്ങിക്കഴിഞ്ഞു.''
''എന്തു തമാശ?'' ഖാലിദിന്റെ ഉപ്പ തന്റെ ഭയം ഒളിപ്പിച്ചുകൊണ്ടു ചോദിച്ചു.
''ആ തമാശ... ഇന്നു രാവിലെ വിമാനം ഇട്ടുപോയ കടലാസില്‍ പറഞ്ഞില്ലേ... കളി തുടങ്ങി... അതല്ലേ ഇത്രയും പടക്കങ്ങള്‍ പൊട്ടുന്നത് കേട്ടത്?''
ജാലിയന്‍വാലാ ബാഗ് നാളുകളില്‍ തുടങ്ങി പിന്നീട് പല വര്‍ഷങ്ങളില്‍ അമൃത്സര്‍ സാക്ഷ്യംവഹിച്ച നിരവധി സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് മാന്റോ 'തമാശ' എഴുതിയത്. മുംബൈയിലും ഡല്‍ഹിയിലും പിന്നീട് പാകിസ്താനിലെ ലാഹോറിലും ജീവിച്ച മാന്റോയെ പാകിസ്താനി മാത്രമായി 'പുതിയ ഇന്ത്യ' കാണുന്നു. അദ്ദേഹത്തിലെ ഇന്ത്യക്കാരന് പൂർണമായും വിസ്മൃതമായപോലെ അമൃത്സറില് നടക്കുമ്പോള്‍ തീര്‍ച്ചയായും എനിക്കനുഭവപ്പെട്ടു. 2018ല്‍ ഇറങ്ങിയ 'Manto saheb Friends and enemies on the great Maverick' എന്ന പുസ്തകത്തെക്കുറിച്ചോര്ത്തു. സുഹൃത്തുക്കളും ശത്രുക്കളും എഴുതുന്ന ആ പുസ്തകത്തില്‍ എല്ലാവരും ഒരേപോലെ സമ്മതിക്കുന്ന കാര്യം ഇന്ത്യ-പാക് വിഭജനത്തിന്റെ വേദന മാന്റോ എല്ലാ കാലത്തേക്കുമായി തന്റെ കഥകളില്‍ കൊത്തിവെച്ചിരിക്കുന്നു എന്നാണ്. അസാധാരണമായ ഓർമക്കുറിപ്പുകളുടെ പുസ്തകമാണത്. പക്ഷേ, അദ്ദേഹം തന്റെ സര്ഗജീവിതമാരംഭിച്ച അമൃത്സറില് മാന്റോയെ ഇന്ന് ആരും ഓര്‍ക്കുന്നില്ല. സ്മാരകങ്ങളോ അതിനുള്ള ശ്രമങ്ങളോ ഇല്ല. ഉർദു കൂടുതല്‍ക്കൂടുതല്‍ പാര്ശ്വവത്കരിക്കപ്പെട്ടതിനാല് അവിടെയുള്ള പുസ്തകക്കടകളിലൊന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കാണാനേയില്ല. ഇംഗ്ലീഷ് പരിഭാഷകളുമില്ല. മാന്റോ ഇപ്പോള്‍ അമൃത്സറുകാര്ക്കും ഒരു 'പാകിസ്താനി'.
ഉധം സിങ്ങിന്റെ കത്തുകള്‍ -കവര്‍
മടക്കയാത്ര തുടങ്ങുമ്പോള്‍ നാട്ടില്‍നിന്ന് ഫോണ്‍ വന്നു, അയാള്‍ പറഞ്ഞു: ഞാന്‍ കൊറിയറുമായി വന്നതാണ്. ഇവിടെ ബെല്ലടിച്ചിട്ട് ആരും വാതില്‍ തുറക്കുന്നില്ല, വീട്ടില്‍ ആരുമില്ല. രണ്ടു ദിവസംകൂടി കഴിഞ്ഞേ വരൂ, ഞാന്‍ മറുപടി പറഞ്ഞു. കൊറിയര്‍ പാക്കറ്റ് ഇവിടെ വരാന്തയിലുള്ള ചെരിപ്പ് റാക്കില്‍ വെക്കട്ടെ എന്ന ചോദ്യത്തിന് ശരി എന്നുപറഞ്ഞു. മടങ്ങിയെത്തി ചെരിപ്പ് റാക്കില്‍ സുരക്ഷിതമായിരിക്കുന്ന കൊറിയര്പ്പൊതി എടുത്തുതുറന്നു, ഹാ, അത് 'The Collected Stories of Saadat Hasan Manto '-Volume 1 Bombay and poona ആയിരുന്നു. നസ്റീന് റഹ്മാന് വിവര്ത്തനംചെയ്ത് അലെഫ് പ്രസിദ്ധീകരിക്കുന്ന മാന്റോയുടെ 255 കഥകളുടെ ആദ്യ വാള്യം. പുസ്തകത്തിന്റെ കവറില്‍ ജാവേദ് അക്തറിന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''What a terrific read! As with all the best translation, reading Nasreen Rahman's translations of Manto's stories, I felt like I was reading the original'' -പതുക്കെ ഞാനാ പുസ്തകത്തിന്റെ താളുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.