യൂറോപ്യൻ രാജ്യങ്ങളിലൂടെ യാത്ര ഇറ്റലിയിൽ എത്തുന്നു. ശൈത്യത്തിൽനിന്ന് ചൂടൻ അന്തരീക്ഷത്തിലേക്ക്. ക്രിസ്തീയ പാരമ്പര്യം വഴിഞ്ഞൊഴുകുന്ന റോം പലതരം കാഴ്ചകൾ ഒരുക്കിെവച്ചിട്ടുണ്ട്. യൂറോപ്യൻ യാത്രയുടെ അവസാന ഭാഗം.
മഞ്ഞിലെ വിനോദങ്ങളിൽ ഏറ്റവും പ്രചാരം സ്കീയിങ്ങിനുതന്നെ. ‘നോർദിക്’ സ്കീയിങ് ആണ് ആദ്യകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മഞ്ഞുമലകളുടെ പേരിൽനിന്നാണ് ‘നോർദിക്’ എന്ന പേരുണ്ടായത്. പക്ഷേ, ഇന്ന് ആൽപൈൻ സ്കീയിങ് ആണ് കൂടുതൽ പ്രശസ്തം. ആൽപ്സ് പർവതനിരകളിലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിലാണ് ഇതു പ്രചാരത്തിലുള്ളത്. അതുകൊണ്ട് തന്നെ ‘ആൽപൈൻ’ എന്ന പേരും വീണു.
ഓസ്ട്രിയക്കാരനായ മത്തിയാസ് ഡാർസ്കിയാണ് ആൽപൈൻ സ്കീയിങ്ങിന്റെ ഉപജ്ഞാതാവ്. സ്കീയിങ് താരങ്ങൾ ബാലൻസ് ക്രമീകരിക്കാൻ കൈയിൽ പിടിക്കുന്ന വടി രൂപകൽപന ചെയ്തതും മത്തിയാസ് ആണ്. നോർദിക് സ്കീയിങ് ‘േക്രാസ് കൺട്രി’ ഇനമായാണ് കണക്കാക്കുന്നത്. ദീർഘദൂരം ഇനം. ആൽപൈൻ സ്കീയിങ് മൂന്നു വിഭാഗമുണ്ട്. ഡൗൺഹിൽ, സ്ലാലോം, ജയന്റ് സ്ലാലോം. മൂന്നാം വിഭാഗത്തിൽ സാഹസികതയേറും.
സ്വിറ്റ്സർലൻഡിൽ സ്കീയിങ് ഒരു മതംപോലെയാണ്. കുട്ടികൾ നടക്കാൻ പഠിക്കും മുമ്പെ സ്കീയിങ് പഠിക്കുമെന്നാണ് ചൊല്ല്. സ്കീയിങ് കഴിഞ്ഞാൽ സ്നോ ട്യൂബിങ്ങും സ്വിറ്റ്സർലൻഡിലെ മഞ്ഞുമലകളിൽ ഏറെ പ്രചാരമുള്ള വിനോദമാണ്. കാറ്റുനിറച്ച ട്യൂബിൽ മലമുകളിൽനിന്ന് താഴോട്ട് ഉരുളുന്നതാണ് ഈ വിനോദം. സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും പ്രകൃതിയിൽ വലിയ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല.
വിന്റർ ഒളിമ്പിക്സിന് രാജ്യാന്തര ഒളിമ്പിക് സമിതി ഇന്ന് വലിയ പ്രാധാന്യമാണ് നൽകുന്നത്. 2020ലെ ടോക്യോ ഒളിമ്പിക്സ് കോവിഡ്മൂലം 2021ലേക്ക് മാറ്റിയപ്പോൾ 2021ൽ നടന്നില്ലെങ്കിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന് സംഘാടകർക്ക് അറിയാമായിരുന്നു. കാരണം 2022ൽ ചൈനയിലെ വിന്റർ ഒളിമ്പിക്സ് നടക്കേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവക്കെല്ലാം ഐ.ഒ.സി ശീതകാല ഒളിമ്പിക്സ് കഴിഞ്ഞേ പ്രാധാന്യം നൽകുന്നുള്ളൂ.
ഓസ്ട്രിയൻ തലസ്ഥാനമായ വിയനയും വേറിട്ട അനുഭവമായി. ശൈത്യകാല കായിക മത്സരങ്ങൾക്ക് പേരുകേട്ട ഇൻസ്ബ്രൂക്ക് ഒരുപാട് ചരിത്രങ്ങൾ ഓർമിപ്പിച്ചു.
ദൃശ്യഭംഗിയും സാഹസികതയും സംയോജിക്കുന്നതാണ് ശീതകാല വിനോദങ്ങളെ ആകർഷകമാക്കുന്നത്. മഞ്ഞാണ് പ്രതലമെന്നത് ആവേശം വർധിപ്പിക്കുന്നു. കൃത്രിമ ഐസ് പ്രതലം സൃഷ്ടിച്ച് ശീതകാല വിനോദങ്ങൾ സംഘടിപ്പിക്കാം. ഈ വർഷം ബെയ്ജിങ് ചെയ്തതും അങ്ങനെയാണ്. പക്ഷേ, പ്രകൃതിയുടെ തനതുഭംഗിയുണ്ടാകില്ല. 1924ൽ ഫ്രാൻസിലെ ഷാമോണിക്സിൽ തുടക്കം കുറിച്ച ശീതകാല ഒളിമ്പിക്സിനു (വിന്റർ ഒളിമ്പിക്സ്) രണ്ടു തവണ ആതിഥേയത്വം വഹിച്ച നഗരമാണ് ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക്. 1964ലും 76ലും വിന്റർ ഒളിമ്പിക്സ് നടത്തിയ ഇൻസ്ബ്രൂക്കിൽ ഞങ്ങൾ ചെല്ലുമ്പോൾ പകൽ 14 ഡിഗ്രിയായിരുന്നു താപനില. സന്ധ്യയായതോടെ ശൈത്യമേറി.
ഇൻസ്ബ്രൂക്കിൽ കുന്നിൻമുകളിലെ ഹോട്ടലിലെ താമസം എല്ലാവരും ആസ്വദിച്ചു. സ്വരോസ്കി ക്രിസ്റ്റൽ മ്യൂസിയം കാണേണ്ടതുതന്നെ. സ്വരോസ്കി ക്രിസ്റ്റൽ വേൾഡ് 1995ലാണ് തുറന്നത്. കമ്പനി സ്ഥാപിതമായതിന്റെ ശതാബ്ദി പ്രമാണിച്ചായിരുന്നിത്. മൾട്ടിമീഡിയ ആർട്ടിസ്റ്റ് ആേന്ദ്ര ഹെല്ലർ രൂപകൽപന ചെയ്ത അനുപമവും മാസ്മരികവുമായ സ്ഥലം. ക്രിസ്റ്റലിൽ തീർത്ത ആഭരണങ്ങളും കലാരൂപങ്ങളും നിർമിക്കുന്നതു കാണാം. അതിതീവ്രമായ താപത്തിൽ ഗ്ലാസ് ഉരുകി വിവിധ രൂപങ്ങൾ പ്രാപിക്കുന്നത് കൗതുകത്തോടെ കണ്ടുനിന്നു. മ്യൂസിയത്തിൽ ക്രിസ്റ്റൽ ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് ഉള്ളതിനാൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന വനിതകൾ നെക്ലസുകളും മറ്റും വാങ്ങി. പല സംഘങ്ങളായി വാങ്ങിയപ്പോൾ പ്രത്യേക കിഴിവും അവർ അനുവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായ പൗളിൻ സുജയുടെയും ഡോ. റാണിയുടെയും ബിൽ തന്റേതിനൊപ്പം ചേർത്ത് കൊടുത്തപ്പോഴാണ് ഈ ആനുകൂല്യം മനസ്സിലായത്. കേന്ദ്രീയ ബുദ്ധിക്ക് നന്ദി. പല ക്രിസ്റ്റൽ രൂപങ്ങളെക്കുറിച്ചും ഡോ. നസീമ ആധികാരികമായി സംസാരിക്കുന്നതു കേട്ടു. ചോദിച്ചപ്പോഴാണ് അറിഞ്ഞത് നസീമയുടെ ഡോക്ടറേറ്റ് ഇതുമായി ബന്ധപ്പെട്ടതാണ്. ആംസ്റ്റർഡാമിലും പാരിസിലുമൊക്കെ പ്രഭാതത്തിലെ നടപ്പ് രസകരമായിരുന്നു. പക്ഷേ, ഓസ്ട്രിയയിൽ അവ കുറച്ചുകൂടി ഹൃദ്യമായി തോന്നി.
ക്രിസ്തീയ ചരിത്രമുറങ്ങുന്ന റോമാ നഗരം
യൂറോപ്പിലെ ഇതര രാജ്യങ്ങളിലെ ശൈത്യം ആസ്വദിച്ച് ഇറ്റലിയിൽ എത്തിയപ്പോൾ 38 ഡിഗ്രിയായിരുന്നു ചൂട്. പൊരുത്തപ്പെടാൻ ഒരു ദിവസമെടുത്തു. രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ എല്ലാ രാജ്യങ്ങളിലും നിർബന്ധമായിരുന്നെങ്കിലും ആരും മാസ്ക് ധരിച്ചു കണ്ടില്ല. ഇറ്റലിയിൽ മാസ്ക് വേണ്ടിവരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സന്ദർശകരിൽ അത്യപൂർവം പേർ മാത്രമാണ് മാസ്ക് ധരിച്ചു കണ്ടത്. ഇറ്റലിയിലെ ചൂടിനെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ ഏറെക്കാലമായി റോമിലുള്ള, മുൻ അത്ലറ്റ് കൂടിയായ സിസ്റ്റർ സോണിയ മാതിരപ്പള്ളി പറഞ്ഞത് ആഫ്രിക്കയോട് അടുത്തുള്ള രാജ്യമായതിനാൽ ഇറ്റലിയിൽ അപ്രതീക്ഷിത ചൂട് അനുഭവപ്പെടാറുണ്ടെന്നാണ്. പൊടിമഴ പെയ്യാതിരുന്നത് ഭാഗ്യമായെന്ന് സിസ്റ്റർ പറഞ്ഞു. പൊടിമഴ പെയ്താൽ വസ്ത്രങ്ങളിലെല്ലാം ചളിപടരും. വത്തിക്കാൻ നഗരമെന്നു പറയുന്നെങ്കിലും ലോകത്തിലേക്കും ചെറിയ രാജ്യമായാണ് അത് കണക്കാക്കപ്പെടുന്നത്. റോം നഗരപരിധിക്കുള്ളിലെ ചെറുരാജ്യം. കത്തോലിക്കാ സഭയുടെ ആസ്ഥാനമെന്നതിലുപരി പാശ്ചാത്യ ക്രിസ്ത്യൻ സംസ്കാരത്തിന്റെയും സാമൂഹിക വ്യവസ്ഥിതിയുടെയും മടിത്തൊട്ടിൽ ആയാണ് റോം അറിയപ്പെടുന്നത്. ജൈവപ്രകൃതിയനുസരിച്ച് ഏഴു കുന്നുകളുടെ നഗരമാണിത്. റോമിൽ ജനസാന്ദ്രത കൂടുലാണ്. ടൈബർ നദി സമ്പുഷ്ടമാക്കുന്ന സ്ഥലം. നഗരത്തിലെ ജനസാന്ദ്രത കണക്കിലെടുത്താൽ യൂറോപ്യൻ യൂനിയനിൽതന്നെ മുന്നിലാണ്.
മനോഹരങ്ങളായ സ്മാരകങ്ങളും കനാലുകളുംകൊണ്ട് പ്രശസ്തമാണ് വെനീസ്. ‘സ്നേഹത്തിന്റെ നഗരം’ എന്നാണു വെനീസ് വിശേഷിപ്പിക്കപ്പെടുന്നത്. സെന്റ് മാർക്സ് ബസലിക്കയുടെ മണിമന്ദിരമാണ് നഗരത്തിലെ ആകർഷണങ്ങളിലൊന്ന്. 98.6 മീറ്റർ ഉയരമുള്ള ഈ നിർമിതി നഗരത്തിലേക്കും ഉയരമുള്ളതായി വിശേഷിപ്പിക്കപ്പെടുന്നു. 1902ൽ തകർന്നുവീണതിനെ തുടർന്ന്, 1912ൽ പുനർനിർമിച്ച കെട്ടിടമാണ് ഇപ്പോഴുള്ളത്.
വെനീസിൽനിന്നു പാദുവയിൽ എത്തിയാൽ സെന്റ് ആന്റണീസ് ബസലിക്ക കാണാം. ഇതൊരു കത്തോലിക്കാ ദേവാലയമാണ്. സെന്റ് ആന്റണിയുടെ പരിപാവനമായ നാക്ക് ഇവിടെ തിരുശേഷിപ്പായുണ്ട്. 978ാമാണ്ടിൽ ബിസോൈന്റൻ എന്ന ശിൽപി രൂപകൽപന ചെയ്തതാണ് ഈ ദേവാലയം.
സ്പെയിനിൽ പുരോഹിതനായിരുന്ന സെന്റ് ആന്റണി റോമിലെത്തി ദൈവവചനം പ്രസംഗിച്ചു. ഒരിക്കൽ കേൾവിക്കാർ ഇല്ലാതിരുന്നതിനാൽ കടലിലേക്കു നോക്കി പ്രസംഗിച്ചു. മീനുകൾ വെള്ളത്തിനു മുകളിലെത്തി പ്രസംഗം കേട്ടെന്നും അതോടെ അദ്ദേഹത്തിന്റെ നാവ് പ്രശസ്തമായെന്നുമാണ് വിശ്വാസം. സെന്റ് ആന്റണിയുടെ നാവ് ഇന്നും കേടുകൂടാതെ പാദുവയിലെ സെന്റ് ആന്റണീസ് പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. പാദുവയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സെന്റ് ആന്റണിയുടെ പ്രാർഥനാ പുസ്തകം ആരോ എടുത്തുമാറ്റുകയും പിന്നീട് പിടിക്കപ്പെടുമെന്ന് അറിഞ്ഞ് മടക്കിക്കൊണ്ടുവന്നു വെക്കുകയും ചെയ്തൊരു സംഭവം നടന്നു. അതോടെ നഷ്ടപ്പെട്ട വസ്തുക്കൾ മടക്കിക്കിട്ടാൻ സെന്റ് ആന്റണിയോട് പ്രാർഥിക്കുക പതിവായി.
ഫ്ലോറൻസിലാകട്ടെ പുനരുദ്ധാരണ കലകളുടെയും ശിൽപങ്ങളുടെയും ഭംഗി ആസ്വദിക്കാം. ടെറാക്കോട്ട ടൈലുകൾ പാകിയ ഡോമുള്ള ദേവാലയം ശ്രദ്ധേയമാണ്. ഡെൽ അക്കാദമിയ ഗലേറിയയിൽ മൈക്കലാഞ്ചലോ നിർമിച്ച ദാവീദിന്റെ ശിൽപമുണ്ട്. യുഫിസി ഗാലറിയിൽ ഡാവിഞ്ചിയുടെ ‘അനൻസിയേഷൻ’ ഉണ്ട്. ദൈവമാതാവ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചുവെന്ന അരുളപ്പാടുണ്ടാകുന്ന നിമിഷമാണിത്. ക്രിസ്തുവിന്റെ യഥാർഥ പിറവിയായി ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നു.
എന്നോടൊപ്പം വത്തിക്കാനിലെത്തിയ ഇതര മതവിശ്വാസികളിൽ പലരും ഒരു സംശയം ചോദിച്ചു. ‘‘ക്രിസ്തു ജനിച്ചത് ജറൂസലമിലല്ലേ? പിന്നെയെങ്ങനെയാണ് കത്തോലിക്കാ സഭയുടെ ആസ്ഥാനം റോമിലായത്? ഇന്നു ക്രിസ്ത്യാനികൾ തങ്ങളുടെ ലോക തലസ്ഥാനമായി കാണുന്നതും റോമിനെയല്ലേ?’’
മെഡിറ്ററേനിയനു ചുറ്റുമുള്ള പ്രദേശം ജറൂസലം ഉൾപ്പെടെ, അന്ന് റോമാ സാമ്രാജ്യത്തിനു കീഴിലായിരുന്നു. ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ വിശുദ്ധ പൗലൂസ് (സെന്റ് പോൾ) ആണ് യൂറോപ്പിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ എത്തിയത്. അദ്ദേഹം റോമിലുമെത്തി. പിന്നാലെ വിശുദ്ധ പേത്രാസും (സെന്റ് പീറ്റർ) റോമിലെത്തി. ഇരുവരുടെയും അന്ത്യം റോമിലായിരുന്നു. ക്രിസ്ത്വബ്ദം 67 ജൂൺ 29നായിരുന്നു ഇരുവരുടെയും മരണം.
സെന്റ് പോൾ വാളിന് ഇരയാകുകയായിരുന്നു. സെന്റ് പീറ്ററിനെ തലകീഴായി കുരിശിൽ തറക്കുകയായിരുന്നു. തന്നെ കുരിശിൽ തറച്ചുകൊല്ലാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ, ക്രിസ്തുവിനെപ്പോലെ മരിക്കാൻ താൻ യോഗ്യനല്ലെന്നും അതിനാൽ തന്നെ തലകീഴായി കുരിശിലേറ്റിയാൽ മതിയെന്നും അദ്ദേഹം അഭ്യർഥിക്കുകയായിരുന്നു. ഇറ്റലിക്കാർ പിയാേത്രായെന്നു വിളിക്കുന്ന പേത്രാസിന്റെ തല അടക്കം ചെയ്തഭാഗം വത്തിക്കാനിലെ ബസലിക്കയിൽ പ്രത്യേകം കാണാം.
കൈയിൽ താക്കോലുമായുള്ള പേത്രാസിന്റെയും വാളേന്തിയ പൗലൂസിന്റെയും കൂറ്റൻ പ്രതിമകൾ സെന്റ് പീറ്റേഴ്സ് ബസലിക്കക്കു മുന്നിലുണ്ട്. സ്വർഗത്തിന്റെ താക്കോലാണ് പേത്രാസിന്റെ കൈയിലുള്ളതെന്നാണ് സങ്കൽപം. കാരണം ‘‘പേത്രാസേ നീ പാറയാകുന്നു; പാറമേൽ എന്റെ ഭവനം പണിയുക. നരകശക്തികൾ അതിനെതിരെ പ്രബലപ്പെടില്ല’’ എന്നു ക്രിസ്തു പേത്രാസിനോട് പറയുന്നുണ്ട്. ക്രിസ്തീയ സഭയുടെ തലവനായാണ് പേത്രാസിനെ കാണുന്നത്. പേത്രാസിന്റെ തല അടക്കം ചെയ്തിടത്തായിരുന്നില്ല മുമ്പ് ദേവാലയം. 15ാം ശതകത്തിൽ പുതുക്കിപ്പണിതപ്പോഴാണ് പേത്രാസിനെ അടക്കം ചെയ്തിടത്ത് പള്ളി ഉയർന്നത്.
പൗലൂസിനെ ഗളച്ഛേദം ചെയ്യുകയായിരുന്നല്ലോ. അദ്ദേഹത്തിന്റെ തല നിലത്തുവീണ് മൂന്നു തവണ കുതിച്ചുയർന്നെന്നും അവിടെയൊക്കെ ജലധാര പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ഈ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
വത്തിക്കാന്റെ മധ്യഭാഗത്തെ വത്തിക്കാൻ ലൈബ്രറിയിൽ ചരിത്രരേഖകൾ ഉണ്ട്. ആദ്യകാല ബൈബിളുകളും സൂക്ഷിച്ചിരിക്കുന്നു. ഈ ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനമില്ല.
സെന്റ് പീറ്റേഴ്സ് ബസലിക്ക, സെന്റ് പീറ്ററിനെ അടക്കംചെയ്തിടത്ത് ഇപ്പോഴത്തെ രീതിയിൽ പുനർനിർമിക്കുന്നതിന് മുമ്പ് അൽപം അകലെയായിരുന്നു അന്നത്തെ ദേവാലയം. അന്നിത് വ്യത്യസ്ത കാലഘട്ടങ്ങളിൽ മൂന്നുപേരുടെ സ്മരണക്കാണു സമർപ്പിച്ചിരുന്നത്. നാലാം ശതകത്തിൽ, അന്നത്തെ മാർപാപ്പ, പോപ് സിൽവസ്റ്റർ ദേവാലയം രക്ഷകനായ ക്രിസ്തുവിനു (ൈക്രസ്റ്റ് ദ സേവ്യർ) സമർപ്പിച്ചു. ഒമ്പതാം ശതകത്തിൽ സ്നാപക യോഹന്നാന്റെ പേരിലും പിന്നീട് 12ാം ശതകത്തിൽ സുവിശേഷകനായ സെന്റ് ജോണിന്റെ പേരിലും ഈ പള്ളി അറിയപ്പെട്ടു.
റോമിനെക്കുറിച്ചും വത്തിക്കാനെക്കുറിച്ചും കേൾക്കുമ്പോൾ സെന്റ് പീറ്റേഴ്സ് ബസലിക്കയാണ് ആദ്യം ആരും ഓർക്കുക. പക്ഷേ, ചരിത്രം മാതൃദേവാലയമായി കണക്കാക്കുന്നത് ക്രിസ്ത്വബ്ദം 324ൽ റോമാ ചക്രവർത്തി കോൺസ്റ്റൈന്റൻ നിർമിച്ച, ലാറ്ററനിലെ ദി സാൻ ജിയോവനി ബസലിക്കയാണ്. ഇതിനോടനുബന്ധിച്ചുള്ള ചെറിയ ദേവാലയത്തിലാണ് വിശുദ്ധ സ്കാലാ സാഞ്ചാ (Scala Sancta).
ജറൂസലം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും റോമിലെങ്ങും ക്രിസ്ത്യൻ വിശ്വാസം പ്രചരിപ്പിച്ചത് കോൺസ്റ്റൈന്റൻ ചക്രവർത്തിയാണ്. അദ്ദേഹം ഈ ബസലിക്ക പോപ്പിനു കൈമാറി. പോപ്, സെന്റ് സിൽവസ്റ്റർ ഒന്നാമൻ ഇത് തന്റെ ആസ്ഥാനമാക്കി. 15ാം ശതകം വരെ പോപ്പിനെ വാഴിച്ചിരുന്നത് ഇവിടെയാണ്. അര ഡസനോളം മാർപാപ്പമാരെ അടക്കം ചെയ്തതും ഇവിടെയാണ് (1870 വരെ മാർപാപ്പമാരുടെ സ്ഥാനാരോഹണം ഇവിടെ നടന്നെന്നും പറയപ്പെടുന്നു).
റോമിൽ ലാറ്ററനിലെ ബസലിക്ക ദി സാൻ ജിയോവനിയോടനുബന്ധിച്ചുള്ള വിശുദ്ധ സ്കാലാ സാഞ്ചാ (Scala Sancta) വിശുദ്ധ നടകളായി കണക്കാക്കപ്പെടുന്നു. ഇവിടത്തെ ദേവാലയത്തിലേക്ക് മൂന്നു ഭാഗത്തായി നടകൾ ഉണ്ട്. അതിൽ മധ്യഭാഗത്താണ് സ്കാലാ സാഞ്ചാ.
തടികൊണ്ട് ആവരണം ചെയ്യപ്പെട്ട ഈ നടയിൽ മാത്രം കാൽചവിട്ടിക്കയറരുത്. മുട്ടുകുത്തിവേണം ഓരോ നടയും കയറുവാൻ. 28 നടകൾ കയറണം. ഒരു നടയിൽ മുട്ടുകുത്തിനിന്നുകൊണ്ട് അടുത്ത നടയിലേക്ക് കാൽമുട്ട് കയറ്റിവെക്കുക അൽപം ബുദ്ധിമുട്ടുണ്ട്. ഞാൻ ആ നടയിൽ മുട്ടുകുത്തിയെങ്കിലും മുകളിലേക്കു കയറിയില്ല. പലരും കയറി.
യേശു ക്രിസ്തുവിനെ ജറൂസലമിൽ കുരിശിലേറ്റി കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വിചാരണക്കായി ന്യായാധിപനായ പീലാത്തോസിന്റെ കൊട്ടാരത്തിൽ എത്തിച്ചപ്പോൾ, വിചാരണ നേരിടാൻ പീലാത്തോസിന്റെ ഇരിപ്പിടത്തിലേക്ക് യേശു കയറിപ്പോയ നടകളാണിത്. ക്രിസ്തു മരിച്ച് 326ാം വർഷം റോമിലെ കോൺസ്റ്റൈന്റൻ ചക്രവർത്തിയുടെ മാതാവ് ഹെലനാ രാജ്ഞി ജറൂസലമിൽനിന്ന് ഇതു വരുത്തി റോമിൽ സ്ഥാപിച്ചു. വെള്ള മാർബിളിൽ തീർത്തിരുന്ന പടികൾ പിന്നീട് തടിയിൽ പൊതിഞ്ഞതാണ്. പാപികൾക്കുവേണ്ടി ക്രിസ്തു കുരിശിലേറി എന്നാണല്ലോ ക്രിസ്തീയ വിശ്വാസം. ദൈവവിധിപോലെ, കുരിശിലേറാനുള്ള ശിക്ഷാവിധി ഏറ്റുവാങ്ങാൻ ക്രിസ്തു ചവിട്ടിക്കയറിയ ഈ പടികൾ മുട്ടിൽ ഇഴഞ്ഞു കയറുന്നത് പാപമോചനത്തിനായി വിശ്വാസികൾ നേർച്ചയാക്കുന്നു. അപൂർവമായി തടി ആവരണം മാറ്റി മാർബിൾ പടികൾ അനാവരണം ചെയ്യാറുണ്ട്.
ക്രിസ്തുവിനെ സ്നാനംചെയ്ത സ്നാപക യോഹന്നാന് (സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്) വലിയ പ്രാധാന്യമാണ് ഈ ബസലിക്ക നൽകുന്നത്. ക്രിസ്തുവിനു മുമ്പാണല്ലോ അദ്ദേഹത്തിന്റെ ജനനം. ജോർഡൻ നദിക്കരയിൽ സുവിശേഷം പറഞ്ഞു നടന്ന അദ്ദേഹത്തെ ക്രിസ്ത്വബ്ദം 36നോടടുത്ത് എപ്പോഴോ ശിരസ്സറുത്ത് കൊല്ലുകയായിരുന്നു. ഹെരോദാ രാജാവാണ് ഇതു ചെയ്യിച്ചതെന്നാണ് വിശ്വാസം.
സ്നാപക യോഹന്നാന്റെ തലയോടിന്റെ അവശിഷ്ടങ്ങളാണ് അദ്ദേഹത്തിന്റെ തിരുശേഷിപ്പ് (സഞ്ജൊവാനെ ബത്തിസ്ത) ആയി റോമിൽ ഉള്ളത്. എട്ടാം നൂറ്റാണ്ടിൽ (കുരിശുയുദ്ധ കാലമെന്നു പറയുന്നു) ഗ്രീക് വൈദികരാണ് (ഗ്രീക് മൊണശ്ശി) തിരുശേഷിപ്പ് റോമിൽ എത്തിച്ചത്. 12ാം ശതകത്തിൽ ഇത് സൺ സിൽവസ്റ്റർ പള്ളിയിൽ തിരുശേഷിപ്പുകളുടെ പേടകത്തിൽ സ്ഥാപിച്ചു. തുടർന്നു പള്ളിക്ക് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയെന്ന് നാമകരണം ചെയ്തു. സിൽവസ്റ്റർ മാർപാപ്പയുടെ കാലത്തായിരുന്നു ഇത്.
പിസയിലെ ചരിഞ്ഞ ഗോപുരം ലോകാത്ഭുതങ്ങളിൽ ഒന്നായി സ്കൂൾകാലം മുതൽ കേൾക്കുന്നതാണ്. ഇറ്റലിയിലെ ടുസ്കനി മേഖലയിലാണ് പിസ നഗരം. 1372ൽ നിർമാണം പൂർത്തിയായപ്പോൾതന്നെ ഗോപുരത്തിനു ചരിവുണ്ടായിരുന്നു. ഇതൊരു മണിഗോപുരമാണ്. പിസയിലെ കത്തീഡ്രലിന്റെ മണിഗോപുരം. അടിത്തറ ഉറപ്പിച്ചപ്പോൾ ഉണ്ടായ പ്രശ്നത്തെത്തുടർന്ന് ഗോപുരത്തിന് നാലു ഡിഗ്രി ചരിവുണ്ടായി. ഈ ഗോപുരം അടുത്തുകാണുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നതിനപ്പുറം അതിനുള്ളിൽ കടക്കുവാനുള്ള താൽപര്യമൊന്നും ആരിലും കണ്ടില്ല.
ഫ്ലോറൻസിൽ എന്ന പോലെ പിസയിലും സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രൽ ഉണ്ട്. ഉള്ളിലെ കൊത്തുപണികൾ ആകർഷകമാണ്. ഫ്ലോറൻസിലേത് ഒക്ടജൻ ആകൃതിയിലാണ്. എട്ടു കോണുകൾ. ഇത് 1059-1128 കാലത്ത് നിർമിക്കപ്പെട്ടതാണ്. നാലാം ശതകത്തിൽ ഇവിടെ ക്ഷേത്രമായിരുന്നെന്നു പറയുന്നു.
പല കെട്ടിടങ്ങളും കാലപ്പഴക്കംകൊണ്ടും തീപിടിച്ചുമൊക്കെ തകർന്നപ്പോൾ പുത്തൻ നിർമാണത്തിൽ പൗരാണികത നിലനിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, കുപ്രസിദ്ധമായ കൊളോസിയം തകർന്ന നിലയിൽതന്നെയാണ്.
ഫ്ലാവിയൻ രാജവംശത്തിലെ വെസ്പാസിയൻ റോമാക്കാർക്കുള്ള സമ്മാനമായി ക്രിസ്ത്വബ്ദം 70-72 കാലത്ത് നിർമിച്ചതാണ് കൊളോസിയം. 50,000 കാണികൾക്ക് ഇരിക്കാമായിരുന്നു. ഗ്ലാഡിേയറ്റർ (ഗ്ലൈഡി ഐറ്റര) ഫൈറ്റ് ആയിരുന്നു പ്രധാനം. മനുഷ്യർ തമ്മിലും മൃഗങ്ങൾ തമ്മിലും നടന്നിരുന്ന പോരാട്ടങ്ങൾ ചിലപ്പോൾ മൃഗങ്ങളും മനുഷ്യരും തമ്മിലായി. മരണങ്ങൾ സാധാരണയായി. കോൺസ്റ്റൈന്റൻ ചക്രവർത്തി ഗ്ലാഡിേയറ്റർ ഫൈറ്റ് നിരോധിച്ചു. എന്തായാലും കിരാതമായൊരു കാലം ഓർക്കാൻ ആധുനിക ഇറ്റലി ഇഷ്ടപ്പെടാത്തതിനാലാകാം കൊളോസിയം ഇടിഞ്ഞുപൊളിഞ്ഞ രീതിയിൽ കാണപ്പെടുന്നത്.
റോമിൽ കേരള വേഷത്തിൽ കണ്ണൂരിൽനിന്നുള്ള ദമ്പതികൾ. യൂറോപ്യൻ പര്യടനത്തിനിടയിൽ ആദ്യ അനുഭവം. കണ്ണൂർ ഇരിട്ടിയിൽനിന്നുള്ള വ്യവസായി ദിനേശ് ബാബുവും ഭാര്യ ശ്രീകലയുമാണു തനി മലയാളി വേഷത്തിൽ റോമാ നഗരം കാണാൻ ഇറങ്ങിയത്. ഇടക്കിടെ വിദേശയാത്രകൾ നടത്തുന്ന ഇവർ എവിടെപ്പോയാലും ഒരു ദിവസം കേരളവേഷം ധരിക്കുക പതിവാണെത്ര. ഒരിക്കൽ അമേരിക്കയിൽ പോയപ്പോഴും നാട്ടിലെ വേഷം അണിഞ്ഞിരുന്നെന്ന് ഇവർ പറഞ്ഞു.
ശ്രീകല ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രം ‘വിവാഹ ആവാഹനം’ ആണ്. മാസ്ക് ധരിച്ച ഏതാനും പെൺകുട്ടികളെയും കണ്ടു. യൂറോപ്പിൽ എത്തിയിട്ട് ആദ്യമാണ് മാസ്ക് ധരിച്ചവരെ കാണുന്നത്. മലയാളി വേഷധാരികളോടൊപ്പം ഒരു ഫോട്ടോക്കു നിൽക്കാമോയെന്നു ചോദിച്ചപ്പോൾ അവർക്ക് ആശങ്ക. നാട്ടിലെ വേഷം തിരിച്ചറിയാനാണെന്നു പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ വന്നു. വെനീസിൽ ‘ഗൊണ്ടോല റൈഡ്’ ആണ് ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നത്. പുരാതന നിർമിതികളൊക്കെ ഈ ജലയാത്രയിൽ കാണാം.
ഫാഷനു പേരുകേട്ട ലോകത്തിലെ നാലു പ്രമുഖ നഗരങ്ങളിൽ ഒന്നായ മിലാനിൽ വഴിവക്കിൽ ഒരു സായിപ്പ് ഗിറ്റാർ വായിക്കുന്നു. ഗിറ്റാറിന്റെ കവർ വഴിയോട് ചേർന്ന് തുറന്നുെവച്ചിട്ടുണ്ട്. അതിൽ നാണയത്തുട്ടുകൾ കണ്ടു. എന്റെ കൈയിൽ രണ്ടു യൂറോയുടെ നാണയമേ (ഉദ്ദേശ്യം 180 രൂപ) ഉണ്ടായിരുന്നുള്ളൂ. അതിട്ടപ്പോൾ സായിപ്പ് നന്ദിപൂർവം ചിരിച്ചു. ഇറ്റലിയിലെ മൂല്യത്തിൽ ഞാനിട്ട രണ്ടു യൂറോ കുറഞ്ഞുപോയോയെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. നേരത്തേ ഡോമോ മിലാനോ കത്തീഡ്രലിനു മുന്നിൽ ഒരാൾ ചായ കുടിക്കാൻ കാശു ചോദിച്ചത് ഓർമയിൽ എത്തി.
ഇറ്റലിയിലെ തുസ്കിനിയിൽ ഹോട്ട് സ്പ്രിങ് വാട്ടർ ഡ്രിങ്കിങ് തെറപ്പി സെന്റർ കണ്ടു. 15 യൂറോയാണ് ഫീസ്.
വിവിധതരം ഫൗണ്ടനുകൾ പച്ചപ്പുകൾക്കിടയിലും അല്ലാതെയും കണ്ടു. ഒരു ഫൗണ്ടൻ വ്യത്യസ്തമായിരുന്നു. ഒരു വലിയ ഫൗണ്ടനിൽനിന്നും വെള്ളം താഴേക്ക് വീഴുന്നു. ഒരു വലിയ ചക്രത്തിലൂടെ ഈ ജലം താഴേക്ക് പതിക്കുമ്പോൾ ചെറിയ, ചെറിയ ചക്രങ്ങൾ കറങ്ങുന്നു. മനോഹരമായ കാഴ്ച. സ്കൂൾ പഠനകാലത്ത് പാത്തിയിൽനിന്നും വെള്ളം വീഴുന്നിടത്ത് തെങ്ങിന്റെ മടൽ ചെത്തി ചക്രമുണ്ടാക്കി രസിച്ചിരുന്ന കാലം ഓർത്തുപോയി. ഒന്നിലധികം ചക്രങ്ങൾ ഒരുപോലെ കറക്കാമെന്ന ആശയം അന്നാരും പരീക്ഷിച്ചുകണ്ടില്ല.
ഇറ്റലിയുടെ പലഭാഗത്തും പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരുമുണ്ടെന്ന് പണ്ടേ കേട്ടിട്ടുണ്ട്. പക്ഷേ, മിലാൻ (മിലോനോ) വ്യത്യസ്തമാണ്. ലോകത്തിലെതന്നെ വലിയ ഷോപ്പിങ് മാളുകളിൽ ഒന്ന് ഇവിടെയുണ്ട്.
ഇന്റർ മിലാൻ, എ.സി മിലാൻ ഫുട്ബാൾ ടീമുകളുടെ പരിശീലന സ്റ്റേഡിയങ്ങൾ കണ്ടെങ്കിലും അതിനു മുന്നിൽ ബസ് നിർത്താൻ കഴിയില്ലായിരുന്നു. മിലാനിലെ ഫാഷനും സമ്പത്തുമൊക്കെ പ്രതിഫലിക്കുന്നതാണ് ക്ലബുകളുടെ പശ്ചാത്തലവും. താരങ്ങൾക്ക് ആഡംബര ജീവിതം നയിക്കാൻ പറ്റിയ നഗരം. ‘മിലാനോ’ എന്നാണ് ഇറ്റലിക്കാർ പറയുന്നത്.
യൂറോപ്യൻ നിലവാരത്തിലേക്കിനിയും ഏറെദൂരം ബാക്കി
‘കേരളം പല കാര്യങ്ങളിലും യൂറോപ്പിനൊപ്പം’ എന്ന അവകാശവാദം ഭരണകർത്താക്കളിൽനിന്നു പലതവണ കേട്ടു. യൂറോപ്പിലെ പത്തോളം രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയപ്പോൾ ഈ തലമുറയുടെ കാലത്ത് കേരളം യൂറോപ്പിന്റെ അടുത്തെങ്ങുമെത്തില്ല എന്ന് ഉറപ്പായി. ഉന്നത നിലവാരമുള്ള റോഡുകൾ; ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാട്ടുന്ന പ്രതിബദ്ധത; വീഥികളിലെങ്ങും വെളിച്ചം, ട്രാഫിക് പോയന്റുകളിൽ കാൽനടക്കാർക്കു സുരക്ഷിതമായ സംവിധാനങ്ങൾ; ട്രാഫിക് ഏറിയാൽ റോഡ് േക്രാസ് ചെയ്യാൻ ക്ഷമയോടെയും കരുതലോടെയും വാഹനം നിർത്തിക്കൊടുക്കുന്നവർ, കൂട്ടിനു കൊണ്ടുവരുന്ന നായ്ക്കളെപ്പോലും അച്ചടക്കം പഠിപ്പിച്ച യജമാനന്മാർ, വയോധികരോട് കരുതലുള്ളവർ.
ധാർഷ്ട്യമില്ലാതെ, തങ്ങൾ ജോലിനോക്കുന്നത് ജനങ്ങൾക്കുവേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പൊലീസുകാർ ആവശ്യഘട്ടങ്ങളിൽ നിമിഷങ്ങൾക്കകം ഓടിയെത്തുന്നു. നിയമങ്ങൾ പാലിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന ൈഡ്രവർമാർ. നികുതി കൊടുക്കുന്നവർക്ക് മദ്യപിക്കാനും പുകവലിക്കാനും അവകാശമുണ്ടെന്നും അതിനു സൗകര്യം ചെയ്യണമെന്നും അല്ലാതെ പെറ്റി അടിക്കുകയല്ല വേണ്ടതെന്നും വിശ്വസിക്കുന്ന ഭരണകർത്താക്കൾ.
യൂറോപ്പിൽ ഞങ്ങൾ സന്ദർശിച്ച രാജ്യങ്ങളിൽ ആളുകൾ വെള്ളം കുടിക്കുന്നത് അപൂർവമായാണു കണ്ടത്. സോഡയും ബിയറും വൈനും ജ്യൂസുമൊക്കെയാണ് കൂടുതലും കുടിക്കുന്നത്. ഒമാൻ എയർലൈൻസിന്റെ മസ്കത്ത്-ലണ്ടൻ വിമാനത്തിൽ എന്റെ അടുത്ത സീറ്റിൽ ഇരുന്ന യുവതി വിമാനത്തിൽ കിട്ടിയ വെള്ളംപോലും കുടിച്ചില്ല. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളമാണെങ്കിൽ തീരുകയും ചെയ്തു. വെള്ളം കുടിക്കുന്നില്ലേയെന്നു ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെ വെള്ളക്കുപ്പി എനിക്കു തന്നു.
താമസിക്കുന്ന ഹോട്ടലുകളിൽ പലതിലും മുറിയിൽ ഒരു കുപ്പിവെള്ളവും ഒരു കുപ്പി സോഡയുമാണ് ഒരുക്കിയിരുന്നത്. ഇറ്റലിയിൽ ഒഴികെയെല്ലായിടത്തും ഹോട്ടൽ മുറിയിൽ കാപ്പി തിളപ്പിക്കാൻ കെറ്റിൽ ഉണ്ടായിരുന്നു. ഇറ്റലിയിലും മുമ്പ് ഉണ്ടായിരുന്നെത്ര. ചിലർ കെറ്റിലുകൾ അടിച്ചുമാറ്റിയെന്നാണു കഥ. ഇതോടെ അവർ ഈ സംവിധാനം ഒഴിവാക്കി. പക്ഷേ, ഈ പണി കാണിച്ചത് ഇന്ത്യക്കാർ ആകണമെന്നില്ല. മറ്റു രാജ്യക്കാരുമാകാം. പഴി നമ്മൾക്കും കിട്ടിയതാകണം.
യു.കെയിൽ ഒഴികെയെല്ലായിടത്തും ബിയറിനു വിലക്കുറവാണ്. അര ലിറ്ററിന്റെ ആറു ക്യാൻ ബിയറിന്റെ പാക്കറ്റിന് എട്ടു യൂറോ മാത്രം. അതായത് ഒരു ക്യാനിന് ഒന്നര യൂറോയിൽ താഴെ. പക്ഷേ, ബിയർ കുടിച്ചിട്ട് മൂത്രമൊഴിക്കണമെങ്കിൽ ചിലപ്പോൾ രണ്ടു യൂറോ കൊടുക്കണം. ഗ്യാസ് സ്റ്റേഷനുകളിലെ ഷോപ്പിങ് മാളുകളിൽ ടോയ്ലറ്റ് സൗകര്യം സൗജന്യമാണ്. മാളുകളിൽനിന്ന് നമ്മൾ എന്തെങ്കിലുമൊക്കെ വാങ്ങുമല്ലോ; അതുകൊണ്ടു തന്നെയാണ് ഈ സൗജന്യം. വഴിയിൽ മിക്കവാറും എല്ലായിടത്തും പുകവലിക്കാൻ സൗകര്യമുണ്ട്. ഹോട്ടലുകളുടെ ഓപൺ എയർ ഭാഗങ്ങൾ വഴിയോരത്തുതന്നെ. ഓപൺ എയർ ബാറുകളിലാണു തിരക്കേറെ.
ഒരു ഓട്ടം പോയിവന്ന് അധികം വിശ്രമമില്ലാതെ അടുത്ത ഓട്ടം പോകുന്ന ൈഡ്രവർമാർ നമ്മുടെ നാട്ടിൽ എത്രയോയുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസുകളിലൊക്കെ ഇതു സർവസാധാരണമാണ്. ജീവിക്കാനുള്ള ബദ്ധപ്പാടെന്ന് ചിലരെങ്കിലും പറഞ്ഞതും ഓർക്കുന്നു. പക്ഷേ, ഒരു യൂറോപ്യൻ രാജ്യത്തും ഇത് അനുവദിക്കില്ല. ൈഡ്രവർമാർക്ക് കൃത്യമായ വിശ്രമം അവിടെ നിഷ്കർഷിച്ചിട്ടുണ്ട്. നാലു മണിക്കൂർ വണ്ടിയോടിച്ചാൽ 45 മിനിറ്റ് വിശ്രമം നിർബന്ധം. ദിവസം 12 മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടിയും പാടില്ല. വണ്ടി എത്ര മണിക്കൂർ ഓടി, എത്ര സമയം നിർത്തിയിട്ടു എന്നൊക്കെ അറിയാൻ കൃത്യമായ സംവിധാനമുണ്ട്.
ഒരേ റോഡിൽ എല്ലാ വാഹനങ്ങൾക്കും ഒരേ വേഗം അനുവദിക്കില്ല. കാറിനും ട്രക്കിനും ബസിനുമെല്ലാം പ്രത്യേകം വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് റോഡിൽ പലയിടത്തും ശ്രദ്ധിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അല്ലാതെ നമ്മുടെ നാട്ടിലെപ്പോലെ അനുവദിച്ച വേഗമെത്രയെന്ന് പ്രദർശിപ്പിക്കാതെ കാമറയിൽ കുടുക്കി പിഴ ചുമത്താറില്ല. മാസത്തിലൊരിക്കൽ ഒരു വാഹനം പരിശോധിച്ചാൽപോലും ആ ഒരു മാസത്തിനുള്ളിൽ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങൾ പൊലീസിനു മനസ്സിലാക്കാൻ സാധിക്കുന്ന ക്രമീകരണങ്ങൾ.
കോവിഡ് കാലം ടൂറിസം മേഖലയെയാണ് ഏറ്റവുമധികം ബാധിച്ചത്. അതിന്റെ ബാക്കിയാകണം ഹോട്ടലുകളിൽ സ്ഥിരം ജോലിക്കാർ വിരലിൽ എണ്ണാവുന്നവർ മാത്രം. ബാക്കിയെല്ലാം ഔട്ട് സോഴ്സിങ് ആണ്; അഥവാ കരാർ തൊഴിലാളികൾ.
േബ്രക്ഫാസ്റ്റിനൊപ്പം കിട്ടുന്ന പഴങ്ങളും ജ്യൂസുമെല്ലാം തണുത്തതാണ് എന്നതാണ് എന്നെ അലട്ടിയ പ്രശ്നം. തൊണ്ടക്ക് പ്രശ്നമുള്ളതിനാൽ േബ്രക്ഫാസ്റ്റുകളിലെല്ലാം എനിക്ക് പഴങ്ങളും പഴച്ചാറുകളും ഉപേക്ഷിക്കേണ്ടിവന്നു. ഇത് ഏതു രാജ്യത്തു ചെന്നാലും ഞാൻ നേരിടുന്ന പ്രശ്നമായതിനാൽ വിഷമം തോന്നിയില്ല.
ഷോപ്പുകളിലും മാളുകളിലുമൊക്കെ ജോലിചെയ്യുന്നവരുടെ ജോലിസമയത്തിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഒരുപോലെ കരുതൽ ഉള്ളവരാണ്. രാവിലെ 10നു തുടങ്ങി വൈകീട്ട് ഏഴു വരെയാണ് (ചിലയിടത്ത് എട്ട്) പ്രവർത്തന സമയമെങ്കിൽ സാധനങ്ങൾ വാങ്ങി ബിൽ അടച്ച് ഈ സമയത്തിനു മുമ്പ് പുറത്തുകടക്കാൻ സാധിക്കുമെങ്കിലേ വാങ്ങാൻ അനുവദിക്കൂ. ഉപയോക്താക്കൾ എത്രപേരായാലും എത്ര വലിയ കച്ചവടമാണ് നടക്കേണ്ടതെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ല. കട അടക്കാൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴും അവർ പ്രവേശനം അനുവദിച്ചില്ല. ചില വഴിയോര കടകളിൽ മാത്രമാണ് സമയം പ്രശ്നമല്ലാതിരുന്നത്.
യൂറോപ്പിലെങ്ങും നദികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ ഉയർത്താവുന്നതരത്തിലാണ് മിക്കവാറും പാലങ്ങൾ നിർമിച്ചിരിക്കുന്നത്. അതുപോലെ ഓസ്ട്രിയ-ഇറ്റലി റൂട്ടിൽ കുന്നുകൾ ഇടിച്ചു നിരത്താതെ തുരങ്കങ്ങളിലൂടെയാണ് റോഡുകൾ നിർമിച്ചിരിക്കുന്നത്. ഭൂപ്രകൃതിക്കു ദൂഷ്യം സംഭവിക്കാതെയും പ്രകൃതിഭംഗി നഷ്ടപ്പെടാതെയുമാണ് ഓരോ നിർമാണവും. നമ്മുടെ രാഷ്ട്രീയക്കാരുടെ സങ്കൽപങ്ങൾക്കു നേർവിപരീതം. വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതിൽ ഇറ്റലിയിൽ മാത്രമാണ് അവിടവിടെയെങ്കിലും റോഡരികിൽ ചില രാഷ്ട്രീയ പോസ്റ്ററുകളും ചുവരെഴുത്തും കണ്ടത്.
ൈഡ്രവർമാരുടെ കാഴ്ച മറയ്ക്കുംവിധം ബോർഡും ആർച്ചുമൊന്നും റോഡരികിൽപോലും അനുവദിക്കില്ല. സൈക്കിൾ യാത്രികരോട് പ്രത്യേകം കരുതൽ. അത്യാവശ്യ ഘട്ടങ്ങളിൽ റോഡ് േക്രാസ് ചെയ്യാൻ ട്രാഫിക് സിഗ്നൽ നിയന്ത്രിക്കാനുള്ള സ്വിച്ചുകൾ കൈയെത്തും ഉയരത്തിൽ ജങ്ഷനുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഈ സംവിധാനം മുമ്പ് ഇന്തോനേഷ്യയിലും കണ്ടിരുന്നു. ഇതിനൊക്കെയാണ് കാലത്തിനൊത്ത മാറ്റമെന്നു പറയുന്നത്. നമ്മൾ താൽക്കാലിക ലാഭവും കമീഷനുമൊക്കെ നോക്കി വികസനത്തിനു ശ്രമിക്കുന്നു. എത്രയോ വർഷങ്ങൾ മുന്നിലേക്കു നോക്കിയാണ് പാശ്ചാത്യർ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ട്രാഫിക് തെറ്റിച്ചാൽ എത്ര ഉന്നതനായാലും പിഴയടക്കണം. നാൽപതു വാഹനങ്ങളുടെ അകമ്പടിയോടെ പായുന്ന സംസ്ഥാന ഭരണകർത്താക്കളിൽനിന്ന് സൈക്കിളിലും െട്രയിനിലുമൊക്കെ സാധാരണക്കാരെപ്പോലെ സഞ്ചരിക്കുന്ന പ്രധാനമന്ത്രിമാരിലേക്കും കേന്ദ്രമന്ത്രിമാരിലേക്കും ദൂരം എത്രബാക്കി. ഇതെല്ലാം അനുഭവിച്ചറിയുന്നവർ നാട്ടിലേക്കു മടങ്ങുന്നില്ല. കേട്ടറിയുന്നവർ വിദേശത്തേക്കു പോകാനും വെമ്പുന്നു. നാട്ടിലൊരു മാറ്റത്തിനായി ഇനി എത്രനാൾ കാത്തിരിക്കണം.
പാശ്ചാത്യരുടെ പുരോഗതി പറയുമ്പോഴും മലയാളികളുടെ മനസ്സിലെ സൗഹൃദം വേറിട്ടതാണ് എന്ന് ഓർക്കാതിരിക്കാനാവുന്നില്ല. മടക്കയാത്രക്കായി മിലാനിൽ എത്തിയപ്പോൾ ഡോ. റാണി മാത്രം മറ്റൊരു ഗേറ്റിലേക്കു മാറി. അനുജത്തിക്കൊപ്പം ഒരു മാസം ചെലവിടാൻ ലണ്ടനിലേക്കു മടങ്ങുകയാണു റാണി. റാണിയെ യാത്രയാക്കുമ്പോൾ ടെസിക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ല. രണ്ടാഴ്ച അവർ ഹോട്ടൽമുറി പങ്കിട്ടതുകൊണ്ടാകാം എന്നു കരുതി. അൽപം കഴിഞ്ഞപ്പോൾ സുജക്ക് ഒരിക്കൽകൂടി റാണിയെ കാണണം. പിന്നാലെ മറ്റു വനിതകളും ലണ്ടൻ വിമാനത്തിനുള്ള ഗേറ്റിനു സമീപമെത്തുന്നു. അവരെല്ലാം ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതാണ് കേരളം; അതാണ് മതേതര ഇന്ത്യ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.