ഫാത്തിമയെ തേടി, നഷ്ടപ്പെട്ട വിലാസം തേടി ഗാദ കാര്‍മിയുടെ യാത്രകള്‍

ഫലസ്‌തീനികളുടെ യാത്രകളില്‍ അവര്‍ നഷ്ടപ്പെട്ട വിലാസം തേടുന്നു, അല്ലെങ്കില്‍ വിലാസം നഷ്ടപ്പെട്ടവരെ തേടുന്നു. മലയാളിക്ക് തീര്‍ത്തും അപരിചിതമായ ഒരു യാത്രാവഴിയാണത്’’ -മുതിർന്ന മാധ്യമപ്രവർത്തകനും യാത്രാസാഹിത്യകാരനുമായ ലേഖകൻ ജീവിതംതന്നെ യാത്രയായി മാറുന്ന അനുഭവങ്ങളെക്കുറിച്ച്​ എഴുതുന്നു. ഒരു ഫലസ്തീനിയുടെ യാത്രയുടെ ഉള്ളടക്കം/ ഉള്ളുരുക്കം എന്താണ്? ഫലസ്തീന്‍ ഓർമക്കുറിപ്പുകള്‍, ആത്മകഥകള്‍ എന്നിവ വായിക്കുമ്പോള്‍ നമുക്ക്‌ സമാനതകളില്ലാത്ത യാത്രാനുഭവങ്ങള്‍, അതിന്‍റെ ആഴത്തിലുള്ള പൊള്ളല്‍ എന്നിവ നിര്‍ബന്ധമായും അനുഭവിക്കേണ്ടി വരും. ഫലസ്തീനി എഴുത്തുകാരി ഗാദ കാര്‍മിയുടെ ‘ഫാത്തിമയെ തേടി’ (In Search of Fatima, a...

ഫലസ്‌തീനികളുടെ യാത്രകളില്‍ അവര്‍ നഷ്ടപ്പെട്ട വിലാസം തേടുന്നു, അല്ലെങ്കില്‍ വിലാസം നഷ്ടപ്പെട്ടവരെ തേടുന്നു. മലയാളിക്ക് തീര്‍ത്തും അപരിചിതമായ ഒരു യാത്രാവഴിയാണത്’’ -മുതിർന്ന മാധ്യമപ്രവർത്തകനും യാത്രാസാഹിത്യകാരനുമായ ലേഖകൻ ജീവിതംതന്നെ യാത്രയായി മാറുന്ന അനുഭവങ്ങളെക്കുറിച്ച്​ എഴുതുന്നു. 

ഒരു ഫലസ്തീനിയുടെ യാത്രയുടെ ഉള്ളടക്കം/ ഉള്ളുരുക്കം എന്താണ്? ഫലസ്തീന്‍ ഓർമക്കുറിപ്പുകള്‍, ആത്മകഥകള്‍ എന്നിവ വായിക്കുമ്പോള്‍ നമുക്ക്‌ സമാനതകളില്ലാത്ത യാത്രാനുഭവങ്ങള്‍, അതിന്‍റെ ആഴത്തിലുള്ള പൊള്ളല്‍ എന്നിവ നിര്‍ബന്ധമായും അനുഭവിക്കേണ്ടി വരും. ഫലസ്തീനി എഴുത്തുകാരി ഗാദ കാര്‍മിയുടെ ‘ഫാത്തിമയെ തേടി’ (In Search of Fatima, a Palestinian Story) എന്ന ആത്മകഥ ഒരു പ്രവാസിയാക്കപ്പെട്ട ഫലസ്തീന്‍ സ്ത്രീയുടെ പല കാലത്തുള്ള ഫലസ്തീന്‍ യാത്രകളുടെ രേഖയാണ്. മലയാളി പൊതുവില്‍ വായിച്ചാസ്വദിക്കുന്ന (ജനാധിപത്യ രാജ്യങ്ങളെക്കാള്‍ ഗംഭീരമായ ഏകാധിപത്യ രാജ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌ എന്നു പറയുന്ന യാത്രികനാണല്ലോ മലയാളിയുടെ സഞ്ചാരദൈവം) സഞ്ചാര സാഹിത്യത്തില്‍നിന്നും തീര്‍ത്തും വിഭിന്നമാണ് ഗാദയുടെ ഫാത്തിമയെത്തേടിയുള്ള, തന്നെത്തന്നെ തേടിയുള്ള യാത്രകള്‍.

സ്വന്തം നാട്ടില്‍നിന്നും ഭ്രഷ്ട്‌ കൽപിക്കപ്പെട്ട, പിന്നീട് യു.കെ പാസ്‌പോര്‍ട്ടില്‍ ടൂറിസ്‌റ്റ്‌ വിസ സമ്പാദിച്ച്‌ തന്‍റെ നാട്‌ കാണാന്‍ എത്തുന്ന, ഫാത്തിമയെ തേടുന്ന ഗാദയുടെ യാത്രകളാണ് അതിഗംഭീരമായ ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. അത്‌ പക്ഷേ, ഒരു വ്യക്തിയുടെ മാത്രം കഥയല്ല, ലക്ഷക്കണക്കിന് ഫലസ്‌തീനികളുടെ ജീവിതകഥയാണ്, അതിനാല്‍തന്നെ ഫലസ്തീന്‍ ചരിത്രത്തിലേക്കുള്ള തുറവിയുമാണ്. ഗാദ തന്‍റെ പുസ്‌തകം ഇങ്ങനെ ആരംഭിക്കുന്നു: ഏപ്രില്‍ 1948. വീടിനെ കുലുക്കുന്ന ഒരു സ്ഫോടനം കേട്ടു.

ബോംബ്‌, മോര്‍ട്ടാര്‍, അതോ ഒരു ആയുധ സംഭരണി മൊത്തത്തില്‍ പൊട്ടിത്തെറിച്ചതോ? ആ ചെറിയ പെണ്‍കുട്ടിയുടെ തലക്കുള്ളില്‍ ആ സ്ഫോടനശബ്ദത്തിന്‍റെ ഭീകരത അലയടിച്ചു. അവള്‍ വിരലുകള്‍ ചെവിയില്‍ തിരുകി. തണുത്ത തറയില്‍ മുട്ടുകുത്തിയിരുന്നു. സ്ഫോടനമുണ്ടായാല്‍ അങ്ങനെ ചെയ്യണമെന്നാണ് മുതിര്‍ന്നവര്‍ കുട്ടികളെ പഠിപ്പിച്ചിരുന്നത്). തന്‍റെ വീടിന്‍റെ എതിര്‍വശത്തുള്ള ആളൊഴിഞ്ഞ വീട്‌ സ്ഫോടനത്തില്‍ കിടുകിടുക്കുന്നത് അവള്‍ കണ്ടു.

വേഗം, വേഗം എന്നൊരു ശബ്‌ദമുയര്‍ന്നു. വീടിന്‍റെ മുറ്റത്ത്‌ ഒരു ടാക്സി വന്നുനിന്നു. ഈ വീട്ടില്‍നിന്നും എവിടെയും പോകാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ല. ഫാത്തിമയെയും റെക്‌സിനെയും വിട്ട്‌ എങ്ങും പോകുന്നത് അവള്‍ക്കിഷ്ടമായിരുന്നില്ല. പക്ഷേ, തന്‍റെ കുടുംബത്തിനൊപ്പം അവളുടെ (ഗാദയുടെ) യാത്രകള്‍ പക്ഷേ, അവിടെ വെച്ച്‌ ആരംഭിക്കുകയായിരുന്നു. ഗാദയുടെ കുടുംബത്തിന്‍റെ നാടുവിട്ടുള്ള പലായനയാത്ര സിറിയയില്‍, ഡമസ്‌കസിലാണെത്തുന്നത് (അന്ന്‌ സിറിയ സുരക്ഷിതമായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ലോകത്ത്‌ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുണ്ടായ നാടാണ് ഇന്നത്തെ സിറിയ).

 

1948ലെ ഫലസ്തീന്‍ അഭയാര്‍ഥി പ്രവാഹം

1949ല്‍ ഗാദക്ക്‌ ഒമ്പത്‌ വയസ്സുള്ളപ്പോള്‍ കുടുംബം ലണ്ടനിലെത്തി. ഒമ്പത്‌ വയസ്സിനിടയില്‍ അഭയാര്‍ഥിയും വിപ്രവാസിയുമായിത്തീര്‍ന്ന ഗാദ കര്‍മിയുടെ ജീവിതകഥ -ഫലസ്തീനികളുടെ ജീവിതയാത്രകളുടെ നേരാഖ്യാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഫലസ്തീനിക്ക്‌ തന്‍റെ യാത്രകള്‍ ഒരിക്കലും വിനോദയാത്രകളല്ല. 1999ല്‍, ഇസ്രായേല്‍ അധിനിവേശത്തിന്‌ 50 വയസ്സാകുമ്പോഴാണ്‌ ഗാദ പുസ്‌തകം എഴുതി പൂര്‍ത്തിയാക്കുന്നത്. 2002ല്‍ ആദ്യ പതിപ്പ്‌ പുറത്തുവന്നു. പിന്നീട് നിരവധി പതിപ്പുകളും. നഷ്ടപ്പെടലുകളുടെയും തിരിച്ചുപിടിക്കലുകളുടെയും കഥയാണ് ഗാദ ആത്മകഥയിലൂടെ പങ്കുവെക്കുന്നത്.

ഗാദയുടെ യാത്രയെ ഇങ്ങനെ സംക്ഷിപ്തമാക്കാം: ഗ്രന്ഥകാരിയുടെ പിതാവ് ഹസന്‍ കാര്‍മി (നിരവധി അറബ്-ഇംഗ്ലീഷ് നിഘണ്ടുക്കളുടെ കര്‍ത്താവ്, ബി.ബി.സി അറബി വിഭാഗത്തിലെ ജീവനക്കാരന്‍) കുടുംബവുമൊത്ത്‌ ലണ്ടനില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നു. ഫലസ്തീനില്‍ ജറൂസലമിനടുത്തുള്ള ക്വത്തമോണിലെ വീടും അവിടെയുണ്ടായിരുന്ന ജീവിതവും ആ കുടുംബത്തെ എല്ലായ്‌പോഴും പിന്തുടരുന്നുണ്ടായിരുന്നു. പക്ഷേ, ഏതൊരു ഫലസ്തീന്‍ അഭയാര്‍ഥിയെപ്പോലെയും ആ അവസ്ഥയുമായി അവര്‍ക്ക്‌ സമരസപ്പെടേണ്ടിവന്നു. ഗാദ പക്ഷേ, തന്‍റെ ഫലസ്തീന്‍ സ്വത്വം ഏറക്കുറെ മറന്നുതുടങ്ങി. സായിപ്പിനെപ്പോലെ ഇംഗ്ലീഷ് പഠിച്ചു. ഒരു സായിപ്പിനെ പ്രേമിച്ചു. വിവാഹം കഴിച്ചു. കുറച്ചു നാളുകള്‍കൊണ്ട് പിരിഞ്ഞു. 1991ല്‍ ജീവിതം വലിയ ശൂന്യത നേരിട്ടുകൊണ്ടിരിക്കെ ഗാദ ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു. പഴയ വീട്‌ കാണാനും ആ വീട്ടില്‍ വേലക്കാരിയായി തന്‍റെ കുട്ടിക്കാലത്തെ ഏറ്റവും സജീവ സാന്നിധ്യമായിരുന്ന ഫാത്തിമയെക്കാണാനും അവര്‍ യാത്ര പുറപ്പെടുന്നു.

ജന്മനാട്ടിലേക്ക്‌ മറ്റൊരു രാജ്യത്തിന്‍റെ പൗരത്വവും പാസ്‌പോര്‍ട്ടുമായി അതില്‍ ഇസ്രായേലിന്‍റെ ടൂറിസ്റ്റ് വിസയും പതിപ്പിച്ച്‌ തന്‍റെ ജീവിതത്തെ തന്നെ പില്‍ക്കാലത്ത്‌ നിർണയിക്കുകയും നിർവചിക്കുകയും ചെയ്‌ത യാത്ര നടത്തുകയാണ് അവര്‍. യാത്ര എളുപ്പമായിരുന്നില്ല. യു.കെ പാസ്‌പോര്‍ട്ടാണെങ്കിലും അറബ് വേരുകള്‍ അവരെ ഇസ്രായേല്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തി. തന്‍റെ കൂടെ വിമാനത്തില്‍ വന്നവരെല്ലാം ഒരു പ്രശ്‌നവുമില്ലാതെ കടന്നുപോയി. ഇസ്രായേലില്‍ വരും മുമ്പ്‌ ഗാദ ഇറാഖ് കൂടി സന്ദര്‍ശിച്ചിരുന്നു. പാസ്പോര്‍ട്ടിലെ ഇറാഖ് എമിഗ്രേഷന്‍ സീലാണ് അവരെ കുടുക്കിയത്‌. ഏതായാലും അഞ്ചു മണിക്കൂര്‍ കഴിഞ്ഞ്‌ അവര്‍ പുറത്തിറങ്ങി. ഫാത്തിമയെ അന്വേഷിക്കാന്‍ തുടങ്ങി.

കുട്ടിക്കാലത്തെ ഓർമയെ പിന്തുടര്‍ന്നാണ് അവര്‍ തന്‍റെ വീടന്വേഷിച്ചുപോകുന്നത്. വീടു നിന്നിരുന്ന തെരുവില്‍ ഒരു പുതിയ ഹോട്ടല്‍ വന്നിട്ടുണ്ടെന്ന അറിവ് ലാൻഡ്മാര്‍ക്കാക്കി അലഞ്ഞ്‌ ഗാദ ഒരു വീടിനു മുന്നിലെത്തി. അത്‌ തങ്ങളുടെ വീട്‌ തന്നെയായിരുന്നുവോ എന്നുറപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ആ വീട്ടില്‍ ഇപ്പോള്‍ ഒരു ജൂത കുടുംബം താമസിക്കുന്നു എന്നുമാത്രമാണ് ഗാദക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. സത്യത്തില്‍ താന്‍ തന്നെ തന്നെയാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത്, ഓരോ വിപ്രവാസി ഫലസ്തീനിയും ഇങ്ങനെത്തന്നെ ചെയ്യുന്നു, അവരുടെ യാത്രകളുടെ ലക്ഷ്യവും ഉള്ളടക്കവും തങ്ങളുടെ യഥാര്‍ഥ വീട് കണ്ടെത്തുക എന്നുള്ളതാണ് –ഗാദ അലച്ചിലിന്‍റെ ആദ്യ ദിവസങ്ങളില്‍തന്നെ ഇക്കാര്യം ആഴത്തില്‍ മനസ്സിലാക്കുന്നുണ്ട്‌.

 

ഗാദ കാര്‍മിയുടെ കുട്ടിക്കാലത്തെ കുടുംബ ഫോട്ടോ. പിതാവ് ഹസന്‍ കാര്‍മിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഗാദ (വലത്ത്)

വീടന്വേഷിച്ചു വരുന്ന മിക്ക ഫലസ്തീനികള്‍ക്കും ഇതായിരുന്നോ ഞങ്ങളുടെ വീട്‌ എന്ന സംശയം ബാക്കിയാകും; അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഇപ്പോള്‍ പാർക്കുന്നവര്‍ ആ വീട്ടിലേക്ക്‌ കയറ്റുകയില്ല, പൊലീസിനെ വിളിക്കും. തെരുവില്‍ പച്ചക്കറി വില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഫാത്തിമയെക്കണ്ടതായി ഒരാള്‍ നല്‍കുന്ന വിവരത്തെ പിന്തുടര്‍ന്ന്‌ അത്തരം തെരുവുകളിലെല്ലാം അവള്‍ അലഞ്ഞു. പക്ഷേ, കണ്ടെത്തിയില്ല. ചില ദിവസങ്ങള്‍ കൂടി അവിടെ തങ്ങി അലച്ചിലും തിരച്ചിലും തുടര്‍ന്നെങ്കിലും ഫാത്തിമയെ കാണാന്‍ കഴിയാതെ ഗാദ മടങ്ങുന്നു. നിരാശയോടെ മടങ്ങുമ്പോഴും താന്‍ അന്തിമമായി ഒരു ഫലസ്തീനിയാണെന്ന തിരിച്ചറിവില്‍ അവര്‍ എത്തിച്ചേരുന്നു. ഗാദയുടെ ആദ്യ ഫലസ്‌തീന്‍ യാത്ര തന്‍റെ വേരുകളിലേക്കുതന്നെ മടങ്ങണമെന്ന തീവ്ര അഭിലാഷം ജനിപ്പിക്കുകയുമാണ്.

കുട്ടിക്കാലത്ത്‌ തങ്ങളുടെ അയല്‍വാസികളായി എത്തിച്ചേര്‍ന്ന ജൂത കുടുംബങ്ങളുമായി ഗാദയുടെ കുടുംബത്തിന്‌ അടുപ്പമുണ്ടായിരുന്നു. അവരില്‍ പലരും സയണിസത്തെ അംഗീകരിച്ചിരുന്നുവെങ്കിലും സയണിസ്റ്റ് മിലിഷ്യകളെ ഭയപ്പെടുകയും വെറുക്കുകയും ചെയ്‌തിരുന്നതായി ഓർമപ്പുസ്‌തകത്തില്‍ കാണാം. ലണ്ടനില്‍ ജൂതകേന്ദ്രങ്ങളിലൊന്നായ ഗോള്‍ഡേഴ്‌സ്‌ ഗ്രീനിലായിരുന്നു. ഗാദയുടെ പിതാവ് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി.

എന്നാല്‍, മാതാവ് കുട്ടികളുടെ പഠനവും മറ്റും പൂര്‍ത്തിയാക്കി തങ്ങള്‍ക്ക്‌ അറബ്‌ ലോകത്തേക്ക്‌ മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കി. പക്ഷേ, ഗാദ മുതിര്‍ന്നുകൊണ്ടേയിരിക്കെ ഇനി ഫലസ്തിനിലേക്ക്‌ ശാശ്വതമായ മടക്കയാത്ര സാധ്യമല്ലെന്ന് മനസ്സിലാക്കുന്നുമുണ്ട്‌. ഗാദ മെഡിക്കല്‍ കോളജില്‍ ചേരുകയും ഡോക്ടറാവുകയും ചെയ്യുന്നു. മെഡിക്കല്‍ പഠന കാലത്താണ് പ്രണയവും തുടര്‍ന്ന്‌ വിവാഹവും പിരിയലും ഉണ്ടാകുന്നത്. പക്ഷേ, അവരുടെ പിരിയലിന് യഥാര്‍ഥത്തില്‍ രാഷ്ട്രീയമായ കാരണമുണ്ടെന്ന്‌ പിന്നീട് ഗാദ തിരിച്ചറിയുന്നുണ്ട്‌. 1967ല്‍ ഇസ്രായേല്‍-അറബ്‌ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കുന്നു. ഗാദയുടെ ഭര്‍ത്താവ് ഇസ്രായേലിനൊപ്പമായിരുന്നു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് ദാമ്പത്യം ഉപേക്ഷിക്കപ്പെടുന്നതിലേക്ക്‌ നയിക്കുന്നത്.

പിന്നീട് 1972ല്‍ ഗാദ ലണ്ടനില്‍ ഫലസ്‌തീന്‍ ആക്ഷന്‍ എന്ന സംഘടനയുണ്ടാക്കി. ലണ്ടനിലെ ഫലസ്‌തീനി ഡയസ്‌പോറയാണ് പ്രധാനമായും ഫലസ്തീന്‍ ആക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 1977ല്‍ പി.എല്‍.ഒക്ക്‌ യു.എന്‍ അംഗത്വം ലഭിച്ചതോടെ ഫലസ്തീന്‍ ആക്ഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മരവിക്കുന്നു. (യു.എന്‍ അംഗത്വമായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം). 1977ല്‍ ഗാദ ലബനാനിലേക്ക്‌ പോകുന്നു. അവിടെ യാസര്‍ അറഫാത്തിനെയും നിരവധി ഫലസ്തീന്‍ പോരാളികളെയും കണ്ടുമുട്ടുന്നു. ഒടുവില്‍ സിഡോണിലെ ഐനുല്‍ ഹില്‍വേയില്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയാണ്. അഭയാര്‍ഥി ക്യാമ്പിലെ രോഗികളുമായുള്ള അവരുടെ സംസാരങ്ങളെല്ലാം ഫലസ്‌തീനികളുടെ അഭയാര്‍ഥി-പ്രവാസ യാത്രകളെക്കുറിച്ചായിരുന്നു.

യാത്ര എന്ന പൊതുവിലുള്ള സങ്കൽപത്തെ മുഴുവനായും അട്ടിമറിക്കുന്ന നേര്‍കഥകള്‍ അവിടെനിന്നും എല്ലാ നിമിഷവും കേട്ടുകൊണ്ടിരുന്നു. പുസ്‌തകത്തില്‍ അത്തരം സ്‌പന്ദിക്കുന്ന വിവരണങ്ങള്‍ കാണാം. എന്നാല്‍, ലണ്ടനില്‍ ഗാദയെ വിദേശിയായി കണ്ടിരുന്നതുപോലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പിലും അവരെ വിദേശിയായിത്തന്നെ കണ്ടു. തന്‍റെ സ്വത്വം എവിടെ എന്ന അന്വേഷണത്തിലേക്ക്‌ അവരെ നയിക്കുന്നതും ഈ അപരത്വമാണ്. അങ്ങനെയാണ് 91ല്‍ ഗാദ ഫലസ്തീനിലേക്ക്‌ യാത്രചെയ്യുന്നത്. സത്യത്തില്‍ ഫലസ്തീനിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കിയാണ്‌ ആ യാത്ര. 1948ല്‍ ഇസ്രായേല്‍ കീഴടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളിലാണ് അവര്‍ കൂടുതലും സമയം ചെലവിടുന്നത്. ഇസ്രായേലിനുള്ളില്‍തന്നെ തുടരുന്ന നിരവധി ഫലസ്തീനികളെ ആ ദിനങ്ങളിലെ യാത്രകളില്‍ ഗാദ കാണുന്നുണ്ട്‌.

ജറൂസലമില്‍ അവര്‍ മസ്‌ജിദുല്‍ അഖ്സ സന്ദര്‍ശിക്കുന്നു. ആ സന്ദര്‍ശനത്തെക്കുറിച്ച് ഗാദ എഴുതി: ‘‘അഖ്‌സയുടെ സുവര്‍ണ താഴികക്കുടത്തിലേക്ക് നോക്കുമ്പോള്‍, അതിന്‍റെ ഉറച്ചതും മാറ്റമില്ലാത്തതുമായ സൗന്ദര്യത്തില്‍ എനിക്ക് അനിര്‍വചനീയമായ സന്തോഷവും അഭിമാനവും തോന്നി. ഈ നഗരവും ഈ രാജ്യവും തങ്ങളുടേതായി അവകാശവാദമുന്നയിച്ചവര്‍ ഇതിനോട് താരതമ്യപ്പെടുത്താവുന്ന എന്താണ് ഉണ്ടാക്കിയത്? മസ്ജിദുല്‍ അഖ്സക്കും തന്‍റെ പഴയ വീടിനും ഫാത്തിമക്കും ഇടയിലുള്ള പാതയിലൂടെയാണ് ഗാദ കാര്‍മി ഫലസ്‌തീനില്‍ നിരന്തരം യാത്ര ചെയ്‌തുകൊണ്ടിരുന്നത്. ഫലസ്തീനികളുടെ യാത്രകളുടെ ട്രജക്‌ടറി ഗാദയുടെ വാക്കുകളിലൂടെ തെളിയുന്നു. ഈ മൂന്നും കേന്ദ്രീകരിക്കുമ്പോള്‍ താന്‍ സ്വന്തമായി തനിക്കുവേണ്ടിയുള്ള ലോക ഭൂപടം വരക്കുകയാണെന്നും അവര്‍ മനസ്സിലാക്കുന്നുണ്ട്‌.

 

മുരീദ് ബര്‍ഗൂസി

തങ്ങളുടെ തറവാട് വീട്‌ അന്വേഷിച്ച്‌ നടക്കുമ്പോള്‍ 1948ന് മുമ്പ് അവിടെ താമസിച്ചിരുന്ന ഒരാളെ യാദൃച്ഛികമായി കണ്ടുമുട്ടുകയാണ്. അയാള്‍ സെമിറാമിസ് ഹോട്ടലിനടുത്തായിരുന്നു നിങ്ങളുടെ വീട് എന്ന വിവരവും കൊടുത്തു. പക്ഷേ, അവിടം ബോംബിങ്ങില്‍ നശിച്ചിരുന്നു. ഖത്തേമോണിലെ തങ്ങളുടെ തറവാട് വീടും മറ്റു പല കെട്ടിടങ്ങള്‍ക്കുമൊപ്പം ബോംബിങ്ങില്‍ ഇല്ലാതായി എന്നാണ്‌ ഗാദക്ക് കിട്ടുന്ന വിവരം. 1998ല്‍ കുറെക്കൂടി വിവരങ്ങളുള്ള ഭൂപടവുമായി എത്തി ഒടുവില്‍ തന്‍റെ വീട്‌ ഗാദ കണ്ടെത്തുന്നിടത്ത്, പുസ്തകം ഒരാള്‍ തന്‍റെ സ്വത്വത്തിനടുത്ത്‌ എത്തുന്നതിന്‍റെ ആഹ്ലാദം പങ്കുവെക്കുന്നു. ആ വീടിനകത്ത് അവര്‍ കയറുന്നുണ്ട്‌. പക്ഷേ, ഫാത്തിമയെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കുന്നില്ല. അവരെക്കുറിച്ച് അറിയണമെന്ന നിര്‍ബന്ധം ഗാദയെ ഫലസ്‌തീനിലേക്ക്‌ തന്നെ യാത്രചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു.

2005ല്‍ യു.എന്‍ വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച്‌ അവര്‍ വീണ്ടും ഫലസ്‌തീനിലെത്തി. അതിന്‍റെ അനുഭവങ്ങള്‍ പകര്‍ത്തിയ ആത്മകഥയുടെ രണ്ടാം ഭാഗം ‘റിട്ടേണ്‍: എ ഫലസ്‌തീനിയന്‍ മെമ്മയര്‍’ എഴുതി. അതെഴുതുമ്പോള്‍ അവര്‍ മരിച്ച ഫാത്തിമയെ വീണ്ടും ‘കണ്ടുമുട്ടി’. അല്‍ മലീഹയില്‍നിന്ന് ഫാത്തിമ ബെത്‌ലഹേമിലേക്ക്‌ പലായനം ചെയ്‌തിരുന്നു. അവിടെ അവര്‍ മരിച്ചു. ഈ വിവരങ്ങള്‍ പങ്കുവെക്കുന്നത് ഫാത്തിമയെ അന്വേഷിച്ചുനടക്കുന്നതിനിടെ കണ്ടുമുട്ടിയ അവരുടെ പേരക്കുട്ടിയാണ്.

ഗാദ കാര്‍മി ഫാത്തിമയെ തേടിയുള്ള യാത്രയുടെ അവസാനത്തില്‍ പേരക്കുട്ടിയോട്‌ ചോദിച്ചു, ഞങ്ങളെക്കുറിച്ച്‌ നിന്‍റെ മുത്തശ്ശി സംസാരിക്കാറുണ്ടായിരുന്നോ? അയാള്‍ പ്രതികരിച്ചു: നിങ്ങളെക്കുറിച്ച്‌ മാത്രമാണ് ഞങ്ങളുടെ വല്ല്യുമ്മ ഫാത്തിമ സംസാരിച്ചിരുന്നത്. ഒടുവില്‍ ഒരു റേഡിയോ വാങ്ങിച്ചു. എന്നിട്ട്‌ ബി.ബി.സി റേഡിയോവിലെ അറബിക് വിഭാഗത്തില്‍ നിങ്ങളുടെ പിതാവ് ഹസന്‍ കാര്‍മിയുടെ അറബി കവിതകളുടെ ആലാപനവും പഴഞ്ചൊല്ലുകളും കേള്‍ക്കും. നിങ്ങളുടെ കുടുംബത്തിനൊപ്പം കഴിയുകയാണെന്ന്‌ ഹസന്‍ കാര്‍മിയുടെ ലണ്ടനില്‍നിന്നുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ വല്ല്യുമ്മ വിചാരിക്കും.

ലണ്ടനില്‍നിന്നും യാത്ര ചെയ്‌ത്‌ റേഡിയോവിലൂടെ നിങ്ങളുടെ പിതാവിന്‍റെ, അതായത്‌ നിങ്ങളുടെ കുടുംബത്തിന്‍റെ ശബ്ദം ബെത്ലഹേം വരെ എത്തുകയായിരുന്നു –പേരക്കുട്ടി പറഞ്ഞു. ശബ്ദത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യരുടെ ഓർമകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‌ പുസ്തകത്തിന്‍റെ ഈ ഭാഗം വ്യക്തമാക്കുന്നു. ഈ പരാമര്‍ശത്തോടെ ഗാദ കാര്‍മിയുടെ ആത്മകഥ/ ഓർമക്കുറിപ്പ്‌/ യാത്രാവിവരണം താല്‍ക്കാലികമായി അവസാനിക്കുകയാണ്.

നക്‌ബയെത്തുടര്‍ന്നുള്ള ആദ്യ തലമുറയെയാണ് ഗാദ കാര്‍മി പ്രതിനിധാനംചെയ്യുന്നത്. നക്‌ബയാണ് ഫലസ്തീനികളെ നിത്യ അഭയാര്‍ഥികളും പലായിതരും ഇരുണ്ട യാത്രാതുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കയും ചെയ്യേണ്ടിവന്നവരാക്കിയത്‌. അതുകൊണ്ടാണ് ഫലസ്തീനെ മഹ്‌മൂദ്‌ ദര്‍വീശ് പറുദീസാ നഷ്ടം എന്നു വിളിച്ചത്. ഞാന്‍ നിഴലുകളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു, വെളിച്ചത്തിലല്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ഫലസ്തീനികളുടെ യാത്രകള്‍ അതുകൊണ്ടുതന്നെ നിഴല്‍യാത്രകള്‍കൂടിയാണ്. അവരിലെ മനുഷ്യനെ ഇസ്രായേല്‍ ഊറ്റിക്കുടിച്ച്‌ തൊണ്ടാക്കി. ‘ഐ സോ റമല്ല’ എന്ന ആത്മകഥയില്‍ മുരീദ് ബര്‍ഗൂദി പ്രവാസി ഫലസ്തീനിയുടെ യാത്രകളുടെ യാഥാര്‍ഥ്യങ്ങള്‍, മാതൃരാജ്യം നഷ്ടപ്പെടുന്നവര്‍ തങ്ങളില്‍നിന്നുപോലും അന്യവത്കരിക്കപ്പെടുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നത് ഇവിടെ ഓര്‍ക്കാം.

ഇന്ന്‌ 33,000ത്തോളം ഫലസ്തീനികള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കോവിഡിനുശേഷം ലോകമെങ്ങും സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം സഞ്ചാരം അന്യമായ മനുഷ്യര്‍ യാത്രകളിലേക്ക്‌ എടുത്തെറിയപ്പെട്ടു. ‘പ്രതികാര ടൂറിസം’ എന്നാണ് ഇതിനെ വിളിക്കുന്നത്. പുറത്തിറങ്ങാന്‍ കഴിയാത്ത കാലത്തോടുള്ള പ്രതികാരം. അതാണ് മനുഷ്യന്‍ ഇന്ന്‌ പൊതുവായി ചെയ്യുന്നത്. അതേ കാലത്ത്‌ ഫലസ്തീനികള്‍ കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ അവരുടെ യാത്രകളുടെ ചരിത്രം എന്താണെന്നുകൂടി നോക്കാന്‍ നമുക്ക്‌ ബാധ്യതയുണ്ട്‌. മനുഷ്യരുടെ ജീവിതവും യാത്രാ സങ്കൽപങ്ങളും എന്തുമാത്രം വിഭിന്നമാണെന്ന്‌ ഫലസ്തീന്‍ ആത്മകഥാ കുറിപ്പുകള്‍ നമ്മെ ഓർമിപ്പിക്കുന്നു. യാത്രചെയ്യുമ്പോഴും യാത്രകളെക്കുറിച്ചെഴുതുമ്പോഴും ഫലസ്തീനികളുടെ യാത്രകള്‍ മറ്റൊരു മൂല്യത്തെക്കുറിച്ചാണ്‌, ജീവിത പോരാട്ടത്തെയാണ് ലോകത്തെ ഓർമിപ്പിക്കുന്നത്‌.

 

 മഹ്‌മൂദ് ദര്‍വീശ്

പ്രവാസി ഫലസ്തീന്‍ കവി നദാലി ഹന്ദല്‍ എഴുതി:

‘‘നഷ്ടപ്പെട്ട വിലാസം തേടുന്നതോ/ വിലാസം നഷ്ടപ്പെട്ടവരെ തേടുന്നതോ/ ആണ് ഞങ്ങള്‍ക്ക്‌ കവിത.’’

ഫലസ്‌തീനികളുടെ യാത്രകളില്‍ അവര്‍ നഷ്ടപ്പെട്ട വിലാസം തേടുന്നു, അല്ലെങ്കില്‍ വിലാസം നഷ്ടപ്പെട്ടവരെ തേടുന്നു. മലയാളിക്ക് തീര്‍ത്തും അപരിചിതമായ ഒരു യാത്രാവഴിയാണത്. മറ്റൊരു ഫലസതീന്‍ കവി മായ്‌ സായിഗ് ഒരു കവിതയില്‍ ഇങ്ങനെ എഴുതി:

‘‘ആകാശ മേലാപ്പ്‌ നോക്കി/ ഞാന്‍ യാത്രയാകട്ടെ/ തീരങ്ങള്‍ കടലുകളാകാനും/ കുതിരയെ പിടിച്ചുകെട്ടാനും/ആഗ്രഹിച്ചുകൊണ്ട്‌./ ഹൃദയം ആയിരം തവണ നടുങ്ങി/തിരമാലകള്‍ അതിനെ മൂടി./ ഇനി ഈന്തപ്പനക​ളെയും/നമ്മുടെ വീഥികളെയും/ ഞാനെന്‍റെ സ്യൂട്ട്‌കേസുകളില്‍/ഒതുക്കിവെക്കട്ടെ.’’

ഇങ്ങനെ മാതൃരാജ്യം ഞങ്ങള്‍ സ്യൂട്ട്‌കേസുകളില്‍ ഒതുക്കിവെച്ച്‌ അതുമെടുത്ത്‌ യാത്രചെയ്യുകയാണെന്ന്‌, രാജ്യത്തെ എവിടെയും വഹിച്ച്‌ നിത്യമായി സഞ്ചരിക്കുകയാണെന്ന്‌ പല ഫലസ്തീനി കവികളും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മഹ്‌മൂദ് ദര്‍വീശ് അത്‌ തിരുത്തി, ഇങ്ങനെ എഴുതി: ‘‘എന്‍റെ മാതൃരാജ്യം ഒരു സ്യൂട്ട്‌ കേസല്ല.’’

ഇതിനോടെല്ലാം കടുത്ത ഐറണിയോടെ സമീപകാലത്ത് മര്‍വാന്‍ മഖ്‌ഹൂല്‍ തന്‍റെ കവിതയില്‍ എഴുതി:

‘‘എനിക്ക്‌ അരാഷ്ട്രീയ കവിതകളെഴുതണം,/ അതിനായി പക്ഷികളുടെ കൂജനം കേള്‍ക്കണം/ പക്ഷിപ്പേച്ച്‌ കേള്‍ക്കണമെങ്കില്‍/ യുദ്ധവിമാനങ്ങള്‍ നിശ്ശബ്‌ദമാകണം.’’

യുദ്ധവിമാനങ്ങള്‍ പുതിയ പുതിയ അതിര്‍ത്തികള്‍ ഫലസ്തീനുമേല്‍ അടിച്ചേൽപിക്കുമ്പോള്‍ ഒരു കവിക്ക്‌ ഇങ്ങനെ മാത്രമേ എഴുതാനാകൂ. വിമാനങ്ങള്‍ യുദ്ധവിമാനങ്ങളാകുന്നതോടെ മനുഷ്യരുടെ യാത്രാമാധ്യമം എന്ന സ്ഥാനത്തുനിന്നും അതു മാറ്റപ്പെടുന്നു. യുദ്ധവിമാനങ്ങള്‍ക്കിടയിലും പക്ഷികള്‍ കരയുന്നുണ്ട്, അത് കേള്‍ക്കുന്ന നിത്യസഞ്ചാരിയാണ് ഫലസ്തീനികള്‍.

അവിടെനിന്നാണ് എങ്ങനെ തോൽപിക്കാന്‍ ശ്രമിച്ചിട്ടും പ്രതിരോധത്തിന്‍റെ കൊടിക്കൂറകള്‍ അവര്‍ ലോകമെങ്ങും കെട്ടുന്നത്. ആ നിലയില്‍ മറ്റു യാത്രക്കാരില്‍നിന്നും വ്യത്യസ്‌തരായി ലോകമെങ്ങും ഫലസ്തീന്‍ സമരത്തിന്‍റെ മുദ്രാവാക്യമുയര്‍ത്തുന്ന സഞ്ചാരികളാണവര്‍. പൊതുവില്‍ സഞ്ചാരത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചെഴുതുന്നവര്‍ക്ക് മനസ്സിലാകാത്ത ഭാഷയിലാണ് ഫലസ്തീന്‍ സഞ്ചാരികള്‍/ പോരാളികള്‍ തങ്ങളുടെ രക്തത്തില്‍ മുക്കിയെഴുതിയ ജീവിത യാത്രാവിവരണ സാഹിത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

മരിയ ഹോള്‍ട്ടിന്‍റെ ‘Stories of Identity and Resistance: Palestinian Women Outside the Homeland’ എന്ന പ്രബന്ധം ഇങ്ങനെയാണ് തുടങ്ങുന്നത്:

‘‘മനാല്‍ നാൽപത്തിയഞ്ചുകാരിയാണ്‌. അവള്‍ ​െബെറൂത്തിലെ ബുര്‍ജ്‌ അല്‍ ബരഞ്ചെനെഹ് അഭയാര്‍ഥി ക്യാമ്പിലാണ് താമസം. മനാലിന്‍റെ മാതാപിതാക്കള്‍ വടക്കന്‍ ഫലസ്‌തീനില്‍നിന്നുള്ളവരാണ്. പക്ഷേ, 48ലെ നക്‌ബയില്‍ അഭയാര്‍ഥികളായി പലായനം ചെയ്‌ത്‌ ഇതേ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയവരാണ്. മനാല്‍ ജനിച്ചത് ഈ ക്യാമ്പിലാണ്. അവള്‍ ജീവിതത്തില്‍ ഒരിക്കലും ഫലസ്തീന്‍ കണ്ടിട്ടില്ല. 2011ല്‍ ആണ്‌ ഞാനവരെ നേരില്‍ കാണുന്നത്‌. അവര്‍ എന്നോട്‌ പറഞ്ഞു. ഫലസ്തീന്‍ തനിക്ക്‌ എല്ലാമാണെന്ന്‌. സ്വാഭിമാനം, തീവ്രാഭിലാഷം, ഭാവിയുടെ പ്രതീക്ഷ– ഇതെല്ലാമാണ് മനാലിന് ഫലസ്തീന്‍. തനിക്കൊരിക്കലും ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമായിരിക്കില്ല എന്നവള്‍ കരുതുന്നു. പക്ഷേ, ഒരിക്കലും ഫലസ്തീന്‍ മറക്കാന്‍ കഴിയില്ല എന്ന ഉറപ്പവള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.’’

 

ഗസ്സാന്‍ കാനഫാനി,നദാലി ഹന്ദല്‍,മര്‍വാന്‍ മഖ്‌ഹൂല്‍

ഈ വാക്കുകളില്‍ നിത്യവും മാനസികമായി ഫലസ്തീനിലേക്ക്‌ യാത്രചെയ്യുന്ന ഒരു സഞ്ചാരിയെയാണ് കാണാന്‍ കഴിയുക. താന്‍ ഒരിക്കലും കാണാത്ത ഫലസ്തീന്‍ എന്ന മാതൃരാജ്യം, ഭൂപ്രദേശം അവിടേക്ക്‌ ഒരഭയാര്‍ഥിയുടെ നിത്യയാത്രയുടെ ചിത്രമാണ് മനാലില്‍നിന്നും ലോകം കേള്‍ക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ഫലസ്തീന്‍ സഞ്ചാരികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നു. അവര്‍ക്കെല്ലാം ദിവസവും ഫലസ്തീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ട്‌. ഫലസ്തീന്‍ മണ്ണ്‌ പിടിച്ചെടുക്കലും ജലക്കൊള്ളവരെയുള്ള കാര്യങ്ങളെക്കുറിച്ചും ഏതൊരു സഞ്ചാരിയെക്കാളും ഈ മാനസിക സഞ്ചാരികള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ഈ യാഥാര്‍ഥ്യം യാത്ര എന്ന സങ്കൽപത്തെ മാറ്റിമറിക്കുന്നു. ഇന്ന്‌ എളുപ്പത്തില്‍ പറയാവുന്ന വെർച്വല്‍ യാത്രകളുമായി ഫലസ്തീനികളുടെ രീതികള്‍ക്കും ബന്ധമൊന്നുമില്ല എന്നുകൂടി മനസ്സിലാകും.

അതുകൊണ്ടാണ് യാത്ര എന്ന സങ്കൽപത്തെ ഇവര്‍ ആകെ അട്ടിമറിക്കുന്നു എന്ന്‌ പറയുന്നത്‌. മാതൃരാജ്യത്തിന് പുറത്തു ജീവിക്കുന്ന ഫലസ്തീനികള്‍ പ്രവാസം/ ദേശീയത എന്നീ കാര്യങ്ങളെ മാനസിക നില എന്ന രീതിയിലാണ് കാണുന്നതെന്നും മരിയ ഹോള്‍ട്ട്‌ വ്യക്തമാക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ മാനസിക നിലയുടെ നിരവധി പാതകളിലൂടെ, ഹൈവേകളിലൂടെയാണ് അവരുടെ സഞ്ചാരങ്ങള്‍. ‘മറന്നുപോയതിനെക്കുറിച്ചുള്ള ഓർമകള്‍’ എന്ന ശീര്‍ഷകത്തില്‍ മഹ്‌മൂദ്‌ ദർവീശ്‌ എഴുതിയത് ഓര്‍ക്കുക. ഓര്‍മകളില്‍ മാത്രം നിലനില്‍ക്കുന്ന മാതൃരാജ്യത്തെക്കുറിച്ചാണ് ദര്‍വീശ് പറയുന്നത്. അദ്ദേഹത്തിന്‍റെ അഭിമുഖങ്ങളുടെ സമാഹാരമായ ‘ഫലസ്തീന്‍ ആസ്‌ മെറ്റഫര്‍’ എന്ന പുസ്‌തകത്തിലും ഈ ആശയം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്‌.

 

ഫലസ്തീന്‍ അഭയാര്‍ഥികള്‍

ഗസ്സാന്‍ കാനഫാനിയുടെ കഥകളിലും നോവലുകളിലും ജീവിതയാത്രകള്‍ക്കിടയില്‍ ദാരുണമായി കൊല്ലപ്പെടുന്ന സാധാരണ ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടുന്നു. ‘രിജാലുല്‍ ഫിശ്ശംസ്’ (Men in the Sun) ‘സൂര്യതാപത്തില്‍’ എന്ന ശീര്‍ഷകത്തില്‍ ഈ നോവലിന്‍റെ മലയാള പരിഭാഷയുണ്ട്‌. വിവര്‍ത്തനം: അഷ്‌റഫ് കീഴുപറമ്പ്) എന്ന കാനഫാനിയുടെ നോവല്‍ രേഖകളൊന്നുമില്ലാതെ ഫലസ്തീനില്‍നിന്നും കുവൈത്തിലേക്ക്‌ വെള്ളടാങ്കറില്‍ കയറിപ്പോകുന്ന മൂന്ന്‌ ഫലസ്തീനി യുവാക്കളുടെ കഥപറയുന്നു.

അവര്‍ ടാങ്കറിനകത്ത്‌ ശ്വാസംമുട്ടി മരിക്കുകയാണ്. എന്തുകൊണ്ടവര്‍ ടാങ്കറിന്‍റെ ഭിത്തിയില്‍ ആഞ്ഞിടിച്ചില്ല, അവരെന്തേ ഒന്നുറക്കെ നിലവിളിക്കാതിരുന്നത് എന്ന ചോദ്യം നോവലില്‍ മുഴങ്ങുന്നു. നക്‌ബക്കുശേഷം ഫലസ്തീനികള്‍ എങ്ങനെയെല്ലാം യാത്ര ചെയ്‌തു എന്നതിലേക്ക്‌ വെളിച്ചം വീശുകയാണ് ഈ നോവല്‍. 48ല്‍ ആരംഭിച്ച അവരുടെ ദുരിത ജീവിതയാത്രകള്‍ ഇപ്പോഴും അതിനെക്കാള്‍ ഭീകരമായി എങ്ങനെ തുടരുന്നുവെന്ന്‌ ആലോചിക്കാന്‍ കാനഫാനിയുടെ രചനകള്‍ സഹായിക്കുന്നുണ്ട്‌. 1972ല്‍ മൊസാദിന്‍റെ ആക്രമണത്തിലാണ് ആ വലിയ എഴുത്തുകാരന്‍ കൊല്ലപ്പെടുന്നത്.

ഫലസ്തീനിയുടെ മറ്റൊരു യാത്രയുടെ കഥ റംസി ബാറൂദ് (രണ്ടാം ഇന്‍തിഫാദയുടെ ചരിത്രകാരന്‍) അദ്ദേഹത്തിന്‍റെ ആത്മകഥയായ ‘മൈ ഫാദര്‍ വാസ്‌ എ ഫ്രീഡം ഫൈറ്റര്‍: ഗസ്സാസ് അണ്‍ടോള്‍ഡ്‌ സ്റ്റോറി’ എന്ന പുസ്‌തകത്തില്‍ ഇങ്ങനെ വിശദമാക്കുന്നു:

‘‘പാസ്‌പോര്‍ട്ട്‌ ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ?’’

‘‘അത്‌ പോക്കറ്റിലുണ്ട്‌ ഉപ്പാ.’’

‘‘ഒരിക്കല്‍ കൂടി നോക്കൂ...’’

‘‘പോക്കറ്റില്‍ ഭദ്രമാണ്. നൂറു വട്ടം ഉറപ്പ്‌!’’

‘‘തമാശ പറയല്ലേ, പിരിമുറുക്കം കൂട്ടി എന്നെ കൊല്ലല്ലേ...’’

‘‘ഇതാ പാസ്‌പോര്‍ട്ട്‌. വിമാനത്താവളത്തിലേക്കുള്ള സൈന്യത്തിന്‍റെ പെര്‍മിറ്റും ഇതോടൊപ്പമുണ്ട്‌. ഗസ്സയില്‍ സഞ്ചരിക്കാനുള്ള പെര്‍മിറ്റിതാ. ഇറെറ്റ്‌സ്‌ ചെക്ക്‌പോയന്‍റിലൂടെ ഇസ്രായേലിലേക്ക് കടക്കാനുള്ള കാര്‍ഡും പോക്കറ്റിലുണ്ട്‌.’’

‘‘വിമാനം കാത്തിരിക്കാനുള്ള എട്ടു മണിക്കൂര്‍ പെര്‍മിറ്റെവിടെ?’’

‘‘അതുമുണ്ട്‌. ഇറെറ്റ്‌സ്‌ ചെക്ക്‌പോയന്‍റിലേക്കുള്ള കാര്‍ഡിന് സമാനമാണത്. ഉപ്പ ബേജാറാവേണ്ട. എല്ലാം ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്‌’’ (മലയാള പരിഭാഷ: പി.കെ. നിയാസ്/ ഗസ്സ, പറഞ്ഞുതീരാത്ത കഥകള്‍). ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന പിതാവ് അമേരിക്കയിലേക്ക്‌ യാത്ര പുറപ്പെടുന്ന ഗ്രന്ഥകാരനോട്‌ സംസാരിക്കുന്ന ഭാഗമാണിത്‌. ഒരു ഫലസ്തീനി എങ്ങനെയാണ് ഗസ്സയിലോ വെസ്റ്റ്ബാങ്കിലോ കഴിയുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വരികളിലൂടെ മാത്രം കടന്നുപോയാല്‍ മതി. കുറച്ചു കിലോമീറ്ററുകള്‍ കടന്നുപോകാന്‍ എത്ര പെര്‍മിറ്റുകള്‍ വേണമെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. പ്രതിദിനം അവര്‍ എത്ര ചെക്ക്‌ പോയന്‍റുകളില്‍ തടയപ്പെടുന്നു എന്നു മനസ്സിലാക്കാനും ഈ കുറഞ്ഞ വരികള്‍ നമ്മെ സഹായിക്കും.

 

അഭയാര്‍ഥി പ്രവാഹം, പ്രവാസ സമൂഹം, പലായിതര്‍– ഇങ്ങനെ ഫലസ്തീന്‍ സമൂഹം ഇല്ലാതാകുമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടിയത്. അതുകൊണ്ടാണ് പ്രഥമ ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്‍ ഇങ്ങനെ പറഞ്ഞത്: ഒരൊറ്റ അഭയാര്‍ഥിയും തിരിച്ചുവരില്ല. വയസ്സന്‍മാര്‍ മരിക്കും, ചെറുപ്പക്കാര്‍ മറക്കും: പക്ഷേ, മരണവും മറവിയും എല്ലാം അവസാനിപ്പിച്ചില്ല. ഓരോ ഫലസ്തീനി അഭയാര്‍ഥിയും തന്‍റെ നാടിനെ എങ്ങനെയാണ് ഓര്‍ത്തുകൊണ്ടിരുന്നത്, അവരുടെ മാനസിക സഞ്ചാരത്തിലെ ആദ്യത്തെയും അവസാനത്തെയും കടവ് എന്നും ഫലസ്തീന്‍തന്നെയായത്‌ എന്തുകൊണ്ട്‌? ഇസ്രായേലിന് മറുപടി കിട്ടാത്ത ഈ ചോദ്യമാണ് രക്തസ്‌നാനത്തിന്റെയും പാനത്തിന്റെയും അതിഭീകരമായ അവസ്ഥയിലും ലോകം ഫലസ്‌തീനില്‍നിന്ന്‌ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് 32,000 പേര്‍ കൊല്ലപ്പെട്ടിട്ടും ഗസ്സ പ്രതിരോധിക്കുകയും പോരാടുകയും ചെയ്യുന്നത്.

വിഖ്യാത ഫലസ്തീന്‍ ചിന്തകന്‍ എഡ്വേഡ്‌ സൈദ് ചൂണ്ടിക്കാട്ടി: ഇസ്രായേല്‍ ഞങ്ങളോട്‌ പറഞ്ഞു, നിങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്‌. ഇവിടെ 1948ന് മുമ്പ് ഗ്രാമങ്ങളും നഗരങ്ങളും ഫലസ്തീന്‍ സമൂഹവും ഉണ്ടായിരുന്നു. ഞങ്ങള്‍ ഇന്നും ഇവിടെത്തന്നെയുണ്ട്‌, ഞങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌: സൈദ്‌ തന്‍റെ ആത്മകഥയായ ‘ഔട്ട്‌ ഓഫ്‌ പ്ലേസില്‍’ ഈ നിലനിൽപിന്‍റെ ചില വശങ്ങളിലേക്ക്‌ കൃത്യമായി വെളിച്ചം വീശുന്നു.

ഇന്ന്‌ യാത്രകളെക്കുറിച്ചുള്ള പ്രധാന പഠനങ്ങള്‍ മുഖ്യധാരാ ടൂറിസത്തിന് പുറത്ത്‌ ജീവിതയാത്രകളില്‍ പോരാടുന്നവരെക്കുറിച്ചാണ്. അത്‌ സിറിയന്‍ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ചാകാം, മെഡിറ്ററേനിയന്‍ നീന്തി യൂറോപ്പിലും അമേരിക്കയിലും പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഏഷ്യന്‍-ആഫ്രിക്കന്‍ അഭയാര്‍ഥി ജീവിതത്തെക്കുറിച്ചാകാം. അതായത് 20ാം നൂറ്റാണ്ടിലെ യാത്രാപഠനങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ യാത്രാ മേഖലകളെക്കുറിച്ചാണ് ഇന്ന്‌ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുമുള്ള പഠനങ്ങള്‍.

നമ്മള്‍ ആ നിലയിലേക്ക്‌ ഇനിയും വളര്‍ന്നിട്ടില്ല. കേരളത്തിലെ കാഴ്ചാപരിമിതരുടെ യാത്രകളെക്കുറിച്ചുള്ള പഠനങ്ങള്‍പോലും മലയാളത്തിലില്ല. ഇന്ത്യയില്‍നിന്നും റഷ്യയിലേക്ക്‌ തൊഴില്‍ തേടി യാത്ര നടത്തിയ യുവാക്കള്‍ പലരും റഷ്യ-യുക്രെയ്ന്‍ യുദ്ധ മുന്നണിയിലാണ്‌ എത്തിപ്പെട്ടിരിക്കുന്നത്. റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ യാത്രാ വഞ്ചനയുടെ ഈ കഥയോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെക്കുറച്ചു മാത്രമാണ് പ്രതികരിച്ചത്.

 

എഡ്വേഡ്‌ സൈദ്‌

ഫലസ്തീനികളുടെ ജീവിതയാത്രകള്‍ നമ്മെ പ്രധാനമായും പഠിപ്പിക്കുന്നത് രക്തം വീണ് കുതിര്‍ന്ന അവരുടെ യാത്രാപഥങ്ങളെക്കുറിച്ചാണ്. ലോകം മുഴുവന്‍ ടൂറിസം ഇന്‍ഡസ്ട്രി (ഒരു ടൂര്‍ ഓപറേറ്ററുടെ സഹായമില്ലാതെ എവിടെയും സഞ്ചരിക്കാനേ പറ്റില്ല എന്ന അവസ്ഥ ഒരു പക്ഷേ, വൈകാതെ ലോകത്ത് സംഭവിച്ചേക്കാം) വിഴുങ്ങുമ്പോഴും ഫലസ്തീനികള്‍ അടക്കമുള്ള ഒരു വിഭാഗം മനുഷ്യര്‍ നടത്തുന്ന യാത്രകളിലാണ് പ്രതീക്ഷ എന്ന വികാരം തിളങ്ങുന്നത്. അല്ലാത്ത മിക്ക യാത്രകളും കൗതുകങ്ങളിലാരംഭിച്ച്‌ അതേ കൗതുകത്തില്‍തന്നെ അവസാനിക്കുകയുമാണ്. വ്ലോഗര്‍മാരുടെ യാത്രാ വിഡിയോ എസ്സേകള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.