കായികയാത്രയുടെ ഒാർമകളാണ് ഇത്. ചൈനയിൽ ഏഷ്യൻ ഗെയിംസ് കാണാനായി മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകൻ പോയപ്പോൾ തൊട്ടറിഞ്ഞ ചൈനീസ് അനുഭവം.
1. തുടക്കം പരിഭ്രാന്തിയുടേത്; പിന്നെയെല്ലാം ശുഭം
സിംഗപ്പൂരിൽനിന്ന് ഹാങ്ചോവിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ഏതാണ്ട് എഴുനൂറ് യാത്രക്കാരുണ്ടായിരുന്നു. ഇന്ത്യയുടെ സ്പോർട് ൈക്ലംബിങ് താരങ്ങളും പരിശീലകരും, പിന്നെ റഗ്ബി ടീം ഉൾപ്പെട്ട സിംഗപ്പൂർ താരങ്ങളും ഏഷ്യൻ ഗെയിംസിൽ വളന്റിയർമാരായ, ചൈനയിൽ പഠിക്കുന്ന ഏതാനും വിദേശ വിദ്യാർഥികളും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യൻ താരങ്ങളെ സിംഗപ്പൂർ ചാങ്കി വിമാനത്താവളത്തിൽതന്നെ പരിചയപ്പെട്ടതാണ്.
ഹാങ്ചോയിൽ വിമാനമിറങ്ങി ബാഗേജിനുവേണ്ടി കൺവെയർ ബെൽറ്റിനരികെ കാത്തുനിൽക്കുകയാണ് ഞാൻ. ഇതേ വിമാനത്തിൽ ഉണ്ടായിരുന്ന കേരള കൗമുദി ലേഖകൻ അൻസാർ എസ്. രാജ് ബാഗേജ് എടുത്ത് ഞാനെത്താൻ കാത്തുനിൽക്കുന്നു. ഏതാണ്ട് ഒരു മണിക്കൂറായിട്ടും എന്റെ ബാഗേജ് എത്തുന്നില്ല. അവിടെ ചുമതലയുണ്ടായിരുന്ന വിമാനത്താവള ഉദ്യോഗസ്ഥയോട് രണ്ടുതവണ ഇക്കാര്യം സൂചിപ്പിച്ചു. തൊട്ടടുത്ത കൺവെയർ ബെൽറ്റിലെങ്ങാനും ബാഗേജ് മാറി കയറ്റിവിട്ടോയെന്ന സംശയവുമുണ്ടായി. ആ വിമാനത്തിലെ അവസാന ബാഗേജും യാത്രക്കാരൻ എടുത്തു. ബെൽറ്റ് കറക്കം നിർത്തിയപ്പോൾ അതുവരെ എന്നെ ആശ്വസിപ്പിച്ച ഉദ്യോഗസ്ഥക്കും പരിഭ്രമം.
ഇനിയെന്തു ചെയ്യും? ഒരുദിവസത്തേക്കുള്ള വസ്ത്രങ്ങൾ പതിവുപോലെ ഞാൻ ഹാൻഡ്ബാഗിൽ കരുതിയിരുന്നു. പക്ഷേ, അതുകൊണ്ടായില്ലല്ലോ. മൂന്നാഴ്ച ഹാങ്ചോയിൽ കഴിയേണ്ടതാണ്. 1994 മുതൽ എത്രയോ വിദേശയാത്രകൾ നടത്തിയിരിക്കുന്നു. ഇന്നുവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എയർലൈൻസുകാരോട് പരാതി പറഞ്ഞാൽ ഏതാനും ദിവസത്തിനകം ബാഗേജ് കണ്ടുപിടിച്ചു തന്നേക്കും. ഏഷ്യൻ ഗെയിംസ് അക്രഡിറ്റേഷൻ ഉള്ളതുകൊണ്ട് പ്രത്യേക പരിഗണനയും ലഭിച്ചേക്കും. ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു. നേരത്തേ ഞാൻ സംസാരിച്ച ഉദ്യോഗസ്ഥയും അസ്വസ്ഥയായി. അതുവരെ അവരും പ്രതീക്ഷയിലായിരുന്നു.
അവസാന ശ്രമമെന്ന നിലയിൽ ഞാൻ അടുത്ത ബെൽറ്റിന് അരികിലേക്കു നടക്കാനായി തിരിഞ്ഞു. അങ്ങോട്ടു നോക്കിയപ്പോൾ അൽപം അകലെയായി എന്റെ പെട്ടി. മിലിട്ടറി പച്ചനിറം, ഹാൻഡിൽ ഉയർന്നുനിൽക്കുന്നു. ടാഗ് ഉണ്ട്. കിട്ടിയെന്നു പറഞ്ഞതും എയർപോർട്ട് ഉദ്യോഗസ്ഥ ഓടിവന്നു ടാഗ് പരിശോധിച്ച് എന്റേതാണെന്ന് ഉറപ്പുവരുത്തി. പിന്നെ ഹായ്... എന്നു പറഞ്ഞ് അവർ മുകളിലേക്കൊരു ചാട്ടം. എന്നെക്കാൾ സന്തോഷം അവർക്കാണെന്നു തോന്നി. അവർ എന്റെ തോളിൽ പിടിച്ച് ഏതാനും ചുവടുകൾ െവച്ചു. പിന്നെ മംഗളങ്ങൾ നേർന്നു യാത്രപറഞ്ഞു.
പെട്ടി മാറിയെടുത്ത ഏതോ യാത്രക്കാരൻ (അതോ യാത്രക്കാരിയോ?) അത് തിരിച്ച് ബെൽറ്റിൽ വെക്കുന്നതിനു പകരം വഴിക്ക് ഇട്ടിട്ടുപോയതാണ്. അൽപദൂരം പെട്ടി വലിച്ചുകൊണ്ടുപോയതിന്റെ സൂചനയാണ് ഹാൻഡിൽ ഉയർന്നുനിന്നിരുന്നത്. ഒരുപോലുള്ള പെട്ടികൾ പലതും കാണും. ചിലപ്പോൾ ബെൽറ്റിൽനിന്നും നമ്മൾ മാറിയെടുത്തെന്നുമിരിക്കും. പക്ഷേ, അപ്പോൾതന്നെ പരിശോധിച്ച്, തെറ്റിയെങ്കിൽ ബെൽറ്റിൽ തിരിച്ചുവെക്കും. അതു പോകട്ടെ. മാറിപ്പോയ പെട്ടി ബെൽറ്റിനു സമീപത്തെങ്കിലും വെക്കേണ്ടേ? പെട്ടി മാറിയെടുത്തയാൾ ആ മര്യാദയും കാണിച്ചില്ല.
കോച്ച് രാജാമോഹൻ, അത്ലറ്റുകളായ മിജോ ചാക്കോ കുര്യൻ,നിഹാൽ ജോയൽ വില്യം എന്നിവർക്കൊപ്പം സനിൽ പി. തോമസ് ലോട്ടസ് സ്റ്റേഡിയത്തിൽ
ആദ്യമായി ചൈനയുടെ മണ്ണിൽ കാലുകുത്തിയതാണ്. തുടക്കം പരിഭ്രാന്തിയുടേതായി. പക്ഷേ, എന്റെ സഹായത്തിന് എത്തിയ എയർപോർട്ട് ഉദ്യോഗസ്ഥയുടെ പെരുമാറ്റവും അവർ പ്രകടിപ്പിച്ച സന്തോഷവും ഇനിയുള്ള ദിവസങ്ങളിൽ വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു. ‘ഹൃദയത്തോടു ഹൃദയം; ഭാവിയിലേക്ക്’ എന്ന ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം യാഥാർഥ്യമായ അനുഭവമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.
ഹാങ്ചോ എന്നും ഹാങ്ചൗവെന്നും ഹാങ്ഷോയെന്നുമൊക്കെ മാറിമാറിക്കേട്ട ഉച്ചാരണങ്ങൾ. യഥാർഥ നഗരനാമമെന്തെന്നു സംശയം ഉണർത്തിയിരുന്നു. വിമാനത്തിൽ പരിചയപ്പെട്ട, ഇന്തോനേഷ്യയിൽ ബിസിനസ് ചെയ്യുന്ന ജുവാൻ എന്ന ചൈനക്കാരിയോട് ചോദിച്ചു. ‘‘ഹാങ്ചോ’’ എന്ന് അവർ പറഞ്ഞു. എന്നാൽ അതേ, വിമാനത്തിൽ ഉണ്ടായിരുന്ന ഏഷ്യൻ ഗെയിംസ് വളന്റിയർകൂടിയായ മലേഷ്യക്കാരി ബർണിസ് ഈർ പറഞ്ഞത് ‘‘ഹാങ്ജൗ’’ എന്നാണ്. ചൈന അക്കാദമി ഓഫ് ആർട്ടിൽ വിദ്യാർഥിയാണ് മലേഷ്യക്കാരി. ഒടുവിൽ നഗരത്തിലെത്തി അടുത്ത ദിവസം തന്നെ ഉച്ചാരണം തിരക്കി. ഹാജ്ചോയെന്ന് ഏതാണ്ട് ഉറപ്പിച്ചു.
പിന്നീട്, വനിതാ ക്രിക്കറ്റ് കാണാനുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട ദക്ഷിണ കൊറിയൻ റിപ്പോർട്ടർ കിം ചാങ് ക്യൂമും ഫോട്ടോഗ്രാഫർ യുൻ വുൻ സിക്കും അവരുടെ പത്രത്തിന്റെ പേരു പറഞ്ഞു. ‘ഹാൻ ക്യോ’. ആതിഥേയ നഗരത്തിന്റെ പേരിനോട് സാമ്യമുണ്ടല്ലോയെന്നു പറഞ്ഞപ്പോൾ ‘ഹാൻ ക്യോ’ എന്നാൽ ഒറ്റ രാജ്യം എന്നാണ് അർഥമെന്നു വിശദീകരിച്ചു. ഹാങ്ചോയിൽ 45 ഏഷ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടെങ്കിലും ഒറ്റരാജ്യം പോലെയായിരുന്നു.
വിമാനത്താവളത്തിൽനിന്ന് മീഡിയ ബസിൽ മീഡിയ വില്ലേജിൽ എത്തിയപ്പോൾ രാത്രി ഏറെ വൈകി. ഡൈനിങ് ഹാൾ അടച്ചു. ഒമ്പതിന് ഡൈനിങ് ഹാൾ അടക്കും. പിന്നെ 10നു തുറന്ന് 12ന് അടക്കും. അതുകൊണ്ട് വിശപ്പു സഹിക്കുകയേ മാർഗമുള്ളൂവെന്ന് താമസസൗകര്യം അനുവദിച്ചുതന്ന യുവതി പറഞ്ഞു. മീഡിയ വില്ലേജിലേക്കു കടക്കാൻ സുരക്ഷാ പരിശോധനയുണ്ട്. എന്റെ പെട്ടി തുറക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഈ പെട്ടി കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ചതാണല്ലോ. പിന്നെയെന്ത്? തുറന്നപ്പോൾ ടോയ്ലറ്റ് ബാഗിൽ നിന്ന് ഒരു കത്രിക പുറത്തെടുത്തു. അത് താടി ട്രിം ചെയ്യാനുള്ളതെന്നു പറഞ്ഞ് ബോധ്യപ്പെടുത്താൻ അൻസാർ അയാളെ ആംഗ്യഭാഷയിൽ കാട്ടിക്കൊടുത്തു. അദ്ദേഹം ഓ... കെ പറഞ്ഞു.
മാതൃഭൂമി റിപ്പോർട്ടർ ബി.കെ. രാജേഷിനും ഫോട്ടോഗ്രാഫർ കെ.കെ. സന്തോഷിനും കിട്ടിയ മുറികൾക്കു തൊട്ടുള്ളതായിരുന്നു എനിക്കും അൻസാറിനും കിട്ടിയ മുറികൾ. അവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കണ്ടുമുട്ടിയിരുന്നു. അവർ ക്വാലാലംപുർ വഴി ഏതാനും മണിക്കൂർ മുമ്പ് ഹാങ്ചോയിൽ എത്തിയിരുന്നു. സ്പോർട്സ് സ്റ്റാർ ലേഖകൻ മലയാളിയായ ആശിൻ പ്രസാദും ഇതേ ബ്ലോക്കിലായിരുന്നു താമസം. ബൊക്കെയൊക്കെ നൽകിയാണ് താമസസ്ഥലത്തെ റിസപ്ഷനിൽ വരവേറ്റത്. അതിന്റെ ഫോട്ടോ അവർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നു. മടങ്ങിയപ്പോൾ തന്നുവിട്ടു.
രാജ്യാന്തര കായികമേളകൾ റിപ്പോർട്ട് ചെയ്യാൻ ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഓരോ ഇടത്തും നമ്മളിൽനിന്ന് എങ്ങനെയൊക്കെ പണം കൈപ്പറ്റാം എന്ന നയമാണ് കണ്ടത്. ജപ്പാനിലെ ഹിരോഷിമയിൽ, ടി.വി കണ്ടതിനുവരെ കാശു വാങ്ങിയത് ഓർക്കുന്നു. പക്ഷേ, ചൈനക്കാർ നമുക്ക് എന്തൊക്കെ സൗജന്യമായി തരാമെന്നാണു ചിന്തിച്ചത്. മുറി വാടക മുൻകൂട്ടി വാങ്ങിയപ്പോൾ, അവിടെയെത്തുമ്പോൾ 300 യുവാൻ (ഏതാണ്ട് 3300 രൂപ) കോഷൻ ഡിപ്പോസിറ്റ് ആയി അടക്കണമെന്ന നിർദേശമുണ്ടായിരുന്നു. പക്ഷേ, മീഡിയ വില്ലേജിലെ രജിസ്േട്രഷൻ കൗണ്ടറിൽ പണം അടക്കാൻ ചെന്നപ്പോൾ പറഞ്ഞു. ‘‘വേണ്ട പോളിസി ഞങ്ങൾ മാറ്റി.’’
മീഡിയ വില്ലേജിൽ ഓരോരുത്തർക്കും പ്രത്യേക മുറിയാണ്. അതാകട്ടെ ജപ്പാനിൽ രണ്ടുപേർക്കായും അമേരിക്കയിൽ ഒരാൾക്കായും അനുവദിച്ച മുറിയേക്കാൾ ഏറെ വലുത്. ബാൽക്കണിയിൽ വാഷിങ് മെഷീനും തുണി നനച്ചിടാനുള്ള അയയും. ഡിറ്റർജന്റ് വലിയ ജാറിൽ. തുണി തേക്കാൻ താഴെ പ്രത്യേക സൗകര്യം. മൂന്നാഴ്ചത്തേക്ക് ആവശ്യമായതിലധികം ശുദ്ധജല ബോട്ടിലുകളും മുറിയിൽ ഒരുക്കിയിരുന്നു. ഹൃദയം തൊട്ട സൗഹൃദം ഓരോ മിനിറ്റിലും ഓരോ വേദിയിലും ഓരോ ഇടപെടലിലും ചൈനക്കാർ പ്രകടമാക്കി. ഭാഷയുടെ പരിമിതികൾ സ്നേഹവും സൗഹൃദവും പകർന്ന് അവർ പരിഹരിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ മുതൽ യുവത്വം പിന്നിട്ട ഏതാനും പേർവരെ ഉൾപ്പെട്ട വളന്റിയർമാർ എങ്ങും എവിടെയും സൗഹൃദത്തിന്റെ കരങ്ങൾ നീട്ടി.
മീഡിയ വില്ലേജിലെ മുറിയിൽനിന്ന് പ്രസ് സെന്ററിലേക്കുള്ള ബസ് പാർക്ക് ചെയ്യുന്നിടത്തേക്ക് നടന്നപ്പോൾ ചാറ്റൽമഴ തുടങ്ങിയിരുന്നു. കുടയുമായി റിസപ്ഷനിലെ കൗമാരക്കാരൻ എത്തി. തൊപ്പിയുണ്ട്, മഴ സാരമില്ലെന്നു പറഞ്ഞു മുന്നോട്ടുനടന്നു. മീഡിയ വില്ലേജിൽ ഏതാണ്ട് മുഴുവൻ സമയവും വലംവെക്കുന്ന ചെറിയ ബാറ്ററി വണ്ടി, ബങ്കിയിൽ, കയറി പ്രധാന ഗേറ്റിന് അരികെയെത്തിയപ്പോൾ മഴ അൽപം കനത്തു. കുടയുമായി ഒരു വളന്റിയർ പെൺകുട്ടി ഓടിവന്നു. അടുത്ത പോയന്റ് വരെ അവൾ കുടപിടിച്ചു കൂടെ നടന്നു. പിന്നെ കുട എനിക്കു കൈമാറി അവൾ മേൽക്കൂരയുള്ളിടത്തേക്ക് ഓടിക്കയറി. ഈ കുട ഞാൻ ബസ് സ്റ്റേഷനിലോ മീഡിയ സെന്ററിലോ െവച്ചാൽമതി. ഹിരോഷിമയിൽ ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. അവിടെ കുടയും സൈക്കിളും ആർക്കും എടുക്കാമായിരുന്നു. ഇവിടെ പക്ഷേ, സൈക്കിളിന് നിയന്ത്രണങ്ങളുണ്ട്.
ഹാങ്ചോയിൽ അൻസാർ എസ്. രാജ്, ബി.കെ. രാജേഷ്, കെ.കെ. സന്തോഷ് എന്നിവർെക്കാപ്പം സനിൽ പി. തോമസ്
ഗെയിംസ് തുടങ്ങുന്നതിനു മൂന്നു ദിവസം മുമ്പേ ഞങ്ങൾ എത്തിയിരുന്നു. 2023 സെപ്റ്റംബർ 23, പത്തൊമ്പതാം ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ദിവസം. ഏതാനും ദിവസമായി പെയ്ത മഴമൂലം ഉദ്ഘാടന ചടങ്ങുകൾ ഹാങ്ചോ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ (ലോട്ടസ് സ്റ്റേഡിയം) നിന്ന് ഇൻഡോർ സ്റ്റേഡിയത്തിലേക്കു മാറ്റിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, മാനം തെളിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ആണ് ഉദ്ഘാടകൻ. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ പ്രതീക്ഷിച്ചതാണ്. ബസ് സർവിസും മെേട്രാ െട്രയിൻ സർവിസും താൽക്കാലികമായി നിർത്തിയിരുന്നു. തലേദിവസം സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.
ഇതുവരെ റിപ്പോർട്ട് ചെയ്ത ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലുമൊക്കെ അക്രഡിറ്റേഷൻ കാർഡിനൊപ്പം ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഒരു പ്രത്യേക പാസും തരുകയായിരുന്നു പതിവ് (2018ൽ ജകാർത്തയിൽ ഇന്ത്യൻ മാധ്യമസംഘത്തിൽ മൂന്നിലൊന്നു പേർക്കു മാത്രമാണ് ഉദ്ഘാടനത്തിന്റെ പാസ് കിട്ടിയത്). ഇത്തവണ മറ്റൊരു അക്രഡിറ്റേഷൻ കാർഡ് തന്നെ ഓരോരുത്തർക്കും നൽകി.
ഉദ്ഘാടന ദിവസം 3.30 മുതൽക്കായിരുന്നു സ്റ്റേഡിയത്തിൽ പ്രവേശനം. അതനുസരിച്ചായിരുന്നു മീഡിയ സെന്ററിൽനിന്നുള്ള ബസ് സർവിസും. ഇത്തവണ ട്രാൻസ്പോർട്ട് മാളിൽ പോയി ബസ് മാറിക്കയറേണ്ടിവന്നില്ല. ഒറ്റ ബസിൽ നേരിട്ട് വേദിയിലെത്താം. പ്രധാന മീഡിയ സെന്ററിനു സമീപമൊരു ബസ് സ്റ്റേഷനുണ്ട്. അതിനു മുമ്പ് ആയിരുന്നു സുരക്ഷാ പരിശോധന. ഹാൻഡ് ബാഗുകളിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ, പാനീയങ്ങൾ തുടങ്ങിയവയെല്ലാം സുരക്ഷാ ജീവനക്കാർ പുറത്തെടുപ്പിച്ച് ബക്കറ്റിൽ നിക്ഷേപിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ആപ്പിളും ബിസ്കറ്റും മാങ്കോ ജ്യൂസും നഷ്ടമായി.
പോക്കറ്റിൽ കിടന്നിരുന്ന രണ്ടു പേനയും പിടിച്ചെടുത്തു (പേന പിടിച്ചെടുത്ത അനുഭവം 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിനുശേഷം ആദ്യം). പേന നഷ്ടപ്പെട്ടതിൽ വിഷമം തോന്നി. അപ്പോഴാണ് മാതൃഭൂമി ലേഖകൻ ബി.കെ. രാജേഷ് സങ്കടം പറയുന്നത്. ‘‘നാട്ടിൽ നിന്നുകൊണ്ടുവന്ന പുതിയ കുട നഷ്ടമായി.’’ തീർന്നില്ല. ബാഗിൽ ഉണ്ടായിരുന്ന പെർഫ്യൂമും ബോഡി സ്േപ്രയുമൊക്കെ നഷ്ടപ്പെട്ടെന്നു ചില വനിത റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും പരാതിപ്പെട്ടു.
സ്റ്റേഡിയത്തിൽ എത്തിയപ്പോൾ നേരെ മീഡിയ വർക്ക് റൂമിലേക്ക്. ചായയും കാപ്പിയും സ്നാക്സും കഴിച്ച് റിലാക്സ് ചെയ്യാൻ വളന്റിയർ പെൺകുട്ടിയുടെ അഭ്യർഥന. ഇവിടെനിന്നു പഴമോ ബിസ്കറ്റോ ഒക്കെ ബാഗിൽ ശേഖരിക്കുന്നതിനു വിലക്കില്ലായിരുന്നു. സ്റ്റേഡിയത്തിനുള്ളിലാകട്ടെ തീർത്തും സൗഹൃദപരമായ അന്തരീക്ഷം. ഇടക്ക് മീഡിയ റൂമിലേക്കു വരുന്നതിനും തിരിച്ച് വേദിയിലെ ഇരിപ്പിടത്തിൽ എത്തുന്നതിനുമൊന്നും ഒരു തടസ്സവുമില്ലായിരുന്നു.
വളന്റിയർമാർക്ക് ഭക്ഷണ പാക്കറ്റുകൾ സംഘാടകർ കൃത്യമായി എത്തിച്ചുനൽകുന്നതു കണ്ടു. അതുപോലെ സ്റ്റേഡിയത്തിൽ കുറേയധികം ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നിരുന്നു. ഇത് ഉദ്ഘാടന ചടങ്ങുകളിൽ കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർഥികൾക്കും മറ്റുമായി കരുതപ്പെട്ടവയായിരുന്നു. ആ വളന്റിയർമാരെ എത്ര കരുതലോടെയാണ് ചൈന കണ്ടത്. നമ്മുടെ നാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വിഷമിക്കുകയും ചൂട് സഹിക്കാനാവാതെ തളർന്നുവീഴുകയുമൊക്കെ ചെയ്ത എത്രയോ വളന്റിയർമാരെ കണ്ടിരിക്കുന്നു.
2. വഴിതെറ്റിയാൽ പെട്ടു; ഭാഷതന്നെ പ്രശ്നം
മീഡിയ വില്ലേജിൽനിന്ന് അത്ലറ്റിക് വില്ലേജിലേക്ക് രാത്രി എട്ടു മണിയോടെയാണ് പുറപ്പെട്ടത്. ഏതാനും ഷൂട്ടിങ് താരങ്ങളെ കാണാൻ സൗകര്യം ഒരുക്കാമെന്ന് ഇന്ത്യയുടെ പ്രസ് അറ്റാഷെ രാജാരാമൻ പറഞ്ഞതനുസരിച്ചായിരുന്നു യാത്ര. പക്ഷേ, അവിടെയെത്തും മുമ്പ് രാജാ വിളിച്ചു. പിറ്റേന്നു മത്സരമുള്ളതിനാൽ താരങ്ങൾ പറഞ്ഞതിലും നേരത്തേ മടങ്ങി. അത്ലറ്റിക് വില്ലേജിനു സമീപം ബസ് ഇറങ്ങി. മടക്കയാത്രക്കുള്ള ബസ് എവിടെ കിട്ടുമെന്ന് അന്വേഷിച്ച് ഏറെ അലഞ്ഞു. ഭാഷ അറിയാവുന്ന ഒരാളെപ്പോലും കാണുന്നില്ല. അര മണിക്കൂറോളം ചുറ്റിത്തിരിഞ്ഞപ്പോൾ ഒരു വിദേശ കോച്ചിനെ കണ്ടു. അദ്ദേഹം ബസ് സ്റ്റോപ്പ് കാണിച്ചുതന്നു.
ഹാങ്ചോ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്കിൽ ലേഖകൻ
ബസിൽ കയറിയിട്ടും സംശയം ബാക്കി. ഒന്നുകൂടി തിരക്കി. ഭാഗ്യത്തിന് ആ ബസിൽ ചൈനക്കാരായ ടെക്നിക്കൽ ഒഫിഷ്യൽസ് ഉണ്ടായിരുന്നു. അവർ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും. ടെക്നിക്കൽ ഒഫിഷ്യൽസിന്റെ താമസസ്ഥലത്തിന് (അതും വില്ലേജ്) തൊട്ടടുത്താണ് മീഡിയ വില്ലേജ് എന്ന് അവർക്ക് അറിയാമായിരുന്നു. ഇന്ത്യയിൽനിന്നെന്നു പറഞ്ഞപ്പോൾ ‘‘ഇന്ത്യ വലിയ രാജ്യം, ചൈന വിശാലമായ രാജ്യം’’ എന്നവർ കമന്റ് പറഞ്ഞു. ബസിൽനിന്ന് ഇറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ തിരക്കുകൂട്ടി.
താടി വളർത്തിയവർ ചൈനക്കാർക്ക് അത്ഭുതമാണെന്നു തോന്നി. ചൈനയിൽ മീശെവച്ചവരെത്തന്നെ കാണാനില്ല. ഇന്ത്യക്കാരോട് ചൈനക്കാർക്ക് പ്രത്യേക സ്നേഹമുണ്ടെന്നു പലപ്പോഴും തോന്നി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളും മറ്റു പ്രശ്നങ്ങളും സാധാരണക്കാർക്ക് അറിയില്ലെന്നു തോന്നുന്നു. ഒരു ഷോപ്പിങ് മാളിൽ പോയി മടങ്ങുമ്പോൾ പ്രധാന പ്രസ് സെന്ററിലേക്കു വഴിമാറിയപ്പോൾ സഹായിച്ചത് നെതർലൻഡ്സിൽനിന്നുള്ള റോബിനാണ്. തൊട്ടടുത്ത് ഒരു കെട്ടിടം ചൂണ്ടിക്കാട്ടി റോബിൻ പറഞ്ഞു, ‘‘ഇവിടെയാണ് 2015ൽ ജി 20 ഉച്ചകോടി നടന്നത്.’’ അതു കേട്ടപ്പോൾ ഇത്തവണ ജി 20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യം വഹിച്ചതെന്നു പറഞ്ഞു. പക്ഷേ.
ഇക്കാര്യം തങ്ങളാരും അറിഞ്ഞില്ലല്ലോയെന്നു റോബിൻ. ഹാങ്ചോയിൽ വലിയൊരു കാർ ഫാക്ടറിയിൽ ഉദ്യോഗസ്ഥനാണ് റോബിൻ. ഒരു ഷോപ്പിങ് മാളിൽനിന്ന് പ്രധാന പ്രസ് സെന്ററിലേക്കുള്ള വഴി ചോദിച്ചു. യുവാവ് അവിടെയെത്തിയ മറ്റു രണ്ടു സുഹൃത്തുക്കളെ കൂടെക്കൂട്ടി ചർച്ചയിൽ ഏർപ്പെട്ടു. പിന്നെ കടലാസ് എടുത്ത് മൂന്നുപേരും ചേർന്ന് വഴി വരച്ചു കാട്ടിത്തന്നു.
പലപ്പോഴും ഭാഷ പ്രശ്നമായി എന്നതു സത്യം. പക്ഷേ, വളന്റിയർമാർക്ക് ഉപയോഗിക്കാൻ 83 ഭാഷകൾ വിവർത്തനം ചെയ്യാൻ കഴിയുന്ന എ.ഐ മെഷീനുകൾ ഉണ്ടായിരുന്നു. ഇ-കോമേഴ്സ് ഭീമൻമാരായ ‘അലിബാബ’ ഗ്രൂപ്പുമായിട്ടായിരുന്നു സംഘാടകരുടെ പ്രധാന കരാർ. പക്ഷേ, ചൈനീസ് സ്വിം എടുത്ത് ‘അലി പേ’ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പലരും തയാറായില്ല. എന്നാൽ, ബാങ്കുകളിലെ ഫോറിൻ എക്സ്ചേഞ്ച് മെഷീനുകൾ എല്ലാവരും തന്നെ ഉപയോഗിച്ചു. മീഡിയ വില്ലേജിലെ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയിലെ വെൻഡിങ് മെഷീൻ ഉപയോഗിച്ച് 100 ഡോളർ മാറി യുവാൻ എടുക്കാൻ ബാങ്ക് ജീവനക്കാർ സഹായിച്ചു. അതായിരുന്നു എന്റെ ആദ്യ പരീക്ഷണം. ബാങ്കിൽ റോബോട്ടും സേവനസന്നദ്ധമായുണ്ട്. ഇറങ്ങിയപ്പോൾ ഏഷ്യൻ ഗെയിംസ് പിൻ സമ്മാനമായിത്തന്ന് അവർക്കൊപ്പം ഫോട്ടോയെടുത്താണു വിട്ടത്.
ഹാങ്ചോയിൽ ഹേലാ എന്നത് വിവിധ ഭാഷകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു
ചൈനയിൽ ആയതുകൊണ്ട് സുരക്ഷാ പരിശോധനകൾ ഏറെ ബുദ്ധിമുട്ടിക്കുമെന്നും പട്ടാളക്കാരോ പൊലീസുകാരോ ഒക്കെയായിരിക്കും നിയന്ത്രിക്കുക എന്നുമായിരുന്നു ധാരണ. പക്ഷേ, സുരക്ഷാ പരിശോധനയുണ്ടായ വേദികളിൽ, ആകെ വനിത ക്രിക്കറ്റ് നടന്ന, ഷിജിയാങ് സാങ്കേതിക സർവകലാശാലാ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിൽ മാത്രമാണ് പൊലീസ് ഓഫിസറെ കണ്ടത്. അദ്ദേഹമാകട്ടെ, ശ്രീലങ്കയിൽനിന്നുവന്ന മാധ്യമപ്രവർത്തകരോട്, റിപ്പോർട്ടർമാരുടെ അക്രഡിറ്റേഷൻ ആയതിനാൽ കാമറ അനുവദിക്കില്ലെന്ന കർശന നിലപാട് എടുക്കുകയുംചെയ്തു. ഒടുവിൽ അവർ മൂന്നുപേരും കാമറ പ്രവേശനകവാടത്തിൽ ഏൽപിച്ചാണ് കളി കാണാൻ വന്നത്.
പ്രധാന മീഡിയ സെന്ററിൽ (എം.എം.സി) നിന്ന് ട്രാൻസ്പോർട്ട് മാളിൽ എത്തിവേണം ഓരോ സ്റ്റേഡിയത്തിലേക്കും ബസ് കയറാൻ എന്നു പറഞ്ഞല്ലോ. മിക്കവാറും സ്റ്റേഡിയങ്ങളിലേക്ക് ഒരു മണിക്കൂറോ അതിലധികമോ യാത്രയുണ്ട്. ബസ് ആകട്ടെ ഒരു മണിക്കൂർ ഇടവേളകളിലാണു താനും. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ബുദ്ധിമുട്ട് അറിഞ്ഞത് ഈയൊരു കാര്യത്തിൽമാത്രം. അതായത്, ഒരു മത്സരം കാണാൻ രണ്ടര മണിക്കൂറെങ്കിലും മുമ്പേ പുറപ്പെടണം. മടക്കയാത്രയിലും ഇതേ പ്രശ്നം നേരിടേണ്ടിവന്നു. കളി കഴിഞ്ഞാൽ ഉടനെ പുറത്തിറങ്ങാൻ പറ്റില്ലല്ലോ. താരങ്ങളെ കാണാൻ നിന്നാൽ ബസ് പോയിരിക്കും. പിന്നെ ഒരു മണിക്കൂർ കാത്തിരിപ്പ്. ബസ് കിട്ടാതെ ടാക്സി പിടിച്ച അവസരങ്ങളിൽ ശരിക്കും ബുദ്ധിമുട്ടി. ഒന്നാമത് ടാക്സി വരുത്തണമെങ്കിൽ ‘അലി പേ’ ആപ്പ് വേണം. രണ്ടാമത് ടാക്സി സ്റ്റേഡിയത്തിന്റെ കവാടം വരെ മാത്രമേ അനുവദിക്കൂ. അവിടെയിറങ്ങി സകല സുരക്ഷാ പരിശോധനകളും കഴിഞ്ഞ് മത്സരവേദിയിലേക്ക് നടക്കണം; അതും സാമാന്യം നല്ല ദൂരം നടക്കണം.
സാധാരണ രാജ്യാന്തര കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രധാന മീഡിയ സെന്ററിലും വേദികളിലുമൊക്കെ നമ്മുടെ ബാഗ് പരിശോധിക്കും. നമ്മളെയും മെറ്റൽ ഡിറ്റക്ടർ െവച്ചു പരിശോധിക്കും. എന്നാൽ, ഹാജ്ചോ ഏഷ്യൻ ഗെയിംസിൽ മീഡിയ ബസിൽ യാത്ര ചെയ്തപ്പോഴൊന്നും ഈ പരിശോധന വേണ്ടിവന്നില്ല. നമ്മുടെ ഐഡന്റിറ്റി മാത്രമാണ് സ്കാനിങ്ങിനു വിധേയമായത്. പക്ഷേ, സിറ്റി ടൂറിനായോ, ഷോപ്പിങ്ങിനായോ അതുമല്ല, അത്ലറ്റിക് വില്ലേജിൽ പോകാനോ പുറത്തിറങ്ങിയാൽ മടങ്ങിവരുമ്പോൾ എല്ലാ പരിശോധനകളും ഉണ്ടാകും. ഇതിന്റെ കാരണം ഏതാനും ദിവസം കഴിഞ്ഞാണു ബോധ്യപ്പെട്ടത്.
മീഡിയ വില്ലേജിൽനിന്ന് സുരക്ഷാ വേലിക്കുള്ളിലൂടെയാണ് നമ്മൾ ബസ് സ്റ്റേഷനിൽ എത്തുന്നത്. അവിടന്ന് മീഡിയ ബസിൽ പ്രധാന പ്രസ് സെന്ററിലേക്ക്. അവിടന്ന് ട്രാൻസ്പോർട്ട് മാളിലേക്കും അവിടന്ന് വിവിധ വേദികളിലേക്കും. തിരിച്ച് നേരിട്ട് പ്രധാന പ്രസ് സെന്ററിലേക്ക്. അവിടന്ന് മീഡിയ വില്ലേജിലേക്ക്. ഇത്രയും സ്ഥലങ്ങൾ ഒരു സുരക്ഷാ വലയത്തിലാണ്. അതാണ് പരിശോധന ഒഴിവാക്കപ്പെട്ടത്.
അതുപോലെ മീഡിയ വില്ലേജിലും പ്രധാന പ്രസ് സെന്ററിലും വിവിധ വേദികളിലും ഒരേ വൈഫൈ ആണ്. ചൈനീസ് പ്രസിഡന്റ് സന്നിഹിതനായിരുന്ന ഉദ്ഘാടനച്ചടങ്ങിന് ഇടക്കിടെ പ്രധാന സ്റ്റേഡിയത്തിലെ വൈഫൈ ജാം ചെയ്തിരുന്നു എന്നതൊഴിച്ചാൽ ഒരു പ്രശ്നവും നേരിട്ടില്ല. എന്നാൽ ഹാങ്ചോ വിമാനത്താവളത്തിൽ വൈഫൈ ലഭ്യമല്ലായിരുന്നു. സാധാരണ ഫൈവ് ജിയെക്കാൾ 10 മടങ്ങ് വേഗമുള്ള ഫൈവ് ജി അഡ്വാൻസ്ഡ് നെറ്റ് വർക്കാണ് ഏഷ്യൻ ഗെയിംസിന് ഏർപ്പെടുത്തിയത്. ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) അടിസ്ഥാന സൗകര്യമൊരുക്കി. സംസാരിക്കുന്ന നിമിഷങ്ങളിൽതന്നെ നാട്ടിൽ കേൾക്കാൻ കഴിയുന്നുവെന്ന് ഭാര്യ സുജ പറഞ്ഞപ്പോഴാണ് അതിവേഗത്തിന്റെ വ്യത്യാസം മനസ്സിലായത്.
വഴി വരച്ചുകാണിക്കാനുള്ള ശ്രമത്തിൽ ചൈനീസ് യുവാക്കൾ
മൊബൈൽ ഫോൺ പ്രചാരത്തിലെത്തിയ ശേഷം നടന്ന രാജ്യാന്തര കായികമേളകളിലൊക്കെ അതതു രാജ്യങ്ങളിലെ സിം കാർഡ് സന്ദർശകർക്കു ലഭിക്കുമായിരുന്നു. ഖത്തറിലെയും തായ്ലൻഡിലെയുമൊക്കെ സിം കാർഡ് കൊച്ചി വിമാനത്താവളത്തിൽനിന്നുതന്നെ വാങ്ങിയത് ഓർക്കുന്നു. കളിയെഴുത്തിനല്ലാതെ യൂറോപ് സന്ദർശിച്ചപ്പോഴും അവിടത്തെ സിം, ട്രാവൽ ഏജൻസിക്കാർ കൊച്ചിയിൽതന്നെ ലഭ്യമാക്കി. 2018ൽ ജകാർത്ത ഏഷ്യൻ ഗെയിംസിലാകട്ടെ അവിടെ വിമാനത്താവളത്തിൽ മീഡിയക്ക് സൗജന്യ സിം കാർഡ് നൽകി. അതിലെ ഡേറ്റ തീരുമ്പോൾ റീചാർജ് ചെയ്യേണ്ടിവന്നുവെന്നു മാത്രം.
എന്നാൽ, ചൈനക്കാർ തങ്ങളുടെ സിം കാർഡ് കാര്യം വലിയ വാർത്തയായി അവിടത്തെ പത്രങ്ങളിൽ െകാടുത്തതു വായിച്ചപ്പോൾ അത്ഭുതം തോന്നി. ഗെയിംസ് നടത്തിപ്പിൽ ഓരോ കാര്യത്തിലും സംഘാടകർ എത്ര ശ്രദ്ധിച്ചു എന്ന് വെളിപ്പെടുത്താനാണ് ചൈനീസ് ടെലിഫോൺ വകുപ്പിനെ ഉദ്ധരിച്ചു പത്രങ്ങൾ വാർത്ത കൊടുത്തത്. ഗൂഗിൾ പേ പോലെയാണ് ചൈനയിൽ അലി പേ. പക്ഷേ, ചൈനയിലെ സിം ഉപയോഗിച്ചാലേ അലി പേ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ഇതിനെന്തു മാർഗമെന്ന് പലതവണ ചർച്ചചെയ്താണേത്ര ചൈനീസ് സിം ഒരാഴ്ച മുതൽ ഒരു മാസം വരെ വാടകക്കു നൽകാൻ തീരുമാനിച്ചത്.
ആകെ 37,600 വളന്റിയർമാർ. ഇവരുടെ ശരാശരി പ്രായം 20 മാത്രം. 46 സർവകലാശാലകളിൽനിന്നു വളന്റിയർമാരെ തിരഞ്ഞെടുത്തു. ഷിജിയാങ് സർവകലാശാലയിൽനിന്ന് 583 വളന്റിയർമാർ ഉണ്ടായിരുന്നു. ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള 24 പേർ ഇതിൽപെട്ടു. ജപ്പാൻ, ഇേന്താനേഷ്യ, മലേഷ്യ, കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു കൂടുതൽ. ഹാൻ, ഷുയാങ്, ദോങ്, യി, കസക് തുടങ്ങി 16 വംശീയ വിഭാഗങ്ങളെ ചൈനീസ് വളന്റിയർമാർ പ്രതിനിധാനം ചെയ്തു. വളന്റിയർമാരെ ഷിയാവോ ജീനിയൽ (xiao ginghe) അഥവാ ചെറിയ താമര പുഷ്പങ്ങൾ (little lotuses) എന്ന് നാമകരണം ചെയ്തു. ചൈനീസ് പേരുകൾക്കു പകരം മറ്റു രാജ്യക്കാർക്ക് ഉച്ചരിക്കാവുന്ന പേരുകളും താൽക്കാലികമായി ഇവർക്കു നൽകി.
ഹോങ്കോങ്ങിന്റെ പന്ത്രണ്ടുകാരി ചെസ് താരം ലിയു ടിയാൻ യിക്കിന് ഉദ്ഘാടന ദിവസം ടെന്നിസ് സെന്ററിൽ ഫോൺ നഷ്ടപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റിനുള്ള അത്ലറ്റുകൾ ടെന്നിസ് സെന്ററിലാണ് ഒത്തുകൂടിയത്. ആദ്യമായി വലിയൊരു കായികമേളയിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിൽ ലിയു ഫോൺ മറന്നു. അതും ഓഫ് ചെയ്ത ഫോൺ. ഒരു ബാഗിൽ ആയിരുന്നു ഫോൺ െവച്ചിരുന്നത്. ബാഗ് സ്റ്റേഡിയത്തിൽ െവച്ചു മറന്നതാണ്. ഉദ്ഘാടനത്തിന്റെ സാംസ്കാരിക പരിപാടികൾ ആസ്വദിച്ചുനിൽക്കുന്നതിനിടക്ക് അറിയാതെ പോക്കറ്റിൽ കൈയിട്ടപ്പോഴാണ് ഫോൺ നഷ്ടമായ കാര്യം ലിയു അറിയുന്നത്. അവൾ ടീം ലീഡർ ജെഫ്രിയോട് സങ്കടംപറഞ്ഞു.
കൊച്ചുതാരത്തെ നിരാശപ്പെടുത്താതിരിക്കാൻ ജെഫ്രി ഒരു വളന്റിയറോട് കാര്യംപറഞ്ഞു. അല്ലാതെ, 5,23,000 ചതുരശ്ര അടി വിസ്തീർണവും 10,000 ഇരിപ്പിടങ്ങളുമുള്ള സ്റ്റേഡിയത്തിൽ കളഞ്ഞുപോയ ഫോൺ കിട്ടുമെന്ന പ്രതീക്ഷ ജെഫ്രിക്കില്ലായിരുന്നു. പക്ഷേ, വളന്റിയർമാർ അതൊരു വെല്ലുവിളിയായെടുത്തു. രാത്രി മുഴുവൻ അവർ സ്റ്റേഡിയം അരിച്ചുപെറുക്കി. ഒടുവിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ട ബാഗിൽനിന്നു ഫോൺ കിട്ടി. പന്ത്രണ്ടുകാരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. ‘‘ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നതുപോലെ തോന്നി’’ -ലിയുവിന്റെ നന്ദിപ്രകടനം വൈറലായി.
പ്രധാന പ്രസ് സെന്ററിന് മുന്നിൽ ഫോേട്ടാ എടുക്കുന്ന വളന്റിയർമാർ
സമ്മാനവിതരണത്തിനും മറ്റു ചില ആഘോഷങ്ങൾക്കും വളന്റിയർമാർ ധരിച്ച വേഷം കിഴക്കിന്റെ പരമ്പരാഗത സൗന്ദര്യം ഉൾക്കൊണ്ടു തയാറാക്കിയതായിരുന്നു. ഹാങ്ചോയിലെ വെസ്റ്റ് ലേക്കിലെ പത്ത് കാഴ്ചകളും ക്വാൻടാങ് നദിയിലെ ഓളവും പ്രതിഫലിക്കുന്നതായിരുന്നു ഈ വേഷം. സമാപന ചടങ്ങിൽ വളന്റിയർമാരെ ആദരിക്കാൻ അധികൃതർ മറന്നില്ല. വിവിധ രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകൾക്ക് ഒപ്പം സ്റ്റേഡിയ മധ്യത്തിൽ വളന്റിയർമാർക്കും സ്ഥാനം നൽകി. അവരുടെ പ്രവർത്തനമികവ് അംഗീകരിക്കപ്പെട്ടു. നാം കണ്ടുപഠിക്കേണ്ടതുതന്നെ. ഹാങ്ചോ ഏഷ്യൻ ഗെയിംസ് വിജയിപ്പിച്ചതിൽ വളന്റിയർമാരുടെ പങ്ക് എത്ര വലുതായിരുന്നെന്ന് ഗെയിംസിൽ പങ്കാളികളായവർ സമ്മതിക്കും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.