ബംഗ്ലാ മാറിലൂടെ ഒരു കലായാത്ര

ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് എക്സ്ചേഞ്ചി​ന്റെ ഭാഗമായി കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശിലേക്ക് നടത്തിയ കലായാത്രയുടെ ഒാർമകളാണ്​ ഇൗ കുറിപ്പ്​.ബംഗ്ലാദേശി​ന്റെ കലകളിലൂടെയും സംസ്​കാരത്തിലൂടെയും യാത്ര നീളുന്നു.ചെന്നൈ റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോൾ ഞങ്ങളെ ബംഗ്ലാദേശിലേക്ക് നയിക്കുന്ന ലളിതകല അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് കാത്തിരിപ്പുണ്ടായിരുന്നു. സ്നേഹപൂർണ ഇടപെടൽ അദ്ദേഹവുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കി. സ്റ്റേഷനിൽനിന്നുതന്നെ ഞങ്ങൾ വസ്ത്രം മാറി വിമാനത്താവളത്തിലേക്ക്​ പോകാൻ മെട്രോ ട്രെയിൻ പിടിച്ചു. എയർപോർട്ടിൽ എത്തുമ്പോഴേക്കും 10 മണി കഴിഞ്ഞിരുന്നു. യാത്ര...

ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് എക്സ്ചേഞ്ചി​ന്റെ ഭാഗമായി കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശിലേക്ക് നടത്തിയ കലായാത്രയുടെ ഒാർമകളാണ്​ ഇൗ കുറിപ്പ്​.ബംഗ്ലാദേശി​ന്റെ കലകളിലൂടെയും സംസ്​കാരത്തിലൂടെയും യാത്ര നീളുന്നു.

ചെന്നൈ റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോൾ ഞങ്ങളെ ബംഗ്ലാദേശിലേക്ക് നയിക്കുന്ന ലളിതകല അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് കാത്തിരിപ്പുണ്ടായിരുന്നു. സ്നേഹപൂർണ ഇടപെടൽ അദ്ദേഹവുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കി. സ്റ്റേഷനിൽനിന്നുതന്നെ ഞങ്ങൾ വസ്ത്രം മാറി വിമാനത്താവളത്തിലേക്ക്​ പോകാൻ മെട്രോ ട്രെയിൻ പിടിച്ചു. എയർപോർട്ടിൽ എത്തുമ്പോഴേക്കും 10 മണി കഴിഞ്ഞിരുന്നു.

യാത്ര ചെയ്യേണ്ട യു.എസ്-ബംഗ്ല വിമാനം രണ്ടു മണിക്കൂർ വൈകി രണ്ടു മണിക്കാണ്​ എത്തിയത്​. ചെന്നൈയിൽ ചികിത്സ തേടി ധാക്കയിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരിൽ മിക്കവരും. ഇന്ത്യൻ അതിർത്തി കടക്കുമ്പോൾ പത്മ നദിയുടെയും ലോകത്തിലെ ഏറ്റവും പഴയ ജനവാസമുള്ള മഹാനഗരങ്ങളിലൊന്നായ ധാക്കയുടെയും ആകാശക്കാഴ്ച കാണുക എന്നതും ചിത്രകാരന്മാരായ ഞങ്ങളെ ആവേശത്തിലാക്കിയിരുന്നു. വൈകുന്നേരം നാലിന്​ ഞങ്ങൾ ധാക്കയിൽ ചെന്നിറങ്ങി. എമിഗ്രേഷൻ ക്യൂവിൽ നിൽക്കുമ്പോൾ സംഗീതസാന്ദ്രമായ ബാങ്ക് വിളിയായിരുന്നു ആദ്യം എതിരേറ്റത്.

മറ്റു വിദേശ രാജ്യങ്ങളെപ്പോലെ കനത്ത പരിശോധനയൊന്നും കൂടാതെ എമിഗ്രേഷൻ പൂർത്തിയാക്കി വിമാനത്താവളത്തിന്​ പുറത്ത് കടക്കുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. താമസസൗകര്യം ഏർപ്പെടുത്തിയത്​ നിഷ് ബാൻ ഹോട്ടലിലാണ്​. കൂട്ടിക്കൊണ്ടു പോകാൻ ഹോട്ടൽ അധികൃതർ ഏർപ്പെടുത്തിയ ഡ്രൈവർ ഷോബൂസ് 16 കിലോമീറ്റർ അകലെയുള്ള ദയ്മണ്ടിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. തിരക്കേറിയ ധാക്കാ റോഡിലൂടെ ജയിൽമുറികളെ അനുസ്മരിപ്പിക്കും വിധം ഇരുമ്പു ഗ്രില്ലുകൾകൊണ്ട് ഇരുവശവും മറച്ച ഇളംപച്ച നിറത്തിലുള്ള ഓട്ടോറിക്ഷകൾ ഞങ്ങളെ കടന്നുപോയി. വാഹനങ്ങൾ കടന്നുപോകുന്ന റോഡരികുകളിൽ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ശൈഖ് മുജീബുർറഹ്മാ​ന്റെ അനേകം കൂറ്റൻ ഫ്ലക്സ് ബോർഡുകൾ എൽ.ഇ.ഡി ബൾബുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു.

തലസ്ഥാന നഗരിയായിട്ടുകൂടി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. റോഡരികിലെ തെങ്ങുകൾ കേരളത്തെ ഓർമിപ്പിച്ചു. കെട്ടിട ചുവരുകളിലും സൈൻ ബോർഡുകളിലും മുഴുവൻ ബംഗ്ലമയം. ഇംഗ്ലീഷ് വാക്കുകൾ അപൂർവം. താമസസ്ഥലത്തേക്കുള്ള പതിനാറ് കിലോമീറ്റർ എത്തിച്ചേരാൻ റോഡിലെ ബ്ലോക്ക് കാരണം രണ്ട് മണിക്കൂറിലേറെ എടുത്തു.

ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രാന്തി ചിത്രകലാ ക്യാമ്പി​ന്റെ സംഘാടകരിൽ പ്രധാനിയും കേക്കേയെല്ലം ഫൗണ്ടേഷ​ന്റെ സ്ഥാപകനുമായ ഇന്ത്യയിലെ പ്രശസ്ത ചിത്രകാരൻ ബിനോയ് വർഗീസ് ക്യാമ്പി​ന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി ഒരുദിവസം മുമ്പേ ഡൽഹിയിൽനിന്ന് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തിയിരുന്നു. അദ്ദേഹത്തെ ആദ്യമായാണ് ഞങ്ങളിൽ പലരും കാണുന്നത്.

 

ബ്രഹ്മപുത്രയിലൂടെ ചിത്രമെഴുത്തുകാരുടെ സംഘം നീങ്ങുന്നു

പത്ത് ദിവസത്തെ പ്രോഗ്രാമിൽ ഞങ്ങൾക്ക് ധാക്ക നഗരം സന്ദർശിക്കാൻ സംഘാടകർ അനുവദിച്ചത് മൂന്നു പകലുകളായിരുന്നു. സന്ദർശിക്കേണ്ട സ്ഥലങ്ങളെല്ലാംതന്നെ സംഘാടനത്തിൽ പങ്കാളികളായ പ്രീമാ ഫൗണ്ടേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. അതുപ്രകാരം അടുത്ത ദിവസം രാവിലെ മധ്യകാല ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായ ഓൾഡ് ധാക്കയിലെ ദയ്മണ്ടിയിൽനിന്ന് തിരക്കേറിയ റോഡിലൂടെ ഒരു മണിക്കൂർ യാത്രചെയ്ത് മുംബൈ ഗല്ലികളെ ഓർമിപ്പിക്കുന്ന ചെറുവഴികളിലൂടെ ഞങ്ങളെയുംകൊണ്ട് ഡ്രൈവർ ഷോബൂസ് ലാൽബാഗ് കോട്ടയുടെ മുന്നിലെത്തി. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കൽക്കത്തയിലെ പോലെ അനേകം റിക്ഷകൾ യാത്രക്കാരെ കാത്തു കിടക്കുന്നുണ്ട്​.

കോട്ടക്കുള്ളിലേക്ക് പ്രവേശിക്കാൻ കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി ചിത്രകാരൻ സോപൻ മുന്നിലും ഞങ്ങൾ പിന്നിലുമായി നടന്നു. ‘ചുവന്ന പൂന്തോട്ടം’ എന്നർഥം വരുന്ന ലാൽബാഗിൽനിന്നാണ് കോട്ടക്ക് ആ പേര് ലഭിച്ചത്. ലാൽബാഗ് എന്ന പദം മുഗൾ കാലഘട്ടത്തിലെ ചുവപ്പും പിങ്കും കലർന്ന വാസ്തുവിദ്യയെ സൂചിപ്പിക്കുന്നതാ​െണന്ന് സോപൻ വിവരിച്ചു (ഇന്ത്യാ വിഭജനത്തിന് മുമ്പ് കോട്ടയുടെ യഥാർഥ പേര് ഫോർട്ട് ഔറംഗബാദ് എന്നായിരുന്നു). ഔറംഗസേബ് ചക്രവർത്തിയുടെ മകനും ഭാവി മുഗൾ ചക്രവർത്തിയുമായിരുന്ന മുഹമ്മദ് അസം ഷാ രാജകുമാരനാണ് 1678ൽ ഗവർണർ ഭവനമായി കോട്ടയുടെ നിർമാണം ആരംഭിച്ചത്. രാജകുമാരനെ പിതാവ് തിരിച്ചുവിളിച്ചശേഷം, കോട്ടയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് ഷൈസ്ത ഖാനായിരുന്നു.

ഷൈസ്ത ഖാന്റെ മകൾ പാരി ബീബിയുടെ മരണം, കോട്ട മോശം ശകുനം കൊണ്ടുവന്നുവെന്ന ഷൈസ്ത ഖാന്റെ അന്ധവിശ്വാസം കാരണം, നിർമാണം നിർത്തി​െവച്ചു. പിന്നീട് പാരി ബീബിയെ കോട്ടക്കുള്ളിൽ അടക്കംചെയ്തതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. അഷ്ടഭുജാകൃതിയിലുള്ള താഴികക്കുടത്താൽ നിർമിച്ചതും പിച്ചള തകിടിൽ പൊതിഞ്ഞതുമായ നിർമാണരീതിയിലുള്ള ഒരു ചെറു കോട്ടയിലാണ് പാരി ബീബിയുടെ ശരീരം അടക്കംചെയ്തിട്ടുള്ളത്. കോട്ടയുടെ അകത്തെ ഭിത്തി മുഴുവൻ വെള്ള മാർബിൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു.

മൂന്ന് കോട്ടകളുള്ള ഈ സമുച്ചയത്തിൽ മുഗൾ ഗവർണറുടെ ഭവനം, പാരിബീബിയുടെ ശവകുടീരം കൂടാതെ ഒരു മസ്ജിദും നിർമിച്ചിട്ടുണ്ട്. പാരി ബീബിയുടെ ശവകുടീരം ഈ സമുച്ചയത്തിന്റെ നടുവിലാണ്. ചെങ്കോട്ട, ഫത്തേപ്പൂർ സിക്രി തുടങ്ങി മുഗൾ കോട്ടകളുടെ ചെറിയ പതിപ്പായാണ് ലാൽബാഗ് കോട്ട രൂപകൽപന ചെയ്തിട്ടുള്ളത്. ബുരിഗംഗ നദിയുടെ തീരത്തായിരുന്നു കോട്ട. പിന്നീട് കോട്ടക്കരികിൽനിന്ന് കാലങ്ങൾകൊണ്ട് നദി പിൻവാങ്ങിയതായും കോട്ടയുടെ ചുവരിൽ കൊത്തിവെച്ചിട്ടുണ്ട്.

എ.കെ 47 പിടിച്ച പട്ടാളവസ്ത്രമണിഞ്ഞ യുവാക്കൾ കോട്ടയുടെ മതിലിന് ചുറ്റും നിൽക്കുന്നതു കണ്ടു. ഞങ്ങൾ ഇന്ത്യയിൽനിന്നാ​െണന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിൽനിന്ന് ചെറുപുഞ്ചിരിയോടെ ഒരു ഗൈഡ് വന്ന് കോട്ടക്കുള്ളിലെ പ്രധാനമായും പാരി ബീബിയുടെ ശവകുടീരം കാണിക്കാൻ കൊണ്ടുപോയി. ഇളംപച്ച നിറത്തിലുള്ള ശവകുടീരത്തിൽ മുഗൾ കാലിഗ്രഫിയും ഡിസൈനുകളും ആലേഖനം ചെയ്തിരിക്കുന്നു.

ഇന്ന് ധാക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലംകൂടിയാണ് ലാൽബാഗ് കോട്ട. നിരവധി പീരങ്കികൾ കോട്ടക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മുഗൾ ഭരണത്തി​ന്റെ ഏറ്റവും അംഗീകൃത ചിഹ്നങ്ങളിലൊന്നാണ് ലാൽബാഗ് കോട്ട. കോട്ടയുടെ മതിൽകെട്ടിനുള്ളിൽ നഗരത്തിലെ ജലസേചന സൗകര്യങ്ങൾക്കുവേണ്ടി ചാലുകീറി ഇഷ്ടികകൾകൊണ്ട് നീളത്തിൽ പടുത്തുയർത്തിയ കാഴ്ച ആരെയും ആകർഷിക്കും. അന്നത്തെ ഭരണസംവിധാനത്തി​ന്റെ പ്രധാന മാതൃകയാണ് കോട്ടക്കുള്ളിലെ ജലസംവിധാനത്തി​ന്റെ നിർമിതികൾ.

ഉച്ചയോടുകൂടി ഞങ്ങൾ കോട്ട കണ്ട് മടങ്ങി. ഇളം ചുവപ്പ് നിറമുള്ള കോട്ടയുടെ വാസ്തുവിദ്യാ സൗന്ദര്യം ഞങ്ങൾ സ്കെച്ച് ബുക്കുകളിൽ പകർത്തി പുറത്തേക്ക് നടക്കുമ്പോഴാണ് ഒരേക്കറോളം വീതിയും നീളവും ആഴവുമുള്ള വറ്റിവരണ്ട, ഇരുമ്പു കമ്പികൾകൊണ്ട് മറച്ച ഒരു കുളം കണ്ടത്. ഈ കുളം കുഴിച്ചത് പ്രധാനമായും പാരിബീബിയുടെ സ്നാനത്തിനു വേണ്ടിയായിരുന്നുവെന്ന് ധാക്കയിലെ ചിത്രകാരൻമാരാണ് പിന്നീട് പറഞ്ഞുതന്നത്. ഇന്ന് ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു അടയാളമായാണ് ഈ കുളം അറിയപ്പെടുന്നത്.

ലിബറേഷൻ വാർ മ്യൂസിയം

നമ്മുടെ കാലഘട്ടത്തിലെ കലാകാരൻമാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ലിബറേഷൻ വാർ മ്യൂസിയം എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സോപൻ ഞങ്ങളെ വാർ മ്യൂസിയത്തിലേക്ക് കൊണ്ടുപോയത്. മാർച്ച് നാലിന്​ ഉച്ചക്ക് ശേഷമായിരുന്നു അഗർഗാവിലെ ‘വാർ മ്യൂസിയ’ത്തിൽ ഞങ്ങളെത്തുന്നത്. മ്യൂസിയം ഒരു വലിയ യുദ്ധക്കപ്പലിനോട് സാമ്യമുള്ളതായിരുന്നു. അതി​ന്റെ കൊടിമരങ്ങൾ ദൂരെനിന്നുപോലും കാണാം. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ജലാശയത്തിൽ നിൽക്കുന്ന ഒരു നിത്യജ്വാലയാണ്.

പാകിസ്താനുമായുള്ള ബംഗ്ലാദേശ് യുദ്ധത്തി​ന്റെ ഓർമകളുടെ പ്രതീകമായാണ് ആ കെടാവിളിക്ക്. തൊട്ടുപിറകിലെ ചുവരിൽ ‘ഈ മ്യൂസിയം ഓരോ പൗരന്റെയും പരിശ്രമത്തി​ന്റെ ഫല’മെന്ന് ഇംഗ്ലീഷിലും ബംഗ്ലയിലും ചെമ്പുതകിടിനു മുകളിൽ കൊത്തിവെച്ചിരിക്കുന്നതും കണ്ടു. 3500 ചതുരശ്ര മീറ്റർ ഗാലറി സ്ഥലവും വിശാലമായ സ്വീകരണമുറികളും അത്യാധുനിക സാങ്കേതികവിദ്യയുമുൾപ്പെടുത്തിയാണ് വാർ മ്യൂസിയം നിർമിച്ചിരിക്കുന്നത്.

രണ്ടാം നിലയിൽനിന്നാണ് മ്യൂസിയത്തി​ന്റെ ഗാലറികൾ ആരംഭിക്കുന്നത്. സന്ദർശകർ രണ്ടാം നിലയിലേക്ക് പ്രവേശിക്കണമെങ്കിൽ ‘റാംപ്’ പോലെയുള്ള ഒരു ചരിവിലൂടെ നടക്കണം. റാമ്പിന്റെ മതിലുകളിൽ ബംഗ്ലാദേശിന്റെ പുരാതനവും സമകാലികവുമായ കാഴ്ചകൾ സിമന്റ് റിലീഫിലൂടെ ചെയ്തുവെച്ചിട്ടുണ്ട്. യുദ്ധ തടവുകാരായ സാധാരണക്കാരുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും ഓർമ പേടകമായ ലിബറേഷൻ വാർ മ്യൂസിയത്തിൽനിന്ന് മാത്രമേ നമുക്ക് ബംഗ്ലാദേശിന്റെ കലാ പരിസരത്തേക്ക് കടക്കാനാകൂ.

 

ധാക്ക ഫൈൻ ആർട്സ് യൂനിവേഴ്സിറ്റി

‘‘1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തി​ന്റെ സ്മരണ നിലനിർത്താനുള്ള ഒരു ഉപാധിയായി എട്ട് പേരടങ്ങുന്ന ഒരു ട്രസ്റ്റി ബോർഡി​ന്റെ മുൻകൈയിലാണ് ലിബറേഷൻ വാർ മ്യൂസിയം ആരംഭിക്കുന്നത്. പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചും യുദ്ധവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളുമായി ജനങ്ങളോട് മുന്നോട്ടുവരാൻ പത്രക്കുറിപ്പ് ഇറക്കിയുമാണ് ഇതിന് തുടക്കം കുറിച്ചത്. പത്രവാർത്തയറിഞ്ഞ് 21,000ത്തിലധികം പുരാവസ്തുക്കളുമായി യുദ്ധത്തിൽ പങ്കെടുത്തവരും അവരുടെ ബന്ധുക്കളും ട്രസ്റ്റികൾക്ക് മുന്നിലെത്തി. ആ യുദ്ധവുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കളാണ് ഗാലറിയുടെ നിലകളിൽ കാത്തിരിക്കുന്നത്. 2017 ഏപ്രിൽ 16നാണ് ഔദ്യോഗികമായി ഈ വാർ മ്യൂസിയം തുറന്നുകൊടുക്കുന്നത്’’ എന്നു പറഞ്ഞ് സൗപർണിക ഞങ്ങളെ മ്യൂസിയം ഗാലറിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.

യുദ്ധാനുഭവങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് ഗാലറികൾ രൂപകൽപന ചെയ്തിരിക്കുന്നത്. മോണോക്രോം ഫോട്ടോകളും യുദ്ധത്തിന് ധരിച്ചിരുന്ന വസ്ത്രങ്ങൾപോലെയുള്ള സമാന വസ്തുക്കളുമാണ് ആദ്യത്തെ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ധാക്കയിലെ ലിബറേഷൻ വാർ മ്യൂസിയം (LWM) വിമോചനയുദ്ധത്തിന്റെ മാത്രമല്ല, പതിറ്റാണ്ടുകളായി ബംഗ്ലാദേശ്​ രൂപവത്കരണത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെയും കഥ പറയുന്നത​ുമാണ്. ബംഗ്ലാദേശ് പോലെ വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, മ്യൂസിയം കേവലം വിദ്യാഭ്യാസത്തിനോ വിനോദത്തിനോ വേണ്ടിയുള്ള ഒന്നല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിപരമായ ഓർമകളുടെ ഒരിടംകൂടിയാണ്. അത്തരം ഒരിടത്തേക്കാണ് ഞങ്ങൾ പ്രവേശിക്കുന്നതെന്ന് കലാകാരന്മാരായ ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഗാലറിയുടെ രണ്ടാമത്തെ ഹാളിൽ ഇന്ത്യാ വിഭജനത്തിനു മുമ്പുള്ള ബംഗ്ലാദേശിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിരിക്കുന്നു. യുദ്ധവിമാനങ്ങൾ ഞങ്ങളുടെ തലക്ക് മുകളിലൂടെ പറക്കുന്നതുപോലെ തോന്നി. ബുദ്ധ, ഹിന്ദു നാഗരികതകൾ മുതൽ, മുഗളന്മാരുടെ ഭരണത്തെക്കുറിച്ചും, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിൻവാങ്ങലും സ്വാതന്ത്ര്യസമരത്തിന്റെ പിറവിയുമെല്ലാം വിഷ്വൽ ​ഡെസ്കുകളിലും ചുവരുകളിലും ക്രമീകരിച്ചുവെച്ചിട്ടുണ്ട്. ക്യാപ്റ്റൻ ലക്ഷ്മിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും ചിത്രങ്ങൾ ചുവരിൽ സ്ഥാപിച്ചിട്ടുണ്ട്.

അവിടെതന്നെ 1971ലെ വിമോചനയുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങൾ, പത്ര കട്ടിങ് ചിത്രങ്ങളുടെ കാൻവാസ് പ്രിന്റുകൾ എന്നിവയുടെ ബൃഹദ് ശേഖരമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമോചനയുദ്ധത്തിൽനിന്നുള്ള ഭക്തിസാന്ദ്രമായ ഇനങ്ങൾ നിഴലും വെളിച്ചവും സമന്വയിപ്പിച്ച് ഇൻസ്റ്റലേഷൻപോലെ സിമന്റുതറകളിൽ സ്ഥാപിച്ചിരിക്കുന്നു. യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ബംഗ്ലാദേശിന്റെ പാരമ്പര്യമുഖമായ കടത്തുവഞ്ചികൾ ഗാലറിയുടെ നിലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതു കാണാം. ദൈനംദിന വസ്തുക്കൾ, യുദ്ധോപകരണങ്ങൾ കൂടാതെ, വിഡിയോ സ്ക്രീനുകളും ജനങ്ങളുടെ ദുരവസ്ഥയും അഭയാർഥികളുടെ ഭയവും യുദ്ധത്തിന്റെ ഭീകരതയും ദൃശ്യവത്കരിച്ചിരിക്കുന്നു.

ഓപറേഷൻ ​െസർച്ലൈറ്റ് –കിഴക്കൻ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളിലൊന്ന്, തുരങ്കംപോലെയുള്ള ഒരിരുണ്ട മുറിയിൽ ശബ്ദവിന്യാസത്തോടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. യുദ്ധസമയത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന അപാരമായ യാതനകൾ ഹൃദയസ്പർശിയായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നാമത്തെ നിലയിൽ ബംഗ്ലാദേശ് വിമോചന പോരാട്ടങ്ങളുടെ പ്രതിഷ്ഠാപനങ്ങളോടൊപ്പം സൈനുൽ ആബിദിന്റെ 1943ലെ ബംഗാൾ ക്ഷാമത്തെക്കുറിച്ചുള്ള അനേകം ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. അതോടൊപ്പംതന്നെ 1969ൽ അഗർതല ഗൂഢാലോചനക്കേസിൽ രക്തസാക്ഷിയായ കലാകാരനും സർജന്റുമായിരുന്ന സഹുറുൽ ഹഖ് വരച്ച പെയിന്റിങ്ങുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സഹുറുൽ മരത്തടികളിൽ കൊത്തുപണികൾ ചെയ്യാറുണ്ടായിരുന്നു. വരച്ച ചിത്രത്തോടൊപ്പം സഹുറുൽ ഉപയോഗിച്ചിരുന്ന പാലറ്റും ബ്രഷുകളും വളരെ പ്രാധാന്യത്തോടുകൂടിയാണ് മ്യൂസിയം നിലനിർത്തിയിരിക്കുന്നത്. ദേശീയതയുടെയും മനുഷ്യവിമോചനത്തി​ന്റെയും ചിന്തകൾ കലാകാരൻമാരെ പ്രചോദിതരാക്കിയെന്നും കലാകാരൻ എന്നും മനുഷ്യപക്ഷത്ത് ചേർന്ന് നിൽക്കേണ്ടവനാണെന്നുമുള്ള ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ കാഴ്ച.

മ്യൂസിയത്തി​ന്റെ ഓരോ നിലയിലും യുദ്ധത്തി​ന്റെയും യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീ മുന്നേറ്റത്തിന്റെയും ദാരിദ്ര്യത്തി​ന്റെയും പ്രളയത്തിന്റെയുമൊക്കെ കാഴ്ച ഞങ്ങളെ സംബന്ധിച്ച് കാൻവാസിലേക്ക് പകർത്താനുള്ള മോട്ടീഫുകൾകൂടിയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് യുദ്ധത്തി​ന്റെ ദുരന്തമുഖങ്ങൾ വിഷ്വൽഡെസ്കുകളിൽനിന്ന് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ കനത്ത വേദന കോറിയിട്ടത്.

മ്യൂസിയം കാഴ്ചയുടെ വേദനയേറിയ ഓർമകളുമായാണ് ഞങ്ങൾ ധാക്കാ ഫൈൻ ആർട്സ് സർവകലാശാല സന്ദർശിച്ചത്. 1948ൽ ശിൽപാചാര്യ സൈനുൽ ആബിദി​ന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മൂന്നു ഡിപ്പാർട്മെന്റുകൾ മാത്രമുണ്ടായിരുന്ന ഫൈൻ ആർട്ട് ഫാക്കൽറ്റി ഇന്ന് എട്ടോളം ഡിപ്പാർട്മെന്റുകളും എൺപതോളം സ്ഥിരാധ്യാപകരുമായി മുന്നോട്ടുപോകുന്നു.

വിശാലമായ കാമ്പസും മനോഹരമായ നടപ്പാതകളും നിറയെ വൃക്ഷങ്ങളുമുള്ള കാമ്പസ് കൽക്കത്തയിലെ ശാന്തിനികേതൻ സർവകലാശാലയെ ഓർമിപ്പിച്ചു. മതപരമായി വിഭജിക്കപ്പെടുകയും പുനഃസ്ഥാപിക്കുകയും ചെയ്ത ബംഗ്ലാദേശിൽ സ്വതന്ത്ര കലാപ്രവർത്തനം അസാധ്യമെന്ന മുൻവിധിയോടെയാണ് ഞങ്ങൾ കാമ്പസിലെത്തിയത്. എന്നാൽ, ശിൽപകലാ വിഭാഗത്തിലെ ധാരാളം വിദ്യാർഥിനികൾ ഊർജസ്വലതയോടെ മരച്ചുവടുകളിലിരുന്ന് ഉളിയും മുട്ടികയുമായി ശിൽപനിർമാണത്തിലും ചിത്രരചനയിലും ഏർപ്പെട്ടിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ‘കലയിൽ യാഥാസ്ഥിതികരെ’ന്ന് പുറംലോകം വിളിക്കുന്ന ഒരു സമൂഹം തന്നെയാണോ ഇത് നിർമിച്ചതെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

 

വാർ മ്യൂസിയത്തിനു മുന്നിൽ ലേഖകനും സുഹൃത്തും

എന്നാൽ, ശിൽപകലാ ഡിപ്പാർട്മെന്റുകളിൽ എത്തിയപ്പോൾ ക്രിയാത്മകമായ പുരോഗതിയുണ്ടോ എന്ന സന്ദേഹം ഉയർന്നു. പരിമിതമായ തോതിലെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടന്ന് അധ്യാപകരുമായിട്ടുള്ള സംഭാഷണങ്ങളിൽനിന്ന് മനസ്സിലായി. എന്നാൽ, വിദ്യാർഥികൾ ചിലതരം കരകൗശല വേലകളിലാണ് കൂടുതൽ ഫോക്കസ് ചെയ്യുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഒരുപക്ഷേ കലാകാരന്മാർ ജീവിത യാഥാർഥ്യങ്ങളോട് പൊരുതേണ്ടതു​െണ്ടന്നും, സാമാന്യ മനുഷ്യനൊപ്പം യാഥാർഥ്യങ്ങളുടെ ലോകത്ത് തുല്യനാ​െണന്നുമുള്ള പാഠവുമായിരിക്കാം ഇത്തരം പരിശീലനത്തിലൂടെ അവർക്ക് ലഭ്യമാകുന്നത്.

പെയിന്റിങ് ഡിപ്പാർട്മെന്റിൽ അക്കാദമിക് പഠനങ്ങളായ ഛായാചിത്ര പരിശീലനം, ലൈഫ് ഡ്രോയിങ്, സ്റ്റിൽ ലൈഫ് എന്നിവയിൽ സജീവമായ ക്ലാസന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇവിടെനിന്നും പുറത്തുവരുന്ന കലാ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തും കലാപരമായ ഗവേഷണങ്ങളിൽ വലിയ വിജയം നേടിയിട്ടുണ്ട്. തങ്ങളുടെ കലാ പരിശീലനങ്ങളിലൂടെ ലോകമെമ്പാടും രാജ്യത്തി​ന്റെ മഹത്ത്വവും അഭിമാനവും പ്രചരിപ്പിക്കുന്നതായി അവരുടെ സംഭാഷണങ്ങളിൽനിന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഗ്രാഫിക്, പ്രിന്റ് മേക്കിങ് ഡിപ്പാർട്മെന്റുകളുടെ ചിട്ടയോടെയുള്ള പരിശീലനങ്ങൾ നമ്മുടെ നാട്ടിലെ ഫൈനാർട്സ് കോളജുകളിൽനിന്ന് വ്യത്യസ്തമായാണ് കാണാൻ കഴിഞ്ഞത്. ഇത് പൂർണമായും വാണിജ്യ കലയോട് ചേർന്നുനിൽക്കുന്നതിനാൽ പൂർണസജ്ജരായ പ്രഫഷനലുകളായി അവിടത്തെ വിദ്യാർഥികൾ വികസിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു.

1971 മാർച്ച് 25ന് ശേഷം പാകിസ്താൻ സൈന്യം ബംഗ്ലാദേശിലെ ജനങ്ങൾക്കുനേരെ ആക്രമണം നടത്തിയപ്പോൾ, ആർട്ടിസ്റ്റ് കമറുൽ ഹസൻ പാക് ഭരണാധികാരി യഹ്‍യാ ഖാ​ന്റെ മുഖഭാവത്തോടെ ‘ഈ പിശാചുക്കളെ ഉന്മൂലനം ചെയ്യുക’ എന്നെഴുതിയ ഒരു പോസ്റ്റർ തയാറാക്കി. ഈ പോസ്റ്റർ വലിയ ആവേശം സൃഷ്ടിക്കുകയും വിമോചന യുദ്ധത്തിൽ പങ്കെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തത് ചരിത്രമാണ്. ഈ കാലത്തുതന്നെ നിതുൻ കുണ്ടു (1936-2007), പ്രാണേഷ് മണ്ഡൽ തുടങ്ങിയ കലാകാരൻമാരും വിമോചനയുദ്ധത്തിൽ പ്രചോദനാത്മകമായ പോസ്റ്ററുകൾ നിർമിച്ച് തങ്ങളുടേതായ പങ്ക് നിർവഹിച്ചിട്ടുണ്ട്. എങ്ങനെയാണ് വിവിധ കലാശാഖകളിൽ പ്രവർത്തിക്കുന്നവർ അവരുടേതായ ചരിത്രദൗത്യങ്ങളിലൂടെ താൻ ജീവിക്കുന്ന സമൂഹത്തെ ചലനാത്മകമാക്കുന്നതെന്ന് മുൻകാല കലാകാരൻമാരുടെ സംഭാവനയിലൂടെ കാണാൻ കഴിയും.

പ്രിന്റ് മേക്കിങ് ഡിപ്പാർട്മെന്റിൽ വിദ്യാർഥികൾ ചിലർ പുതിയ സൃഷ്ടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രോയിങ്ങുകൾ തയാറാക്കുന്നുണ്ടായിരുന്നു. മികച്ച കൈയടക്കത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയും മാത്രമേ തികഞ്ഞ ഒരു പ്രിന്റ് മേക്കർ ആവാൻ കഴിയൂ. മറ്റു ചിലർ വുഡ് കട്ട് പ്രിന്റിനു വേണ്ടിയുള്ള വുഡൻ ബ്ലോക്ക് തയാറാക്കുന്ന തിരക്കിലായിരുന്നു. അവർ മൾട്ടി കളർ പ്രിന്റുകൾ തയാറാക്കുന്നതി​ന്റെ വൈഷമ്യം നിറഞ്ഞ ഘട്ടങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരം പ്രിന്റിങ് രീതികൾ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തി​ന്റെ കാലത്തും ബംഗ്ലാദേശ് വിമോചനസമര കാലത്തും ചുവരുകളിൽ പതിക്കാനുള്ള പോസ്റ്ററുകൾ തയാറാക്കാനും വേണ്ടി ഉപയോഗിച്ചിരുന്നതായി അവിടത്തെ കലാ വിദ്യാർഥികൾ സംഭാഷണങ്ങൾക്കിടയിൽ സൂചിപ്പിക്കുകയുണ്ടായി.

പെയിന്റിങ് ഡിപ്പാർട്മെന്റുകളിൽ ചെന്നപ്പോൾ ചിത്രകാരൻ പ്രഭാകരനെയും ശിൽപി കൃഷ്ണകുമാറിനെയും കുറിച്ച് അവിടത്തെ അധ്യാപകർ ധാരാളം സംസാരിക്കുകയുണ്ടായി. വിശാലമായ ഇടനാഴികളും വരാന്തകളും ധാരാളമുള്ള, സിമന്റ് പ്രധാന നിർമാണമാധ്യമമായി ഉപയോഗിക്കാത്ത തികച്ചും പരിസ്ഥിതി സൗഹൃദമായ ചുടുകട്ടകളാൽ നിർമിച്ചിരിക്കുന്ന യൂനിവേഴ്സിറ്റി ഫൈനാർട്സ് കെട്ടിടം വിദ്യാർഥികളുടെയും ബംഗ്ലാദേശ് സമൂഹത്തിന്റെയും സൗന്ദര്യബോധത്തെ ഗുണപരമാക്കിത്തീർക്കുമെന്ന് കാമ്പസ് കണ്ടിറങ്ങുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി.

ആറാം തീയതി, ധാക്കാ നഗരത്തിലെ താമസം അവസാനിപ്പിച്ച് ചിത്രകലാ ക്യാമ്പ് നടക്കുന്ന ഗായിബന്ദ ജില്ലയുടെ ഉൾപ്രദേശമായ ഫുൽ ചാരി ഗ്രാമത്തിലെ ഫ്രൻഡ്ഷിപ് സെന്ററിലെത്താൻ പ്രീമാ ഫൗണ്ടേഷൻ ഏർപ്പാടു ചെയ്ത വാഹനത്തിൽ അതിരാവിലെതന്നെ ഞങ്ങളുടെ സംഘം പുറപ്പെട്ടു. വിദൂരമായി പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾക്കും ചോളവയലുകൾക്കും കരിമ്പിൻ പാടങ്ങൾക്കും നടുവിലൂടെ ഞങ്ങളുടെ വാഹനം കടന്നുപോയി. ഇടക്കിടക്ക് വയലുകളിലെ ഇഷ്ടികക്കളങ്ങളിൽനിന്ന് ആകാശത്തേക്ക് പുക തുപ്പുന്നുണ്ടായിരുന്നു.

പാടങ്ങൾക്കരികിലെ ഉയർന്ന പ്രദേശങ്ങളിൽ തകര ഷീറ്റടിച്ച ഗ്രാമീണരുടെ വീടുകൾ വെയിലിൽ വെന്തുരുകുന്നപോലെ തോന്നി. ഓരോ വീടിനരികിലും ജലസേചനത്തിനും സ്വന്തം ആവശ്യത്തിനുമുള്ള ചെറിയ കുളങ്ങൾ കാണാം. കാഴ്ചകളോരോന്നും കണ്ട് ഞങ്ങളുടെ വാഹനം ബംഗ്ലാദേശിലെ പ്രധാന നദികളായ യമുനയും ഗംഗയും ഒന്നിച്ചുചേരുന്ന ബ്രഹ്മപുത്ര നദിക്കരയിലെത്തി. ഞങ്ങൾ എല്ലാവരും നദിയിലിറങ്ങാതെ കടൽപോലെ പരന്നുകിടക്കുന്ന, വായിച്ചറിഞ്ഞ ബ്രഹ്മപുത്ര നദിയിലേക്ക് ആശ്ചര്യത്തോടെ നോക്കിനിന്നു.

ഞങ്ങളെക്കാത്ത് ചിത്രകലാ ക്യാമ്പി​ന്റെ സംഘാടകരായ ഫ്രൻഡ്ഷിപ് സെന്ററി​ന്റെ ‘മലർ’ എന്ന പേരെഴുതിയ പരമ്പരാഗത രീതിയിൽ തടിയിൽ പണിത മുപ്പതോളംപേർക്ക് യാത്ര ചെയ്യാവുന്ന ഒരു ചെറു പത്തേമാരി നദിയിൽ കിടക്കുന്നുണ്ടായിരുന്നു. അതി​ന്റെ അകത്തളത്തിൽ മൂന്നു മുറികളും അടുക്കളയും തീൻമുറിയും മനോഹരമായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

 

ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നവർ

ഞങ്ങളുടെ ബോട്ടുയാത്രയിൽ ധാക്കയിൽനിന്നുള്ള ചിത്രകാരൻമാരും കൂടെയുണ്ടായിരുന്നു. ബോട്ടുയാത്ര തുടങ്ങിയപ്പോൾ ബൗൾസംഗീതത്തെ ഓർമിപ്പിച്ചുകൊണ്ട് ബംഗ്ല ഭാഷയിലുള്ള നാടൻപാട്ടുകൾ അവർ ഉച്ചത്തിൽ പാടി. കത്തുന്ന വെയിലിൽ ഞങ്ങളെയുംകൊണ്ട് നദിയിലൂടെ ‘മലർ’ ഗയ്ബന്ധ ജില്ല ലക്ഷ്യമാക്കി നീങ്ങുമ്പോൾ ചുട്ടവെയിലിൽ തൊഴിൽ തേടി ധാക്കയിലേക്ക് കുതിച്ചു പോകുന്ന ചെറു യന്ത്രബോട്ടുകൾ കാണാമായിരുന്നു. ഇടക്കിടക്ക് വലയിട്ട് മീൻപിടിക്കുന്ന ചെറുതോണികളിൽനിന്ന് മീൻ പിടിക്കുന്നവർ കൈ വീശി കാണിച്ചു. വെള്ള​െപ്പാക്കത്തിൽ എക്കൽ മണ്ണ് രൂപപ്പെട്ടുണ്ടായ ചില ദ്വീപുകൾക്കരികിലൂടെയായിരുന്നു ഞങ്ങളെയുംകൊണ്ട് ‘മലർ’ നീങ്ങിക്കൊണ്ടിരുന്നത്.

നീണ്ട അഞ്ചു മണിക്കൂർ യാത്രക്കുശേഷം വൈകുന്നേരമായപ്പോൾ ധാരാളം കടത്തുവള്ളങ്ങളും ചരക്കുബോട്ടുകളുമുള്ള ബ്രഹ്മപുത്രയുടെ മറുകരയിൽ ഞങ്ങൾ ഇറങ്ങി. നദീതീരം മുഴുവൻ കിലോമീറ്ററോളം കരിമണൽ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു. വലിയ ലോറികൾ വന്ന് അവ ലോഡുകളാക്കി ദൂരേക്ക് പൊടി പാറിച്ച് പോകുന്നത് കണ്ടു. ഞങ്ങളെ കണ്ടപ്പോൾ നദീതീരത്ത് നിന്നിരുന്ന ആളുകൾ അടുത്ത് വന്ന് എവിടുന്നാ​െണന്ന് ചോദിച്ചു. ഇന്ത്യയിൽനിന്ന​ാെണന്നറിഞ്ഞപ്പോൾ ഹിന്ദിയറിയാവുന്ന ചിലയാളുകൾ ഷാറൂഖ് ഖാന്റെയും ആമീർഖാ​ന്റെയും സിനിമയെക്കുറിച്ച്​ ചോദിച്ചു.

സംഘാടകർ കൊണ്ടുവന്ന ബസിൽ വീണ്ടും ഞങ്ങൾ കയറി. ബസ് സർവിസുകളൊന്നുമില്ലാത്ത ഗയ്ബന്ധയിലെ ഫുൽച്ചാരി ഗ്രാമത്തിലെത്താൻ ഇനിയും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. വീണ്ടും വിശാലമായ കൃഷിയിടങ്ങൾക്കും തിരക്കേറിയ ചെറുനഗരങ്ങൾക്കും ഇടയിലൂടെ ബസ് കടന്നുപോയി. യാത്രയിൽ ഇന്ത്യൻ കാർഷിക സംസ്കാരത്തി​ന്റെ ഒരു പരിച്ഛേദംതന്നെയാണ് ബംഗ്ലാദേശിൽ നിറഞ്ഞുനിൽക്കുന്നതെന്ന് മനസ്സിലായി. രാത്രി എട്ടരയോടെ ഫുൽച്ചാരിയിലെ ഫ്രൻഡ്ഷിപ് സെന്ററിലെത്തുമ്പോൾ കനത്ത തണുപ്പിലായിരുന്നു ഗ്രാമം മുഴുവൻ. ആ തണുപ്പിലും ഞങ്ങളെ സ്വീകരിക്കാൻ ഫ്രൻഡ്ഷിപ് സെന്ററിലെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് അതിരാവിലെ ഉണർന്ന് പുറത്തേക്ക് നടക്കാൻ കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. പ്രഭാത നടത്തങ്ങളിൽ മലയാളിക്ക് ചായകുടി ഒരു ശീലമാണല്ലോ. ഏതൊരു നാടിനെയുമറിയാൻ അവിടത്തെ ഗ്രാമങ്ങളിലൂടെ നടക്കണം. വായു ശ്വസിക്കണം. മനുഷ്യരെ അടുത്തറിയണം. ഭക്ഷണം രുചിച്ചറിയണം.താമസിക്കുന്ന ഫ്രൻഡ്ഷിപ് സെന്ററിൽ ചായ കിട്ടുമെങ്കിലും തൊട്ടടുത്തുള്ള മൊദോനെർ പാരാ ബസാറിൽ നേരം പുലരും മുമ്പ് തുറക്കുന്ന ചായക്കടകളിൽനിന്നായിരുന്നു ഞങ്ങൾ ഗ്രാമത്തെ തൊട്ടറിയാൻ തുടങ്ങിയത്. ആംഗ്യ ഭാഷയിലൂടെ ആവശ്യമനുസരിച്ച് ‘വിത്തും’ ‘വിത്തൗട്ടും’ ഓർഡർ നൽകി ഇഞ്ചിയും കറുകപ്പട്ടയുമിട്ട ചായ ഞങ്ങൾ കുടിച്ചുതുടങ്ങി. രണ്ടു ദിവസം വേണ്ടിവന്നു ‘ചിന്ന സാദാ’ എന്ന മധുരമില്ലാത്ത ചായ കിട്ടാൻ. സാരിത്തലപ്പുകൊണ്ട് തലമറച്ച മുപ്പതിനും നാൽപതിനും ഇടയിൽ പ്രായമുള്ള സുന്ദരികളായ സ്ത്രീകളാണ് മിക്ക കടകളിലും പാചകം ചെയ്യുന്നവർ.

എഴുപത് വയസ്സിന് മുകളിലുള്ള വൃദ്ധർ തലയിൽ മഫ്ലർ കെട്ടി ഉടുമുണ്ട് പുതച്ച് മരബെഞ്ചുകളിലിരുന്നാണ് നമ്മുടെ ഗ്രാമങ്ങളിലെ പോലെ നാട്ടുവർത്തമാനങ്ങൾ പറയുന്നത്. ബംഗ്ല അറിയാത്തതുകൊണ്ട് ഞങ്ങൾ അവരോട് പരസ്പരം ചിരിക്കുകയും അവർക്ക് ഹിന്ദി മനസ്സിലാകുമെന്ന് കരുതി വലിയ വായിൽ ഞങ്ങൾ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു.

മെദോന പാരാബസാറിൽനിന്നും മടങ്ങുന്ന വഴിയാണ് വിശാലമായ നെൽവയൽ പാടത്ത് ഒരു സ്കൂൾ കണ്ടത്. ഞങ്ങൾ പാടവരമ്പിലൂടെ നടന്ന് സ്കൂൾ മുറ്റത്തെത്തി. തകരഷീറ്റുകൾകൊണ്ട് മറച്ച സ്വകാര്യ സ്കൂളായിരുന്നു അത്. ഞങ്ങളെ കണ്ടപ്പോൾ ഒരാൾ ഇറങ്ങിവന്നു. സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ മുഹമ്മദ് ഇക്ബാൽ, ഈ സ്കൂളി​ന്റെ പ്രിൻസിപ്പലാണ്’’ എന്ന് പറഞ്ഞ് മൺതറയുള്ള ഓഫിസ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഓഫിസി​ന്റെ തുറന്ന ജനവാതിലുകളിലൂടെ വിശാലമായ പാടങ്ങളുടെ ലാൻഡ് സ്കേപ്പുകൾ കാണാം.

നല്ല കാറ്റും വെളിച്ചവുമുള്ള അന്തരീക്ഷം. പാടങ്ങളിലൊക്കെ കെട്ടിടങ്ങൾ പണിയാമോ എന്നു ചോദിച്ചപ്പോൾ ‘‘ഇത് ഒരു സ്വകാര്യ സ്കൂളാണ്’’ കുഴപ്പമി​െല്ലന്ന് പറഞ്ഞു. ഫീസ് വാങ്ങി​െക്കാണ്ടാണ് പഠിപ്പിക്കുന്നത്. ഞങ്ങളുടെ സംഭാഷണം കുട്ടികളുടെ പഠനത്തിന് തടസ്സമാകുമെന്ന് കരുതി അവിടെനിന്ന് യാത്ര പറഞ്ഞു മടങ്ങി. പരിസ്ഥിതി സൗഹൃദ രീതിയിലാണ് സ്കൂൾ അന്തരീക്ഷമെങ്കിലും തകരഷീറ്റുകൾ ഉപയോഗിച്ച നിർമിതിയായതുകൊണ്ട് വേനൽക്കാലങ്ങളിലെ സ്കൂൾ ദിനങ്ങൾ ഉരുകിയൊലിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.

മദ്യപാനികളായ ആളുകളെ ഗ്രാമത്തിലൊരിടത്തും കാണാൻ കഴിഞ്ഞില്ല. എൺപതും തൊണ്ണൂറും വയസ്സുള്ള ആരോഗ്യവാൻമാരായ വൃദ്ധർ ഗ്രാമവഴികളിലൂടെ നടക്കുന്നത് എപ്പോഴും നമുക്ക് കാണാൻ കഴിയും. മദ്യമില്ലാത്തത് ഗ്രാമങ്ങളിലെ ചെറുപട്ടണങ്ങൾക്ക് ശാന്തതയുടെ പരിവേഷം നൽകുന്നുണ്ട്. ദാരിദ്ര്യം ഉ​െണ്ടങ്കിലും സംഘർഷരഹിതമായ പശ്ചാത്തലമാണ് അവിടെ കാണാൻ കഴിഞ്ഞത്. ഗ്രാമങ്ങളിലെ ഒന്നു രണ്ടിടങ്ങളിൽ കാളിക്ഷേത്രങ്ങൾ കാണാനായി. ഇസ്‍ലാമിക് രാജ്യമായിരുന്നിട്ടും ഒരൊറ്റ മനുഷ്യർപോലും അവിടെ ക്ഷേത്രങ്ങൾക്ക് നേരെ കല്ലെറിഞ്ഞതായി കേട്ടില്ല. ഗ്രാമങ്ങളിൽതന്നെ ഹിന്ദു വിഭാഗത്തിൽപെട്ട ആളുകളെയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

 

ചിത്രകാരന്മാർ ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിക്കുമൊപ്പം 

ഇന്ത്യയിൽനിന്നെത്തിയവരെന്ന നിലയിൽ വളരെയധികം പരിഗണനയാണ് ഞങ്ങൾക്ക് അവിടെനിന്ന് ലഭിച്ചത്. ഗ്രാമചന്തകളെല്ലാം രാവിലെതന്നെ ഈറ്റക്കൊട്ടയും കൈയിലേന്തി തൂപ്പുകാർ വൃത്തിയാക്കുന്നത് വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നെല്ല്, ചോളം, തിന, കരിമ്പ് തുടങ്ങിയ വിളകളാൽ ഗ്രാമങ്ങൾ സമൃദ്ധമാ​െണങ്കിലും ഉത്തരേന്ത്യയിലെ പോലെ ഭൂഉടമകളുടെ കൈയിലാണ് അവയെല്ലാം. പുരുഷൻമാരാണ് മിക്ക കൃഷിയിടങ്ങളിലും പണിയെടുക്കുന്നത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകാറുള്ള ഗ്രാമങ്ങളായതുകൊണ്ട് വീടുകളെല്ലാം തന്നെ തകരഷീറ്റുകൾകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ഭൂനിരപ്പിൽനിന്ന് അൽപം ഉയർത്തി, തടികൾകൊണ്ടാണ് വീടി​ന്റെ സ്ട്രക്ചറുകൾ നിർമിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഓരോ വീടിന്റെയും നിർമാണ രീതി.

ബട്ടിക്കാമരി ചാർ

മഴക്കാലങ്ങളിൽ ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ എക്കൽ മണ്ണ് രൂപപ്പെട്ട് ധാരാളം ചെറു ദ്വീപുകൾ ഉണ്ടാകാറുണ്ട്, ചാർ എന്നാണ് ഇവ​ക്ക്​ ബംഗ്ലയിലുള്ള വിളിപ്പേര്. ബംഗ്ലാദേശിലെ ചാറുകൾ (ദ്വീപ്) അഞ്ച് ഉപമേഖലകളായി തിരിച്ചിരിക്കുന്നു. ജമുന, ഗംഗ, പത്മ, അപ്പർ മേഘ്ന, ലോവർ മേഘ്ന എന്നീ നദികളുടെ പേരിൽ. ഈ നദികളിലെ മണലും ചളിയും നിറഞ്ഞ ഭൂപ്രദേശങ്ങളിൽ (ചാർലാൻഡുകളിൽ) അഞ്ച് ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്നുണ്ട്. ഇത്തരം ദ്വീപുകൾ നദിയിലെ വെള്ളപ്പൊക്കം കൊണ്ടുതന്നെ അപ്രത്യക്ഷമാകാറുമുണ്ട്. ഇങ്ങനെ രൂപപ്പെട്ട മുന്നൂറ്റി അറുപതോളം ചെറുതും വലുതുമായ ജനവാസമുള്ള ദ്വീപുകൾ ബ്രഹ്മപുത്രയിലുണ്ട്. അത്തരത്തിൽ ആറു വർഷം മുമ്പ് രൂപപ്പെട്ട ഒന്നായിരുന്നു ബട്ടിക്കാമരി ചാർ/ ദ്വീപ്. അവിടെയായിരുന്നു ഞങ്ങളുടെ സംഘം അവസാനമായി സന്ദർശിച്ചത്.

 

ബട്ടിക്കാമരി ദ്വീപിലെ ഫ്രൻഡ്ഷിപ് സെന്റർ സ്റ്റോർ

ഫുൽച്ചാരിയിൽനിന്ന് അതിരാവിലെയാണ് സംഘാടകർ കൊണ്ടുവന്ന ബസിൽ ബട്ടിക്കാമരി ദ്വീപിലേക്ക് പുറപ്പെട്ടത്. ഗയ് ബന്ധ ജില്ലയിൽ ബോട്ടിറങ്ങിയ അതേ തീരത്തുനിന്നായിരുന്നു ബട്ടിക്കാമരി ദ്വീപിലേക്കും പോകേണ്ടിയിരുന്നത്. അരമണിക്കൂർ അവിടെനിന്ന് മറ്റൊരു ചെറു ബോട്ടിൽ യാത്രചെയ്ത് നോക്കെത്താദൂരം കിടക്കുന്ന പഞ്ചാരമണൽപരപ്പു കരയിൽ ഇറങ്ങി. കരയിൽനിന്ന് ഇരുപത് മിനിറ്റോളം ചുട്ടുപൊള്ളുന്ന പൂഴിപ്പരപ്പിലൂടെ നടന്നാണ് ദ്വീപിലെ ആദ്യത്തെ ഗ്രാമത്തിലെത്തിയത്. ചോളവയലുകൾക്ക് നടുവിലൂടെ ഞങ്ങൾ ബട്ടിക്കാമരിയിലെ ആദ്യത്തെ ഗ്രാമത്തിലെത്തി. അവിടെ തഴച്ചു വളർന്ന ചോളവും നെല്ലും വാഴയും പയറുവർഗങ്ങളും പച്ചക്കറികളും ഞങ്ങളെ അത്ഭുതപ്പെടുത്തി. കാരണം ആറു വർഷം മുമ്പ് രൂപപ്പെട്ട ദ്വീപിൽ, സർക്കാറി​ന്റെ ഒരു സഹായവുമില്ലാതെ,​ ജനം കഠിനാധ്വാനം ചെയ്താണ് ഇത്രയും പച്ചപ്പുണ്ടാക്കിയത്.

ഞങ്ങൾക്ക് താമസമൊരുക്കിയ ഫ്രൻഡ്ഷിപ് സെന്റർ എന്ന എൻ.ജി.ഒ ആണ് ഈ ദ്വീപുകളുടെ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. മണൽപ്പരപ്പുകളെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളാക്കി മാറ്റിയതിന് പിന്നിൽ ഫ്രൻഡ്ഷിപ് സെന്ററി​നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വർഷാവർഷം ആവർത്തിക്കുന്ന ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽനിന്ന് ആ ദ്വീപിനെയും ജനതയെയും അവർ സംരക്ഷിക്കുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും കൂടുതൽ സുരക്ഷിതമായ മറ്റു ദ്വീപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചും, കൃഷിയിലും ജനങ്ങളുടെ ആവശ്യം കഴിഞ്ഞ് വരുന്ന ഉൽപന്നങ്ങളെ ഏറ്റെടുത്ത് ഇടനിലക്കാരിൽനിന്ന് രക്ഷിച്ചും മികച്ച ശുചിത്വമുള്ള ജീവിതരീതികൾക്ക് വേണ്ടുന്ന ഉറച്ച പിന്തുണയുമായി ഫ്രൻഡ്ഷിപ് സെന്റർ നിലകൊള്ളുന്നു.

ബംഗാളിന്റെ രാഷ്ട്ര പുരോഗതിയിൽ വ്യവസായ മേഖലകൾക്കൊപ്പം സ്ഥാനമുണ്ട് കാർഷികമേഖലക്ക്. പരിമിതമായ ജീവിതസാഹചര്യങ്ങളോട് പൊരുതി വെയിലും മഴയും മഞ്ഞുമേറ്റ് കൃഷിചെയ്യുന്ന ചാർലാൻഡുകളിലെ കറുത്ത മനുഷ്യരുടെ വിയർപ്പാണത്. കുറ്റമറ്റ ജലസേചന സംവിധാനം, കൃഷി സംരക്ഷണ പരിപാടികൾ, കാർഷിക വിളകളുടെ സംരക്ഷണം എന്നിവയെല്ലാം ചേരുമ്പോൾ മാത്രമാണ് കർഷകന് മികച്ച കാർഷികോൽപാദനം സാധ്യമാകുന്നത്. ബട്ടിക്കാമരി ചാർ ഇത്തരത്തിലൊന്നാണ്. രാസവളങ്ങൾ ഒഴിവാക്കിയും ജലസേചനത്തിനായി ചെറിയ കുളങ്ങൾ കുഴിച്ചും നദിയിൽനിന്ന് വലിയ ​െപെപ്പുകളിലൂടെയും ​െകെത്തോടുകളിലൂടെയുമാണ് പാടങ്ങളിലേക്കുള്ള ജലസേചനം സാധ്യമാക്കുന്നത്. മണ്ണിനെയും വിളകളെയും കുളങ്ങളെയും മലിനമാക്കാതെ, ദ്വീപുകളുടെ സ്വാഭാവികതക്ക് കോട്ടംതട്ടാത്ത രീതിയിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യരെയാണ് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത്.

മഴക്കാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ മണ്ണുതേച്ച വീടും ചാണകത്തറകളും ചുവരുകൾക്ക് മറയായി ഉപയോഗിക്കുന്ന തകരവും ചിലപ്പോൾ ചണത്തിന്റെ കമ്പുകൾ തന്നെയും മേച്ചിലായും ചുവരുകളായും നിലനിർത്തി പരിസ്ഥിതി സൗഹൃദ സ്വാഭാവികത നിലനിർത്തുന്നുണ്ട് ദ്വീപിലെ സാധാരണക്കാരായ മനുഷ്യർ. ​െവെദ്യുതിക്കായി സോളാർ പാനലുകളെ മാത്രമാണവർ ആശ്രയിക്കുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത സാധാരണ ദ്വീപ് ജനത ലോകത്തിന് കാണിച്ചുതരുന്നത് വ്യത്യസ്തവും പ്രസക്തവുമായ കാര്യങ്ങളാണ്.

 

സഹുറുൽ ഹഖ് ഉപയോഗിച്ച പെയിന്റിങ് കളറുകളും ബ്രഷുകളും

കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മകളെ ഓർമിപ്പിക്കുന്ന ഒരു കാഴ്ച കാണാനിടയായി ഈ ദ്വീപിൽ. സ്ത്രീകളുടെ കൂട്ടായ്മകൾ വിവിധ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് കടും ചുവപ്പ് ഷീറ്റ് വിരിച്ച നടുമുറ്റത്ത് ചതുരാകൃതിയിൽ കൂടിയിരിക്കുന്നു. അതിന് ഒത്ത നടുവിൽ കമ്പുകൾകൊണ്ട് ത്രികോണാകൃതിയുണ്ടാക്കി അതിനെ മൂന്നായി തിരിച്ച് ഓരോന്നിലും വിവിധതരത്തിലുള്ള പച്ചക്കറികളും ധാന്യങ്ങളും പാലുൽപന്നങ്ങളും വെച്ചിരിക്കുന്നു. സ്ത്രീകൾക്ക് ലഭിക്കേണ്ട പോഷണത്തെ പറ്റിയും അതിനവർ എന്ത് കഴിക്കണമെന്നതിനെ കുറിച്ചുമുള്ള ആരോഗ്യ പരിരക്ഷ ക്ലാസാണത്. ക്ലാസ് നയിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും ഒരു നഴ്സും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനോട് ചേർന്നു തന്നെ ചെറിയ ക്ലിനിക്കും മരുന്നു വിതരണം ചെയ്യുന്നതിനായി മറ്റ് മെഡിക്കൽ അംഗങ്ങളുടെ സഹായവും അവിടെ കാണാനിടയായി. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. നവീന രീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ തലമുറ ഈ ദ്വീപിൽ രൂപപ്പെട്ടുവരുന്നുണ്ട്.

ഉച്ചയാകുമ്പോഴേക്കും ഞങ്ങൾ ദ്വീപിലെ മറ്റൊരു ഗ്രാമത്തിലേക്ക് രണ്ട് കിലോമീറ്ററോളം നടന്നു. അവിടെ ദ്വീപിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു വീവിങ് സെന്ററിൽ എത്തിച്ചേർന്നു. അവിടെ സ്ത്രീകൾ മാത്രമായി കൂടിയിരുന്ന് നൂൽനൂൽക്കുന്നതും നെയ്യുന്നതും പുതിയ വസ്ത്രോൽപന്നങ്ങൾ ‘ഡിസൈൻ’ ചെയ്യുന്നതും കണ്ടു. അതിലൂടെ അവർ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ൈ​കവരിക്കുകയും ചെയ്യുന്നുണ്ട്.

സ്വന്തമായി അധ്വാനിച്ച് കുടുംബം പോറ്റുന്ന സ്ത്രീ ചിന്തകൾക്ക് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ഇവിടെ സ്ത്രീകളും പുരുഷന്മാരും തുല്യമായി അധ്വാനിച്ച് നല്ലൊരു സമൂഹം സൃഷ്ടിക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. വെള്ളത്താൽ ചുറ്റപ്പെട്ട് പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഒരു ജനസമൂഹം, കാർഷികവൃത്തിയിലൂടെ മാത്രം സമ്പാദിച്ച് ലോകത്തിനു മുന്നിൽ തലയുയർത്തി ജീവിക്കുന്നത് ഒരുപക്ഷേ ലോകത്ത് വളരെ അപൂർവമായിരിക്കും. പത്തു ദിവസത്തെ ബംഗ്ലാദേശ് യാത്രയിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ട ഒരു കാര്യം ജീവിതത്തിലും കലയിലും അധ്വാനശീലരായ ഒരു യുവസമൂഹം ബംഗ്ലാ ഗ്രാമങ്ങളിൽനിന്നും ഒറ്റപ്പെട്ട ചെറുദീപുകളിൽനിന്നും വളർന്നുവരുന്നുണ്ട് എന്നതാണ്.

=======

മത്തായി കെ.ടി, സുധയദാസ്, ധന്യ എം.സി, അഖിൽ മോഹൻ, ഷിബി ബാലകൃഷ്ണൻ, രാഹുൽ ബാലകൃഷ്ണൻ, സ്മിത എം. ഷിജിത് തുടങ്ങിയ കലാകാരന്മാരുടെ കുറിപ്പുകൾകൂടി ഇൗ യാത്രാവിവരണത്തിൽ ഏകോപിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.