കടലില്‍ ഒരു വിമാനത്താവളം

ജപ്പാൻ്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ ഒാസക സന്ദർശിക്കുന്ന ലേഖകൻ അവിടുത്തെ വിശേഷങ്ങളെഴുതുന്നു. തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തില്‍നിന്ന് അഞ്ചര മണിക്കൂര്‍ യാത്രക്കുശേഷം ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ ഓസകയിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രാദേശിക സമയം രാവിലെ ഏഴുമണിയോട് അടുത്തിരുന്നു. കടലില്‍ കൃത്രിമമായി ഉണ്ടാക്കിയ ഒരു ദ്വീപില്‍ പണിത ഈ വിമാനത്താവളത്തിലേക്ക് വന്നിറങ്ങുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. പ്രഭാതം പൊട്ടിവിടര്‍ന്ന സമയമായതിനാല്‍...

ജപ്പാൻ്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ ഒാസക സന്ദർശിക്കുന്ന ലേഖകൻ അവിടുത്തെ വിശേഷങ്ങളെഴുതുന്നു. 

തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തില്‍നിന്ന് അഞ്ചര മണിക്കൂര്‍ യാത്രക്കുശേഷം ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ ഓസകയിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രാദേശിക സമയം രാവിലെ ഏഴുമണിയോട് അടുത്തിരുന്നു. കടലില്‍ കൃത്രിമമായി ഉണ്ടാക്കിയ ഒരു ദ്വീപില്‍ പണിത ഈ വിമാനത്താവളത്തിലേക്ക് വന്നിറങ്ങുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. പ്രഭാതം പൊട്ടിവിടര്‍ന്ന സമയമായതിനാല്‍ അധികം ദൂരെയല്ലാതെ മലകള്‍, കടലില്‍ അങ്ങിങ്ങായി ചെറു തുരുത്തുകള്‍ എന്നിവ കണ്ടാണ് ഞങ്ങള്‍ ലാൻഡ് ചെയ്തത്. നഗരത്തില്‍നിന്ന് ഏതാണ്ട്​ അമ്പതു കിലോമീറ്റര്‍ മാറിയാണ് കന്‍സായി വിമാനത്താവളം.

ഓസക നഗരത്തോട് ചേര്‍ന്ന് മറ്റൊരു വിമാനത്താവളംകൂടിയുണ്ട് -ഇറ്റാമി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഓസക ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. അടുത്ത കാലം വരെ ചില അന്താരാഷ്ട്ര സര്‍വിസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രധാനമായും ആഭ്യന്തര സര്‍വിസുകളാണ് ഇവിടെനിന്നുള്ളത്. ക്യോട്ടോ, കോബെ തുടങ്ങിയ നഗരങ്ങളില്‍ എത്തേണ്ട വിദേശ യാത്രക്കാരും കന്‍സായി വിമാനത്താവളത്തെയാണ് ആശ്രയിക്കാറുള്ളത്. ഓസക ബേയിലെ കാന്‍കുജിമ എന്നറിയപ്പെടുന്ന നാലു കിലോമീറ്റര്‍ നീളവും രണ്ടു കിലോമീറ്റര്‍ വീതിയുമുള്ള കൃത്രിമ ദ്വീപിലാണ് കന്‍സായി വിമാനത്താവളം പണിതിരിക്കുന്നത്.

വര്‍ധിച്ചുവരുന്ന യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഓസക ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് കഴിയാതെ വന്നപ്പോഴാണ് പുതിയൊരു വിമാനത്താവളത്തെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. പ്രമുഖ ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് റെന്‍സോ പിയാനോ രൂപകല്‍പന ചെയ്ത ഈ എയര്‍പോര്‍ട്ട് കടല്‍ നികത്തി നിര്‍മിച്ച ലോകത്തെ ആദ്യ വിമാനത്താവളംകൂടിയാണ്. മൂന്നു മലകള്‍ തുരന്നെടുത്ത കല്ലും മണലുമാണ് വിമാനത്താവളത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചത്.

എയര്‍പോര്‍ട്ടിനെ കരയുമായി ബന്ധിപ്പിക്കുന്നത് ഏതാണ്ട് 3.7 കിലോമീറ്റര്‍ നീളമുള്ള പാലമാണ്. പാലത്തിലൂടെയുള്ള യാത്രയില്‍ ഓസക ബേയുടെ മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താനാവും. പാലം കടന്നാല്‍ എത്തുന്നത് റിങ്കു ടൗണില്‍. ഇവിടത്തെ ഗേറ്റ് ടവര്‍ പ്രസിദ്ധമാണ്. അബെനോ ഹാറുകാസ് എന്നറിയപ്പെടുന്ന ഓസകയിലെ അബെനോബാഷി ടെര്‍മിനല്‍ ബില്‍ഡിങ്, യോകോഹാമയിലെ ലാൻഡ്മാര്‍ക്ക് ടവര്‍ എന്നിവ കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് റിങ്കു ഗേറ്റ് ടവര്‍. ഇസുമിസാനോ നഗരത്തിന്‍റെ ഭാഗമായ റിങ്കു ടൗണിലെ ഗേറ്റ് ടവറിന് 256 മീറ്റര്‍ ഉയരമുണ്ട്. കുത്തനെയുള്ള മൂന്ന് ടവറുകളാണ് റിങ്കു ഗേറ്റ് ടവറിന്‍റെ പ്രത്യേകത. താഴത്തെ നിലയില്‍ ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഹാളും മധ്യത്തില്‍ വ്യാപാര കേന്ദ്രങ്ങളും അനുബന്ധ ഓഫിസുകളും. ഏറ്റവും ഉയരത്തില്‍ ഗേറ്റ് ടവര്‍ ഹോട്ടലുമാണ്.

ആറായിരത്തോളം ജോലിക്കാര്‍ 38 മാസം പണിയെടുത്താണ് കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത്. നിര്‍മാണത്തിന്‍റെ തിരക്കുപിടിച്ച ഘട്ടങ്ങളില്‍ പതിനായിരത്തോളം തൊഴിലാളികള്‍ വരെ ജോലിചെയ്തിരുന്നു. 20 വര്‍ഷത്തെ ആസൂത്രണവും മൂന്നു വര്‍ഷത്തെ പ്രവൃത്തിയും രണ്ടായിരം കോടി ഡോളറിനുമേല്‍ നിര്‍മാണ ചെലവും വന്ന ഈ വന്‍കിട വിമാനത്താവളം ജപ്പാന്‍റെ വിസ്മയ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1994 ജൂണില്‍ ഉദ്ഘാടനം നടന്നെങ്കിലും സെപ്റ്റംബര്‍ നാലിനാണ് എയര്‍ ട്രാഫിക്കിന് തുറന്നുകൊടുത്തത്.

കടലില്‍ പണിതതിനാല്‍ വിമാനത്താവളം അല്‍പാല്‍പമായി മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനകം 38 അടി താഴ്ചയിലേക്ക് എത്തിയെന്നാണ് വാര്‍ത്ത. വര്‍ഷത്തില്‍ രണ്ടു മുതല്‍ നാലു സെന്‍റിമീറ്റര്‍ വരെ കടലിലേക്ക് താഴുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദ്വീപ് 5.7 മീറ്റര്‍ മുങ്ങുമെന്ന് നേരത്തേ കണക്കാക്കപ്പെട്ടിരുന്നെങ്കിലും അതിനെ മറികടക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. തിരക്കുപിടിച്ച ഈ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അപകടകരമായ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മറ്റൊരു വിമാനത്താവളം പണിയാനുള്ള പദ്ധതിയും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് നാലു മാസത്തിനു ശേഷം 1995 ജനുവരി 17ന് കോബെ നഗരത്തില്‍ വലിയ ഭൂകമ്പമുണ്ടായി. ഭൂകമ്പമാപിനിയില്‍ 6.7 രേഖപ്പെടുത്തിയ കുലുക്കത്തിന്‍റെ പ്രഭവകേന്ദ്രം വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. രാജ്യത്തെ പ്രധാന ദ്വീപായ ഹോന്‍ഷുവിനെ ഞെട്ടിച്ച ഭൂകമ്പത്തില്‍ 6434 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ ഭൂകമ്പം വിമാനത്താവളത്തിന് നേരിയ കേടുപാടുകളേ ഉണ്ടാക്കിയുള്ളൂ.

കോബെ ദുരന്തത്തിന് ഇരയായവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് നടന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററോളം വേഗതയില്‍ ആഞ്ഞടിച്ച 1998ലെ കൊടുങ്കാറ്റിനെയും കെന്‍സായി അന്താരാഷ്ട്ര വിമാനത്താവളം അതിജീവിക്കുകയുണ്ടായി. ഇതൊക്കെയാണെങ്കിലും നൂറ്റാണ്ടിലെ നിര്‍മാണ വൈഭവത്തിന് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എൻജിനീയേഴ്സ് 2001ല്‍ തിരഞ്ഞടുത്ത 10 കെട്ടിടങ്ങളില്‍ കെന്‍സായി എയര്‍പോര്‍ട്ടും ഉള്‍പ്പെടും.

മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ജപ്പാനിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, ഓരോ ദിവസത്തെയും താമസം എവിടെ തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ആഭ്യന്തര യാത്രയുടെ ടിക്കറ്റുകള്‍ അപേക്ഷക്കൊപ്പം വെക്കേണ്ടതില്ലെങ്കിലും ഓരോ ദിവസവും തങ്ങുന്ന ഹോട്ടലുകളുടെ ബുക്കിങ് നിര്‍ബന്ധം. ഏതെങ്കിലും ദിവസത്തെ ബുക്കിങ് ഇല്ലെങ്കില്‍ അതുകൂടി ചേര്‍ത്ത് അപേക്ഷയുമായി വീണ്ടും വരാന്‍ എംബസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും.

അതിനാല്‍, ഹോട്ടല്‍ ബുക്കിങ് മാത്രം എംബസിയെ ബോധിപ്പിച്ചു. ആഭ്യന്തര യാത്രക്ക് വിമാനത്തേക്കാള്‍ ബുള്ളറ്റ് ട്രെയിനുകളായിരിക്കും നല്ലതെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. രണ്ടാഴ്ചക്കുള്ള യാത്രയാണെങ്കില്‍ ട്രെയിനുകളില്‍ യാത്രചെയ്യാനുള്ള ജെ.ആര്‍ പാസുകള്‍ ഓണ്‍ലൈന്‍ വഴി എടുക്കുന്നതായിരിക്കും സൗകര്യവും ലാഭകരവും. ഒരാഴ്ചയില്‍ കുറഞ്ഞ ദിവസത്തേക്കുള്ള യാത്രയാണെങ്കില്‍ ജെ.ആര്‍ പാസ് നഷ്ടമായിരിക്കും.

ഓസകയില്‍നിന്ന് ടോക്യോയിലേക്ക് വിമാനയാത്രയുടെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ പത്തു മിനിറ്റാണ്. തിരക്കേറിയ ഹനേദ, നാരിത എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് നിരവധി കമ്പനികള്‍ സർവിസ് നടത്തുന്നുണ്ട്. ഓത നഗരത്തിലെ ഹനേദകുകോയിലാണ് ഹനേദ എയര്‍പോര്‍ട്ട്. ടോക്യോ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്ന പേരിലും ഇതറിയപ്പെടുന്നു. സെന്‍ട്രല്‍ ടോ​േക്യായിലേക്ക് ഇവിടെനിന്നുള്ള അകലം ഏതാണ്ട് 18 കിലോമീറ്ററാണ്. ടാക്സിയിലാണെങ്കില്‍ അര മണിക്കൂറില്‍ താഴെ സമയം വേണം. നാരിത ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ടോക്യോ നഗരത്തില്‍നിന്ന് 65 കിലോമീറ്റര്‍ ദൂരെയാണ്. വിമാനമിറങ്ങി ഒരു മണിക്കൂറെങ്കിലും യാത്ര ചെയ്തുവേണം നഗരത്തിലെത്താന്‍.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര, സുരക്ഷാ പരിശോധന, കാത്തിരിപ്പ്, ടോക്യോയില്‍ വിമാനമിറങ്ങി ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര എന്നിവക്കുള്ള സമയം കണക്കിലെടുക്കുമ്പോള്‍ 514 കിലോമീറ്റര്‍ താണ്ടാന്‍ വെറും രണ്ടര മണിക്കൂര്‍ മാത്രമെടുക്കുന്ന ഷിന്‍കന്‍സെന്‍ എന്നറിയപ്പെടുന്ന ബുള്ളറ്റ് ട്രെയിനാണ് 15,300 യെന്‍ (ഉദ്ദേശം പതിനായിരം രൂപ) മുടക്കിയാലും ഓസക-ടോക്യോ യാത്രക്ക് ഏറ്റവും നല്ലത്. പ്രതിദിനം മുപ്പതോളം ബുള്ളറ്റ് ട്രെയിനുകള്‍ ഇരു നഗരങ്ങള്‍ക്കുമിടയില്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സീസണുകളില്‍ ടിക്കറ്റ് നിരക്ക് ഉയരാറുണ്ട്.

ജെ.ആര്‍ പാസ് എടുക്കുന്നതാണ് ലാഭകരമെന്ന് പറഞ്ഞല്ലോ. എന്നാല്‍, ഈ പാസ് ഉപയോഗിച്ച് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാനാവില്ല. വ്യത്യസ്ത കമ്പനികള്‍ ഓപറേറ്റ് ചെയ്യുന്നതാണ് ജപ്പാനിലെ ട്രെയിന്‍ ഗതാഗതം. ഉദാഹരണത്തിന് ഓസക-ടോക്യോ യാത്ര റൂട്ടില്‍ ഏറ്റവും വേഗത്തില്‍ എത്താന്‍ നോസോമി ട്രെയിന്‍ തിരഞ്ഞെടുക്കണം. ഓസകക്കും ടോക്യോക്കുമിടയില്‍ ഷിനഗാവ, ഷിന്‍ യോകോഹാമ, നഗോയ, ക്യോട്ടോ എന്നീ നാലു സ്റ്റേഷനുകളില്‍ മാത്രമേ ട്രെയിന്‍ നിർത്തുകയുള്ളൂ. കൂടുതല്‍ സർവിസും ഈ കമ്പനിയുടേതാണ്. എന്നാല്‍, ജെ.ആര്‍ പാസ് ഉപയോഗിച്ച് ഇതില്‍ യാത്ര ചെയ്യാനാവില്ല. ഹികാരി, കൊദാമ എന്നീ കമ്പനികളും ഈ റൂട്ടില്‍ ഓപറേറ്റ് ചെയ്യുന്നു. ഹികാരിയില്‍ ജെ.ആര്‍ പാസ് സ്വീകരിക്കും. യാത്രാസമയം മൂന്നു മണിക്കൂറോളം വരും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്നതിനാല്‍ കൊദാമയിലെ യാത്ര നാലു മണിക്കൂര്‍ എടുക്കും.

ഹിരോഷിമയിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കാന്‍ ഓസക തിരഞ്ഞെടുത്തതിനു പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ല. ബാങ്കോക്കില്‍നിന്ന് ഓസകയിലേക്ക് കൂടുതല്‍ വിമാന സര്‍വിസ് ലഭ്യമായതിനാല്‍ സന്ദര്‍ശന പട്ടികയില്‍ ഈ നഗരവും ഉള്‍പ്പെടുത്താമെന്ന് കരുതി. മാത്രമല്ല, ടോക്യോ, ഓസക നഗരങ്ങളില്‍നിന്ന് ഹിരോഷിമയിലേക്ക് ഏതാണ്ട് ഒരേ ദൂരമാണ്. ധാരാളം കോട്ടകളും പുരാവസ്തുക്കളുമുള്ള ഓസക ജപ്പാന്‍റെ സാമ്പത്തിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ടോക്യോയും യോകോഹോമയും കഴിഞ്ഞാല്‍ ജനസംഖ്യയില്‍ മൂന്നാമത്തെ വലിയ നഗരമാണിത്. 2020ലെ കാനേഷുമാരി അനുസരിച്ച് 27 ലക്ഷമാണ് ഓസക നഗരത്തിലെ ജനസംഖ്യ.

ആധുനിക രീതിയില്‍ രൂപകല്‍പന ചെയ്ത നഗരം പൈതൃകങ്ങളെ പ്രത്യേക പരിരക്ഷ നല്‍കി സംരക്ഷിച്ചു പോരുന്നു. അതില്‍ എടുത്തുപറയേണ്ടതാണ് ഓസക ജോ എന്നറിയപ്പെടുന്ന ഓസക കാസിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പല കൗതുകങ്ങളും ഉദയസൂര്യന്‍റെ നാട് ലോകത്തിന് സമ്മാനിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകളാണ് അവയിലൊന്ന്. ക്രിസ്തുവിനു മുമ്പ് പത്താം നൂറ്റാണ്ടു മുതല്‍ ജപ്പാന്‍കാര്‍ കോട്ടകള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നുവെന്ന് ചരിത്രം പറയുന്നു.

ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്നതുപോലെ രാജകുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളായല്ല ജപ്പാനിലെ കോട്ടകള്‍ പണിതത്. വന്യമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ആക്രമണത്തില്‍നിന്ന് സംരക്ഷണ കവചമായി കിടങ്ങുകളാണ് ആദ്യകാലത്ത് പണിതിരുന്നത്. പിന്നീട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സംഘര്‍ഷങ്ങളും ഉണ്ടായതോടെ വലിയ മതിലുകള്‍ പണിതു തുടങ്ങി. സാഗ പ്രിഫെക്ചറിലെ യോഷിനോഗാരിയിലെ മതിലുകളുടെ അവശിഷ്ടങ്ങള്‍ ഇതിനു തെളിവാണ്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ഒടുവിലും പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമാണ് ശത്രുക്കളുമായുള്ള പോരാട്ടങ്ങളില്‍നിന്ന് രക്ഷനേടാന്‍ വലിയ കോട്ടകള്‍ പണിതു തുടങ്ങിയത്.

1576ലാണ് കൂടുതല്‍ സന്നാഹങ്ങളോടെയുള്ള ആദ്യ കോട്ട പണിയുന്നത്. ഇന്നത്തെ ഷിഗ സംസ്ഥാനത്തെ ഓമിഹാചിമാനിലെ മലമുകളിലാണ് അസൂചി ജോ എന്ന ഈ കോട്ട. ചരിത്രപ്രാധാന്യമുള്ള കേന്ദ്രമായി 1926ല്‍ ഇത് പ്രഖ്യാപിക്കപ്പെട്ടു. പിന്നീടങ്ങോട്ട് കോട്ടകള്‍ പ്രതാപത്തിന്‍റെ കേന്ദ്രങ്ങള്‍കൂടിയായി. പ്രതിരോധ ഉദ്ദേശ്യങ്ങള്‍ക്കല്ല, ഭരണവര്‍ഗത്തിന്‍റെ രാജകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംവിധാനമായി അവ മാറി.

ചില കോട്ടകള്‍ പണിതിരുന്നത് പല തട്ടുകളിലായാണ്. 17ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഷോഗുന്‍ തോക്കുഗാവ ജപ്പാന്‍റെ ഏകീകരണം പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പുതിയ കോട്ടകളുടെ നിര്‍മാണത്തിന് ഉത്തരവിട്ടു. ആകെ 25,000ത്തിലേറെ കോട്ടകള്‍ ഇവ്വിധം നിര്‍മിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പല കോട്ടകള്‍ക്കും ചുറ്റുമായി പില്‍ക്കാലത്ത് നഗരങ്ങള്‍ രൂപംകൊള്ളുകയുണ്ടായി.

ഒസാക നഗരം

കല്ലും മരവുമാണ് കോട്ടകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ഏക്കര്‍കണക്കിന് ഭൂമിയിലാണ് പല കോട്ടകളും നിലനില്‍ക്കുന്നത്. ഉപരോധങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവേശനം അസാധ്യമാക്കുന്നതിനായിരുന്നു ഇത്. ഇതിന്‍റെ മികച്ച ഉദാഹരണമാണ് ഓസക കാസ്ൽ. 10 ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് 1583ല്‍ ഈ കോട്ട പണിതുയര്‍ത്തിയതെന്ന് അതിന്‍റെ അകത്തുള്ള ഫലകത്തില്‍ വായിക്കാന്‍ കഴിഞ്ഞു. മനോഹരമായ കോട്ടക്കു ചുറ്റുമുള്ള പാര്‍ക്കും അതീവ സുന്ദരമാണ്. 1931ലാണ് പാര്‍ക്ക് തുറന്നത്. വിദേശികളെപ്പോലെ തദ്ദേശീയരെയും ഇവിടെ സന്ദര്‍ശകരായി കണ്ടു. ചെറി ബ്ലോസം (സാകുറ) സീസണായ വസന്തകാലത്തും ഇലപൊഴിയുന്ന ശരത്കാല സീസണിലും (കോയോ) സന്ദര്‍ശകരുടെ ഒഴുക്കാണ് ഇവിടേക്ക്.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ ഭാഗഭാക്കായതോടെ കോട്ടകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും അവ ആയുധ സൂക്ഷിപ്പ് കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതുകാരണം പ്രമുഖ നഗരങ്ങളിലെ കോട്ടകള്‍ അമേരിക്കയുടെ ആക്രമണ ലക്ഷ്യങ്ങളായി. നിരവധി കോട്ടകള്‍ അമേരിക്കന്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നു. അവയില്‍ ചിലത് യുദ്ധാനന്തരം അറ്റകുറ്റപ്പണികള്‍ നടത്തി പുനരുജ്ജീവിപ്പിക്കുകയുണ്ടായി. പുനര്‍നിര്‍മാണത്തിന് കോണ്‍ക്രീറ്റാണ് ഉപയോഗിച്ചത്. അതിനാല്‍, അവയുടെ പാരമ്പര്യ നിര്‍മാണചാതുരി ചിലതെങ്കിലും നഷ്ടപ്പെടുകയുണ്ടായി. പൂര്‍ണമായും പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് നിലനില്‍ക്കുന്ന കോട്ടകളുടെ എണ്ണം ഇന്ന് ഒരു ഡസന്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഹ്യോഗോ സംസ്ഥാനത്തെ ഹിമെജി കാസിൽ 1993ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുകയുണ്ടായി.

ഷിന്‍റോയും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങള്‍. രാജ്യത്തിന്‍റെ സംസ്കാരത്തോളം പ്രായമുണ്ട് ഷിന്‍റോ മതത്തിന്. ബുദ്ധമതം ഇവിടെ എത്തുന്നത് ആറാം നൂറ്റാണ്ടിലാണ്. ബുദ്ധമതത്തിന്‍റെ ആഗമനം ഇരു മതധാരകളുടെയും അനുയായികള്‍ക്കിടയില്‍ തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. അത് അന്നത്തെ കഥ. ഇന്ന് ഇരു മതക്കാരും അടുത്ത സഹവര്‍ത്തിത്വത്തോടെയാണ് കഴിയുന്നത്. എത്രത്തോളമെന്നാല്‍ ഇരു മതങ്ങളിലെയും ആരാധനകളെ ഒരുപോലെ കൊണ്ടുനടക്കുന്ന നിരവധിപേരെ അവിടെ കാണാം. ഷിന്‍റോ മതക്കാര്‍ ആരാധിക്കുന്ന കാമി, ബുദ്ധന്‍റെ അവതാരമായി കരുതുന്നവരുണ്ട്.

അതേസമയം, ആരാധനാ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതില്‍ ഒതുങ്ങുന്നു മതങ്ങളുമായി ഇവരുടെ ബന്ധം. ജനനം, മരണം, വിവാഹം, പുതുവര്‍ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും കര്‍മങ്ങളിലും ഇവര്‍ ആചാരങ്ങള്‍ പിന്തുടരുന്നു. അതിന്‍റെ ഭാഗമായി ദേവാലയങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നവരാണ് ഏറെയും. മാത്സുരി എന്നറിയപ്പെടുന്ന പ്രാദേശിക ഉത്സവങ്ങളും അവര്‍ കാര്യമായി ആഘോഷിക്കുന്നു. ഷിന്‍റോ മതത്തിന് ആചാര്യനില്ല. വിശുദ്ധ ഗ്രന്ഥങ്ങളുമില്ല. മെയിജി കാലഘട്ടത്തില്‍ ജപ്പാന്‍റെ ഔദ്യോഗിക മതമെന്ന പദവിയുണ്ടായിരുന്നു ഷിന്‍റോയിസത്തിന്. ഭരണകൂടത്തിന്‍റെ ആനുകൂല്യം പറ്റുന്ന ഉദ്യോഗസ്ഥരായിരുന്നു ഷിന്‍റോ പുരോഹിതന്മാര്‍. ഷിന്‍റോ ആരാധനാ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ ഫണ്ട് ലഭിച്ചിരുന്നു. മാത്രമല്ല, ബുദ്ധമതത്തില്‍നിന്ന് ഷിന്‍റോയെ വേര്‍തിരിക്കാന്‍ പ്രത്യേക ശ്രദ്ധയും നല്‍കുകയുണ്ടായി. രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് ഷിന്‍റോ മതത്തെ സ്റ്റേറ്റില്‍നിന്ന് വേര്‍പെടുത്തിയത്.

ജിന്‍ജ എന്ന പേരിലാണ് ഷിന്‍റോ ദേവാലയങ്ങള്‍ അറിയപ്പെടുന്നത്. കാമി ദേവന് ആരാധനകള്‍ അര്‍പ്പിക്കാനും നല്ല ഭാവിക്കുവേണ്ടി പ്രാര്‍ഥിക്കാനുമായി അനുയായികള്‍ ഈ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. ചില ദേവാലയങ്ങള്‍ക്ക് നൂറു മുതല്‍ അഞ്ഞൂറു വര്‍ഷം വരെ പഴക്കമുണ്ട്. പലതും കോട്ടകളോടു കൂടിയ സൗധങ്ങളാണ്.

(തുടരും)

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.